കൊണ്ട് പലപ്പോഴും വായനയിൽ ആ ഭാഷ ചിതറിപ്പോയി. ആ അന്തർമുഖത്വം അക്കാലത്തെ രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥ ഉണ്ടാക്കിക്കൊടുത്ത കൃത്രിമമായ ഒന്നായിരുന്നില്ല. മേതിൽ അവനവനിലേക്ക് തിരിഞ്ഞിരിക്കുക തന്നെയായിരുന്നു. ‘ആദ്യത്തെ കണ്ണടയുടെ സുഖം ആദ്യത്തെ പ്രേമത്തിന്റെ സുഖമാകുന്നു’ എന്ന് എഴുതുമ്പോൾ മേതിൽ ഈ തിരിഞ്ഞിരിപ്പിന്റെ മൂർദ്ധന്യത്തിലാണ്. എഴുതിയതിൽ നിന്ന് വായന വികർഷിചു പോകുന്നതരം അവനവൻ പ്രക്ഷേപിക്കലായി അത് മാറി എന്ന്പറയാൻ പോലും തോന്നുന്നു. പക്ഷെ അത് ഒരു തരാം സ്യൂഡോ ഇരുപ്പായിരുന്നില്ല. ആധുനികതയുടെ വ്യാജ നാണയങ്ങൾ ഈ ഇരിപ്പ് ഇരുന്നവരായിരുന്നു എന്നും ഓർക്കണം.മേതിൽ പക്ഷെ ഇരുന്നപ്പോൾ ഊറിക്കൂടിയ സ്രവങ്ങൾക്ക് പശിമ കൂടുതലായിരുന്നു. അയാൾ അപ്പോൾ നെയ്ത വാക്കിന്റെ വലകൾക്ക് കനവും കൂടുതലായിരുന്നു. സമാന മാനസികാവസ്ഥകളിൽ പുലർന്നവർക്ക് ആ ഇരിപ്പിന്റെ സത്യസന്ധത മനസ്സിലാവുമായിരുന്നു. അവരാണ് മേതിലിനെ വായിച്ചു കൂടെ കൂട്ടിയത്. ഞങ്ങളുടെ തലമുറയ്ക്ക് മേതിൽ വായനയെ എത്തിച്ചു തന്നതും അവരായിരുന്നു. ഞങ്ങൾ ഞങ്ങളുടെ കൌമാരവും യൌവനവും കത്തിച്ചു കളഞ്ഞത് ആധുനികതയുടെടെ വ്യാജനിഴലുകളിലായിരുന്നുവല്ലോ, അതും കവിതയുടെ. ഭാഷയിൽ മേതിൽ നടത്തിയ ബോധപൂർവമുള്ള ഇടപെടൽ കവിതയിൽ എന്നും അബോധം മാത്രം പ്രവർത്തിക്കണം എന്ന്ഞാനടക്കമുള്ളവരുടെ വായനാ ബോദ്ധ്യങ്ങളോട് പുറം തിരിഞ്ഞു നിന്നു. പക്ഷെ വായിപ്പിച്ചേ അടങ്ങൂ എന്ന ഒരു ചോദന മേതിൽ എന്നും ഭാഷയിൽ സൂക്ഷിക്കുകയും ചെയ്തു. വിചിത്രമാണത്.
കുഞ്ഞിരാമൻനായരെക്കുറിച്ച് ഓർക്കാതെ മേതിലിന്റെ കാവ്യ വൈചിത്ര്യങ്ങളെ കുറിച്ച് ഒർക്കാനാവില്ല. കുഞ്ഞിരാമൻ നായർ ജീവിതത്തിൽ ശരീരം കൊണ്ട് എത്രമാത്രം അലഞ്ഞിട്ടുണ്ടോ അത്രയും ദൂരം മേതിൽ മനസ്സ് കൊണ്ട് അലഞ്ഞിട്ടുണ്ടാവണം. ഏത് അലച്ചിലിനൊടുവിലും കുഞ്ഞിരാമൻ നായർ വന്നു നിന്നിരുന്ന ഒരു ക്ഷേത്രമുറ്റമുണ്ട്. പ്രകൃതി എന്നതിനെ നമുക്ക് തൽക്കാലം വിളിക്കാം. അതേ പ്രകൃതിയുടെ മറുപുറത്താണ് മേതിൽ തന്റെ അലച്ചിൽ കഴിഞ്ഞു തിരിച്ചത്തിയത്. കമ്പ്യൂട്ടറുകൾ ആണ് എന്റെ കൂട്ടുകാർ എന്ന് മേതിൽ. യന്ത്രത്തിന്റെ ആവാസവ്യവസ്ഥക്കകത്ത് കുടുങ്ങിക്കിടക്കുമ്പോഴും ജീവിതത്തെ യന്ത്രത്തിന് നല്കാതെ പ്രാചീനമായ പാറക്കെട്ടിലെക്കു മുഖം പൂഴ്ത്തുന്ന ഒരാളെ മേതിൽ സൃഷ്ടിച്ചു. അയാൾ എല്ലായ്പ്പോഴും മനസ്സുകൊണ്ട് അലഞ്ഞലഞ്ഞു തിരിച്ചെത്തി. ഭാണ്ഡത്തിൽ നിന്ന് കിട്ടിയ ഭിക്ഷകൾ കുടഞ്ഞിട്ടു. കുഞ്ഞിരാമൻ നായർക്ക് യാത്രാ ഭാണ്ഡം ഉണ്ടായിരുന്നില്ല. അത് കണ്ണിൽ കണ്ടവർക്കെല്ലാം കയ്യിൽ കിട്ടിയത് കൊടുത്ത് മുടിഞ്ഞ മാവായിരുന്നുവത്രേ. മേതിൽ പക്ഷെ ഒരു ഭാണ്ഡം കരുതിയിരുന്നു, ശേഖരിച്ചിരുന്നു. അതിൽ നിന്ന് തരതമ ഭേദത്തോടെ വേർതിരിച്ചിരുന്നു, ഉപയോഗത്തിനെടുത്തിരുന്നു. അങ്ങനെ സൂക്ഷ്മമായി ഉപയോഗിച്ചതിന്റെ ആഴമാണ് മേതിലിന്റെ കവിതകളുടെ ആഴമായി പരിണമിച്ചത്. ഏറെആഴമുള്ള ഒരു നിശ്ചല ജലാശയമാണ് മേതിൽ കവിതകൾ ഓർമ്മിപ്പിക്കുന്നത്. ഒരു ചെറു കല്ലെടുത്ത് എറിഞ്ഞു അതിന്റെ സ്വസ്ഥത തകർക്കാൻ നാം ഇഷ്ടപ്പെടുകയില്ല. പക്ഷെ വായനയുടെ നേരങ്ങളിൽ ആ ജലാശയത്തിലേക്ക് നമ്മുടെ തന്നെ അനുഭവങ്ങളുടെ ചെറു കല്ലുകൾ മുറക്ക് വന്നു വീണു കൊണ്ടിരിക്കും. അതുണ്ടാക്കുന്ന ആലോസരത്തെ നമ്മൾ വാരിപ്പുണരുകയും നമ്മുടെ സ്വകാര്യതകളെ ഈ മനുഷ്യൻ എപ്പോഴാണ് വന്നു കടം വാങ്ങിപ്പോയതെന്നു വിസ്മയിക്കുകയും ചെയ്യും. ഈ വിസ്മയമാണ് മേതിലിന്റെ മൂലധനം.
വായനയിൽ വിസ്മയിപ്പിച്ചു മേതിൽ. ഈ വിസ്മയത്തിനു തുടർച്ചകളുണ്ടാവും എന്നതാണ് ശ്രദ്ധേയമായ കാര്യം. ഉത്തരാധുനികതയുടെ സാമൂഹ്യ സാഹചര്യങ്ങൾ ഒരിക്കലും കടന്നു വരാതെ പോയ കേരളീയ കലകൾ ഉത്തരാധുനികതയുടെ പ്രത്യയ ശാത്രങ്ങൾ കൊണ്ട് അളവുകോലുകൾ ഉണ്ടാക്കി കളിച്ചു നോക്കിയെങ്കിലും എഴുത്തിന്റെ സൌന്ദര്യത്തെക്കുറിച്ച് വീണ്ടും വേവലാതിപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ വേവലാതികളിലേക്ക് ചേർന്ന് നില്ക്കാവുന്ന ഏറ്റവും മികച്ച ഉപദാന വസ്തുവാണ് മേതിൽ കവിതകൾ. അത് കൊണ്ട് തന്നെ മേതിലിൽ നിന്ന് വേരുപൊട്ടുന്ന പലരെയും കാണാൻ കഴിയുന്നുണ്ട്. അതാരൊക്കെ എന്നത് ഇപ്പോൾ പ്രസക്തമല്ല. നാളെ, അത് പ്രസക്തമാകുന്ന ഒരു ദിവസം വന്നാൽ തീർച്ചയായും അത് വിളിച്ചു പറഞ്ഞിരിക്കും.
അയാൾ ഈ ഭൂമിയിൽ പൊടിച്ചുയർന്ന ഒരു പാഴ്വൃക്ഷം ആയിരുന്നില്ല. കാരണം അയാളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ ‘ഭൂമി എന്നും മരണത്തിനു എതിരായിരുന്നു.’
Be the first to write a comment.