ആകാശത്തിന്റെ അരികുകളിൽനിന്നും
ഇത്തിരി പക്ഷികൾ
പാറിവരുന്നുണ്ട്.
പ്രത്യക്ഷത്തിൽ
അവ മാലാഖകളാണെന്നു തോന്നാമെങ്കിലും
അവ
പക്ഷികൾ മാത്രമാണ്.
ആകാശത്തിന്റെ
വലത്തേ
അരികുകളിൽനിന്നും
വീണ്ടും
ഇത്തിരി പക്ഷികൾ
പാറിവരുന്നുണ്ട്.
പ്രത്യക്ഷത്തിൽ അവ
പക്ഷികളാണെന്നു
തോന്നാമെങ്കിലും
വാസ്തവത്തിൽ അത്
എയർ ഇന്ത്യാവിമാനത്തിന്റെ
ഛർദ്ദിയാണ്.
തളർച്ചയുണ്ടെങ്കിൽ
പറക്കണ്ട
എന്നു ഞാൻ
പറഞ്ഞതാണ്.
കേട്ടില്ല.
അനുഭവിക്കട്ടെ.
താഴെ
മാളങ്ങളിൽനിന്ന്
കുറേ
ഈയാമ്പാറ്റകൾ
ഉയർന്നുപൊങ്ങുന്നുണ്ട്.
ഛെ!ഞാൻ
വീണ്ടും തെറ്റിച്ചു.
അവ
ഈയാമ്പാറ്റകളാണെന്ന്
നിങ്ങൾ വിചാരിച്ചാൽ
കുറ്റം പറയാൻ
പറ്റില്ല.
പക്ഷേ
അത്
ആത്മഹത്യാമുനമ്പിലേക്ക്
എത്തിനോക്കുന്ന
കുറേ
കമിതാക്കളുടെ ആത്മാവുകളാണ്.
അന്തരീക്ഷത്തിന്റെ
ഒത്തനടുക്ക്
എന്നു പറയാൻ
പറ്റില്ലെങ്കിലും
ഒരു പകുതി നടുക്കായ
സ്ട്രാറ്റോസ്ഫിയറിലൂടെ
വിമാനം
പറത്തുന്ന
ഒരു
ഭ്രാന്തൻ പൈലറ്റിന്റെ
പൊട്ടത്തരങ്ങളെ
ആകാശസിദ്ധാന്തീയം
എന്നു വിളിക്കാനാണ്
നിങ്ങൾക്കിഷ്ടമെങ്കിൽ
(എനിക്കറിയാം,
നിങ്ങൾക്ക്
അങ്ങനെ
വിളിക്കാൻ തന്നെയാണ്
ഇഷ്ടം. അല്ലേ..?)
ഈ ജല്പനങ്ങളെ
നിങ്ങൾക്കങ്ങനെതന്നെ
വിളിക്കാം.
Be the first to write a comment.