റാഡിക്കൽ ഹ്യൂമനിസ്റ്റ് ചിന്തകനായ മാനബേന്ദ്രനാഥ് റായ് 1938 ൽ പ്രസിദ്ധീകരിച്ച ഫാഷിസത്തിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഫാഷിസത്തിന്റെ തത്വശാസ്ത്രത്തേയും പ്രയോഗരീതികളേയും അപഗ്രഥിക്കുന്നതിനൊപ്പം ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിക്കുവാനും മുതിരുന്നുണ്ട്. ആ പ്രവചനത്തിന്റെ സംക്ഷിപ്തരൂപം ഇതാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി പ്രതിനിധാനം ചെയ്ത് പ്രയോഗത്തിൽ വരുത്തിയ രാഷ്ട്രീയം രൂപത്തിലും ഉള്ളടക്കത്തിലും അവസാനം ഫാഷിസത്തിൽ ചെന്നവസാനിക്കും. പ്രസ്തുത ചിന്ത ഒരു മുന്നറിയിപ്പായി അദ്ദേഹം അക്കാലത്തെ കോഗ്രസ്സ് നേതാക്കളുടെ മുന്നിൽ വയ്ക്കുകയും ചെയ്തിരുന്നു.

ഗാന്ധിയൻ രാഷ്ട്രീയത്തിൽ മറഞ്ഞു കിടന്നിരുന്ന ഫാഷിസ്റ്റ് പ്രവണതകളിലേക്ക് വിരൽ ചൂണ്ടുന്ന പ്രവചനാത്മക വീക്ഷണത്തെ നാം മനസ്സിലാക്കേണ്ടത് ഇന്ധിരാഗാന്ധിയേയും അടിയന്തിരാവസ്ഥയേയും ഗാന്ധിസവുമായി സമീകരിച്ചുകൊണ്ടാവരുത്. കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നത് ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അപ്രസക്തമായതും അതിനാൽത്തന്നെ പിരിച്ചുവിടേണ്ടതുമായ ഒരു പ്രസ്ഥാനമായിരുന്നു. ആ പ്രസ്ഥാനത്തിന് പിന്നീട് സംഭവിച്ച രൂപ പരിണാമങ്ങൾക്കും അതിനുള്ളിലെ അധികാരകാമനകൾക്കും ഗാന്ധിയെ പ്രതിയാക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല.

ഗാന്ധി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റിക്കായ ഉള്ളടക്കം മനസ്സിലാക്കുവാൻ കോഗ്രസ് പ്രസ്ഥാനം അധികാരത്തിൽ വന്നപ്പോൾ ഉപയോഗിച്ച ബലകുതന്ത്രങ്ങളെ അപഗ്രഥിക്കുന്നതിനെക്കാളും നല്ലത് നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ പഠിക്കുന്നതാണു. ദേശരാഷ്ട്രത്തിന്റെ അധികാരം കൈയാളുന്നവർ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളിലും പൊതുജനങ്ങളിലും പ്രയോഗിക്കുന്ന അധികാരത്തെക്കാളും ശക്തിയാർജ്ജിച്ചതും സ്ഥായിയായതുമായ അധികാരത്തിന്റെ രൂപമാണ് ദേശരാഷ്ട്രത്തിന്റെ പ്രത്യക്ഷമായ അധികാരകേന്ദ്രങ്ങളിൽ നിന്നും മാറിനിൽക്കുന്നവർ അധികാരയുക്തി അബോധമായി സ്വീകരിച്ചുകൊണ്ട് മറ്റുള്ളവരിൽ പ്രയോഗിക്കുന്നത്. അത്തരമൊരു അധികാരപ്രയോഗമാണ് കവിയിത്രി സുഗതകുമാരിയും ഗാന്ധിയൻ ചിന്തകനായ കെ.അരവിന്ദാക്ഷനും അരുന്ധതിറോയിയുടെ മേൽ പ്രയോഗിക്കുവാൻ ശ്രമിച്ചത് (മാതൃഭൂമി ദിനപത്രം ആഗസ്റ്റ് 27, 2014)

ഇപ്പറഞ്ഞ രണ്ടുപേരും അരുന്ധതി റോയ് ദലിത് പരിപ്രേഷ്യത്തിൽ നിന്നുയർത്തിയ ഗാന്ധിവിമർശനത്തിന്റെ ആധാരയുക്തിയെ തത്തുല്യമായ ഒരു യുക്താധിഷ്ഠിത വ്യവഹാരത്തിലൂടെ നേരിടുന്നതിനുപകരം റോയിയുടെ വാദമുഖങ്ങളെ വളരെ ഉപരിപ്ലവമായി സ്പർശിച്ച് വ്യവസ്ഥാപിത ചരിത്രമെഴുത്തിനോടൊപ്പം നിന്നുകൊണ്ട് ഗാന്ധി ചെയ്തതല്ലേ ഹിറോയിസംന്നട്ടിലുള്ള സരോജ്കുമാറിയൻ ഗിമ്മിക്കുകളിലൂടെ ഗാന്ധി എന്ന വിഗ്രഹത്തെ ജനമനസ്സിൽ പ്രതിഷ്ഠിക്കുവാൻ ആഞ്ഞു പണിപ്പെടുന്നുണ്ട്.  രാമരാജ്യം, ഗാന്ധി തുടങ്ങിയ മിത്തുകൾ സൃഷ്ടിക്കേണ്ടതും അമ്പലങ്ങൾ പണിയേണ്ടതും, വിഗ്രഹങ്ങൾ കാലാകാലങ്ങളിൽ നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തേണ്ടതും ദേവസ്വം കാര്യവാഹകരുടെയും ഒരു പരിധിവരെ ഭക്തരുടെയും ആവശ്യമാണ്. അത് അമ്പലത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവരുടെയും വിഗ്രഹാരാധനയിൽ താല്പര്യമില്ലാത്തവരുടെയും ആവശ്യമായി തൽപരകക്ഷികൾ തെറ്റിദ്ധിരിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം.  ഇത്തരം ഭക്തജനങ്ങളേയും വിഗ്രഹാരാധകരേയും ജർമ്മൻ തത്വചിന്തകനായ ഫ്രീഡ്‌റിച്ച് നീച്ചെ (Friedrich Nietzsche) അദ്ദേഹത്തിന്റെ ദസ് സ്‌പേക്ക് സരതുഷ്ട്ര (Thus Spake Zaratustra) എന്ന ഗ്രന്ഥത്തിലൂടെ പഠിപ്പിച്ച ഒരു പാഠം ഓർമ്മിപ്പിക്കുന്നത് നല്ലതാണെ് തോന്നുന്നു. നിങ്ങളെന്നെ ആരാധിക്കുന്നു, പക്ഷെ ഒരു ദിവസം നിങ്ങളുടെ ആരാധന തകർടിയുകയാണെങ്കിലോ? കരുതലോടെയിരിക്കുക. അല്ലാത്തപക്ഷം ഒരു വിഗ്രഹം നിങ്ങളെ തകർത്തുതരിപ്പണമാക്കിയേക്കാം! . നിങ്ങൾ പറയുന്നു നിങ്ങളെന്റെ വിശ്വാസികളാണെന്ന്. പക്ഷെ എന്തു പ്രാധാന്യമാണ് വിശ്വാസികൾക്കുള്ളത്! നിങ്ങൾ ഇതുവരേയ്ക്കും സ്വയം അന്വേഷിച്ചിട്ടില്ല.  അനന്തരം നിങ്ങളെന്നെ കണ്ടെത്തി.

ഇത്രയും വന്യമായി സ്വാതിക ജീവിതം നയിക്കുന്ന അംഹിസാവാദികളായ ഗാന്ധിയൻമാരെ നാം വിമർശിക്കണമോ എന്ന് പ്രത്യക്ഷമായ എല്ലാ ഏറ്റുമുട്ടലുകളേയും ഭയക്കുന്ന ഭീരുക്കളായ കേരളമധ്യവർത്തി സമൂഹം  ആലോചിച്ചേക്കാം.  ഈ ആലോചന യഥാർത്ഥത്തിൽ ചെന്നെത്തേണ്ടത് ഗാന്ധി വിമർശകരിൽ കാണുന്ന രോഷത്തിലല്ല. മറിച്ച് ഗാന്ധിയുടെയും ഗാന്ധി ആരാധകരുടെയും രാഷ്ട്രീയത്തിൽ അന്തർലീനമായി നിലകൊള്ളുന്ന സാത്വികസ്വഭാവം പൂണ്ട ഹിംസയിലാണ്. ഗാന്ധിനിന്ദയ്‌ക്കെതിരെ കേരളത്തിൽ പ്രതിരോധം തീർത്തവരുടെ ഉത്തമ സാധാരണ ഘടകം പരിശോധിക്കുകയാണെങ്കിൽ ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ മർമ്മം മനസ്സിലാക്കുവാൻ എളുപ്പമായിരിക്കും. തുറന്നു പറയുകയാണെങ്കിൽ, ഗാന്ധിനിന്ദയുടെ പേരിൽ അരുന്ധതി റോയിയെ വളഞ്ഞിട്ട് ആക്രമിച്ചവരും നിരുപാധികം മാപ്പ് നൽകിയവരും ഉയർന്നജാതി ഹിന്ദുക്കളാണെന്നത് ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ ഘടനാപരമായ ചില സവിശേഷതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.  അംബേദ്കരുടെയും ഗാന്ധിയുടെയും കൃതികളുമായി പരിചിതരായ ദലിത് ചിന്തകരാരുംന്നെ ഗാന്ധിനിന്ദയുടെ പേരിൽ അരുന്ധതിറോയിയെ വിമർശിച്ചില്ല എന്നതും ഈയൊരവസരത്തിൽ ഓർക്കേണ്ടതാണ്. ചുരുക്കത്തിൽ ഗാന്ധിയൻ രാഷ്ട്രീയം അടിസ്ഥാനപരമായി സവർണ്ണന്റെ രാഷ്ട്രീയമാണെന്നതിനു ഇതിനെക്കാൾ കൂടുതൽ തെളിവ് ആവശ്യമില്ല. പ്രസ്തുത രാഷ്ട്രീയം പ്രയോഗത്തിൽ വരുത്തുന്നവർ എത്രമാത്രം സാത്വികഭാവം പ്രദർശിപ്പിച്ചാലും ഈ വസ്തുത വസ്തുതയായിത്തന്നെ അവശേഷിക്കും.

കീഴാള ജനവിഭാഗങ്ങൾക്ക് ഇത്തരക്കാരുടെ അഹിംസയിലൂന്നിയ സാത്വിക നാടകത്തോട് അത്രയൊന്നും മമത തോന്നുന്നില്ല എങ്കിൽ അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമൊന്നുമില്ല. കീഴാള ജനവിഭാഗങ്ങൾ സവർണ്ണ സാത്വിക ഭാവത്തിനേട് പ്രകടിപ്പിക്കുന്ന സംശയത്തിന്റെ യുക്തിഭൂമിക വളരെ മുൻപുതന്നെ വർണ്ണവിവേചനത്തിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ അമേരിക്കൻ  പ്രക്ഷോഭകാരിയും ചിന്തകനുമായ മാൽക്കം എക്‌സ് വെളിവാക്കിത്തന്നിട്ടുണ്ട്. മാൽക്കം എക്‌സിന്റെ വളരെ കുപ്രസിദ്ധമായ ഒരു രാഷ്ട്രീയ നിലപാടാണ് വെളുത്ത വർഗ്ഗക്കാരൻ എന്നാൽത്തന്നെ തിന്മയാണ് (White man as such is evil) എന്നത്.  ഇതിനെക്കുറിച്ച് സ്ലൊവേനിയൻ ചിന്തകനായ സ്ലാവോയ് ഷീഷെയ്ക് ( Slavoj Zizek) പറയുന്നതിപ്രകാരമാണ്.  ഈ പ്രസ്താവനയുടെ അർത്ഥം വെള്ളക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ ചെയ്തിട്ടുള്ള തിന്മകളുടെ  ഫലമായി എല്ലാ വെള്ളക്കാരും മോശക്കാരാണെന്നല്ല, മറിച്ച് തിന്മ കുടിക്കൊള്ളുന്നത് വെള്ളക്കാരൻ എന്ന സാർവ്വ ലൗകികമായ ആശയത്തിലാണ്. ഈ പരിപ്രേക്ഷ്യത്തിൽ നിന്നുനോക്കുകയാണെങ്കിൽ സവർണ്ണ/സാത്വികത അതിൽത്തന്നെ ഒരു തിന്മയാണ് എന്ന കീഴാള അബോധയുക്തിയാണ് ഗാന്ധിഭക്തരുടെ പ്രകടമായ സാത്വിക സ്വഭാവത്തെ സംശയബുദ്ധിയോടെ വീക്ഷിക്കുവാൻ കീഴാളരെ പ്രേരിപ്പിക്കുന്നത്.  അതായത് ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ സാത്വികഭാവം സവർണ്ണർക്കുമാത്രം സാധ്യമായ ഒരാഢംബരമാണ്.

ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ സാത്വികഭാവം സവർണ്ണർക്കുമാത്രം സാധ്യമായ ഒരാഢംബരമാണ്

ദലിതരെ സംബന്ധിച്ചിടത്തോളം ഗാന്ധി എന്ന നാമം ഏറെ ഭയപ്പാടോടും അതിനെക്കാളുപരി രോഷത്തോടും കൂടി മാത്രമേ ഓർക്കാൻ കഴിയൂ. ദലിതരെ ഹരിജനങ്ങളാക്കി മാറ്റി അവരെ ഹിന്ദൂയിസത്തിന്റെ മൂശയിൽ വാർത്തെടുത്ത് അവരെ തന്റെ സത്യാന്വേഷണ പരീക്ഷങ്ങൾക്ക് പറ്റിയ ഏറ്റവും നല്ല വസ്തു (object)ക്കളിൽ ന്നായി മാറ്റിയ ഗാന്ധി എന്ന വിഗ്രഹത്തെ മറിച്ച് ഏതു വിധത്തിൽ കാണുവാനാണ് ദലിതർക്ക് കഴിയുന്നത്? അത്തരമൊരു രോഷം കൂടാതെയുള്ള ദലിത് രാഷ്ട്രീയം ആത്മാവിഷ്‌ക്കാരത്തിന്റെ രാഷ്ട്രീയമല്ല. അതുകൊണ്ടുതന്നെയാണ് പ്രശസ്ത കറുത്ത വർഗ്ഗ ചിന്തകനായ ഫ്രാൻസ് ഫനോൻ (Franz Fanon) അദ്ദേഹത്തിന്റെ The Wretched of the Earth ന്ന പുസ്തകത്തിൽ, കൊളോണിയൽ അക്രമവ്യവസ്ഥിതി ഘടനാപരമായി കറുത്തവർഗ്ഗക്കാരിൽ സൃഷ്ടിച്ചിട്ടുള്ള കീഴാളമനസ്ഥിതിയിൽ നിന്നും അവർക്ക് പുറത്ത് കടക്കാനുള്ള കൂട്ടായ മനോവിശ്ലേഷണമാണ്(Collective Psychoanalysis) അക്രമം (Violence) എന്നു വിലയിരുത്തിയത്.

രോഷത്തോടെ  നല്ലെല്ല് നിവർത്തിനിന്നാൽ മാത്രമേ ഒരു ജനതയ്ക്ക് തങ്ങളെ ഹരിജനങ്ങളാക്കിമാറ്റിയ, തങ്ങളിൽ കീഴാളമനസ്ഥിതി കുത്തിനിറച്ച് ഉന്നതജാതി ഹിന്ദുവിന്റെ കാരുണ്യപരമായ ഇടപെടലുകൾക്കും പരീക്ഷണങ്ങൾക്കും പാത്രമാക്കിയ ഒരു വ്യവസ്ഥിതിയോട് പോരാടുന്നതിന്റെ ആരംഭം കുറിയ്ക്കുവാൻ കഴിയുകയുള്ളൂ. ആ കീഴാളരോഷമാണ് അരുന്ധതിറോയ് ജാതീയമായ കീഴാളത അനുഭവിക്കാതെ തന്നെ അത്തരം വിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടിപ്പിച്ചത്. അതിനെതിരെ സാത്വികഭാവം കൊണ്ട് കവചം തീർക്കുന്നവർ തൽസ്ഥിതി (Status quo) യുടെ ചാവേർ പോരാളികളാണ്.

പ്രസ്തുത ഗാന്ധി ഭക്തരുടെ മറ്റൊരു സാധാരണ ഘടകമായി പറയാവുന്നതാണ് അംബേദ്ക്കർ കൃതികളിലും സമകാലീന ദലിത്- കീഴാള പ്രസ്ഥാനങ്ങളുടെ വ്യവഹാരങ്ങളിലുമുള്ള അവരുടെ ശിശുതുല്യമായ അജ്ഞത. ഈ നിഷ്‌കളങ്കതയും അജ്ഞതയും അത്രയൊന്നും യാദൃശ്ചികമല്ല, മറിച്ച് ഇന്ത്യൻ വരേണ്യ സാമൂഹിക സാംസ്‌ക്കാരിക വ്യവഹാരങ്ങൾ സൃഷ്ടിച്ചെടുത്തിട്ടുള്ളതാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് സമകാലീന ലോകത്ത് പ്രയോഗത്തിലുള്ള തൊട്ടുകൂടായ്മയുടെ ആഴം നമുക്ക് ശരിക്കും മനസ്സിലാവുന്നത്.  പ്രശസ്ത ദലിത് ചിന്തകനായ ന്ദ്രഭാൻ പ്രസാദ്തൊട്ടുകൂടായ്മയെ വിലയിരുത്തുത് ഒരു സാമൂഹിക തിന്മയായല്ല (Social evil), മറിച്ച് ഒഴിവാക്കലിന്റെ രാഷ്ട്രീയ സംഹിതയാണ്(political doctrine of exclusion), അതായത്, ദലിതർക്ക് അധികാരവും സമ്പത്തും അറിവും ആർജ്ജിക്കുന്നതിൽ നിന്നും അവരെ തടയുവാനായിട്ടുളള ഒരു ക്രൂരമായ രാഷ്ട്രീയ സംഹിതയാണ് തൊട്ടുകൂടായ്മ. അതുകൊണ്ടുതന്നെ ഒരു ഉയർന്ന ജാതിക്കാരൻ ഒരു ദലിതനെ തൊട്ടതുകൊണ്ടോ അവന്റെ കക്കൂസ് വൃത്തിയാക്കിയതുകൊണ്ടോ മാറുന്ന ഒരു സാമൂഹിക തിന്മയല്ല അത്.

ഗാന്ധി തൊട്ടുകൂടായ്മയെ വിഭാവനം ചെയ്തത് ഒരു സാമൂഹിക തിന്മയായിട്ടാണ്. അതിനാൽത്തന്നെ തൊട്ടുകൂടായ്മക്കതിരെയുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് ഒരു പ്രതീകാത്മ (symbolic)മാനം മാത്രമേയുള്ളു.  ദലിതർക്ക് അധികാരവും സമ്പത്തും അറിവും നേടുന്നതിനായി ഗാന്ധിയൻ രാഷ്ട്രീയം എന്തു സംഭാവനയാണ് നൽകിയിട്ടുള്ളത് എന്ന് ഗാന്ധിഭക്തർ പറഞ്ഞു തന്നാൽ കൊള്ളാം. ദലിതർക്കായി നൂറ്റാണ്ടുകളായി ഭാരതീയ സമൂഹം സംവരണം ചെയ്തുവെച്ചിട്ടുള്ള ജോലികൾ ഗാന്ധിയെപ്പോലൊരാൾ ചെയ്താൽ ദലിതരുടെ ജീവിതാവസ്ഥ മാറുകയില്ലെന്നു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. ഗന്ധിയൻ ദലിത് രാഷ്ട്രീയത്തിന്റെ ആദ്യത്തേയും അവസനാത്തേയും അനുഭാവകാശി ഗാന്ധിതയൊയിരുന്നു. അതദ്ദേഹത്തെ ഒരു സാധാരണ മനുഷ്യനിൽ നിന്ന് മഹാത്മാവാക്കി മാറ്റി.

ഗാന്ധി മനസ്സിലാക്കിയ രീതിയിലുള്ള തൊട്ടുകൂടായ്മ ഇന്ത്യൻ ഭരണഘടനയുടെ ആവിർഭാവത്തോടെ അവസാനിപ്പിച്ചുവെങ്കിൽ ദലിതർ മനസ്സിലാക്കുന്ന രീതിയിലുള്ള തൊട്ടുകൂടായ്മ ഇന്നും നിലനിൽക്കുന്നുണ്ട്.  അത് അധികാരത്തിന്റെ തലത്തിലായാലും വിഭവ വിതരണത്തിന്റെ തലത്തിലായാലും ധൈഷണിക വ്യാപാരത്തിന്റെ തലത്തിലായാലും വളരെ ശക്തിയായി നിലനിൽക്കുന്നുണ്ട്. അത് ഒരു സവർണ്ണ മനസ്ഥിതി കൂടിയാണ്.  അതിന്റെ ഏറ്റവും വലിയ നിദാനമാണ് സുഗതകുമാരിയുടെ ലേഖനം.  ലേഖികയുടെ അഭിപ്രായത്തിൽ അയ്യങ്കാളിയെക്കുറിച്ച് നാം ഇത്രയും കാലം പറഞ്ഞിട്ടില്ല, എഴുതിയിട്ടില്ല എങ്കിൽ അയ്യങ്കാളിയെക്കുറിച്ച് കൂടുതൽ പറഞ്ഞ് /എഴുതി ആണ് നാമതിന് പരിഹാരം തേടേണ്ടത്.  ലേഖനത്തിന്റെ ഒരിടത്തുപോലും എന്തുകൊണ്ടാണു സുഗതകുമാരിയെപ്പോലുള്ള സവർണ്ണർ ഇത്രയും കാലം അയ്യങ്കാളിയെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നതിനെക്കുറിച്ച് ഒരാത്മാന്വേഷണം നടത്തിയതായി കണ്ടില്ല.  എന്തുകൊണ്ടാണ് അയ്യങ്കാളിയെ ഇത്രയും കാലം സുഗുതകുമാരിയെപ്പോലുള്ളവർ അവരുടെ അവബോധത്തിൽ നിന്ന് ഒഴിവാക്കിയത്? എന്തുകൊണ്ടാണ് അയ്യങ്കാളിയെക്കുറിച്ച് ദലിതർ മാത്രം പറയേണ്ടിവരുത്? എന്തുകൊണ്ടാണ് ദലിതർ അയ്യങ്കാളിയെക്കുറിച്ച് പറയുമ്പോൾ, ഗാന്ധിയെ വിമർശിക്കുമ്പോൾ, അയ്യങ്കാളിയെക്കുറിച്ച് കൂടുതൽ പറയൂ. ഞാൻ കേൾക്കാം എന്നുള്ള കാരുണ്യമനോഭാവം ഇവർ പ്രകടിപ്പിക്കുന്നത്? മറ്റൊന്നുകൊണ്ടുമല്ല, തൊട്ടുകൂടായ്മ കൊണ്ട്. ഫുൾസ്റ്റോപ്പ്.

ഗാന്ധിയെ മഹാത്മാവായി ആരാധിക്കുമ്പോൾ അത്തരം ഒരാശയത്തിന് നിലനിൽപ്പുണ്ടാവണമെങ്കിൽ അയ്യങ്കാളിയെ ഘടനാപരമായിത്തന്നെതമസ്‌ക്കരിക്കേണ്ടിവരും. അയ്യങ്കാളിയെ കുറിച്ച് സവർണ്ണ സാത്വികത്വം വെടിഞ്ഞ് ഒരന്വേഷണത്തിന് തയ്യാറാവുകയാണെങ്കിൽ ഗാന്ധിയെ ഒരു മഹാത്മാവായി കൊണ്ടാടുക അത്ര എളുപ്പമല്ല എന്ന് മനസ്സിലാകും. സാധുജനപരിപാലനസംഘം ന്ന പ്രസ്ഥാനം സ്ഥാപിച്ച്, ഒരു വിശാലമായ കീഴാള രാഷ്ട്രീയം വിഭാവനം ചെയ്ത അക്ഷരജ്ഞനം ഇല്ലാതിരുന്ന അയ്യങ്കാളിയേയും പുലയരാജാവ്ന്ന് വിളിച്ച് അദ്ദേഹത്തെ വളരെ ഇടുങ്ങിയ സാമുദായിക ലേബൽ ചാർത്തിക്കൊടുത്ത് പുലയന്മാരേയും പറയന്മാരേയും രാജാക്കാന്മാരേയും മനസ്സിൽ നിലനിർത്തിയ വിദ്യാഭ്യാസമുള്ള ഗാന്ധിയേയും സുഗതകുമാരിക്ക് മനസ്സിലാവില്ലെങ്കിലും കീഴാള ജനവിഭാഗങ്ങൾക്ക് മനസ്സിലാവും.  ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂർ മഹാരാജാവ് ദലിതർക്കായി മഹത്തായ ഒരു സാമൂഹിക വിപ്ലവം നടത്തി എന്നുകൊണ്ടാടുന്ന വ്യവസ്ഥാപിത ചരിത്ര എഴുത്തുകാരും വൈക്കം സത്യാഗ്രഹത്തിലെ ഗാന്ധിയുടെ പങ്കിനെക്കുറിച്ച് വാചാടോപത കാണിക്കുന്ന ഗാന്ധിഭക്തരും പറയാത്തതും സാധാരണ ജനങ്ങൾ അറിയാത്തതുമായ ഒരു വസ്തുതയുണ്ട്. ക്ഷേത്രപ്രവേശനം അയ്യങ്കാളിയുടെ ഒരു രാഷ്ട്രീയ അജണ്ട ആയിരുന്നില്ല.  ക്ഷേത്രപ്രവേശനം കിട്ടി അഞ്ചുവർഷം കൂടി ജീവിച്ചിരുന്ന അയ്യങ്കാളി ഒരു തവണപോലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥനക്കായി പോയിട്ടില്ല.

അയ്യങ്കാളിയും അംബേദ്കറും പ്രതിനിധാനം ചെയ്ത ദലിത് കർതൃത്വ രാഷ്ട്രീയത്തെ വളച്ചൊടിച്ച് ദലിതരെ ഹിന്ദുക്കളാക്കി, ഭക്തരാക്കി മാറ്റിയ ഗാന്ധിയെ ഓർക്കുമ്പോൾ ദലിതർ രോഷം കൊള്ളുകതന്നെ വേണം.
———–
ഡോ. അനിൽകുമാർ.പി.വി
അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഇംഗ്ലീഷ്
ഗവമെന്റ് വിക്‌ടോറിയ കോളേജ്
പാലക്കാട്. 

Comments

comments