ത്സാവോ വനമേഖലയെ ബഹുദൂരം പിന്നിലാക്കി ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത് വടക്കുപടിഞ്ഞാറോട്ടായിരുന്നു. മൊംബാസയിൽ നിന്നു നീളുന്ന ദേശീയപാതയിലൂടെ. ഒരിക്കൽക്കൂടി നെയ്റോബി നഗരത്തിന്‍റെ ഓരത്തുകൂടിയാണ് യാത്ര. കെനിയയുടെ തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശങ്ങളും കടന്ന്, വീണ്ടും മുന്നോട്ടു പോകുമ്പോൾ പ്രകൃതിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കാതിരിക്കാനാവില്ല. ഞങ്ങൾക്കിനി കുറുകെ കടക്കാനുള്ളതാകട്ടെ ഒരു ഭൗമശാസ്ത്രവിസ്മയവും. ലോകത്തിലെ എണ്ണം പറഞ്ഞ നൈസർഗ്ഗികമഹാത്ഭുതങ്ങളിലൊന്ന്. അതാണ് മഹാവിള്ളൽത്താഴ്വര.

അങ്ങു തെക്കു മൊസാംബിക്കിൽ നിന്നു തുടങ്ങി മാലാവി തടാകം, ടാംഗനിക്ക തടാകം എന്നിവ വഴി കെനിയയിലൂടെ എത്യോപ്പിയ വരെ നീളുന്ന ഒരു വമ്പൻ പിളർപ്പുണ്ട് ഭൂമിയുടെ പ്രതലത്തിൽ. ഇനിയുമത് വടക്കോട്ടേക്കൊന്നു വലിച്ചു നീട്ടിയാൽ ആ വിടവിന്‍റെയറ്റം ചെങ്കടലും, അഖാബ ഉൾക്കടലും, ചാവുകടലും താണ്ടി മധ്യേഷ്യയിൽ ലെബനോനിലെ ഗോലാൻ കുന്നുകൾ വരെയെത്തും. ഏതാണ്ട്, ഒരാറായിരം കിലൊമീറ്റർ നീണ്ടുകിടക്കുന്ന ഭൗമമഹാസ്ഫോടം. ചിലയിടത്തതിന് കൂടിയാൽ നൂറോളം കിലൊമീറ്റർ വീതി കാണും. കുറഞ്ഞത് അമ്പതിൽ താഴെയും. എത്രയോ കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, അറേബിയൻ ഉപദ്വീപും ആഫ്രിക്കൻ ഭൂഖണ്ഡവും ഒന്നിച്ചായിരുന്നു. അതിനിടയിലൂടെ രൂപപ്പെട്ടുവന്ന വിള്ളൽ അവയെ വേർപ്പെടുത്തി. ആ വിടവിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നു വെള്ളം ഇരച്ചുകയറിയാണ് ചെങ്കടലുണ്ടായത്. ഇനി അഖാബയിൽ നിന്ന് ചാവുകടൽ വരേയും ഈ വിള്ളൽ പൂർണ്ണമാകുന്നതോടെ ഭാവിയിൽ ഇന്ത്യൻ മഹാസമുദ്രവും മധ്യധരണ്യാഴിയും ഒന്നായി മാറും. ഒപ്പം ആഫ്രിക്കയും ഏഷ്യയും പൂർണ്ണമായും കടലിന്നിരുകരകളിലാവും. ഇപ്പോളതിനെ ഒട്ടിച്ചുചേർക്കുന്ന സൈനായി പ്രദേശം പിളരുന്നതോടെ.

കിഴക്കൻ ആഫ്രിക്കയിൽ ഈ പെരുംപിളർപ്പിനു രണ്ടു ശാഖകളുണ്ട്. കോംഗോയുടെ കിഴക്കൻ അതിർത്തിയിലൂടെയാണ് ഒന്നു കടന്നുപോകുന്നത്. സായ്പ് അതിന് ആൽബർട്ടീൻ വിള്ളൽ എന്നു പേരിട്ടിട്ടുണ്ട്. ടാംഗനിക്ക തടാകവും ന്യാസ തടാകവും അതിൽ വരും. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ആഴമേറിയ തടാകമായി ടാംഗനിക്ക മാറിയത് ഈ വിള്ളൽ പ്രക്രിയ കൊണ്ടുതന്നെയാണ്. അതിനിപ്പുറത്ത് വിക്ടോറിയ തടാകത്തിനും കിഴക്കായാണ് മറ്റൊരു ശാഖ. അതിന്‍റെ പേരും സായ്പിന്‍റേതു തന്നെ. ഗ്രിഗറി വിടവ്. അതാകട്ടെ, കെനിയയെ രണ്ടായി പകുത്തുകൊണ്ടു എത്യോപ്പിയയിലേക്കു കിടക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ്, ലണ്ടനിൽ നിന്നെത്തിയ ജോൺ വാൾട്ടർ ഗ്രിഗറിയാണ് ആദ്യമായി ഈ മഹാവിള്ളൽത്താഴ്വരയെ ലോകത്തിനു പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ പേരാണ് ഈ കിഴക്കൻ ഭൂവിടവിനു നൽകിയിരിക്കുന്നതും. ഭൂമിയുടെ പ്രതലത്തിലെ ഈ വിടവുകൾ ഇരുവശത്തും കുത്തനെയുയർന്നു നില്ക്കുന്ന മലഞ്ചെരിവുകൾക്കിടയിൽ പരന്നുകിടക്കുന്ന സമതലമായാണ് കാഴ്ചയിൽ അനുഭവപ്പെടുക. അതാണ് മഹാവിള്ളൽത്താഴ്വര.

മാനവരാശിയുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഇവിടെ നിന്നായിരിക്കണം. മനുഷ്യപരിണാമത്തിന്‍റെ കളിത്തൊട്ടിൽ തന്നെയാണിത്. അതിനു ഈ വിള്ളൽ പ്രക്രിയ വലിയൊരു പങ്കു വഹിച്ചിട്ടുമുണ്ട്. ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമാർന്ന മനുഷ്യാസ്ഥികൾ, മറ്റു ഫോസ്സിലുകൾ എന്നിവയൊക്കെ ഈ കിഴക്കൻ വിള്ളൽത്താഴ്വരയിൽ നിന്നാണെന്നു കാണാം. വിള്ളൽ പ്രക്രിയ ഈ പ്രദേശത്ത് തണുപ്പും മഴയും വരൾച്ചയുമൊക്കെ ഉൾപ്പെടുന്ന അതിലോലമായ കാലാവസ്ഥാവ്യതിയാനങ്ങൾ സൃഷ്ടിച്ചിരിക്കണം. അങ്ങനെ പ്രാചീനകാലം മുതലേ ഇവിടെയനുഭവപ്പെട്ടിരുന്ന പാരിസ്ഥിതികസമ്മർദ്ദമായിരിക്കാം നമ്മുടെ പൂർവ്വികരെ ഇരുകാലികളാക്കുന്നതിലേക്കും, ലോകം മുഴുവൻ കീഴടക്കുന്നതിലേക്കുള്ള പലായനത്തിലേക്കും നയിച്ചത് എന്നു ന്യായമായും ഊഹിക്കാവുന്നതാണ്.

പിന്നൊരു കാര്യം, ശൂന്യാകാശത്തിൽ നിന്നു നോക്കിയാൽപ്പോലും ഈ വിള്ളൽത്താഴ്വര തെളിഞ്ഞുകാണാനാവുമെന്നതാണ്. ഭൂമി പിളരുന്നതിന്‍റെ അപൂർവ്വത്തിൽ അപൂർവ്വമായ ബഹിരാകാശദൃശ്യമാണതെന്നു വേണമെങ്കിൽ അല്പം അതിഭാവുകത്വം ചാലിച്ചുകൊണ്ടു പറയുകയുമാവാം.

നെയ്റോബിക്കു വടക്കാണ് ഈ മഹാവിള്ളലിന് ഏറ്റവും ആഴം. എട്ടു തടാകങ്ങൾ അവിടെ നിരനിരയായി കിടക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും വലുത്, തുർക്കാനയാണ്. ആറായിരത്തിലധികം ചതുരശ്രകി.മീ. വിസ്തീർണ്ണമുണ്ടതിന്. പിന്നെയുള്ളതൊക്കെ താരതമ്യേന ചെറുതു തന്നെ. എല്ലാം ഇരുനൂറിൽ താഴെ മാത്രം ചതുരശ്രകി.മീ. വലിപ്പമുള്ളവ. ബാരിംഗോ, നൈവാഷ, നൗക്കുരു, ബൊഗോറിയ, എൽമന്‍റൈറ്റ, ലോഗിപ്പി, മഗാഡി എന്നിവയാണ് ഈ ജലാശയങ്ങൾ. ഈ തടാകശൃംഖലയെ യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ പെടുത്തിയിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ രണ്ടെണ്ണമെങ്കിലും കാണുകയെന്നതായിരുന്നു എന്‍റെ ഉദ്ദേശ്യം.

ഭൂമിയുടെ പുറന്തോടിൽ മുപ്പത്തോളം ഭൂപാളികൾ എക്കാലവും അനങ്ങിയും അടുത്തും അകന്നുമൊക്കെയായി നിലനിന്നുപോരുന്നുണ്ട് എന്നാണ് കണക്ക്. പാതിയുരുകിയ മാഗ്മയ്ക്കു മുകളിൽ തെന്നിനീങ്ങുന്ന ഈ ഭൂപാളികൾ അഥവാ ടെക്റ്റോണിക് പ്ലേറ്റുകൾ അകലുമ്പോഴാണ് ഭൂമിയിൽ ഭൂചലനങ്ങൾ, അഗ്നിപർവ്വതങ്ങൾ എന്നീ ഹ്രസ്വകാലപ്രതിഭാസങ്ങൾ മുതൽ കോടിക്കണക്കിനു വർഷങ്ങൾ കൊണ്ടു സംഭവിക്കുന്ന ഭൂഖണ്ഡരൂപീകരണങ്ങളും വരെ സംഭവിക്കുന്നത്. അത്തരമൊരു ഭൂഖണ്ഡരൂപീകരണത്തിന്‍റെ പാതയിലാണ് ഈ മഹാവിള്ളൽത്താഴ്വരയും എന്നു തന്നെ കണക്കാക്കണം. ആഫ്രിക്കയുടെ സിംഹഭാഗവും ഉൾപ്പെടുന്ന നൂബിയൻ ഭൂപാളിയും താരതമ്യേന ചെറിയ സൊമാലിയൻ ഭൂപാളിയും തമ്മിൽ അകന്നുകൊണ്ടിരിക്കുന്നതിന്‍റെ പരിണിതഫലമാണിത്. അതായത്, ഗ്രിഗറി വിടവ് എന്നറിയപ്പെടുന്ന കിഴക്കൻ ശാഖ ആഴത്തിലും അകലത്തേക്കും വിണ്ടുനീങ്ങുന്നതോടെ ആഫ്രിക്കൻ ഭൂഖണ്ഡവും രണ്ടായിപ്പിളരും. ഞാൻ കുറച്ചുകൂടി വിശദമാക്കാം.

ഏതാണ്ട് രണ്ടരക്കോടി വർഷങ്ങൾക്കു മുമ്പാണ് ഈ മേഖലയിലെ ഭൂമിപ്പരപ്പിൽ ആദ്യത്തെ ഭൂചലനമുണ്ടാകുന്നത്. അന്ന് അറേബിയൻ ഭൂപാളി പതുക്കെ കിഴക്കോട്ടകലാൻ തുടങ്ങി. ഭൗമശാസ്ത്രപരമായി വലിയ സമ്മർദ്ദങ്ങൾ അതിവിടെ സൃഷ്ടിച്ചു. പിന്നെയും അമ്പതു ലക്ഷം വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ആഫ്രിക്കൻ ഭൂപാളിയിൽ വിള്ളൽ വീഴാൻ തുടങ്ങുകയായി. അതു നൂബിയൻ പാളിയും സൊമാലിയൻ പാളിയുമായി പിരിഞ്ഞു. പിന്നേയുള്ള ഏതാനും ദശലക്ഷക്കണക്കിനു വർഷങ്ങളിൽ ഈ പാളികൾ വീണ്ടുമകന്നുകൊണ്ടേയിരുന്നു. അതോടെ ഈ വിടവിലെ ഭൂതലം നേർത്തുനേർത്തും വന്നു. പുറന്തോടിനടിയിലായി അതിതാപത്താൽ ഉരുകിക്കുഴഞ്ഞുകിടന്നിരുന്ന മാഗ്മ പുറത്തേക്കു തള്ളിക്കയറിവന്നുതുടങ്ങുന്നതിന്‍റെ തുടക്കമായിരുന്നു അത്. ഇവിടെ പ്രത്യക്ഷപ്പെട്ട ഏതാനും അഗ്നിപർവ്വതങ്ങളായി അതു മാറി. കിലിമഞ്ചാരോയും കെനിയൻ കൊടുമുടിയുമൊക്കെ അങ്ങനെ ഉണ്ടായതാണ്. തുടർന്നുള്ള വർഷങ്ങളിൽ അഗ്നിപർവ്വതങ്ങളുടെ എണ്ണം കൂടിവന്നു. പതുക്കെ ഈ പ്രദേശം വീണ്ടും താഴ്ന്നു തുടങ്ങി. അതിലേക്കു ഭൂഗർഭജലം വന്നു നിറഞ്ഞതോടെ തടാകങ്ങളും പ്രത്യക്ഷപ്പെട്ടു. വടക്കുനിന്ന് തെക്കോട്ടേക്കൊരു നിരയെന്നോണം ചെറുതും വലുതുമായ ഈ മഹാജലാശയങ്ങൾ ഭൂമിയിൽ വന്നിട്ട് ഒരു കോടി വർഷങ്ങളേ ആയിട്ടുള്ളൂ. ഭൂപാളികൾ പിന്നേയും അകന്നുകൊണ്ടേയിരുന്നു. അങ്ങനെയാണല്ലോ ഈ മഹാവിള്ളൽത്താഴ്വര രൂപപ്പെടുന്നത്. ആ പ്രക്രിയ ഇന്നും തുടർന്നുകൊണ്ടേയുമിരിക്കുന്നു.

ആൽബർട്ടീൻ വിടവിനും ഗ്രിഗറി വിടവിനുമിടയിലാണ് ബൃഹത്തായ വിക്ടോറിയ തടാകമെന്നത് കൗതുകമുളവാക്കി. സംഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളലിന്‍റെ ഭാഗമേയല്ല ഈ മഹാജലാശയം എന്നതായിരുന്നു അത്ഭുതമായത്. പുരാതനകാലത്ത്, ആഫ്രിക്കൻ ഭൂഖണ്ഡരൂപീകരണസമയത്തുണ്ടായ വളരെ വലുതും കാഠിന്യമേറിയതുമായ ഒരു രൂപാന്തരശിലയ്ക്കു മുകളിലാണ് ഈ വിക്ടോറിയാ തടാകം. ഇതിന്‍റെ കാഠിന്യം കൊണ്ടുകൂടിയാണ് ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മഹാവിള്ളൽ അതിനെ മറികടക്കാനാവാതെ, പകരം അതിനിരുവശത്തുമായി, രണ്ടു വിടവുകളായി മാറിയത് എന്നാണ് ഭൂശാസ്ത്രജ്ഞന്മാരുടെ നിഗമനം.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ വളരെ അസ്ഥിരമായ ഭൂപ്രദേശമാണിതെന്നു കാണാം. ചെങ്കടൽ മുതൽ തെക്കോട്ടു നോക്കിയാൽ അഗ്നിപർവ്വതങ്ങളുടെ നീണ്ട നിര തന്നെ ഇവിടേയുണ്ട്. എത്യോപ്പിയയിലെ ഏർത ഏൽ, കെനിയയിലെ കെനിയൻ ശൃംഗം, ടാൻസാനിയയിലെ ഓൽ ദോയ്ന്യോ ലെംഗായ്, പിന്നെ സാക്ഷാൽ കിലിമഞ്ചാരോയും ഇതിൽ പെടുന്നു. എത്യോപ്പിയൻ മരുഭൂമിയിൽ സമീപകാലത്ത്, അതായത് 2005-ൽ പ്രത്യക്ഷപ്പെട്ട അമ്പതിലധികം കിലൊമീറ്റർ ദൈർഘ്യമുള്ള വിടവ് ഇതിന്‍റെ മറ്റൊരു ലക്ഷണമാണ്. ഗ്രിഗറി വിടവ് കൂടുതൽ താഴുന്നതോടെ ഇന്ത്യൻ സമുദ്രജലം അതിലേക്കു കയറി ആ വേർപിരിയൽ പൂർണ്ണതയിലേക്കെത്തിക്കും. അതോടെ മറ്റു രാജ്യങ്ങളാൽ വലയം ചെയ്യപെട്ട യുഗാണ്ട, സാംബിയ എന്നീ രാജ്യങ്ങൾക്ക് സ്വന്തമായി ഒരു കടൽത്തീരം ലഭിച്ചേക്കാനിടയുണ്ട്. എത്യോപ്പിയയും ടാൻസാനിയയും സോമാലിയയും ഏതാണ്ട് പൂർണ്ണമായും പുതിയ ഭൂഖണ്ഡത്തിന്‍റെ ഭാഗമായേക്കും. കെനിയയുടെ കാര്യമാണ് കഷ്ടം. അത് രണ്ടു കഷണങ്ങളായി മാറാതെ വയ്യ. കാരണം അതിന്‍റെ നടുവിലൂടെയല്ലേ ഈ പെരുംപിളർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്‍റെ പരമകാഷ്ഠ പ്രാപിക്കാൻ ഇനിയും അമ്പതോ നൂറോ ലക്ഷം വർഷങ്ങളെടുത്തേക്കുമെന്നു മാത്രം. കാരണം വർഷത്തിൽ ഒന്നു മുതൽ പത്തു സെന്‍റി മീറ്റർ വരെയാണ് ഈ അനക്കം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് മൂന്നു ഭൂപാളികളാണ്. നൂബിയൻ, സൊമാലിയൻ എന്നീ ഭൂപാളികളും, പിന്നെ അറേബ്യൻ ഭൂപാളിയും. ഇതു മൂന്നും വ്യത്യസ്ത വേഗതയിലാണ് പരസ്പരം അകലുന്നത്. പഠനങ്ങൾ കാണിക്കുന്നതു പ്രകാരം അറേബ്യൻ ഭൂപാളിക്കാണത്രെ അകലാൻ ഏറ്റവും ധൃതി. കാരണം ആ നീക്കം പണ്ടേ തുടങ്ങിയതാണ്. അങ്ങനെയാണല്ലോ ചെങ്കടലും ഏദൻ ഉൾക്കടലുമൊക്കെയുണ്ടായത്. കിഴക്കനാഫ്രിക്കൻ മുനമ്പിനു തൊട്ടു പടിഞ്ഞാറായുള്ള അഫാർ പ്രദേശത്താണ് ഈ മൂന്നു ഭൂപാളികളുടേയും സംഗമസ്ഥാനം. അവിടെ ഈ മൂന്നു ഭൂപാളികളും ഏതാണ്ട് പൂർണ്ണമായും അകന്നുകഴിഞ്ഞു. ഭൂമിയുടെ പുറന്തോട് അവിടെ അങ്ങേയറ്റം നേർത്ത നിലയിലാണ്. അതിന്‍റെ തെളിവെന്നോണം മേഘവർണ്ണശിലകൾ ധാരാളമായി കാണാം അവിടെ. ചിലയിടത്തു മാഗ്മയ്ക്കു തൊട്ടുപുറത്തുള്ള അഗ്നിപർവ്വതാംശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. അവിടേക്ക്, കടൽത്തട്ട് തള്ളിക്കയറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അഫാർ പ്രദേശത്തുനിന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കു നീളുന്ന വിള്ളലിനടിയിലും ഇത്തരം പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കെനിയയുടെ നടുവിലൂടെയുള്ള മഹാവിള്ളൽത്താഴ്വരയുടെ അടിയിലുമുണ്ട് മേഘവർണ്ണശിലകളും അഗ്നിപർവ്വതാംശങ്ങളും. കെനിയയിലെ ഈ മഹാവിള്ളൽത്താഴ്വരയിൽ വെറും അഞ്ചു വർഷങ്ങൾക്കു മുമ്പ് വമ്പനൊരു പിളർപ്പുകൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. അതിശക്തമായ ഭൗമപ്രതിഭാസങ്ങളാണ് ഇതെല്ലാം. ഒരു സമുദ്രം തന്നെ ഇതിലേക്കിറങ്ങിവരാൻ പ്രയാസമൊന്നുമില്ല.

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴാണ് ഞങ്ങളിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം വിദൂരഭാവിയിൽ ആഫ്രിക്കയ്ക്കും അന്നു സൃഷ്ടിക്കപ്പെട്ടേക്കാവുന്ന സൊമാലിയൻ മഹാദ്വീപെന്നോ മറ്റോ വിളിക്കാവുന്ന കിഴക്കനാഫ്രിക്കൻ ഭൂഖണ്ഡത്തിനുമിടയിലെ കടൽത്തട്ടായി മാറുമെന്ന ബോധ്യം ഉള്ളിലേക്കിറങ്ങുക.

എന്തുകൊണ്ടോ ആ ചിന്ത സൃഷ്ടിച്ച കൗതുകത്തിലും ഉത്സാഹത്തിലും ഞാൻ കൂടുതൽ ആവേശത്തോടെ പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി. അപ്പോഴാണ് സാംസൻ പുറത്തേക്കു ചൂണ്ടി വൈൻ ഗ്ലാസ്സ് ചെടിയെന്നു പറഞ്ഞൊന്നിനെ കാണിച്ചു തന്നത്. ദൂരെ നിന്നൊറ്റ നോട്ടത്തിൽ വൈൻ ഗ്ലാസ്സ് എന്നു തന്നെ തോന്നിയേക്കും. എങ്കിലും നിറയെ ശാഖകളുള്ള ഒരു മെഴുകുതിരിദീപം എന്നു പറഞ്ഞാലും തെറ്റില്ല. വെറുതെയല്ല, പലരും ഇതിനെ കാൻഡിലാബ്ര എന്നു വിളിക്കുന്നത്. യൂഫോർബിയ ഇംഗൻസ് എന്നാണ് ശാസ്ത്രനാമം. കണ്ടാൽ വലിയൊരു കള്ളിച്ചെടി. ഒരാൾപ്പൊക്കത്തിനും മീതെ. നല്ല മാംസളമായ തണ്ടുകൾ. സൂക്ഷിച്ചു നോക്കിയാൽ മഞ്ഞനിറത്തിലുള്ള ചെറുപൂക്കളേയും കാണാം അതിനറ്റത്ത്. ശാഖാനിബിഡമാണ് മേൽഭാഗം. താഴെ ഒറ്റത്തടി പകുതിയോളം പൊക്കത്തിൽ. നല്ല വരണ്ട ഭൂഭാഗങ്ങളിലാണ് ഇത്തരം സസ്യങ്ങളെ കാണുക. വിചാരിച്ച പോലെ പോകുന്ന വഴിയോരത്തെല്ലാം അതിനെ നിറയെ വീണ്ടും കാണാനും കഴിഞ്ഞു. പൂമ്പാറ്റകൾക്ക് ഏറേ പ്രിയമാണിതിന്‍റെ പൂക്കൾ. പക്ഷെ, അതേ സമയം ഈ മെഴുകുദീപത്തിന്‍റെ കറ കടുത്ത വിഷമാണത്രെ. ചിലപ്പോൾ കണ്ണിന്‍റെ കാഴ്ച വരെ പോയിട്ടുള്ള അനുഭവങ്ങളുണ്ടെന്നു സാംസൻ പറഞ്ഞപ്പോൾ വിശ്വസിക്കാൻ തോന്നിയില്ല. എങ്കിലും, ഗൂഗിളിൽ പരതിനോക്കിയപ്പോൾ അതു സത്യമാണെന്നു മനസ്സിലായി. ഈ കറ കണ്ണിൽ നേരിട്ടുവീഴുമ്പോൾ നേത്രപടലത്തിനു സംഭവിക്കുന്ന കെരറ്റോയൂവിയൈറ്റിസ് എന്ന ഗുരുതരാവസ്ഥയാണ് അന്ധതയിലേക്കു നയിക്കുന്നത്.

Candelabra

പുറംകാഴ്ചകൾ നെയ്റോബി നഗരം അടുത്തെത്തിയെന്നതിന്‍റെ സൂചനകൾ തന്നു. ഞങ്ങൾ നഗരത്തിൽ കയറാൻ ഉദ്ദേശിക്കുന്നില്ല. അതിന്‍റെ പരിസരത്തുകൂടെ വടക്കുപടിഞ്ഞാറോട്ടു നീങ്ങാനാണു പരിപാടി. ദേശീയപാതയിൽ തിരക്കു വർദ്ധിച്ചുതുടങ്ങി. വലിയ ട്രക്കുകൾ നിരനിരയായി പോകുന്നതുകാണാമായിരുന്നു. അതുകൊണ്ടുതന്നെ യാത്ര മന്ദഗതിയിലായി. മൊമ്പാസയിൽ നിന്ന് നെയ്റോബിയിലേക്കെത്തുന്ന എ നൂറ്റിയൊമ്പതാം നമ്പർ പാതയിലൂടെയായിരുന്നു അത്രയും നേരം സഞ്ചരിച്ചിരുന്നത്. നെയ്റോബിക്കു തൊട്ടുപുറത്തുവെച്ച് ഞങ്ങൾ എ നൂറ്റിനാലാം പാതയിലേക്കു തിരിഞ്ഞു. അതു നേരെ യുഗാണ്ടയിലേക്കുള്ളതാണ്. കൃത്യമായി പറഞ്ഞാൽ ഏതാണ്ട് നാനൂറ്റിയമ്പത് കിലൊമീറ്ററുകൾക്കപ്പുറം മാലാബ എന്ന അതിർത്തിപ്പട്ടണം വരെ. അതു കഴിഞ്ഞാൽ യുഗാണ്ടയായി. കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവുമധികം ചരക്കുഗതാഗതം നടക്കുന്ന കച്ചവടപാതയാണിത്. വെറുതെയല്ല, ഇത്രയധികം ട്രക്കുകളുടെ നീണ്ട നിര വഴിയിൽ കണ്ടത്.

Great Rift Valley A panoramic view

കാലാവസ്ഥ പ്രസന്നമായിരുന്നു. കാറ്റിനു നേർത്ത തണുപ്പ്. അതു മുഖത്തുവന്നടിക്കുമ്പോൾ എന്തോ ഒരു സുഖം. യാത്രകളിലെല്ലാം ഇത്തരം കാറ്റുകൾ എന്‍റെ കൂട്ടുകാരിയായി വന്നിട്ടുണ്ട്. അതു വന്ന്, തൊട്ട്, ചുംബിച്ചൊഴിയുമ്പോൾ സ്വയം മറന്നു നില്ക്കുകയും ചെയ്യും. ആഫ്രിക്കയാവട്ടെ, തുർക്കിയാവട്ടെ, കംബോഡിയയാവട്ടെ, ലോകത്തിന്‍റെ ഏതു കോണിലുമാകട്ടെ, എന്നെയെപ്പോഴും ഉദ്ദീപിപ്പിച്ചിരുന്ന യാത്രാബിംബമാണത്. എന്നെ വിട്ടുപിരിയാത്ത പ്രിയങ്കരി. ട്രക്കുകൾക്കു പിന്നാലെ യാത്രയിഴഞ്ഞപ്പോൾ എനിക്കൊപ്പം ചിന്തകളിലൂഴാൻ അവളൊരിക്കൽക്കൂടിയെത്തി. എന്‍റെ ചുരുളൻ മുടിക്കാരി. ആ സാമീപ്യത്തിൽ ഞാൻ മെല്ലെയൊന്നു മയങ്ങിപ്പോവുകയും ചെയ്തു.

സാംസൻ തൊട്ടുവിളിച്ചപ്പോളാണ് ഞാൻ കണ്ണു തുറന്നത്. അദ്ദേഹം ദൂരേയ്ക്കു ചൂണ്ടിപ്പറയുകയായിരുന്നു. അതാ അക്കാണുന്ന കുന്നിറങ്ങിയാൽ നമ്മൾ മഹാവിള്ളൽത്താഴ്വരയിൽ പ്രവേശിക്കുകയായി എന്ന്. സത്യത്തിൽ അതൊരു കുന്നല്ല. കിഴുക്കാംതൂക്കായതും നെടുനീളത്തിലുള്ളതുമായ ഒരു മലഞ്ചെരിവെന്നു പറഞ്ഞാൽ ഏതാണ്ട് ശരിയാവും. ഭൂപാളിയുടെ ഒരറ്റമാണത്. ഭാവിയിലെ ഭൂഖണ്ഡാഗ്രം. അവിടുന്നങ്ങോട്ട് കുത്തനെയിറക്കമാണ്. മുകളിൽ നിന്നു നോക്കിയാൽ വിശാലമായി പരന്നുകിടക്കുന്ന താഴ്വര കാണാം. രണ്ടായിരം മുതൽ മുവ്വായിരം അടി താഴെയാണത്. ഇതാണ് ആ മഹാസ്ഫോടം. വിടർന്നുകൊണ്ടേയിരിക്കുന്ന പെരുംപിളർപ്പിന്‍റെ കിഴക്കേയറ്റം. ‘മാഉ’ ചെരിവെന്നാണ് ഇതിനെ വിളിക്കുക എന്ന് സാംസൻ പറഞ്ഞു. ഈ ചെരിവിൽ ഭാവിയിലെ കിഴക്കനാഫ്രിക്കൻ ഭൂഖണ്ഡം അവസാനിക്കുകയാണ്. ഇനിയിറങ്ങുന്നതാകട്ടെ ഭാവിയിലെ സമുദ്രത്തിലേക്കും. ഇപ്പോളതിൽ വെള്ളമില്ല. പക്ഷെ, ഈ അടിത്തട്ട് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സമുദ്രാഗമനം കാത്ത്. ഇവിടേക്കൊരിക്കൽ ഇരച്ചുകയറും ഇന്ത്യമഹാസാഗരത്തിലെ ലവണജലം എന്നതിൽ സംശയം വേണ്ട. അന്നിതിനെയെന്തു പേരു വിളിക്കുമോ ആവോ?

മഹാവിള്ളൽത്താഴ്വരയുടെ മികച്ച ദൃശ്യം ലഭിക്കുന്നത് അതിന്‍റെ കിഴക്കൻ ചെരിവിലൂടെ വടക്കോട്ടു സഞ്ചരിക്കുമ്പോഴാണ്. ബീ ത്രീ എസ്കാർപ്പ്മെന്‍റ് പാതയിലൂടെ. മലഞ്ചെരിവിന്‍റെ പള്ളയിലൂടെയാണ് ഈ പാത കയറിയിറങ്ങുന്നത്. എസ്കാർപ്പ്മെന്‍റ് എന്നുവെച്ചാൽ കുത്തനെയുള്ള നീണ്ട മലഞ്ചെരിവെന്നർത്ഥം. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധത്തടവുകാരെ ഉപയോഗിച്ച് ഇറ്റാലിയൻ സൈന്യം പണിതതാണ് ഈ പാതയെന്ന് സാംസൻ പറഞ്ഞു. അതൊരു കൗതുകമാർന്ന അറിവായി. ഈ പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്ന ലോറികൾ മനം മടുപ്പിക്കുമെങ്കിലും, പരന്നുകിടക്കുന്ന ഭാവിസാഗരത്തട്ടിന്‍റെ കാഴ്ച അതിനൊരു മറുമരുന്നാകും. നിഴലും വെളിച്ചവും ഇടകലർന്നു സസ്യജാലത്തിനുമേൽ സൃഷ്ടിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ഹരിതച്ഛായകൾ എനിക്കവിടെ ചിതറിപ്പരന്നുകിടക്കുന്നതു കാണാമായിരുന്നു. കറയേതുമില്ലാത്ത പ്രകൃതിരമണീയത. പരശ്ശതലക്ഷം വർഷങ്ങൾ ഭൂതകാലത്തിലേക്കും, അത്ര തന്നെ കാലം ഭാവിയിലേക്കുമായി നീണ്ടുകിടക്കുന്ന അതിഗംഭീരമായൊരു ഭൗമനാടകീയതയ്ക്കു നമ്മുടെ ഭൂഗോളമിവിടെ അരങ്ങൊരുക്കിനില്ക്കുന്നു. ഭൂഖണ്ഡങ്ങൾ പിളർന്നുമാറുന്നതിന്‍റെ ഇടയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത് എന്ന ചിന്തയും യാഥാർത്ഥ്യവും വല്ലാത്തൊരു അനുഭവമാണെന്നിൽ സൃഷ്ടിച്ചത്.

B 3 escarpment road

 

പരിസരത്തെങ്ങും മെഴുകുദീപച്ചെടികൾ ഉയർന്നുനിന്നു. വഴിവക്കിൽ സഞ്ചാരികളെ ആകർഷിക്കാനായി ചില്ലറവാണിഭം പൊടിപൊടിക്കുന്നുണ്ട്. ഗോത്രവർഗ്ഗക്കാരുടേതായ മുഖംമൂടികളും, പച്ച നിറമുള്ള മാലക്കൈറ്റ് കല്ലിൽ തീർത്ത മൃഗരൂപങ്ങളും, ദാരുവിൽ കൊത്തിയെടുത്ത വിവിധ വസ്തുക്കളും അവിടെ കാണാമായിരുന്നു. നാട്ടുകാരായ വില്പനക്കാർ കടന്നുപോകുന്ന വണ്ടികൾക്കു നേരെ അവയോരോന്നും ഉയർത്തിവീശിക്കാണിച്ചു. അപൂർവ്വം ചിലരേ എങ്കിലുമവിടെ നിർത്തുന്നതായി കണ്ടുള്ളൂ. റോഡരികിൽ അല്പനേരം നിർത്തി, മഹാവിള്ളൽത്താഴ്വരയുടെ ആ വിശാലദൃശ്യം ആസ്വദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മുന്നിലും പിന്നിലുമുള്ള വണ്ടികളുടെ നീണ്ടനിര അതിൽനിന്നു ഞങ്ങളെ തടഞ്ഞു എന്നു പറയാം.

Vendors on the way

വഴിയോരത്ത് തീരെച്ചെറിയ ഒരു ക്രിസ്തീയദേവാലയം കണ്ടു. ഈ റോഡുനിർമ്മാണകാലത്ത് പണിതതായിരിക്കണമത്. സാംസനതു ശരിവെച്ചു. ഇറ്റാലിയൻ തടവുകാരുടെ വക തന്നെ. അതവർക്കുവേണ്ടി മാത്രമുള്ളതായിരുന്നു. ഈ പ്രദേശമന്ന് ബ്രിട്ടീഷുകാരുടെ കൈയ്യിലായിരുന്നല്ലോ. അവരാണെങ്കിൽ ആംഗ്ലിക്കൻ പള്ളിക്കാരും. ഇറ്റലിക്കാരാകട്ടെ കത്തോലിക്കരും. അപ്പോൾപ്പിന്നെ വേറെവേറെ പള്ളികൾ ഉണ്ടായല്ലേ പറ്റൂ. തടവുകാരായ ഇറ്റാലിയൻ റോഡുപണിക്കാർ അങ്ങനെയാണ് സ്വന്തമായൊരു പള്ളിയുണ്ടാക്കുന്നത്. ഉള്ള കല്ലും പണിവസ്തുകളുമൊക്കെ ഉപയോഗിച്ച് ഒരു കൊച്ചുപള്ളി. ഒരു പക്ഷെ, ലോകത്തിലെത്തന്നെ ഏറ്റവും ചെറിയ പള്ളിയായിരിക്കണമിത്. തീർച്ചയായും കെനിയയിലെ ഏറ്റവും ചെറുതു തന്നെ. ചെറുതെങ്കിലും മനോഹാരിതയിലും ഗാംഭീര്യത്തിലും ഒരു കുറവുമില്ല കല്ലുകൊണ്ടു നിർമ്മിച്ച ഈ ദേവാലയത്തിന്. പഞ്ചഭുജാകൃതിയിൽ അഞ്ചു കൊച്ചുചുമരുകൾ. അതിനു മുകളിൽ ഓടിട്ട കോണാകൃതിയിലുള്ള മേൽക്കൂര. പുറകിൽ ഉയർന്ന മറ്റൊരു ഗോപുരവും കാണാം. പെരുംപിളർപ്പു താഴ്വരയുടെ മനോഹരപശ്ചാത്തലത്തിൽ ആ ദേവാലയം ശിലാശോഭയാർന്നങ്ങനെ നിന്നു. 71 വർഷങ്ങൾക്കു മുമ്പ് കുറേ യുദ്ധത്തടവുകാർ അവരുടെ ജന്മനാട്ടിൽ നിന്നും എത്രയോ അകലെ, ജീവിക്കുമോ മരിക്കുമോ എന്നൊന്നും ഉറപ്പില്ലാത്തൊരു അവസ്ഥയിൽ, ഒരു പക്ഷെ, തങ്ങൾക്കുള്ള ഒരേയൊരു പ്രതീക്ഷയായ ദൈവത്തിലും വിശ്വാസത്തിലും അടിയുറച്ചുനിന്നുകൊണ്ട് പണിതുയർത്തിയ ചെറുതുകളിൽ ചെറുതെന്നു പറയാവുന്ന ഈ ദേവാലയം പേറുന്ന ചരിത്രത്തിന്‍റെ വലിപ്പമായിരുന്നു ദേവാലയത്തിന്‍റെ ചെറുപ്പത്തേക്കാൾ എന്നെ ആകർഷിച്ചത്.

കത്തോലിക്കർക്കു ചേർന്ന വണ്ണം പള്ളിയുടെ കവാടത്തിൽ വലിയ ലാറ്റിൻ അക്ഷരങ്ങൾ കാണാം. മൊത്തം മൂന്നു വാക്യങ്ങളുണ്ട്. ഞാനതിന്‍റെ ഫോട്ടോകളെടുത്തു. എന്നിട്ട് ഗൂഗിൾ ട്രാൻസ്ലേറ്റിലിട്ടു. പരിഭാഷയ്ക്കു വേണ്ടി. അതേതാണ്ട് ഇപ്രകാരമായിരുന്നു: “എന്നിലേക്കു വരൂ എന്‍റെ ജനങ്ങളേ”, “ഈ ലോകത്തെ നമ്മുടെ വിശ്വാസം കൊണ്ടു ജയിച്ച വിജയമാണിത്”, “അനുഗൃഹീതം ഈ ആകാശം, അനുഗ്രഹിക്കപ്പെടട്ടെ വീണ്ടും”.  മായി മഹിയു പള്ളി എന്നാണ് ഈ പള്ളിക്ക് ഇവിടത്തുകാരിട്ട പേര്. മ്സികിതി എന്നൊരു ചുരുക്കപ്പേരുമുണ്ട്. സ്വാഹിലിയിൽ പള്ളി എന്നർത്ഥം. എങ്കിലും കൂടുതൽ പ്രചാരമുള്ള പേര് സഞ്ചാരികളുടെ ദേവാലയം എന്നാണ്. ഈ വഴി പോകുന്ന മിക്ക ദീർഘദൂരയാത്രക്കാരും ഒന്നിവിടെ കയറാതെ പോകില്ലത്രെ. പ്രത്യേകിച്ചും ട്രക്ക് ഡ്രൈവർമാർ. എനിക്കു കുതിരാനിലെ അമ്പലമാണോർമ്മ വന്നത്. പോകുന്നവരെല്ലാം കയറി നേർച്ചയിട്ടുപോകുന്ന ചിത്രം ഒരു നിമിഷം മനസ്സിലേക്കു വന്നു.  പള്ളി ചെറുതാണെങ്കിലും, വലിയ കല്യാണങ്ങളൊക്കെ അവിടെ നടക്കാറുണ്ടെന്നു സാംസൻ പറഞ്ഞു. തീർച്ചയായും അതിനു പറ്റിയ ഒരിടം തന്നെ. ആ രമണീയപരിസരം കല്യാണഫോട്ടൊകളെ ഗംഭീരമാക്കും എന്നതിലെനിക്കു സംശയമുണ്ടായിരുന്നില്ല.

Mai Mahiu Church

മുന്നോട്ടു നീങ്ങുന്ന ഓരോ നിമിഷത്തിലും മഹാവിള്ളൽത്താഴ്വര അതിന്‍റെ സൗന്ദര്യം കൊണ്ടും, ഭാവിയലവിടെ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ചിന്തകൾ കൊണ്ടും എന്നിലൊരു പകൽക്കിനാവായി പരിണമിച്ചു. കുതിച്ചൊഴുകിവരുന്ന കടൽവെള്ളത്തിൽ ഒന്നു പരിഭ്രമിക്കുന്നതും, ഭയചകിതനാവുന്നതും, പിന്നെ പതിയെ അതിന്‍റെ അനിവാര്യതയിൽ തീർത്തും ശാന്തനായി മുങ്ങിത്താഴുന്നതുമെല്ലാം ഒരു ഹോളിവുഡ് ചലച്ചിത്രമെന്നോണം മനസ്സിലൂടെ അസംഖ്യം ഫ്രെയിമുകളിലായി വന്നു നിറഞ്ഞു. പിന്നെ മറഞ്ഞു. അതനുഭവിക്കേണ്ടി വരുമ്പോൾ മനുഷ്യനെന്ന ജീവി തന്നെ ഈ ഭൂമിയിലുണ്ടാവുമോ എന്നാർക്കറിയാം. അമ്പതുലക്ഷം വർഷങ്ങൾക്കു ശേഷം ഒരു ഹിമയുഗത്തിന്‍റെ അവസാനമായിരിക്കാനിടയുണ്ട്. അന്ന് വടക്കും തെക്കുമുള്ള അക്ഷാംശങ്ങൾ മിക്കവാറും മഞ്ഞിനടിയിലായിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ചിലപ്പോൾ ആമസോൺ മഴക്കാടൊക്കെ പുൽമേടുകളായി മാറിയിട്ടുമുണ്ടാവും. വരണ്ടതും കൊടുംതണുപ്പാർന്നതുമായ കാലാവസ്ഥ. സമുദ്രനിരപ്പ് അങ്ങേയറ്റം താഴ്ന്നനിലയിൽ. ഏഷ്യയും ഓസ്ത്രേലിയയും കരയാൽ തൊട്ടുനില്ക്കാനിടയുണ്ട്. നരവംശയുഗം അഥവാ ആന്ത്രപ്പോസീൻ എന്നു പേരിട്ടുവിളിക്കുന്ന ഇക്കാലത്ത്, നാം കണ്ടു പരിചയിച്ച മൃഗങ്ങൾ മിക്കതും അപ്രത്യക്ഷമായിക്കാണും. തുടർന്നുള്ള കാലത്തായിരിക്കും ഭൂമി വീണ്ടും ചൂടുപിടിച്ചുതുടങ്ങുന്നത്. വീണ്ടുമൊരു തനിയാവർത്തനം. കഥാപാത്രങ്ങൾ മാറിമറഞ്ഞെന്നിരിക്കും. എങ്കിലും, ജന്തുലോകത്തെ നയിക്കുന്നത് സസ്തനികൾ തന്നെയാവാനാണിട. ആരൊക്കെ അതിതീവ്രകാലങ്ങളെ അതിജീവിക്കുന്നുവോ, അവരൊക്കെ ബാക്കിനില്ക്കും. അത്രയേ പറയാനാവൂ. ഹിമയുഗത്തിനു ശേഷമുള്ള താപനകാലത്താവും ഭൂമിയിലെ സാഗരനിരപ്പ് ഉയരുക. അപ്പോഴായിരിക്കും ഈ മഹാവിള്ളൽത്താഴ്വര പൂർണ്ണമായും സമുദ്രമായി മാറാനുള്ള സാധ്യത. അതോ, അതിനുമുമ്പേ തന്നെ ആഫ്രിക്ക പൂർണ്ണമായും പിളർന്നു മാറുമോ? പ്രവചിക്കുന്നത് മൗഢ്യമാണെന്നറിയാമെങ്കിലും, ശാസ്ത്രം ഭാവിയിലേക്കുള്ള അറിവൊക്കെ നമുക്കു തരുന്നുണ്ട്. മുമ്പു സംഭവിച്ചതിന്‍റെ പിൻബലത്തിൽ. ചരിത്രത്തിന്‍റെ പ്രാധാന്യം അവിടെയാണല്ലോ.

നെയ്റോബിയിൽ നിന്ന് കഷ്ടിച്ചൊരു എൺപത് കിലൊമീറ്റർ പോയിക്കാണണം. മഹാവിള്ളൽത്താഴ്വരയ്ക്ക് ഒത്ത നടുവിലാണിപ്പോൾ ഞങ്ങൾ. പാതയുടെ ഇടതുവശത്തായി ഒറ്റപ്പെട്ടുനില്ക്കുന്ന ഒരു കൊച്ചുപർവ്വതം ശ്രദ്ധയിൽപ്പെട്ടു. കെനിയയിൽ ഗിരിനിരകളില്ല, എല്ലാം ഇങ്ങനെ ഒറ്റയ്ക്കുയർന്നു നില്ക്കുന്ന ഇത്തരം ശൃംഗങ്ങളാണ്. കിലിമഞ്ചാരോയും അങ്ങനെത്തന്നെയാണല്ലോ. ഈ പർവ്വതത്തിനു അധികം പൊക്കമൊന്നും തോന്നിയില്ല. എങ്കിലും അതിന്‍റെ മുകൾനിരപ്പ് നീണ്ട ഒരു ഈർച്ചവാൾ പോലെ തോന്നിച്ചു. ഒരു പക്ഷെ, അതെനിക്കു മാത്രമല്ല തോന്നിയത്. ഈ ഭാഗത്തു ആദ്യമായി വന്ന ആദിമ മാസയികൾക്കും അങ്ങനെത്തന്നെയാണനുഭവപ്പെട്ടിരിക്കുക എന്നു പിന്നീട് സാംസൻ പറഞ്ഞതിൽനിന്നും മനസ്സിലായി. മാസയികൾ ഈ മലയെ കൂർപ്പുകളുള്ള മല എന്നു വിളിച്ചുവത്രെ. അതായത്, മാ ഭാഷയിൽ ഒലൂനൊംഗ്’ഓട്ട് എന്ന്. പിന്നീട്, യൂറോപ്യന്മാർ അവരുടെ തനതു ശൈലിയിൽ അവർക്കു വായിൽ കൊള്ളാനാവാത്തതിനെ വികലീകരിച്ചതു പോലെ ഈ കൂർപ്പൻ പല്ലുകളുള്ള മല ലോംഗൊനോട്ട് ആയി മാറി. അങ്ങനെയാണത് ഇന്നറിയപ്പെടുന്നതും. മഹാവിള്ളൽത്താഴ്വരയ്ക്കു നടുവിൽ നൂബിയൻ പാളിയും സൊമാലിയൻ പാളിയും വിട്ടുമാറുന്നതിനാൽ ഭൂമിയുടെ പുറന്തോടിനടിയിലെ ഉരുകിമറിയുന്ന മാഗ്മ പുറത്തേക്കു തള്ളിവന്നതിന്‍റെ ബാക്കിപത്രമാണ് ഈ ലോംഗൊനോട്ട് മല. അതായത്, ഇതൊരു അഗ്നിപർവ്വതമാണെന്ന്. ഇതൊടുവിലായി പൊട്ടിത്തെറിച്ചതാകട്ടെ, ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പും. 1860-കളിൽ.

2776 മീറ്ററാണിതിന്‍റെ പൊക്കം. നമ്മുടെ ആനമുടിയേക്കാൾ എൺപതു മീറ്റർ കൂടുതൽ. ലോംഗൊനോട്ടിനു മുകളിലെ അഗ്നിപർവ്വതഗർത്തം നല്ല വിസ്താരമുള്ളതാണ്. ഏഴു കിലൊമീറ്ററെങ്കിലും ചുറ്റളവുണ്ടതിന്. ഇപ്പോൾ ചെടികളും വൃക്ഷങ്ങളുമൊക്കെ വളർന്ന് പച്ച മൂടിയിട്ടുണ്ടെങ്കിലും.

ഇതൊരു സ്റ്റ്രാറ്റൊവൊൾക്കാനോ ആണെന്നു സാംസൻ പറഞ്ഞപ്പോൾ എനിക്കാദ്യം സംഗതി മനസ്സിലായില്ല. എങ്കിലും ഞാനതൊന്നു ഊഹിക്കാൻ ശ്രമിച്ചു. പല കാലങ്ങളിലായി അഗ്നിപർവ്വതം പുറത്തേക്കു തള്ളുന്ന ലാവയും ശിലകളും അനവധി നിരകളായി കുമിഞ്ഞുകൂടിയുണ്ടാവുന്ന മല എന്നു പറഞ്ഞാൽ ഒരു വിധം കൃത്യമാവും. പുറത്തേക്കൊഴുകുന്ന ലാവ കൂടിയ സാന്ദ്രതയുള്ളതിനാൽ ദൂരേക്കൊഴുകാതെ അവിടെത്തന്നെ ഉറയ്ക്കുമ്പോൾ കൂർത്ത കോണോടുകൂടിയതും കുത്തനെയുള്ളതുമായ ഒരു മല സൃഷ്ടിക്കപ്പെടുന്നു. ഇതു പല തവണ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് സ്റ്റ്രാറ്റൊവൊൾക്കാനോകൾ രൂപപ്പെടുന്നത്. ഭൗമശാസ്ത്രജ്ഞന്മാർ ഇന്നു കണക്കാക്കുന്നത് ലോംഗൊനോട്ടിന്‍റെ ആദ്യത്തെ പൊട്ടിത്തെറി 21000 വർഷങ്ങൾക്കു മുമ്പാണെന്നാണ്.

കെനിയൻ വന്യജീവി വകുപ്പിന്‍റെ കീഴിലുള്ള സംരക്ഷിതവനമാണ് ലോംഗൊനോട്ടിന്‍റെ പരിസരം. അഗ്നിപർവ്വതത്തിന്‍റെ തൊട്ടുതാഴെ വരെ ടാറിട്ട റോഡുണ്ട്. വണ്ടി പാർക്കു ചെയ്ത ശേഷം വേണമെങ്കിൽ അഗ്നിപർവ്വതം ചവിട്ടിക്കയറാം. ധൈര്യമായി തന്നെ. ഉടനെ പൊട്ടുന്നതിന്‍റെ ലക്ഷണമൊന്നും അതു കാണിക്കുന്നില്ലല്ലോ. ചിലർ രാത്രി മുകളിൽ ക്യാമ്പ് ചെയ്യാറുമുണ്ട്. എന്തായാലും അഗ്നിപർവ്വതത്തിന്‍റെ മുകൾ വരെ നടന്നു കയറി തിരിച്ചെത്താൻ ഏതാണ്ട് പതിമൂന്നര കിലൊമീറ്റർ ട്രെക്കിംഗ് വരുമത്രെ. അതിൽ ഏഴു കിലൊമീറ്റർ പണ്ടു പൊട്ടിത്തെറിച്ച ഗർത്തത്തിനു ചുറ്റുമായുള്ള നടത്തമാണ്. അത്യാവശ്യം വിശ്രമത്തിനു സമയമൊക്കെ കൊടുത്താൽപ്പോലും നാലോ അഞ്ചോ മണിക്കൂർ കൊണ്ട് ട്രെക്കിംഗ് പൂർത്തിയാക്കാം. ഒന്നു ശ്രമിക്കണമെന്നു നല്ല ആഗ്രഹം തോന്നി. പക്ഷെ, സമയം കുറവായതിനാൽ ആ ആഗ്രഹം തല്ക്കാലം വേണ്ടെന്നു വെയ്ക്കാതെ നിവൃത്തിയില്ലായിരുന്നു. അഗ്നിപർവ്വതഗർത്തത്തിലൊക്കെ ഇപ്പോൾ നിറയെ മരങ്ങളാണ്. സീബ്ര, ജിറാഫ്, കാട്ടുപോത്ത്, ഗസെൽ, ഇംപാല തുടങ്ങിയ മൃഗങ്ങളുമുണ്ടത്രെ ഇതിനിടയിൽ. അഗ്നിപർവ്വതസ്ഫോടനത്തിനു ശേഷം പുതുജീവനുകൾ നാമ്പെടുക്കാനും വളർന്നുനിറയാനും ഒന്നര നൂറ്റാണ്ടു കാലം ധാരാളം മതി എന്നതിന്‍റെ തെളിവ്. ലോംഗൊനോട്ടിനു മുകളിലെ ഏറ്റവും പൊക്കമേറിയ ഭാഗത്തിനെ കിലേലെ ങ്കാമിയ എന്നാണ് വിളിക്കുക. കൃത്യമായി പറഞ്ഞാൽ സമുദ്രനിരപ്പിൽ നിന്ന് 2780 കിലൊമീറ്റർ പൊക്കം. അതിനു മുകളിൽ നിന്നു വടക്കോട്ടു നോക്കിയാൽ നൈവാഷ തടാകത്തിന്‍റെ സുന്ദരവിദൂരദൃശ്യം ലഭ്യമാവും. വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നോക്കിയാലോ, ഒരു കാലത്ത് ലോംഗൊനോട്ടിൽ നിന്നുള്ള ചാരം വന്നുവീണു മൂടിക്കിടന്നിരുന്നതും ഇന്ന് നരകവാതിൽ എന്നു വിളിക്കുന്നതുമായ വിസ്മയ ഇടവും കാണാം. ആവിപറക്കും ചൂടുനീരുറവകളും, ചെങ്കുത്തായ പാറക്കൂട്ടങ്ങളും, ഭൂഗർഭവിടവുകളുമൊക്കെയുള്ള ഈ സ്ഥലം യുനെസ്കോ പൈതൃകപ്പട്ടികയിൽ പെടുന്ന ഒന്നാണ്. ഇതെല്ലാം തന്നെ അടിയിളകിമാറിക്കൊണ്ടിരിക്കുന്ന ഭൂതലത്തിന്‍റെ ലക്ഷണങ്ങളാണെന്നതാണ് ഏറ്റവും ആവേശകരം.

ലോംഗൊനോട്ടിനു വിട പറഞ്ഞു ഞങ്ങൾ പിന്നേയും മുന്നോട്ടുപോയിക്കൊണ്ടിരുന്നു. നേരമാകട്ടെ ഉച്ച കഴിഞ്ഞയുടനെയും. എങ്കിലും സൂര്യനു വലിയ ചൂടില്ല. ആഞ്ഞുവീശുന്ന കാറ്റിനും സമശീതോഷ്ണഭാവം. എനിക്കു നല്ല പോലെ വിശന്നു തുടങ്ങി. പ്രഭാതഭക്ഷണമൊക്കെ എപ്പോഴേ ദഹിച്ചിരിക്കുന്നു. ഞാൻ സാംസനോടു ചോദിച്ചു: ‘അല്ലാ, എവിടെയാ ലഞ്ച്?” സാംസൻ ചിരിച്ചു. “വൈകില്ല. നൈവാഷയിൽ നിന്നു കഴിക്കാം”. അതായത് ഇനിയൊരു പത്തോളം കിലൊമീറ്റർ മാത്രം. ഞാൻ വീണ്ടും കാഴ്ചകളിലേക്കു മടങ്ങി.

മഹാവിള്ളൽത്താഴ്വരയിലൂടെ സഞ്ചരിക്കുമ്പോൾ ഞാനാലോചിക്കുകയായിരുന്നു. മനുഷ്യന്‍റെ ആദിപലായനങ്ങൾക്കു സാക്ഷ്യം വഹിച്ചയിടത്തുകൂടിയാണല്ലോ എന്‍റെയീ പ്രയാണമെന്ന്. അവന്‍റെ അസംഖ്യം തലമുറകൾ പലകാലങ്ങളായി ഈ വഴി സഞ്ചരിച്ചിരിക്കണം. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടോ മൂന്നോ സഹസ്രാബ്ദങ്ങളിൽ. ഏറ്റവും അവസാനമായി ഈ വഴി കൂട്ടമായി നീങ്ങിയ ജനത മാസയികളായിരിക്കണം. തെക്കൻ സുഡാനിലെ നീർത്തടങ്ങളിൽ നിന്നും എത്യോപ്പിയൻ മലകളിൽ നിന്നുമായി ഇറങ്ങിവന്നവർ. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകൾ മാസയികളുടേതായിരുന്നു. ഇതവരുടെ ഭൂമിയായി മാറി. പിന്നെയാണ് വെള്ളക്കാരന്‍റെ വരവ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഈ താഴ്വരയുടെ ഇരുകരകളിലെല്ലാം മാസയികളായിരുന്നു. പില്ക്കാലത്ത്, കിഴക്കൻ കടൽക്കരയിൽനിന്ന് വന്നിരുന്ന കച്ചവടസംഘങ്ങൾക്ക് വൻഭീഷണിയായി മാറി മാസയികളിൽപ്പെട്ട വടക്കൻ ഇലൈക്കിപ്പിയാക്ക് എന്ന കൂട്ടർ. യൂറോപ്യന്മാർ കൂടുതലായി എത്തിയതോടെ മാസയികൾ കെനിയയുടെ തെക്കൻ തുരുത്തുകളിൽ മാത്രമായി ചുരുങ്ങി. അതിലൊന്നാണല്ലോ അംബോസെലി. എങ്കിലും മാസയി പാരമ്പര്യത്തിന്‍റെ ഭാഗമായി ലോംഗൊനോട്ട് പോലുള്ള മാ ഭാഷാപദങ്ങൾ സ്ഥലപ്പേരുകളായി ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. പക്ഷെ, ഇന്ന് ഈ സ്ഥലം മാസയികളുടെയല്ല. കെനിയൻ ജനതയുടെ മാത്രമെന്നും പറഞ്ഞുകൂടാ. ഈ ലോകത്തിനപ്പാടെ അവകാശപ്പെട്ടത്. ചരിത്രപരവും ശാസ്ത്രപരവുമായുമുള്ള വീക്ഷണത്തിലും, ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ആലോചനയിലും, ഏറെ പ്രാധാന്യമുള്ള അപൂർവ്വമാം ഭൗമനാടകവേദി.

***

 

 

Comments

comments