(സി.പി.എം. പോഷക സംഘടനയായ എ.കെ.എസ്. നേതാവ് ബി.വിദ്യാധരൻ കാണി ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനുള്ള വിമർശനക്കുറിപ്പ്)

വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ആദിവാസികൾ അതിജീവനത്തിനായി സാധ്യമാകുന്ന എല്ലാ ജനാധിപത്യസമരമാർഗ്ഗങ്ങളും തുടർന്നുവരികയാണ്. രണ്ട് ദശകത്തിലേറെയായി തുടരുന്ന പ്രക്ഷോഭപരമ്പരയിലെ ഏറ്റവും അവസാനത്തേതാണ് 162 ദിവസം നീണ്ടുനിന്ന നില്പ് സമരം. അഭൂതപൂർവ്വമായ ജനപിന്തുണ പ്രക്ഷോഭത്തിന് ലഭിച്ചിട്ടുണ്ട്. യുവതലമുറയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സാംസ്‌കാരിക – സിനിമാ രംഗത്തെ പ്രവർത്തകർ, നവമാധ്യമകൂട്ടായ്മകൾ, ഇടതു-മതേതര ശക്തികൾ, മത-സാമുദായിക സഭകൾ, പരിസ്ഥിതി പ്രവർത്തകർ, ദലിത് – പൗരാവകാശപ്രവർത്തകർ, പ്രൊഫഷണലുകൾ, സാമൂഹിക സംഘടനകൾ തുടങ്ങി അതിവിപുലമായ മേഖലകളിൽ നിന്നു പിന്തുണകിട്ടി. ആദിവാസികൾ നേടിയ വിജയത്തിൽ വിപുലമായ ജനവിഭാഗങ്ങൾ ഇന്ന് സന്തോഷിക്കുന്നുണ്ട്. ഒരു വംശീയന്യൂനപക്ഷത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുള്ള പ്രക്ഷോഭത്തിൽ അവർ കൂടി പങ്കാളിയായിരുതായി കരുതുന്നു. എന്നാൽ, രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് – പ്രത്യേകിച്ചും സി.പി.എം. പോലുള്ള ഇടതുപക്ഷപ്രസ്ഥാനത്തിന് – ആദിവാസികൾ സ്വതന്ത്രമായി നേടുന്ന വിജയം അംഗീകരിക്കാൻ കഴിയുന്നില്ല. ആദിവാസികളും പാർശ്വവൽക്കരിക്കപ്പെട്ടവരും സ്വന്തം കാലിൽ നിന്ന് നേടുന്ന മുന്നേറ്റങ്ങൾ തടയേണ്ടതാണെന്ന് അവർ ദൃഢമായി വിശ്വസിച്ചുവരുന്നു. രൂഢമൂലമായ ഈ ധാരണയാണ് സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിൽ 2015 ജനുവരി 03-ന് പാർട്ടിയുടെ പോഷകസംഘടനയായ എ.കെ.എസ്. (ആദിവാസിക്ഷേമസമിതി) എന്ന സംഘടനയുടെ നേതാവ് ബി. വിദ്യാധരൻ കാണി എഴുതിയ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

നവകേരള സൃഷ്ടിയിൽ അദൃശ്യരായ ആദിവാസികൾ

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിജയത്തെ അംഗീകരിക്കാൻ കഴിയാത്തത് സി.പി.എം. പോലുള്ള ഒരു പാർട്ടിയുടെ ഏകശിലാരൂപമായ ഒരു ഘടന ഉൽപാദിപ്പിക്കുന്ന ബോധമാണെന്ന് സാമാന്യമായി ഒരാൾ നിരീക്ഷിച്ചെന്ന് വരാം. എന്നാൽ ഇതിനുമുപരിയായ  ചില കാരണങ്ങളുണ്ടെന്ന് പറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവശ്യം ഉണ്ടാകേണ്ട ദേശീയവും സാർവ്വദേശീയവുമായ ജനാധിപത്യ-മതേതര സ്വഭാവങ്ങൾ ചോർന്നുപോവുകയും നവകൊളോണിയൽ കാലഘട്ടത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാദേശികപാർട്ടികളുടെ അവസ്ഥയിലേക്ക് സി.പി.എം. പോലുള്ള ഒരു ഇടതുപക്ഷപാർട്ടി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നതും പ്രസക്തമായ നിരീക്ഷണമാണ്.

നവകേരളം സൃഷ്ടിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള പങ്ക് ചെറുതായിരുന്നില്ല. ഭൂപരിഷ്‌കരണത്തിലൂടെ ജന്മിത്ത സമ്പ്രദായത്തിന് അവർക്ക് ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. വിദ്യാഭ്യാസം – ആരോഗ്യം തുടങ്ങിയ വികസന മേഖലകളെ പരിപോഷിപ്പിക്കുന്നകേരള മോഡൽഎന്ന വികസനമാതൃക വികസിപ്പിച്ചു. അധികാരവികേന്ദ്രീകരണത്തിന്റെ മാതൃകകളും പരീക്ഷിച്ചു. എന്നാൽ പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിൽ പരമ്പരാഗത സമൂഹങ്ങൾക്ക് സാമൂഹികനീതിയും വിഭവാധികാരവും ഉറപ്പുവരുത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിശാലമായ മനസ്സുകാണിച്ചില്ല. പാർശ്വവൽകരിക്കപ്പെട്ടജനവിഭാഗങ്ങളെ ഭൂമിയുടെ ഉടമകളാക്കുതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല, നവകേരളസൃഷ്ടിയിൽ മുഖ്യപങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ – സ. ഇ.എം.എസ്. ഉൾപ്പെടെ – ദേശീയരാഷ്ട്ര രൂപവൽക്കരണ ഘട്ടത്തിൽ ആദിവാസികളും അയിത്തജാതിക്കാരും സ്വതന്ത്ര്യപ്രക്ഷോഭങ്ങളിലൂടെ ദേശീയ ഭരണകൂടത്തിൽ നേടിയെടുത്ത അംഗീകാരം തിരിച്ചറിഞ്ഞവരായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ച് നെഹ്‌റുവിന്റെ പഞ്ചശീലതത്വങ്ങളിൽ അടിവരയിട്ട് പറഞ്ഞിരുന്നു. എന്നാൽ നെഹ്‌റുവിന്റെ പഞ്ചശീലതത്വങ്ങളിലും ഇന്ത്യൻ ഭരണഘടനയിലും വംശീയന്യൂനപക്ഷമായ ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും അടിവരയിട്ട് പറയുന്ന കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ വലതുപക്ഷപ്രസ്ഥാനങ്ങളോടൊപ്പം കമ്മ്യൂണിസ്റ്റുകളും അജ്ഞരായി തുടർന്നുവന്നു. അതിനാൽ ആദിവാസികളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ടയാതൊരുവിധ നിയമനിർമ്മാണവും നവകേരളസൃഷ്ടിയുടെ കാലഘട്ടത്തിൽ കേരളത്തിലുണ്ടായിട്ടില്ല. പാർലമെന്ററി വ്യാമോഹവും സോഷ്യൽ ഡമോക്രസിയുടെ സ്വഭാവവും സ്വാധീനിച്ചതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത് കാണാതെ പോയത് എന്ന് വിശദീകരിക്കാൻ കഴിയില്ല. മറിച്ച് വംശീയന്യൂനപക്ഷങ്ങളോടും പാർശ്വവൽകരിക്കപ്പെട്ടജനവിഭാഗങ്ങളോടും ജനാധിപത്യപരവും മതേതരവുമായ ഒരു വീക്ഷണം വച്ചുപുലർത്താൻ കഴിയാത്ത ഒരു ഘടന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക്  വലിയ ഒരുളവുവരെ ഉണ്ടായിരുന്നു. നവകൊളോണിയൽ കാലത്തിന്റെ സവിശേഷതയായ ജാതിവാദത്തിലധിഷ്ഠിതമായി മാത്രം ചിന്തിക്കുന്ന പ്രാദേശികപാർട്ടികളുടെ നിലവാരത്തിലേക്ക് സി.പി.എം. മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം കരുതാൻ.

പാരമ്പര്യ ആവാസവ്യവസ്ഥയിൽ നിന്നും ആദിവാസികളെ നിഷ്‌കാസിതരാക്കിയവർ

ജന്മിത്തമവസാനിപ്പിക്കാൻ പ്രകമ്പനം കൊണ്ട ഭൂപരിഷ്‌കരണ പ്രസ്ഥാനത്തിന് സാക്ഷ്യം വഹിച്ച കാലഘമായിരുന്നു 1960-70 കാലഘട്ടമെങ്കിലും, വനമേഖലയിലും ആദിവാസികളുടെ പാരമ്പര്യ ആവാസവ്യവസ്ഥകളിലേക്കും നിർദാക്ഷിണ്യം  ബാഹ്യശക്തികൾ കടന്നുകയറ്റം നടത്തിയ കാലഘട്ടവുമായിരുന്നു അത്. ബ്രിട്ടീഷ് തോട്ടവൽക്കരണത്തിന് പിന്നാലെ വനഭൂമിയിൽ നിന്നും ആദിവാസികളെ വനംവകുപ്പ് പുറന്തള്ളികൊണ്ടിരുന്നു.  അതേ സമയം ഭൂവുടമകളുടെ താല്പര്യത്തിനും വ്യാപാരത്തിനും വേണ്ടി ആസൂത്രിതമായ വനനശീകരണമാണ് ഈ ദശകങ്ങളിൽ നടന്നത്. ബിർളയെ പോലുള്ള കുത്തകകമ്പനികൾക്ക് വ്യവസായത്തിന്റെ പേരിൽ കേരളത്തിലെ കാടുകൾ തീറെഴുതുന്നതിൽ ഇടതുപക്ഷം മുൻപന്തിയിലായിരുന്നു. സൗജന്യനിരക്കിൽ മുളയും യൂക്കാലിയും നൽകുന്നതിനായി ആദിവാസികളെ ആവാസവ്യവസ്ഥയിൽ നിന്നും കുടിയിറക്കി. മുത്തങ്ങ കാടുകൾ മുഴുവൻ ബിർളയ്ക്ക് വേണ്ടി പ്ലാന്റേഷനുകളാക്കുന്നത് ഈ കാലഘട്ടത്തിലാണ്. സ്വകാര്യവനങ്ങൾ ദേശസാൽക്കരിച്ചെങ്കിലും, സ്വകാര്യവനങ്ങൾ തോട്ടങ്ങളാക്കിമാറ്റാൻ ഇടത് – വലത് മുണികൾ ഒരേപോലെ ഈ കാലഘട്ടത്തിൽ ഭൂവുടമകൾക്ക് സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. ടാറ്റയ്ക്കും – ഹാരിസണും നിർബാധം ഭൂമി കൈവശം വെക്കാൻ അനുമതി നൽകുതിനും, ഇടതു – വലതുമുണികൾ ഒറ്റക്കെട്ടായിരുന്നു. ഭൂപരിഷ്‌കരണത്തിന്റെ പരിധിയിൽ വരാമായിരുന്ന ലക്ഷകണക്കിന് (ഏതാണ്ട് 10 ലക്ഷം ഏക്കർ) ഏക്കർ സ്വകാര്യവനഭൂമി തോട്ടങ്ങളാക്കി പരിവർത്തനപ്പെടുത്തി ഭൂപരിഷ്‌കരണ നടപടിയിൽ നിന്ന് ഭൂവുടമകളെ രക്ഷിക്കുന്നതിനും ഇടത് വലതു മുന്നണികൾക്ക് തുല്യപങ്കാണുള്ളത്. സ്വകാര്യ വനം സർക്കാരിൽ നിക്ഷിപ്തമാക്കികൊണ്ട് 1971-ൽ നിയമസഭ പാസാക്കിയ നിയമത്തിൽ ആദിവാസികൾക്കും ദലിതുകൾക്കും വനഭൂമി പതിച്ചുനൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. പ്രസ്തുത വകുപ്പ് ഭൂരഹിതരായ ആദിവാസികളെയും ദലിതരെയും കുടിയിരുത്തുന്നതിന് ഇടതു വലത് മുണികൾ ഒരിക്കലും ഉപയോഗിച്ചതായി കാണുന്നില്ല. എന്നാൽ മുന്നണി ഭരണം മാറിമാറി വന്ന കാലഘട്ടങ്ങളിൽ നിരവധി ഏക്കർ ഭൂമി ഇതരവിഭാഗങ്ങൾക്ക് പതിച്ച് നൽകി. 1976-ൽ ഒരു സർക്കാർ ഉത്തരവിൽ മാത്രം 45,000 ഏക്കർ വനഭൂമിയാണ് സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകിയത്. (1971-ലെ നിക്ഷിപ്ത വനഭൂമി നിയമത്തിലെ വകുപ്പനുസരിച്ചാണ് ആദിവാസികളെ വനഭൂമിയിൽ കുടിയിരുത്താൻ 2002-ൽ കുടികെട്ടൽ സമരത്തിന്റെ ഭാഗമായി തീരുമാനിക്കുത്). 1977-വരെ വനഭൂമിയിൽ കുടിയേറിയവർക്ക് നിയമപരിരക്ഷ നൽകാൻ നിയമസഭാ പ്രമേയം പാസാക്കിയത് ഇടത് വലത് മുണികൾ ഒറ്റക്കെട്ടായാണ്. വനമേഖലയിൽ ആധിപത്യം ചെലുത്തിയ ഭൂവുടമാവിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വലതുപക്ഷപ്രസ്ഥാനത്തോടൊപ്പം നിന്നവരാണ് കേരളത്തിലെ സി.പി.എം. ഈ ദശകങ്ങളിൽ എവിടെയും ആദിവാസികളുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടെയും ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അവർ ചിന്തിച്ചതായി കാണുന്നില്ല. മാത്രവുമല്ല, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിതിരിച്ചെടുക്കാൻ 1975-ൽ കേരളനിയമസഭ പാസാക്കിയ ആദിവാസിഭൂനിയമം കുടിയേറ്റക്കാർക്കുവേണ്ടി റദ്ദാക്കുന്നതിൽ സി.പി.എം. നേതൃത്വം നൽകി എന്നതും കേരളചരിത്രത്തിന്റെ ഭാഗമാണ്.

ആദിവാസി  ഭൂസമരങ്ങളുടെ തുടക്കവും സി.പി.എം.-ന്റെ പ്രത്യാക്രമണങ്ങളും.

1990 മുതൽ അസംഘടിതമെങ്കിലും നിരവധി ആദിവാസി ഭൂസമരങ്ങൾ കേരളത്തിൽ ഉയർന്നുവന്നു. അന്യാധീനപ്പെട്ടആദിവാസി ഭൂമി തിരിച്ചുകിട്ടാനുള്ള നിയമപരമായ പോരാട്ടവും, ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഭൂസമരങ്ങളും ഒരേസമയം കേരളത്തിൽ അരങ്ങേറി. ഈ ദശകം മുഴുവൻ ഇടതുമുണിയും വലതുമുണിയും ആദിവാസി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നിയമസഭയ്ക്ക് അകത്തും പുറത്തും ഏകോദരസഹോദരങ്ങളെപ്പോലെയാണ് പെരുമാറിയത്. ആദിവാസികളെ കുടിയിരുത്തിയ വയനാട്ടിലെ ചീങ്ങേരി പദ്ധതി ഭൂമി പതിച്ചുനൽകാൻ 94- കാലഘട്ടത്തിൽ സി.കെ. ജാനു നടത്തിയ നിരാഹാരസമരത്തെ തകർക്കാൻ സി.പി.എം. മുൻപന്തിയിലായിരുന്നു. അമ്പുകുത്തിയിലും കോളിക്കംപാളിയിലും തുടർന്ന് പനവല്ലിയിലും നടത്തിയ ഭൂസമരങ്ങളെല്ലാം തകർക്കുന്നതിൽ ഇടത് – വലത് ഭേദമുണ്ടായിരുന്നില്ല. നൂറുകണക്കിന് ആദിവാസികളെയാണ് അന്ന് ജയിലിലടച്ചതും കേസിൽ കുടുക്കിയതും. സി.കെ. ജാനുവും 48 കുടുംബങ്ങളും കുടിൽ കെട്ടി താമസിച്ചുവന്നിരുന്ന പനവല്ലി മിച്ചഭൂമിയിൽ നിന്നും കുടിയിറക്കാൻ വനം – പോലീസ് സേനയെ നിയോഗിച്ചത് 1998-ൽ സി.പി.എം. ഭരണകാലത്തായിരുന്നു. കേരള ഹൈക്കോടതിയിൽ നിന്നും നിയമപരിരക്ഷ നേടിയെടുത്തതുകൊണ്ടുമാത്രമാണ് സി.പി.എം. നേതാക്കൾക്ക് ജാനുവിനെയും ആദിവാസികളെയും കുടിയിറക്കാൻ കഴിയാതിരുന്നത്. (2006-ൽ വനാവകാശനിയമം നിലവിൽ വന്നതോടെ ജാനുവിനും കുടുംബങ്ങൾക്കും പനവല്ലിയിൽ വനാവകാശ രേഖ നൽകാൻ ഇടതുപക്ഷ സർക്കാർ നിർബന്ധിതരായി. എന്നാൽ ഞങ്ങളാണ് ജാനുവിന് വനാവകാശം നൽകിയതെ് പിന്നീട് വീമ്പിളക്കാനും മന്ത്രി എ.കെ. ബാലൻ മടികാണിച്ചിട്ടില്ല. 1999-ന് ശേഷം യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം,  ജാനുവിനെ കുടിയിറക്കാൻ ശ്രമിച്ച പനവല്ലിയിൽ അവശേഷിച്ച വനഭൂമിയിൽ ആദിവാസികളെയും ആദിവാസികളല്ലാത്തവരെയും സി.പി.എം. കുടിയിരുത്തി.  ഇവർക്ക് വനാവകാശരേഖ നൽകുന്നതിന്റെ ഭാഗമായാണ് യഥാർത്ഥത്തിൽ ജാനുവിനുൾപ്പെടെ വനാവകാശരേഖ നൽകാൻ സി.പി.എം. നിർബന്ധിതമായത്.

കണ്ണൂരിലെ ആഫ്രിക്കയിൽ നിന്നും ആറളം ഫാമിലേക്ക്.

1998-ൽ കണ്ണൂർ ജില്ലയിൽ തിരുവോണപ്പുറം മിച്ചഭൂമിയിൽ ആദിവാസികൾ നടത്തിയ കുടിൽ കെട്ടൽ സമരത്തെ ഗുണ്ടകളെ ഇറക്കിയാണ് സി.പി.എം നേരിട്ടിരുന്നത്. ഗുണ്ടാ ആക്രമണത്തെ തുടർന്ന് നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റിയെങ്കിലും, സമരം വിജയിച്ചു. മിച്ചഭൂമിയിൽ കുടിയേറിയവർക്കെല്ലാം ഭൂമി നൽകാൻ ഇടതുസർക്കാർ നിർബന്ധിതമായി. തിരുവോണപ്പുറം സമരത്തിന് ശേഷമാണ് കമ്മ്യൂണിസ്റ്റുകളുടെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിൽ പുഴുക്കളെപോലെ മരിച്ചുകൊണ്ടിരിക്കുന്നവരുടെ ഒരു ഇരുണ്ട ലോകമുണ്ടെന്ന് പുറത്തറിയുത്. തുടർന്ന് 400-ഓളം പേർക്ക് പുല്ലുകിളിർക്കാത്ത ചെങ്കൽ പാറ നൽകിയാണ് ആദിവാസിമുന്നേറ്റത്തെ തടയാൻ ഇടതുസർക്കാർ  ശ്രമിച്ചത്. ആയിരക്കണക്കിന് ആദിവാസികളുടെ സമരമുഖം പിന്നീട് തുറക്കപ്പെടുന്നത് കണ്ണൂർ ജില്ലയിലെ ആറളം ഫാമിലാണ്. ഒരു കാലത്ത് ആദിവാസി ഭൂമിയായിരുന്ന ആറളം ഫാം അടച്ചുപൂട്ടി കുത്തകകൾക്ക് വിൽപന നടത്താൻ നീക്കം നടക്കുമ്പോഴാണ് ആറളം ഫാം തിരിച്ചുകിട്ടണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നത്.

ആറളം ഫാം ആദിവാസികൾക്ക് പതിച്ചുനൽകാനായി സംസ്ഥാന സർക്കാരിന് കൈമാറരുതെന്നാണ് എ.പി. അബ്ദുള്ളക്കുട്ടി എം.പി.യും മറ്റ് ഏഴ് എം.പിമാരും സി.പി.എം.-ന് വേണ്ടി കേന്ദ്രസർക്കാരിന് 2002-ൽ നിവേദനം നൽകിയത്. (ഇത്ര കൃഷിയോഗ്യമായ ഭൂമി ആദിവാസികൾക്ക് നൽകരുതൊയിരുന്നു നിവേദനം). 2002- ഒക്‌ടോബർ 24-ന് ആദിവാസി പ്രക്ഷോഭം ഉൽഘാടനം ചെയ്യാനായി ആറളം ഫാമിൽ കാല് കുത്തിയാൽ സി.കെ. ജാനുവിന്റെയും നേതാക്കളുടെയും കാല് വെട്ടിക്കളയുമെന്ന് വ്യവസ്ഥാപിത ശൈലിയിൽ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകളെയാണ് ആറളം ഫാമിന് ചുറ്റും സി.പി.എം. അണിനിരത്തിയിരുന്നത്. പക്ഷേ ആദിവാസിമുന്നേറ്റം അതിനെ പരാജയപ്പെടുത്തി. 2000-ൽ അവസാനിച്ച സി.പി.എം  ഭരണകാലത്ത് തന്നെയാണ് ഇടുക്കി – കുണ്ടളയിലെ മുതുവാൻ ആദിവാസികളുടെ പശുതൊഴുത്ത് പിടിച്ചെടുത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ ഇടതുപക്ഷ സർക്കാർ തീരുമാനിച്ചത്. മന്ത്രി. പി.ജെ. ജോസഫും ഉതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അൽഫോസ് കണ്ണന്താനുവുമായിരുന്നു നടത്തിപ്പുകാർ. എഞ്ചിനീയറിംഗ് കോളേജ് ഇടിച്ചുനിരത്തി ആദിവാസികൾ ഭൂമി തിരിച്ചുപിടിച്ചപ്പോൾ ടാറ്റാ എസ്റ്റേറ്റിലെ തൊഴിലാളികളെയും ഗുണ്ടകളെയും ഇറക്കിയാണ് ഇടതുപക്ഷസർക്കാർ ആദിവാസികളെ നേരിട്ടത്. വെട്ടുംകുത്തുമേറ്റ നിരവധി നേതാക്കൾ മാസങ്ങളോളം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടു. ആദിവാസികളെ മുഴുവൻ അടിച്ചോടിച്ചിരുന്നു. 2000-മെയ് മാസം പി.ജെ. ജോസഫ് മത്സരിച്ച തൊടുപുഴ മണ്ഡലത്തിൽ സി.കെ. ജാനു നിരാഹാരസമരം തുടങ്ങിയതിനു ശേഷമാണ് കുണ്ടള ആദിവാസി ഭൂമി തിരിച്ചുനൽകാൻ ഇടതുപക്ഷസർക്കാർ നിർബന്ധിതരായത്. ഒത്തുതീർപ്പിന്റെ ഭാഗമായി ആദിവാസികളെ തിരിച്ചുകൊണ്ടുവരാമെന്നും, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആദിവാസി ഭൂമിയിൽ സ്ഥാപിക്കില്ലെന്നും ഇടതുപക്ഷസർക്കാർ ഉറപ്പുനൽകി. (മേൽപറഞ്ഞ കുണ്ടള ഭൂമിയിൽ 61 കുടുംബങ്ങൾക്ക് 5 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയത് 2001-ലെ കുടിൽ കെട്ടൽ സമരത്തിന്റെ തീരുമാനമനുസരിച്ച്  ആന്റണി സർക്കാരിന്റെ കാലത്താണ്). ഭൂരഹിതരായ ആദിവാസികൾ കേരളത്തിന്റെ വിവിധ മേഖലകളിൽ ഒരു ദശകക്കാലമായി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ഭൂസമരങ്ങളെ മർദ്ദനമുറകളിലൂടെ നേരിടുന്ന സമീപനമാണ് സി.പി.എം. തുടക്കം മുതൽ ചെയ്തുകൊണ്ടിരുന്നത്. ഭൂസമരങ്ങൾക്ക് വ്യാപ്തി കൈവരിച്ചതോടെ മാത്രമാണ് നിലപാടിൽ അയവുവരുത്താനും സമരക്കാരുടെ കുപ്പായമണിയാനും എ.കെ.എസ്. നേതാവായ ബി.വിദ്യാധരൻ കാണിയെ പോലുള്ളവരെ രംഗത്തിറക്കിയത്.

ആദിവാസികളുടെ അന്യാധീനപ്പെട്ടഭൂമി തിരിച്ചെടുക്കാനുള്ള നിയമം അട്ടിമറിച്ചതാര്?

ഭൂരഹിതരുടെ സമരങ്ങളെ മർദ്ദനമുറകളിലൂടെ തകർക്കാൻ ശ്രമിച്ച സി.പി.എം. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാൻ കേരളത്തിൽ നിലനിന്ന ഒരേയൊരു നിയമം അട്ടിമറിച്ചവരാണെ് ഏവർക്കുമറിയാം. ആദിവാസികളുടെ അന്യാധീനപ്പെട്ടഭൂമി തിരിച്ചെടുക്കാൻ 1975-ൽ കേരള നിയമസഭ നിയമം പാസാക്കിയിരുന്നെങ്കിലും, 1986-ൽ മാത്രമാണ് ചട്ടങ്ങൾ തയ്യാറാക്കിയത്. നിയമാനുസൃതം അപേക്ഷ സമർപ്പിക്കാൻ ഭൂമി നഷ്ടപ്പെട്ടനിരവധി കുടുംബങ്ങൾക്ക് കഴിയാതിരുന്നതിനാൽ 4200-ഓളം പരാതികൾ മാത്രമെ വ്യവഹാരത്തിന്റെ പരിധിയിൽ വന്നിരുന്നുള്ളു. ഈ പരാതികളെക്കുറിച്ച് തീർപ്പ് കൽപ്പിച്ച്, അന്യാധീനപ്പെട്ടഭൂമി തിരിച്ചെടുക്കാൻ ഇടതു – വലത് പാർട്ടികൾ തയ്യാറായിരുന്നില്ല. വോട്ട് ബാങ്കിൽ സുസംഘടിതരായ കുടിയേറ്റ വിഭാഗങ്ങളെ സംരക്ഷിക്കാനാണ് രണ്ടുകൂട്ടരും താല്പര്യം കാട്ടിയത്.

നിയമം ഭേദഗതി ചെയ്ത്, ആദിവാസികൾക്ക് നഷ്ടപ്പെട്ടഭൂമിക്ക് പകരം ഭൂമി കൊടുക്കാനും കുടിയേറ്റക്കാർ കൈയ്യേറിയ ഭൂമിക്ക് സ്ഥിരാവകാശം നൽകാനും 1996- ൽ ആന്റണി സർക്കാർ ഒരു കരട് ബിൽ തയ്യാറാക്കി. കരട് നിയമം കേന്ദ്രസർക്കാർ തിരിച്ചയക്കുമെന്നായപ്പോൾ ഏ.കെ. ആന്റണി, ഇ.കെ. നായനാർ, പി.ജെ. ജോസഫ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഇന്ത്യൻ പ്രസിഡന്റിനെ കാണാൻ ഡൽഹിക്ക് തിരിച്ചത്. ആദിവാസികളെ രക്ഷിക്കാൻ ഒരിക്കലും കേന്ദ്രത്തെ സമീപിക്കാത്തവർ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു കൃത്യത്തിന് വേണ്ടി മാത്രമാണ് കേന്ദ്രത്തെ സമീപിച്ചത്. 1975-ലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കൽ നിയമം പൂർണ്ണരൂപത്തിൽ നടപ്പാക്കികിട്ടാൻ ഡോ. നല്ലതമ്പി തേറ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് 1995-ൽ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് ഏ.കെ. ആന്റണി സർക്കാർ തുനിയുന്നത്. നിയമഭേദഗതിയെ ദേശീയപട്ടികവർഗ്ഗ കമ്മീഷൻ പിൻതുണക്കില്ലെന്ന് ബോധ്യം വന്നതിനാൽ കാർഷികഭൂനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി 1999 ൽ മറ്റൊരു ഭേദഗതി നിയമം ഇടതുപക്ഷസർക്കാർ കൊണ്ടുവന്നു. ആദിവാസിഭൂമി കൈവശം വെക്കുന്ന കുടിയേറ്റക്കാർക്ക് 5 ഏക്കർ വരെ കൈവശാവകാശം നൽകാനും, തത്തുല്ല്യമായ അളവിൽ ഭൂമി നഷ്ടപ്പെട്ടആദിവാസികൾക്ക് പകരം ഭൂമി നൽകണമെന്നുമാണ് ഭേദഗതി. 5 ഏക്കറിൽ കൂടുതൽ ഉള്ളത് പിടിച്ചെടുത്ത് നൽകുകയും വേണം. 1975 ലെ നിയമത്തിന് ഭേദഗതി വരുത്തി 1999 ൽ നിയമം കൊണ്ടുവരുന്നതോടൊപ്പം 1975 ലെ മൂലനിയമം റദ്ദാക്കാനും തീരുമാനിച്ചു. നിയമസഭയിൽ അംഗീകാരം തേടിയപ്പോൾ ഇടത് – വലത് രാഷ്ട്രീയപാർട്ടികളെല്ലാം കുടിയേറ്റക്കാരോടൊപ്പം നിന്നു. ഇടതുപക്ഷത്തുണ്ടായിരുന്ന കെ.ആർ. ഗൗരിയമ്മ മാത്രം ഭേദഗതിയെ എതിർത്തു. കേരള ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിയമനിർമ്മാണത്തിന് കാർമ്മികത്വം നൽകിയത് തങ്ങളാണെ് പുതിയ എ.കെ.എസ്. തലമുറയെ പഠിപ്പിക്കാനുള്ള ആർജ്ജവം സി.പി.എം. നേതൃത്വം കാട്ടുമോ?

ഒരു ദശകം നീണ്ടുനിന്ന വ്യവഹാരവും ഇടതു-വലതു മുണികൾ തമസ്‌കരിച്ച അന്യാധീനപ്പെട്ടഭൂമി തിരിച്ചെടുക്കലും

ഇടതുപക്ഷസർക്കാർ കൊണ്ടുവന്ന 1999-ലെ നിയമം ഭരണഘടനാവിരുദ്ധമെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചെങ്കിലും, ഹൈക്കോടതി വിധി മറികടക്കാൻ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഒരു ദശകത്തോളം കേസ് നീണ്ടുപോയി. 2009-ൽ സുപ്രീംകോടതി ഭാഗികമായി നിയമത്തിന് അംഗീകാരം നൽകി. ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ടഭരണഘടനാപ്രശ്‌നങ്ങൾ കോടതി പരിഗണിച്ചില്ല. പകരം കൃഷിഭൂമി നൽകണമെന്ന നിർദ്ദേശത്തോടെ കേസ് അവസാനിപ്പിച്ചു. തുടർന്നുള്ള വ്യവഹാരത്തിന് ആദിവാസികൾ ഇതുവരെ തയ്യാറായിട്ടില്ല. ഒരു ദശകം മുഴുവൻ കേരളത്തിലെ പൊതുമനസ്സാക്ഷിയുടെ ധാർമ്മികതയ്ക്ക് മുന്നിൽ വിചാരണചെയ്യപ്പെട്ടആദിവാസികളുടെ അന്യാധീനപ്പെട്ടഭൂമിയുടെ പ്രശ്‌നത്തെക്കുറിച്ച് കേരളത്തിലെ ഇടതുവലതു പാർട്ടികൾ ഇപ്പോൾ ഒരേപോലെ മൗനംപാലിക്കുകയാണ്. ആദിവാസി ഭൂമി തിരിച്ചെടുക്കലോ, പകരം കൊടുക്കലോ അല്ല അവരുടെ പ്രശ്‌നം, ആദിവാസി ഭൂമി കയ്യേറിയവർക്ക് നിയമസാധുത ഉണ്ടാക്കൽ മാത്രമാണ്. സുപ്രീംകോടതി വിധിയെ അതിനുവേണ്ടി മാത്രമാണ് ഭരണകർത്താക്കൾ ഉപയോഗപ്പെടുത്തിവരുത്.

ആദിവാസികളുടെ തിരിച്ചുവരവ്

ആദിവാസികളുടെ അന്യാധീനപ്പെട്ടഭൂമി തിരിച്ചെടുക്കാനുള്ള നിയമം കുഴിച്ചുമൂടുന്നതോടെ, ആദിവാസിപ്രശ്‌നം കേരളത്തിൽ കെട്ടടങ്ങുമൊണ് ഇടതു – വലതു മുണികൾ കണക്ക് കൂട്ടിയത്. എാൽ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് വിപുലമായ ഒരു തിരിച്ചുവരവാണ് മാസങ്ങൾക്കുള്ളിൽ കേരളം കണ്ടത്. 1999-2000 വർഷത്തിനിടയിൽ 157-ഓളം ആദിവാസികൾ പട്ടിണിമരണത്തിനിരയായ സാഹചര്യമാണ് പുതിയ ഉണർവ്വിന് കാരണമായത്. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ജീവിക്കാനാവശ്യമായ കൃഷിഭൂമി നൽകി പുനരധിവസിപ്പിച്ച് പട്ടിണിമരണത്തിന് അറുതി വരുത്തുക, നിക്ഷിപ്തവനഭൂമി നിയമം നടപ്പാക്കുക, ആദിവാസി മേഖലകൾ 5-ആം പട്ടികയിലുൾപ്പെടുത്തി നിയമനിർമ്മാണം നടത്തുക, ആദിവാസി പ്രൊജക്ടുകളിൽ കൈവശാവകാശരേഖ നൽകുക, അന്യാധീനപ്പെട്ടആദിവാസി ഭൂമി തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2001 ആഗസ്റ്റ് 29 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ കുടിൽകെട്ടൽ സമരം തുടങ്ങിയത്. ഇടത് വലത് മുണികൾ ആദിവാസി സമരത്തെ പരാജയപ്പെടുത്താൻ നിരവധി നീക്കങ്ങൾ നടത്തി. കുടിൽ കെട്ടൽ സമരക്കാരെ അടിച്ചോടിക്കുകയാണ് വേണ്ടതെന്നാണ് അന്ന് ഇടതുമുണി കവീനർ പ്രഖ്യാപിച്ചത്. എന്നാൽ 48 ദിവസം നീണ്ടുനിന്ന സമരത്തെതുടർന്ന് ആന്റണി സർക്കാർ ഒത്തുതീർപ്പിന് തയ്യാറായി. പ്രക്ഷോഭത്തിനിടയിൽ കേരളത്തിലെ മുഴുവൻ ഗോത്രവർഗ്ഗവിഭാഗങ്ങളേയും ഒരു സാമുദായിക ശക്തിയായി ഏകോപിപ്പിക്കാൻ പ്രക്ഷോഭത്തിന് കഴിഞ്ഞിരുന്നു. ആദിവാസി ഗോത്രമഹാസഭ രൂപം കൊണ്ടതും ഈ കാലഘട്ടത്തിലാണ്. 2001 ഒക്‌ടോബർ 16-ന് സർക്കാർ ഒത്തുതീർപ്പു വ്യവസ്ഥകൾ വ്യക്തമാക്കി. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും 1 ഏക്കർ മുതൽ 5 ഏക്കർ വരെ ഭൂമി നൽകി പുനരധിവസിപ്പിക്കും. ആദിവാസി പ്രോജക്ടുകളിൽ 5 ഏക്കർ വരെ ഭൂമി നൽകും. ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിന് ഒരു പുനരധിവാസമിഷന് രൂപം നൽകും, പദ്ധതി നടത്തിപ്പിൽ ഊരുകൂട്ടങ്ങൾക്ക് പങ്കാളിത്തം നൽകും. നൽകുന്ന ഭൂമിയും നേരത്തേ ഉള്ള ഭൂമിയും ഭരണഘടനയുടെ 5-ആം പട്ടികയിൽ ഉൾപ്പെടുത്തി നിയമനിർമ്മാണം നടത്തും, നിക്ഷിപ്തവനഭൂമി നിയമം ഉപയോഗപ്പെടുത്തി കേന്ദ്രത്തോട് വനഭൂമി ആവശ്യപ്പെടും. അന്യാധീനപ്പെട്ടആദിവാസിഭൂപ്രശ്‌നം സുപ്രീംകോടതിവിധിക്ക് വിധേയമായി നടപ്പാക്കും തുടങ്ങിയ വ്യവസ്ഥകൾ കേരളത്തിലെ ആദിവാസി ജീവതത്തെ സമഗ്രമായി മാറ്റിമറിക്കുന്നതിന് പര്യാപ്തമായിരുന്നു. ഈ തീരുമാനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് 1996-ൽ കേന്ദ്രസർക്കാർ പാസാക്കിയ ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കുമെന്ന തീരുമാനമാണ്. അഭൂതപൂർവ്വമായ ഒരു ഉണർവ്വാണ് കേരളത്തിലെ ആദിവാസി മേഖലയിൽ ഉണ്ടായത്. 2002 ജനുവരി 1 മുതൽ പുനരധിവാസ പദ്ധതി നടപ്പാക്കി തുടങ്ങി. ദുർബ്ബലരായ ആദിവാസികളുടെ നിശ്ചയദാർഢ്യമായിരുന്നു ഈ വിജയത്തിന് കാരണം. കേരളത്തിലെ സംഘടിത രാഷ്ട്രീയപാർട്ടികൾക്ക് – പ്രത്യേകിച്ചും ഇടതുപക്ഷപാർട്ടികൾക്ക് – നാളിതുവരെയുള്ള തെറ്റുതിരുത്താനും ആദിവാസികളെ പൊതുധാരയിലേക്ക് എത്തിക്കാനുമുള്ള ഒരുവസരമായി ഇത് ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. എന്നാൽ സി.പി.എം.പോലുള്ള പ്രസ്ഥാനത്തിന്റെ യഥാർത്ഥ ജീർണ്ണതയും വർഗ്ഗസ്വഭാവവും മറനീക്കി പുറത്തുവന്നുതുടങ്ങി. ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) എന്ന സംഘടനക്ക് രൂപം നൽകി ആദിവാസി മുന്നേറ്റത്തെ നേരിടാനാണ് അവർ തീരുമാനിച്ചത്.

ആദിവാസികളെ ഒപ്പം നിർത്താൻ എ.കെ.എസ്.

കുടിൽകെട്ടൽ സമരത്തിലൂടെ ആദിവാസികൾ ഒരു സ്വതന്ത്രവിജയം നേടിയപ്പോൾ, ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയത് കേരളത്തിലെ കുടിയേറ്റക്കാരേക്കാളേറെ സി.പി.എം  നേതൃത്വത്തെയാണ്. അതുകൊണ്ട് ഈ സമരവിജയത്തെക്കുറിച്ച് ഒരു നിലപാട് വ്യക്തമാക്കാൻ അവർക്ക് ഒരു ചർച്ചയും ആവശ്യമായിരുന്നില്ല. നിരവധി സർക്കാർ ഉത്തരവുകളും, കരടുപദ്ധതികളും ഉണ്ടായിരുന്ന പുനരധിവാസമിഷൻ കേരളത്തിലെ പട്ടികവർഗ്ഗ ഉപപദ്ധതിയുടെ ഭാഗമായി മാറിയിരുന്നു. ഇതൊന്നും പഠിക്കാൻ ആരെയും ചുമതലപ്പെടുത്തേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. അതിനാൽ ആദിവാസികളുടെ കുടിൽകെട്ടൽ സമരം വിജയിച്ചു എന്ന വാർത്ത വന്ന ഉടൻതന്നെ ഇത് വഞ്ചനാപരമായ കരാറാണെന്ന് വ്യക്തമാക്കി (ആര് ആരെ വഞ്ചിച്ചു എന്നതിന് വിശദീകരണമില്ല!).  ആദിവാസികളുടെ ഗോത്രസഭയിലേക്കുള്ള ഒഴുക്ക് തടയാനും, ഭൂവിതരണ പരിപാടികൾ അട്ടിമറിക്കാനുമുള്ള നിഗൂഢമായ നീക്കമാണ് സി.പി.എം. നേതൃത്വത്തിൽ തുടർന്ന് നടപ്പാക്കിയത്. സാമുദായികസംഘടനകൾ പാടില്ലെന്ന നിലപാടുള്ള സി.പി.എം. ആദിവാസിക്ഷേമസമിതി എന്ന പോഷകസംഘടനയുണ്ടാക്കി. ജയിൽ നിറക്കൽ സമരവും, ഭൂമികയ്യേറ്റ സമരവും ആരംഭിച്ചു. സി.പി.എം.ന്റെ ജയിൽ നിറക്കൽ സമരം പര്യവസാനിപ്പിച്ചത് രണ്ട് തീരുമാനങ്ങളോടെയാണ്. ഒന്ന്, ആദിവാസി ഭൂവിതരണ നടപടിയിൽ രാഷ്ട്രീയപാർട്ടികൾക്ക് ഊര് കൂട്ടങ്ങളേക്കാൾ പരിഗണന കിട്ടുമെന്ന് ഉറപ്പാക്കി. രണ്ട് ത്രിതലപഞ്ചായത്തുകളിൽ നിന്നും പുനരധിവാസത്തിന് തിരിച്ചെടുത്ത ഫണ്ടിന്റെ ഒരു ഭാഗം പഞ്ചായത്തുകൾക്ക് തന്നെ തിരിച്ചുനൽകുമെന്നും ഉറപ്പാക്കി. തുടർന്ന് ഭൂമി കയ്യേറ്റസമരത്തിനാണ് തുടക്കം കുറിച്ചത്! ഭൂമി കയ്യേറ്റം നടത്തിയതാകട്ടെ ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചുനൽകാൻ നിക്ഷിപ്തവനഭൂമി നിയമത്തിന്റെ (1971) വകുപ്പുപയോഗിച്ച് കേന്ദ്രസർക്കാരിന് സമർപ്പിച്ച ഭൂമിയുടെ ലിസ്റ്റ് നോക്കിയാണ്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ വഴി സി.പി.എം. നേതൃത്വം ഈ ലിസ്റ്റ് സംഘടിപ്പിച്ചിരുന്നു. ആദിവാസി പുനരധിവാസ പദ്ധതിക്ക് വേണ്ടി 30,000 ഏക്കർ നിക്ഷിപ്ത വനഭൂമി വിട്ടുകിട്ടാനാണ് 08-12-2002-ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിരുന്നത്. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയിൽ സി.പി.എം. നേതൃത്വത്തിൽ കയ്യേറ്റം നടത്തിയവരിലേറെയും ഭൂമിയുള്ളവരും, ആദിവാസികളല്ലാത്തവരുമായിരുന്നു. ഭൂമിയില്ലാത്തവരെ (പ്രത്യേകിച്ച് പണിയ സമുദായത്തിൽപെട്ടവരെ) കൃഷിയോഗ്യമല്ലാത്ത ചില തേക്കിൻ തോട്ടത്തിൽ കാവൽക്കാരെപോലെ കുടിയിരുത്തുകയും, പഴയ കോളനിയേക്കാൾ മോശപ്പെട്ടഒരു മാതൃക സൃഷ്ടിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന് സമർപ്പിച്ച 30,000 ഏക്കർ വനഭൂമിയിൽ ആദ്യഘട്ടമെന്ന നിലയിൽ അംഗീകാരം നൽകിയ 19,600 ഏക്കർ ലിസ്റ്റിലും സി.പി.എം.ന്റെ കയ്യേറ്റം നിലനിമേഖലകളായിരുന്നു. ഒട്ടേറെ കർക്കശമായ വ്യവസ്ഥകൾക്ക് വിധേയമായി, പൂർണ്ണമായും ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാൻ കേന്ദ്രസർക്കാർ കൈമാറിയ വനഭൂമിയിലായിരുന്നു സി.പി.എം. നേതൃത്വത്തിൽ കയ്യേറ്റം നടത്തിയത്. ആദിവാസി ഭൂവിതരണം അട്ടിമറിക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ നിഗൂഢമായ നീക്കം ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്ന് ഏറെ താമസിയാതെ വ്യക്തമാവുകയും ചെയ്തിരുന്നു. ഭൂരഹിതർക്ക് പതിച്ചുനൽകാൻ സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടഭൂമി കൂടാതെ വയനാട് ജില്ലയിൽ നിക്ഷിപ്ത വനഭൂമി വേറെയും ഉണ്ടെന്നിരിക്കെ ഈ കയ്യേറ്റങ്ങൾ എന്തിനായിരുന്നുവെന്ന് സി.പി.എം. നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഇപ്പോൾ പര്യവസാനിച്ച നിൽപ്പു സമരതീരുമാനങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഇത് വ്യക്തമാകും.

മുത്തങ്ങ സമരവും രാഷ്ട്രീയ നേതൃത്വങ്ങളുടെ കയ്യിലെ ചോരയും

          2002 ജനുവരി 1 മുതൽ ആദിവാസി ഭൂവിതരണം ആരംഭിച്ചെങ്കിലും ഇതിനെതിരെയുള്ള നീക്കം ഭരണ-പ്രതിപക്ഷ കക്ഷികളിൽ നിന്നും, വനം-റവന്യു വകുപ്പുകളിൽ നിന്നും ഉയർന്നുവന്നു.  ഇടുക്കി ജില്ലയിലെ മറയൂർ-കുണ്ടള-പൂപ്പാറ-ചിക്കനാൽ, കണ്ണൂർ ജില്ലയിലെ ചാവശ്ശേരി, കൊല്ലം കുര്യോട്ടുമല തുടങ്ങിയ പ്രദേശങ്ങളിൽ 2002 ജനുവരി-ഏപ്രിൽ മാസത്തിനിടയിൽ ഭൂമി പതിച്ചു നൽകുന്ന നടപടിയുണ്ടായെങ്കിലും ആദിവാസി ഭൂവിതരണം അട്ടിമറിക്കപ്പെടുമെന്ന സാഹചര്യം ഉയർന്നുവന്നു. ഈ സാഹചര്യത്തിലാണ് വനഭൂമിയിൽ അവകാശം സ്ഥാപിക്കുന്ന സമരമുറയുടെ ഭാഗമായി മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടുന്നത്.  2003 ജനുവരി 3ന് ആയിരക്കണക്കിന് ആദിവാസികൾ ആരംഭിച്ച അവകാശ സ്ഥാപന സമരത്തെ തകർക്കാനും, ആദിവാസികളുടെ സ്വതന്ത്ര മുന്നേറ്റത്തെ കുഴിച്ചുമൂടാനുമുള്ള അവസരമായാണ് ഭരണ – പ്രതിപക്ഷ പാർട്ടികൾ മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തെ ഉപയോഗപ്പെടുത്തിയത്.  തുടർന്ന് ആധുനിക കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യക്കുരുതിയാണ് ഇടതു-വലത് രാഷ്ട്രീയ പാർട്ടികളും, ഭരണകൂടവും സംയുക്തമായി മുത്തങ്ങയിൽ ചെയ്ത് കൂട്ടിയത്.  ദിവസങ്ങളോളം നീണ്ടുനിന്ന ഉപരോധവും പ്രക്ഷോഭവും ഇടതു-വലതു മുണിയും വനംമാഫിയകളും സാമൂഹ്യ വിരുദ്ധരും ആദിവാസികളെ കുടിയിറക്കാൻ സംഘടിപ്പിച്ചു.  ആദിവാസികളെ മുത്തങ്ങയിൽ നിന്നും തുരത്തുതിന് 2003 ഫെബ്രുവരി 17-ന് മുത്തങ്ങക്കാട്ടിൽ വ്യാപകമായി തീയിടുകയും, മുത്തങ്ങ മുതൽ ബത്തേരി വരെയുള്ള എല്ലാ റോഡുകളും ഉപരോധിക്കുകയും ഹർത്താൽ നടത്തുകയും ചെയ്തു.  ഫെബ്രുവരി 19-ന് ആദിവാസികളെ പോലീസ് വെടിവെച്ചുവീഴ്ത്തുമ്പോൾ അവരുടെ കുടിലുകളും സ്വന്തമായുള്ളതെല്ലാം ചുട്ടെരിച്ചത് കോ-സി.പി.എം പാർട്ടി അണികളും സാമൂഹ്യവിരുദ്ധരും സംയുക്തമായിട്ടായിരുന്നുവെന്ന് ഏവർക്കുമറിയാം.  കറുത്തവരെയും മുഷിഞ്ഞ വസ്ത്രമണിഞ്ഞവരെയും ആദിവാസിയാണെന്ന് സംശയിക്കുന്ന ആരെയും തെരഞ്ഞുപിടിച്ച് തെരുവുകളിൽ വേട്ടയാടിയതിന് ശേഷം ജയിലിലടച്ചു കൊണ്ടിരുന്നപ്പോൾ വയനാട്ടിൽ ഇടതും-വലതും പക്ഷങ്ങളുണ്ടായിരുന്നില്ല,  വംശവെറിയോടെ പെരുമാറിയ ജനക്കൂട്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ.  സി.പി.എം. ജില്ലാ സെക്രട്ടറിയും പിന്നീട് ആദിവാസി ക്ഷേമസമിതി നേതാവുമായി ആദിവാസികൾക്ക് വേണ്ടി വാദിക്കുന്ന സി.കെ.ശശീന്ദ്രൻ ഉൾപ്പെടെയുള്ള വയനാട്ടിലെ സി.പി.എം. നേതാക്കൾ കൂട്ടക്കുരുതി നടത്തിയ പ്രതി വിപ്ലവ പരിപാടിയുടെ മുന്നിലുണ്ടായിരുന്നെന്ന് ആർക്ക് നിഷേധിക്കാൻ കഴിയും?  തെരുവിലൊഴുകിയ ആദിവാസി ചോര ചെങ്കൊടിക്കാരുടെ മേലാകെ ഉണ്ട്;  അത് കാലം മായ്ച്ചുകളയില്ല.  ജനാഭിപ്രായം മാറുന്നത് കണ്ടപ്പോഴാണ് വി.എസ്.അച്ചുതാനന്ദനും, സി.പി.എം. നേതാക്കളും ആദിവാസി രക്ഷകരായി രംഗത്തു വരുന്നത്.  മുത്തങ്ങയുടെ പേരിൽ സി.പി.എം. സംസ്ഥാന നേതൃത്വം എത്ര മുതലക്കണ്ണീരൊഴുക്കിയാലും, യു.ഡി.എഫ് സർക്കാരിന്റെ കിരാതമായ മർദ്ദനമുറകളോടൊപ്പം നിന്നവരാണ് വയനാട്ടിലെ സി.പി.എം. നേതൃത്വം എന്നത് അനിഷേധ്യമായ ചരിത്ര വസ്തുതയാണ്.  മുത്തങ്ങയിൽ നിന്നും ഗോത്രസഭക്കാരെ അടിച്ചിറക്കുന്നത് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ  കത്തിന്റെ വെളിച്ചത്തിലാണെന്നാണ് ആന്റണി സർക്കാർ പിന്നീട് വിശദീകരിച്ചിരുന്നത്.  എന്നാൽ സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിലുള്ളതും, ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ നിർദ്ദേശിച്ചതുമായ വനഭൂമിയിൽ ഇതേ കാലഘട്ടത്തിൽ കയ്യേറിയിരുന്ന സി.പി.എം-കാർ എങ്ങിനെ കുടിയിറക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടു എന്നത് ഇപ്പോഴും ദുരൂഹമാണ്.  എ.കെ.ആന്റണിയും അന്നത്തെ വനം വകുപ്പു മന്ത്രി സുധാകരനും വനം-പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ആദിവാസി കൂട്ടക്കുരുതിക്കൊപ്പം നിന്നതിനുള്ള പ്രത്യുപകാരം എന്ന നിലയിലാണോ ഈ കയ്യേറ്റക്കാർ സംരക്ഷിക്കപ്പെട്ടത്?  നിയമാനുസൃതം ഭൂരഹിതരെ പുനരധിവസിപ്പിക്കുന്ന നടപടി അട്ടിമറിക്കാൻ സി.പി.എം. നെ ഒരു ചട്ടുകമായി അത്തെ വനംവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്നതാണ് വാസ്തവം.  ആദിവാസികളുടെ സ്വതന്ത്രമായ ഉണർവ്വിനെയും വളർച്ചയെയും തകർക്കുക എന്ന കാര്യത്തിൽ യു.ഡി.എഫ് നേതൃത്വവുമായി വ്യക്തമായ ധാരണയിൽ പോകുന്നവരാണ് വയനാട്ടിലെ സി.പി.എം. നേതൃത്വമെന്ന് ചരിത്രസംഭവങ്ങൾ തെളിയിക്കുന്നു.  എന്തായാലും മുത്തങ്ങ സംഭവത്തിന് ശേഷം എ.കെ.ആന്റണി സർക്കാർ ആദിവാസി പുനരധിവാസ പദ്ധതി പുരുജ്ജീവിപ്പിക്കാൻ ചില നടപടികൾ സ്വീകരിച്ചു.  7500 ഏക്കറോളം വരുന്ന ആറളം ഫാം ആദിവാസി പുനരധിവാസത്തിന് വേണ്ടി വിലക്ക് വാങ്ങി; പകുതി ഭൂമി ആദിവാസികൾക്ക് പതിച്ചു നൽകാനും പകുതി ഭൂമി ആദിവാസി ക്ഷേമത്തിനായി ഒരു കാർഷിക ഫാമായി പൊതുമേഖലയിൽ നിലനിർത്താനും തീരുമാനിച്ചു.  കൂടാതെ, കേന്ദ്രസർക്കാരിന് മുന്നിൽ വനഭൂമി കിട്ടാൻ സമർപ്പിച്ച നിർദ്ദേശം പുനരുജ്ജീവിപ്പിക്കാനും തീരുമാനിച്ചു.   അതനുസരിച്ച് കർശനമായ വ്യവസ്ഥകളോടെ 19,600 ഏക്കർ നിക്ഷ്പത വനഭൂമി കൈമാറാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകുകയും, നിർദ്ദേശം സുപ്രീം കോടതിയുടെ അനുമതിക്കായി വിടുകയും ചെയ്തു.  ആറളം ഭൂവിതരണ പരിപാടി ആരംഭിക്കുന്നതോടെ ഭരണമാറ്റം സംഭവിക്കുകയും 2006-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്തു.

മുത്തങ്ങാനന്തര സംഭവങ്ങളുംസി.പി.എം.ന്റെ ജനാധിപത്യവിരുദ്ധ മുഖവും

          മുത്തങ്ങ സംഭവത്തിന് ശേഷം അധികാരത്തിൽ വന്ന വി.എസ്.അച്ചുതാനന്ദൻ സർക്കാർ മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടആദിവാസികൾക്ക് നീതി നൽകുമെന്ന പ്രതീക്ഷ പലർക്കുമുണ്ടായിരുന്നു.  മുത്തങ്ങ സംഭവത്തെ അധികാരത്തിൽ കയറാൻ ഫലപ്രദമായി സി.പി.എം. ഉപയോഗിച്ചിരുന്നു.  700 ഓളം ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിക്കിട്ടാനും, ജോഗിയുടെ  കുടുംബത്തിനും കുടിയിറക്കപ്പെട്ടവർക്കും നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാനും ഗോത്രമഹാസഭ ഇടതുപക്ഷ സർക്കാരിനെ സമീപിച്ചു.  2007-ഫെബ്രുവരി 19-ന് കൊച്ചിയിൽ നടന്ന പൗരാവകാശ സമ്മേളനത്തിനു ശേഷം ഡോ: സുകുമാർ അഴീക്കോട് ഉൾപ്പെടെയുള്ളവർ അതാവശ്യപ്പെട്ടു.  എന്നാൽ മുത്തങ്ങ സംഭവം നടപ്പോൾ ജയിലിൽ സന്ദർശനം നടത്തി നിയമ സഹായം വാഗ്ദാനം ചെയ്തിരുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോൾ മുത്തങ്ങയിലെ ആദിവാസികൾക്ക് മുന്നിൽ മുഖം തിരിച്ചു.  ഇടതുപക്ഷം അധികാരത്തിൽ വന്നതിന് ശേഷം ആറ് വനം കേസുകളിൽ പ്രതികളാക്കപ്പെട്ടസ്ത്രീകൾ ഉൾപ്പെടെയുള്ള 700-ഓളം ആദിവാസികളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ച് കേസ് നടത്തിപ്പ് ദ്രുതഗതിയിലാക്കി.  മുത്തങ്ങ സംഭവത്തെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് വിരുദ്ധ തരംഗമുണ്ടാക്കാൻ നടത്തിയ തെരുവു യുദ്ധങ്ങളെ തുടർന്ന് പാർട്ടി സഖാക്കളുടെ പേരിൽ റജിസ്റ്റർ ചെയ്ത 1400- കേസുകൾ വി.എസ്.സർക്കാർ പിൻവലിച്ചു.  വെടിവെപ്പിൽ കൊല്ലപ്പെട്ടകുടുംബത്തിന് നീതി നൽകിയില്ല.  കുടുംബത്തിന് ഭൂമിയോ, നഷ്ടപരിഹാരമോ നൽകിയില്ല (ദേശാഭിമാനി പത്രത്തിൽ വിദ്യാധരൻ കാണി അവകാശപ്പെട്ടത് ഭൂമി നൽകി പുനരധിവസിപ്പിച്ചു എന്നാണ്.  സി.പി.ഐ. മുൻകൈ എടുത്ത്, അത്തെ റവന്യു വകുപ്പ് മന്ത്രിയുടെ തീരുമാനത്തിനനുസരിച്ച് വെടിവെപ്പിൽ കൊല്ലപ്പെട്ടജോഗിയുടെ മകൾക്ക് ജോലി നൽകി എന്നത് മാത്രമാണ് എൽ.ഡി.എഫ്. ഭരണകാലത്ത് നടന്നത്.  കുടിയിറക്കപ്പെട്ടമുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും നഷ്ടപരിഹാരവും ജയിലിലടക്കപ്പെട്ടകുട്ടികൾക്ക് നഷ്ടപരിഹാരവും ഉറപ്പുവരുത്തപ്പെട്ടത് ഒരു ദശകം നീണ്ടുനിന്ന നിയമയുദ്ധത്തിന്റെയും, 162 ദിവസം നീണ്ടുനി നിൽപ്പ് സമരത്തിന്റെയും വിജയത്തിന് ശേഷം മാത്രമാണ്).  മുത്തങ്ങ സംഭവത്തിന് ശേഷം ആദിവാസി മേഖലയിൽ തുറന്നുകിട്ടിയ സാധ്യതകൾ എൽ.ഡി.എഫിന്റെ മുന്നിലാണ് വന്നത്.  ആദിവാസി പുനരധിവാസ മിഷനെക്കുറിച്ച് വ്യക്തമായ നയമില്ലാത്ത ഇടതുമുണി ഭൂവിതരണം അട്ടിമറിക്കാതിരിക്കാൻ കണ്ണൂർ ജില്ലയിലെ ആറളം ഫാമിലും ദേശീയതലത്തിലും ശക്തമായ പ്രക്ഷോഭം ഗോത്രമഹാസഭയ്ക്ക് നടത്തേണ്ടി വന്നു.  അക്കാരണത്താൽ ആറളംഫാമിൽ ലഭ്യമായ ഭൂമി വിതരണം നടത്തിയതല്ലാതെ വയനാട് ജില്ല ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽ ഭൂമി നൽകാൻ അധികാരത്തിലുള്ള പാർട്ടി എന്ന നിലയിൽ സി.പി.എം. യാതൊന്നും ചെയ്തില്ല.  മാത്രവുമല്ല ഭൂരഹിതർക്ക് പതിച്ചു നൽകാൻ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ഭൂമിയിൽ (വയനാട് ജില്ലയിൽ) സി.പി.എം. നേതൃത്വത്തിലുള്ള എ.കെ.എസ് എന്ന പോഷക സംഘടന വഴി പരമാവധി കയ്യേറ്റം തുടരുകയും ചെയ്തു.  ആറളംഫാമിലെ ഭവന നിർമ്മാണ മേഖലയിൽ മുഴുവൻ സി.പി.എം ഭരണകാലത്ത് കോട്രാക്ടർ രാജ് സ്ഥാപിച്ചു – ആദിവാസി ക്ഷേമത്തിനായി മാറ്റിവച്ച ഭൂമിയുടെ ഭരണത്തിനായി രൂപം നൽകിയ ആറളം ഫാമിംഗ് കോർപ്പറേഷനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി.  ഈ തീരുമാനമുപയോഗിച്ചാണ്  ഉമ്മൻചാണ്ടി സർക്കാർ ആറളംഫാമിൽ മുതലാളിമാർക്ക് വേണ്ടി  പൈനാപ്പിൾ കൃഷി തുടങ്ങിയത്.  സംസ്ഥാന തലത്തിൽ ആദിവാസി പുനരധിവാസ മിഷൻ മരവിപ്പിച്ചു തുടങ്ങി.

കേന്ദ്രവനാവകാശ നിയമം സി.പി.എം. അട്ടിമറിച്ചതെങ്ങിനെ?

          കേരളത്തിലെ ആദിവാസികളുടെ ജീവിതത്തെ സമഗ്രമായി മാറ്റിമറിക്കാൻ കഴിയുന്ന രണ്ട് കാര്യങ്ങളായിരുന്നു ആദിവാസി പുനരധിവാസ പദ്ധതിയും, 2006-ലെ കേന്ദ്രവനാവകാശ നിയമവും.  ആദിവാസി പുനരധിവാസ പദ്ധതി മരവിപ്പിച്ച ഇടതുപക്ഷ സർക്കാരിന് ദേശീയ തലത്തിൽ നിലവിൽ വന്ന വനാവകാശ നിയമത്തിന്റെ അന്തസ്സത്ത ഉൾക്കൊളളാൻ കഴിഞ്ഞിരുന്നില്ല.  വനാവകാശ നിയമത്തെ കേവലം ഭൂമിപതിച്ചു നൽകൽ നടപടിക്കുള്ള ഒരുപകരണമാക്കി സർക്കാർ മാറ്റി;  വയനാട് ജില്ലയിൽ വ്യക്തിഗത വനാവകാശം നൽകിയ 90% കേസുകളിൽ 3 സെന്റും 4 സെന്റും ഭൂമിക്കുള്ള കൈവശ രേഖകളായി പരിമിതപ്പെട്ടു.  വനാവകാശ നിയമത്തിന്റെ കാതലായ ഭാഗമായ സാമൂഹിക വനാവകാശവും, വനപരിപാലനത്തിൽ ഗ്രാമസഭയ്ക്കുള്ള അധികാരവും ഇടതുപക്ഷ സർക്കാർ അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്തില്ല.  വനാവകാശ നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കപ്പെട്ടു.  (വനാവകാശ നിയമത്തിലെ സാമൂഹിക വനാവകാശമെന്ന അടിസ്ഥാന വിഷയം ആദിവാസികൾ നടത്തിയ നിൽപ്പ് സമരത്തിന്റെ ഭാഗമായാണ് വീണ്ടും ഉയിക്കപ്പെട്ടതും, സമയബന്ധിതമായി നടപ്പാക്കാമെന്ന് യു.ഡി.എഫ് സർക്കാർ അംഗീകാരം നൽകിയതും).

          വനാവകാശ നിയമം ദേശീയ തലത്തിൽ പ്രാബല്യത്തിൽ കൊണ്ടുവന്നവർ തങ്ങളാണെന്ന അവകാശവാദമാണ് സി.പി.എം നേതൃത്വത്തിന് വേണ്ടി ബി.വിദ്യാധരൻ കാണി തന്റെ ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.  വനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് കേരളത്തിലെ സി.പി.എം. നേതൃത്വത്തിന് യഥാർത്ഥത്തിൽ യാതൊന്നുമറിയില്ല.  ഗോദവർമ്മൻ തിരുമുൽപ്പാട് V/s യൂണിയൻ ഓഫ് ഇന്ത്യാ കേസിൽ സുപ്രീംകോടതി പ്രാബല്യത്തിൽ കൊണ്ടു വന്ന റൂളിംഗിനെ തുടർന്നാണ് വനവാസികളെല്ലാം കയ്യേറ്റക്കാരായി കണക്കാക്കപ്പെട്ടത്.  ഇത് മറികടക്കാൻ കേസിൽ കക്ഷി ചേർന്ന് കൊണ്ട് ക്യാമ്പയിൻ കമ്മിറ്റി ഫോർ സർവൈവൽ ആന്റ് ഡിഗ്‌നിറ്റിദേശീയ തലത്തിൽ ആദിവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമാണ് യു.പി.എ. സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമം.  വൃന്ദാ കാരാട്ടും, ഇടതുപക്ഷവും വനാവകാശ നിയമനിർമ്മാണത്തിന്റെ അന്തിമഘട്ടത്തിൽ മാത്രമാണ് ദേശീയതലത്തിൽ ഇടപെട്ടത്.  വനാവകാശ നിയമത്തിന്റെ  പശ്ചാത്തലത്തെക്കുറിച്ചും, അന്തസ്സത്തയെക്കുറിച്ചും ഇപ്പോഴും ചിന്തിച്ചുതുടങ്ങാത്ത കേരളത്തിലെ സി.പി.എം. നേതൃത്വവും ഇടതുപക്ഷ സർക്കാരും നിയമത്തെ യുദ്ധകാലാടിസ്ഥാനത്തിൽ കേരളത്തിൽ ഉപയോഗപ്പെടുത്തിയത് ഭൂരഹിതരെ കുടിയിരുത്താൻ കേന്ദ്രസർക്കാർ കൈമാറിയ 19,600 ഏക്കർ വനഭൂമിയിൽ കയ്യേറിയ പാർട്ടിക്കാർക്ക് തങ്ങൾ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുൻപ് വനാവകാശം അംഗീകരിക്കാൻ വേണ്ടി മാത്രമാണ്.  (നിയമമനുസരിച്ച് 13.12.2005ന് മുൻപ് വനഭൂമിയിലുള്ള ആദിവാസികൾക്ക് വനാവകാശം അംഗീരിക്കാം) വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടത് നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു അത്.  (കേന്ദ്രസർക്കാർ കൈമാറുന്ന 19,600 ഏക്കർ ഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകാൻ 30.04.2010ന് അനുമതി നൽകിയിരുന്നു.  കോടതി വിധിയനുസരിച്ച് ആദിവാസികൾക്ക് പതിച്ചുനൽകാനുള്ള ഭൂമിയിൽ നിന്നും സി.പി.എം കയ്യേറ്റക്കാർക്ക് പതിച്ചു നൽകിയതും അവശേഷിക്കുന്ന ഭൂമിയിൽ വെറ്റിനറി യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾക്ക് വേണ്ടി കയ്യേറിയതും കുടിയേറ്റക്കാർ തട്ടിയെടുത്ത ഭൂമി പിടിച്ചെടുക്കുന്നതിന് പകരം മേൽപറഞ്ഞ ആദിവാസി ഭൂമി വകമാറ്റണമെന്ന് കേരള സർക്കാർ ഇറക്കിയ ഉത്തരവും സുപ്രീം കോടതി വിധി നടപ്പാക്കാൻ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചിരുന്നു.  ഇടതു-വലത് മുണികൾ സംയുക്തമായി അട്ടിമറിച്ച ഭൂവിതരണം (കേന്ദ്രം കൈമാറിയ 19,600 ഏക്കർ പതിച്ചു നൽകൽ) നടത്തുക എന്നതായിരുന്നു നിൽപ്പുസമരത്തിലെ മറ്റൊരു ആവശ്യം).

ആദിവാസികളുടെ നിൽപ്പ് സമരവിജയംജനാധിപത്യത്തിന്റെ വിജയം

          നിൽപ്പ് സമരവിജയം സി.പി.എം-നെ  അസ്വസ്ഥരാക്കി എന്നതുകൊണ്ടു തന്നെയാണ് ദീർഘമായ ലേഖനങ്ങളും പ്രസ്താവനകളും തുടികൊട്ട്സമരങ്ങളുമായി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.  മുത്തങ്ങ സംഭവവും കഴിഞ്ഞ ഒരു ദശകകാലത്തെ ഭൂമാഫിയാ മേധാവിത്തവും ആദിവാസികളുടെ തിരിച്ചുവരവിനെ പിന്നോട്ടടിപ്പിക്കും എന്നാണ് ഇടതു-വലത് മുണികൾ കണക്കു കൂട്ടിയിരുന്നത്.  നിൽപ്പ് സമരത്തിൽ പ്രതിസ്ഥാനത്തുള്ളവർ ഉമ്മൻചാണ്ടി സർക്കാരിനോടൊപ്പം, സി.പി.എം കൂടിയാണ്.  അതുകൊണ്ടു തന്നെയാണ് നിൽപ്പ് സമരത്തിലൂടെ ആദിവാസി ഗോത്രമഹാസഭ ഒന്നും നേടിയില്ല എന്ന് സി.പി.എം. സമർത്ഥിക്കാൻ ശ്രമിക്കുന്നത്.  പ്രക്ഷോഭത്തിലെ മുഖ്യ വിഷയമായിരുന്ന ആറളംഫാമിലെ സ്വകാര്യവൽക്കരണം, വൈദ്യുതിവേലി തകർത്തതിന്റെ പേരിലുള്ള വന്യജീവി ആക്രമണം, ഭവനനിർമ്മാണ മേഖലയിലെ കോട്രാക്ടർ രാജ് തുടങ്ങിയ പ്രശ്‌നങ്ങൾ സി.പി.എം ഭരണകാലത്ത് തുടങ്ങിയതാണ്.  2008 ലാണ് ആറളം ഫാമിലെ വന്യജീവികളെ തടയാനുള്ള വൈദ്യുതി വേലി പൊളിച്ചുമാറ്റിയത്; 2009-ലാണ് ഭവനനിർമ്മാണം കോട്രാക്ടർമാരെ ഏൽപ്പിക്കുന്നത്.  കേന്ദ്ര സർക്കാർ ഭൂരഹിതർക്ക് നൽകാൻ അനുമതി നൽകിയ വനഭൂമിയിൽ കയ്യേറ്റം നടത്തിയത് സി.പി.എം. നേതൃത്വത്തിലാണ്;  വെറ്റിനറി നവോദയ സ്ഥാപനങ്ങൾ വനഭൂമിയിൽ ആരംഭിച്ചതിനും ഇടതു-വലത് സർക്കാരുകൾക്ക് തുല്യമായ പങ്കുണ്ട്.  മുത്തങ്ങയിലെ അതിക്രമങ്ങൾക്കും ശിശുമരണത്തിനും വംശഹത്യക്കും വലതുമുണിയെപ്പോലെ കേരളത്തിലെ ഭരണം കയ്യാളിയ പാർട്ടി എന്ന നിലയിൽ സി.പി.എം നും ഉത്തരവാദിത്തമുണ്ട്.  കേരളത്തിലെ പ്രബല പാർട്ടിയും, ഇടതുമുണിയെ നയിക്കുന്ന മുഖ്യഘടകകക്ഷിയുമായ സി.പി.എം. പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യ കേരളത്തിലെ 50 വർഷക്കാലത്തെ ഭരണത്തിന് ശേഷം ആദിവാസികളെയും ദലിതരെയും സാമുദായി സംഘടിപ്പിക്കുന്നത് എന്തിന് എന്ന് സ്വയം വിമർശനപരമായി പരിശോധിക്കാൻ തയ്യാറാകുകയാണ് വേണ്ടത്.  രണ്ട് ദശകത്തിലധികമായി സ്വന്തം കാലിൽ നിന്ന് പോരാടുന്ന ഗോത്രവർഗ്ഗ ജനത അതിജീവന സമരത്തിലാണ്; നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിലാണ്.  സമ്പത്തും വിഭവശേഷിയുമില്ലാത്ത ഒരു ജനതയുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഒരു സമര ശക്തിയായി അവർ അതിജീവിച്ചുകൊണ്ടിരിക്കുന്നത്.  2001-ൽ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ സമഗ്രമായ ആദിവാസികളുടെ പുനരധിവാസ പദ്ധതിയും, വനാവകാശ നിയമവും, ആദിവാസി ഗ്രാമസഭാ നിയമവും യാഥാർത്ഥ്യമായാൽ വംശഹത്യയിൽ നിന്നും പുതിയ ഒരു സമൂഹമായി അതിന് അതിജീവിക്കാൻ കഴിയും.  ഭരണഘടന അനുശാസിക്കുന്ന സംരക്ഷണ വകുപ്പുകളും അവർക്ക് നൽകിയ വാഗ്ദാനങ്ങളും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സഹനസമരത്തിന്റെ ശക്തമായ ഒരു മാതൃകയായ നിൽപ്പ് സമരത്തിന് അവർ നിർബന്ധിതരായത്.  നിൽപ്പ് സമരത്തിൽ അവർ ഒറ്റക്കായില്ല; ലോകമെമ്പാടുമുള്ള ബഹുജന മന:സാക്ഷി അവർക്കൊപ്പം നിന്നു.  തിരുവനന്തപുരം ജില്ലയിൽ വേടൻ ഗോത്രത്തിൽപ്പെട്ടവർ മാത്രമല്ല, കേരളത്തിലെ എല്ലാ ഗോത്രവർഗ്ഗക്കാരും നാനാതുറയിലുള്ള ജനവിഭാഗങ്ങളും നിൽപ്പ് സമരത്തിൽ പങ്കാളികളായി.  കേരളത്തിലെ ആദിവാസികളുടെ ഊര് ഭൂമി പതിച്ചു നൽകാനും കേന്ദ്രസർക്കാർ കൈമാറിയ വനഭൂമി പതിച്ചുനൽകാനും സി.പി.എം. ഭരണകാലത്ത് കയ്യേറിയതിന്റെ പേരിൽ കുറവ് വരുന്നതിന് പകരം ഭൂമി കണ്ടെത്തി നൽകാനും, ആറളംഫാമിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കാനും, സാമൂഹിക വനാവകാശം നടപ്പാക്കാനും, എല്ലാ ആദിവാസി പ്രോജക്ടുകളിലും വനാവകാശം നൽകാനും, ആറളം ഫാമിലെ വന്യജീവികളെ പ്രതിരോധിക്കാനുള്ള സംവിധാനം നടപ്പാക്കാനും, ഭവന നിർമ്മാണ മേഖലയിലെ കോട്രാക്ടർ രാജ് അവസാനിപ്പിക്കാനും, മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഭൂമിയും നഷ്ടപരിഹാരവും നൽകി നീതി ഉറപ്പുവരുത്താനും, അട്ടപ്പാടിയിലെ ശിശുമരണം തടയാൻ കാർഷിക പദ്ധതി നടപ്പാക്കാനും നിൽപ്പ് സമരവിജയത്തിന്റെ ഭാഗമായി യു.ഡി.എഫ് സർക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഇടതു-വലത് മുണികൾ വിലങ്ങ് തടിയാകുന്നില്ലെങ്കിൽ ആദിവാസികൾക്ക് പുതിയ ഒരു സമൂഹമായി മാറാം. നിൽപ്പ് സമരത്തിൽ ഉറച്ചുനിന്ന ആദിവാസികളോടൊപ്പം നിന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ജനാധിപത്യ വിജയത്തിന്റെ അന്തസ്സത്ത തിരിച്ചറിയുമ്പോൾ മാത്രമെ സി.പി.എം. പോലുള്ള ഒരു പാർട്ടിക്ക് തെറ്റുകൾ തിരുത്താൻ കഴിയൂ.  പുതിയ തലമുറയുടെ ജനാധിപത്യ ബോധവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മുന്നേറ്റ ശ്രമങ്ങളെയും ഉൾക്കൊള്ളാൻ വൃദ്ധനേതൃത്വങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ, പാർശ്വവൽക്കരിക്കപ്പെട്ടജനവിഭാഗങ്ങളും ദരിദ്രജനവിഭാഗങ്ങളും പുതിയ ജനാധിപത്യ വഴികൾ തേടിപോകുമെന്ന് സി.പി.എം. നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.

Comments

comments