മലയാള സാഹിത്യ നിരൂപണത്തിന്റെ ചരിത്രം എന്നെങ്കിലും നീതിപൂർവ്വം രചിക്കപ്പെട്ടാൽ ലിബറൽ മാനവവാദ സാഹിത്യ വിമർശകരുടെ മുൻനിരയുടെ മുൻപന്തിയിൽ എം.ലീലാവതിക്ക് ഇരിപ്പിടമുണ്ടാകുമെന്നത് തർക്കമറ്റ വസ്തുതയാണ്. ആ വിമർശനധാരയുടെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും ഇത്രയും കൃത്യമായി സ്വാംശീകരിച്ചു കൊണ്ട് നിരൂപണത്തിലേർപ്പെട്ടവർ അന്നും ഇന്നും കുറവാണ്. അത്തരം നിരൂപണത്തിനാവശ്യമായ സാങ്കേതിക കഴിവുകൾ അവർക്ക് ധാരാളമുണ്ട്, ഇതും സംശയാതീതമായ വസ്തുതയാണ്. എത്രയും പ്രകടമായ ഈ വൈദഗ്ധ്യം മൂലമാകാം, മലയാള സാഹിത്യ പൊതുമണ്ഡലത്തിലും പുറത്തും നൽകപ്പെടുന്ന നിരവധി തിളക്കമാർന്ന പുരസ്‌ക്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. ന്യായമായും ലഭിക്കാമായിരുന്ന എല്ലാ അംഗീകാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇനിയും ബാക്കി നിൽക്കുന്നുണ്ടെങ്കിലും കേരളത്തിലിന്ന് ധൈഷണിക പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ത്രീകളിൽ ഏറ്റവുമധികം അംഗീകാരം നേടിയവരുടെ കൂട്ടത്തിൽ അവരുണ്ട്. ലിബറൽ മാനവവാദവിമർശനത്തന്റെ കേരളീയ വകഭേദത്തിന്റെ സവിശേഷമൂല്യങ്ങളോടും അടിസ്ഥാനതത്വങ്ങളോടുമുളള കൂറും എം.ലീലാവതിയുടെ എഴുത്തിൽ തെളിഞ്ഞു കാണാം. ആ തികവ് കുറച്ചു കാണാൻ പ്രയാസമായതു കൊണ്ടാവാം സാധാരണസ്ത്രീകൾക്ക് അധികവും അപ്രാപ്യമായ ബൗദ്ധിക അംഗീകാരം അവർക്ക് വലിയൊരളവിൽ ലഭിച്ചത്. ആധുനിക മലയാള സാഹിത്യം അതിന്റെ ആദ്യനാളുകൾ മുതൽക്കേ ‘പുരുഷകല‘ മാത്രമല്ല, ‘പിതാമഹന്മാരുടെ തിരുവചനം‘ തന്നെയായിരുന്നു. സാഹിത്യത്തെ സ്ത്രീയായും എഴുത്തുകാരെയും വായനക്കാരെയും പുരുഷനായും സങ്കൽപ്പിക്കുന്ന രീതി ആധുനിക മലയാള സാഹിത്യത്തിന്റെ, രൂപീകരണദശയിലും അതിനുശേഷവും തുടർന്നു. ഇത് മലയാള സാഹിത്യ പൊതുമണ്ഡലത്തിന്റെ സവിശേഷതയാർന്ന ആൺകോയ്മയെക്കുറിച്ച് ചില ഉൾക്കാഴ്ച്ചകൾ നൽകുന്നുവെന്ന് ഞാൻ മറ്റൊരിടത്ത് വാദിച്ചിട്ടുണ്ട്. ഈ ഭാവനയിൽ നിരൂപകർ കേവലം പുരുഷത്വമുള്ളവരായിരുന്നില്ല. ഇതിനുള്ളിലെ സ്ത്രീ- പുരുഷബന്ധങ്ങളെ നിർമ്മിച്ചു നിയന്ത്രിക്കുന്ന ‘മഹാപുരുഷത്വ‘ത്തിന്റെ വാഹകർതന്നെയായിരുന്നു അവർ. കൃതിയിൽ നിന്ന് കൃത്യമായ അകലം പാലിച്ചു കൊണ്ട് ആ അകലത്തിൽ നിന്നുള്ള നോട്ടം കൊണ്ട് കൃതിയെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ശക്തിശാലികളായാണ് നിരൂപകർ സങ്കൽപ്പിക്കപ്പെട്ടത്.
തന്റെ എഴുത്തിൽ ടീച്ചർ ഈ അധികാരം എടുത്തുപയോഗിക്കുന്നുണ്ട്; കവിതയെ വനിതയോട് സാദൃശ്യപ്പെടുത്തുന്ന ആ രീതി പോലും അവരുടെ ലേഖനങ്ങളിൽ ഉണ്ട്. ലിബറൽ മാനവവാദ നിരൂപണസരണിയുടെ ശക്തികളെല്ലാം തന്റെ (പുരുഷന്മാരായ) സഹവിമർശകരുടെ കൃതികളിലെന്ന പോലെയോ അതിലേറെയോ അവരുടെ എഴുത്തിലുണ്ട്. ആ ചിന്താപദ്ധതിയുടെ ദൗർബല്യങ്ങൾ അവരുടെ എഴുത്തിൽ പുരുഷവിമർശകരെക്കാളധികമില്ല താനും. എന്നാൽ ഇക്കൂട്ടരുമായി താരതമ്യം ചെയ്യുമ്പോൾ എം.ലീലാവതിയുടെ ബൗദ്ധിക ജീവിതത്തിന് ചില വ്യത്യസ്തകളുണ്ടെന്ന് തീർച്ച. 20ആം നൂറ്റാണ്ടിലെ മലയാള സാഹിത്യ രംഗത്തിന്റെ മുഖ്യ സാമൂഹ്യ രൂപത്തെ ‘സ്വവർഗസഹൃദയസംഘം‘ എന്നു വിളിക്കാമെന്ന് മറ്റൊരിടത്ത് ഞാൻ വിശദമായി വാദിച്ചിട്ടുണ്ട്. ഭിന്നലൈംഗികതയിൽ ഊന്നി നിൽക്കുന്നുവെങ്കിലും തികച്ചും പുരുഷകേന്ദ്രിതമായ സാഹിത്യ നിരൂപണസുഖം പരപസ്പരം പങ്കു വയ്ക്കുന്നവരുടെ (അധികവും പുരുഷന്മാരുടെ) അനൗപചാരിക കൂട്ടായ്മയാണത്. മലയാള സാഹിത്യ പൊതുമണ്ഡലത്തിൽ ആശയവിനിമയം നടന്നത് ഇങ്ങനെയുള്ള കൂട്ടായമകൾക്കുള്ളിലോ അവ തമ്മിലോ ആണ്. എഴുത്തുകാർ, വിമർശകർ, വായനക്കാർ, പ്രസാധകർ തുടങ്ങിയവർ പങ്കാളികളായ ഈ സംഘങ്ങൾ ഏതെങ്കിലും ‘മഹാപുരുഷന്‘ അല്ലെങ്കിൽ‘ ‘മഹാപുരുഷന്മാർക്ക് ‘ ചുറ്റുമാണ് രൂപമെടുക്കുന്നത്. കേസരി, സുകുമാർ അഴീക്കോട്, കെ.പി.അപ്പൻ, എം.കെ.സാനു മുതലയാവർക്കു ചുറ്റും രൂപം കൊണ്ട വലയങ്ങൾ ഉദാഹരണങ്ങളാണ്. എന്നാൽ ഇത്രയധികം ആദരവും അംഗീകാരവും കരസ്ഥമാക്കിയെങ്കിലും, വിപുലമായ ശിഷ്യസമ്പത്തുണ്ടെങ്കിലും എം.ലീലാവതിക്കു ചുറ്റും ഇത്തരമൊരു വലയമില്ല. മാത്രമല്ല, സാഹിത്യകാരന്റെ ജഡ്ജിയും വഴികാട്ടിയുമെന്ന സ്ഥാനം ‘ മഹാപുരുഷ‘ നിരൂപകർക്ക് നൽകുമ്പോഴും ആ നില ലീലാവതിക്കനുവദിക്കാൻ വലിയ വിസമ്മതം കാണുകയുമുണ്ടായി. തന്നെയുമല്ല, ജി.ശങ്കരക്കുറുപ്പെന്ന പ്രമുഖസാഹിത്യകാരന്റെ ‘ഉപഗ്രഹം‘ മാത്രമാണവരെന്നു പരസ്യമായി പറഞ്ഞു നടക്കാൻ പലരും മടിച്ചില്ല. അംഗീകാരങ്ങൾ കൊണ്ടു മൂടുമ്പോഴും ബൗദ്ധിക അധികാരം ലീലാവതി ടീച്ചർക്ക് നിഷേധിച്ചതെങ്ങനെ എന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട് – ഇവിടെ ചില പ്രാരംഭ ചിന്തകൾ മാത്രമേ പങ്കു വയ്ക്കുന്നുള്ളൂ.
‘മഹാവിമർശക‘സ്ഥാനത്തിനുള്ള യോഗ്യതകളെക്കുറിച്ച് ഇവിടെ നടന്നിട്ടുള്ള ആലോചനകൾ പരിശോധിച്ചാൽ അവയിൽ പലതും കൃത്യമായി അളക്കാനോ നിർവചിക്കാനോ പറ്റാത്തവയാണെന്ന് കാണാം. ഉദാഹരണത്തിന് 1951ൽ സി.ജെ.തോമസ് മികച്ച നിരൂപകനാവശ്യമായ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ സൂക്ഷ്മവായനാപാടവം, സാങ്കേതിക നൈപുണ്യം എന്നിവയെക്കൂടാതെ സാഹിത്യ രംഗത്തെക്കുറിച്ചും രചനകളെക്കുറിച്ചുമുള്ള വിപുലമായ അറിവ്, നല്ലതിനെ ചീത്തയിൽ നിന്ന് വേർതിരിച്ചറിയാനുള്ള വിവേകം അത് വേണ്ടവിധം വായനക്കാരെ ബോധ്യപ്പെടുത്താനുള്ള കഴിവ് എന്നിവയ്ക്കു നേരെയാണ് വിരൽ ചൂണ്ടിയത്. എന്നാൽ ഇവയ്‌ക്കെല്ലാമുപരിയായി മഹാവിമർശകന് സാങ്കേതികത്വത്തിനപ്പുറം സൗന്ദര്യത്തെ തിരിച്ചറിയാനുള്ള സഹജശേഷിയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം എടുത്തുപറഞ്ഞ ഗുണങ്ങൾ ചിലതെല്ലാം ഒരു പരിധി വരെയെങ്കിലും നിർവ്വചനത്തിന് വഴങ്ങുന്നതാണ്. എന്നാൽ മറ്റു ചിലത് അളവുകോലുകൾക്കോ നിർവ്വചനത്തിനോ വഴങ്ങുന്നവയല്ല. അതായത്, എത്രതന്നെ സാങ്കേതിക പരിജ്ഞാനവും ആശയവിനിമയ പാടവവും അറിവുമുണ്ടെങ്കിലും, ‘സഹജമായ സൌന്ദര്യബോധ‘മില്ലെന്നാരോപിച്ചു കൊണ്ട് മഹാനിരൂപകസ്ഥാനം ഒരാൾക്ക് നിഷേധിക്കാം. അവാർഡുകളും പുരസ്‌ക്കാരങ്ങളും ലഭിക്കുന്നതുമാത്രമല്ല ‘മഹാനിരൂപക‘ ലക്ഷണം. സാഹിത്യ പൊതുമണ്ഡലത്തിനുള്ളിൽ ഒരു അധികാര കേന്ദ്രമായി നിലകൊള്ളാൻ മഹാനിരുപകന് കഴിയുന്നുവെന്നതാണ് മഹത്വലക്ഷണം. അവാർഡുകളും മറ്റും എം.ലീലാവതിക്ക് ധാരാളം കിട്ടിയതിൽ അത്ഭുതപ്പെടാനില്ല. കാരണം, പരിശോധകർക്ക് തികച്ചും ദൃശ്യമായ വിധത്തിൽ സാങ്കേതികമികവും, സാഹിത്യരംഗത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അവരുടെ എഴുത്തിൽ പ്രകാശിക്കുന്നു. എന്നാൽ സ്വന്തമായ ഒരു സ്വാധീനവലയത്തിനുള്ളിൽ നിന്നാണ് ‘സജമായ സൗന്ദര്യബോധം‘, ‘നല്ലതും ചീത്തയും വേർതിരിക്കാനുള്ള കഴിവ് തുടങ്ങിയ യോഗ്യതകൾ നിർണ്ണയിക്കപ്പെടുന്നത്. ഇവയിലൂടെയാണ് കേവലം ‘മികച്ച നിരൂപകൻ‘ ‘വിമർശനത്തിലെ മഹാപുരുഷനാ‘യി രൂപപ്പെടുന്നത്. എം.ലീലാവതി ആ രീതിയിൽ തിരിച്ചറിയപ്പെടാതത്തിന് ഒരു കാരണം തീർച്ചയായും ഇതുതന്നെ.
എന്നാൽ ഒരുപക്ഷേ ഇതിലും ശക്തമായ ചില പ്രക്രിയകളും എം.ലീലാവതിയുടെ ദൃശ്യതയിലെ അദൃശ്യതയെ രൂപപ്പെടുത്തിയിട്ടുണ്ട്. സാഹിത്യ പൊതുമണ്ഡലത്തിലെ ആശയവിനിമയം എല്ലായ്‌പ്പോഴും തുറന്ന എഴുത്തിലൂടെയും പ്രസിദ്ധീകരണത്തിലൂടെയും അല്ല. അനൗപചാരികമായ ആശയവിനിമയത്തിന്റെ – ‘കൊച്ചുവർത്തമാന‘ത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ച് കണ്ടുകൂട. എഴുത്തിന്റെ തലത്തിൽ പലപ്പോഴും ആദരിക്കപ്പെട്ടപ്പോൾ ‘സൊറ‘ പറയലിന്റേതായ ഈ തലത്തിൽ എം.ലീലാവതി എന്ന സ്ത്രീബുദ്ധിജീവിയെ ആ ഇരിപ്പിടത്തിൽ നിന്ന് വലിച്ച് താഴെയിറക്കി ‘വെറും പെണ്ണാ‘ക്കി ചവിട്ടിക്കൂട്ടാൻ ഏതാണ്ട് നിരന്തരമായ ശ്രമം നടന്നിട്ടുണ്ടെന്ന കാര്യം മലയാള സാഹിത്യാസ്വാദകർക്കും വിദ്യാർത്ഥികൾക്കുമെല്ലാം നന്നായി അറിയാവുന്ന പരസ്യമായ രഹസ്യമാണ്. സാഹിത്യരംഗത്തിന്റെ അരികുകളിൽ മാത്രം ജീവിച്ച കവിപത്‌നികൾ സ്വന്തം ഭർത്താക്കന്മാരെക്കുറിച്ചെഴുതിയത് പലപ്പോഴും വിമർശകരുടെയും ആസ്വാദകരുടെയും കഠിനവും ക്രൂരവുമായ വിമർശനം വിളിച്ചു വരുത്തിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ ചില വീഴ്ച്ചകളെക്കുറിച്ചെഴുതിയതിന് ശ്രീദേവി ചങ്ങമ്പുഴയെ ‘തരം താണവൾ‘, ‘വിവരം കെട്ടവൾ‘ എന്നും മറ്റും വിളിക്കാൻ തയ്യാറായവർ മുതൽ കുമാരനാശാന്റെ പത്‌നി അദ്ദേഹത്തിന്റെ രചനാശീലങ്ങളെക്കുറിച്ച് ഓർത്തെടുത്ത ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ തെറ്റാണെന്ന് തീരുമാനിച്ചവർ വരെ – ഇക്കൂട്ടത്തിൽപ്പെടും. സാഹിത്യ ലോകത്തിന്റെ അരികുകളിൽ നിന്നവർ കവിയുടെ literary personaയ്ക്ക് നിരക്കാത്തതായ ഒരു literal self അയാൾക്കുണ്ടായിരുന്നു എന്ന് പറയുമ്പോൾ ആ literary personaയുടെ ആരാധകർക്ക് ചിലപ്പോൾ ഹാലിളകുക തന്നെ ചെയ്യും! അതു പറയാനുള്ള അവകാശം ആ സ്ത്രീക്കില്ലെന്ന തോന്നൽ മലയാള സാഹിത്യ പൊതുമണ്ഡലത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെയെങ്കിലും പരോക്ഷമായെങ്കിലും നിലനിന്നിട്ടുണ്ട്. എം. ലീലാവതിയെ സാഹിത്യ മഹാപുരുഷന്റെ സ്ത്രീബന്ധുക്കള്‍ അധിവസിക്കുന്ന ആ അരികിലേയ്ക്ക് തള്ളി നീക്കാൻ പലരും കിണഞ്ഞു തന്നെ ശ്രമിച്ചിട്ടുണ്ട്, അവർ കവി പത്‌നിയല്ലായിരുന്നെങ്കിലും.
1940കളിൽ, അവർ മലയാള വിമർശനരംഗത്ത് ആദ്യമായി ഇടപെട്ടു തുടങ്ങിയ നാളുകളിൽ, ഇങ്ങനെയൊരു സ്ത്രീ യഥാർത്ഥത്തിലുണ്ടാവാനിടയില്ലെന്ന ചിന്തയായിരുന്നു പലർക്കും. കുട്ടികൃഷ്ണമാരാർ ജി.ശങ്കരക്കുറുപ്പിന്റെ ‘നിമിഷ‘ത്തെപ്പറ്റി നടത്തിയ വിമർശനത്തെ ചോദ്യം ചെയ്തു കൊണ്ട് അവരെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ‘എം.ലീലാവതി‘ എന്നത് ഏതെങ്കിലും അപരനാമം മാത്രമായിരിക്കാമെന്ന് മാരാർ ശങ്കിച്ചു പോലും! ഒരു സ്ത്രീയ്ക്ക് ഇത്രയും കണിശമായി വാദിക്കാൻ കഴിയില്ലെന്നായിരുന്നത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ലീലാവതി യഥാർത്ഥത്തിലുള്ള സ്ത്രീയാണെന്നും അവർ മികച്ച സാഹിത്യ വിമർശക തന്നെയെന്നും തെളിഞ്ഞതോടെ മേൽപ്പറഞ്ഞ അനൗപചാരിക ആശയവിനിമയ ശൃംഖയിലൂടെ അവർ ആക്രമിക്കപ്പെട്ടു തുടങ്ങി. ‘മഹാപുരുഷനായി‘ മാനിക്കപ്പെട്ട ഏതെങ്കിലും വിമർശകന്റെയോ കവിയുടെയോ പക്ഷത്ത് ആരാധനയോടെയും അഭിനന്ദനത്തോടെയും നിൽക്കുന്ന രീതി മലയാള സാഹിത്യ പൊതുമണ്ഡലത്തിലെ സ്വവർഗ്ഗ സഹൃദയസംഘങ്ങളിൽ ഒരു പുതുമയേ അല്ലായിരുന്നു. എന്നാൽ ഇത് എം.ലീലാവതിയിൽ ആരോപിക്കപ്പെട്ടപ്പോൾ അത് അവരുടെ ‘സ്ത്രീ സഹജ‘മായ ദൗർബല്യത്തിന്റെ തെളിവായി കൊച്ചുവർത്തമാനക്കാർ എണ്ണി. അവർക്കു ബൗദ്ധിക പക്വത പോരാ എന്നു സൂചിപ്പിക്കുന്ന നിരവധി കഥകളാണ് കൊച്ചു വർത്തമാനശൃംഖലയിലൂടെ പ്രവഹിച്ചത്. പലതും ശുദ്ധ അസഭ്യം തന്നെയായിരുന്നു ബൗദ്ധികപക്വത വിട്ട് ശാരീരിക വശങ്ങളിലേക്ക് കടക്കുന്നവ. ലീലാവതി ടീച്ചറെ പക്വതയില്ലാത്ത ദുശ്ശാഠ്യക്കാരിയായി ചിത്രീകരിക്കുന്ന കഥകൾ ഒരുവശത്ത് പ്രചരിച്ചപ്പോൾ മറുവശത്ത് അവർ ‘മീശവെച്ച സ്ത്രീ‘യായും ചിത്രീകരിക്കപ്പെട്ടു! മലയാള സാഹിത്യരംഗത്ത് അധികവും വാമൊഴിയായി പ്രചരിക്കുന്ന ‘നാടോടിക്കഥകളു‘ടെ സ്ഥാനമാണിവയ്ക്കുണ്ടായിരുന്നത്. അതുകൊണ്ടാവാം ‘പക്വതയില്ലാത്ത പെൺകുട്ടി‘യും ‘മീശവെച്ച സ്ത്രീ‘യും തമ്മിലുള്ള വൈരുദ്ധ്യം ആരും തിരിച്ചറിഞ്ഞു ചൂണ്ടിക്കാണിക്കാത്തത്. ഈ കഥകൾ പടച്ചിറക്കിയതും പ്രചരിപ്പിച്ചതും മലയാളികളിന്ന് ഏറെയാദരിക്കുന്ന, മലയാള സാഹിത്യത്തിൽ എക്കാലവും തിളങ്ങുമെന്നുറപ്പുള്ള താരങ്ങൾ – കവികൾ, ഗദ്യ സാഹിത്യകാരന്മാർ, പ്രമുഖ വിമർശകർ – ആണെന്ന കാര്യവും പരസ്യമായ രഹസ്യം തന്നെ. ഈ ‘രഹസ്യം‘ പരസ്യമായി വിമർശിക്കപ്പെടുന്ന കാലത്തു മാത്രമേ മലയാള സാഹിത്യരംഗത്തെ നഗ്നവും നാണംകെട്ടതുമായ ആൺകോയ്മയ്ക്ക് അൽപ്പമെങ്കിലും അറുതി വരൂ.
ഇങ്ങനെയുള്ള പരിഹാസം എം.ലീലാവതിയുടെ literary personaയെ ആക്രമിക്കുന്നു എന്ന് വ്യക്തമാണ്. അത്തരമൊരു persona, അവർ അർഹിക്കുന്നില്ലെന്ന് ഈ പരിഹാസകഥകൾ നമ്മോട് വീണ്ടും വീണ്ടും പറയുന്നു. ‘അദ്ധ്യാപിക‘ എന്ന persona അവർക്ക് അഭയസ്ഥാനമായി; അതിൽ അത്ഭുതപ്പെടാനില്ല. കാരണം വളരെക്കാലമായി ‘സ്ത്രീത്വ‘ത്തിനോട് ഇടയാത്ത ഒരു നിലയായി അദ്ധ്യാപികാസ്ഥാനം ഇവിടെ തിരിച്ചറിയപ്പെടുന്നു. എന്നാൽ സാഹിത്യ വിമർശക എന്ന literary personaയ്ക്ക് പുറമെ കൂടുതൽ സ്ത്രീത്വമാർന്ന ഒരു literary self ആണ് തന്റേതെന്ന് നേരിട്ടും അല്ലാതെയും തെളിയിക്കാനുള്ള ബാദ്ധ്യതയും സാഹിത്യ രംഗത്തെ ആൺകോയ്മ പലപ്പോഴും അവരിൽ അടിച്ചേൽപ്പിച്ചില്ലേ എന്നു സംശയം തോന്നുന്നു. അദ്ധ്യാപികാവൃത്തിയിലെ മാതൃത്വത്തെക്കുറിച്ചും മറ്റും അഭിമുഖങ്ങളിൽ അവർ എടുത്തു പറഞ്ഞിട്ടുണ്ട്. പൊതുവേ പുരുഷമേധാവിത്വ പൂർണമായ രംഗങ്ങളിൽ പിടിച്ചു നിൽക്കാൻ സ്ത്രീ ബുദ്ധിജീവികൾ സ്വീകരിക്കാറുള്ള പല മാർഗ്ഗങ്ങളിലൊന്നാണത്. വീട്/പുറം, പെൺ/ആൺ എന്നീ ദ്വന്ദ്വങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതി കേരളീയ ലിബറൽ മാനവവാദത്തിന്റെ ആണിക്കല്ലുകളിലൊന്നാണ്. അതിനെ തന്റെ എഴുത്തിൽ അധികമൊന്നും ചോദ്യം ചെയ്തില്ലെങ്കിലും സ്വന്തം സാന്നിദ്ധ്യം കൊണ്ടു തന്നെ എം.ലീലാവതി ഒരു ചോദ്യചിഹ്നമായി മാറി. എന്നാൽ ആ മണ്ഡലത്തിൽ ദൃശ്യതയും സ്വീകാര്യതയും തുടർന്നും ലഭിക്കണമെങ്കിൽ തന്റെ ‘സ്ത്രീത്വ‘ത്തിന്റെ തെളിവുകൾ അവർ പരോക്ഷമായെങ്കിലും ഹാജരാക്കേണ്ടി വന്നു. ഈ സമ്മർദ്ദം പലപ്പോഴും പ്രത്യക്ഷമല്ല, പരോക്ഷമാണ്. പൊതുരംഗത്തെ ശോഭിക്കുന്ന പല സ്ത്രീകളും തങ്ങൾ നല്ല ഭാര്യമാരും അമ്മമാരും കൂടിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് സാധാരണമാണ്. ആരുടെയെങ്കിലും പ്രത്യക്ഷ സമ്മർദ്ദത്തിനു വഴങ്ങിയല്ല അവർ അതിനു തുനിയുന്നത്. വിശാല പശ്ചാത്തലത്തിൽത്തന്നെ അടിസ്ഥാനപരമായി നിർണ്ണയിക്കുന്ന ആൺകോയ്മയുടെ സാന്നിദ്ധ്യം ചെലുത്തുന്ന അദൃശ്യസമ്മർദ്ദമാണ് അവരെ അതിലേക്കെത്തിക്കുന്നത്.
മാത്രമല്ല, സ്ത്രീകളുടെ സമയ-ഊർജ വിനിമയോഗങ്ങളിൽ കുടുംബജീവിതം ചെലുത്തുന്ന സ്വാധീനവും വലുതാണ്. മറ്റേതു സ്ത്രീക്കൊപ്പവും, ഒരു പക്ഷേ അവരുടെ തലമുറിയിലെ ശരാശരി ഉപരിവർഗ മേൽജാതി സ്ത്രീകളേക്കാളധികം, കുടുംബ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട് എം.ലീലാവതി എന്ന ബുദ്ധിജീവി- ഇത്ര ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു കൊണ്ടും ബൗദ്ധിക ജീവിതത്തെ ആവേശത്തോടെ പിൻതുടരുന്ന അവരെ അത്ഭുതാദരങ്ങളോടെയല്ലാതെ വീക്ഷിക്കാനാവില്ല. എന്നാലിത് സാഹിത്യപൊതുമണ്ഡലത്തിൽ അവർക്ക് ലഭിച്ച അവസരങ്ങലെ ബാധിച്ചിരിക്കാം. അവിടെ നിരൂപകർ ‘മഹാപുരുഷത്വം‘ നേടുന്നത് എഴുത്തിലൂടെ മാത്രമല്ല – മികച്ച പ്രഭാഷകർ കൂടി ആയിത്തീർന്നു കൊണ്ടാണ്. തന്റെ തലമുറയിലെ മികച്ച് പ്രഭാഷകരിൽ ഒരാളായിരുന്നു എം.ലാലീവതി. എന്നാൽ ആ കഴിവ് പ്രയോഗിക്കണമെങ്കിൽ കൂടുതൽക്കൂടുതൽ വേദികളിലെത്തണം, അതിനുള്ള സമയവും സാവകാശവും കണ്ടെത്തണം. കുടുംബ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ വേണ്ടി പൊതുജീവിതത്തിൽ നിന്ന് അകന്നു നിൽക്കുമ്പോൾ സ്ത്രീ ബുദ്ധിജീവിക്കു നഷ്ടപ്പെടുന്ന അവസരങ്ങൾ സാഹിത്യരംഗത്ത് അവർ നേടുന്ന ഇരിപ്പിടത്തിന്റെ സ്വഭാവത്തെത്തന്നെ നിർണ്ണയിക്കുന്നു. എന്നാൽ മേൽപ്പറഞ്ഞ അദൃശ്യസമ്മർദ്ദങ്ങളെ അവഗണിക്കുകയും കുടുംബ ഉത്തരവാദിത്വങ്ങളെ കൂടുതൽ നീതിപൂർവ്വം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീ ബുദ്ധിജീവികൾ കൂടുതൽ രൂക്ഷമായ ആക്രമണത്തെ നേരിടേണ്ടി വരുമെന്നും സംശയമില്ല. ‘സ്ത്രീത്വ‘ത്തിന്റെ പരിധികളെ അവഗണിക്കുന്ന സ്ത്രീ ബുദ്ധിജീവികൾ (20-ആം നൂറ്റാണ്ടിലെങ്കിലും) കൊടുക്കേണ്ടി വന്ന വിലയെന്തന്നറിയണമെങ്കിൽ കെ.സരസ്വതിയമ്മയുടെ ജീവിതം പരിശോധിച്ചാൽ മതി.
ചുരുക്കിപ്പറഞ്ഞാൽ, ഔപചാരികതലത്തിൽ സാഹിത്യപൊതുമണ്ഡലത്തിൽ സമ്മാനങ്ങളിലൂടെ ആദരിക്കപ്പെട്ടപ്പോഴും അനൗപചാരികതലത്തിൽ അനാദരവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എം.ലീലാവതിക്ക്. അവരുടെ literary personaയെ തകർക്കുന്ന ആക്രമണങ്ങളെ നേരിടുമ്പോഴും, കൂടുതൽ സ്‌ത്രൈണമായ ഒരു literary self തനിക്കുണ്ടെന്ന് പരോക്ഷമായെങ്കിലും തെളിയിക്കാനുള്ള അദൃശ്യസമ്മർദ്ദവും അവർ സഹിക്കേണ്ടി വന്നു. കേരളീയ ഗൃഹജീവിതത്തിന്റെ ചിട്ടകളും മൂല്യങ്ങളും സമ്മർദ്ദങ്ങളും പിടിച്ചെടുത്ത സമയവും ഊർജ്ജവും കിഴിച്ചുള്ള ജീവിതമായിരുന്നു അവരുടെ ബൗദ്ധിക പൊതുജീവിതം. സാഹിത്യ പൊതുമണ്ഡലത്തിലെ അധികാരകേന്ദ്രങ്ങളിലൊന്നായി അവർ മാറാത്തത് വെറുതെയല്ല. ഇത്തരം ഒഴിവാക്കൽ കേരളത്തിലെ പ്രമുഖരായ സാഹിത്യകാരികൾ – പ്രത്യേകിച്ചം ‘സ്ത്രീകളുടെ ശബ്ദ‘മെന്ന് സ്വയം തിരിച്ചറിഞ്ഞവർ – അനുഭവിച്ചിട്ടുണ്ട്. ലളിതാംബകിയും സരസ്വതിയമ്മയും മാധവിക്കുട്ടിയും പൂർണ്മതയാർന്ന ഒരു literal self ഒരളവുവരെയെങ്കിലും നിഷേധിക്കപ്പെട്ട അവസ്ഥകൾ തരണം ചെയ്തവരാണ്. രാജലക്ഷ്മിക്കു പക്ഷേ ആ അവസ്ഥ തരണം ചെയ്യാൻ കഴിഞ്ഞില്ല സാറാ ജോസഫാണ് ഈയവസ്ഥയെ ഏറ്റവും ശക്തമായി നേരിട്ടത്. Literal selfനെ ശക്തമായി രാഷ്ട്രീയവത്ക്കരിച്ചു കൊണ്ട് സ്വന്തം literary personaയെ വിപ്ലവകരമായ വിധത്തിൽ തിരുത്തിയെഴുതുകയായിരുന്നു അവർ. Literal selfനെ ഒഴിച്ചു നിർത്തിക്കൊണ്ട് പടുത്തുയർത്തുന്ന literary persona ആണധികാരവ്യവസ്ഥയുടെ സന്തതിയാണെന്ന് അവർ ധൈര്യപൂർവ്വം പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിലപാടിനെ സംശയത്തോടെ വീക്ഷിച്ചവരിൽ എം.ലീലാവതിയുമുണ്ടായിരുന്നു. എന്നാൽ അവരടക്കമുള്ള സ്ത്രീ ബുദ്ധിജീവികൾക്ക് മേൽ വിവരിച്ച പാർശ്വവൽക്കരണത്തെ ചെറുക്കാനുള്ള ശക്തമായ മാർഗമാണ് സാറാജോസഫ് നിർദ്ദേശിച്ചതെന്ന് പിൻവെളിച്ചത്തിൽ വ്യക്തമാണ്.
എം.ലീലാവതിയുടെ വിമർശനത്തെ എതിർത്തുകൊണ്ടാണ് ഫെമിനിസ്റ്റ് സാഹിത്യവും സാഹിത്യവിമർശനവും കേരളത്തിൽ ഉയർന്നു വന്നത്. ഫെമിനിസ്റ്റ് സാഹിത്യ ചിന്തയെ മനസ്സിലാക്കാനും സ്വാംശീകരിക്കാനും എം.ലീലാവതി ശ്രമിച്ചുവെങ്കിലും മാനവ വാദ ചിന്തയുടെ പരിധികൾ വിടാൻ അവർക്കു കഴിഞ്ഞില്ല. ഫെമിനിസത്തിന്റെ മാനവ വാദ വിരുദ്ധ ഉൾക്കാഴ്ച്ചകളെ സ്വീകരിക്കാനോ ഫലപ്രദമായി എതിർക്കാനോ അവർക്ക് കഴിഞ്ഞിട്ടില്ല. സാർവത്രിക പ്രസക്തി അവകാശപ്പെടുന്ന മൂല്യങ്ങൾ പലപ്പോഴും പിതൃമേധാവിത്വപരമാണെന്ന് ഫെമിനിസ്റ്റ് വിമർശനം ചൂണ്ടിക്കാട്ടുന്നു; ‘മഹത് ഗ്രന്ഥങ്ങൾ‘ ഏതൊക്കെ എന്നു തീരുമാനിക്കാനുള്ള അവകാശം വരേണ്യപുരുഷന്മർ കൈയടിക്കിവെച്ചിരിക്കുന്നിടത്തോളം മുഖ്യധാരാസാഹിത്യം ആൺകോയ്മാകലുഷിതമായിരിക്കുമെന്ന് തറപ്പിച്ചു പറയുന്നു. സാഹിത്യചരിത്രത്തെ തിരുത്തിയെഴുതാൻ ഫെമിനിസ്റ്റ് വിമർശകൻ ശ്രമിക്കുന്നു. ‘മഹത്തായ‘ സാഹിത്യകൃതികളെ അവയുടെ ‘ഉന്നതനില‘യിൽ നിന്ന് താഴെയിറക്കി പ്രത്യയ ശാസ്ത്ര പരിസരങ്ങളിൽ നിർത്തി, അവയുടെ ബോധ – അബോധ രാഷ്ട്രീയങ്ങളുടെ തലങ്ങളെ പഠിക്കാൻ അവർ മുതിരുന്നു. സാഹിത്യകൃതിയുടെ സൗന്ദര്യപരമായ വശങ്ങൾ വസ്തുനിഷ്ഠമായി അവലോകനം ചെയ്യലല്ല സാഹിത്യവിമർശനമെന്നു ശഠിക്കുന്നു. ആ കൃതി എഴുതിയ ആളിന്റെ ഉദ്ദേശ്യമോ, ആ കൃതിയുടെ ജനപ്രിയ – പ്രബല വായനകളോ അല്ല ശ്രദ്ധിക്കേണ്ടതെന്ന് പ്രഖ്യാപിക്കുന്നു. അങ്ങനെ നോക്കുമ്പോൾ എം.ലീലാവതിയെ സാഹിത്യ പൊതുമണ്ഡലത്തിലെ ആൺകോയ്മാവിരുദ്ധധാരയിൽ എവിടെ, എങ്ങനെ, കണ്ടെത്തുമെന്ന് ചോദ്യം തീർച്ചയായും ഉയരും.
നേരത്തെ പറഞ്ഞതു പോലെ തന്റെ എഴുത്തിൽ സ്വീകരിച്ച നിലപാട് എന്തായാലും ശരി, സ്ത്രീയായ നിരൂപകയുടെ സാന്നിദ്ധ്യത്തിലൂടെത്തന്നെ എം.ലീലാവതി സ്വയമൊരു ചോദ്യചിഹ്നമായാണ് മലയാള സാഹിത്യ പൊതുമണ്ഡലത്തിൽ നിലകൊണ്ടത്. എന്നാൽ അവരുടെ ജീവിതത്തെ 20-ാംനൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽത്തന്നെ തിരിച്ചറിയേണ്ടതുണ്ട്. 20-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്ന മലയാളി സ്ത്രീകളുടെ തലമുറയിലാണ് അവരുടെ പിറവി. ഇവരിൽ പലരും വളരെ പ്രഗല്ഭകളും പ്രശസ്തകളുമായിത്തീരുകയും ചെയ്തു. ഭൗതിക ശാസ്ത്രത്തിൽ അന്നാ മാണി, ജീവശാസ്ത്രത്തിൽ ഇ.കെ.ജാനകിയമ്മാൽ മുതലായവരുടെ കൂടെയാണ് എം.ലീലാവതിയുടെ സ്ഥാനം. പുരുഷന്മാർ മാത്രം പ്രവർത്തിച്ച കടുത്ത ആൺകോയ്മാസംസ്‌ക്കാരം നേരിട്ടോ അല്ലാതെയോ നിലനിന്നിരുന്ന രംഗങ്ങളിലേയ്ക്ക് കടന്നു ചെല്ലുകയും ദേശീയ – അന്തർദേശീയ തലങ്ങളിൽ ഉന്നതപദവിയിലെത്തുകയും ചെയ്ത പലരും ഈ തലമുറയിലുണ്ട്. ഇവരുടെ ബൗദ്ധിക ജീവിതവും നേട്ടങ്ങലും പരിശോധിച്ചാൽ, കേരളത്തിന്റെ പ്രാദേശിക ഇടങ്ങളിൽ നിന്നും ദേശീയവാദത്തിന്റെ അതിപ്രസരമുണ്ടായിരുന്ന പരിസരങ്ങളിൽ നിന്നും അകന്ന് ഇന്ത്യൻ നഗരങ്ങളിലേയ്‌ക്കോ രാജ്യത്തിനു പുറത്തേയ്‌ക്കോ സഞ്ചരിക്കാനും പഠിക്കാനും അവസരം ലഭിച്ച വനിതകൾക്ക് ( ഇന്നത്തെ പോലെ അന്നും) കൂടുൽ ബൗദ്ധിക വളർച്ച നേടാനും ബുദ്ധിപരമായ നേട്ടങ്ങൾ കൊയ്യാനും കഴിഞ്ഞുവെന്ന് കാണാം. ഇത് കണക്കിലെടുക്കുമ്പോഴാണ് പൊതുവേ സ്ത്രീകളുടെ ബുദ്ധിവികാസത്തെ പ്രോത്സാഹിപ്പിക്കാത്ത ഈ പ്രാദേശിക ഇടത്തിൽ, അതും ഇവിടുത്തെ നവപിതൃമേധാവിത്വത്തിന്റെ കളിത്തൊട്ടിലുകളിലൊന്നാണെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ആധുനിക സാഹിത്യ പൊതുമണ്ഡലത്തിൽ, എം.ലീലാവതി നേടിയ നേട്ടങ്ങളുടെ യതാർത്ഥ പ്രസക്തി വ്യക്തമാകുന്നത് അന്നാ മാണിയെപ്പോലെയോ ജാനകിയമ്മാളിനെപ്പോലെയോ ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ നിന്നല്ല അവർ ഈ നേട്ടത്തിലെത്തിയതെന്ന് ഓർക്കേണ്ടതുണ്ട്. ഈ തലമുറ രൂപമെടുത്ത കാലത്ത് മലയാളി പൊതുമണ്ഡലത്തിൽ ലിംഗഭേദത്തെക്കുറിച്ചുള്ളചർച്ച സജീവമായിരുന്നില്ല – ചില പ്രത്യേക മാതൃകകളിലേക്ക് അത് ചുരുങ്ങിക്കഴിഞ്ഞിരുന്നില്ല. ആധുനിക വത്കൃത പിതൃമേധാവിത്വത്തിന്റെ നെടും തൂണുളായ ലിംഗമാതൃകകൾ ദൈനംദിന ജീവിതത്തിലും പ്രത്യയ ശാസ്ത്രതലത്തിലും പൂർണ്ണമായും ഉറഞ്ഞു കൂടിക്കഴിഞ്ഞിരുന്നില്ല. അങ്ങനെ, താരതമ്യേന കൂടുതൽ അനുകൂലമായിരുന്ന വിശാല പശ്ചാത്തലത്തിലാണ് എം. ലീലാവതി എന്ന യുവതി സാഹിത്യവിമർശക എന്ന നിലയിലേക്കുയർന്നത്. എതിർപ്പുകൾ ഇല്ലായിരുന്നു എന്നല്ല – നേരെമറിയ്യായിരുന്നു കാര്യം. ആ യുവതിക്ക് നേരിടേണ്ടി വന്നത് സാഹിത്യപൊതുമണ്ഡലത്തിലെ വലിയ നാമങ്ങളെത്തന്നെയാണ്. എങ്കിലും തള്ളിക്കളയാനാവാത്ത വിമർശന പാടവം നേടിയെടുക്കാനും അതിലുപരി സ്വന്തം കഴിവുകളെ യാതൊരു കൂസലും കൂടാതെ പ്രയോഗിക്കാനുളള ആത്മവിശ്വാസം കണ്ടെത്താനും അവർക്കു കഴിഞ്ഞതിൽ മുൻപു സൂചിപ്പിച്ച വിശാല പശ്ചാത്തലത്തിന് ഒരു പങ്കുണ്ടെന്ന് തീർച്ച. 1950കളുടെ അവസാനത്തോടെ ആധുനിക മലയാളി പതൃമേധാവിത്വത്തിന്റെ കാതലായ ആൺ – പെൺ വേർതിരിവുകൾ നല്ല വേരോട്ടം നേടിക്കഴിഞ്ഞിരുന്നു. സ്ത്രീകളുടെ ബൗദ്ധിക ജീവിതത്തിന് പരിമിതികൾ ഉയർന്നു കഴിഞ്ഞിരുന്നു. വെറുതെയല്ല, ഈ കാലത്ത് എം.ലീലാവതി ഒറ്റപ്പെട്ട – ചിലരുടെ കണ്ണിൽ വിചിത്രമായ – പ്രതിഭാസമായി സാഹിത്യ പൊതുമണ്ഡലത്തിൽ ദൃശ്യയായത്. അവരോടു വിജോയിച്ചു കൊണ്ടു തന്നെ, അവർ ധൈര്യത്തോടെ സ്വീകരിച്ച ഈ ഒറ്റപ്പെട്ട നിലയുടെയും പ്രസക്തി, ആ സ്ഥാനത്തുറച്ചു നിൽക്കാൻ അവർ നടത്തിയ നിശ്ശബ്ദപോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ശക്തി ഇവയെ സ്വാംശീകരിക്കാൻ പുതുതലമുറയിലെ ഫെമിനിസ്റ്റുകളായ സ്ത്രീ വിമർശകർ തയ്യാറാകുമെന്ന് എനിക്കുറപ്പുണ്ട്.
ജെ.ദേവിക.
Be the first to write a comment.