നാളെയെക്കുറിച്ച് ചിന്തിക്കുക. വരാൻ പോകുന്ന മനുഷ്യരെയും. ചരിത്രം നിർമ്മിക്കുന്നത് അവരാണ്. നമ്മൾക്ക് ഈ ഭൂമിയിൽ കർമ്മം ചെയ്യാൻ മാത്രമെ അവകാശമുള്ളു. ജീവിതം ആ പ്രവർത്തികൊണ്ട് അടയാളപ്പെടുത്തുക. നമുക്ക് അതിനുമാത്രമെ കഴിയൂ. ആഗ്രഹങ്ങളുടെ ഭാരത്താൽ ജീവിക്കുന്ന മനുഷ്യരിൽ അടങ്ങാത്ത പീഢകൾ ആവർത്തിക്കും. അത് മരണമെന്ന നിത്യതയിൽ അവസാനിക്കുകയും ചെയ്യും. ഓരോ വേനലിന്റെ ചൂടും ഓരോ മഴയുടെ തണുപ്പും അറിയുന്നത് ഒരുപോലെയാവില്ല. മനസ്സിന്റെ അടരുകളിൽ ഓരോന്ന് സൂക്ഷിക്കുന്നതും ഒരുപോലെയാവില്ല. ഇനിയുള്ള കാലം നമ്മളെ മറികടന്ന് പോകുന്നതും ഒരുപോലെയാവില്ല. ഞാനും നീയുമെന്നത് പരസ്പരം അറിയാനും അനുഭവിക്കുവാനുമായി വന്നു ചേർന്നതും നമുക്കറിയാത്ത ഏതോ ഒന്നിന്റെ നീക്കവും തന്നെയാണ്. അത് തിരിച്ചറിയാതെ പോകുന്നത് നമ്മളില്ലാതാവുന്നതിനു തുല്യവും. അറിഞ്ഞതും കണ്ടതും കേട്ടതും പറയുവാനാവണമെങ്കിൽ അസാധ്യമായ ചാതുര്യമാവശ്യം. അങ്ങിനെയൊന്നുണ്ടെന്ന് പറയുന്നതും കരുതുന്നതും അജ്ഞാനികളും. മനുഷ്യനെ സ്‌നേഹിക്കുന്നു, സകലതിലും സ്‌നേഹം കാണുന്നു, അതെല്ലാവരില്ലേക്കും പകർന്നു നല്കുവാനുള്ള മനസ്സുമുണ്ടെന്നും നമ്മൾ പറയും. ചിലർ എഴുതും, ചിലപ്പോൾ ഒരാൾക്കൂട്ടത്തിനുനേരെ വാക്കുകളാക്കും. സ്‌നേഹം കാര്യസാദ്ധ്യതക്കുള്ള ഒരുപകരണം മാത്രമാകുന്നു എന്നത് തിരിച്ചറിയുക. ആരോടെങ്കിലും മനസ്സു തുറന്നില്ലെങ്കിൽ നമ്മൾ ഓർമകൾ മറന്നുപോകും. അങ്ങനെ മനസ്സ് അനാവൃതമാക്കുവാനാവുന്ന നിർമ്മലമായ ഇടമില്ലെന്നതാണ് സത്യം. ജ്ഞാനത്തേക്കാൾ ആഴമേറിയത് തിരിച്ചറിവാണ്. ഒരുപാട് പേർക്ക് നിന്നെ തിരിച്ചറിയാനാവും എന്നാൽ വളരെ കുറച്ചു പേർക്കു മാത്രമേ നിന്നെ മനസ്സിലാവുകയുള്ളൂ. പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനുമായി ഞാനൊരു കഥ പറയാം.
കോസ്‌മോപൊളിറ്റൻ ആശുപത്രിയിൽ ഡോക്ടറുടെ മുറിക്ക് മുന്നിൽ എും തിരക്കാണ്. ലോകത്തി ഏറ്റവും പ്രധാനമായി നടക്കുന്ന ഒരു കർമ്മം പ്രസവമാകുന്നു എന്ന് ഓരോ കാത്തിരിപ്പിലും തോന്നിയിട്ടുണ്ട്. അത്രമാത്രം ഗർഭിണികളെ ഞാൻ കാണുകയാണ് ഓരോ മാസത്തിലും. വീർത്ത വയറും താങ്ങി, അവശയായി ആർത്തമായി അനാഥവും സനാഥവുമായ മനുഷ്യസ്ത്രീകൾ. ചിലരിൽ ആശങ്കകൾ, വേദന, അതിനിടയിലും സംതൃപ്തമായ ഒരു മന്ദഹാസം. ജീവിതത്തിൽ എന്തോ ഒന്ന്, മറ്റാർക്കും ലഭിച്ചിട്ടില്ലാത്തത് – നേടുവാൻ പോകുന്നതിന്റെ ആവേശം. ടോക്കണുകളുടെ അക്കം തെളിയുമ്പോൾ എഴുന്നേറ്റ് സുഭദ്രമാഡത്തിന്റെ കതക് തുറന്നകത്തേക്ക്. മാസപരിശോധനകൾക്ക് ശേഷം തിയ്യതി തീരുമാനിക്കുന്നു. ഇനി 42 ദിവസം. ആശുപത്രിയിൽ പ്രസവാനന്തര മുറി ഉറപ്പിച്ചുകൊള്ളാൻ പറഞ്ഞു. ഏതു നിമിഷത്തിലും അസാധാരണമായ എന്ത് തോന്നിയാലും വിളിക്കുവാൻ പറഞ്ഞപ്പോൾ ആശ്വാസപ്പെട്ട്ഞങ്ങൾ എഴുന്നേറ്റു. തികച്ചും മധ്യവർത്തി ജീവിതം നയിക്കുന്ന രണ്ടുപേർ. ഒരു സർക്കാരുദ്യോഗസ്ഥയും ഒരു തൊഴിൽ രഹിതനും. അവർക്കിടയിലേക്ക് 42 ദിവസം കഴിയുമ്പോൾ ഒരമ്മയും ഒരച്ഛനും എന്ന പദവിയെത്തുന്നു. അമ്മ, അച്ഛൻ, എന്ന അവസ്ഥ ഒരു തുടർച്ചയാണ്. മഴക്കാലം പോലെ, മഞ്ഞുകാലം പോലെ. റിസപ്ഷനിൽ പണമടച്ച് ഒരു മുറിയൊരുക്കുന്നു. വാനിറ്റിബാഗിൽ ഇനി പണം കുറവ് . സാരമില്ല സമയമുണ്ടല്ലോ എന്ന സമാധാനം. ബസ്സ് കയറി വീട്ടിലേക്ക്. വീട്ടിലേക്ക് വേണ്ട അത്യാവശ്യം പലവ്യജ്ഞനങ്ങൾ വാങ്ങി അവൾ നടന്നു. നഗരത്തിലെ ഹോട്ടലിൽ ഒരു സിനിമ തുടങ്ങാൻ പോകുന്നതിന്റെ ചർച്ചകളിലേക്ക് ഞാനും. ഒരു സിനിമയിൽ ജീവിതത്തിലാദ്യമായി സഹസംവിധായകനാകാൻ പോകുന്നു. കാത്തിരുന്ന ഒരാഗ്രഹത്തിന്റെ സാക്ഷാത്കാരം.
ജൂഡ് അട്ടിപ്പേറ്റി എന്റെ സുഹൃത്താണ്. ഞാനദ്ദേഹത്തിന്റെ ഒരു ടെലിവിഷൻ സീരിയലിൽ നടനും സഹസംവിധായകനുമായിരുന്നു. ആ സീരിയലിന്റെ എഴുത്തുകാരനായ പി.എഫ് മാത്യുസിനോട് എന്റെ ആഗ്രഹം പറഞ്ഞപ്പോൾ സംഭവിച്ചത്. അത് ഒരു കർമ്മത്തിലേക്കുള്ള പടികയറ്റമായിരുന്നു. ജീവിതത്തിന്റെ വഴികൾ മാറിമറിയുന്നതിനു ചിലർ നിമിത്തമാവും എന്നു പറയുന്നത് യാഥാർത്ഥ്യം. ഒരുവന്റെ ജീവിതം അവൻ പോലുമറിയാതെ നീങ്ങുന്നു എന്നത് സത്യവും. ആഗ്രഹങ്ങളുടെ തുടർച്ചയാണത്. സിനിമയെന്ന വെള്ളിവെളിച്ചത്തിന്റെ പ്രകാശവാതിൽ തുറക്കുന്നതും കാത്തിരിക്കുന്ന അസംഖ്യം മനുഷ്യരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കഥയുടെ ദർശനത്തിന്റെ വഴികൾ സഞ്ചരിച്ച് ചിലർ മാത്രം കടന്നുകയറുന്ന ഒരുകോട്ട, സൂചനാഫലകങ്ങളുടെ അടയാളങ്ങളെ വിശ്വസിച്ച് ഒരു യാത്ര. ജൂഡ് എന്റെ യാത്രയുടെ ആദ്യ അടയാളമായിരുന്നു. ഭരത് ഗോപി സംവിധാനം ചെയ്യുന്ന യമനം എന്ന ചിത്രത്തിന് കൂടെ സഹായിക്കാനുള്ള ആളുകളെ നിശ്ചയിച്ചത് ജൂഡായിരുന്നു. അദ്ദേഹത്തിനൊപ്പം നിന്ന ബേബിയേട്ടനായിരുന്നു ഒന്നാമത്തെ സഹസംവിധായകൻ. ബേബിയേട്ടൻ നഗരത്തിലെത്തിയ ദിവസം എന്നെ വിളിച്ചു.
നീ എന്ത് ചെയ്യുന്നു……
ഒന്നുമായില്ല. കഥയെഴുത്തും കാര്യങ്ങളുമായി അങ്ങനെ.
ഞാനിവിടെ ഗോപിയേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ വർക്ക് ചെയ്യാൻ വതാ. ജൂഡ് വിളിച്ചിരുന്നോ …….
വിളിച്ചു. . . . ബേബിയേട്ടൻ വന്നിട്ട് വിളിക്കുമെന്ന് പറഞ്ഞു.
അതാ വിളിച്ചത് . . . ഫ്രീ ആണെങ്കിൽ ഈ സിനിമയ്ക്ക് കൂടെ നിൽക്കൂ. . . നാളെ വൈകുന്നേരം ഗോപിയേട്ടനെ കാണാം. ഇവിടെയുള്ള എല്ലാവരും ആദ്യമായിട്ട് സിനിമ വർക്ക് ചെയ്യുവരാ. . . അങ്ങനായാൽ പണി പാളും. . . . പിന്നെ അവരെയൊന്നും എനിക്കുമറിയില്ല . . . നീയാവുമ്പോ ഒരു സമാധാനമുണ്ട് . . . .
ഞാൻ വൈകിട്ട് വരാം.
ആശുപത്രിയിൽ നിന്നും അവളെ വിട്ട് നേരെ ചെന്നു കയറിയത് മാൻഹാട്ടൻ ഹോട്ടലിലേക്ക് ബേബിയേട്ടനാണാദ്യമെനിക്ക് ഒരു സഹസംവിധായകന്റെ ജോലി പഠിപ്പിച്ചത്. സീരിയലിൽ ആദ്യഷെഡ്യൂളിൽ ക്ലാപ്പ് കൊടുക്കുവാൻ കാണിച്ചു തന്നു. സീൻ ഷൂട്ട് ചെയ്യുതിനു മുമ്പുള്ള ചാർട്ടുകൾ എഴുതിയത് എടുത്ത് തന്നത് രണ്ടാം ഷെഡ്യൂളിൽ. മൂന്നാം ഷെഡ്യൂളായപ്പോൾ ബേബിയേട്ടനില്ലായിരുന്നു. ഓം സഹസംവിധായകനായി എനിക്ക് സ്ഥാനകയറ്റം കിട്ടിയിരുന്നു. ജൂഡിനോടൊപ്പമുള്ള എന്റെ കളരി ഒന്നിന്റെ ആദ്യവസാനമായിരുന്നു. ബേബിയേട്ടൻ തന്നെയാണ് ജൂഡിനോട് എന്നെ വിളിച്ച് കൂടെ നിൽക്കണമെന്ന് പറയാൻ പറഞ്ഞതും.
ഗോപിയേട്ടനെ ഞാൻ ആദ്യമായി കാണുന്നു. സിനിമയെന്ന അത്ഭൂത പ്രപഞ്ചത്തിൽ ഇന്നും സൂര്യനായി തിളങ്ങുന്ന അസാധരണഗോളം. ആ വെളിച്ചത്തിൽ ഞാൻ കണ്ണുമിന്നി നിന്നു. തിരശ്ശീലയിൽ മൗനത്തിന്റെയും ശബ്ദത്തിന്റെയും അകമ്പടിയോടെ കഥാപാത്രങ്ങളായി ഗോപിയേട്ടൻ.
ഇരിക്കൂ.
ഞാൻ നിന്നു. പിന്നെ ഇരുന്നു.
മധു വരുന്നതും കാത്തിരിക്കുവാരുന്നു. ബേബി പറഞ്ഞു , നാളെ നമ്മൾ ഷൂട്ട് തുടങ്ങും…
ഞാൻ മൂളി. ഗോപിയേട്ടന്റെ ഓരോ അനക്കത്തിലും അത്ഭൂതങ്ങൾ, മുമ്പ് കണ്ട മനുഷ്യരിൽ നിന്നും വ്യത്യസ്ഥമായ ഭാവങ്ങൾ. ഓരോ നിമിഷവും സത്യമായി സമീപിക്കുതുപോലെ . കണ്ട സിനിമകളിലൊന്നും ഈ മനുഷ്യൻ ഇല്ലായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഓരോ സിനിമയും ഓരോ കഥയായിരുന്നുവല്ലോ. അതെല്ലാം ഓരോ സ്ഥലങ്ങളിൽ വ്യത്യസ്ഥമായ കാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ. അവരുടെ ഭാവവും പ്രതികരണവും വേറിട്ടത്. അവരുടെ ശാരീരികവും മാനസികവുമായ കാഴ്ചകൾ പലത്. വിവിധ ഋതുക്കളിലെ ജീവിതസാഹചര്യങ്ങൾ. സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങളൊന്നും തന്നെ നടത്താതെ ഫാൻസി ഡ്രസ്സുകളുടെ ഏച്ചുകെട്ടൽഇല്ലാതെ മനസ്സിനെയും കഴിവിനെയും മാത്രം ആശ്രയിച്ച് ഒന്ന് ഒന്നിൽ നിന്നും വ്യത്യസ്ഥമാക്കാനായ അപൂർവ്വം മഹാരഥൻ. അതുപോലൊരു അത്ഭുതം സിനിമയിതുവരെ കണ്ടിട്ടില്ലെന്ന് ഇപ്പോൾ വ്യക്തമാകുന്നു. സിനിമയുടെ തിരക്കഥ വായിക്കണമെന്ന് നിർബ്ബന്ധം പറഞ്ഞു. എങ്കിൽ മാത്രമെ നാമെന്ത് ചെയ്യാൻ പോകുന്നുവെന്ന് മനസ്സിലാകൂ…. എന്ത് ചെയ്യുമ്പോഴും അത് പൂർണ്ണമായി പഠിക്കാനായില്ലെങ്കിൽ അതറിയാവുന്നവരുമായി ഇടപെടുകയും അവരിൽ നിന്ന് വാങ്ങുകയും ചെയ്യണം. ഇന്ത്യയിലെ അത്ഭുതങ്ങളോടൊപ്പമുള്ള സഹവാസം, കൊടുക്കൽ വാങ്ങലുകൾ. ആ കടലിലെ ഒരു തുള്ളി ഞാനും അനുഭവിക്കുകയായിരുന്നു.
നാളെ രാവിലെ കാണാം . . . . . എവിടാ താമസിക്കുന്നത്?
ഞാൻ ശാസ്തമംഗലത്ത് . . . . .
ഇവിടെ താമസിക്കൂ . . . ദിവസവും വീട്ടിൽ പോണമെന്ന് നിർബന്ധമുണ്ടോ. . . .?
വൈഫ് പ്രഗ്നന്റാണ് . . . . .
ഓ . . . . എങ്കിൽ ബേബിയുമായി ആലോചിച്ച് ചെയ്യൂ.
ആ രാത്രി ഒരു പാട് നേരം ഞാൻ ബേബിയേട്ടനും വിജയൻ പെരിങ്ങോടിനുമൊപ്പമിരുന്നു. നാളെ തുടങ്ങാൻ പോകുന്ന യമനം എന്ന സിനിമയുടെ തിരക്കഥ വായിച്ചും അത് ഷൂട്ട് ചെയ്യുന്ന രീതികളെക്കുറിച്ചും സംസാരിച്ചു. വിജയേട്ടന്റെ പരിചയത്തിലാരോ കൊണ്ടു വന്ന് കൊടുത്ത മിലിട്ടറി സാധനം തീർത്തു. നാളെ രാവിലെ ഒമ്പത് മണിയാവുമ്പോഴേക്കും എത്തണമെന്ന് പറഞ്ഞ് വിജയേട്ടൻ എന്നെ ഒരു കാറിൽ കയറ്റി അയച്ചു.
വീട്ടിലെത്തുമ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. വാതിൽ അവൾ തുറന്നു തുന്നു. തീർത്തും അവശയായിരുന്നു.
ഭക്ഷണം കഴിച്ചോ . . .
മൂളലിലൊതുങ്ങി. കട്ടിലിൽ വീണത് ഓർമ്മയില്ല. ശരീരം ഒരു പുഴയിലൂടെ ഒഴുകുന്ന തോന്നൽ. ദേഹം മുഴുവനും നനഞ്ഞുകുതിരുന്നു. തണുപ്പ് പടരുന്നു. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു. അവൾ തീർത്തും തളർന്നിരിക്കുന്നു. അവളുടെ വീർത്ത വയർ ശൂന്യം. കിടക്കമുഴുവനും നനഞ്ഞിരിക്കുന്നു. എന്റെ തലവെട്ടിപ്പിളർന്ന ഒരു നിമിഷം. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വാതിൽ തുറന്ന് അയല്പക്കത്തെ അമ്മച്ചിയെ വിളിച്ചു. എന്റെ വീട്ടുടമസ്ഥ.
ഒരു കാറ് വിളിക്ക് . . . അതൊരലർച്ചയായിരുന്നു.
ആറുമണി കഴിഞ്ഞപ്പോൾ അവൾ അമ്മയായി. ഞാനച്ഛനും.
ഒമ്പത് മണിയാവുമ്പോഴേക്കും ഞാൻ ഗോപിയേട്ടന്റെ ലൊക്കേഷനിലെത്തി. എന്റെ ജീവിതം തുടങ്ങുകയാണ്. ഒരു ദിവസം രണ്ട് പദവികൾ ഏറ്റെടുത്തുകൊണ്ട്. ചിലർ വരുന്നത്, പരിചയപ്പെടുന്നത്, .നിത്യമായ സൗഹൃദമാകുന്നത് ഒക്കെ ഓരോ ജീവിതവും ആടിതീർക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ്. സമയമെന്ന് പറഞ്ഞ് നമ്മളതിനെ കണക്കിന്റെ വൃത്തത്തിലാക്കുന്നു. ഓരോ സൂചിനീക്കങ്ങളിലും അനവധിവഴികളിലൂടെ ഒഴുകുന്ന ഒരു മഹാനദിയുടെ കഥയുണ്ട്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയത്തിന്റെ കഥയുണ്ട്. അതനുഭവിക്കുന്നത് മറ്റൊരാളായിരിക്കും.
Be the first to write a comment.