തലമുറകളായി നെയ്ത്തുകാരായിരുന്നവരുടെ ഒരു കുടുംബത്തില്‍ വളര്‍ന്ന ചെറുപ്പക്കാരനാണ് ഉണ്ണികൃഷ്ണന്. ചിത്രകാരനാകാന്‍ വേണ്ടിയാണ് തൃശ്ശൂര്‍ കോളേജ് ഓഫ് ഫൈൻ ആര്‍ട്സിൽ ചേര്‍ന്നതും പഠനം പൂര്‍ത്തിയാക്കിയതും. ‘Talk To Bricks’ ഉണ്ണികൃഷ്ണന്റെ ബാച്ചിന്റെ അവസാനവര്‍ഷ ഡിഗ്രി ഷോയില്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ചതാണ്.
ചിത്രകാരനാകുന്നത് ഇപ്പോഴും ചിലര്‍ക്ക് ആന്തരികമായ ഒരു ഇടത്തിന്റെ ആവിഷ്കാരമാണ്. ശൈലികളുടെ അടഞ്ഞ കുടുസ്സുകള്‍ ആകാത്തിടത്തോളം, ചിത്രവും ശില്‍പ്പവും സ്വതന്ത്രചിന്തയുടെ വ്യവഹാരരൂപം തന്നെയാണ്. പഠനത്തിന്റെ ഒരു ഘട്ടത്തില്‍വച്ച് ഉണ്ണികൃഷ്ണന് വരയ്ക്കാനാവാതെ ഇരുന്നു. കുടുംബത്തിലും നാട്ടിന്‍പുറത്തും തുടരുന്ന ‘അന്ധവിശ്വാസങ്ങളുടെ’ അന്ധാളിപ്പുകള്‍ ഉണ്ണികൃഷ്ണനെ കൂടുതല്‍ അലട്ടിയത് അപ്പോഴാണ്. വീട്ടിലെ സ്ത്രീജനങ്ങളാണു പലപ്പോഴും ‘അന്ധവിശ്വാസങ്ങളെ’ ആചരിക്കുന്നത് എന്ന് തോന്നുമെങ്കിലും അവരുടെ നിത്യനിദാന ബഹളങ്ങളില്‍ ഉണ്ണികൃഷ്ണന് ക്ഷമയോടെ ഇരിക്കാന്‍ പഠിച്ചു. വീട്ടുവര്‍ത്തമാനങ്ങൾ മൊബൈലിൽ പിടിച്ചും, അവര്‍ ആചരിക്കുന്ന വിശ്വാസങ്ങളുടെ കൊച്ചുകൊച്ചു ചിത്രങ്ങള്‍ ചെത്തിത്തേയ്ക്കാത്ത ഇഷ്ടിക കെട്ടിയ തന്റെ ചുവരില്‍, മുറിയില്‍ ഇരുന്നുപകര്ത്തിക്കൊണ്ട്, ഉണ്ണികൃഷ്ണന് അവരില്‍ ഒരു മനുഷ്യനായി, ഒരു ചിത്രകാരന് എന്ന നിലയില്‍ അവര്‍ക്കിടയിൽ നിസ്സംഗനായ ഒരു യുവാവായി. അത് അയാളുടെ അപ്പോഴത്തെ ‘വരയ്ക്കാനാകായ്മ’യെ പരിഹരിച്ചുവെന്ന് തോന്നി. വിശ്വാസങ്ങളുടെ വാഹനം വസ്തുക്കളുടെയും ബിംബങ്ങളുടെയും കാവ്യാത്മകതയാകുമ്പോള് അവയുടെ ആവിഷ്കാരം ഫലത്തില്‍ അവയുടെ അന്ധതയെ ഒരു പ്രത്യേകതരം ദൃശ്യതയിലേയ്ക്ക് വലിച്ചിടുന്നത് ആ ഇഷ്ടികച്ചിത്രങ്ങള്‍ കാണിച്ചു. ഉണ്ണികൃഷ്ണന്റെ വീട്ടിലെ അകത്ത് പെരുകുന്ന ചിത്രിതമായ ഇഷ്ടികകള്‍ അപ്പപ്പോള്‍ മൊബൈലില്‍ ഫോട്ടോ എടുത്തുകൊണ്ടുവരുന്നത് കാണാന്‍ ഞാനും കാത്തിരുന്നു. ഒരാള്‍ അയാളുടെ ഉള്ളു തുറന്നു കാണിക്കും പോലെ അനുഭവപ്പെട്ടു.
ഉണ്ണികൃഷ്ണന്റെ കുടുംബം തൊഴിലായ പായനെയ്ത്തു നിര്‍ത്തിയിട്ട് കുറച്ചായി. പുതിയ ലോകത്ത് അതിനുവേണ്ട പനമ്പും മുളയും കിട്ടാന്‍ പ്രയാസം. പുതിയ ലോകത്തിന്റെ വിദ്യകളിലെയ്ക്ക് തങ്ങളുടെ പയ്യന് വളരുന്നത് കണ്ണു നിറയെ കാണുന്ന വീട്ടിലെ പ്രായം ചെന്നവരും സഹോദരിയും അച്ഛനും ഒക്കെയാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന് ചുറ്റും.
തന്റെ ഇഷ്ടികകളെ പെറുക്കിയടുക്കി ഉണ്ണികൃഷ്ണന് ക്ലാസ്സുമുറിയ്ക്കകത്ത് ഒരു സ്മാരകം പോലെ തോന്നുന്ന ചുവര് നിര്‍മ്മിച്ചു. അതാണ് ഇവിടെ ഗാലറിയില്‍ കാണുന്നത്, അവയുടെ വിശദാംശങ്ങളും. പാലക്കാട്ടുകാരനായ ഉണ്ണികൃഷ്ണനും കുടുംബത്തിനും ഇന്ന് വ്യാപകമാകുന്ന ‘പുരോഗതി-രാഷ്ട്രീയ’ത്തിന്റെ കയ്പ്പ് അറിയാം. അത് ജീവിതത്തെ ഒറ്റപ്പെടുത്തുന്നതിന്റെ അനുഭവങ്ങളും ഉണ്ട്. പാറക്കുന്നുകൾ പൊട്ടിത്തെറിക്കുകയും മണല്പ്പരപ്പുകൾ ഊറ്റിക്കടത്തപ്പെടുകയും ചെയ്യുന്നതിനിടയില്‍ ഒരു തരി ഇടം സ്വന്തമായി അവശേഷിക്കുകയും അതില്‍ കട്ട കെട്ടിയ ഒരു ചുവരുണ്ടാകുകയും ചെയ്യുന്നത് പ്രധാനമാണ്. ചുവരുണ്ടെങ്കിലേ ആര്‍ക്കും ചിത്രമെഴുതാനും കഴിയൂ എന്നുണ്ടല്ലോ. ഉണ്ണികൃഷ്ണന് ഒരു ചുവരിന്റെ സ്മാരകഭാഷ സ്വരൂപിച്ചത് വെറുതെയല്ല.
ചിത്രംവരപ്പ് ഉപാധികളെതുമില്ലാത്ത ഒരു പ്രവര്‍ത്തനം പോലെ വ്യക്തിപരമായ ജീവിതസാഹചര്യങ്ങളുടെ മൂര്‍ത്തതയിൽ ഇങ്ങനെ തുടങ്ങുമെങ്കിലും അതിന്റെ പ്രദര്‍ശനം– display – മറ്റൊരു ഭാഷയാണ്, ഒരു സമൂഹത്തിന്റെ ആശയലോകങ്ങളുടെയും കലാചരിത്രജ്ഞാനത്തിന്റെയും അമൂര്ത്തതകളിലെയ്ക്ക് കടക്കണം. അതാണ് കലാകാരന് മുന്നിലെ വെല്ലുവിളി. ഉണ്ണികൃഷ്ണന് അങ്ങനെ കണ്ടുപിടിച്ച ഭാഷയാണ് അയാളുടെ വര്‍ക്കിനു ഒരു സ്മാരക (Monumental)സ്വഭാവവും പ്രതിഷ്ഠാപന (installation) സ്വഭാവവും കൊടുക്കുന്നത്. അതുതന്നെയാണ് അയാളെ ഒരു വീഡിയോ വര്‍ക്കിലേയ്ക്കും പ്രേരിപ്പിച്ചത്.
അതിന് കൊടുത്ത പേര്: Symphony of Bricks
അത് ഇവിടെ കാണാം. http://www.youtube.com/watch?v=4etRDiZCzWQ . ചെന്നൈയിലെ ഗാലറി വേദയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന Hanging Terrace എന്ന ക്യൂറെറ്റഡ് ഗ്രൂപ്പ് ഷോയില്‍ അത് പ്രദര്‍ശിപ്പിച്ചിരുന്നു.
ഉണ്ണികൃഷ്ണന്റെ ‘Talk to Bricks’ എന്ന പ്രദർശനത്തിൽ നിന്നുമുള്ള സൃഷ്ടികൾ ആർട്ട് ഗാലറിയിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Be the first to write a comment.