ഏതെങ്കിലും തരത്തിലുള്ള അവകാശ സമരങ്ങള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം അല്ല കേരളത്തില്‍ ഉള്ളത്. സമരങ്ങള്‍ക്ക് എതിരായ ഒരു പൊതുബോധം വളരെ നാളുകള്‍ കൊണ്ട് രൂപപ്പെടുത്തുന്നതില്‍ അരാഷ്ട്രീയബുദ്ധിജീവികളും മുഖ്യധാരാ മാധ്യമങ്ങളും അല്‍പം പണിപ്പെട്ടെങ്കിലും ഏതാണ്ട് പൂര്‍ണമായി തന്നെ വിജയം കണ്ടിരുന്നു. ഒഴികഴിവുകള്‍ ഇല്ലെന്നല്ല. ഇടയ്ക്കിടെ വൃണപ്പെടുന്ന വികാരങ്ങള്‍ ഉള്ള മതവര്‍ഗീയ ശക്തികള്‍ക്ക് സമരം നടത്താം. വേണ്ടിവന്നാല്‍ ഹര്‍ത്താലും ആകാം. സ്കൂള്‍ കുട്ടികള്‍ സമരം നടത്തുന്നത് കൊടുംപാതകം ആണെങ്കിലും സ്കൂള്‍ ഉടമകള്‍ക്ക് സ്ഥാപനം അടച്ചിട്ട് സമരം ആകാം. ജന്മനാ ഹര്‍ത്താൽ വിരുദ്ധനായ എം എം ഹസ്സൻ പോലും എതിരു പറയില്ല. വ്യാപാരി വ്യവസായികള്‍ക്കും അവരുടെ ആജീവനാന്ത നേതാവ് നാസറുദ്ദീനും കട അടച്ചും അടപ്പിച്ചും സമരം നടത്താം. ബസ് ഉടമകള്‍ക്ക് സമരം ആകാം. തൊഴിലാളികള്‍ക്ക് പാടില്ല. പാറമട ഉടമകള്‍ക്കും വനം കൊള്ളക്കാര്‍ക്കും വനം വകുപ്പ് ഓഫീസ് കത്തിക്കുകയോ ജീപ്പിന് തീവയ്ക്കുകയോ ചെയ്യാം. ആരും ഒന്നും പറയില്ല. എന്നാല്‍ മരം നട്ടുള്ള പ്രതിഷേധം പോലും ഗാഡ്ഗില്‍ ഭക്തര്‍ക്ക് പറ്റില്ല.
ഈയൊരു പശ്ചാത്തലത്തില്‍ ആദിവാസി ഗോത്ര മഹാസഭ തിരുവനന്തപുരത്ത് അധികാരകേന്ദ്രത്തിന് മുന്നില്‍ ആരംഭിച്ച നില്പ് സമരം പൊതുസമൂഹം എങ്ങനെ വീക്ഷിക്കും എന്ന് എനിക്ക് ആശങ്ക ഉണ്ടായിരുന്നു. നില്‍പ്പ് സമരം കാൽനടക്കാര്‍ക്ക് ഭീഷണിയാകുന്നുവോ എന്നൊരു ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നതും അതിൽ പങ്കെടുക്കുന്ന ക്ലിമ്മിസ് പിതാവ് ആദിവാസിയുടെ വിളിയും ദൌത്യവും നില്പല്ല നടപ്പും കിളപ്പും ആണെന്ന് ഉത്ബോധിപ്പിക്കുന്നതും എന്‍റെ കിനാവിൽ ഉണ്ടായിരുന്നു.
ജാനുവും ഗീതാനന്ദനും നടത്തിയ സമാധാനപരമായ സമരങ്ങൾ ഇതുപോലെ നിരവധി എണ്ണം മുന്‍പ് ഉണ്ടായപ്പോഴൊന്നും മാധ്യമങ്ങളോ പൊതുസമൂഹമോ മന്ത്രി അങ്ങത്തമാരോ നെല്ലും പതിരും വേര്‍തിരിക്കുന്ന അഭിനവ താത്വിക ആചാര്യന്‍മാരോ തിരിഞ്ഞു നോക്കിയിരുന്നില്ല. മുന്‍പ് ഇതേ അധികാര കേന്ദ്രത്തിന് മുന്നില്‍ കുടിൽ കെട്ടി സമരം ചെയ്തപ്പോൾ അവഗണിക്കാനായില്ല. അങ്ങത്തമാരുടെയും കണക്കപിള്ളമാരുടെയും അഹങ്കാരങ്ങളുടെ മൂക്കിന് താഴെ ആയിരുന്നല്ലോ ആ കുടിലുകള്‍.
പിന്നെ മുത്തങ്ങ ആയിരുന്നു ലൈവ് കവറേജ്. അവിടെ സ്വീകരണമുറികളെ പ്രക്ഷുബ്ധമാക്കാന്‍ പോന്ന വിഭവങ്ങള്‍ ഉണ്ടായിരുന്നു. ബന്ദിയാക്കൽ, അമ്പ്, വില്ല്, ലാത്തിച്ചാര്‍ജ്.
നില്‍പ്പ് സമരത്തിൽ അത്തരം ലൈവ് ആക്ഷന് സ്കോപ് ഇല്ല. നിന്നാലോ മുട്ടില്‍ ഇഴഞ്ഞാലോ ഒന്നും പതിവുമട്ടില്‍ ഗുമസ്ത സമൂഹം നിര്‍വികാരമായി അവഗണിക്കും. കാപ്പിക്കടയിലെ ശമ്പള കമ്മിഷന്‍ ചര്‍ച്ചകൾ നിര്‍ബാധം പുരോഗമിക്കും. മറിച്ച് ഒരു അമ്പ് സമരക്കാരിൽ ഒരാള്‍ നടുറോഡിലേക്ക് എങ്കിലും എയ്ത് പിടിചിരുന്നെങ്കില്‍ അഭ്യന്തര സുരക്ഷാ വിദഗ്ദ്ധർ ചര്‍ച്ച ചെയ്ത് സമരം ഒരു അരുക്കാക്കി തന്നേനെ.
സമരം സഹനത്തിന്റെ പാതയില്‍ ആരംഭിച്ചു. പുരോഗമിച്ചു. ആരെയും അത് അലോസരപ്പെടുത്തിയില്ല. കേരളം നേരിടുന്ന ഏക പ്രശ്നമായ മദ്യപാനം നേരിടാനായി നില്‍പ്പുകാർ അല്ലാത്തവര്‍ എല്ലാം അത്യധ്വാനം ചെയ്ത് കൊണ്ടിരുന്നു. നില്‍കുന്നവർ കുറച്ചു കഴിഞ്ഞാൽ ഇരുന്നോളും എന്ന വിശ്വാസത്തില്‍ സമര വിരുദ്ധരും മിണ്ടാതിരുന്നു.
എന്നാല്‍ സോഷ്യൽ മീഡിയയിൽ ഉദയം ചെയ്ത ചില കൊള്ളിമീനുകൾ എല്ലാം അട്ടിമറിച്ചു. മാധ്യമങ്ങള്‍ അറച്ചു മാറി നിന്നെങ്കിലും വളരെ കാലത്തിനു ശേഷം ഒരു അവകാശ സമരം കേരളം ചര്‍ച്ച ചെയ്തു. അതിന്‍റെ അനുരണനങ്ങൾ രാജ്യത്തെങ്ങും മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ഉണ്ടായി. അവഗണിച്ചവര്‍ക്ക് അത് ശ്രദ്ധിക്കേണ്ടി വന്നു. ചര്‍ച്ചകളും സന്ധി സംഭാഷങ്ങളും ഉണ്ടായി. സമരം ഏതാണ്ട് പൂര്‍ണമായി തന്നെ വിജയിച്ചു എന്നാണ് എന്റെ വിലയിരുത്തല്‍. ഉറപ്പുകള്‍ കൃത്യമായി ഇനിയും വരാനിരിക്കുന്നു എങ്കിലും ആദിവാസി അതിജീവന പോരാട്ടങ്ങളോട് നാടിന്‍റെ ഐക്യദാര്‍ഡ്യം പൂര്‍ണമായി ഇന്ന് ഉറപ്പു വരുത്തപെട്ടു. നെല്ലുകളും പതിരുകളും കിണഞ്ഞു നോക്കിയിട്ടും അത് മൈന്‍ഡ് ചെയ്യാതെ കേരളത്തിലെ പുരോഗമന ജനകീയ സംസ്കാരം ആലസ്യത്തില്‍ നിന്നുണര്‍ന്നു. അത് മനുഷ്യപക്ഷത്ത് തന്നെ ആണെന്ന് അടിവരയിടാന്‍ കഴിഞ്ഞു എന്നതാണ് ഈ സമരത്തിന്‍റെ വിജയം. സംഘടിത ശക്തികള്‍ക്ക് പേടിക്കാനുള്ള കൃത്യമായ ഒരു മുന്നറിയിപ്പും നില്‍പ്പുകാര്‍ക്ക് അനുകൂലമായി വളര്‍ന്ന ജനശക്തി നല്‍കി കഴിഞ്ഞു.
ഐക്യദാര്‍ഡ്യ മുന്നേറ്റങ്ങളിൽ പങ്കാളികളാകുന്ന മനുഷ്യരെ ഞാൻ ശ്രദ്ധിച്ചു. ഭാവിയെ കുറിച്ച് പ്രതീക്ഷ തരുന്ന കുറെ ചെറുപ്പക്കാര്‍. അവരില്‍ ജീന്‍സ് ഇടുന്ന ചെറുപ്പക്കാരികളും ഉണ്ട്. യുവത്വത്തിന്‍റെ അരാഷ്ട്രീയതയെ കുറിച്ചുള്ള ഗവേഷണങ്ങളെ അട്ടത്ത് വയ്പിക്കുന്ന ഇടപെടലുകള്‍. ഈ ചെറുപ്പക്കാര്‍ മത-ജാതി-വര്‍ഗീയ-പ്രതിലോമ ശക്തികള്‍ക്കും പരമ്പരാഗത സൈദ്ധാന്തിക ജാഡകള്‍ക്കും കീഴടങ്ങാതെയിരുന്നപ്പോള്‍ അവരെ സുക്കെര്‍ബര്‍ഗ് കയ്പ്പ് കൊടുത്തു മയക്കിയ വിവരം കെട്ടവരായി ചിത്രീകരിച്ച പലരും ഉണ്ട്. ഇടത്-വലത്-വര്‍ഗീയ അന്തര്‍ധാരകൾ സജീവമാകുന്ന കാലത്തിലെ സമര നാടകങ്ങള്‍ക്കും സമര ആഭാസങ്ങള്‍ക്കും ഉള്ള മറുപടി കൂടിയാണ് നില്‍പ്പ് സമരവും അതിനു വളര്‍ന്നു വരുന്ന ഐക്യദാര്‍ഡ്യവും. ദുര്‍ബലർ ഭൂമിക്ക് അവകാശികള്‍ ആവുക തന്നെ ചെയ്യും.
Be the first to write a comment.