പ്രഭാതങ്ങളിൽ
അവളുടെ പുതപ്പിനുള്ളിൽ നിന്നും
പൂച്ചകൾ
കുർ കുർ ശബ്ദങ്ങളേയും
പൂടകളേയമുപേക്ഷിച്ച്
ഇറങ്ങിവന്ന്
ഉറങ്ങിക്കിടക്കുന്ന എന്റെ
ഉപ്പുരസമുള്ള മൂക്കിൽ നക്കി
ജനലിലൂടെ ഊർന്ന് പോകുന്നു
ജോലി തീർന്ന്
വീട്ടിലേക്ക് മടങ്ങുന്ന വഴി
ചെക്ക് പോസ്റ്റിൽ
പരിശോധനക്കായി
കാറിൽ കാത്തിരുന്നു മയങ്ങിപ്പോയ
പാലസ്തീൻകാരൻ ഖാലിദ് മുശ്ല
പൂച്ചയുടെ ഉമിനീർ തുടച്ചെഴുന്നേറ്റ്
ടാബ്ലറ്റിലെ ചിത്രങ്ങൾ
എടുത്തു നോക്കുന്നു
ഭാര്യയേയും മകളുടേയും
അവളുടെ പൂച്ചകുട്ടിയുമുള്ള
ചിത്രത്തിൽ അയാൾ വിരലോടിക്കുന്നു
അത്ഭുതം
അയാളുടെ വിരൽത്തട്ടി
ഭാര്യയുടെ കവിളിൽ
നുണക്കുഴി വിരിയുന്നു
മകൾ
ബാബാ എന്ന് വിളിച്ച് ചിണുങ്ങി
വിരൽത്തട്ടിത്തെറിപ്പിച്ചപ്പോൾ
അവളുടെ കയ്യിലിരുന്ന
പൂച്ചക്കുട്ടി ഇറങ്ങിയോടുന്നു
പുതപ്പിൽ നിന്നും
അവസാന പൂച്ചക്കുട്ടി
പുറത്തിറങ്ങി എന്റെ മൂക്കിനെ
ലക്ഷ്യമാക്കി വന്നപ്പോൾ
ഉറക്കം അഭിനയിച്ചു കിടന്ന്
ഞാനതിനെ പിടിച്ച്
എന്റെ പുതപ്പിനുള്ളിലാക്കുന്നു
അവളുടെ പുതപ്പിനുള്ളിൽ നിന്നും
കൊഴിച്ചു കളഞ്ഞ പൂടകളും
കുർ കുർ ശബ്ദവും
എടുത്തണിയിച്ചു കൊടുക്കുന്നു
എന്റെ മണം ഇഷ്ടപ്പെടാതെ
പൂച്ചക്കുട്ടി പുതപ്പിനുള്ളിൽ
തിരിഞ്ഞ് കളിച്ച്
താടിയിൽ തല വച്ചു കിടക്കുന്നു
താടിയിൽ നോക്കി
വണ്ടി മുന്നോട്ടെടുക്കുവാൻ
പറഞ്ഞ പട്ടാളക്കാരനോട്
ചിത്രത്തിലെ ഭാര്യ ചോദിക്കുന്നു
പട്ടാളക്കാരാ പട്ടാളക്കാരാ
അല്പനേരത്തേയ്ക്ക്
വെടിയുതിർക്കാതിരിക്കുമോ?
ആ ശബ്ദം എന്റെ കുട്ടിക്കും
വളർത്തു മൃഗങ്ങൾക്കുമുറക്കത്തിൽ
അലോസരമുണ്ടാക്കുന്നു.
ഞാനും പൂച്ചക്കുട്ടിയും
ശബ്ദം കേട്ട്
ഉറക്കത്തിൽ
ഞെട്ടുന്നു
പൂച്ചക്കുട്ടിയുടെ നഖങ്ങൾ
എന്നിലമരുന്നു
പോറലിൽ തടവി
ഖാലിദ് പറയും
വീട്ടിലവർ തനിച്ചാണ്
ആറു മണിക്കൂറായി
ചെക്ക്പോസ്റ്റുകൾ താണ്ടുന്നു
അവരെന്നെ പ്രതീക്ഷിക്കുന്നുണ്ടാകും
പോയിട്ടു വേണം
മകൾക്ക്
മട്ടുപ്പാവിൽ നിന്ന്
താഴെ പൂന്തോട്ടത്തിലേക്ക്
ചെടികളിലും
കാറ്റിലും പറ്റാതെ
ക്ലോസപ്പ് പത
തുപ്പിക്കാണിച്ചു കൊടുക്കുവാൻ
കാപ്പിയുണ്ടാക്കി
ഊതിയൂതി കുടിക്കുവാൻ പഠിപ്പിക്കുവാൻ
വയറിനുള്ളിലേക്ക്
ശലഭങ്ങളെ കയറ്റിവിടുവാൻ
അവരെ ചിറകിട്ടടിപ്പിക്കുവാൻ
പോകുവാൻ അനുവദിക്കുമോ നിങ്ങൾ?
ഒന്നും പറയാതെ
പട്ടാളക്കാരൻ നടന്നു നീങ്ങി
ചിത്രത്തിലെ ഖാലിദിന്റെ ഭാര്യ
സങ്കടം വന്ന്
അലമാരി തുറന്ന്
വസ്ത്രങ്ങൾ വാരി വലിച്ചിട്ട്
അത് മടക്കി വച്ചു കൊണ്ടിരുന്നു
അയാളുടെ മകൾ
കഴിഞ്ഞ രാത്രിയിൽ
ബീച്ചിൽ പോയിത്തിരിച്ചുവരുമ്പോൾ
എന്റെ ജീൻസിന്റെ മടക്കുകളിൽ പറ്റിപ്പിടിച്ച
മണൽത്തരികൾ തട്ടി കുടഞ്ഞു കൊണ്ടിരുന്നു
——–
വര: ജ്യോതി മോഹൻ
Be the first to write a comment.