ബന്ധപ്പെടുത്തി, ചില ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  അനുവാചകന്റെ അന്തരംഗത്തിലേക്ക് പ്രകാശരൂപമായ ഊർജ്ജത്തെ പ്രവഹിപ്പിക്കാൻ കഴിയുന്ന കവിതയിൽ, സ്രഷ്ടാവിന്റെ അബോധതലത്തിൽ നിന്ന് ഉയർന്ന വന്ന കാവ്യബിംബത്തിന്റെയോ സമൂഹാബോധതലത്തിൽ നിന്ന് ഉയർന്നു വന്ന ആദിപ്രതിമാനത്തിന്റെയോ വെളിപാട്ഉണ്ടായിരിക്കും എന്നു സൂചിപ്പിക്കുന്ന (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 1984) ലേഖിക, സമൂഹത്തിനൊട്ടാകെ സ്വന്തമായ അനുഭൂതി സഞ്ചയങ്ങൾ, ഊർജ്ജതന്ത്രത്തിലെ ബലരേഖകൾ പോലെ വർത്തിച്ച് ചില കവിതകൾ സ്വയമേവ എഴുതിപ്പോകുന്ന സാഹചര്യം വിവരിയ്ക്കുന്നുണ്ട്.

          ആദിപ്രരൂപങ്ങളെ സാഹിത്യാപഗ്രഥനത്തിൽ ഫലപ്രദമായി എപ്രകാരം ഉപയുക്തമാക്കാം എന്നതു സംബന്ധിച്ച പ്രൗഢഗംഭീരമായ പഠനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ ഒരു പഠനം‘ ( കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1983) എന്ന കൃതി, മലയാള ശാഖയ്ക്ക് വലിയൊരു മുതൽകൂട്ടാണ്. മലയാളത്തിൽ ഈ മേഖലയിൽ ആദ്യത്തെ ഉദ്യമമായ ഈ കൃതിയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ആശയങ്ങളും ഉപദർശനങ്ങളും മുഴുവൻ നവീനമോ സ്വകീയമോ അല്ല എന്ന് ലേഖിക സാക്ഷ്യപ്പെടുത്തുന്നുണ്ട്.  ഫ്രോയിഡിന്റെ ശിഷ്യനായ സി.ജി.യുങ്ങിന്റെ The Archetypes and Collective Unconciousness എന്ന ഗ്രന്ഥത്തിലും അതിന്റെ ചുവടു പിടിച്ചു രചിച്ച Origins and History of Consciousness എന്ന  ഗ്രന്ഥത്തിലും ആവിഷ്‌കരിച്ച സിദ്ധാന്തങ്ങളെയാണ് ടീച്ചർ തന്റെ ഗ്രന്ഥത്തിൽ പ്രധാനമായും അവലംബിച്ചിരിക്കുന്നത്. മനുഷ്യന്റെ ഏറ്റവും ഉദാത്തങ്ങളായ ദാർശനികാനുഭൂതികളുടെ വാഹകങ്ങൾ എന്നു വിശേഷിപ്പിക്കാറുള്ള പുരാവൃത്തങ്ങളെ, മനുഷ്യമനസ്സിൽ നിലനിന്നുപോന്ന ആദിപ്രരൂപപരമായ ചോദനകളുടെ സാകാരവും നിരാകാരവുമായ സ്വപ്നാത്മക സത്തകളായിട്ടാണ് മനശ്ശാസ്ത്രജ്ഞർ കാണുന്നത്. ഈ സമീപനവും തന്റെ ഗ്രന്ഥത്തിൽ ടീച്ചർ സ്വീകരിക്കുന്നുണ്ട്. 

          പന്ത്രണ്ട് അദ്ധ്യായങ്ങളുള്ള ഗ്രന്ഥത്തിൽ സമുഹബോധമനസ്സും ആദിപ്രരൂപങ്ങളും, കാലഘട്ടവും ആദിപ്രരൂപങ്ങളും, ആദിപ്രരൂപങ്ങളുടെ വർഗ്ഗീകരണം, മഹാമാതാവും മഹാപിതാവും, വീരനായകൻ, സമുഹവും മഹാപുരുഷനും, വീരനായകപ്രരൂപം, പുരാവൃത്തങ്ങളിൽ – ചില പാശ്ചാത്യ മാതൃകകൾ, ശിശുപ്രരൂപം, അനിമ-അനിമസ് പ്രാതിഭാസിക രൂപങ്ങൾ, മായാവി, പ്രക്രിയാ രൂപങ്ങൾ തുടങ്ങി ഈയൊരു വിഷയത്തിന്റെ വ്യത്യസ്ത മാനങ്ങൾ ഡോ.എം.ലീലാവതി ചർച്ച ചെയ്യുന്നു. ആദിപ്രരൂപങ്ങളെ സംബന്ധിച്ച പാശ്ചാത്യമായ വസ്തുക്കളുടെ കേവല വിവരണമല്ല ടീച്ചർ നൽകുന്നത്. മറിച്ച്, പാശ്ചാത്യമായ സിദ്ധാന്തങ്ങളെ ഉപനിഷത്കാലം മുതലുള്ള പൗരസ്ത്യദർശനങ്ങളുമായി ബന്ധപ്പെടുത്തി കാലികമായ പ്രസക്തിക്ക് ഊന്നൽ നൽകി കൊണ്ട് പുതിയൊരു സൈദ്ധാന്തിക നിലപാട് ഉരുത്തിരിയിക്കാനാണ് ടീച്ചർ ശ്രമിക്കുന്നത്. ആത്മാവിന്റെ നാലുപാദങ്ങൾ എന്ന മണ്ഡൂകോപനിഷദ്ദർശനത്തെ ജാഗ്രത്ത് (Conscious) സ്വപ്നം (unconscious) സുഷുപ്തി  (Personal unconscious ഉം Collective unconscious ഉം തമ്മിലുള്ള ഏകീഭാവം) തുരീയം (Trans personal super conscious) എന്നിങ്ങനെയാണ് പാശ്ചാത്യ മനഃശാസ്ത്ര മൗലിക തത്വങ്ങളുമായി സമീകരിക്കുന്നത്. ആത്മാവിന്റെ നാലുപാദങ്ങൾ, വിശ്വമനസ്സ് തുടങ്ങി പൗരസ്ത്യർ പണ്ടേ അവതരിപ്പിച്ചിട്ടുള്ള ദർശനങ്ങളോടു സദൃശ്യമായ നിഗമനങ്ങളിൽ പാശ്ചാത്യർ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ എത്തിച്ചേർന്നിരിക്കയാണ് എന്നാണ് ടീച്ചറുടെ നിഗമനം.  മാണ്ഡൂകോപനിഷത്തിലും ഈശാവാസ്യോപനിഷത്തിലും ശാരീരികോപനിഷത്തിലും ഒക്കെ പ്രതിപാദിക്കുന്ന വൃഷ്ടി ചേതസ്സിന്റേയും സമഷ്ടി ചേതസ്സിന്റേയും നിഗുഢതകളെ സംബന്ധിച്ച ആദര്‍ശദർശനത്തിന്റെ പൊരുൾ തന്നെയാണ് സ്വപ്ന പുരാവൃത്ത കലാരൂപാദികളുടെ നിരീക്ഷണങ്ങളിലൂടെയും അപഗ്രഥനത്തിലൂടെയും യുങ്ങും എറിക് ന്യൂമാനും ചെന്നെത്തിയിട്ടുള്ളതെന്നഭിപ്രായമാണ് ടീച്ചറുടേത്. സമുഹാബോധമനസ്സിൽ ചിരന്തനമായി വർത്തിച്ചു പോരുന്ന അനുഭൂതി സാരസഞ്ചയം എന്ന് യുങ്ങി വ്യപദേശിക്കുന്ന വസ്തുത തന്നെയാണ് അനാദിവാസന എന്തു കൊണ്ട് അഭിനവഗുപത്ൻ വിവക്ഷിക്കുന്നതെന്ന് ടീച്ചർ സൂചിപ്പിക്കുന്നു. ഭാരതീയർ ശക്തി, പ്രതിഭ എന്നും മറ്റും വിളിക്കന്ന മൗലിക സിദ്ധിയ്ക്ക് യുങ്ങ് നൽകുന്ന പേര് അനന്യവിധേയമായ സർഗ്ഗവികാര സംഘാതം (autonmous creative complex) എന്നാണ്. യഥാതഥ്യത : അർത്ഥ്യാൻ വൃദധാത് ശാശ്വതീഭ്യ: സമാഭ്യഃ എന്ന്  ഈശാവാസ്യത്തിൽ പറയുന്നതു തന്നെയാണ്  ‘He lifts the idea he is seeking to express out of the occasional and the transitory into the realism of ever enduring’ എന്ന് യുങ്ങ് പറയുന്നത്. ഭ്രാന്തിയിൽ ആണ്ടുപോയ സമുഹചേതസ്സിനെ – ഭൂതലത്തെ – ഉദ്ധരിക്കാൻ സമൂഹാബോധപ്പരപ്പിലേക്ക് ആണ്ടുമുങ്ങുന്ന സാഹിത്യക്കാരൻ, ശക്തവും, തേജോമയവുമായ ആദിപ്രരൂപത്തിന്റെ പുറത്തേറി അതിനെ പൊക്കിക്കൊണ്ടു വരുന്നു. ജീവിതമെന്ന പാലാഴി കടഞ്ഞ് അമൃതത്വം നേടാൻ – നിലനിൽപ്പ് സുരക്ഷിതമാക്കാൻ – മനോമന്ദരത്തിന്റെ ശക്തി വീണ്ടെടുക്കന്നു. “ഭ്രാന്തിമജ്ജത് പ്രണതജനമനോമന്ദരോദ്ധാര കൂർമ്മം” എന്ന് നാരായണീയത്തിൽ പറയുന്നതു തന്നെയാണിത്.

          അഹംബോധ വ്യക്തിത്വ വികാസം വ്യക്തിയെ സമൂഹത്തിൽ നിന്ന് തികച്ചും വേറിട്ട ഒരസ്തിത്വമാക്കുന്നില്ല. വ്യക്തിയുടെ ചെയ്തികളിൽ സമുഹന്തശേചതനക്ക് കാര്യമായ പങ്കുണ്ട്. വ്യക്തിക്കെന്നെ പോലെ സമൂഹ ചേതസ്സിനുമുണ്ട് രണ്ടു പ്രതലങ്ങൾ – സമൂഹബോധപ്രതലവും സമുഹാബോധപ്രതലവും.  സമുഹത്തേയും അതിന്റെ അസ്തിത്വത്തേയും സംസ്ഥാപിക്കുന്നതിൽ കലാസാഹിത്യാദികൾക്ക് വലിയ പങ്കുണ്ട്.  അതിന് ഉദാഹരണമായി ടീച്ചർ ചൂണ്ടിക്കാണിക്കുന്നത് കാളിദാസന്റെ കുമാരസംഭവമാണ്. ഒരു കലാരൂപത്തെ മനസ്സിലാക്കാൻ അത് ഏതിൽ നിന്ന് ഉദയം കൊണ്ടുവോ ആ സീമിതഗണ മനസ്സ് കൂടി നാം അറിയേണ്ടതുണ്ട്. ചരിത്രാതീത വർഗ്ഗ സ്വപ്നങ്ങളുടെ കലവറകളായ പുരാവൃത്തങ്ങളെ ജോസഫ് കാംപ്‌ബെൽ വർഗ്ഗീകരിച്ചിട്ടുണ്ട്. ചിത്രാകാരങ്ങൾ, പ്രക്രിയകൾ പ്രതിഭാസങ്ങൾ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ആദിപ്രരൂപങ്ങളുടെ ആകരം, അനാദി വാസനാചിത്രീകൃത ചേതസ്സുകൾ എന്ന് അഭിനവ ഗുപ്തൻ വിശേഷിപ്പിക്കുന്ന മനുഷ്യസമൂഹം തന്നെയാണെന്നാണ് ടീച്ചറുടെ പക്ഷം. ചിത്രാകാരങ്ങളിൽ വിവിധ സ്ഥായീഭാവങ്ങളുടെ മൂർത്തിമദ്ഭാവങ്ങളായ മഹാമാതാവ്, മഹാ പിതാവ്, ദിവ്യശിശു, വീരനായകൻ, കാമുകൻ, കാമുകി, മായാവി ഇത്യാദി നരവർഗ്ഗ സാമാന്യമായ മാനുഷാകാര പ്രരൂപങ്ങളും ശിവൻ, പാർവ്വതി കാളി, കൃഷ്ണൻ, രാധ, ഉണ്ണികൃഷ്ണൻ, യേശു, മേരി, ഉണ്ണിയേശു, ഇത്യാദി ഉപവർഗ്ഗ സാമാന്യങ്ങളായ മാനുഷാകാര പ്രരൂപങ്ങളും ജന്തുരൂപങ്ങളും, പ്രതീകാത്മകമായ വൃത്തമണ്ഡലാദികളും ഉൾപ്പെടുന്നു. ഭക്തി, ഭയം, രതി, വാത്സല്യം മുതലായ ഭാവങ്ങളുടെ മൂർത്തികളായി ഇവ ഉദയം കൊള്ളുന്നു. പ്രക്രിയകളിൽ ബലി ത്യാഗാദികളോടു കൂടിയ യജ്ഞം, സത്താ പരിണാമ സൂചകമായ രൂപാന്തര പ്രാപ്തി, ഒടുങ്ങാത്ത അന്വേഷണത്വരയുടെ ആവിഷ്‌കാരമായ പ്രയാണം മുതലായവ ഉൾപ്പെടുന്നു. ഇവയും സ്ഥായിഭാവ മുദ്രിതങ്ങളാണ്. ശോകം, ഭയം, വിസ്മയം മുതലായവയ്ക്കു പ്രാമുഖ്യം. പ്രതിഭാസങ്ങളിൽ ഉദയാസ്തമയങ്ങൾ, ഋതു പരിണാമങ്ങൾ എന്നിവയാണുള്ളത്.  വൈദിക സാഹിത്യത്തിൽ ഇവയേയും മാനുഷജീവിത പ്രക്രിയകളെയും ഏകീഭൂതമായി ദർശിച്ചഋഷികളുടെ ചേതസ്സുകളാണ് പ്രതിഫലിക്കുന്നത്. ഈ മൂന്നു വകുപ്പിൽപ്പെട്ട ആദിപ്രരൂപങ്ങൾ മിത്തോളജികളിലും സാഹിത്യത്തിന്റെ നാനാശാഖകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളതിന്റെ നിദർശനങ്ങൾ വിവരിച്ച ശേഷം ഓരോ ആദിപ്രരൂപത്തെയും സവിസ്തരം ചർച്ച ചെയ്യുന്നു.

          ഇപ്രകാരം ഒരു നിരൂപണ പദ്ധതി എന്ന നിലയിൽ ആദിപ്രരൂപ നിരൂപണത്തെ പരിയപ്പെടുത്തുന്ന അവസരത്തിൽ തികച്ചും പാശ്ചാത്യമായ ഒരു രീതി എന്ന നിലയിലല്ല അതിനെ ടീച്ചർ അവതരിപ്പിക്കുന്നത്.  യുങ്ങിന്റെ ആശയങ്ങൾ ഭാരതീയ ദർശനങ്ങളുമായി താരതമ്യം ചെയ്ത് അതിന്റെ സാർവ്വ ലൗകിത്വം സ്ഥാപിച്ച് ഒരു സമന്വയ രീതിയാണ് കാഴ്ച വെയ്ക്കുന്നത്. ഉദാഹരണത്തിന് ആദിപ്രരൂപങ്ങളുടെ ചരിത്രപഠനാവസരത്തിൽ മാർഗ്ഗ ജീവിത പ്രഭാതത്തിലേയ്ക്ക അന്വേഷണം നീളേണ്ടുന്നതിന്റെ ആവശ്യകത ടീച്ചർ ഊന്നിപ്പറയുന്നുണ്ട്.  (ആദിപ്രരൂപങ്ങൾ സാഹിത്യത്തിന്റെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993) ഉദരസ്ഥഭ്രൂണത്തിന്റേതു പോലുള്ള ഈ പ്രാരംഭ ഘട്ടം യൂറോബോറോസ് ( ഉദര മണ്ഡലി) എന്നാണറിയപ്പെടുന്നത്.  ഇതിനെ ഭാരതീയരുടെ അവ്യാകൃത പ്രപഞ്ച സങ്കല്പം, ചൈനാക്കാരുടെ തമോ സിദ്ധാന്തം എന്നിവയുമായി താരതമ്യം ചെയ്യുകയും അതിന് ഭാരതീയരുടെ ഋതം എന്ന സങ്കല്പവുമായുള്ളസാദൃശ്യം വ്യക്തമാക്കുകയും ചെയ്യുന്നു.  ഇത്തരമൊരു സമീപനം തന്നെയാണ് ടീച്ചർ പന്ത്രണ്ട് അദ്ധ്യായങ്ങളിലും പിന്തുടരുന്നത്.  മനശ്ശാസ്ത്ര സിദ്ധാന്തങ്ങളെ മാത്രമല്ല ലോകത്തിലെ പ്രസക്തമായ വിവിധ ചിന്താ പദ്ധതികളേയും ഈ ചർച്ചയിൽ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നത്.  ഇത്തരമൊരു പാശ്ചാത്യ പൗരസ്ത്യ സമന്വയാത്മകമായ സമീപനം സൗന്ദര്യ ശാസ്ത്ര മേഖലയിൽ അപൂർവ്വത്തിൽ അപൂർവ്വം തന്നെ.

          നിരൂപണ സിദ്ധാന്തരംഗത്തു മാത്രമുള്ള വ്യാപാരം നിരൂപണ മേഖലയിൽ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റാൻ ഉതകില്ല എന്നു വ്യക്തമായറിയാവുന്ന ഡോ.എം.ലീലാവതി ഭാരതീയ ചിന്താരീതിക്കനുസൃതമായി താൻ ഉരുത്തിരിച്ചെടുത്ത ആദിപ്രരൂപ നിരൂപണ മാർഗ്ഗത്തിലൂടെ മലയാള സാഹിത്യത്തിലെ നിരവധി കൃതികൾ അപഗ്രഥന വിധേയമാക്കിയിട്ടുണ്ട്.         

          അപഗ്രഥനാത്മക മനശ്ശാസ്ത്ര കല്പനയിൽ ഓരോ വ്യക്തിയും അർദ്ധനാരീശ്വരനാണെന്നും, പുരുഷന്റെ അന്തശ്ചേതനയിൽ ഒരു സ്‌ത്രൈണസത്തയും – Anima, സ്ത്രീയുടെ അന്തശ്ചേതനയിൽ ഒരു പുരുഷസത്തയും – Animus കുടിക്കൊള്ളുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ അന്തസത്ത പ്രായേണ വ്യക്തിയുടെ ബാഹ്യസത്തയ്ക്ക് പരിപൂരകമായിരിക്കും. ബഹിഃസത്തയിൽ നിന്നു കാണുന്നതിൽ നിന്നു വ്യത്യസ്തമായ ധർമ്മങ്ങൾ അന്തസത്തക്കുണ്ടാകുമെന്നും സാരം. ഈ ഒരു സങ്കല്പനത്തിന്റെ അടിസ്ഥാനത്തിൽ ടീച്ചർ നിരവധി രചനകളെ അപഗ്രഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആശാന്റെ സ്ത്രീ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അനിമയുടെ പ്രക്ഷേപങ്ങളാണെന്ന് നിരവധി ലേഖനങ്ങളിൽ ടീച്ചർ സൂചിപ്പിച്ചിട്ടുണ്ട്.  (ആശാൻ, കവിയും മനുഷ്യനും. നവതരംഗം. പൂർണ്ണ പബ്ലിക്കേഷൻസ് 1984 ആശാന്റെ സ്ത്രീ പക്ഷദർശനം – നവകാന്തം, എൻ.ബി.എസ്സ് 2012) അതുപോലെ വിഗ്രഹാരാധന മുതലായ അനുഷ്ഠാനങ്ങളെ  അശാസ്ത്രീയമെന്ന് വിധിക്കാൻ പ്രേരിതമായ ഒരു ബഹിഃസത്തക്കെതിരായി ആത്മാർപ്പണ സന്നദ്ധരമായ പ്രേമാരാധകളെ ജീവിത പരമാർത്ഥമായെണ്ണുന്ന അന്തസ്സത്തയെയാണ് ജിയുടെ സൂര്യകാന്തിപോലുള്ള കൃതികളിൽ

Comments

comments