പുരുഷനും പകുതി സ്ത്രീയുമായ സമുഹചേതനയുടെ വിശ്വാകാരത്തെയും അർദ്ധനാരീശ്വരസത്തയേയും കവി ഏകീഭവിപ്പിക്കുന്നു. സമുഹചേതനയുടെ സംഹാരതാണ്ഡവം വ്യക്തിചേതസ്സിന്റെ വിധേയതയിലുള്ള സ്വാർത്ഥത്യാഗം ഇവയെ കാലാനുരോധമായ അനിവാര്യതയായി ഉപദർശിക്കുന്ന ‘ശിവതാണ്ഡവം‘ കവിക്ക് വെറും രൂപകമല്ല അന്തഃസ്വാസ്ഥ്യം നൽകുന്ന ദർശന തലം തന്നെയാണ് എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു (സംഘസത്തയെന്ന ദൈവം – കവിത ധ്വനി, എൻ.ബി.എസ്സ്, 2007). സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷം (സുഗതകുമാരിയുടെ കവിത – വർണ്ണരാജി, എൻ.ബി.എസ്സ്, 1977) കക്കാടിന്റെ ‘നഗരത്തിൽ ഒരു യക്ഷൻ‘ എന്ന കവിതയിലെ വേതാളം (കക്കാടിന്റെ കവിത – കവിതാധ്വനി, എൻ.ബി.എസ്സ്, 2007) എന്നിവ ഇത്തരം ശക്തമായ ചില പ്രതീകങ്ങളാണ്. സച്ചിന്ദാനന്ദന്റെ ‘കുരുടൻ‘ അയ്യപ്പപ്പണിക്കരുടെ ‘കുതിരക്കൊമ്പ്‘,കെ.ജി.ശങ്കരപ്പിള്ളയുടെ ‘ബംഗാൾ‘ എന്നീ കവിതകളിലും പ്രതീകങ്ങൾക്കു വലിയ സ്ഥാനമുണ്ട്. ‘സെയ്ന്റ് ആൻ വിത് വെർജിൻ ആന്റ് ചൈൽഡ്‘ എന്ന ചിത്രത്തിലെ പക്ഷി പ്രതീകത്തിന്റെ പ്രസക്തിയെക്കുറിച്ച് ‘ലയോനാർഡോ ഡാവിഞ്ചിയുടെ സർഗ്ഗ ചേതന‘ (നവകാന്തം, എൻ.ബി.എസ്സ്, 2012) എന്നതിൽ ടീച്ചർ പ്രതിപാദിക്കുന്നുണ്ട്. നാഗരികതയുടെ വികാസദശകളിൽ മനുഷ്യ നിർമ്മിതികളും പ്രകൃതി സിദ്ധങ്ങളും ആയ വസ്തുതകൾ ആദിപ്രരൂപ സമാനമായി സമുഹ ചേതസ്സിൽ പ്രതിഷ്ഠ നേടി ദുസ്തരമെന്ന ഭീതി ജനിപ്പിക്കും വിധം ആവിഷ്‌കൃതമാകുന്നതിന്റെ മാതൃക ആനന്ദിന്റെ ‘മരണസർട്ടിഫിക്കറ്റ്‘, ‘മരുഭൂമികൾ ഉണ്ടാകുന്നത് ‘ (കാവ്യരതി – എൻ.ബി.എസ്സ്, 1993) എന്നീ നോവലുകളിൽ കാണാമെന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു.
വ്യക്തിയുടെ അബോധമനസ്സിനും സമൂഹത്തിന്റെ അബോധമനസ്സിനും അത്ഭുതകരമായ ശക്തി വിശേഷങ്ങളുമുണ്ടെന്ന് അംഗീകരിക്കുന്ന ഡോ.എം.ലീലാവതി, ആത്മാവിന്റെ തുരീയാവസ്ഥയുടെ ആവിഷ്ട മൂഹൂർത്തങ്ങളിൽ മികച്ച കല സ്വയംഭൂവായി ഉയരുമെന്ന് വിശ്വസിക്കുന്നു. നാരായണീയംകാവ്യം (സാന്ദ്രാ നന്ദാവബോധാത്മകം – കവിതാരതി, എൻ.ബി.എസ്സ് 1997) മനസ്വിനി (അതേ പുസ്തകം) വിശ്വദർശനം (ജിയുടെ കാവ്യ ജീവിതം, എൻ.ബി.എസ്സ് 1983) ടിന്റേൺ ആബി (വേർഡ്‌സ് വർത്ത്) റൂസ്സോവിന്റെ സോഷ്യൽ കോൺട്രാക്ട് (ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1993) എന്നിവയെല്ലാം ഇത്തരം സാക്ഷാത്കാരങ്ങളുടെ നിദർശനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാനവ മനസ്സിന്റെ ഒരു സ്ഥായി ഭവം തന്നെയാണ് പ്രണമ്രതം. ഐശ്വര ശക്ത്യവബോധമാണ് ഇത്. ഈശ്വരസത്തയെന്ന ഒരു ആദിപ്രരൂപം മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ നിലനിന്നു പോരുന്നു എന്ന് യുങ്ങ് സ്ഥാപിച്ചിട്ടുണ്ട്. എഴുത്തച്ഛൻ, ജി.പി., ബാലമണിയമ്മ, സുഗതകുമാരി എന്നിവരുടെ കവിതകളിൽ ഇത് അനുഭവവേദ്യമാണ് (യുങ്ങിന്റെ മനശ്ശാസ്ത്രം നിരൂപണത്തിൽ – സത്യം ശിവം സുന്ദരം, എൻ.ബി.എസ്സ് 1989). ഈ സത്തയെ വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരും ആവിഷ്‌കരിക്കു. ‘വിശ്വദർശന‘ത്തിൽ ജിയുടെ പ്രണമ്രതയ്ക്ക് ആരാധനാഭാവമാണുള്ളത്. ശിവ ഐഹിതകയും സമന്വയിക്കുന്നു (സമൂഹ സത്തയെന്ന ദൈവം – കവിതാധ്വനി, എൻ.ബി. എസ്സ്, 2009) സ്‌നേഹമെന്ന മഹിത സ്വതന്ത്ര ഭാവമായി സുഗതകുമാരിയുടെ ‘കാടാണ്‘, ‘രാധയെവിട‘ തുടങ്ങിയ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു (പ്രേമം, സ്വാതന്ത്ര്യം, സ്ത്രീ – സുഗകുമാരിയുടെ ദർശനം – നവകാന്തം, എൻ.ബി.എസ്സ് 2012). ധർമ്മബോധത്തിന്റെ ആയാസ ശൃംഖലയിൽ കിടന്നു പിടയ്ക്കുന്ന കാമനയാണ് ഗോപിക എന്ന രൂപകം. അവൾ കാമന തന്നെയാണ്. തുറക്കാവുന്ന വാതിൽ തുറക്കാതെ, ധർമ്മബോധത്തിന്റെ തടവറയിലേക്ക് സ്വയം തള്ളിയിടുകയും അവിടെക്കിടന്നു പിടയ്ക്കുകയും ചെയ്യുന്ന ഐദ്രിക കാമന ഭാരതീയ ബോധമനസ്സിന്റെ ഒരു സാമാന്യ ധർമ്മമാണെന്ന് അർത്ഥത്തിൽ, ഈ ഗോപിക എല്ലാവരുടേയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്നു. ആ സത്തയെ അതിന്റെ സൗന്ദര്യം മായാത്ത ഭാവതലത്തിലൂടെ ആവിഷ്‌കരിക്കുകയാണ്., ‘അറിയുന്നു നിന്നെ ഞാൻ ഗോപികേ‘ എന്ന കവിതയിൽ അയ്യപ്പപ്പണിക്കർ. ഗോപിക എന്ന ആദിബിംബത്തെ അദ്ദേഹം ഇതിൽ സഫലമായി ഉപയോഗിക്കുന്നു (ഗോപികേ രാധികേ – കവിതാധ്വനി, എൻ.ബി.എസ്സ് 2009). രക്ഷക സത്ത എന്നത് ആത്മാവിന്റെ അസ്തിത്വത്തിലുള്ള വിശ്വാസമാണ്. രക്ഷക സത്തയുടെ മനുഷ്യാവകാശങ്ങളെ പ്രകീർത്തിക്കുന്ന കവിതകൾ വൈലോപ്പിള്ളി അധികമെഴുതിയിട്ടില്ലെങ്കിലും, ഈശ്വരൻ സ്‌നേഹമാണെന്നതിനുള്ള നിദർശനം കവിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്ഷക സത്തയുടെ സൂര്യാകാരത്തെ പലപ്പോഴും പുറത്തുകൊണ്ടു വരുന്നുണ്ട്. ‘ശിബിയല്ല‘ , ‘ആശുപത്രിയിൽ‘ മുതലായവ ഉദാഹരണമായി ടീച്ചർ പറയുന്നു.
സമുഹബോധ മനസ്സിനെയും അതിൽ കുടികൊള്ളുന്ന ആദിപ്രരൂപങ്ങളെയും കുറിച്ചുള്ള ഉപദർശനങ്ങൾ കൊണ്ട് ഓരോ കാലഘട്ടത്തിലും കാലാത്മാവിന്റെ ധർമ്മങ്ങൾക്കനുസൃതമായി രൂപപ്പെട്ടു പോരുന്ന കലാരൂപങ്ങളെ വ്യാഖ്യാനിക്കുന്ന രീതിയാണ് പൊതുവിൽ പറഞ്ഞാൽ ആദിപ്രരൂപനിരൂപണം. കലാകാരന്റെ അബോധത്തിൽ ഉദിച്ചുയരുന്ന ആദിമുദ്രകൾ സമൂഹത്തിന്റെ അന്താരാത്മാവിൽ നിദ്രാണമായിക്കിടക്കുന്ന അത്തരം മനോഭാവങ്ങളെ ഉണർത്തുന്നു. ഇതാകട്ടെ ആനന്ദവർദ്ധനന്റെ ധ്വനി സങ്കൽപ്പത്തോടും അഭിനവ ഗുപ്തന്റെ അഭിവ്യക്തിവാദത്തോടും ചേർന്നു നിൽക്കുന്നതാണ്. ആദിപ്രതീകങ്ങൾ പൊതുസ്വത്തായതു കൊണ്ടാണ് സമുഹം അതിൽ അഭിരമിക്കുന്നത്. “കവി തന്റെ കൃതികളെ ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗം മാത്രമായി കരുതുന്നില്ല. അവ തന്നെയാണവയുടെ ലക്ഷ്യം. അവയ്ക്കു വേണ്ടി സ്വന്തം അസ്തിത്വം പോലും ബലികഴിക്കാൻ അയാൾ സന്നദ്ധനാകും” എന്ന് മാർക്‌സ് പറഞ്ഞതിൽ നിന്ന് ഏറെ ഭിന്നമല്ല “The creations urge is often so imperious that it yorkers everything to the service of the work, even at the cost of artist’s health and happiness”എന്ന് യുങ്ങ് പറഞ്ഞതും. ഇങ്ങനെ ഈ മൂന്നു ചിന്തകരെ – അഭിനവ ഗുപ്തൻ, യുങ്ങ്, മാർക്‌സ് മൂന്നു മൂലകളാക്കി സങ്കൽപിച്ചു കൊണ്ട് ഒരു ത്രികോണം വരക്കുന്നതു പോലെ സങ്കൽപിച്ച് അവരുടെ കലാതത്ത്വങ്ങളെ സമന്വയിപ്പിക്കുന്ന ഒരു മന്ത്രവൃത്തമാണ് ലീലാവതിട്ടീച്ചറുടെ ആദിപ്രരൂപ നിരൂപണ രീതി. ഭാരതീയ ദർശനങ്ങളിൽ അഗാധമായ അവഗാഹവും, ശാസ്ത്രത്തോടുള്ള ചായ്‌വും ഒരു ഉദാര മാനവീയതാ സമീപനവും ഉള്ള ടീച്ചറുടെ നിരൂപണപദ്ധതി ഇത്തരത്തിലായതിൽ അത്ഭുതപ്പെടാനില്ല. കൃത്യമായ അപഗ്രഥനവും ആസ്വാദനവും തന്നെയാണ് നിരൂപണം അല്ലാതെ വിമർശിക്കുക എന്ന പേരിൽ അവഹേളിക്കലല്ല എന്ന് വിശ്വസിക്കുന്ന ടീച്ചർ, തന്റെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് സക്രിയമായിത്തന്നെ ഈ രംഗത്തു തുടരുന്നു എന്നത് അഭിനന്ദനാർഹമാണ്.
ഡോ.രതി മേനോൻ
Be the first to write a comment.