പ്രാഥമികാവസ്ഥയിൽ നിന്ന് അകന്നു പോകുകയും ചെയ്യും. ശൈശവകാലത്തെ പ്രവണതകൾക്ക് കടകവിരുദ്ധമായി ഭവത്ക്കാല പ്രവണതകൾ പാളിപ്പോകുന്നു എന്ന ആശങ്കയുണ്ടാകുമ്പോഴാണ് ശിശുബിംബം സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ഏതു ജനതയ്ക്കും പ്രസക്തമാണ്. അസതോമസദ്ഗമ, തമസോമാ ജ്യോതിർഗമായ, മൃത്യോർമാ അമൃതംഗമയാ എന്ന് ആയിരത്താണ്ടുകളായി ഉരുവിടുന്ന ഒരു ജനതതിയുടെ മനസ്സിൽ പൈതൃകമായി കുടിക്കൊള്ളുന്ന രക്ഷക ചൈതന്യമായി ഒരു സനാതന ശിശു എങ്ങിനെ പ്രത്യക്ഷപ്പെടുന്നുവെന്ന് ടാഗോറിന്റെ ‘ശിശു‘ എന്ന കവിത അപഗ്രഥിക്കവേ ടീച്ചർ പ്രതിപാദിച്ചിട്ടുണ്ട് (ശിശു – ടാഗോർ, കവിതാധ്വനി, എൻ.ബി.എസ്സ്, 2009). കുഞ്ഞുങ്ങളെ ഈശ്വരനാക്കി രക്ഷകരൂപമാക്കി – അഭിദർശിക്കുന്ന രീതി ബാലാമണി അമ്മയുടെ നിരവധി കവിതകളിൽ (നിർവൃതി, വേണുഗോപാലൻ, ദീപാരാധന, പ്രഭാതത്തിൽ, ദീപാർപ്പണം, അമ്പലത്തിലേക്ക് തുടങ്ങി നിരവധി എണ്ണം) കാണാൻ കഴിയുമെന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു (ബാലാമണിയമ്മയുടെ കവിതാ ലോകങ്ങൾ, മാതൃഭൂബമി ബുക്‌സി, 2009). ശിശു എന്ന പ്രരൂപത്തിലൂടെ രക്ഷഭാവം കൈക്കൊള്ളുന്ന രീതി ചില വൈല്ലോപ്പിള്ളിക്കവിതകളിലും കാണാം. ‘പാവക്കിനാവ്‘, ‘കൃഷ്ണാഷ്ടമി‘ എന്നീ കവിതകൾ കൈശോര ഭാവത്തെ രക്ഷയ്ക്കായി ആശ്രയിക്കുന്നതിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളാണ് (ബിംബയോജന വൈലോപ്പിള്ളിക്കവിതയിൽ – കവിതാ രതി, മാതൃഭൂമി ബുക്‌സ്, 1997). നിരാലംബതയുടെ നിഷ്‌ക്കപടതയ്ക്ക് അന്തിമ വിജയമുണ്ടാകുമെന്ന കാല്പനിക സ്വപ്നം പ്രതിഷ്ഠിക്കാൻ കടമ്മനിട്ട ശിശുബിംബം ചില കവിതകളിൽ ഉപയുക്തമാക്കുന്നുണ്ട്. ‘പശുക്കുട്ടിയുടെ മരണം‘, ‘കുഞ്ഞേ മുലപ്പാൽ കുടിക്കരുത്‘, ‘പൂവുതേടിപ്പായ കുട്ടികളുടെ കഥ‘ എന്നിവയെല്ലാം ശിശുബിംബ കേന്ദ്രീതമായ കവിതകളാണ് (കടമ്മനിട്ടയുടെ കവിത – കവിതാധ്വനി, എൻ.ബി.എസ്സ്, 2009).
ഏറ്റുമുട്ടലിന്റെ പരിണത ഫലം വിജയമായാലും പരാജയമായാലും, സ്വാതന്ത്ര്യബോധത്തിന്റെയും പോർവാശിയുടേയും പാരമ്യം വീരനായക പ്രരൂപത്തെ പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതത്തിന്റെ വിഷം ഏറ്റു വാങ്ങി ആത്മാവിനെ പൊള്ളിച്ച് പരമമായ ധർമ്മനാശത്തിൽ നിന്നും സമുഹമനസ്സിനെ രക്ഷിക്കാൻ വേണ്ടി എരിപൊരി കൊള്ളുന്ന ഒരു വ്യക്തിത്വത്തിന്റെ വജ്ര കാഠിന്യവും ജ്വാലയും കാട്ടിത്തരുന്ന കവിതയാണ് കക്കാടിന്റെ വജ്രമണ്ഡലം എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു (വജ്ര കുണ്ഡലം – കവിതാരതി, എൻ.ബി.എസ്സ് 1997). സ്വന്തം കാലഘട്ടത്തിൽ മൂല്യബോധത്തിന്റെ അമൂല്യ രത്‌നം കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യം നേടുവാനുള്ള അനന്ത ക്ലേശങ്ങളാണ് കവിതയിലെ പ്രതിപാദ്യം.
വഴങ്ങലിന്റെ പാരമ്യമാണ് ബലിദാനം. ഈ പ്രരൂപത്തിന് ദ്വിമുഖ പ്രവണതകളുണ്ട്. സമർപ്പണത്വര, ദമനത്വര, ഉർവ്വരതാ കർമ്മങ്ങളെല്ലാം ഇതിനോടു ബന്ധപ്പെട്ടതാണ്. ഈശാവാസ്യോപനിഷത്തിലെ ദർശനം ഭാരതീയ ദർശനത്തിന്റെ പരമസാരമാണ്. ഔപനിഷദമായ അധ്യാരോപത്തിന്റെ ശൈലിയിൽ വരുന്നതാണ് ജിയുടെ ‘കാലം‘എന്ന കവിത (ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് 1993). ത്യാഗത്തിന്റെ ആദിപ്രരൂപങ്ങളിൽ ചിലതിനെക്കുറിച്ചുള്ള അനുധ്യാനങ്ങൾ ബാലാമണി അമ്മയുടെ കവിതകളിൽ കാണാം. മാനവീയതയും ഭൗമമായ മനുഷ്യസ്‌നേഹവും മഹത്തമമാണെന്നു സ്ഥാപിക്കാൻ ത്യാഗത്തിന്റെ ആദിപ്രരൂപത്തെ ഉപയുക്തമാക്കുന്ന കവിതകളാണ് ‘വാല്മീകി‘, ‘ഭീഷ്മർ‘ തുടങ്ങിയവ. ഇതിഹാസങ്ങളിലെ ഏറ്റവും പ്രബലമായ ത്യാഗപ്രരൂപങ്ങളെ ചിത്രീകരിച്ച കവി, മാനുഷയജ്ഞങ്ങൾ അപരബലിയിലൂടെ സങ്കീർണ്ണ സമസ്യകളായിത്തീരുന്നത് ചിത്രീകരിക്കുന്ന കവിതകളാണ്. ‘മഹാബലി‘, ‘യയാതി‘, ‘വസുമാൻ‘, ‘പ്രതർദ്ദനൻ‘, ‘ശിബി‘, ‘അഷ്ടകൻ‘ തുടങ്ങിയവ. അപരബലി ഉൾപ്പെടാത്ത യജ്ഞം മാത്രമേ വ്യക്തിയെ പുണ്യമാർഗ്ഗത്തിലെത്തിക്കൂ എന്ന സൂചനയാണ് ഇവ തരുന്നത് (ബാലാമണി അമ്മയുടെ കവിതാ ലോകം, മാതൃഭൂമി ബുക്‌സ്, 2009). ബലിയുടെ സർവ്വാസ്വാദന ക്ഷമതയ്ക്ക് ഊന്നൽ നൽകുന്ന മറ്റൊരു കവി അക്കിത്തമാണ്. ‘ബലിദർശനം‘ തന്നെ നല്ല ഉദാഹരണം. യജ്ഞതത്ത്വം ത്യാഗമൂല മഹത്ത്വമാണ് എന്നതാണ് മഹാബലിയുടെ കഥയിലൂടെ കവി പറയാൻ ശ്രമിക്കുന്നത്. ഇരുമ്പിനെ സ്വർണ്ണമാക്കുന്ന ‘ സ്പർശനമണി‘യുടെ മികവ് യജ്ഞതത്ത്വോന്മീലനത്തിൽ കേന്ദ്രീതമാണ് (അക്കിത്തത്തിന്റെ കവിത – വള്ളത്തോൾ വിദ്യാപീഠം, 2010). കാവ്യബിംബങ്ങളായും, സമഗ്രധ്വനിയായും ആവിഷ്‌കൃതമായി കാണാവുന്നത് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സർഗ്ഗ പ്രപഞ്ചത്തിലാണെന്ന് വർണ്ണരാജിയിലെ ലേഖനത്തിലും വിഷ്ണുനാരായണൻ നമ്പൂതിരുയുടെ കവിത, രണ്ടാം പതിപ്പു മുതൽ നമ്പൂതിരിയുടെ കവിതാ സകല്യപഠനത്തിലും (അച്ചടിയിൽ മാതൃഭൂമി ബുക്‌സ് ) വ്യക്തമാക്കുന്നു (ത്യോഗയോഗം എന്ന അദ്ധ്യായം). ബലിദാനമെന്ന ആദി പ്രതീകാത്മക സങ്കല്പത്തിന്റെ പശ്ചാത്തലത്തിൽ ഗോയ്‌ഥേയുടം ഫൌസ്റ്റിനെ ടീച്ചർ അപഗ്രഥിക്കുന്നുണ്ട് (ഗോയ്‌ഥേയുടെ ഫൌസ്റ്റ് നാടകത്തിലെ മഹത്വദർശനം – കാവ്യരതി, എൻ.ബി.എസ്സ്, 1993). വൃഷ്ടി സമഷ്ടിയെ മറന്നു കൊണ്ട് നേടുന്ന ആനന്ദത്തെ ത്യാഗം കൊണ്ടു നേരിടുന്നതിന്റെ മനോഹാരിതയാണ് ‘യയാതി‘ എന്ന നോവൽ (യയാതി – കാവ്യാരതി, എൻ.ബി.എസ്സ്, 1993). ത്യാഗത്തിന്റെ സമുജ്ജ്വല രൂപമാണ് പി.വത്സലയുടെ ‘ആഗ്നേയ‘ത്തിലെ നങ്ങേമ ( കാവ്യരതി – എൻ.ബി.എസ്സ്, 1993)
മനുഷ്യ വർഗ്ഗത്തിന്റെ അബോധമനസ്സിൽ ശക്തമായി വർത്തിച്ചു പോരുന്ന ഒരു ആദിപ്രതീകാത്മക പ്രതിഭാസമാണ് രൂപാന്തര പ്രാപ്തി. ദേഹാന്തര പ്രാപ്തി, മനുഷ്യാകാരത്തിലുള്ള അനേക ജന്മങ്ങൾ, ഉയിർത്തെഴുന്നേൽപ്പ്, നവീകൃതജന്മം, അനുഷ്ഠാന ലബ്ധനപതിത്വം എന്നിങ്ങനെ പലവിധത്തിൽ ഈ പ്രതിഭാസം അവതരിപ്പിക്കപ്പെടാം എന്ന് യുങ്ങ് ഉപദർശിച്ചിട്ടുണ്ട്. ആധുനിക കവികളിൽ ഈ പ്രതിഭാസത്തെ ഏറ്റവും സമർത്ഥവും സഫലവുമായി പ്രയോഗിച്ചിട്ടുള്ളത് സച്ചിദാനന്ദനാണെന്ന് ടീച്ചർ യുക്തിയുക്തം സമർത്ഥിക്കുന്നു. (രൂപാന്തര പ്രാപ്തി സച്ചിദാനന്ദന്റെ കവിതകളിൽ കവിതാധ്വാനി, എൻ.ബി.എസ്സ്, 2009). ‘ ഗാനം‘ എന്ന ആദ്യകാല കവിതയിൽ തന്നെ വളയൂരുക എന്ന സർപ്പസ്വഭാവത്തിലൂടെ രൂപപരിണാമം ഭാവധ്വനനത്തിനുള്ള ഉപായമായി ഉപയുക്തമാവുന്നു. പിന്നീട് പല കവിതകളിലും ക്രിസ്തു, ബുദ്ധൻ, എന്നിവർ രൂപാന്തര പ്രാപ്തിയുടേയും ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതീകങ്ങളായി ദർശിക്കപ്പെടുന്നു. ‘ ഒരു ജീവിതത്തിന്റെ അവശിഷ്ടങ്ങൾ‘, ‘ എഴുത്തച്ഛനെഴുതുമ്പോൾ‘, ‘ ഇടയപ്പാട്ട്‘, ‘ താളം‘, ‘ നദികൾ‘, ‘ ബ്രെഹ്ത്തും ബുദ്ധനും‘, ‘ തീത്തെയ്യം‘, ‘ ഉയിർത്തെഴുന്നേൽപ്പ്‘, ‘ പുലയപ്പാട്ട്‘, ‘ ഹോചീമിൻ‘, എന്നിവ മറ്റ് ഉദാഹരണങ്ങൾ. രൂപാന്തര പ്രാപ്തി ഉദാത്ത ഭാവ സുന്ദരമായി പ്രയുക്തമാകുന്നത് ‘ അഹല്യ‘, ‘ ബോധവതി‘ എന്നീ കവിതകളിലാണെന്നാണഅ ടീച്ചറുടെ അഭിപ്രായം. അഹല്യയുടെ പുരാണകഥയ്ക്ക് ഒരു നവീകരണം നൽകി അവതരിപ്പിക്കുന്നതു കൊണ്ടാണ് രൂപാന്തര പ്രാപ്തി ശക്തമായനുഭവപ്പെടുന്നത്. അപകർഷതാബോധം, വിധേയത, അടിമത്തം എന്നിവയിൽ അടിഞ്ഞു കിടന്നിരുന്ന സത്ത, ആത്മവിശ്വാസത്തിലേക്കും ആക്രമണ ഭാവത്തിലേക്കും സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കും ഉയിർത്തെഴുന്നേൽക്കുന്നതിന്റെ ചിത്രമാണ് ‘ ബോധവതി‘ കാഴ്ചവെയ്ക്കുന്നത്. സമുഹജീവിത്തിലെ യുഗപരിവർത്തനങ്ങളും, വ്യക്തിസത്തയുടെ ദശാപരിണാമങ്ങളും സംബന്ധിച്ച ഉൽകണ്ഠകൾ ഉയിർത്തെഴുന്നേൽപ്പ് എന്ന ആദിപ്രരൂപത്തിന്റെ വ്യഞ്ജനത്തിലൂടെ ആവിഷ്‌കരിക്കുന്നതാണ് വൈലോപ്പിള്ളിയുടെ ‘ കൊയ്ത്തുകഴിഞ്ഞ്‘, ‘ കന്നിക്കൊയ്ത്ത്‘, ‘ ഓണപ്പാട്ടുകാർ‘, ‘ഓണമുറ്റത്ത്‘, ‘ ഊഞ്ഞാലിൽ‘, ‘ ഒരുഗാനം‘ എന്നീ കവിതകൾ എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു.(ബിംബയോജനം വൈലോപ്പിള്ളിയുടെ കവിതയിൽ – കവിതാരതി, മാതൃഭൂമി ബുക്‌സ്, 1997)
ചേതോവികാസത്തിന്റെ വിവിധഘട്ടങ്ങളിൽ ഉണ്ടാകുന്ന ആന്തരമായ അനുഭൂതികളെയും സംഭവങ്ങളേയും ദൃശ്യപ്രകൃതിയിലെ പ്രാതിഭാസിക സത്തകളിൽ പ്രതിഫലിച്ചു കാണുമ്പോൾ അവ മിത്തിലെ കഥാപാത്രങ്ങളായിത്തീരുന്നു. ഇങ്ങനെ രൂപപ്പെടുന്ന കഥകളിലെ ചില നിയതത രൂപങ്ങളെക്കുറിച്ച് നോർത്തോപ്പ് ഫ്രൈയും ഗിൽബർട്ട് മുറെയും വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട് (ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ – കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993). ഇതിന്റെ വെളിച്ചത്തിൽ ഭാരതീയ ഇതിഹാസ കാവ്യങ്ങളെ ടീച്ചർ അപഗ്രഥനം ചെയ്തിട്ടുണ്ട് (കവിതയും മിത്തും – നവതരംഗം, പൂർണ്ണ പബ്ലിക്കേഷൻസ്, 1984) നളചരിതം, ഋതുസംഘർഷ ബീജ കഥയുള്ള മറ്റൊരു പുരാവൃത്തമാണ്. ഭൂമി എന്ന നിത്യകന്യകയാണ് അഹല്യ, ദ്രൗപതി, സീത, താര, മണ്‌ഡോദരി എന്ന പഞ്ച കന്യകകളായി ഇതിഹാസങ്ങളിൽ അവതരിക്കുന്നത് (ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993)
ജ്യാമിതീയമായ ആകാരങ്ങൾ, ജന്തുരൂപങ്ങൾ, വസ്തുക്കൾ, സംഖ്യകൾ, ശബ്ദങ്ങൾ, വസ്തുരൂപങ്ങൾ എന്നിങ്ങനെ പലതും അനുഭൂതികൾക്കും വികാരങ്ങൾക്കും പ്രാതിനിധ്യം വഹിക്കാറുണ്ട്. ഇവയാണ് പ്രതീകപ്രരൂപങ്ങൾ (ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1993) സൂര്യൻ, താമര, കുരിശ്, സ്വാസ്തികാചിഹ്നം, വൃത്തം, ചതുര, പക്ഷി, പാമ്പ്, താണ്ഡവ നൃത്തം എന്നിവ പ്രതീകപ്രരൂപങ്ങളിൽ ചിലതാണ്. വൈലോപ്പിള്ളിയുടെ കവിതകളിൽ പ്രത്യക്ഷപ്പെടുന്ന കാക്ക പതിത മർദ്ദിത വർഗ്ഗസത്തയായിട്ടാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. അതുപോലെ തന്നെ ‘സഹ്യന്റെ മകനി‘ലെ ആനയും. (ബിംബയോജന വൈലോപ്പിള്ളിക്കവിതയിൽ – കവിതാരതി, എൻ.ബി.എസ്സ്, 1993). ‘കൃഷ്ണമൃഗങ്ങൾ‘ എന്ന കവിതയിലെ മാനുകളും ഇതുപോലെയാണ്. പ്രകൃതിയിലെ കറുത്ത മക്കൾ മാനുഷ വംശത്തിലെ പതിത വർഗ്ഗം തന്നെ. പലപ്പോഴും ബലം തന്നെ നീതിയന്ന പ്രതിഭാസം വംശവൃദ്ധിയിലും സമുഹക്ഷേമത്തിലും കേന്ദ്രിതമാണ്. തത്ത്വശാസ്ത്ര നിരപേക്ഷമായ ‘തേനീച്ചയുടെ സ്വയംവരം‘ (വൈലോപ്പിള്ളി) എന്ന കവിതയിൽ മാതൃബിംബത്തെ തേനീച്ച ഉന്നിദ്രമാക്കുന്നു എന്ന് ടീച്ചർ സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട് (കാവ്യലക്ഷ്മി ചാരിനിന്ന കൊന്ന – അമൃതമശ്‌നുതേ, എൻ.ബി.എസ്സ് 2012) എൻ.വി.കൃഷ്ണവാരിയരുടെ കടൽക്കാക്ക മറ്റൊരു ശക്തമായ പ്രതീകമാണ് (അറിയുന്താർ കടൽക്കാക്കയെ – കവിതാരതി, മാതൃഭൂമി ബുക്‌സ് , 1997). ജി.ശങ്കരക്കുറുപ്പിന്റെ ‘ചന്ദനക്കട്ടിൽ‘ എന്ന കവിതയിലെ പക്ഷി മാതൃപ്രരൂപത്തെ ഉണർത്തുന്നു. ഭാരതീയ ബോധമനസ്സിൽ പ്രതിഷ്ഠിതമായ ആദിപ്രതിമാനം ആണ് അർദ്ധനാരീശ്വരൻ. പകുതി
Be the first to write a comment.