ജാതിവ്യവസ്ഥയുടെ സര്‍വ്വസമ്മത മാതൃകകളാണെന്നു കാണാം. ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും പുനരുല്‍പാദിപ്പിക്കപ്പെടുന്ന ഈ പ്രാധിനിത്യവ്യവസ്ഥ ജാതിനിലയെ വളരെ ഉച്ചത്തില്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. വര്‍മ്മ, മേനോന്‍, നമ്പീശന്‍, നമ്പൂതിരി, നമ്പ്യാര്‍ തുടങ്ങിയ ജാതിപ്പേരുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നത് ഇതുമായി ചേര്‍ത്ത് കാണാവുന്നതാണ്. ഈ പ്രതിനിധാന വ്യവസ്ഥ തന്നെയാണ് ചലച്ചിത്ര ആഖ്യാനങ്ങളെ നിയന്ത്രിക്കുന്നത്.ഉച്ചനീചത്വവും അധികാരവും സാംസ്‌കാരിക വിപണിയും പരസ്പരം കൈകോര്‍ക്കുന്നതിലൂടെ കീഴ് ജാതി സമുദായങ്ങളുടെയും വര്‍ഗങ്ങളുടെയും അനുഭവങ്ങള്‍ അദൃശ്യമാക്കപ്പെടുന്നു. ചലച്ചിത്രം എന്ന ദൃശ്യസംഘാതത്തെ അരികുകളില്‍ നിന്നും വായിച്ച് തുടങ്ങേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം.ദൃശ്യങ്ങളുടെ ഈ പ്രതിവായന അതുയര്‍ത്തിപ്പിടിക്കുന്ന ലാവണ്യബോധത്തിന്റെയും വിനോദ ലീലകളുടെയും സുരക്ഷിതത്വത്തെ തകര്‍ത്തേക്കാം. വര്‍ഗം, ജാതി, ലിംഗം, സമുദായം എന്നിങ്ങനെ നിരവധി  പ്രശ്നസ്ഥലങ്ങളെ ദൃശ്യപരിധിയിലേക്ക്  പിടിച്ചെടുക്കാ അതിലൂടെ സാധിക്കുകയും ചെയ്യും.

മാറുന്ന കാലങ്ങള്‍  കാഴ്ചകള്‍
                      
ക്ഷോഭിക്കുന്ന യുവത്വമല്ല, ആഘോഷിക്കുന്ന യുവത്വമാണ് പുതിയ സിനിമ. ക്ഷോഭത്തില്‍ നിന്നുംആഘോഷത്തിലേക്കുള്ള ദൂരം സാമൂഹ്യ ചരിത്രത്തിന്റെ പരിണാമത്തെയാണ് സൂചിപ്പിക്കുന്നത്. സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെ  തുടര്‍ച്ചയറ്റുപോക, വരേണ്യവല്‍ക്കരിക്കുന്ന വിദ്യാഭ്യാസ സാമ്പത്തിക വ്യവസ്ഥകള്‍ നിര്‍മ്മിക്കുന്ന പുതുസാമൂഹ്യശ്രേണി, വിപണി, വിജ്ഞാനം, വിദേശം, വിവരസാങ്കേതികവിദ്യ എന്നിവ സൃഷ്ടിച്ച സാമൂഹ്യ അസന്തുലിതാവസ്ഥ. ഒരു കരിയറിസ്റ്റ് സമൂഹത്തിന്റെ രൂപപ്പെടല്‍, വിപണിക്ക് അഭിമുഖമായി നീങ്ങിയ സാംസ്‌കാരി വിജ്ഞാന വിനിമയം, സമൂഹത്തിന്റെ അരാഷ്ട്രീയ വല്‍ക്കരണം തുടങ്ങിനിരവധി കാരണങ്ങള്‍ ഈ രൂപപ്പെടലുകള്‍ക്ക് കാരണമാവുന്നുണ്ട്. മലയാള സിനിമന്യൂ ജനറേഷനായി പരിണമിക്കുന്നത് ഈ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക ചരിത്രാനുഭവങ്ങളുടെ ബലതന്ത്രങ്ങള്‍ക്കുള്ളിലാണ്.
               
                       
ഫലത്തില്‍ സാമ്പത്തിക വ്യവഹാരം സംസ്‌കാരത്തെ കീഴ്‌പ്പെടുത്തുന്നു. വിപണിയെ നിയന്ത്രിക്കുന്ന ശക്തികള്‍ തന്നെ കലയേയും  നിയന്ത്രിക്കുമ്പോള്‍ സാമ്പത്തിക കൈമാറ്റ ക്രമത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരുല്‍പ്പന്നവും പ്രവൃത്തിയും ന്യായീകരിക്കപ്പെടുന്നു. മൂലധനത്തിന്റെ മൂല്യവ്യവസ്ഥ ആത്യന്തികമായി അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ കല എന്ന നിലയില്‍ ചലച്ചിത്രത്തിന് ഈ മൂലധന താല്പര്യത്തില്‍ നിന്നും പുറത്തുകടക്കുക പലപ്പോഴും അസാധ്യമായിരിക്കും. അതിനര്‍ത്ഥം അങ്ങനെയുള്ള  ശ്രമങ്ങള്‍ ലോകത്ത് നടക്കുന്നില്ല എന്നല്ല. സാംസ്‌കാരികമായോ വാണിജ്യപരമായോ അതിന് മേല്‍ക്കൈ നേടാനാവുന്നില്ല. ദുര്‍ബലമായി തുടരുന്ന നമ്മുടെ സമാന്തര ചലച്ചിത്രശ്രമങ്ങള്‍ അതിനുദാഹരണമാണ്. തൊണ്ണൂറുകള്‍ക്കു ശേഷം ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ കടന്നു പോയ പ്രതിസന്ധികളും പരിണാമങ്ങളും ഏതുതരം  മൂല്യവ്യവസ്ഥയ്ക്ക് വിധേയമായിരുന്നുവെന്ന് അന്വേഷിക്കുമ്പോഴാണ് സമകാലിക സിനിമയുടെ ഉള്ളിലിരുപ്പുകള്‍ വെളിപ്പെട്ടുവരുക.

സംസ്‌കാരവും അധികാരവും
                  ലോകവിപണി ചെറുപ്രദേശങ്ങളിലേക്ക് വേരുകള്‍ വളര്‍ത്തുന്നതിന് ഇംഗ്ലീഷ് അടക്കമുള്ള അധീശഭാഷകളെയും പ്രാദേശികഭാഷകളെയും ഒരുപോലെ ആശ്രയിക്കുന്ന ദ്വിമുഖ തന്ത്രം ആവിഷ്‌കരിച്ചുകഴിഞ്ഞിരിക്കുന്നു. വെബ്‌ലോകത്തിലെ  കുത്തകകള്‍ അതിവേഗം പ്രാദേശിക ഭാഷയിലേക്ക് മൊഴിമാറ്റപ്പെടുന്നതിന്റെ സൂചന ഇതാണ്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച്   എന്‍ജിനുക പ്രാദേശിക  ഭാഷകളില്‍ ഉള്ളടക്കങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ് വിവരവിനിമയ വിപണിയുടെ പ്രാദേശിക രക്ഷകര്‍തൃത്വം ഏറ്റെടുക്കുന്നത്. ഭാഷയും ഓര്‍മ്മയും ചരിത്രവും ഏകമാനമായ ലോകത്തിലേക്കുള്ള വിപണിയുടെ പ്രയാണത്തില്‍  പ്രതിബന്ധങ്ങള്‍ തീര്‍ത്തപ്പോഴാണ്  ആഗോള കോര്‍പ്പറേറ്റുക പ്രാദേശികവല്‍ക്കരണം സജീവമാക്കുന്നത്. ഭാഷ തന്നെ വിപണിയും ഉല്‍പന്നവുമാകുന്ന പുതിയ ലോകയാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുമ്പോഴാണ് ദൃശ്യഭാഷയുടെ വിപണിയും രാഷ്ട്രീയവും  പ്രശ്നസങ്കീര്‍ണമാവുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട നിര്‍മ്മാണ  കമ്പനികള്‍  ഇന്ത്യന്‍ പ്രാദേശിക  ഭാഷകളില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും വിദേശ കമ്പനികള്‍ പ്രാദേശിക ടെലിവിഷന്‍  ചാനലുകളില്‍  മുതല്‍ മുടക്കുന്നതുമെല്ലാം പ്രാദേശികസംസ്‌കാരത്തിന്റെ ആഗോളവല്‍ക്കരണമായോ ആഗോള സംസ്‌കാരത്തിന്റെ പ്രാദേശികവല്‍ക്കരണമായോ ഇരുതലമൂര്‍ച്ചയുള്ള പ്രത്യശാസ്ത്രത്തെ വഹിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം തോന്നാമെങ്കിലും സാമ്പത്തിക കൈമാറ്റവ്യൂഹത്തില്‍ പ്രവേശിക്കുന്ന ഏതൊരു വസ്തുവും പ്രവൃത്തിയും എന്നപോലെ ഇതും ന്യായീകരിക്കപ്പെടുന്നു.
 
             
സിനിമയില്‍ അധികാരം പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ പ്രവര്‍ത്തന മേഖലകളെ ചില പ്രത്യേക ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുക എന്ന പൊതുസമ്പ്രദായത്തിനു അകത്തു നിന്നുകൊണ്ടാണ്. ഏതെങ്കിലും നിയമ വ്യവസ്ഥക്കു കീഴ്‌പ്പെട്ടല്ല ഇത് പ്രവര്‍ത്തിക്കുന്നത്. മറിച്ച് കലയുടെപാരമ്പര്യത്തില്‍ ഊന്നി നിന്നുകൊണ്ട്  സമൂഹത്തില്‍ അപ്രമാദിത്വം നേടിയിട്ടുള്ള സദാചാര വഴക്കങ്ങളെ ആധാരമാക്കി ജനങ്ങളുടെ ആശയാഭിലാഷങ്ങളെയും മൂല്യവിശ്വാസങ്ങളെയും പ്രീണിപ്പിച്ച് വരുതിയിലാക്കുകയാണ് ചെയ്യുന്നത്.പ്രമേയത്തെ മാത്രം മുന്‍നിര്‍ത്തി സിനിമയുടെ രാഷ്ട്രീയ നിര്‍ദ്ധാരണം അപ്രസക്തമായിത്തീരുന്നു. ഏകമാനമായ കാഴ്ചയെ ശതമുഖമായി ശകലീകരിച്ചുകൊണ്ട്ചലച്ചിത്രത്തെ ഒരു ബഹുസ്വര പാഠമായി മനസ്സിലാക്കുന്നതിലൂടെ സാംസ്‌കാരിക-വാണിജ്യ സ്ഥാപനം എന്ന നിലയിലുള്ള ചലച്ചിത്രത്തിന്റെ മൊത്തം ഘടനയെയാണ് വിശകലനവിധേയമാക്കേണ്ടത്.

Comments

comments