ബ്ലോഗുകള്‍ പച്ചപിടിച്ചുവരുന്ന കാലത്താണ് ഉമ്പാച്ചി എന്നൊരു കവിയുടെപേര് ആദ്യമായി കേള്‍ക്കുന്നത്. കേട്ടാല്‍ എറിക്കുന്ന ഒരു പേരന്വേഷിച്ച്സ്ഥലപ്പേരോ വീട്ടുപേരോ ഒപ്പം ചേര്‍ത്ത് ആവര്‍ത്തിച്ചുപറഞ്ഞുനോക്കിയുറപ്പിക്കുന്ന കൂട്ടുകാരെ കണ്ടിട്ടുണ്ട്. ബ്ലോഗില്‍ പക്ഷേഅങ്ങനെയല്ല കാര്യങ്ങള്‍. വ്യക്തിപരമായ സ്വത്വം ആവുന്നത്ര മറച്ചുവയ്ക്കുന്നപുതുകവികള്‍ അന്ന് എനിക്കൊരു കൌതുകമോ അമ്പരപ്പോ ആയിരുന്നു. ഉമ്പാച്ചി എന്നുകുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഒരുകവിപ്പേരാണെന്നു കണ്ടപ്പോള്‍ തമാശയാണു തോന്നിയത്. പക്ഷേ ഉമ്പാച്ചിയുടെബ്ലോഗില്‍ സ്ഥിരമായി പോകാന്‍ തുടങ്ങിയപ്പോള്‍ കവിതകള്‍ ഈ കവിക്കു വെറുംതമാശയല്ല എന്നു മനസ്സിലായി. ഒതുക്കവും മൂര്‍ച്ചയുമുള്ള ചെറുകവിതകള്‍!മറ്റൊന്നുകൂടിയുണ്ട്.കുഴൂര്‍ വിത്സണ്‍, ലാപുട, ഉമ്പാച്ചി, സനാതനന്‍, കെ എംപ്രമോദ് എന്നിവരുടെയൊക്കെ കവിതകളില്‍ പ്രവാസജീവിതത്തിന്റെ അടയാളങ്ങള്‍ഒളിഞ്ഞോ തെളിഞ്ഞോ ചിലപ്പോഴെങ്കിലും പതിയുന്നുണ്ട്. ഉമ്പാച്ചി എന്ന റഫീക്ക്തിരുവള്ളൂരിലുമുണ്ട് മരുഭൂമിയില്‍ പച്ചവെള്ളം വീഞ്ഞാക്കുന്ന ചിലഅനുഭവങ്ങള്‍.

ആദ്യപുസ്തത്തില്‍ റഫീക്ക് സ്വന്തം പേരിനെ രണ്ടായി പിരിച്ച് പാതി പുസ്തകത്തിനു നല്‍കി. അത് റഫീക്ക് എന്ന കവിയുടെതിരുവെള്ളൂര്എന്ന പുസ്തകമായി. അതില്‍ പ്രവാസമുദ്രകള്‍ക്കൊപ്പം സ്വന്തം നാടിന്റെ മിടിപ്പുകളുമുണ്ട്.

ഇപ്പോഴും നിരത്തിലിറങ്ങി

അടുത്ത ബസിൽ പോയാലോ എന്ന്

നിൽപ്പാണ് അങ്ങാടി

അടിപിടിയുണ്ടാക്കിയും

തീവച്ചും നോക്കിയതാണ്

എന്നിട്ടും എങ്ങും പോയിട്ടില്ല ഇതു വരെ (തിരുവള്ളൂര്)

എന്ന് റഫീക്ക് ഒരു നാട്ടുകാഴ്ചയെ കൌതുകകരമായി അടയാളപ്പെടുത്തുന്നു.

റഫീക്കിന്റെ രണ്ടാമത്തെ കവിതാപുസ്തകമാണ്ഉപ്പിലിട്ടത്. കവിതകളുടെ ഒതുക്കവും സൂക്ഷ്മതയും നിലനിര്‍ത്തുന്ന സമാഹാരം. മറ്റു പലപുതുകവികളെയും‌പോലെ ആവിഷ്കാരം റഫീക്കിനും ഒരു കാവ്യവിഷയമാണ്.കവിതയെഴുതുന്ന മുറിയില്‍ മാത്രമല്ല, ‘നിദ്രയുടെ മാനിഫെസ്റ്റോപോലുള്ളകവിതകളിലും ആവിഷ്കാരത്തെ സംബന്ധിച്ച വിചാരങ്ങളുണ്ട്.

 

 

 

അറിയപ്പെടാത്തതും

നിലവിലില്ലാത്തതുമായ

ഏതോ ഭാഷയില്‍

ദൈവം നമ്മെക്കൊണ്ട് വായിപ്പിക്കുന്ന

കവിതയാകുന്നു കൂര്‍ക്കംവലി.

അതിന്റെ ലൈറ്റും ഷെയ്ഡുമില്ലാത്ത

ദൃശ്യാവിഷ്കാരം സ്വപ്നങ്ങള്‍

എന്നെങ്കിലുമൊരിക്കല്‍

ആ ഭാഷയുടെ ലിപികളും

സ്വരവ്യഞ്ജനങ്ങളും കൈവരുന്നതോടെ

അതിലെ അക്ഷരമാല

കൂട്ടിവായിക്കാന്‍ കഴിയുന്നതോടെ

ഇത്രയും കാലമായി

ഉപയോഗിച്ചു പഴകി

ഉറക്കുത്തിയ വാക്കുകളേക്കാള്‍

എത്ര ഭേദം

ഉറക്കത്തിലെ ഈ ശബ്ദങ്ങള്‍

എന്ന് കൌതുകപ്പെടും നമ്മള്‍ (നിദ്രയുടെ മാനിഫെസ്റ്റോ)

കവിതയില്‍ഉറക്കുത്തിയ വാക്കുകള്‍ക്കപ്പുറത്തേക്കു കടക്കാന്‍ റഫീക്ക് കണ്ടെത്തുന്നവഴി രേഖീയമായി എഴുതുക എന്നതാണ്. കവിതയില്‍ ജീവിതമുണ്ടാവുക, അത് വാക്കുകളിലേക്കു സൂക്ഷ്മമായി സ്വാംശീകരിക്കുക എന്ന ലളിതമെങ്കിലും വെല്ലുവിളി നിറഞ്ഞ എഴുത്തുരീതി. ചാവുകിടക്കയില്‍ അതുണ്ട്. ഉപ്പയുംനാരായണി ടീച്ചറും ദാമോദരന്‍ മേസ്ത്രിയും കമ്പോണ്ടര്‍ ശശിയുടെ അച്ഛനും മൂസമുസ്ലിയാരും പങ്കിട്ട ചാവുകിടക്കയ്ക്ക് പിന്നിട്ടുപോയ ജീവിതങ്ങളുടെ ചൂടും ചൂരുമുണ്ട്. സാന്‍‌ഡ് പേപ്പര്‍ എന്ന ഉരക്കടലാസുപോലുള്ള കവിതയില്‍ ചുമരുകളാകെ വെള്ള വലിപ്പിക്കുന്ന ഉപ്പയും കട്ട്‌ള ഉരച്ചുവെളുപ്പിക്കുന്നഉമ്മയും ഉരച്ചുമായ്ക്കാന്‍ ശ്രമിക്കുന്നത് മുന്‍‌കാലജീവിതത്തിന്റെ അടയാളങ്ങള്‍ കൂടിയാണ്. ആ കട്ട്‌ളപ്പടിയില്‍ പതിഞ്ഞ അടയാളങ്ങള്‍ ഉരക്കടലാസുകൊണ്ടു മായ്ച്ചാലും മായാതെ നില്‍ക്കുന്നു. എത്രകൈയടക്കത്തോടെയാണ് അതിവൈകാരികതയിലേക്കു വീഴാതെ റഫീക്ക് ജീവിതത്തെക്കുറിച്ചുപറയുന്നത്!

മൂത്തപെങ്ങളുടെ മൂക്ക് പിഴിഞ്ഞ്

കോന്തലയിലും ചുമരിലും

ഉമ്മ വിരല്‍ തുടച്ച മൂക്കട്ടയുടെ ബാക്കി

എളാപ്പ കുവൈത്ത് ന്ന് വന്നന്ന്

ചവച്ചു തുപ്പിയ

സ്റ്റിക്കര്‍മുട്ടായികളുടെ പശ

എന്നൊക്കെയുള്ള സൂക്ഷ്മാ‍നുഭവങ്ങളും

ഉപ്പാപ്പയെ പുറത്തേക്കെടുക്കുമ്പോള്‍

ഉമ്മാമയുതിര്‍ത്ത

നെടുവീര്‍പ്പുകളുടെ കനം

എന്ന ദുരന്താനുഭവവുമെല്ലാം ഓര്‍മ്മകളില്‍ തറയ്ക്കുമ്പോഴും

ഉരക്കുകയാണുമ്മ

തെളിഞ്ഞു മായുകയാണോരോന്ന്

എന്നിങ്ങനെഅതിലെ വൈകാരികതയ്ക്കു തട്ടിമറിഞ്ഞൊഴുകാനുള്ള ഇടം കവിത ഒതുക്കത്തില്‍ തടഞ്ഞുനിര്‍ത്തുന്നു. ഓര്‍മ്മകളിലും ചുറ്റുപാടുകളിലും നിറയുന്നുവെങ്കിലും നാട് ഈ കവിതകളില്‍ നൊസ്റ്റാള്‍ജിയ അല്ല. വാക്കുകളിലും അനുഭവങ്ങളിലും നാട് നീറി നീറി നില്‍ക്കുന്നു. നീറ്റല്‍ വരുമ്പോഴെല്ലാം ചെറിയൊരു നര്‍മ്മത്തോടെഅതു മറികടക്കുകയും ചെയ്യുന്നു. ഉരക്കടലാസ് (സാന്‍ഡ് പേപ്പര്‍), ചൂട് (ഭ്രാന്ത്) തുടങ്ങി സമൃദ്ധമായ നാട്ടുവാക്കുള്‍ക്കൊപ്പം മുള്ളൂശി (സേഫ്റ്റിപിന്‍),പോലെ സവിശേഷമായ ചിലതും ഈ കവിതകള്‍ സൂക്ഷിച്ചുവയ്ക്കുന്നു. മുസ്ലീംഭാഷാഭേദത്തിന്റെ സാന്നിധ്യമാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി.മാപ്പിളപ്പാട്ടുകളിലല്ലാതെ അന്‍‌വര്‍ അലിയെപ്പോലെ ചുരുക്കം ചിലരുടെ കവിതകളില്‍ മാത്രമാണ് ഈ ഭാഷാഭേദം ഇത്ര സ്വാഭാവികതയോടെ കടന്നുവരുന്നത്. ഈകവിതകളില്‍ മനുഷ്യര്‍ക്കു മാത്രമല്ല, വസ്തുക്കള്‍ക്കും അവരുടേതായ പെരുമാറ്റങ്ങളും ജീവിതവുമുണ്ട്. ചിരവയ്ക്കും സേഫ്റ്റി പിന്നിനുമൊക്കെ ജീവനുണ്ടെന്നു തോന്നും. ഇടവഴികളും റോഡും പോലും പെരുമാറുന്നതില്‍ജൈവികതയുണ്ട്. ഇവയെല്ലാം ചേരുമ്പോഴും, കാഴ്ചകളിലെ വ്യത്യസ്തതയാണ് റഫീക്കിന്റെ കവിതകള്‍ക്ക് അഴകു നല്‍കുന്നത്. ആ കാഴ്ചകള്‍ക്ക് ഒരു മാന്ത്രികതയുണ്ട്. യുക്തിക്കു നിരക്കുന്ന പുറംകാഴ്ചകളെക്കാള്‍ ഭാവനയുടെയും സ്വപ്നത്തിന്റെയും അയുക്തികമായ മാന്ത്രികതയിലൂടെ കവിതയുടെ ദേശത്തു മാത്രം സംഭവിക്കുന്ന അകംകാഴ്ചകളാണ് അവയില്‍ പലതും.

സ്വപ്നങ്ങളുടെ ജീവിതം

അവയെ കണ്ടവരുടെ

ജീവിതത്തിലുമെത്രയോ ദുസ്സഹം (സ്വപ്നവാങ്മൂലം)

എന്ന് കവിത സ്വപ്നത്തെപ്പോലും മൂര്‍ത്തവും സചേതനവുമാക്കുന്നു.

 ‘ഉപ്പിലിട്ടത്എന്ന കവിതയിലെ വരികള്‍ കൂടി എടുത്തു ചേര്‍ക്കട്ടെ:

കടല്‍ കാണുമ്പോൾ

കരയിലിണ്ടാകും ഉപ്പിലിട്ടതോരോന്ന്

മാങ്ങ നെല്ലിക്ക

കൈതച്ചക്ക കാരറ്റ്

ഏതിലും പ്രിയമൂറും

ഉമിനീരിന്

കപ്പലോടിക്കാം

വായിലപ്പോള്‍ നിറയും

ഒരു കടലെന്നവള്‍

ഭരണിയില്‍ ഉപ്പുവെള്ളം

പച്ചമുളക് എരിവ്

ഒക്കെ കാത്തു നിൽക്കും

ഉന്തുവണ്ടിയുമായ്,

കടലുമുണ്ടാകും

ഉപ്പിലിട്ടോട്ടെ സൂര്യനെ

എന്നു ചോദിച്ചു കൊണ്ട്.

അതേ. സൂര്യനെ ഉപ്പിലിട്ടുവയ്ക്കുന്ന കടലാണു റഫീക്കിന്റെ കവിത.

Comments

comments