അടിയന്തരാവസ്ഥയ്ക്ക് മുമ്പ്

(ഹിന്ദുത്വ ഭീകരതയടെ കഥ: അദ്ധ്യായം 20)

ജനസംഘിന്റെ മുന്നോട്ടുപോക്കില്‍ കണ്ണില്‍ കരടായിത്തീര്‍ന്ന ഒരാളാണ് ബല്‍രാജ് മധോക്ക് എന്ന് നാം കണ്ടു കഴിഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയുടെ വളര്‍ച്ചയില്‍, പുറംതള്ളപ്പെട്ട ഒരാള്‍. അവസാനം 1973-ല്‍ ലാല്‍ കൃഷ്ണ അദ്വാനി, വാജ്‌പേയിയെ പിന്‍തുടര്‍ന്ന് ജനസംഘിന്റെ അദ്ധ്യക്ഷനായി തീര്‍ന്ന കാലത്ത്, മധോക്കിനെ മൂന്നു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയുണ്ടായി. അതോടെ മധോക്കിന്റെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. പുതിയ ഒരു പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയമണ്ഡലത്തില്‍ തുടരാന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല.

ദീന്‍ ദയാല്‍ ഉപാദ്ധ്യായ

അതേ സമയം, ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവവാദത്തിനുശേഷം ജനസംഘിന് ഫാസിസ്റ്റ് ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഊര്‍ജ്ജം നല്‍കിയത് മധോക്കിന്റെ ചിന്തകളാണ് എന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ജനസംഘിന്റെ പാറ്റ്‌ന സമ്മേളനത്തില്‍ മധോക്ക് അവതരിപ്പിച്ച ഇന്ത്യാവല്‍ക്കരണം എന്ന സങ്കല്പനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ അടിയന്തരാവസ്ഥക്കാലം വരെ മുന്നോട്ടു കൊണ്ടുപോയ രാഷ്ട്രീയ സങ്കല്പനം. പിന്നീട് ആ ചിന്തകളെ മുന്‍നിര്‍ത്തി അദ്ദേഹം രചിച്ച പുസ്തകമാണ്, ഇന്ത്യാവല്ക്കരണം: എന്ത്, എന്തുകൊണ്ട്, എങ്ങനെ? (Indianisation : what , why and How). കഴിഞ്ഞ അദ്ധ്യായത്തില്‍ നാം ചര്‍ച്ച ചെയ്ത മാനിഫെസ്റ്റോകള്‍ എല്ലാംതന്നെ ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെയും ബല്‍രാജ് മധോക്കിന്റേയും ആശയങ്ങളില്‍നിന്ന് ഉടലെടുത്തതാണ്.

ജമ്മുവിലെ ആര്യസമാജികളുടെ കുടുംബത്തിലാണ് ബല്‍രാജ് മധോക്ക് ജനിച്ചത്. 1930കളില്‍ ലാഹോറിലെ ഡി.എ.വി. കോളേജിലാണ് അദ്ദേഹം പഠിച്ചിരുന്നത്. 1938-ല്‍ അദ്ദേഹം ആര്‍.എസ്.എസ്സില്‍ ചേര്‍ന്നു. ജമ്മുവില്‍ തിരിച്ചെത്തിയശേഷം ഹിന്ദുത്വ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി അദ്ദേഹം പ്രജാ പരിഷത്ത് എന്നൊരു പാര്‍ട്ടിക്ക് രൂപംനല്‍കി. ജമ്മു കശ്മീരിലെ മതേതരത്വത്തെ തകര്‍ക്കുന്നതില്‍ ആ പാര്‍ട്ടി വഹിച്ച പങ്കിനെക്കുറിച്ച് നാം നേരത്തെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. 1948-ല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ ജമ്മു കശ്മീരില്‍നിന്നും പുറംതള്ളി. അതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം ഡല്‍ഹി ആയി മാറുകയുണ്ടായി. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ട കാലത്ത്, അതിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാനായി അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന് രൂപം നല്‍കിയ തലച്ചോറ് മധോക്കിന്റേതായിരുന്നു. 1951-ല്‍ ജനസംഘിന് രൂപംനല്‍കിയ വ്യക്തികളിലൊരാള്‍ മധോക്ക് ആയിരുന്നു. 1966-67-ല്‍ ജനസംഘിന്റെ പ്രസിഡന്റ് ആയി മധോക്ക് അവരോഹിതനായെങ്കിലും വളരെവേഗം ജനസംഘിലെ ഭൂരിപക്ഷം പേര്‍ക്കും അനഭിമതനായി തീര്‍ന്നു.

ബല്‍രാജ് മധോക്ക്

മതത്തെയും മതദര്‍ശനത്തെയും ദേശീയതയായി വ്യാഖ്യാനിക്കുന്ന പരിശീലനം ഏറ്റവും നന്നായി അനുവര്‍ത്തിച്ച ഒരാളായിരുന്നു മധോക്ക്. ഗാന്ധിവധത്തിന് ശേഷം, ഹിന്ദു വംശീയവാദികളെല്ലാം ഹിന്ദു എന്ന വാക്ക് സംഘടനകള്‍ക്ക് നല്‍കാന്‍ ഭയപ്പെട്ടതിന്റെ ചരിത്രം നാം ചര്‍ച്ച ചെയ്തിരുന്നു. ഹിന്ദു എന്നതിന് പകരമായി അവര്‍ ‘രാഷ്ട്രീയ’ എന്നും ‘ഭാരതീയ’ എന്നുമാണ് പ്രയോഗിച്ചിരുന്നതെന്ന് ക്രിസ്റ്റോഫ് ഷാഫര്‍ലോ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ ഇന്ത്യാവല്‍ക്കരണം എന്നതുകൊണ്ട് മധോക്ക് ഉദ്ദേശിക്കുന്നത് ഹിന്ദുവല്‍ക്കരണം എന്നാണ്. അതായത് എല്ലാ രാഷ്ട്രീയവും ഹിന്ദുവല്‍ക്കരിക്കുക എന്ന് സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയംതന്നെയാണ് ഇന്ത്യാവല്‍ക്കരണം എന്ന സങ്കല്പനത്തിലൂടെ മധോക്കും മുന്നോട്ടുവെച്ചത്. അതിനുവേണ്ടി മധോക്ക് പിടികൂടിയത് വിദ്യാഭ്യാസത്തെയാണ്. മതേതരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചെയ്യുന്നത് മുസ്ലീം പ്രീണനമാണെന്നും അത് അവസാനിക്കണമെങ്കില്‍ സമസ്ത മണ്ഡലങ്ങളിലും ഇന്ത്യാവല്‍ക്കരണം നടപ്പാക്കണമെന്നുമായിരുന്നു മധോക്കിന്റെ അഭിപ്രായം. വര്‍ഗ്ഗീയതയെ ഒരു ന്യൂനപക്ഷ പ്രതിഭാസമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. എല്ലാ ഹിന്ദുത്വ ഫാസിസ്റ്റുകളെയുംപോലെ ഭൂരിപക്ഷ മതത്തിന്റെ മുന്‍ഗണനയെ സ്വാഭാവികതയായിട്ടായിരുന്നു മധോക്കും കണ്ടത്. ഹിന്ദുത്വ എന്ന് പേരിട്ട രാഷ്ട്രീയപദ്ധതിയെ സ്വാഭാവികമായും, ന്യൂനപക്ഷങ്ങളുടെ സാമുദായിക ഉണര്‍ച്ചയെപ്പോലും വര്‍ഗ്ഗീയതയായും കാണുന്ന ഈ കാഴ്ചയ്ക്കുവേണ്ടി ജനസംഘിന്റെ കണ്ണുകളെ ഒരുക്കാന്‍ മധോക്ക് ആഞ്ഞു ശ്രമിച്ചു.

‘ഭാരതീയ രാഷ്ട്രം, ഇന്ത്യന്‍ ദേശീയത, ഹിന്ദുരാഷ്ട്രം എന്നിവ അതിനാല്‍ ഒരേ കാര്യത്തിനായി നിലകൊള്ളുകയും ഒരേ ബോധത്തെതന്നെ പ്രകാശിപ്പിക്കുന്നതുമാണ്. ഹിന്ദു എന്ന സംജ്ഞയില്‍ ലജ്ജിക്കുന്നവരും എന്നാല്‍ ഇന്ത്യന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ അവരുടെ ഭൂതകാലത്തെക്കുറിച്ച് ദയനീയമാംവിധം അവഗണനവെച്ചു പുലര്‍ത്തുകയോ പടിഞ്ഞാറിനോടുള്ള, പ്രത്യേകിച്ച് ഇംഗ്ലീഷിനോടുള്ള തങ്ങളുടെ ആധമര്‍ണ്യത്തെ വിടാന്‍ കൂട്ടാക്കത്തവരോ ആണ്. സ്വന്തം പേരിനെക്കാള്‍ പടിഞ്ഞാറ് നല്‍കിയ പേരിനെയാണ് അവര്‍ വിലമതിക്കുന്നത്.’

ഇത്തരം ഒരു ദേശീയ ജീവിതം ജീവിക്കണമെങ്കില്‍ ഇസ്ലാമിന് എതിരാകണമെന്നാണ് മധോക്ക് ഉദ്‌ഘോഷിക്കുന്നത്. അതായത് ഹിന്ദു വംശീയ വാദികള്‍ മുന്നോട്ടുവെക്കുന്ന ദേശീയതയുടെ ഒരു അടിസ്ഥാന ഘടകം മുസ്ലീമിനോടുള്ള വെറുപ്പും ശത്രുതയുമാണ്. മധോക്ക് എഴുതുന്നത് നോക്കുക: ‘പുതിയ അധിനിവേശകര്‍ അവരുടെ ഡ്രാഗണ്‍ പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്, ദേശീയ ജീവിതത്തിന്റെ പ്രതീകങ്ങളെ നശിപ്പിക്കുകയും ഹിന്ദുക്കള്‍ക്ക് അവരുടെ മാതൃഭൂമിയോടും ആ രാജ്യത്തിന്റെ യുഗങ്ങളോളം പഴക്കമുള്ള സാംസ്‌കാരികാദര്‍ശങ്ങളോടുമുള്ള വിധേയത്വത്തെ അട്ടിമറിക്കാനായി എല്ലാത്തരം ഉപായങ്ങളും പയറ്റുകയും ചെയ്യുന്നു. ഇസ്ലാമിലേയ്ക്കുള്ള അവരുടെ മതംമാറ്റംമൂലം ഹിന്ദുസമുദായത്തിന്റെ നേതാക്കള്‍ ഈ പുതിയ, മുന്‍പൊന്നുമില്ലാത്ത അവസ്ഥ സംബന്ധിച്ച് ഗൗരവമായി ആലോചിച്ച് തുടങ്ങിയിരിക്കുകയാണ്.
അങ്ങനെ ഹിന്ദു രാഷ്ട്രം എന്ന നിലയിലുള്ള അതിന്റെ വ്യതിരിക്തയെ നിലനിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഇച്ഛാശക്തിയായ ഇന്ത്യന്‍ ദേശീയതയുടെ, അതിന് അന്യമായ ഇസ്ലാമും അവരുടെ ദേശീയേതരും ഹൈന്ദവേതരുമായ സഖ്യകക്ഷികളുമായുള്ള സമരം അങ്ങനെയാണ് ആരംഭിക്കുന്നത്. ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള അല്ലെങ്കില്‍ രണ്ട് സാമൂഹിക ക്രമങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമല്ല, ഇത് ഇന്ത്യന്‍ രാഷ്ട്രവും ഇന്ത്യയിലെ ദേശീയ സമൂഹവും അതിനെ കീഴടക്കാന്‍ ശ്രമിക്കുന്ന അന്യരോട് നടത്തുന്ന പോരാട്ടം കൂടിയാണ്.’

അങ്ങനെ ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ രാഷ്ട്രീയമായ ആകെത്തുകയായ ദേശീയതാ സങ്കല്പനത്തെ ഹിന്ദുവിന്റേതാക്കി മാറ്റി, ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അതിനീചതയോടെ മധോക്ക് പറഞ്ഞുവെക്കുന്നു. അതുവഴി ഇന്ത്യന്‍ ഭരണഘടനയേയും അത് പ്രകീര്‍ത്തിക്കുന്ന സമതയേയും മതേതരത്വത്തേയും തള്ളിക്കളയുകയും ചെയ്യുന്നു. നെഹ്രുവിനെപ്പോലെ ഭരണഘടനാമൂല്യങ്ങളെ പരമാവധി മുറുകെ പിടിച്ച ഒരു ആധുനിക നേതൃസ്വരൂപത്തെ മധോക്ക് കാണുന്നതെങ്ങനെ എന്ന് നോക്കാം.

ജവാഹർലാൽ നെഹ്രു

‘ഇന്ത്യ ഒരു മതേതര രാഷ്ട്രമായതുകൊണ്ട് പാകിസ്ഥാനുവേണ്ടി വോട്ടു ചെയ്ത, ആ രാഷ്ടത്തോട് അവരുടെ വൈകാരികമായും ഭൗതികവുമായ അടുപ്പത്തെ മറച്ചുവെക്കാത്ത മുസ്ലീങ്ങളടക്കം എല്ലാവരുടേയും പൊതുസ്വത്താണത് എന്ന കാര്യത്തില്‍ (ജനങ്ങള്‍) ഊന്നാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് സ്വീകാര്യമാകാന്‍ വേണ്ടി മതേതരം, സംയുക്ത ദേശീയത, മതേതര ജനാധിപത്യം എന്നിങ്ങനെയുള്ള പറഞ്ഞു പഴകിയ സങ്കല്പനങ്ങള്‍ക്കും ശ്രദ്ധയാകര്‍ഷിക്കുന്ന വാക്കുകള്‍ക്കും ജീവന്‍ വെപ്പിക്കുകയും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ പ്രചാരണ സംവിധാനങ്ങളും ഇത്തരം പരിഷ്‌കാരി വികാരങ്ങളെ പാവപ്പെട്ട, സരളഹൃദയരായ ഇന്ത്യന്‍ ജനതയുടെ തൊണ്ടയിലേക്ക് അടിച്ചു കയറ്റുകയും ചെയ്യുന്നു. പകുതി വ്യക്തിവാദിയും പകുതി അന്താരാഷ്ട്രവാദിയുമായ, ഇന്ത്യന്‍ ദേശീയതയെ ഗുരുതരമായി വെറുക്കുന്ന, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുതന്നെ ഈ പുതിയ സമീപനത്തിനുമേല്‍ തന്റെ മുഴുവന്‍ ശക്തിയും പ്രയോഗിക്കുന്നു. അധികാരത്തോട് അടങ്ങാത്ത ആസക്തിയുള്ള സമര്‍ത്ഥനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മുസ്ലീങ്ങളുടെ വോട്ടുകള്‍ മുഴുവനായി കോണ്‍ഗ്രസ്സിലേക്കെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്ത്യയെ വീണ്ടും ശിഥിലീകരിക്കാനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ള കമ്യൂണിസ്റ്റുകാര്‍ക്കും അനുയോജ്യമായ ഒന്നാണ്. ബാക്കിയായ ഇന്ത്യ, ബഹു സാംസ്‌കാരികവും ബഹു ദേശീയവുമായ സംയുക്തമാണെന്ന ഒരു സിദ്ധാന്തം അവര്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അവരും പണ്ഡിറ്റ് നെഹ്രുവിനെ അവരുടെ രക്ഷാകര്‍ത്തൃ വിശുദ്ധനായി വീക്ഷിക്കുകയും ഈ ശിഥില വീക്ഷണത്തെ ആംഗലവത്ക്കരിക്കപ്പെട്ട, ഏറെക്കുറെ പണ്ഡിറ്റ് നെഹ്രുവിനാല്‍ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ട, ഇന്ത്യന്‍ ധൈഷണികരുടെ തൊണ്ടയിലിറക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.’

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന സിദ്ധാന്തവും മധോക്ക് മുന്നോട്ടുവെക്കുന്നു. ‘ഒരാളിലെ ഹൈന്ദവത അഥവാ ഹിന്ദുത്വയാണ് അയാളെ ഇന്ത്യയിലെ പൗരനാക്കി തീര്‍ക്കുന്നത്. ഹൈന്ദവത എന്നത് അത്ര സന്തോഷസൂചകമായ ഒരു ആവിഷ്‌കാരമല്ല. കാരണം അത് ജനമനസ്സുകളില്‍ ഹിന്ദു എന്ന വാക്കിനെച്ചൊല്ലി ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അത് ഒരു ഗോത്രത്തെ അല്ലെങ്കില്‍ ഒരു മതത്തെ, ഒരു പ്രത്യേക തത്വത്തേയും ആരാധനാരീതിയേയും സംബന്ധിച്ച വിചാരം ഉണ്ടാക്കുന്നു. എന്നാല്‍ ഹിന്ദു അതല്ല. ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാത്തരം ആരാധനാരീതികളേയും അതിനുള്ളില്‍ ഉള്‍ക്കൊള്ളുന്നു. അത് ആരാധകരുടെ ഇന്ത്യയോടുള്ള വിധേയത്വത്തിലോ, ഇന്ത്യയുടെ സംസ്‌കൃതിയിലോ പാരമ്പര്യത്തിലോ, ഇന്ത്യയിലെ വലിയ മനുഷ്യരുടെ ചരിത്രത്തിലോ ഇടങ്കോലിടുന്നില്ല.

‘അതിനാല്‍ മുഴുവന്‍ ഇന്ത്യക്കാരും അവര്‍ ഭാരതീയരായതിനാല്‍ ഹിന്ദുക്കളാണ്. ഈ മൂന്നു വാക്കുകളും പര്യായങ്ങളാണ്. അവയെല്ലാംതന്നെ ഇന്ത്യന്‍ പൗരരെ സൂചിപ്പിക്കുന്നു. ഇന്ത്യാക്കാര്‍-ഹിന്ദുക്കളുടെ ഗ്രീക്ക് സംജ്ഞ-എന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍തന്നെ ഹിന്ദു എന്ന് വിളിക്കപ്പെടുന്നതില്‍ ലജ്ജിക്കുന്നു. ഒരു ഇംഗ്ലീഷുകാരന്‍, ഇംഗ്ലീഷുകാരന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ ലജ്ജിക്കുകയും പറങ്കി എന്നോ അംഗ്രേസി എന്നോ ഇന്ത്യക്കാര്‍ അവരെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരുകളില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന പോലെയാണിത്. ഇത് ആംഗലവല്‍ക്കരിക്കപ്പെട്ട ഇന്ത്യക്കാരുടെ മാനസിക അടിമത്തം ചെയ്യുന്ന ചതിയാണ്. വലിച്ചെറിയപ്പെടേണ്ടത്…

‘ഇന്ത്യയോടും ഇന്ത്യന്‍ സംസ്‌കാരത്തോടുമാണ് തങ്ങളുടെ പ്രാഥമികവും ആത്യന്തികവുമായ കൂറ് എന്ന് വിചാരിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കള്‍ തന്നെയാണ്. അവരെല്ലാം ഹിന്ദുരാഷ്ട്രത്തിന്റെ അഥവാ ഇന്ത്യാരാജ്യത്തിന്റെ ഭാഗം തന്നെയാണ്. ഈ ബോധമാണ് ഇന്ന് ഇന്ത്യയില്‍ മിക്കവാറും മുസ്ലീങ്ങള്‍ക്കും ചില ക്രിസ്ത്യാനികള്‍ക്കും ഇല്ലാത്തത്. അത്തരം മനുഷ്യരെ ഇന്ത്യാവല്‍ക്കരിക്കുക അഥവാ ഹിന്ദുവല്‍ക്കരിക്കുക എന്നതാണ് ഇന്ത്യന്‍ ദേശീയതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.’

സവർക്കർ

സവര്‍ക്കര്‍ ഒരിക്കല്‍ നാസി ജര്‍മ്മനിയെ ശ്ലാഘിച്ച്, ജര്‍മ്മനിയില്‍ ജര്‍മ്മന്‍കാര്‍ ഒരു രാഷ്ട്രവും ജൂതര്‍ ഒരു സമുദായവുമാണ് എന്നെഴുതുകയുണ്ടായി. അമ്മട്ടില്‍, ജാതിയോ മതമോ ഗോത്രമോ അല്ല പൗരത്വം എന്ന് വ്യക്തമായി രേഖപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനയെ അപഹസിക്കുമാറ് ബല്‍രാജ് മധോക്ക്, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രതിഷ്ഠിക്കുകയാണ്. ഒരേ സമയം ഇന്ത്യയില്‍ പിറന്നുവീണ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലീമിനും പാഴ്‌സിക്കും ജൈനനും ബൗദ്ധനും ഒരേ അവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന, ഏട്ടിലെങ്കിലും മനോഹരമായ, സമത്വസങ്കല്പത്തെ ലജ്ജ കൂടാതെ വെല്ലുവിളിക്കുകയാണ് ഹിന്ദു വംശീയവാദിയായ മധോക്ക്. മാനവികതയുടെ ആദ്യപടിയില്‍ പോലും ഏതെങ്കിലും തരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത തരം, ഇന്ത്യയില്‍ ഒരിക്കലും ചിന്തിക്കാന്‍ പാടില്ലാത്ത ആശയമാണ് മധോക്ക്, ഫാസിസ്റ്റുകള്‍ക്ക് മാത്രം കഴിയുന്ന ആന്ധ്യത്തോടെ വിളിച്ചു പറയുന്നത്. അവിടെയും അദ്ദേഹം നിര്‍ത്തുന്നില്ല.

‘ഇന്ത്യ, ഇസ്ലാമിന്റെയോ ക്രിസ്തുമതത്തിന്റെയോ പിറവിക്ക് എത്രയോ മുമ്പ് നിലവില്‍ വന്നിരുന്നു. രാമനേയും കൃഷ്ണനേയും പോലുള്ള ഇന്ത്യന്‍ നായകരും രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങളും അവരുടെ നായകരും ഇതിഹാസങ്ങളുമായി ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം അവരോ അവരുടെ പൂര്‍വ്വപിതാക്കളോ, രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് മതം മാറേണ്ടി വന്നവര്‍ ആയതുകൊണ്ടാണ്. അവരുടെ തന്നെ ഭൂതകാലമായ, ഇന്ത്യയുടെ ഭൂതകാലത്തില്‍ അഭിമാനം കൊള്ളാന്‍ അവര്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇന്തോനേഷ്യയിലേയും ചൈനയിലേയും മുസ്ലീങ്ങള്‍ക്ക് ഇന്തോനേഷ്യന്‍ പേരുകള്‍ അഥവാ ചൈനീസ് പേരുകള്‍ ഉള്ളതുപോലെ അവരും ഇന്ത്യന്‍നാമങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ചുരുക്കത്തില്‍ അവര്‍ അവരുടെ നിറം മങ്ങിയ യഥാര്‍ത്ഥ മതത്തോട്, ഇന്ത്യന്‍ ദേശീയതയുടെ മുഖ്യ ഉറവിടങ്ങളോട്, ഇന്ത്യന്‍ സമീപനം-ദേശീയ സമീപനം-സ്വീകരിക്കേണ്ടതാണ്. വ്യത്യസ്തമായ മുസ്ലീം, ക്രിസ്ത്യന്‍ അതല്ലെങ്കില്‍ സിക്ക്, ജൈന സംസ്‌കൃതികള്‍ എന്ന വര്‍ത്തമാനം നിര്‍ത്തേണ്ടിയിരിക്കുന്നു. ഇന്ത്യ ഒരു രാജ്യമാകുന്നു. അതിന് ഒരു സംസ്‌കൃതിയേ ഉള്ളൂ.’

മധോക്കിനെ വശങ്ങളിലേക്ക് മാറ്റി നിര്‍ത്തുകയും അവസാനം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്‌തെങ്കിലും ജനസംഘ്, മധോക്കിന്റെ ആശയങ്ങളെ മുറുകെ പിടിച്ചു. 1969 ഡിസംബര്‍ 30ന് പാറ്റ്‌നയില്‍ വെച്ചുനടന്ന ജനസംഘിന്റെ പ്ലീനറി സമ്മേളനത്തില്‍ അവര്‍ പാസ്സാക്കിയ പ്രമേയങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും. ജനസംഘിന്റെ ആവശ്യങ്ങളായി അവര്‍ മുന്നോട്ടുവെച്ചവ താഴെ കൊടുക്കുന്നു.

  1. ഏത് രാജ്യത്തിലേയും ഏകീകൃത ശക്തികളുടെ ആകത്തുകയായ ദേശീയതാ ബോധം പുനരുജ്ജീവിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി ഏതു തരത്തിലുള്ള ശ്രമവും നടത്തുക.
  2. ഇന്ത്യാവല്‍ക്കരണം: ഇതുകൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് മതം, ജാതി, പ്രദേശം, ഭാഷ, തത്വങ്ങള്‍ തുടങ്ങി രാഷ്ട്രത്തോടുള്ള കൂറിനെ അധികരിക്കുന്ന തരത്തിലുള്ള സകല ശിഥിലീകരണ പ്രവണതകളെ, പ്രത്യേകിച്ച് ദ്വിരാഷ്ട്രവാദത്തിലേക്ക് നയിക്കുന്ന ദേശത്തിന് പുറമേയുള്ളതിനോടുള്ള കൂറും സഖ്യവും, നിരാകരിക്കുന്ന തരത്തില്‍ എല്ലാറ്റിനേയും ചെറുതാക്കുന്ന തരത്തിലുള്ള ദേശക്കൂറാണ്.
  3. എല്ലാത്തരത്തിലുമുള്ള അന്തര്‍ സംസ്ഥാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു സ്ഥിരം ട്രൈബ്യൂണല്‍ രൂപീകരിക്കുക. അത്തരം കമ്മീഷന്റെ തീരുമാനം, ബന്ധപ്പെട്ട എല്ലാ കക്ഷികളും അംഗീകരിക്കേണ്ടതാണ്.
  4. ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ മറ്റു സംസ്ഥാനങ്ങളുടെ നിലയുമായി സമീകരിക്കുന്ന വിധത്തില്‍ അവിടേക്ക് ഇന്ത്യന്‍ ഭരണഘടനയെ വ്യാപിപ്പിക്കാനായി ആസന്ന നടപടികള്‍ സ്വീകരിക്കുക. കശ്മീര്‍ താഴ്വരയിലും ജമ്മുവിലും ലഡാക്കിലും ഗജേന്ദ്ര ഗാഡ്ക്കര്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യത്യസ്ത വികസന ഫണ്ടുകള്‍ അനുവദിക്കുക.
  5. പ്രാദേശികവും ഉപപ്രാദേശികവുമായ സാമ്പത്തിക അസന്തുലിതാവസ്ഥയും പിന്നാക്കാവസ്ഥയും നിരീക്ഷിക്കുന്നതിനും അവയ്ക്കുള്ള പരിഹാര നിര്‍ദ്ദേശത്തിനുമായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കുക.
  6. കരുതല്‍ തടങ്കല്‍, നിയമത്തിന്റെ അഭാവത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഒരു നിയമം അത്യാവശ്യമാണ്. ഈ നിയമം രാജ്യദ്രോഹത്തെ നിര്‍വ്വചിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും കനത്ത ശിക്ഷകള്‍ നിര്‍ദ്ദേശിക്കേണ്ടതുമാണ്.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍, നിഷ്‌കളങ്കര്‍ക്ക് രാഷ്ട്രത്തോടുള്ള കൂറ് പ്രഖ്യാപിക്കുന്നതുപോലെ അനുഭവപ്പെടുമെങ്കിലും, ഹിന്ദു വംശീയവാദികളുടെ അജണ്ടയാണ് സമര്‍ത്ഥമായി ഇതിലൂടെ പ്രകാശിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ കൂറ് വിദേശത്താണെന്ന് ഇത് വ്യക്തമായി പറയാതെ സമര്‍ത്ഥിക്കുന്നുണ്ട്. അതോടൊപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനും ഇത് ആവശ്യപ്പെടുന്നു. ജനസംഘിന്റെ ഫാസിസ്റ്റ് സ്വരൂപം തിരിച്ചറിഞ്ഞ ഒരു ജൈവ ധൈഷണികന്‍ ഒ.വി. വിജയന്‍ ആയിരുന്നുവെന്ന് ആനുഷംഗികമായി ഓര്‍ക്കട്ടെ. മണ്‍ചിരാതിലെ ദീപനാള(Lamp) മായിരുന്നു ജനസംഘിന്റെ തെരഞ്ഞെടുപ്പു ചിഹ്നം. അത് മുന്‍നിര്‍ത്തി ഒ.വി. വിജയന്‍ വരച്ച കാര്‍ട്ടൂണിന്റെ തലക്കെട്ട്, ഹിറ്റ്‌ലറുടെ ആത്മകഥയായ Mein Kamfനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ‘Mein Lampf’ എന്നായിരുന്നു.

ഒ.വി. വിജയൻ

1951-52ലെ ആദ്യതെരഞ്ഞെടുപ്പു മുതല്‍ ഭാരതീയ ജനസംഘ് പങ്കെടുത്ത അവസാന തെരഞ്ഞെടുപ്പായ 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെയുള്ള ചരിത്രത്തില്‍ ഹിന്ദു വംശീയവാദികളുടെ പ്രകടനം സംഗ്രഹിക്കാം. 1951-52ലെ ആദ്യതെരഞ്ഞെടുപ്പില്‍, നാം നേരത്തേ കണ്ടപോലെ മൂന്നു പാര്‍ട്ടികളായി തിരിഞ്ഞാണ് ഹിന്ദു വംശീയവാദികള്‍ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ഭാരതീയ ജനസംഘും ഹിന്ദു മഹാസഭയും രാമരാജ്യപരിഷത്തും ആയിരുന്നു ആ മൂന്നു പാര്‍ട്ടികള്‍. ആകെയുണ്ടായിരുന്ന 489 സീറ്റുകളില്‍ 10 എണ്ണമാണ് ഈ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് കൈവശപ്പെടുത്തിയത് (ഭാരതീയ ജനസംഘ് – 3, ഹിന്ദുമഹാസഭ – 4, രാമരാജ്യപരിഷത്ത് – 3). ഈ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് ആകെ 5.98% വോട്ടുകള്‍ സമാഹരിച്ചു (ഭാരതീയ ജനസംഘ് – 3.06 %, ഹിന്ദു മഹാസഭ – 0.95%, രാമരാജ്യപരിഷത്ത് – 1.97%). 1957ലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനസംഘ് 4 സീറ്റുകളും ഹിന്ദു മഹാസഭ 1 സീറ്റും നേടി. രണ്ടാം ലോക്‌സഭയില്‍ ആകെ സീറ്റുകളുടെ എണ്ണം 494 ആയിരുന്നു. രാമരാജ്യപരിഷത്ത് മത്സരിച്ചെങ്കിലും സീറ്റൊന്നും ലഭിക്കുകയുണ്ടായില്ല. ഹിന്ദു വംശീയവാദികളുടെ വോട്ട് ശതമാനം പക്ഷെ 7.27% ആയി വര്‍ദ്ധിക്കുകയുണ്ടായി ( ഭാരതീയ ജനസംഘ് – 5.97%, ഹിന്ദു മഹാസഭ – 0.9%, രാമരാജ്യ പരിഷത്ത് – 0.4%). 1962-ല്‍ ആകെയുണ്ടായിരുന്ന 494 സീറ്റില്‍ ഭാരതീയ ജനസംഘിന് 14 സീറ്റുകളും ഹിന്ദു മഹാസഭയ്ക്ക് 1 സീറ്റും രാമരാജ്യപരിഷത്തിന് 2 സീറ്റുകളും ലഭിച്ചു. വോട്ടു ശതമാനം 7.6% ആയി വര്‍ദ്ധിച്ചു (ഭാരതീയ ജനസംഘ് – 6.4%, ഹിന്ദു മഹാസഭ – 0.6%, രാമരാജ്യപരിഷത്ത് – 0.6%). 1967ലെ തെരഞ്ഞെടുപ്പിലാണ് അവര്‍ക്ക് ഏറ്റവും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ഭാരതീയ ജനസംഘ്, ആകെയുള്ള 520 സീറ്റുകളില്‍ 35 എണ്ണവും 9.3% വോട്ടുകളും നേടുകയുണ്ടായി. ഇക്കാലമായപ്പോഴേക്കും ഹിന്ദു വംശീയവാദികള്‍ ഏതാണ്ട് ജനസംഘ് മാത്രമായി ചുരുങ്ങിയിരുന്നു. 1971-ല്‍ തെരഞ്ഞെടുപ്പു നടന്ന 518 സീറ്റുകളില്‍ 22 എണ്ണവും, 7.4% വോട്ടും അവര്‍ കരസ്ഥമാക്കി.

1971 തെരഞ്ഞെടുപ്പു വരെയുള്ള ചരിത്രം നോക്കിയാല്‍ 10 ശതമാനത്തിന് താഴെ വോട്ട് മാത്രമേ ഹിന്ദു വംശീയവാദികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. 1971ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 518 സീറ്റില്‍ 352 സീറ്റുകള്‍ കരസ്ഥമാക്കിയാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് അധികാരത്തിലേറിയത്. 43.7% വോട്ടും അവര്‍ക്ക് കിട്ടി. 1972 മാര്‍ച്ചില്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുകയുണ്ടായി. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് വലിയ വിജയം നേടി. ഭാരതീയ ജനസംഘിന്റെ പ്രകടനം ശോചനീയമായിരുന്നു. അതേത്തുടര്‍ന്ന് ജനസംഘ് അദ്ധ്യക്ഷസ്ഥാനം അടല്‍ ബിഹാരി വാജ്‌പേയിയില്‍ നിന്നും ലാല്‍ കൃഷ്ണ അദ്വാനിയില്‍ എത്തി. 1973 ഫെബ്രുവരിയില്‍ ജനസംഘിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍വെച്ചാണ് എല്‍.കെ. അദ്വാനി, ജനസംഘിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. എല്‍.കെ. അദ്വാനിയാണ് ബല്‍രാജ് മധോക്കിനെ ജനസംഘില്‍നിന്നും പുറത്താക്കുന്നത്. 1973 ജൂണ്‍ 5ന് ആര്‍.എസ്.എസ്സിന്റെ സര്‍ സംഘ് ചാലക് ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കര്‍ അന്തരിച്ചു. അതേ തുടര്‍ന്ന് ബാലാ സാഹേബ് ദേവരസ്, പുതിയ സര്‍ സംഘ് ചാലക് ആയി സ്ഥാനമേറ്റു. നാം നേരത്തേ നിരീക്ഷിച്ചപോലെ സംഘ്പരിവാര്‍ എന്ന സംഘടനാപ്രപഞ്ചം ആര്‍.എസ്.എസ്സിന് ചുറ്റും സൃഷ്ടിച്ചുകൊണ്ടാണ് ഗോള്‍വാള്‍ക്കര്‍ മൃതിയടഞ്ഞത്. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി.), അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി.), ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്.) തുടങ്ങി നിരവധി പരിവാര്‍ സംഘടനകള്‍ അക്കാലമാകുമ്പോഴേക്കും സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. വനവാസി കല്യാണ്‍ ആശ്രം, വിദ്യാഭാരതി, ശിശുമന്ദിര്‍ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ കീഴില്‍ ഫാസിസ്റ്റ് ചരിത്രനിര്‍മ്മിതിയുടെ ആവശ്യത്തിലേക്കായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

ജവാഹര്‍ലാല്‍ നെഹ്രുവും തുടര്‍ന്ന് ഇന്ദിരാഗാന്ധിയും സര്‍ക്കാരുകളെ നയിക്കുന്ന കാലത്ത് ഇന്ത്യയിലെ ദളിത് ജീവിതത്തിനുണ്ടായ സാമൂഹിക ചലനാത്മകതയെക്കുറിച്ച് പ്രസിദ്ധ ചിന്തകനായ ചന്ദ്രബാന്‍ പ്രസാദ്, ‘ദി സീന്‍ ആന്‍ഡ് ദി അണ്‍സീന്‍’ എന്ന പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമിന്റെ ഒരു എപ്പിസോഡില്‍ സംസാരിക്കുന്നുണ്ട്. 1974-75-ല്‍ ഇറങ്ങിയ ഒരു ഹിന്ദിപ്പാട്ടിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ മാറ്റങ്ങളെക്കുറിച്ചുള്ള സംസാരം അദ്ദേഹം തുടങ്ങി വെക്കുന്നത്. ‘എന്റെ ദൈവമേ, ചമാറുകള്‍ ചെരിപ്പിടുന്നു, അലക്കുകാരന്‍ പാദുകങ്ങള്‍ ധരിക്കുന്നു’ എന്ന മട്ടിലാണ് ആ ഗാനം പുരോഗമിക്കുന്നത്. ‘ഈ പുതിയ യുഗത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ വീണു കിട്ടുന്ന ധാന്യം ഭക്ഷിക്കുന്നു’ എന്നും ആ ഗാനം വിലപിക്കുന്നു. ദളിതുകളുടെ സാമൂഹികപദവി ഉയരുന്നതിലുള്ള അസഹിഷ്ണുതയുടെ പ്രകാശനമായി ചന്ദ്രബാന്‍ പ്രസാദ് ആ ഗാനത്തെ കാണുന്നു. നെഹ്രുവിന്റേയും ഇന്ദിരാഗാന്ധിയുടേയും നയങ്ങള്‍ എങ്ങനെയായിരുന്നു ബ്രാഹ്‌മണ മുന്‍ഗണനയ്ക്ക് പരിക്കേല്പിച്ചതെന്നും ദളിതരുടെ സാമൂഹിക ഉന്നമനത്തിന് സഹായകമായി തീര്‍ന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ദളിതരുടെ ഭക്ഷണത്തില്‍, ജീവിതശൈലിയില്‍, പ്രത്യക്ഷതയില്‍, വിദ്യാഭ്യാസ നിലവാരത്തില്‍, സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്ന കാര്യത്തില്‍, ആധുനികത ആവേശിക്കുന്ന കാര്യത്തില്‍ ഒക്കെ ഇക്കാലയളവില്‍ വലിയ മാറ്റങ്ങള്‍ വന്നു. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം സീറ്റുകള്‍ മാറ്റിവെക്കേണ്ടി വന്നു. ‘ദളിത് ദമാത്’ എന്നൊരു വാക്കുതന്നെ 1974-75 കാലത്ത് ഇന്ത്യയിലെ ദളിതര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയതായി ചന്ദ്രബാന്‍ പ്രസാദ് അവകാശപ്പെടുന്നു. സര്‍ക്കാര്‍, ദളിതുകളുടെ സാമൂഹികോന്നമനത്തിനായി പ്രയത്‌നിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാരിന്റെ മരുമകനായി (Son in law – ഹിന്ദിയില്‍ ദമാത്) ദളിതര്‍ മാറി എന്ന അര്‍ത്ഥത്തിലാണ് ദളിത് ദമാത്/ സര്‍ക്കാരി ദമാത് എന്ന ശൈലി ഉത്തര്‍പ്രദേശിലും മറ്റ് ഹിന്ദി സംസ്ഥാനങ്ങളിലും പ്രചരിച്ചതെന്നും അദ്ദേഹം പറയുന്നു; തമിഴ്‌നാട്ടില്‍ ഇതേ ശൈലിയുടെ ഉപയോഗം ‘സര്‍ക്കാര്‍ ബ്രാഹ്‌മണന്‍’ എന്നായിരുന്നവെന്നും. 1950-51-ല്‍ ജമീന്ദാരി സമ്പ്രദായം നെഹ്രു സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. 1961-ല്‍ അന്നത്തെ നെഹ്രു സര്‍ക്കാര്‍ ആദ്യത്തെ ഭൂവുടമസ്ഥതാ നിയന്ത്രണനിയമം കൊണ്ടുവന്നു. PL 480 നടപ്പാക്കുക വഴി അമേരിക്കയില്‍നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്തു. 1972-ല്‍ കൂടുതല്‍ തീവ്രമായ തരത്തില്‍ ഇന്ദിരാഗാന്ധി, ഭൂവുടമസ്ഥതാ നിയന്ത്രണനിയമം കൊണ്ടുവന്നു. ദളിതര്‍ക്കിടയില്‍ കാര്യക്ഷമമായ രീതിയില്‍ പട്ടയ വിതരണം നടന്നു. ഇതെല്ലാം സവര്‍ണ്ണ ഭൂവുടമകളുടേയും സാമൂഹികമേല്‍ക്കോയ്മയുള്ളവരുടേയും പ്രകോപനത്തിന് വഴി തെളിച്ചതായും അദ്ദേഹം പറയുന്നു. ഇന്ദിരാഗാന്ധിയെ അവര്‍ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത് ‘ബ്ലഡി ബിച്ച്’ എന്നായിരുന്നുവെന്നും ദളിത് എന്ന നിലയില്‍ സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ചന്ദ്രബാന്‍ പ്രസാദ് പറയുന്നു.

ചന്ദ്രബാന്‍ പ്രസാദ്

കോണ്‍ഗ്രസ്സില്‍ അക്കാലത്തുണ്ടായ പിളര്‍പ്പും, മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സിനെതിരായതും ഈ കാഴ്ചപ്പാടിലാണ് ചന്ദ്രബാന്‍ പ്രസാദ് വിശദീകരിക്കുന്നത്. കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാരായിരുന്നു മൊറാര്‍ജി ദേശായിയും കൂട്ടരും. ഇന്ദിരാഗാന്ധി ബാങ്ക് ദേശസാല്‍ക്കരണം നടപ്പിലാക്കിയത്, അന്ന് ധനമന്ത്രിയായിരുന്ന ദേശായിയെ മറികടന്നാണ്. അതേത്തുടര്‍ന്നാണ് അവര്‍ പുറത്തുവരുന്നത്.

ചന്ദ്രബാന്‍ പ്രസാദിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തെങ്കില്‍ പോലും, 1975-ല്‍ സംഭവിച്ചത്, 1947 മുതല്‍ ഹിന്ദു വംശീയവാദികള്‍ കാത്തിരുന്ന മുഹൂര്‍ത്തത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കോണ്‍ഗ്രസ്സിലെ വലതുപക്ഷ, യാഥാസ്ഥിതിക വിഭാഗവുമായുള്ള ഐക്യം, ഹിന്ദു വംശീയവാദികളുടെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. തങ്ങളുടെ കൂട്ടത്തില്‍ പെടാത്ത ആളായിട്ടും, തങ്ങളുടെ സംഘടനയായ ആര്‍.എസ്.എസ്സിന്റെ നിരോധനത്തില്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ഒപ്പുവെച്ച ആളായിട്ടും, സര്‍ദാര്‍ പട്ടേലിനോട് എന്നും ഹിന്ദു വംശീയവാദികള്‍ ആദരവ് കാണിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ വലതുപക്ഷ വിഭാഗത്തിന്റെ നേതാവ് എന്ന നിലയിലായിരുന്നു ആ ആദരവ്. പക്ഷെ, 1975 വരെ കോണ്‍ഗ്രസ്സിലെ വലതുപക്ഷവുമായുള്ള ഐക്യപ്പെടല്‍ ഹിന്ദു വംശീയവാദികളുടെ സ്വപ്നമായിതന്നെ നിലനിന്നു. എന്നാല്‍ ചന്ദ്രബാന്‍ പ്രസാദ് ചൂണ്ടിക്കാണിച്ച ഇന്ത്യയിലെ യാഥാസ്ഥിതിക ബ്രാഹ്‌മണവാദികളിലും ജാതിവാദികളിലും ഇന്ദിരാഗാന്ധിയുടെ നടപടികള്‍, പ്രത്യേകിച്ച് ബാങ്ക് ദേശസാല്‍ക്കരണം പോലുള്ള സോഷ്യലിസ്റ്റ് നടപടികള്‍ അതൃപ്തിയുളവാക്കുകയുണ്ടായി. അതോടൊപ്പംതന്നെ നാട്ടുരാജാക്കളുടെ പ്രിവിപേഴ്‌സ് നിര്‍ത്തലാക്കുന്ന തരത്തിലുള്ള നടപടികളും സവര്‍ണ്ണരിലും ഫ്യൂഡല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരിലും എതിര്‍പ്പുളവാക്കി.

സർദാർ വല്ലബ്ഭായ് പട്ടേൽ

ഈ സാഹചര്യത്തിലാണ് ഹിന്ദു വംശീയവാദികളും യാഥാസ്ഥിതികരും വലതുപക്ഷക്കാരും തമ്മിലുള്ള ഐക്യമുന്നണി രൂപംകൊള്ളുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയാകട്ടെ ഫാസിസ്റ്റ് നടപടികളിലേക്ക് നീങ്ങിക്കൊണ്ട് ഈ വലതുപക്ഷ, യാഥാസ്ഥിതിക, ഹിന്ദു വംശീയവാദികള്‍ക്ക് ഇടതുപക്ഷത്തിന്റേയും ലിബറലുകളുടേയും സോഷ്യലിസ്റ്റ് പക്ഷത്തിന്റേയും കൂടി പിന്തുണ നേടിക്കൊടുക്കുകയുണ്ടായി.

1970കള്‍ ആയപ്പോഴേക്കും സ്വാതന്ത്ര്യം കൊണ്ടുവന്ന ‘പരിശുദ്ധ ഭരണ’ത്തിന്റെ നാളുകള്‍ അസ്തമിച്ചിരുന്നു. അഴിമതി, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇഴ ചേര്‍ന്നു. യുവതയില്‍ നിരാശയും രോഷവും പടര്‍ന്നു. 1973-ല്‍ ഗുജറാത്തില്‍, ഗാന്ധിയുടെ ജന്മദേശം ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. അടിയന്തരാവസ്ഥയെ കുറിച്ച് ശ്രദ്ധേയമായ ഒരു പുസ്തകം രചിച്ച ഗ്യാന്‍ പ്രകാശ്, അതിനെ വിവരിക്കുന്നത് ഇങ്ങനെയാണ്. ‘ഭക്ഷ്യവസ്തുക്കളുടെ ഉയരുന്ന വിലയ്‌ക്കെതിരെയുള്ള പ്രതിഷേധം 1973 ഡിസംബറില്‍ ആരംഭിച്ചു. അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികള്‍ നാലു ദിവസം, കോളേജ് ഹോസ്റ്റലുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ നിലവാരക്കുറവും വിലക്കൂടുതലും മുന്‍നിര്‍ത്തി കലാപം നടത്തി. ആ സമരം 1974 ജനുവരി വരെ നീണ്ടുനിന്നു. അത് അതിവേഗം ഭക്ഷ്യവസ്തുക്കളുടെ വിലക്കൂടുതലിന് എതിരെയുള്ള പ്രതിഷേധമായി മാറുകയും സംസ്ഥാന മുഖ്യമന്ത്രിയായ (കോണ്‍ഗ്രസ്സ് നേതാവ്) ചിമന്‍ ഭായ് പട്ടേലിനെതിരെയുള്ള പ്രക്ഷോഭമായി തീരുകയും ചെയ്തു. ജനുവരി 11ന് വിദ്യാര്‍ത്ഥികള്‍ നവനിര്‍മ്മാണ്‍ യുവക് സമിതി രൂപീകരിച്ചു.’ താമസിയാതെ അത് വമ്പന്‍ പ്രക്ഷോഭമായി വളര്‍ന്നു. അതേ തുടര്‍ന്ന് ചിമന്‍ഭായ് പട്ടേല്‍ രാജി വെക്കുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആരംഭിക്കുകയും ചെയ്തു.

1973-74-ല്‍ സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റുമായിരുന്ന ജയപ്രകാശ് നാരായണ്‍ രംഗത്തിറങ്ങി. തക്കം പാര്‍ത്തിരുന്ന ഹിന്ദു വംശീയവാദികള്‍ ജയപ്രകാശ് നാരായണന് സഹായഹസ്തവുമായി രംഗത്തു വന്നു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും സംഘടിച്ച് ബീഹാറില്‍, ബീഹാര്‍ ഛാത്ര സംഘര്‍ഷ് സമിതി എന്ന പേരില്‍ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ഒരു പ്രസ്ഥാനം തുടങ്ങിവെച്ചു. ഈ പ്രക്ഷോഭത്തില്‍ എ.ബി.വി.പിയും ജനസംഘും പ്രധാന പങ്കുവഹിച്ചു. അതോടൊപ്പം അന്ന് വിദ്യാര്‍ത്ഥികളായ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ചേരുകയുണ്ടായി. സമരം നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അവര്‍ രണ്ടുപേരും അംഗങ്ങളായി ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധിയും ബീഹാറിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന അബ്ദുള്‍ ഗഫൂറും ഈ പ്രസ്ഥാനത്തെ തല്ലിത്തകര്‍ക്കാനാണ് ശ്രമിച്ചത്. 1974 മാര്‍ച്ച് 16ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ പോലീസ് വെടിയുതിര്‍ത്തു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. 1974 മാര്‍ച്ച് 21ന് പോലീസ് വെടിവെപ്പിന്റെ ഫലമായി 22 പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. അതേത്തുടര്‍ന്ന് 1974 മാര്‍ച്ച് 23ന് ബീഹാര്‍ ഛാത്ര സംഘര്‍ഷ് സമിതി, ബീഹാര്‍ ബന്ദ് പ്രഖ്യാപിച്ചു. ജയപ്രകാശ് നാരായണ്‍ അന്ന് ഒരു പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. അത് അവസാനിച്ചിരുന്നത് സര്‍വ്വോദയത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്. ‘അവസാനമായി സര്‍വ്വോദയത്തെപ്പറ്റി ഒരു വാക്ക്. സര്‍വ്വോദയ സൃഷ്ടിക്കുന്നത് നല്ല മനുഷ്യരെക്കൊണ്ടാകണം എന്ന് ചിന്തിക്കുന്നവരും അഹിംസാ വിപ്ലവത്തെക്കുറിച്ച് സംസാരിക്കാന്‍ സംശയമില്ലാത്തവരും അത് ഗൗരവമായി എടുക്കുന്നവര്‍ അല്ല എന്നത് അത്ഭുതകരമാണ്. എനിക്കു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെങ്കില്‍, ഞാന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും മറ്റ് ദുഷ്പ്രവൃത്തികളുടേയും നിശ്ശബ്ദ കാഴ്ചക്കാരനല്ല. മന്ത്രിസഭയെ മാറ്റി മറ്റൊന്നു വരുന്നതിലോ നിയമസഭ പിരിച്ചുവിടുന്നതിലോ, അതുപോലുള്ള കാര്യങ്ങളിലോ ഞാന്‍ തത്പരനല്ല. അത് മല്ലനെ മാറ്റി മാതേവനെ കൊണ്ടുവരുന്നത് പോലെയാണ്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാടാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു… ജനങ്ങളുടേതായ യഥാര്‍ത്ഥ ജനാധിപത്യത്തിനായി.’ 1974 നവംബര്‍ 4ന് പാറ്റ്‌നയില്‍ പ്രക്ഷോഭ ജാഥ നയിച്ച ജയപ്രകാശ് നാരായണനെ പോലീസ് മര്‍ദ്ദിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

ജയപ്രകാശ് നാരായണ്‍

ജയപ്രകാശ് നാരായണ്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന നിലയില്‍ ഹിന്ദു വംശീയവാദത്തെ അങ്ങേയറ്റം എതിര്‍ത്ത വ്യക്തിയായിരുന്നു. 1947ലെ സര്‍വ്വകക്ഷി മന്ത്രിസഭയില്‍ ഹിന്ദു മഹാസഭാനേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയതിനെ അങ്ങേയറ്റം എതിര്‍ത്തിരുന്ന നേതാവായിരുന്നു അദ്ദേഹം. ശ്യാമപ്രസാദ് മുഖര്‍ജിയെ ആ മന്ത്രിസഭയില്‍നിന്നും പുറത്താക്കാനായി പ്രക്ഷോഭം വരെ അദ്ദേഹം ആരംഭിച്ചിരുന്നു. അങ്ങനെയുള്ള ജയപ്രകാശ് നാരായണ്‍, 1973-74-ല്‍ രാഷ്ട്രീയത്തിന്റെ ശുദ്ധിവല്‍ക്കരണത്തിനായി പ്രക്ഷോഭം തുടങ്ങിവെച്ചപ്പോള്‍ അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് കാത് കൊടുക്കുന്നതിന് പകരം അതിനെ ഇല്ലാതാക്കാനാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്. ജയപ്രകാശ് നാരായണെപ്പോലുള്ള ഉന്നത വ്യക്തിത്വം കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിനെതിരെ തിരിഞ്ഞത് മുതലെടുക്കാന്‍ ആര്‍.എസ്.എസ്സിനും ഭാരതീയ ജനസംഘിനുമായി എന്നതായിരുന്നു ചരിത്രത്തിലെ വിപര്യയം. ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ ജനവിരുദ്ധതയ്‌ക്കെതിരെ വിശാലമായ ഒരു ഐക്യമുന്നണി കെട്ടിപ്പടുക്കുമ്പോള്‍ അതില്‍ അവര്‍ കയറിപ്പറ്റി. കോണ്‍ഗ്രസ്സ് ഭരണകൂടത്തിനെതിരായിരുന്നു സമരം എന്നതിനാല്‍ അതിലേക്കുള്ള ഹിന്ദു വംശീയവാദികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ ജയപ്രകാശിനുമായില്ല. ഗോള്‍വാള്‍ക്കറുടെ കാലത്ത് കെട്ടിപ്പടുത്ത അത്ര മോശമല്ലാത്ത കേഡര്‍ സംഘടനയായ ആര്‍.എസ്.എസ്., ജെ.പിയുടെ പ്രസ്ഥാനത്തിലേക്ക് കയറിപ്പറ്റി. ജയപ്രകാശിനാകട്ടെ ചരിത്രത്തിന്റെ ആ തിരിവില്‍വെച്ച് ആര്‍.എസ്.എസ്സിനെയോ അവര്‍ ഉയര്‍ത്തുന്ന ഹിന്ദു വംശീയവാദത്തേയോ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവരെ കൂടുതല്‍ ശ്ലാഘിക്കാനും തുടങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ നേതൃനിരയില്‍നിന്ന് ആദ്യത്തെ പിന്തുണ, സവിശേഷമായ സാഹചര്യത്തില്‍ കൂടിയാണെങ്കിലും ഹിന്ദു വംശീയവാദികള്‍ക്ക് ലഭിക്കുക എന്ന അസുലഭ മുഹൂര്‍ത്തം അങ്ങനെ സംജാതമായി. ആര്‍.എസ്.എസ്. / ജനസംഘ് പ്രവര്‍ത്തകനായിരുന്ന നാനാ ദേശ്മുഖ്, ജെ.പിക്കൊപ്പം സമരനിരയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജനസംഘിന്റെ ഹൈദരാബാദ് സമ്മേളനം കോണ്‍ഗ്രസ്സേതര, കമ്യൂണിസ്റ്റേതര പാര്‍ട്ടികളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് ജനസംഘ് പ്രസിഡന്റായിരുന്ന എല്‍.കെ. അദ്വാനി ഹര്‍ഷാതിരേകങ്ങളോടെയാണ് തന്റെ ആത്മകഥയില്‍ അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്, ‘ഇക്കാലത്ത് ഈ പാര്‍ട്ടികളിലെ ഒരു പിടി മുന്‍നിരക്കാരുമായി എനിക്ക് വ്യക്തിപരമായി അടുത്തു പ്രവര്‍ത്തിക്കാന്‍ സാധിച്ചു – ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, മധു ലിമായേ, മധു ദണ്ഡവാതേ, ചരണ്‍ സിങ്ങ്, രാമകൃഷ്ണ ഹെഗ്‌ഡേ, ദേവെ ഗൗഡ, കര്‍പ്പൂരി ഠാക്കൂര്‍ തുടങ്ങി നിരവധി പേരുകളുമായി.’

മേല്‍പ്പറഞ്ഞ പല നേതാക്കളുടേയും വിശ്വാസ്യതയോട് അടുത്തുനില്‍ക്കാന്‍ കഴിഞ്ഞതോടെ, സ്വതന്ത്ര ഇന്ത്യയുടെ മതേതരബോധവും ജനാധിപത്യ ബോധവും ഒരു പരിധിവരെ അകറ്റിനിര്‍ത്തിയിരുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക്, അതേ മതേതരബോധത്തിന്റേയും ജനാധിപത്യബോധത്തിന്റേയും അംഗീകാരം ലഭിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി താല്‍ക്കാലികമായി അകറ്റിവെച്ച ജനാധിപത്യബോധം അതിന് അവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ അപകടം മനസ്സിലാകുന്നുണ്ടായിരുന്നു. സി.പി.ഐ. അന്ന് ഇന്ദിരാഗാന്ധിയേയും കോണ്‍ഗ്രസ്സിനേയും പിന്തുണച്ചിരുന്നതിനാല്‍ അവരുടെ എതിര്‍പ്പ് സ്വഭാവികമായിരുന്നു. സി.പി.ഐ.(എം.) കുറേക്കൂടി വ്യക്തമായി ഈ അപകടത്തെ ദര്‍ശിച്ചിരുന്നു. അവരുടെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജെ.പിയോട് പറഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്. ‘എങ്ങനെയാണ് ഒരു വലതുപക്ഷ പാര്‍ട്ടിയും വര്‍ഗ്ഗീയ പാര്‍ട്ടിയുമായ ജനസംഘിനെ നിങ്ങളുടെ പ്രസ്ഥാനത്തില്‍ ചേരാന്‍ ക്ഷണിക്കാനാകുക? ഞങ്ങള്‍ ഇത് നിങ്ങളില്‍നിന്ന് പ്രതീക്ഷിച്ചിരുന്നതല്ല. അതുമാത്രമല്ല, 1948-ല്‍ ഗാന്ധിജിയുടെ കൊലപാതകത്തിനുശേഷം, ആര്‍.എസ്.എസ്സിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ താങ്കള്‍ ഉണ്ടായിരുന്നു എന്ന കാര്യം താങ്കള്‍ക്കോര്‍മ്മയില്ലേ? ഓര്‍ഗനൈസറിന്റെ ഓഫീസിന് മുന്നില്‍ നിങ്ങള്‍ ഒരു പ്രകടനം നയിക്കുകപോലും ചെയ്തു. ഇത് ചതിയാണ്.’ എങ്കിലും ഇന്ദിരാഗാന്ധിയുടെ അമിതാധികാര നടപടികള്‍ ഉണ്ടാക്കിയ രാഷ്ട്രീയ ഗതിവിഗതികളില്‍ നിന്നുയര്‍ന്നുവന്ന, ജനസംഘിനെ കൂടി ലയിപ്പിച്ചുണ്ടാക്കിയ ജനതാ പാര്‍ട്ടിക്ക്, സി.പി.ഐ.(എം.)ന് അതിന്റെ പിന്തുണ നല്‍കേണ്ടി വന്നു.

എല്‍.കെ. അദ്വാനി

1975 മാര്‍ച്ച് 5ന് ജനസംഘിന്റെ ഡല്‍ഹിയില്‍വെച്ചു നടന്ന സമ്മേളനത്തില്‍ ജെ.പി. പങ്കെടുക്കുകയുണ്ടായി. എല്‍.കെ. അദ്വാനിയാണ് അത്തരമൊരാശയം മുന്നോട്ടുവെച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മകഥ പറയുന്നു. തുടര്‍ന്ന് അദ്ദേഹവും വാജ്‌പേയിയും കൂടി ചെന്ന് ജെ.പിയെ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയുണ്ടായി. നിരവധിപ്പേര്‍ ‘ജയപ്രകാശ് ജി, ജനസംഘ് പോലുള്ള ഒരു ഫാസിസ്റ്റ് പാര്‍ട്ടിയുമായി താങ്കള്‍ കൂടുതല്‍ അടുപ്പത്തിലാകുകയാണ്’ എന്ന് പറഞ്ഞുകൊണ്ട് ജെ.പിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും അദ്വാനി പറയുന്നു. അപ്പോഴേക്കും ഇന്ദിരാഗാന്ധിക്കെതിരെ നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായി നിലകൊണ്ട ജനസംഘിനെ തള്ളിപ്പറയാന്‍ പറ്റാത്തവിധം ജെ.പിയുടെ നിലപാട് മാറിയിരുന്നു. ജനസംഘും ആര്‍.എസ്.എസ്സും ഫാസിസ്റ്റുകളാണെന്ന, ജനാധിപത്യ-മതേതര വിശ്വാസത്തെ തകിടംമറിക്കുന്ന പ്രസംഗമാണ് ജെ.പി. ആ സമ്മേളനത്തില്‍ നടത്തിയത്. ‘പിന്തിരിപ്പന്‍ എന്നോ ഫാസിസ്റ്റ് എന്നോ വിളിക്കപ്പെടുന്ന ഏത് പാര്‍ട്ടിക്കാണ് സമ്പൂര്‍ണ്ണ വിപ്ലവത്തോട് പിന്തുണ പ്രഖ്യാപിക്കാനാകുക?’ തുടര്‍ന്ന് പറഞ്ഞ വാചകമാണ് ഒരുപക്ഷേ ജനസംഘ് അതുവരെയുള്ള അതിന്റെ ചരിത്രത്തില്‍ നേടിയ ഏറ്റവും വലിയ വിജയം, തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ നിമിഷം, ജെ.പി. എന്ന വലിയ നേതാവിനെ പിടികൂടുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ജനസംഘ് ഫാസിസ്റ്റാണെങ്കില്‍ ജയപ്രകാശ് നാരായണും ഫാസിസ്റ്റാണ്. ഫാസിസത്തിന്റെ സൂര്യന്‍ മറ്റെവിടെയോ ആണ് ഉദിക്കുന്നത്.’

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടും ജനാധിപത്യ, മതേതര വിശ്വാസികളോടും കൊടിയ ശത്രുത പ്രഖ്യാപിച്ച സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ആശയങ്ങളില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനം അതിന്റെ മറ്റൊരു വിജയം അവിടെ നേടി. ഫാസിസ്റ്റ് പുലി അതിന്റെ പുള്ളികളെ, അത് പുള്ളിപ്പുലിയാണ് എന്ന് ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ ഒരാളെക്കൊണ്ട്, മായ്പ്പിക്കുന്നതില്‍ വിജയം നേടി.

Comments

comments