പെരുമാൾ മുരുകന് ആവിഷ്കാരസ്വാതന്ത്ര്യം മാത്രം പോര. മുരുകനേപ്പോലുള്ള ചിലർ സംസാരിക്കാൻ ബാധ്യസ്ഥരാണ്. നമ്മൾ അവർ പറയുന്നതു കേൾക്കാൻ എത്രകണ്ടു ബാധ്യസ്ഥരാണോ അത്രയും. പുരാതന ഗ്രീക്കിൽ ഫരീസിയ എന്ന ഒരു സങ്കൽപ്പം ഉണ്ടായിരുന്നത്രേ. യവനകവി യൂറിപ്പിഡെസിന്റെ, ‘അയോൺ‘ എന്ന ദുരന്ത കാവ്യത്തിൽ, ഡെൽഫിയിലെ വെളിപാടുകളുടെ സംസ്കാരത്തിൽ നിന്ന്, ഏതെൻസിന്റെ റിപ്പബ്ലിക്കിലേക്കുള്ള മാറ്റത്തിൽ സുപ്രധാനമായ ഒരു ഘടകമായി കണക്കാക്കപ്പെടുന്നുണ്ട് ഫരീസിയ, അഥവാ വിപത്സാധ്യതകളിലുള്ള സംസാരം. ഫരീസിയ ഒരേ സമയം സാധ്യതയും നഷ്ടവും ആണ്. തീവ്രമായ അഭിപ്രായവ്യത്യാസങ്ങളിലൂടെയും, ജീവിതത്തെതന്നെ തകിടം മറിക്കുന്ന ഭീഷണികളിലൂടെയും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആത്യന്തികമായ ഭീതികളിലൂടെയും മറ്റും മാത്രം നേടിയെടുക്കാവുന്ന ഒരു ആവിഷ്കാരാധികാരം ആണ് ഫരീസിയ. പിടിച്ചെടുക്കാവുന്നതോ, പതിച്ചു നൽകാവുന്നതോ ആയ ഒരു സ്വാതന്ത്ര്യം അല്ല.
‘മാതൊരുഭാഗൻ‘ എന്ന പുസ്തകം പറയാൻ ശ്രമിക്കുന്നത് ശ്രദ്ധിക്കുകയാണെങ്കിൽ വിലക്കപ്പെട്ട അറിവുകളേക്കുറിച്ചാണ്. ലോകം സ്നേഹബന്ധങ്ങൾക്കു മുകളിൽ ഏൽപ്പിക്കുന്ന അഗാധമായ മുറിവുകളെക്കുറിച്ചാണ്, പ്രത്യേകിച്ചും കുട്ടികളില്ലാതിരിക്കുക എന്നത് ഒരു കുറവും തെറ്റും കുറ്റവുമൊക്കെയായി കാണുന്ന സമൂഹങ്ങളിൽ. ലൈംഗീകമായ സ്നേഹങ്ങൾക്കുള്ള പരിസ്മാപ്തിയായി കുട്ടികളെ കാണുന്ന ചിരപുരാതനമായ ആശയത്തെ ചോദ്യം ചെയ്യുന്നു ഈ പുസ്തകം. കുട്ടികൾക്കു വേണ്ടിയുള്ള ഭ്രാന്തമായ ആഗ്രഹം ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്നേഹത്തെ തകർക്കുന്നതിനെക്കുറിച്ചുള്ള കഥകൂടെയാണിത്. സ്നേഹബന്ധങ്ങൾ സാമൂഹിക താൽപ്പര്യങ്ങളുടെ ചങ്ങലയിൽ കുരുങ്ങി നാമാവശേഷമാവുന്നത് കാണിച്ചു തരുന്നുണ്ട് ഈ കഥ.
ഇന്ത്യയിൽ, പ്രത്യേകിച്ചും കാർഷികസമൂഹങ്ങളിൽ, ഒരു കുട്ടി ദൈവത്തിന്റെ വരദാനമാണന്നാണ് സങ്കൽപ്പം. കൃഷിക്കനുകൂലമായ മഴയും വെയിലും ലഭിക്കുന്നതു പോലെ, ഭൂമിയുടെ പിൻതുടർച്ചാവകാശിയെ കിട്ടുന്നതും പ്രാർത്ഥനാഫലം ആണെന്നാണ് കരുതപ്പെടുന്നത്. ഈ വിശ്വാസത്തിന്റെ വ്യാപ്തിയും ആഴവും കൊണ്ടാണ് നമ്മൾ കൊച്ചുകുട്ടികളെ സ്വീകരിക്കുന്നതും, സ്നേഹിക്കുന്നതും, ഊട്ടുന്നതും, വളർത്തുന്നതും, എന്തിന് ബലാൽസംഘം ചെയ്യാതിരിക്കുന്നതു പോലും! ഈ വിശ്വാസത്തിന്റെ പിൻബലമില്ലാതെ, വ്യക്തികളായി കുട്ടികളെ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നില്ലാ എന്ന ആശയത്തിന്റെ വേരാണ് ഈ പുസ്തകത്തിൽ ആഴ്ന്നു കിടക്കുന്നത്. സ്വന്തമായി ഒരു കുട്ടിയേ കിട്ടുന്നതിലേക്കു വേണ്ടിയാണ് പരസ്പരസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക വേഴ്ച്ചയ്ക്ക് ദമ്പതിമാരായ പൊന്നയും കാളിയും നിർബന്ധിതരാവുന്നത്. രണ്ടു സാമുഹിക ഭീതികളാണ് ഇവരുടെ അവസ്ഥയുടെ കാതൽ. സ്നേഹത്തിന്റെ തെളിവായി കുട്ടികളില്ലാതിരിക്കലും, സ്നേഹത്തിന്റെ അപവാദമായി വിവാഹേതരലൈംഗിക ബന്ധവും. ഇതിൽ രണ്ടാമത്തെ സാമൂഹികഭീതിക്ക് മതപരമായ സമ്മതത്തിന്റെ മേലാപ്പുള്ളത് വലിച്ചു കീറിക്കളഞ്ഞ്, അതിനെ തികച്ചും വന്യമായ ഒരു ഏകാഗ്രതയോടെ സമീപിക്കുകയാണ് എഴുത്തുകാരൻ. ഇതാണ് മതാചാരങ്ങളുടെ കാവലാൾക്കാരായി സ്വയം അവരോധിച്ചിരിക്കുന്ന സംഘപരിവാരങ്ങളെയും, എഴുത്തുകാരന്റെ വാസസ്ഥലമായ നാമക്കലിൽ ഉയർന്നു വന്നിരിക്കുന്ന ജാത്യാധിഷ്ഠ-അവസരവാദ രാഷ്ട്രീയ കുതുകികളെയും ഒക്കെ ബാധിച്ചിരിക്കുന്ന ഭീതി. യഥാർത്ഥത്തിൽ ഏതു നല്ല പുസ്തകത്തേയും പോലെ ആത്യന്തികമായ മനുഷ്യഭീതികളെ അഭിമുഖീകരിക്കുന്നുണ്ട് ‘മാതൊരുഭാഗൻ‘. എന്നാൽ ഈ ആഴമേറിയ ഭീതിയെ നേർക്കുനേർ നോക്കാൻ ധൈര്യമില്ലാത്ത ഫാഷിസ്റ്റുകൾ വ്യാജ ഭീതികൾ ചമച്ച് അതിൽ അഭിരമിക്കുന്നു. അതുകൊണ്ട് ചിലപ്പോഴെങ്കിലും അവർക്കുള്ള ഉത്തരങ്ങൾ മാത്രം പറഞ്ഞ് അവരുടെതന്നെ പ്രതിപാദനങ്ങളിൽ കുരുങ്ങാതെ വിവാദമാകുന്ന പുസ്തകങ്ങളെ വേറിട്ടും സമീപിക്കേണ്ടതുണ്ട്. ‘മാതൊരുഭാഗൻ‘ എന്ന പുസ്തകം ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം അല്ല വായിക്കേണ്ടത് എന്നുള്ളതിന്റെയും എഴുത്തുകാരൻ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മാത്രം വക്താവാകരുത് എന്നതിന്റെയും ആവശ്യം ഇവിടെയാണ്.
സത്യത്തിൽ ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ടാവുക എന്നത് വിചിത്രമായ ഒരു യുക്തി വൈരുദ്ധ്യം അല്ലെ? ആരിൽ നിന്നെങ്കിലും നമുക്ക് കിട്ടേണ്ടുന്ന ഒന്നാണോ സംസാരിക്കാനുള്ള അവകാശം? അങ്ങിനെയെങ്കിൽ ആ സ്വാതന്ത്ര്യം തരുന്നവരോടുള്ള നമ്മുടെ വിധേയത്വം ഉറപ്പിക്കപ്പെടുകയല്ലെ ചെയ്യുക? ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം ഭാഷതന്നെയാണ്. ഭാഷ നിരന്തരമായി ജനിപ്പിക്കുന്ന അർത്ഥങ്ങളെ ഭാഷയിലൂടെ തന്നെ ഉടയ്ച്ചുവാർക്കുക എന്നതേ നമുക്ക് എഴുത്തിലൂടെയും മറ്റും ചെയ്യാനുള്ളു. അതായത്, അരുതായ്ക പറഞ്ഞുകൊണ്ടേ ഇരിക്കുക. ‘മാതൊരുഭാഗൻ‘ പറയുന്ന അരുതായ്ക തൃച്ചങ്കോട് എന്ന സ്ഥലത്തെ അർദ്ധനാരീശ്വരക്ഷേത്രത്തിലെ, ഉള്ളതോ ഇല്ലാത്തതോ ആയ ഒരു ആചാരത്തിന്റെ മറയ്ച്ചുവക്കപ്പെട്ട അർത്ഥങ്ങളെ വെളിപ്പെടുത്തുക എന്നതല്ല. ഈ പുസ്തകം പറയുന്ന അരുതായ്ക പ്രണയത്തിന്റെ ഉപഭോഗത്തെക്കുറിച്ചുള്ള നമ്മുടെ അന്ധമായ തീർപ്പുകളെക്കുറിച്ചാണ്. വിവാഹവും കുടുംബവും ഒക്കെ ഇത്തരത്തിൽ പ്രണയം ഉപഭോഗവത്കരിക്കപ്പെട്ട സംവിധാനങ്ങളാണെന്നിരിക്കെ മനുഷ്യസ്നേഹത്തിന്റെ വ്യാപ്തിയും ശക്തിയും കേവലം പ്രജനനം എന്ന ചക്കിലേക്ക് വലിച്ചുകെട്ടപ്പെട്ട നിസ്സഹായതയായി ചുരുങ്ങുന്നു പലപ്പോഴും. രണ്ടു വ്യക്തികൾ ഈ ഭീതിയിലൂടെ കടന്നുപോകുന്നത് ഈ പുസ്തകം കാണിച്ചു തരുന്നു. ‘മാതൊരുഭാഗ‘നെതിരെ കൊടിപിടിക്കുന്നവരും, എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം ഇവിടെ വേവലാതി കൊള്ളുന്നവരും ഒരുപോലെ ഇക്കാര്യത്തിൽ നിശബ്ദരാണ്.
പുസ്തകത്തിനെതിരെയുള്ള പോർവിളികൾ മുഴുവനും ഉണ്ടായത് സ്ത്രീശരീരം എന്ന ചിരപുരാതനമായ അങ്കതട്ടിലാണ് എന്നതാണ് ഒരു വസ്തുത. ‘ദേവമക്കളെ‘ സൃഷ്ടിച്ച തൃച്ചെങ്കോട്ടെ കുലസ്ത്രീകളെ പരസ്പര ധാരണയോടെയുള്ള ലൈംഗിക വേഴ്ച്ചയ്ക്ക് സമ്മതിച്ച വേശ്യകളായി ചിത്രീകരിച്ചു എന്നായിരുന്നല്ലോ പ്രധാന ആരോപണം. വേശ്യാവൃത്തി കാലാകാലമായി നിലനിൽക്കുന്ന ഏറ്റവും വലിയ ദൂഷിതാവസ്ഥയായതുകൊണ്ട് ഈ ആരോപണം പൊതുജനവികാരത്തിനെ ഇളക്കിവിടാൻ കെൽപ്പുള്ളതാണു താനും. വിവാഹത്തിനു പുറത്ത് സ്ത്രീ സ്വസമ്മതത്തോടെ നടത്തുന്ന ലൈംഗിക വേഴ്ച്ച എന്നതിന്, മതത്തിന്റെ സമ്മതിപത്രവും മേലാപ്പും ഇല്ലെങ്കിൽ പറയുന്ന പേരാണ്, അതു മാത്രമാണ്, വേശ്യാവൃത്തി എന്ന് കടന്നു ചിന്തിക്കാൻ തീവ്രമായ ഫെമിനിസ്റ്റ് പൊതുധാരയ്ക്കു പോലും എളുപ്പമല്ല. വേശ്യ കുടിലമായ വാക്ക് മാത്രമല്ല, ഒന്നുകിൽ സംശയമോ അല്ലെങ്കിൽ ദയയോ മാത്രം അർഹിക്കുന്ന ഒരു രൂപകം ആണ് ലിംഗസമത്വവാദികൾക്കു പോലും. സത്യത്തിൽ, ത്രിച്ചെങ്കോട്ടെ സ്ത്രീകൾ വേശ്യകളാണെന്ന ആരോപണം ഉയർത്തുന്ന വാഗ്വാദങ്ങളുടെ കാതൽ മറ്റൊന്നാണ്. സ്നേഹബന്ധങ്ങളിലെ ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളാണ് ഇവിടെ ചോദിക്കേണ്ടത്. വേശ്യയും ഭാര്യയും കാമുകിയും ഒക്കെ ലൈംഗികത അടിസ്ഥാനമായ മനുഷ്യബന്ധങ്ങളിലെ കണ്ണികളാണ്. ഇതിൽ ഒന്നുമാത്രമായി ലൈംഗിക ചൂഷണം ആകുന്നില്ല എന്നതാണ് സത്യം. ലൈംഗികസ്വാതന്ത്ര്യം എന്നത് ഒരു ബന്ധത്തിന്റെ ചട്ടക്കൂട്ടിൽ ഉരുവപ്പെടുന്ന അവസ്ഥയല്ല. ‘മാതൊരുഭാഗൻ‘ ഈ വാദത്തിന്റെ നേർപുറം കാണിച്ചു തരുന്നത്, പൊന്ന-കാളി ദമ്പതിമാരിലൂടെയാണ്. ഒറ്റനോട്ടത്തിൽ കാളി അസൂയാലുവും പ്രണയപരവശനും ആയ ഭർത്താവും, പൊന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചരടുവലിക്ക് ആടുന്ന കളിപ്പാവയായ ഭാര്യയും ആവാം എന്നു തോന്നുമെങ്കിലും അവരിൽ വേറെയും പലതുണ്ട്. ഒരു കുട്ടിക്കുവേണ്ടി പരപുരുഷനുമൊത്ത് ശയിക്കാൻ പൊന്ന തയ്യാറാവുമ്പോൾ ആത്മാഭിമാനത്തിനു മുറിവേറ്റ് ഭാര്യയുടെ ശരീരത്തിന്റെയും (അതു വഴി സ്വശരീരത്തിന്റെയും) ലിംഗഭാഗം ( gender role) എന്ന കുരുക്കിൽ നിന്ന് സ്വയം മോചിപ്പിക്കാൻ കഴിയാത്തവനാവുകയാണ് കാളി. എന്നാൽ തന്റെ കാമുകനായ ഭർത്താവിനോടുള്ള പ്രണയത്തെയും ഒരു കുട്ടിക്കു വേണ്ടിയള്ള ലൈംഗികവേഴ്ച്ചയേയും (കേവലമായ ലൈംഗികപ്രക്രിയ) വിഭിന്നമായി കാണാനുള്ള കെൽപ്പും ശേഷിയും ഉള്ളത് പൊന്ന എന്ന സ്ത്രീക്കാണ് എന്നത് വെറും യാദൃശ്ചികതയാകാനിടയില്ല ഈ കഥയിൽ. ഇതു കൊണ്ടു തന്നെയാണ് വെറും കളിപ്പാവയായി ലൈംഗികവേഴച്ചയ്ക്ക് വഴങ്ങുന്നുവെന്നതിലോ ആ ഘട്ടത്തിൽ സ്വന്തം ഭ്രമാത്മകഭാവനയിൽ മുങ്ങിത്തപ്പി പുരുഷരൂപങ്ങളെ പുറത്തെടുക്കുന്നു എന്നതിലോ യഥാർത്ഥത്തിൽ അവരിൽ ഒരുവനുമായി ശയിക്കുന്നു എന്നതിലോ അല്ല പൊന്ന ഗ്രാമപ്പൊലിമയുള്ള ശക്തമായ ഒരു സ്ത്രീപാത്രസൃഷ്ടിയാവുന്നത്. ഉറച്ചു പോയതും പകർന്നു കിട്ടിയതുമായ നമ്മുടെയൊക്കെ ലിംഗധാരണകളെ കുറച്ചെങ്കിലും ഇളക്കാനും അതുവഴി പുതിയ അർത്ഥങ്ങൾക്ക് നൂലിടവഴികൾ ഉണ്ടാക്കാനും അവൾക്ക് കഴിയുന്നു എന്നതു കൊണ്ടാണ്.
പെരുമാൾ മുരുകൻ ജീവിക്കുന്ന ദ്രവീഡിയൻ ഭൂമികയിൽ ഇത്തരം സ്ത്രീകളും അവരേ ചൂഴുന്ന സന്ധിഗ്ദതകളും ഒട്ടും കുറവായിരിക്കില്ല. പൊന്നയ്ക്ക് ഒരു അപവാദമായ, പരമ്പരാഗതമായ ഇരവത്കരിക്കപ്പെട്ട ദേവി സങ്കൽപ്പത്തിൽ നിന്നാണ് നോവെൽ തുടങ്ങുന്നതും. ‘പാവത്ത‘, യക്ഷി, കണ്ണകി തുടങ്ങിയ അനേകം ചൂഷിതരും അപമാനിതരും പ്രതികാരദാഹികളുമായ സ്ത്രീസൃഷ്ടികളിൽ നിന്ന് വ്യത്യസ്തമാണ് പൊന്നയുടെ പ്രണയാവസ്ഥ എന്ന വിലക്കപ്പെട്ട സത്യം കൂടെ ഈ കഥ പറയുന്നുണ്ട്. അതുകൊണ്ട്, ഐതിഹ്യങ്ങളും ശാസ്ത്രവും ചരിത്രവും ഒക്കെ ഒന്നായി കാണുന്ന മതാന്ധതയുടെ കാലത്ത് ഇത്തരത്തിൽ ഒരു കഥ പറയേണ്ടുന്നതു പോലെ തന്നെ പ്രധാനമാണ് ആ കഥ പറഞ്ഞു വയ്ക്കുന്ന അർത്ഥങ്ങളെ വീണ്ടും പകുത്തു നോക്കുന്നതും.
Be the first to write a comment.