ബംഗളുരുവിലെ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ വെൽഡിങ് ജോലികൾക്കിടയിൽ വച്ചാവാം ഒരുപക്ഷെ യൂസഫ് അറയ്ക്കൽ സ്വയം തിരിച്ചറിഞ്ഞത്, ഒരു വെൽഡറായി തീരേണ്ട ജീവിതമല്ല തന്റേത് എന്ന്.
ആ തിരിച്ചറിവ് ലോഹങ്ങൾ കൂട്ടിച്ചേർത്തു രൂപങ്ങൾ നിർമിക്കുന്ന കലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. സമ്പത്തിന്റെ മടിത്തട്ടിൽ പിറന്ന് വീഴാൻ യോഗമുണ്ടായി. പക്ഷെ പെരുവഴിയിൽ എത്താനായിരുന്നു വിധി. അതും അദ്ദേഹം പിൽക്കാലത്തു അനുഗ്രഹമായി മാറ്റിയെടുക്കുകയോ അല്ലെങ്കിൽ അത് അദ്ദേഹത്തിന് അങ്ങനെയായി തീരുകയോ ചെയ്തു. ബംഗളുരുവിലെ തെരുവോരങ്ങളിൽ
അരപ്പട്ടിണിയായി കഴിഞ്ഞിരുന്ന ചെറുപ്പകാലം. അന്ന് യൂസഫിന്റെ അകക്കണ്ണിൽ പതിഞ്ഞ ജീവിതകാഴ്ചകൾ ആണ് ആ കൈകളിലൂടെ കടലാസിലേക്കും കാൻവാസിലേക്കും ചുവരുകളിലേക്കും ലോഹങ്ങളിലേക്കും എക്കാലത്തെയും കലാപ്രേമികളെ വശീകരിച്ച പെയ്ന്റിങ്ങുകളായും ശില്പങ്ങളായും പകർന്നിറങ്ങിയത്. ഇന്ത്യൻ ചിത്രകല താന്ത്രികതയുടെയും-അമൂർത്തതയുടെയും സ്‌കൂളുകളിൽ തന്നെ തളച്ചിടപ്പെട്ടിരുന്ന കാലത്ത് ചിത്രകലയിലും മനുഷ്യ ജീവിതം പശ്ചാത്തലമാക്കാം എന്ന് യൂസഫ് തെളിയിച്ചു .
എഴുപതുകളിലെ രചനകളിൽ പലതിലും ഈ ചിത്രകാരൻ പിന്നിട്ട ജീവിതത്തിന്റെ ഇരുളും ഏകാന്തതയും ഉണ്ട്. ബാല്യത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു പോവുക എന്ന കൊടും അനുഭവം മറികടന്നു പോന്നയാളാണ് യൂസഫ്. അന്ന് പകച്ചു പോയ സ്വന്തം ബാല്യകൗമാരകാലത്തെയാകാം അദ്ദേഹം ഇരുണ്ട ഇടുക്കുകളിൽ പെട്ട് നിൽക്കുന്ന കുട്ടികളിലൂടെ പിൽക്കാലത്തെ പ്രശസ്തമായ ചിത്രങ്ങളിൽ വരഞ്ഞിട്ടത്.
ജീവിതത്തിൽ പല പല സന്ദർഭങ്ങളിൽ അനുഭവിച്ച കടുത്ത ഏകാന്തത അറയ്ക്കൽ ചിത്രങ്ങളിലെ ഏകാകിയായ മനുഷ്യൻ എന്ന ആവർത്തിക്കുന്ന ബിംബത്തിലൂടെ നമുക്ക് വായിച്ചെടുക്കാം. ദൃശ്യ ഭാവങ്ങൾ അവതരിപ്പിക്കാൻ ഏറെ അധ്വാനവും ശ്രദ്ധയും വേണ്ടി വരുന്ന എണ്ണച്ചായാ ചിത്ര രചനയിൽ യൂസഫ് തന്റെ ബ്രഷ് കൊണ്ട് മെനഞ്ഞത് അനായാസമായൊരു ശൈലിയാണ്. വെളിച്ചത്തിന്റെയും നിഴലിന്റെയും അനേകം വ്യത്യസ്തമായ മാനങ്ങൾ എളുപ്പം വഴങ്ങാത്ത ഓയിൽ പെയ്ന്റിൽ വരച്ചിട്ടതിന്നു പിന്നിൽ ചെറുപ്പത്തിൽ തന്നെ തനിക്ക് എതിരായി നിന്ന ജീവിതത്തെ ആകമാനം മെരുക്കിയെടുക്കാൻ കഴിഞ്ഞത്തിന്റെ അളവറ്റ ആത്മവിശ്വാസം ഉണ്ടാകാം. വഴങ്ങാത്ത എന്തിനെയും വെല്ലുവിളിയോടെ നേരിടാനുള്ള താത്പര്യം യൂസഫിനെ വിസ്മയകരമാം വിധം വലുപ്പമുള്ള ചിത്രങ്ങളുടെയും ചുവർ ശില്പങ്ങളുടെയും രചനയിലേക്കെത്തിച്ചു.
ലോക പ്രശസ്ഥമായ ഒട്ടേറെ ചിത്ര ശില്പങ്ങൾ അങ്ങനെ ദേശകാലങ്ങൾക്ക് അതീതമായി കലാഹൃദയങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അദ്ദേഹം വരച്ചിട്ട ചിത്രങ്ങളും ശില്പങ്ങളും ഇവിടെ ഉണ്ടാകും.
ലോഹവുമായി മല്ലിട്ട് അതിനെ ഒരു വസ്തുവിന്റെ ഭാഗമാക്കി മാറ്റുന്നതിന് പകരം അതിൽ നിന്നും ലോകത്തെ വിസ്മയിപ്പിക്കുന്നൊരു ശില്പത്തെ ആണ് പുറത്തു കൊണ്ടുവരേണ്ടത് എന്നു ചിന്തിച്ചതിന്, ആ ചിന്തയുമായി കലയുടെ ലോകത്തേക്ക് കടന്നു വന്നതിനു, അവിസ്മരണീയമായ ഒട്ടേറെ രചനകൾക്കു രൂപം നൽകിയതിന് യൂസഫ് അറയ്ക്കൽ , താങ്കളെ എന്നും കലാലോകം ആദരവോടെ ഓർമിക്കും.
– മോപ്പസാങ്ങ് വാലത്ത്
Be the first to write a comment.