ആകാശം ചത്ത്പൊങ്ങിക്കിടക്കുന്ന
നിന്റെ കണ്ണിൽ
ഒരു മേഘഞൊറിവെങ്കിലും
കണ്ടെടുക്കാൻ ശ്രമിച്ച്,
കൂർത്ത ചുണ്ടിന്റെ
പിളർന്ന വിടവിൽ
നീ ഒടുക്കം പറഞ്ഞ പരാതി
കേൾക്കാൻ ശ്രമിച്ച്,
ചെതുമ്പൽ മിനുപ്പിലെ
നേർത്തുപോയ, നനവുവറ്റിയ
നിന്റെ ജലരേഖകൾ
തൊട്ടറിയാൻ ശ്രമിച്ച്,
ചെകിള പൊന്തിച്ച്
അവസാനശ്വാസത്തിൽ
കുടുങ്ങിപ്പോയ നിന്റെയോർമ്മകൾ
ഇഴപിരിക്കാൻ ശ്രമിച്ച്,
പച്ചയുടെ ഇരുണ്ട, രഹസ്യങ്ങളൊളിപ്പിച്ച
ആഴങ്ങളിൽ പലവട്ടം കുത്തിയമർന്ന
നിന്റെ വാലറ്റത്തിന്റെ കുസൃതികൾ
വിരൽത്തുമ്പാൽ തൊടാൻ ശ്രമിച്ച്,
ഓരോ ശ്രമത്തിലും തോറ്റ് തോറ്റ്
ഇനി നിന്നോടൊന്നിനുമില്ല ഞാനെന്നു
നിന്റെ തണുത്ത മീനുടലിനോട് കെറുവിച്ച്-
ഊരിപ്പോന്ന വലക്കണ്ണികളിലേക്ക്
ഞാനെന്നെ തിരികെ കുടുക്കിയിടുന്നു.
Be the first to write a comment.