ലാറ്റിൻ അമേരിക്കയിലെ സാമൂഹിക മുന്നേറ്റങ്ങൾ – അർജ്ജന്റീനയും ആഗോള റ്റാംഗോ ക്വിയർ പ്രസ്ഥാനവും മെലിസ എ ഫിറ്റ്ച്, അരിസോണാ യൂണിവേഴ്സിറ്റി

റബ് വസന്തവും ആഗോളവ്യാപകമായി അരങ്ങേറിയ പിടിച്ചെടുക്കൽ (Occupy) പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയിലെ സമീപകാല സാമൂഹ്യ മുന്നേറ്റങ്ങൾക്ക് ക്യാറ്റലിസ്റ്റുകളായോ ഏതെങ്കിലും വിധത്തിൽ മാതൃകകളായോ പ്രവർത്തിച്ചിട്ടുണ്ടായേക്കില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ എല്ലാ  പ്രതിഷേധസമരങ്ങൾക്കും ധാർമ്മികത പകരുന്നതിൽ ഒരു പങ്ക് അവയ്ക്ക് ഇല്ലായിരുന്നു എന്ന് കരുതാനാവില്ല. നീതിരഹിതമായ വ്യവസ്ഥിതികളെ മറിച്ചിടുവാനും അധികാരിവർഗ്ഗത്തെ പൊതു ഇടങ്ങളിൽ സുധീരം നേരിടുവാനുമുള്ള മറ്റുള്ളവരുടെ കഴിവ് തങ്ങളിൽ ആവേശം ഉയർത്തി എന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടുന്നത് സംശയലേശമന്യേ വാസ്തവമാണെങ്കിലും അവയൊന്നും ലാറ്റിനമേരിക്കയിലെ അവകാശപ്രവർത്തകരെ സംബന്ധിച്ച് സംഭവവികാസങ്ങളെ നോക്കിക്കാണുവാനുള്ള പ്രാമാണിക ബിന്ദുക്കളോ വീക്ഷണകോണുകളോ അല്ല. പ്രദേശത്ത് സമീപകാലത്തുണ്ടായ പ്രധാനപ്പെട്ട പ്രതിഷേധപ്രക്ഷോഭങ്ങളിൽ രണ്ടെണ്ണവും ബന്ധപ്പെട്ടിരുന്നത് അനിയന്ത്രിതമായി നടപ്പിൽ വരുത്തുന്ന നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച, വർദ്ധിച്ചു വരുന്ന അസമത്വം പിടിച്ചുനിർത്തുവാൻ ഉതകുന്ന രീതിയിൽ ജനങ്ങൾക്കു വേണ്ടി അടിസ്ഥാന സേവനങ്ങൾ നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറാകണം എന്ന ആവശ്യവുമായാണു. 2012-ലും 2013-ലും ചിലിയിൽ ആകമാനം അലയടിച്ച സർവ്വകലാശാലാ വിദ്യാർത്ഥികളുടെ സമരം വർദ്ധിച്ചു വരുന്ന വിദ്യാഭ്യാസ ചിലവുകളുമായി ബന്ധപ്പെട്ടായിരുന്നു. ബ്രസീലിൽ 2013-ലെ വേനൽക്കാലത്ത് (ദക്ഷിണ അമേരിക്കകളിലെ ശൈത്യകാലത്ത്) ഉണ്ടായ പ്രക്ഷോഭങ്ങളാകട്ടെ  പൊതുഗതാഗതം പോലുള്ള അടിസ്ഥാന സാമൂഹിക സേവന രംഗമേഖലകളിൽ പോലും വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരുന്ന കാലത്തും 2014 ലോക കപ്പിലേക്കായി വലിയ രീതിയിൽ പണം ചിലവഴിക്കുന്ന ഗവണ്മെന്റ് നയങ്ങൾക്കെതിരെ ആയിരുന്നു.

                ലാറ്റിനമേരിക്കയിലെ ഈ പുതിയ പ്രക്ഷോഭങ്ങൾ തീവ്ര വലത് പട്ടാള ഗവണ്മെന്റുകളുടെ മനുഷ്യാവകാശധ്വംസനത്തിനെതിരെ 1970-കളിൽ നടന്ന പ്രക്ഷോഭങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരേയേറെ വ്യത്യാസമുള്ളവയാണു. ചിലിയിലും ബ്രസീലിലും നിലവിലെ ഉന്നത പദവികൾ വഹിക്കുന്ന ആളുകൾ സ്ത്രീകളാണു. ഇരുവരും തന്നെ മുൻപറഞ്ഞ കാലങ്ങളിലെ പട്ടാള അട്ടിമറികൾക്കും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പല അന്യായങ്ങൾക്കും ഇരകളാകുകയും ചെയ്തിട്ടുള്ളവരാണു. വർത്തമാനകാല പ്രക്ഷോഭങ്ങളുടെ കാര്യം എടുത്താൽ ബ്രസീലിൽ ഗവണ്മെന്റ് പ്രക്ഷോഭകരുടെ ചില ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയ്യാറായി. ചിലിയിലാകട്ടെ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിലും ചില വിദ്യാർത്ഥി നേതാക്കൾ ഗവണ്മെന്റിന്റെ ഭാഗമാകുകയും ചെയ്തിരിക്കുന്നു.

              ക്വിയർ പ്രസ്ഥാനങ്ങളുടെ കാര്യമെടുത്താൽ, മേൽക്കുമേൽ വർദ്ധിക്കുന്ന സാമ്പത്തികരംഗത്തെ ഈ ആശങ്കകൾ അർജന്റീനയിലെ (ഒരു പരിധി വരെ ബ്രസീലിലെയും; എന്നാൽ അർജന്റീനയെക്കുറിച്ചായിരിക്കും ഞാൻ താഴെ ചർച്ച ചെയ്യുക) LGBT മനുഷ്യാവകാശങ്ങൾ അംഗീകരിക്കുന്ന വിഷയത്തിൽ കാര്യമായി മുന്നോട്ട് പോകുവാൻ ഗവണ്മെന്റുകളെ നിർബന്ധിതരാക്കി എന്നതാണു നിയോലിബറസത്തിനെ ഇങ്ങനെ ഒരു വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ കാണാനാകുന്ന വൈരുദ്ധ്യം അല്ലെങ്കിൽ ഐറണി. മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചോ മനുഷ്യാവകാശത്തെക്കുറിച്ചോ വർദ്ധിച്ച താല്പര്യം ഉണ്ടായിട്ടോ ക്ഷേമതൽപരത കൊണ്ടോ അല്ല ഈ മാറ്റം ഉണ്ടായിട്ടുള്ളത്. അത് പ്രാഥമികമായും പണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

                    ഇതരലൈംഗികതകളെ (alternative sexualities) അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് 1990-കളിലും 2000-ങ്ങളുടെ ആദ്യ ദശകത്തിലും അർജന്റീനയിൽ വർദ്ധിച്ച് വന്ന അവബോധത്തിനു ലോകത്ത് നടന്നുകൊണ്ടിരുന്ന ചില സംഭവങ്ങൾ ആക്കം കൂട്ടി: 1) യു എസ് അക്കാദമിക സമൂഹത്തിൽ രൂപം കൊണ്ട ക്വിയർ സിദ്ധാന്തം 2) സോഷ്യൽ മീഡിയയുടേയും ഇന്റർനെറ്റിന്റെയും വികാസം 3) അതിരുകളില്ലാത്ത ലോകദേശീയതാസങ്കല്പവും ആഗോളവൽക്കരണവും നിയോലിബറലിസവും. പലതലങ്ങളിൽ ഒരുമിച്ച് ചേരുന്ന ഇവയെല്ലാം കൂടി ചേർന്നു കൊണ്ട് ബ്യൂണോസ് ഐറിസിലും ലോകമെങ്ങും തന്നെയും നാടകീയമായ മാറ്റങ്ങൾ അരങ്ങേറ്റുന്ന ഒരു ആഗോള ക്വിയർ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനു കാരണമാകുകയായിരുന്നു.

                    അർജന്റീനയുടെ കാര്യത്തിൽ ഈ ദശകങ്ങളിൽ ടൂറിസം രംഗത്തുണ്ടായ വളർച്ചയും ഇതിനു സഹായകമായി. ലോകമെങ്ങും എണ്ണമറ്റ ചലച്ചിത്രങ്ങളിൽ റ്റാംഗോ നൃത്തം പ്രധാന വിഷയം ആയതിനെ തുടർന്ന് (Hong Kong director Wong KarWais Happy Together [1997], Spaniard Carlos SaurasTango: no me dejesnunca [Tango: Never Leave Me, 1998] and Sally Potters (UK) film The Tango Lesson [1997] എല്ലാം തന്നെ ബ്യൂണോസ് അയേഴ്സിൽ ഷൂട്ട് ചെയ്തവ) റ്റാംഗോ നൃത്തം പഠിക്കുന്നതിനായി ആ രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. 2001-ൽ അർജന്റൈൻ സാമ്പത്തികരംഗം തകർന്നത് രാജ്യത്തേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒരു കുത്തൊഴുക്കിനു തന്നെ കാരണമായി. ചിലവു കുറഞ്ഞ നഗരമായി ബ്യൂണോസ് അയേഴ്സ് മാറിക്കഴിഞ്ഞതാണു നൃത്തം പഠിക്കാൻ ആഗ്രഹിച്ചവരെ ആകർഷിച്ചത്. രാജ്യത്തെ ആൺ-പെൺ സ്വവർഗ്ഗരതിസമൂഹത്തിന്റെ അവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ ടൂറിസ്റ്റുകൾ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

                           അർജന്റീനയിലെ ഈ മാറ്റത്തെ നോക്കിക്കാണുന്നതിനു ക്വിയർ പ്രസ്ഥാനത്തിന്റെ ഉൽഭവത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. ക്വിയർഎന്ന പദം സൂചിപ്പിക്കുന്നത് ലൈംഗികതയെയും ലിംഗഭാവങ്ങൾക്കും (gender roles) മേലുള്ള സദാചാര പൊലീസിംഗിനും ലൈംഗികതയെന്നാൽ  എതിർലിംഗങ്ങൾ (heterosexual) തമ്മിലുള്ളത് മാത്രമാണെന്ന പൊതുബോധനിർബന്ധത്തിനും എതിരായുള്ള ഒരു പ്രതിഷേധത്തെയാണു. മുൻ കാലങ്ങളിൽ ആക്ഷേപകരമായി കരുതിയിരുന്ന ഒരു പദത്തെ അഭിമാനപൂർവ്വം ഉപയോഗിക്കപ്പെടുന്ന ഒന്നാക്കുക എന്നതായിരുന്നു ആദ്യകാല പ്രവർത്തകർ ഉയർത്തിയ ആശയം. അത് ജനകീയമായി മാറിയ ഒരു മുദ്രാവാക്യമായി മാറി: ഞങ്ങൾ ഇതാ എത്തി. ഞങ്ങളാണു ക്വിയർ. പുതിയ അവസ്ഥയുമായി ശീലപ്പെടുക ! (Were here. Were queer. Get used to it!)

                        ചില രാജ്യങ്ങളിൽ, സദാചാര പൊലീസ് നിശ്ചയിച്ചിരിക്കുന്ന ഒരു പരിധിയ്ക്കപ്പുറം സ്വന്തം ലൈംഗികസ്വത്വം പ്രകടിപ്പിക്കുകഎന്നതിനു വിലയായി ഒരു വ്യക്തിക്ക് തൊഴിൽനഷ്ടം, ഭീഷണി, പീഢനം എന്നിവയും ചിലപ്പോൾ മരണം തന്നെയും ഏറ്റുവാങ്ങേണ്ടി വരുന്നു. അതിനാൽ തന്നെ ഈ പ്രകടനം സദാ കാത്തുസൂക്ഷിക്കേണ്ടുന്ന, പ്രധാനപ്പെട്ട ഒന്നായിത്തീരുന്നു. ഗൗരവമായ ഒന്ന്. ചിലപ്പോഴൊക്കെ വർഷങ്ങളായി നാം കാണുന്നത് പോലെ മരണവും ജീവിതവും തമ്മിലുള്ള അന്തരം നിശ്ചയിക്കുന്ന ഒന്ന്; 2012 ജൂണിൽ മർദ്ദനത്തിനു ഇരയാക്കിയ ശേഷം ലൈംഗികാവയങ്ങൾ അറുത്തുമാറ്റി വായിൽ തിരുകി കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കൻ സൗന്ദര്യമൽസര വിജയിയും സ്വവർഗ്ഗാനുഭവിയും മൂന്നാംലിംഗത്തിൽ പെട്ടയാളുമായിരുന്ന തപെലൊ മഖുത്ലെയുടെ നഗ്നമായ മൃതദേഹം കണ്ടെടുക്കപ്പെട്ടതു പോലെ. ലിംഗസ്വത്വത്തിന്റെ നിയമങ്ങൾ അനുസരിച്ചില്ല എന്നതിനാൽ അയാൾക്ക്/ അവൾക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്റെ വിലയാണു. സ്വവർഗ്ഗ-മൂന്നാം ലിംഗങ്ങളുടെ അവകാശങ്ങൾ വലിയ തിരിച്ചടി നേരിട്ടത് റഷ്യൻ അധികാരിവർഗ്ഗത്തിന്റെ നിലപാടുകളിൽ നിന്നായിരുന്നു. കൂട്ടത്തിൽ ഞെട്ടിക്കുന്ന ഒന്ന് 2013 ഡിസംബറിൽ പ്രമുഖ റഷ്യൻ നടനായ ഇവാൻ ഒഖ്ലോബിസ്റ്റിന്റെ പ്രസ്താവനയായിരുന്നു: സ്വവർഗ്ഗരതിക്കാരെ ഓവനുകളിലിട്ട് ജീവനോടെ ചുട്ടുകൊല്ലണം.

2001ലെ സാമ്പത്തികത്തകർച്ചയ്ക്ക് ശേഷം പ്രത്യേകിച്ചും രാജ്യത്തിന്റെ വരുമാനത്തിന്റെ പ്രധാനശ്രോതസ്സായി വർത്തിച്ചത് ബ്യൂണോസ് അയേഴ്സിൽ 1990കളിലുണ്ടായ റ്റാംഗൊ ടൂറിസത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയായിരുന്നു. യൂറോപ്പിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിൽ നിന്നും ധാരാളമായി വന്ന ഈ ടൂറിസ്റ്റുകൾ നിലവിലിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. മിലൊംഗാകളിൽ (ടാംഗോ നൃത്തങ്ങളിൽ) വ്യവസ്ഥാപിതമായി തുടർന്നു വന്ന മാമൂലുകളെ അവർ തുടർച്ചയായി ധിക്കരിക്കുക മാത്രമല്ല റ്റാംഗോ നൃത്ത വേദികളും പഠനക്ലാസ്സുകളും സ്വവർഗ്ഗ, ഉഭയലിംഗ, മൂന്നാംലിംഗസ്വത്വങ്ങളോട് കൂടുതൽ സൗഹാർദ്ദപരമായി പെരുമാറണമെന്നും അവർ ആവശ്യപ്പെട്ടു. നഗരത്തിലേക്ക് എത്തിച്ചേർന്ന മിക്കവർക്കും കാണാൻ കഴിഞ്ഞത് നഗരനിലപാടുകളുമായി ഇഴുകി ചേരാൻ വിമുഖത കാണിക്കുന്നവരോട് അത് പരുഷവും അനിഷ്ടപരമായുമാണു പെരുമാറുന്നത് എന്നാണു. LGBT (Lesbian Gay Bisexual Transgender) നർത്തകർ മാത്രമല്ല ലിംഗവ്യത്യസ്തഭേദമന്യേ വിഭിന്ന ലൈംഗികസ്വഭാവങ്ങളുള്ളവരായ ആളുകളെല്ലാം തന്നെ നഗരത്തിന്റെ ഈ അടഞ്ഞ വ്യവസ്ഥിതിയിൽ മടുത്ത് പോയിരുന്നു. ലിംഗസ്വത്വത്തെ പ്രതിനിധാനം ചെയ്യുന്ന വേഷവിധാനങ്ങളും അണിഞ്ഞ് ലിംഗസ്വത്വം വെളിവാക്കിക്കൊണ്ടുള്ള മണിക്കൂറുകൾ നീണ്ട  പ്രകടനവും വഴിയേ നൃത്തം ചെയ്യാൻ അനുവാദം ലഭിക്കൂ  എന്ന രീതിയിൽ നൃത്തവേദികളിൽ അമിതമായ വിധത്തിൽ പുലർത്തിപ്പോന്ന നിയമങ്ങൾക്കെതിരെ ഇവരെല്ലാം തന്നെ ക്വിയർ പ്രസ്ഥാനവുമായി ഐക്യപ്പെടുവാൻ ആരംഭിച്ചു.

പുതുതായി വന്നവരിൽ നൃത്തവേദികളിൽ നിലനിന്നിരുന്ന ഈ കർക്കശമായ ലിംഗനിയമങ്ങളെ ചോദ്യം ചെയ്യാനും ഒരേ ലിംഗ നൃത്തത്തിൽ ഏർപ്പെടാനും ശ്രമിച്ചവർക്കെല്ലാം സ്വവർഗ്ഗരതിയോടുള്ള എതിർപ്പ് നിമിത്തമുള്ള പരുഷമായ പെരുമാറ്റങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അവരെ സംബന്ധിച്ച് ഇവയെല്ലാം മറ്റു രീതികളിൽ ഈ നൃത്തത്തെ മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുകയും തൽഫലമായി രാജ്യത്തെ മുഴുവൻ ടൂറിസം വ്യവസായത്തെയും മാറ്റിത്തീർക്കാൻ സഹായിക്കുകയും ചെയ്തു. വിവിധ ദേശങ്ങളിൽ നിന്നുള്ള ക്വിയർ പ്രവർത്തകരുടെ ഒത്തു ചേരലുകൾ വഴി ബ്യൂണോസ് അയേഴ്സിൽ പണ്ടേ തന്നെ നിലനിന്നിരുന്ന  ഒരേ ലിംഗ റ്റാംഗോ നൃത്തം  കൂടുതൽ സ്വതന്ത്രമാം വിധം  അരങ്ങേറുവാൻ തുടങ്ങി. ഈ ഐക്യപ്പെടൽ കരുത്തിലേക്കും കരുത്ത് അധികാരത്തിലേക്കും വളരുകയും ഒടുക്കം അർജന്റീനിയൻ സർക്കാരിനു തന്നെ ക്വിയർ പ്രസ്ഥാനത്തിന്റെ  പ്രചാരകർ ആകേണ്ടി വരികയും അവിടം സ്വവർഗ്ഗ സൗഹാർദ്ദടൂറിസ്റ്റ് കേന്ദ്രമെന്ന് സ്ഥാപിക്കാൻ വ്യഗ്രതപ്പെടുകയും ചെയ്യേണ്ടി വരികയാണുണ്ടായത്.

മനസ്സിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്. റ്റാംഗോ ക്വിയർ പ്രസ്ഥാനം തുടക്കത്തിൽ തന്നെ നൃത്തം എന്നതിലായി മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നല്ല. ബൗദ്ധികമായ വിചിന്തനങ്ങളെ വളർത്തിക്കൊണ്ട്  നിർബന്ധിതമായ എതിർലിംഗ ലൈംഗികതയെയും (heterosexuality) ലിംഗസ്വത്വ നിർമ്മാണത്തെയും (gender construction) മനസ്സിലാക്കുന്നതിനും അതു വഴി ഒരു സാംസ്കാരിക പരിവർത്തനവും കൂടിയായിരുന്നു അത് ലക്ഷ്യം വെച്ചത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള ഒന്ന്. സ്വവർഗ്ഗ ജോഡികൾക്ക് നൃത്തത്തിൽ മറ്റൊരു രീതിയിലുള്ള പ്രാതിനിധ്യവും ഇടവും കണ്ടെത്തുന്നതിനും ആവശ്യപ്പെട്ടുകൊണ്ടുള്ളതുമായ ഒന്ന്.

ആർജന്റൈൻ റ്റാംഗോ ക്വിയർ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ മരിയാന ഡൊകാംപൊ പറയുന്നത് ക്വിയർ പ്രസ്ഥാനം ഒരു ചെറുത്തുനില്പും എതിരിടലും ആണെന്നാണു. ഇതിലെ അംഗങ്ങൾ, തങ്ങളുടെ ലൈംഗികതയെ ഒതുക്കിത്തീർത്ത് തങ്ങളെ ജൈവശാസ്ത്രപരമായും ലൈംഗികാഭിനിവേശപരമായും ഉള്ള വ്യവസ്ഥാപിതമായ രണ്ട് ലിംഗഗ്രൂപ്പുകളിലേക്ക് നിർബന്ധപൂർവ്വം തള്ളിവിടുന്നതിനെ എതിർക്കുകയും അതിന്റെ പേരിൽ ആക്ഷേപിതരാകുവാൻ തയ്യാറല്ലാത്തവരുമാണു. ഭയപ്പെടാനും അവർ വിസമ്മതിക്കുന്നു. പ്രസ്ഥാനത്തിന്റെ തത്വശാസ്ത്രവും ലക്ഷ്യങ്ങളും വിശദീകരിക്കുന്ന ഒരു മാനിഫെസ്റ്റൊ ഡൊകാംപൊ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അവയിൽ ചിലത് :

സാമൂഹ്യശീലങ്ങളിൽ സമർപ്പണവും നിയന്ത്രണവും തമ്മിലുള്ള രേഖയ്ക്ക് കുറുകെ  അവ കൂട്ടിമുട്ടുന്ന ഒരു ബിന്ദു സൃഷ്ടിക്കുക എന്നതാണു ക്വിയർ സൈദ്ധാന്തികരുടെ പ്രധാന ലക്ഷ്യം. ഇതിനു കാരണമായിട്ടുള്ളത് ഇനി പറയുന്നവയാണു:

1. നമ്മെ വിശേഷിപ്പിക്കുന്നതിനു ക്വിയർഎന്ന പദം ഉപയോഗിക്കുന്നു എന്നതിനർത്ഥം അവഹേളനാപൂർവ്വമായ ലക്ഷ്യത്തോടെയുള്ള ഒരു സംബോധനയെ അങ്ങേയറ്റം അനുകൂലാർത്ഥം കൽപ്പിക്കുകയും ആ വാക്കിനെ സ്വന്തമാക്കുകയും ചെയ്യുന്നു എന്നതാണു.

2. താരതമ്യങ്ങളൊന്നും ആ വാക്ക് പ്രതിനിധാനം ചെയ്യുന്നില്ല എന്നതിനാൽ ആ പദം സകലരെയും ഉൾക്കൊള്ളുന്നു. നിയതമായ ഒരു വ്യവസ്ഥ സൃഷ്ടിക്കുകയോ അനുശാസിക്കുകയോ ചെയ്യാത്തതിനാൽ വൈവിദ്ധ്യങ്ങളിൽ സഹവർത്തിത്ത്വം സാധ്യമാക്കുന്ന ഒരു അടിസ്ഥാനമാണു ഈ വാക്ക്.

3. സമൂഹത്തിൽ ആൺ-പെൺ സ്വവർഗ്ഗ ഉഭയലിംഗ മൂന്നാംലിംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന   ലൈംഗികവും ഭോഗപരവും സാമൂഹികവുമായ ഭാവങ്ങൾ എന്താണു എന്നത് എപ്പോഴും തർക്കത്തിൽ പെടുന്നവയും അസ്ഥിരവുമായ ഒരന്വേഷണമാണു. വാസ്തവത്തിൽ ഇത് ആശയവിനിമയത്തിന്റെ പുതിയ വഴികളിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കുവാൻ സഹായകമായിത്തീരുന്നു.

4.അവർക്ക് താല്പര്യമുള്ള രീതിയിൽ ക്വിയർ പ്രവർത്തകർ നൃത്തം ചെയ്യുക എന്നത് പ്രകൃത്യാ തന്നെ നൃത്തത്തിന്റെ ഘടനയിൽ അടങ്ങിയിട്ടുള്ള വൈവിധ്യത്തെ വെല്ലുവിളിക്കുന്ന സങ്കുചിതചിന്തകളെ മറികടക്കുകയും ലിംഗങ്ങൾക്കിടയിൽ പുതിയ ശക്തിബന്ധങ്ങൾ തീർക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

അർജന്റീനയിൽ റ്റാംഗോ ക്വിർ ഉൽസവങ്ങളും വർക് ഷോപ്പുകളും ക്ലാസ്സുകളും യോഗങ്ങളും വിദ്യാഭ്യാസ പരിപാടികളാണു. അവയൊക്കെ മിക്കവാറും തന്നെ പ്രാദേശിക മീഡിയകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണു നടത്തപ്പെടാറുള്ളതും. അത്തരം പരിപാടികൾ ബുദ്ധിപരമായി ഈ വിഷയത്തെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുകയും അടിസ്ഥാനതത്വങ്ങൾ മുതൽ അവയുടെ പ്രയോഗം വരെ ചർച്ച ചെയ്യപ്പെടുന്നതുമായവയാണു. സന്നദ്ധപ്രവർത്തകരുടെ അജണ്ട പ്രകാരമുള്ള പ്രഭാഷണങ്ങളും വട്ടമേശയോഗങ്ങളും ചർച്ചകളും ഉണ്ടാകും. ലോകമെമ്പാടുമുള്ള LGBT വ്യക്തികൾ അനുഭവിക്കുന്ന സവിശേഷമായ പ്രതിബന്ധങ്ങളെക്കുറിച്ച് അവരുടെ ഇടയിൽ മാത്രം അവബോധം വളർത്തുക എന്നതിൽ ഉപരി പ്രാദേശിക സമൂഹങ്ങളിലും ആ അവബോധം സൃഷ്ടിക്കുക എന്നതാണു ആ പരിപാടികളുടെ ലക്ഷ്യം. മെച്ചപ്പെട്ട സാമൂഹ്യനീതിക്കായി ഒരു പുതിയ നിലപാടുതറ സൃഷ്ടിക്കുകയും നിർബന്ധിതമായ അനുഷ്ഠിക്കേണ്ടി വരുന്ന ഇതരലൈംഗികതയെയും ലിംഗസ്വത്വങ്ങളെയും കുറിച്ചുള്ള  വ്യവസ്ഥാപിതമായ ചിന്തകളെ പൊളിച്ചുമാറ്റുന്നതിനും റ്റാംഗോ മീറ്റുകൾ ശ്രമിക്കുന്നു.

2002ൽ ബ്യൂണോസ് അയേഴ്സ് സിറ്റി കൗൺസിൽ സ്വവർഗ്ഗലൈംഗിക യൂണിയനുകളെ അംഗീകരിച്ചുകൊണ്ടും സ്വവർഗ്ഗാനുരാഗികളായ പങ്കാളികൾക്ക് ഇൻഷുറൻസ്, പെൻഷൻ എന്നിവയ്ക്കുള്ള അവകാശങ്ങൾ അനുവദിച്ചുകൊണ്ടും നിയമം പാസ്സാക്കിയിരുന്നു. താമസിയാതെ രാജ്യത്തെ മറ്റു നഗരങ്ങളും അതേ വഴി പിന്തുടർന്നു. ലാറ്റിൻ അമേരിക്കയുമായി സാധാരണ ബന്ധിപ്പിച്ചു കാണാറുള്ള പരുഷതയുടേയും  സ്വവർഗ്ഗലൈംഗികവിരുദ്ധതയുടേയും ക്ലീഷേകൾക്കു മീതെ, റ്റാംഗോ പ്രസ്ഥാനം നിമിത്തം, സ്വർഗ്ഗാനുരാഗികളായ ടൂറിസ്റ്റുകളെ സംബന്ധിച്ച് പ്രത്യേകിച്ചും അർജ്ജന്റീന കൂടുതൽ കൂടുതൽ പുരോഗമനപരമായ രൂപം സ്വീകരിക്കുകയായിരുന്നു. 1990കളിലും 2000ങ്ങളുടെ ആദ്യ ദശകത്തിലും നൃത്തപഠനകേന്ദ്രം എന്നതിൽ ഉപരിയായി സ്വതന്ത്ര സ്വവർഗ്ഗ ടാംഗോയുടെ ആഗോളകേന്ദ്രം. 2008-വൈവിദ്ധ്യമാർന്ന ബ്യൂണോസ് അയേഴ്സ്എന്നൊരു മുദ്രാവാക്യം സ്വീകരിക്കുകയും അവിടെ ലഭ്യമായ സാംസ്കാരിക തുറസ്സ് ഉയർത്തിക്കാട്ടുകയും ചെയ്തു ആ നഗരം. ക്വിയർ റ്റാംഗോ അവിടെ അഭിവൃദ്ധി പ്രാപിക്കുകയായിരുന്നു. ദശകത്തിന്റെ അവസാനമായപ്പോഴേക്കും സഞ്ചാരികൾക്ക് ബ്യൂണോസ് അയേഴ്സ് ക്വിയർ മാപ്പുകൾ ലഭ്യമാക്കുക തൊട്ട് സ്വവർഗ്ഗപ്രേമികൾക്കു മാത്രമായിട്ടുള്ള നഗരത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങുക പോലുമുണ്ടായി. വർഷം പ്രതി സ്വവർഗ്ഗാനുരാഗസമൂഹം നേടിയെടുത്തു കൊണ്ടിരുന്ന പാവിധമായ അവകാശങ്ങൾക്കൊടുവിൽ 2011 ജൂലൈ 15-നു സ്വവർഗ്ഗവിവാഹങ്ങൾ നിയമാനുസൃതമാക്കുന്ന ലാറ്റിൻ അമേരിക്കയിലെ ആദ്യ രാജ്യമായി മാറി  അർജ്ജന്റീന.

ടൂറിസ്റ്റുകളിൽ  ലോകത്തേറ്റവും സമ്പന്നരായവരിലാണു സ്വവർഗ്ഗാനുരാഗികളായ ടൂറിസ്റ്റുകളുടെ സ്ഥാനം 200 മുതൽ 250 ഡോളർ വരെ ഒരു ദിവസത്തെ സഞ്ചാരത്തിനിടയ്ക്ക് ചിലവഴിക്കും എന്നാണു കണക്ക്. പൊതുവായി കണ്ടെത്തിയിട്ടുള്ളത്  സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള സ്മരണികകൾ സ്വന്തമാക്കുന്നതിനും അവർ നിർലോഭമായി പണം ചിലവഴിക്കുന്നു എന്നതാണു. ഉയർന്ന വിദ്യാഭ്യാസ നിലവാരം, കൂടുതലായി ചിലവഴിക്കാൻ കഴിയുന്ന തരത്തിലുള്ള വരുമാനം, താരതമ്യേന ദീർഘമായ നാളുകൾ; ശരാശരി 12 ദിവസത്തോളം ഒരിടത്ത് തങ്ങാറുള്ള പതിവ് എന്നിവയാണു അവരെ ആകർഷണീയരാക്കുന്ന ഘടകങ്ങൾ. അങ്ങനെ സ്വന്തം താല്പര്യാർത്ഥമാണു നഗരം  സ്വയം ഒരു സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി സ്വയം അടയാളപ്പെടുത്തുന്നത്.  ബാഴ്സലോണയെയും ആംസ്റ്റർഡാമിനെയും പിന്നിലാക്കി ഏറ്റവും മികച്ച സ്വവർഗ്ഗാനുരാഗ കേന്ദ്രമായി ഔട്ട് ട്രാവല്ലർമാഗസിൻ ബ്യൂണോസ് അയേഴ്സിനെ തെരഞ്ഞെടുത്തു. അസംഖ്യങ്ങളായ സാംസ്കാരിക പരിപാടികൾ, ബാറുകൾ, ഡിസ്കോകൾ, പബ്ബുകൾ, ഉൽസവങ്ങൾ – എല്ലാം പ്രസന്നമായ അവിടത്തെ കാലാവസ്ഥയ്ക്ക് മാറ്റു കൂട്ടുന്നു. ഒരു ശരാശരി സ്വർഗ്ഗാനുരാഗിയായ ടൂറിസ്റ്റ് 35നും 55നും ഇടയ്ക്ക് പ്രായമുള്ള, വലിയ രീതിയിൽ വാങ്ങൽ ശേഷിയുള്ള, ഒരാഴ്ച്ച വരെ തങ്ങുകയും  ഒരു ദിവസം ഏകദേശം 250 ഡോളർ ചിലവഴിക്കുകയും ചെയ്യുന്ന ആളാണു. ബ്യൂണോസ് അയേഴ്സിലേക്കെത്തുന്ന സ്വർഗ്ഗപ്രേമികളായ ടൂറിസ്റ്റുകളിൽ 50 % യു എസ്സിൽ നിന്നും 35 % യൂറോപ്പിൽ നിന്നും 15 % ബാക്കിയുള്ള ലാറ്റിൻ അമേരിക്കൻ പ്രദേശങ്ങളിൽ നിന്നുമാണു. 2011ലെ  ഗേBA (GayBA) എന്ന ഗൈഡിലുള്ളതനുസരിച്ച് 38 റെസ്റ്റോറെന്റുകൾ, 32 ഹോട്ടലുകൾ, 30 ഡാൻസ് ഹാളുകൾ, 9 മിലൊംഗകൾ (ക്വിയർ നൃത്തകേന്ദ്രങ്ങൾ), ചില സ്പാകൾ ഉൾപ്പടെ നഗരത്തിലാകെ 168 സ്വവർഗ്ഗസൗഹാർദ്ദസ്ഥലങ്ങളുണ്ട്.

സമീപവർഷങ്ങളിൽ നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേളകളിലൊന്ന് അന്താരാഷ്ട്ര ക്വിയർ റ്റാംഗോ ഫെസ്റ്റിവൽആണു. പരമാവധി ലാഭം കൊയ്യുക എന്ന ലക്ഷ്യത്തിന്മേൽ മുൻവിധികൾ മാറ്റി വച്ചിരിക്കുകയാണു. സ്വവർഗ്ഗജോഡികൾക്കായി പ്രത്യേക ആഡംബരബോട്ട് സർവ്വീസുകളും പ്രത്യേക റ്റാംഗോ പാക്കേജുകളും തയ്യാറാകുന്നു.  അന്താരാഷ്ട്ര ആൻ-പെൺ സ്വവർഗ്ഗ സഞ്ചാരി അസ്സോസിയേഷൻ (The International Gay and Lesbian Travel Association) അതിന്റെ മൂന്നാം വാർഷിക സമ്മേളനം 2010ൽ നടത്തിയത് അവിടെയായിരുന്നു. കാനഡയിൽ നിന്നുള്ള സംഘടനയുടെ പ്രസിഡന്റ് റ്റാനിയ ചർച്ച്മച്ച് എന്തുകൊണ്ടാണു ഇത് ഇത്രയും പ്രധാനപ്പെട്ട ഒരു വ്യവസായമായി മാറിയതെന്ന് വിശദീകരിക്കുകയുണ്ടായി.

സ്വവർഗ്ഗാനുരാഗ ടൂറിസം എല്ലാ വർഷവും ബില്യൺ കണക്കിനു ഡോളറാണു ലഭ്യമാക്കുന്നത്.  കുട്ടികളില്ല എന്ന കാരണത്താൽ  ഒരു കലണ്ടർ വർഷത്തിലെ അക്കാദമിക വർഷത്തിന്റെ കണക്ക് നോക്കാതെ നിർബാധം യാത്ര ചെയ്യുന്ന ഒരു സമൂഹമാണത്. അതിലുപരി മൂന്നു കാരണങ്ങളാൽ  അവർ കൂടുതൽ സമ്പന്നരാണു ഉയർന്ന വിദ്യാഭ്യാസം, കുട്ടികളെ ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രംഗത്ത് മാറ്റിവയ്പ്പുകൾ ആവശ്യമായി മാറാത്തത്, കുട്ടികൾ രോഗബാധിതരാകുന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന ജോലിസമയ നഷ്ടം എന്നത് അവരെ ബാധിക്കുന്നില്ല എന്നീ കാരണങ്ങൾ മൂലം.

വർഷാവർഷം 300,000 സന്ദർശകരെയും 60 മില്യൺ ഡോളർ വിദേശ കറൻസിയും ലഭ്യമാക്കുന്ന, അനുദിനം വളരാൻ സാഹചര്യമുള്ള ഒരു വ്യവസായമാണു സ്വവർഗ്ഗ ടൂറിസം.  2003 മുതൽ സ്വവർഗ്ഗപ്രേമികളെ ലക്ഷ്യം വെച്ച് ധാരാളം റെസ്റ്റോറെന്റുകളും താമസകേന്ദ്രങ്ങളും അർജ്ജന്റീനയിൽ ആരംഭിച്ചിട്ടുണ്ട്.  ജിജ്ഞാസ ഉണർത്തുന്ന ഒരു കാര്യം സ്വവർഗ്ഗക്വിയർ സൗഹാർദ്ദ കേന്ദ്രങ്ങളിലേക്ക് പോകുന്നവർ, അവരിൽത്തന്നെ LGBT സമൂഹത്തിന്റെ ഭാഗമായി സ്വയം കണക്കാക്കാത്തവർ പോലും ആ സഞ്ചാരങ്ങളിലൂടെ വളർത്തുന്നത്  ബോർദ്യൂവിന്റെ (Pierre Bourdieu) ആ സംജ്ഞയെയാണു സാംസ്കാരിക തലസ്ഥാനം. അവിടം ശാന്തമായിരിക്കുകയാണു. ആധുനികവും പരിഷ്കൃതവും ഉയർന്ന സാംസ്കാരികമൂല്യങ്ങളും വാങ്ങൽ ശേഷിയുമുള്ള സ്ഥലം എന്ന് പ്രസിദ്ധമായിരിക്കുന്നു. കണക്കനുസരിച്ച് അർജ്ജന്റീനയിലേക്കുള്ള ടൂറിസ്റ്റുകളിൽ 20 % ഈ സ്വവർഗ്ഗ പ്രേമികളാണു. 2007 ഒക്ടോബർ 19നു നഗരത്തിൽ ആദ്യ സ്വവർഗ്ഗ ഹോട്ടൽ തുറന്നതിനോടൊപ്പം രണ്ട് പ്രധാനപ്പെട്ട സംഭവങ്ങളും അരങ്ങേറി.  ഒന്ന്  പത്താമത് ലോക സ്വവർഗ്ഗ സോക്കർ ടൂർണ്ണമെന്റ്. മറ്റൊന്ന് ആദ്യ റ്റാംഗോ ക്വിയർ ഫെസ്റ്റിവൽ.  2012 മേയിൽ ബ്യൂണോസ് അയേഴ്സിലേക്കുള്ള ടാംഗോ ടൂറിസത്തെക്കുറിച്ചുള്ള ഒരു   സി എൻ എൻ  റിപ്പോർട്ടിൽ ഈ സാംസ്കാരിക പരിവർത്തനം പ്രത്യേകമായി ഉൾക്കൊള്ളിച്ചിരുന്നു. വീഡിയോകളും കൂടിയുള്ള ഈ റിപ്പോർട്ടിൽ  രണ്ട് സ്വവർഗ്ഗപ്രേമികൾ – ഒരു ഫുട്ബോൾ കളിക്കാരനും ഒരു പട്ടാളക്കാരനും – ഒന്നിച്ച് റ്റാംഗോ നൃത്തം ചവിട്ടുന്ന ചിത്രമുള്ള ഒരു നഗരസ്മരണിക കൂടി ഉൾപ്പെടുത്തിയിരുന്നു. 

2013ൽ നഗരത്തിലെ ആദ്യ സ്വവർഗ്ഗ മിലൊംഗയായ ( റ്റാംഗോ നൃത്തവേദി) ലാ മാർഷലിന്റെ പത്താമത് വാർഷികം ആഘോഷിച്ചുകൊണ്ടുള്ള ഒരു വിളംബരം നടത്തുക വഴി ബ്യൂണോസ് അയേഴ്സ് ഗവണ്മെന്റ്  അതിന്റെ നിയമപരമായ നിലനിൽപ്പ് അരക്കിട്ടുറപ്പിച്ചു. എന്നാൽ ഭാഗികമായെങ്കിലും സമീപകാല റ്റാംഗോ ക്വിയർ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന  നിമിഷങ്ങൾ വന്നത് അത്രയ്ക്കൊന്നും സാധ്യമല്ലാത്ത ഒരു കേന്ദ്രത്തിൽ നിന്നായിരുന്നു.  ദക്ഷിണ കൊറിയയിൽ നിന്നുള്ള പെനിൻസുല ചൊ എന്ന ഒരു കുറിയ സ്ത്രീയിൽ നിന്ന്. സിയോളിൽ തന്റെ നൃത്തപങ്കാളിയായ  ജിൻസുക് മുച്ചാച്ചപാർക്കിനൊപ്പം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടയാൾ എന്ന ഖ്യാതി ചൊ സ്വന്തമാക്കി.  അവരുടെ നൃത്തങ്ങളുടെ വീഡിയോകൾ ഫേയ്സ് ബുക്കും യൂറ്റ്യൂബും അടക്കമുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ വഴി ലോകമെങ്ങുമുള്ള ക്വിയർ സമൂഹങ്ങൾക്കിടയിൽ വളരെ പ്രിയപ്പെട്ടതായിത്തീർന്നു. 2012ൽ ടോക്കിയോയിൽ വച്ച് നടന്ന സ്റ്റേജ് റ്റാംഗോയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അവർ വിജയിച്ചു. എന്നാൽ ആ നൃത്തം നയിച്ചത് ചോ ആയിരുന്നില്ല. പാസോ ഹാൻ എന്ന പുരുഷനാണു ആ നൃത്തം നയിച്ചത്. ചാമ്പ്യൻഷിപ്പ് വിജയിച്ച സ്ഥിതിക്ക് ആ ജോഡികൾക്ക് ബ്യൂണോസ് അയേഴ്സിൽ വച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകുമായിരുന്നു. എന്നാൽ ചൊ വിസമ്മതിച്ചു. തനിക്ക് നൃത്തം നയിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.  ഹോംകോങ്ങിൽ നിന്നുള്ള നർത്തകരായ ലില്ലി, റെയ്മണ്ട് എന്നിവരുടെ സഹായത്തോടെ ബ്യൂണോസ് അയേഴ്സിലെ ഒഫിഷ്യലുകളുമായി ബന്ധപ്പെടുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. ച്യാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 2013 ആഗസ്റ്റിൽ ഒരേ ലിംഗത്തിൽ പെട്ടവർ ചേർന്നുള്ള ജോഡികൾക്ക് മൽസരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടാകും എന്ന്  ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. റ്റാംഗോ ക്വിയർ പ്രസ്ഥാനത്തിന്റെ ഈ വിജയം ഫേയ്സ്ബുക്കിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ലോകമെങ്ങുമുള്ള LGBT നൃത്തക്കാർക്ക് വേണ്ടി അവർ നടത്തിയ പരിശ്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ട് സന്ദേശപ്രവാഹങ്ങൾ അവരെ തേടി എത്തുകയും ചെയ്തു.

2013 ആഗസ്റ്റിൽ 37 രാജ്യങ്ങളിൽ നിന്നായി 556 ജോഡികൾ ലോക റ്റാംഗോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തപ്പോൾ അതിൽ നാലെണ്ണം ഒരേ ലിംഗത്തിൽ പെട്ട ജോഡികളായിരുന്നു. ഒരിക്കൽ കൂടി, ഇതൊരിക്കലും ലൈംഗികതയെ ഒരേ ലിംഗത്തിൽ പെട്ടവർ ചേർന്നുള്ള നൃത്തവുമായി ഏകീകരിച്ചു കാണലല്ല. അവയിൽ പങ്കെടുത്ത ഒരേ ലിംഗത്തിൽ പെട്ട ജോഡികൾ സ്വവർഗ്ഗപ്രേമികളാണോ എന്നത് അപ്രസക്തമാണു. പൊതുപ്രമാണം അനുസരിച്ച് പുരുഷൻ നയിക്കുന്നു, സ്ത്രീ പിന്തുടരുന്നു എന്ന റ്റാംഗോ രീതിയിൽ നിന്ന് വ്യത്യസ്തരാകുക വഴി അവർ ക്വിയറുകളായി അടയാളപ്പെടുകയാണു. പ്രധാനമായത് അവർക്ക്  എങ്ങനെ സംഗീതാത്മകമായി ഇഴുകിച്ചേരാം എന്നുള്ളതാണു. ഇങ്ങനെയെങ്കിലും ഒട്ടുമിക്ക അന്താരാഷ്ട്ര മീഡിയകളും അവരെ സ്വവർഗ്ഗപ്രേമികൾഎന്നാണു അഭിസംബോധന ചെയ്തത്. ഇക്കിളിപ്പെടുത്തുന്ന ഒരു തലക്കെട്ടിനായി വ്യഗ്രരായ ജേർണലിസ്റ്റുകളുടെ അനുമാനങ്ങൾക്കപ്പുറം വീഡിയോകൾ ഉൾപ്പടെയുള്ള എല്ലാ വാർത്തകൾ കാട്ടിയത് സ്റ്റേജിൽ ഈ ജോഡികൾക്ക് ലഭിച്ച ഗംഭീരമായ സ്വീകാര്യതയും അനുമോദനങ്ങളുമാണു. മുഖ്യധാരയിൽ ഒരുപാടൊന്നും സ്ഥാനം ഇല്ലാതിരുന്ന റ്റാംഗോ ക്വിയർ ഒടുവിൽ അതിന്റെ ജന്മനഗരത്തിൽ വച്ചു തന്നെ ഊഷ്മളമായി ആശ്ലേഷിക്കപ്പെടുകയായിരുന്നു. അത് നിർണ്ണായകമായ ഒരു നാഴികക്കല്ലാണു.
—————-
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments