മേതിലിനെ വായിക്കുകയെന്നത് മലയാളി സൈക്കിനെ സംബന്ധിച്ച് ഒരു ലളിത കർമമല്ല. വായിപ്പിക്കാനുള്ള ഒരിടപെടലും മേതിലിൽ നിന്ന് വായനയ്ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല വായനക്കാരനോട് ഒരു സൌഹൃദവും അയാൾ വെച്ച് പുലർത്തുന്നുമില്ല. ആധുനികത കവിതയെ രൂപപ്പെടുത്തിയ അക്കാലത്തെ വായനക്കാരനെ /നിരൂപകനെ അതിനു അനുകൂലമോ പ്രതികൂലമോ ആയ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അന്ന് സച്ചിദാനന്ദനും കെ.ജി. എസ്സും അടക്കമുള്ളവർ കവിതയിൽ പരിപാലിച്ചിരുന്നു എന്ന് ഇന്ന് നമുക്കറിയാം. എന്നാൽ വായനക്കാരാ എന്ന ഒരു വിളി ഒരു കാലത്തും സൂക്ഷിക്കാതെയാണ് മേതിൽ കവിതയിൽ പെരുമാറിയത്. ‘അതൊരു വിചിത്ര ദർശിനി‘ എന്ന് ബാലചന്ദ്രൻ പിന്നീട് കവിതയിൽ എഴുതിയതിൽ ഈ അംശം കൂടിയുണ്ടെന്ന് ഞാൻ കരുതുന്നു. മേതിൽ സ്വയമേവ വളർന്ന കവിതയും കവിതയിലെ രാഷ്ട്രീയവുമാണ്.
സംസ്കാരത്തിന്റെ രാഷ്ട്രീയം എന്ന് കവിതയെ നിർവചിച്ചു പോരുന്ന വായനകളുടെ നടുവിൽ നിന്നുകൊണ്ടാണ് മേതിൽ സ്വയമേവ ഒരു രാഷ്ട്രീയ കവിതയാണെന്ന് ഞാൻ പറഞ്ഞത്. ഞാനൊരു ഭൌമജീവിയാണെന്ന് മേതിൽ ആവർത്തിക്കുന്നുണ്ട്. ഭൌമജീവി എന്നതിന് മനുഷ്യൻ എന്ന ഒരർത്ഥം മാത്രം ഉള്ള അവസ്ഥയിലേക്ക് ചുരുങ്ങിയ കാലത്ത് എന്റെ കാൽക്കീഴിൽ ഈ മിനുസ പ്രതലത്തിൽ മുറിയുടെ നടുവിൽ പാദത്തിനു തൊട്ടടുത്ത് ഈ പഴുതാര എങ്ങനെ എത്തി എന്ന വിസ്മയം ഭൌമ ജീവി എന്ന പ്രയോഗത്തെ സാധൂകരിക്കുകയും അതിലൂടെ തന്റെ രാഷ്ട്രീയത്തിന്റെ ആയുധം എന്ത്, ലക്ഷ്യസ്ഥാനം ഏത് എന്നുമൊക്കെ മേതിൽ വിശദീകരിക്കുന്നുണ്ട്. എല്ലാ ദിവസവും ചൂല് വീശുന്ന വീട്ടമ്മയെ മേതിൽ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല അങ്ങനെയൊരു ജന്തുവിനെ പരമാവധി അകറ്റി നിർത്തുന്നുമുണ്ട് കവിതയിൽ. മേതിലിലേക്ക്, മേതിലിന്റെ രാഷ്ട്രീയാവബോധത്തിലേക്ക് പ്രക്ഷേപിക്കപ്പെടുന്ന ഒരു സമൂഹം പിറവി കൊള്ളുമോ എന്ന ധാരണ പോലും തെറ്റിപ്പോകാവുന്ന ഒരു കാലത്ത്, തന്റെ ആവാസ വ്യവസ്ഥക്കകത്ത് പൊടിയണിഞ്ഞും ഹരിതമാർന്നും മഞ്ഞു പുതച്ചും കാറ്റേറ്റും തളർന്നും തകർന്നും ജ്വലിച്ചും വിടർന്നും വിരിഞ്ഞും നില്ക്കുന്ന സ്വാഭാവിക പ്രകൃതി ഉയർത്തുന്ന അതിജീവനത്തിന്റെ രാഷ്ട്രീയം മേതിൽ കവിതയെ സമീപിക്കുന്ന ആളെ അണുവികിരണം പോലെ പൊള്ളിച്ചു കളയുന്നു. തിരിച്ചു വരവില്ലാത്തവിധം അയാൾ അതിൽ മുഗ്ദ്ധനാകുന്നു. അത് കൊണ്ട് തന്നെ വളരെ കുറച്ചുപേർ മാത്രമേ ആ രാഷ്ട്രീയത്തെ, ആ കവിതയെ അറിയുന്നുള്ളൂ. ആ വായനക്കാരൻ പോലും മേതിലിനെ തൊടുന്നില്ല. അയാൾ അതിനപ്പുറം സ്പന്ദിക്കുന്ന ഒരു സത്തയാണെന്നു തോന്നിപ്പോകുന്നു.
മേതിൽ തുറന്നു പിടിച്ച വലിയ രണ്ടു കണ്ണുകളാണ്. കണ്ണുകളിൽ നിന്നാണ് മേതിൽകാണുന്നത് കണ്ണുകളിൽ നിന്നാണ് മേതിൽ ശ്വസിക്കുന്നതും മണക്കുന്നതും. കണ്ണുകളിൽ നിന്നാണ് മേതിൽ കേൾക്കുന്നത്. കണ്ണുകളിൽ നിന്നാണ് മേതിൽ തൊടുന്നതും രുചിക്കുന്നതും. കണ്ണ് എന്ന ആയുധം ഇല്ലെങ്കിൽ മേതിൽ എന്നകവിതയില്ല. ഭൂമിയും മരണത്തെയും കുറിച്ച് എന്ന് മേതിൽ എഴുതിത്തുടങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, മഞ്ഞ പടരുന്ന പ്ലാവിലയിൽ വെയിൽ പടരുമ്പോൾ എന്ന് മേതിൽപറഞ്ഞു തുടങ്ങും. കണ്ണ് മേതിലിന്റെ കലയുടെ സ്വക്ഷത്രാധിപനാണെന്നതിനു കൂടുതൽ ഉദാഹരണങ്ങൾക്കായി നിങ്ങൾ ആ കവിതകളിലേക്ക് പോകുക. ദൃഷ്ടാന്തങ്ങൾ നിരത്തി സ്ഥാപിചെടുക്കൽ ഇപ്പോൾ നിരൂപണത്തിന്റെ ധർമ്മം അല്ലാതായിട്ടുണ്ടല്ലോ. വെളിച്ചമാണ് ഈ കലയെ കൊഴുപ്പിക്കുന്നത്. വെളിച്ചം കണ്ണിന്റെ മാത്രം അനുഭവമാണ്. എന്നും എപ്പോഴും മേതിൽ കവിതകൾ തുറന്നാൽ ആദ്യം കണ്ണിൽ വന്നു വീഴുന്ന വാക്ക് വെളിച്ചം എന്നായിരുന്നല്ലോ എന്ന് വിചിത്രവിസ്മയങ്ങളോടെ ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട്. വെളിച്ചത്തിന്റെ ഉത്സവങ്ങളായി പലപ്പോഴും മേതിൽ കവിതകൾ മാറുന്നുണ്ട്. അശുഭം കവിതയുടെ കേന്ദ്രത്തിലേക്ക് ഇഴഞ്ഞെത്തുന്ന ചില ഘട്ടങ്ങളിൽ പോലും വെളിച്ചത്തെ ആദരിച്ചിരുത്താതെ മേതിൽ എഴുതിക്കണ്ടിട്ടില്ല. ഇളകുന്നൊരു ചിറകില്ലാതെ മേതിലിന്റെ ഒരു മത്സ്യവും നീന്തിയിട്ടുമില്ല. മേതിലിന്റെ കല കവിതയിൽ കണ്ണിൽ നിന്ന് പടർന്ന് പന്തലിച്ച് കണ്ണിന്റെ എല്ലാ സാദ്ധ്യതകളെയും ഉപയോഗിക്കുന്നു. മനസ്സ് വിടർത്തിയെടുക്കുന്ന ഇടത്തിൽ അവയെ സ്ഥാപിച്ച് ജനിക്കുകയും വളരുകയും പരിണാമിയാവുകയും ചെയ്യുന്നു. അല്ലെങ്കിൽ വാൻഗോഗിന്റെ ചെവിയിൽ ‘നിറങ്ങളിൽവെച്ച് കാട്ടുകുതിരയായ മഞ്ഞ‘ എന്ന് എഴുതാനാവുമായിരുന്നില്ലെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു. കവിത കണ്ണിന്റെ കലയല്ല. കവിത കണ്ണിന്റെ കലയാവുന്നിടത്തു വെച്ച് അത് യാഥാർത്യത്തിന്റെ മാത്രം കലയാവുന്നു. അപ്പോൾ അതിനു അകാല്പനികമാവാതെ തരമില്ലെന്നു വരുന്നു.
മേതിൽകവിത തീർത്തും അകാല്പനികമാണ്. കാല്പനികത കൊണ്ട് ഒട്ടും മസൃണമല്ല മേതിൽ എഴുതിയ ഒരു കവിതയെങ്കിലും. ആധുനികത മുടിയഴിച്ച് വെച്ച് പിരിഞ്ഞപ്പോൾ അവശേഷിച്ചതെന്ത് എന്ന് ഓർത്ത് നോക്കിയാൽ ഈ വസ്തുത ബോദ്ധ്യമാവും. ആധുനികരിൽ എല്ലാവരും മലയാളിയുടെ സൈക്കിനെ അറിഞ്ഞ് ആദരിച്ച് എഴുതിയ കാല്പനികസ്പർശം പുരണ്ട കവിതകൾ ഇന്നും നിർബാധം വായിക്കപ്പെടുകയും ചൊല്ലപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്യുന്നു. അത്രമാത്രം കാല്പനികമാണ് മലയാളിയുടെ മനോനില. എന്നാൽ വാക്കിൽ നിന്ന് കാല്പനികതയുടെ ഹരിതം ബോധപൂർവ്വം ചോർത്തിക്കളയുകയും വരണ്ടുണങ്ങിയ ഇല ഞെരമ്പുകളിലേക്ക് അകാല്പനികതയുടെ വൈരസ്യം തേവികൊടുക്കുകയും ചെയ്യുമ്പോൾ കവികുലം അന്നോളം മലയാള കവിതയിൽ അനുഷ്ഠിച്ചുപോന്ന സ്ഥിരാനുഷ്ടാനത്തിന് എതിർ നില്ക്കുകയാണ് മേതിൽ ചെയ്തത്. അടുത്തുനിൽകുമ്പോൾ വളരെ അകലെ നിൽക്കുന്ന പ്രതീതിയും അകന്നു നിക്കുമ്പോൾ ഇതാതൊട്ടോളൂ എന്ന് വിസ്മയിപ്പിക്കുകയും ചെയ്തു ആ കാവ്യലോകം. നിർമമതയുടെപ്രപഞ്ചം ആയി അത് നില നിന്നു. കവിതയുടെ ആഖ്യാന കേന്ദ്രത്തിൽ എന്നുംഎപ്പോഴും പ്രഥമ പുരുഷനായി മേതിൽ തന്നെത്തന്നെ പ്രതിഷ്ടിച്ചു. ആ പ്രതിഷ്ഠ അനുഗ്രഹദായക മൂർത്തിയാണോ സംഹരാത്മക സ്വത്വമാണോ എന്ന് തീർപ്പാക്കാനാവതെയാണ് വായനാ ലോകം മേതിലിനെ സമീപിച്ചത്. വിരൽ തുമ്പിൽ കവിതയെ അയാൾ കൊണ്ട് നടന്നു. നിലത്തു നിർത്താതെ, കുറെയേറെക്കാലം . ഈ കാല്പനികാന്തരീക്ഷത്തിലേക്ക്, കാല്പനികതയുടെ നേർത്ത മഞ്ഞു വീഴ്ചയുള്ള ഈ പ്രതലത്തിലേക്ക് എന്തിന് എന്റെ കവിത എന്ന് ഒരു പക്ഷെ അയാൾ ധരിച്ചുവെച്ചിരിക്കണം. ജീവിതം അത്രമേൽ യഥാർത്ഥമാണ് സുഹൃത്തേ എന്ന് എഴുതിപ്പോയവ ആവർത്തിച്ച്, പക്ഷെ, പറഞ്ഞു കൊണ്ടിരുന്നു. അതിനാൽ ഇന്ന് മേതിലിന് ഭിന്നമായ ഒരു വായന സാദ്ധ്യമാവുന്നുണ്ടെന്നു കരുതേണ്ടി വരുന്നു. കാരണം അജൈവികതയും കവിതയുടെ കേന്ദ്രത്തിൽ പ്രവർത്തിക്കുമെന്ന വിളിച്ചു പറയൽ തന്നെയാണത്.
മേതിലിന്റെ കവിതാലോകം ജൈവമാണെന്ന ആഷാമേനോന്റെ നിരീക്ഷണം ഒച്ചുകളുടെ പഗോഡയിൽ ഉണ്ട്. ചലിക്കുന്ന എന്തും ഉൾപ്പെടുന്ന, അത് പൂവും പരാഗവും പുഴുവും പഴുതാരയും വരെ ഉൾപ്പെടുന്ന ഒരു ബഹു വർണ്ണ ജൈവലോകം തന്നെയാണ് ആ വാക്ക് കൊണ്ട്ഉദ്ദേശിക്കപ്പെടുന്നത്. പക്ഷെ കവിതയിൽ ഈ ജീവീലോകത്തെ വിന്യസിക്കുമ്പോൾ എന്ത് കൊണ്ടോ ആ ജീവീലോകം ചേർന്നുണ്ടാക്കേണ്ടുന്ന ഒരു ജൈവലോകത്തെക്കുറിച്ച് മേതിൽ അത്രമേൽ വേവലാതിപ്പെട്ടിട്ടുണ്ടോ? എഴുത്തിൽ അങ്ങനെ വേവലാതിപ്പെട്ടു കണ്ടിട്ടുണ്ടോ? ‘ഞാൻ ആ പഴുതാരക്ക് വേണ്ടി വാദിക്കുന്നു‘ എന്ന് മേതിൽ പറയും. പക്ഷെ കവിതയെന്ന ജൈവ വസ്തുവിലേക്ക് ഈ ജീവീലോകത്തെ തൊടുക്കുമ്പോൾ ആ ജൈവലോകത്ത് ഇവ സ്വച്ഛന്ദം ചരിക്കണം എന്ന ഉള്ളിലുള്ള ഒരു എഡിറ്ററുടെ വാശി പക്ഷെ മേതിൽ കാണിച്ചിട്ടില്ല. അതൊരു ബോധപൂർവ്വ നിസ്സംഗതയാവാം. ആർദ്രതയോടെ എന്തും ചലിക്കുന്നിടത്ത് ജീവന്റെസാന്നിദ്ധ്യമുണ്ടല്ലോ എന്ന വല്ലാത്തൊരു ആർദ്രതയുടെ അഹങ്കാരം ആഷാമേനോൻ എഴുതുമ്പോൾ ആഹ്ലാദത്തോടെ അനുഭവിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെസംഭവിച്ചു. എങ്കിലും ചരിത്രപരമായ സത്യസന്ധത എന്തിലും ഏതിലും വേണം എന്ന് വാശിയുള്ള മേതിലിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചും പറയുമ്പോൾ ആ സത്യസന്ധത സൂക്ഷിക്കാനുള്ള ബാദ്ധ്യതയെക്കുറിച്ചു മാത്രമേ ഞാൻ ഓർക്കുന്നുള്ളൂ. ഈ അല്കാല്പനികത സൃഷ്ടിക്കുന്ന ഒരു ബോധപൂർവ്വ ഭാഷയിൽ നിന്നാണ് മേതിൽ കവിത ആധുനികരുടെ കവിതയിൽ നിന്നും കാവ്യഭാഷയിൽ നിന്നും വിച്ചേദിക്കപ്പെട്ടത്.
മേതിൽ ഒന്നും ഉറക്കെപറഞ്ഞില്ല. ഊർദ്ധ്വബാഹുവായി വിളിച്ചു പറഞ്ഞവന്റെ കുലത്തിൽ അല്ല ഇയാളുടെ ഭാഷ പ്രവർത്തിച്ചത്. അത് പലപ്പോഴും സ്വാഭാവികം കൂടി ആയിരുന്നില്ലെന്ന് തോന്നിപ്പിക്കുമാറു ഉള്ളിലേക്ക് തിരിഞ്ഞിരുന്നു മേതിൽ കവിത സംസാരിച്ചു. അന്തർമുഖത്വം
Be the first to write a comment.