നിന്നെ ഞാൻ വസന്തത്തിൻ പകലോടുപമിച്ചോട്ടെ?
നീയതിനേക്കാളെത്ര സുന്ദരൻ! മൃദു! സൗമ്യൻ!
ആവണിപ്പൂമൊട്ടെല്ലാം കാറ്റിനാൽ പൊഴിഞ്ഞേ പോം
ഓണനാളെല്ലാം ഹ്രസ്വം, ആകാശനേത്രം തീക്ഷ്ണ-
മൊന്നുകിൽ വിളറിടാം സ്വർണവർണവും ക്ഷണം!
അഴകുള്ളവയെല്ലാം അഴകെല്ലാമേ പോയി-
പ്പോയിടാം പ്രകൃതിതൻ ഗതിവേഗത്താൽ കഷ്ടം!
പക്ഷെ, നിന്നനശ്വരവസന്തം വാടില്ലെന്നും,
നിൻ നിറം മങ്ങില്ലെന്നും, മരണം സ്വന്തം നിഴൽ-
പ്പാടിലാണെല്ലാമെന്ന പൊങ്ങച്ചം നിറുത്തിടും.

അക്ഷരമാർഗത്തിൽ നീ കാലത്തിൽ വളരവെ,
ശ്വാസമുള്ളേടത്തോളം, കാഴ്ച്ച നിന്നിടും വരെ,
ഈ വരിമരിക്കാതെയിരിക്കും കാലത്തോളം
നീയിരിപ്പുണ്ടാ,മിതു നിനക്കു ജീവൻ നല്കും!

Comments

comments