അടിവസ്ത്രങ്ങള്‍ കേവലം ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍അല്ലാതാകുകയും പുരുഷാധിപത്യത്തിന്റെ ലിംഗ, ലൈംഗിക പ്രത്യയശാസ്ത്രത്തിന്റെ കൂട്ടിക്കൊടുപ്പുകാരാവുകയും ചെയ്യുന്നുവെന്നത് ചൂണ്ടിക്കാണിക്കുന്ന വായന.

രീരത്തെക്കുറിച്ചുള്ള മലയാളിയുടെ ധാരണ അതെന്തോ ഇച്ചീച്ചി വിഷയമാണെന്നാണ്. അതിനാല്‍ ശരീരത്തെ വൃത്തിയായി പൊതിഞ്ഞു സൂക്ഷിക്കാനുള്ള ഒരു ജൈവികവസ്തു എന്നതാണ് പൊതു കാഴ്ചപ്പാട്. അതിനെക്കുറിച്ചു സംസാരിക്കുന്നതോ വിശകലനം ചെയ്യുന്നതോ വിലാക്കായിട്ടാണ് മലയാളി കാണുന്നത്. ശരീരവുമായി മാത്രവല്ല ശരീരവുമായി ബന്ധപ്പെട്ട ലൈംഗികതപോലുള്ള വിഷയങ്ങളെയും വിലക്കിന്റെ ഭാഷയിലാണ് മലയാളി കാണുന്നത്. ചുരുക്കത്തില്‍ ഇണചേരലിലെ പ്രാഥമിക സ്വാതന്ത്ര്യങ്ങള്‍പോലും മലയാളിയുടെ ബോധത്തിൽ ഇല്ലെന്നുള്ളതാണ് വസ്തുത. അവിഹിതത്വങ്ങളുടെ വ്യവഹാരങ്ങളിലൂടെയേ മലയാളിക്ക് ലൈംഗികത മനസിലാകൂ എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍. ശരീരത്തെ പോലെതന്നെയാണ് ശരീരവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന അടിവസ്ത്രത്തിന്റെ കാര്യവും. വളരെ ഗോപ്യമായി സൂക്ഷിക്കേണ്ടതും പെരുമാറേണ്ടതുമായ ഒന്നെന്നാണ് അടിവസ്ത്രത്തെക്കുറിച്ചുള്ള മലയാളീ ധാരണ. അതിനെക്കുറിച്ച് കൃത്യവും വ്യക്തവുമായ പേരുകള്‍തന്നെ മലയാളത്തിൽ ഇല്ലെന്നത് അവയുടെ നിഗൂഡ സ്വഭാവം സൂചിപ്പിക്കുന്നു. ലിംഗത്തിനും മറ്റും അശ്ലീലമെന്നു പറയാത്ത പേരുകളില്ലാത്തത് ഇതുമായി കൂട്ടിവായിക്കണം. ജട്ടി, ഷഡ്ഢി, ബ്രേസിയര്‍, ബനിയന്‍ എന്നിങ്ങനെ പേരുകളുള്ളതിനെയെല്ലാം പരസ്യമായി പറയാന്‍പാടില്ലാത്തതോ അശ്ലീലമോ ആയിക്കരുതുന്ന ചിലവയുടെ പേരുകളായാണ് നാം ഗണിക്കുന്നത്. ഇതില്‍ പുരുഷന്മാരുടെ അടിവസ്ത്രങ്ങളിലൊന്നായ ബനിയന്‍മാത്രമാണ് അല്പമെങ്കിലും പരസ്യ സ്വഭാവം അഥവാ നിഗൂഡതയില്ലാത്തത്. അതേസയം ജട്ടിക്ക് കടുത്ത വിലക്കാണ്. ഇതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തവുമാകുന്നു, അശ്ലീലമായി കരുതുന്ന ലൈംഗികാവയവങ്ങളെ മറയ്ക്കുന്ന, ആവരണം ചെയ്യുന്ന വസ്ത്രത്തെയും മലയാളി അശ്ലീലമായിട്ടാണ് കരുതുന്നത്. അറപ്പുള്ളതോ പരസ്യമായി കൈകാര്യം ചെയ്യാന്‍ പാടില്ലാത്തതായോ അതിനെ മുദ്രകുത്തിയിരിക്കുന്നത് ലൈംഗികാവയവങ്ങളുമായി അതിനുള്ള അടുത്ത ബന്ധമാണ്. ബനിയന്‍ അങ്ങനയല്ല കരുതുന്നത്. കാരണം ബനിയന്‍ ലൈംഗികാവയവത്തയല്ല മറയ്ക്കുന്നത് എന്നതുതന്നെ.

 

ഇവയുടെ കഴുകലടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ഇത് കൂടുതല്‍ വ്യക്തമാകും. മറ്റു വസ്ത്രങ്ങൾ പോലെയല്ല ഇവയെ വീടുകളില്‍വ്യവഹരിക്കുന്നത്. ഇവയുടെ കഴുകലും ഉണക്കലും വളരെ രഹസ്യസ്വഭാവത്തിലാണ്. പുറത്തെ അയകളില്‍ അധികം വിരിക്കാറില്ല. വിരിച്ചാല്‍തന്നെ മറ്റു വസ്ത്രങ്ങളുടെ മറ സൃഷ്ടിച്ചാവും ചെയ്യുക. ഇതില്‍തന്നെ ലിംഗഭേദവും കാണാം. പുരുഷന്മാരുടെ അടിവസ്ത്രങ്ങള്‍പുറമേ വിരിക്കാറുണ്ടെങ്കിലും അടിവസ്ത്രങ്ങള്‍കഴുകിയുണക്കുന്ന സ്ത്രീകള്‍അവരുടെ അടിവസ്ത്രങ്ങള്‍ പരസ്യമായി പുറത്ത് വിരിച്ചുണക്കാറില്ല. ചുരുക്കത്തില്‍ നിത്യേന മലയാളി ഉപയോഗിക്കുന്നതും വളരെയേറെ കരുതലും മറ്റും പുലര്‍ത്തുന്നതുമായ അടിവസ്ത്രങ്ങളുടെ കാര്യത്തില്‍ സങ്കീര്‍ണമായ സാംസ്കാരിക രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് വെളിപ്പെടുന്ന വസ്തുത. അങ്ങനെ നോക്കുമ്പോള്‍അടിവസ്ത്രങ്ങൾ കേവലം വസ്ത്രങ്ങള്‍മാത്രമല്ലെന്നും മലയാളിയുടെ ശരീരലൈംഗിക വ്യവഹാരങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന സവിശേഷമായ മറയാണെന്നും വ്യക്തമാകും. സമൂഹത്തിലെ പുരുഷ ലൈംഗികതാ വ്യവഹാരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആ മറയുടെ പാളികള്‍രൂപപ്പെട്ടിരിക്കുന്നതും. സ്ത്രീ മൃദുല ചിത്തയും കായികമായും മാനസികമായും നിസംഗയുമാണെന്നും പുരുഷനാകട്ടെ ഇതിനൊക്കെ വിരുദ്ധനാണെന്നുമുള്ള സമൂഹത്തിലെ പ്രാഥമിക ലിംഗപദവിയെ അടിസ്ഥാനപ്പെട്ടാണ് അടിവസ്ത്രങ്ങളുടെ ചിന്തകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീയും പുരുഷനും പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യധര്‍മത്തിന്റെ അടിസ്ഥാനത്തില്‍സ്ത്രീയെ അടക്കവും ഒതുക്കവും ഉളളവളാക്കാനും പുരുഷനെ അടിച്ചമര്‍ത്തുന്ന അധികാരിയാക്കുന്നതുമാണ് അടിവസ്ത്രങ്ങളുടെ നിലവിലെ അജണ്ട. അടിവസ്ത്രങ്ങളുടെ പരസ്യങ്ങള്‍പരിശോധിച്ചാൽ ഇത് വ്യക്തമാകും.
അടിച്ചു തകര്‍ക്കുന്ന ആണത്തത്തിന്റെ ആവരണം

വലേറോ പരസ്യം നോക്കുക. https://www.youtube.com/watch?v=K2-AnUBaZzY    

പുരുഷന്റെ അടിവസ്ത്രത്തിന്റെ പരസ്യമാണിത്. ഒരു ബീച്ചിലെ വോളിബോൾ കളിയില്‍ഊന്നിയാണ് പരസ്യം. ഒരു പുരുഷന്‍പാന്റു ധരിച്ച് ആണ്‍പെൺ സുഹൃത്തുക്കളോടൊപ്പം നടന്നു വരുന്ന യുവാവിനെ മറ്റൊരാൾ പന്തടിച്ച് പ്രകോപിക്കുന്നു. അയാള്‍ വെല്ലുവിളി സ്വീകരിച്ച് വോളിബോള്‍കളിക്കാൻ തയാറാകുന്നു. അവന്‍ തന്റെ പാന്റ് ഊരുന്നു. അയാളുടെ അരയിലെ വലേറോ ജട്ടി വെളിപ്പെടുന്നു. വോളിബോൾ കളിക്കുകയും കളിക്കിടയില്‍കനത്ത സ്മാഷിലൂടെ തന്നെ ആദ്യം അടിച്ച എതിരാളിയെ മലര്‍ത്തിയടിക്കുകയും ചെയ്യുന്നു. പരസ്യം തീരുന്നു. ആ യുവാവിന് എതിരാളിയെ മലര്‍ത്തിയടിക്കാൻ സഹായിച്ചത് ഈ ജട്ടിയാണെന്നാണ് പരസ്യത്തിന്റെ യുക്തി. അതിനാല്‍ഈ ജട്ടി ധരിച്ചാല്‍എതിരാളികളെ മലര്‍ത്തിയടിക്കുന്ന ആണത്തമുള്ളവർ ആകുമെന്നാണ് സൂചന.  ഇന്നര്‍ സ്റ്റൈല്‍ഓഫ് മാൻ എന്ന വാചകം ഈ ജട്ടിയുടെ ലക്ഷ്യം ആണത്തമാണെന്നു വ്യക്തമാക്കുന്നു. പുറംവശം പോലെ പുരുഷന് അകവശവും ഉണ്ടെന്നും അതും ആണത്തമെന്നു വ്യവഹരിക്കുന്ന അക്രമോത്സുകതയുടെ രൂപമാകണമെന്നുമാണ് ഇതിന്റെ അടിസ്ഥാനം. അഥവാ ആരെയും കായികമായി കീഴടക്കുന്ന ആണത്തത്തിന്റെ അടിസ്ഥാനം ജട്ടികളാണെന്നും വലേറോ അതിന്റെ ഒരു രൂപമാണെന്നുമാണ് വ്യവഹരിക്കുന്നത്. ഈ പരസ്യത്തിലെ ആണ്‍ശരീരങ്ങളും ശ്രദ്ധിക്കണം. മസിലുള്ള ആണത്തത്തിന്റെ ഉത്തരാധുനിക സ്വഭാവമായ കാഴ്ചയില്‍സൗന്ദര്യം ജനിപ്പിക്കുന്ന ശരീരങ്ങളാണ് ഇവിടുത്തെ ആണ്‍ശരീരങ്ങൾ. പോരടിക്കലും കായികമായ കീഴടക്കലും ഇതിന്റെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഇവ കൃത്യമായി സൂചിപ്പിക്കുന്നു.

Comments

comments