രാജന്റെ ആഗ്രഹം പോലെ തന്നെ റസ്റ്റോറന്റിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ജാലകത്തിനോട് ചേർന്നുള്ള ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ, എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള സുഗമമായ കാഴ്ച്ച അയാൾ ഉറപ്പു വരുത്തിയിരുന്നു.
വെയ്റ്റർ, മുകുന്ദന് ആദരവു കലർന്ന ഒരു പുഞ്ചിരി സമ്മാനിക്കുന്നത് രാജൻ ശ്രദ്ധിക്കാതിരുന്നില്ല.
ഒന്നു രണ്ടു മഞ്ഞപത്രങ്ങളിൽ ചില വാർത്തകൾ വന്നിട്ടുണ്ടെങ്കിലും .മുകുന്ദസ്വാമി’ പതുക്കെ നഗരത്തിൽ പേരെടുത്തു വരികയാണല്ലോ എന്നയാൾ ഓർത്തു. ‘സ്വാമി’യാവുന്നതിലും മുമ്പുള്ള മുകുന്ദനെ ഓർമ്മയുള്ളവർ നഗരത്തിൽ ഇങ്ങനെ നാലോ അഞ്ചോ പേർ മാത്രം. പിന്നെയുള്ള ഓർമ്മകളെല്ലാം സപ്ലിമെന്റുകളും പരസ്യങ്ങളും വഴി തിരുത്തിയെഴുതപ്പെട്ടു തുടങ്ങിയിരിക്കുന്നു.
മുകുന്ദൻ കോൾഡ് കോഫിയ്ക്കും മഷ്രൂം ഫ്രൈയ്ക്കും ഓർഡർ ചെയ്തു.
“നമ്മളെന്താണു പറഞ്ഞു കൊണ്ടിരുന്നത് ?” മുകുന്ദൻ ചോദിച്ചു. “ ആ.. ഓർഹൻ പാമുക്കിന്റെ ആ വാചകം.. എനിക്കു തോന്നുന്നു, പരിസരമല്ല, നമുക്കുള്ളിൽ തന്നെ ആരോ ഒരാൾ നമ്മുടെ പരിസരം പരുവപ്പെടുത്തുന്നുണ്ടെന്നാണ്. അല്ലെങ്കിൽ നോക്കൂ, നീ ഇന്ന് എവിടെയെത്തിയെന്ന്. പക്ഷേ അന്നേ ഞാൻ പറഞ്ഞിരുന്നു, നീ ബിസിനസ്സിലാണ് ശോഭിക്കാൻ പോകുന്നതെന്ന്. അതും കഴിഞ്ഞ് അഞ്ചു വർഷം കഴിയുമ്പോഴേക്കും ഏറ്റവും മികച്ച യുവസംരഭകനുള്ള അവാർഡ് നിന്നെ തേടിയെത്തുന്നു. ഇപ്പോൾ ദാ സ്കൂളുകൾ, ഹോസ്പിറ്റൽ, ഷോപ്പിങ്ങ് മാൾ… പക്ഷേ ഒന്നു ഞാൻ പറയാം. നിന്റെ സമ്പാദ്യങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണെന്ന് തിരിച്ചറിയുന്ന ഒരു കാലം നിനക്കുണ്ടാവും. ഒരു യോഗിയെ പോലെ നീ കച്ചവടം ചെയ്യുന്ന കാലം വരും. അന്ന് നീ ലോകത്തിന്റേതാവും. നീ രാജഗുരുവെന്ന് അറിയപ്പെടും .”
രാജൻ മനസ്സിൽ ഒരു മുട്ടൻ തെറി പറഞ്ഞു. ‘ഇങ്ങനെയൊന്നുമല്ല വേണ്ടത്..മുഖമടച്ച് രണ്ടെണ്ണം പൊട്ടിച്ചതിനു ശേഷം കഴുത്തിനു കുത്തിപ്പിടിച്ച് ചോദിക്കണം. എന്നിട്ട് തോക്കെടുത്ത് ആ തിരുനെറ്റിയിൽ തന്നെ ഉണ്ട പായിക്കണം.’ അയാളോർത്തു.
മുകളിലേക്കൊന്നു പാളി നോക്കിയ ശേഷം അയാൾ പ്രതികാരദാഹത്തോടെ പുഞ്ചിരിച്ചു. “ പക്ഷേ നീ അതിനു വളരേ മുമ്പു തന്നെ ജ്ഞാനനിർവ്വാണം നേടുന്നതിൽ എനിക്കസൂയയുണ്ട്..”
“അതുണ്ടാവില്ല രാജാ. വഴികൾ വേറേയാണെന്നേയുള്ളൂ ; നമ്മുടെ സഞ്ചാരം സമാന്തരമായിട്ടാണ്. ഞാൻ ജ്ഞാനം നേടിയാൽ നീയും ജ്ഞാനിയാവാതെ തരമില്ല…. നിന്റെ ലക്ഷ്യം പണമായിരുന്നു. എന്റേത്..” മുകുന്ദൻ ഗൂഢമായൊന്ന് ചിരിച്ച ശേഷം തുടർന്നു “ അതു പിന്നെ പറയണ്ടല്ലോ… നീയ്യൊന്ന് ഓർത്ത് നോക്കിക്കേ – നമുക്ക് രണ്ടാൾക്കും കൈമുതലായുണ്ടായിരുന്നത് ഒരേ ഗുണങ്ങൾ – വാചാലത, തന്റേടം, ക്ഷമ, സഹനം –അതിനൊക്കെ പുറമേ ഇതൊക്കെ എവിടെ, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന ബുദ്ധി. ആ എസ് ഐ കൈയ്യീന്ന് എത്ര ഇടി വാങ്ങിയിട്ടും നീയന്ന് ഒന്നും പറഞ്ഞില്ല.. അതായിരുന്നല്ലോ നിന്റെ മൂലധനം..എനിക്കും കിട്ടിയിട്ടുണ്ട് വേണ്ടുവോളം. എന്നിട്ടും നാം പിൻവാങ്ങിയില്ല…”
കാപ്പിയൊന്ന് നുണഞ്ഞ ശേഷം അയാൾ തുടർന്നു.
“ പക്ഷേ ഒരിടത്ത് ഞാൻ തോറ്റു. ജീവിതത്തിലാദ്യമായി. പരാജയപ്പെട്ട്, തല താഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു. ആ പരാജയമാണ് വീണ്ടും എന്നെ സ്വയം പഠിക്കാൻ പ്രേരിപ്പിച്ചത്. എന്നെ നിരാകരിച്ചവൾ, സത്യത്തിൽ അവളാണെന്റെ ഗുരു. അവളാണ് ഈ കാണുന്ന മുകുന്ദനെ സൃഷ്ടിച്ചത്. എന്റെ ആവശ്യങ്ങൾക്കു പകരം എനിക്ക് ആവശ്യമുള്ളവരുടെ ആവശ്യങ്ങളാണ് പഠിക്കേണ്ടതെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.വെറും നേരമ്പോക്ക് തൊട്ട് പ്രേമത്തിന്റെ അങ്ങേത്തല വരെ. കുഴിനഖം തൊട്ട് അമ്മായിയമ്മയുടെ മരണം വരെ.. വെരി വെരി വൈഡ് റേഞ്ച്..നീ ശ്രദ്ധിച്ചിട്ടുണ്ടോ – ഏത് ദൈവത്തിനായാലും ഭക്തകളാണ് കൂടുതൽ – എന്താ കാരണം ? അവരുടെ ആവശ്യങ്ങളും അത്രയ്ക്ക് വിപുലമാണ്. നിനക്കറിയാമോ – ഇന്നാളൊരുത്തി എന്നോടാവശ്യപ്പെട്ടത് അവളുടെ ഭർത്താവിന്റെ ജീവനെടുക്കാനാണ് ; അത്രയ്ക്കങ്ങ് വെറുത്തു പോയത്രെ. ആളെ നീ നല്ല പോലെ അറിയും. എനിക്കു കക്ഷിയെ അറിയാവുന്നതുകൊണ്ടു മാത്രം ഒരുവിധത്തിൽ അവളെ അനുനയിപ്പിച്ചു വിട്ടു. സത്യത്തിൽ അയാളിന്നും ജീവനോടെയിരിക്കുന്നത് എന്റെ ദയ കൊണ്ടാണ്. അവളു തന്ന കാണിക്ക മാത്രം എത്രയാണെന്നു കേട്ടാ നീ ഞെട്ടും! പക്ഷേ എനിക്കതിലൊന്നും ഇൻട്രസ്റ്റ് ഇല്ല കെട്ടോ – എന്റെ രാധമാരുടെ സ്നേഹാർപ്പണമല്ലാതെ മറ്റൊന്നും എനിക്കിന്ന് സമ്പാദ്യമായില്ല. അറിയാലോ..ബിസിനസ്സ് ഒക്കെ ഇപ്പോ നോക്കുന്നത് ലീലയാണ്…”
മുകുന്ദൻ തന്നെ തന്നെയാണുദ്ദേശിക്കുന്നതെന്ന സന്ദേഹം ശക്തിപ്പെടുമ്പോഴും സംയമനം പാലിക്കാൻ തന്നെയാണ് രാജൻ ശ്രമിച്ചത്. ‘പെരുമാറ്റത്തിൽ ചെറുതായൊരു അസ്വാഭാവികതയുണ്ടായാൽ മതി, മറ്റുള്ളവർ സംശയിക്കാൻ– അയാളോർത്തു.
“ഉവ്വുവ്വ്… അവൾ കൂടി അറിഞ്ഞിട്ടാണോ ഇതൊക്കെ ?..” അയാൾ ചോദിച്ചു. .
“ അല്ല പിന്നെ !, “ ദേഹാത്മീയത– ഐ മീൻ ഫിസിക്കൽ സ്പിരിച്ച്വാലിറ്റി –ഉൾക്കൊള്ളാത്തതുകൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ ചോദിക്കാൻ തോന്നുന്നത്. സെക്സ് ആണു പരമമെന്നു കരുതുന്നവർക്ക് അതിലൂടെയേ മോക്ഷം കിട്ടൂ. പണമാണെന്നു കരുതുന്നവർക്ക് അത്. അവരെ അതിനനുവദിക്കുക. ലീലയ്ക്ക് ബിസിനസ്സിലാണ് താല്പര്യമെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാനവളെ ആ വഴിക്കു വിട്ടു.നൗ ഷീ എഞ്ചോയ്സ് ദാറ്റ്. സിമ്പിളായി പറഞ്ഞാൽ ദേഹാത്മീയത എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഇതൊക്കെയാണ്. സന്ന്യാസമെന്നു വെച്ചാൽ എല്ലാം ത്യജിക്കുക എന്നല്ല ; ആവശ്യത്തിനു മാത്രം എടുക്കുക എന്നേ അർത്ഥമുള്ളു. ഏതെങ്കിലും സന്യാസി പട്ടിണി കിടന്നു മരിച്ചതായി നീ കേട്ടിട്ടുണ്ടോ ? .നിഷ്ക്കാമകർമ്മം. എന്നു വെച്ചാൽ ഒന്നും ഇങ്ങോട്ടു ആഗ്രഹിക്കാതെ എല്ലാം അങ്ങോട്ടു കൊടുക്കുക. അതിപ്പോ പ്രേമമാണെങ്കിൽ അത്; കാമമാണെങ്കിൽ അത്. ‘ഗുരോ..എനിക്കു കഞ്ചാവു വലിക്കണം’ എന്നൊരു ശിഷ്യൻ ആവശ്യപ്പെടുമ്പോൾ ലോകത്തെ മുഴുവൻ പിതൃഭാവത്തിൽ നോക്കുന്ന ഒരാൾക്ക് അതെങ്ങനെ നിഷേധിക്കാൻ കഴിയും ? കഞ്ചാവു സൃഷ്ടിച്ചു നൽകിയതും ഇതേ പ്രകൃതീശ്വരൻ തന്നെയല്ലേ ?”
മുകുന്ദൻ മൊരിച്ച കൂൺ കഷണങ്ങളെടുത്തു വായിലേക്കിട്ടു. “.. നോക്ക്.. നീയൊരാളിൽ നിന്ന് ബലമായി പൈസ എടുത്താൽ അത് തട്ടിപ്പറി. അതേ സമയം അഞ്ചു രൂപയുടെ മൈദ അഞ്ഞൂറിന്റെ ബിസ്ക്കറ്റാണെന്നു ബോധിപ്പിച്ചു അവനെ കൊണ്ടു വാങ്ങിപ്പിച്ചാൽ അതു മാന്യമായ കച്ചവടം. അവനും ആനന്ദം, നിനക്കും ആനന്ദം. നമുക്കതിനെ വേണമെങ്കിൽ മാർക്കറ്റ് സ്പിരിച്ച്വാലിറ്റിയെന്നോ പർച്ചേസ് സ്പിരിച്ച്വാലിറ്റിയെന്നോ ഒക്കെ വിളിക്കാം.നീയൊന്ന് നോക്കിയേ..ഈ മാളുകളിലും സ്വര്ണ്ണക്കടകളിലുമൊക്കെ ഒരു തീർത്ഥാടനത്തിലെന്നപോലെയല്ലേ ലക്ഷങ്ങൾ പോയി ആത്മനിർവൃതി നേടുന്നത്. അതാ ഞാൻ പറഞ്ഞത് – നിനക്കും നല്ല ഭാവിയുണ്ട് രാജാ……ലീലയും ചില പ്രൊജക്റ്റൊക്കെ ആലോചിക്കുന്നുണ്ട്. കൂടുതൽ പറഞ്ഞാൽ…. വരട്ടെ. ജസ്റ്റ് എ മിനിറ്റ്…”
മുകുന്ദൻ ജുബയുടെ പോക്കറ്റിൽ നിന്ന് മൗത്ത് ഓർഗനെടുത്ത് ‘കഭീ കഭീ..’ വായിക്കാൻ തുടങ്ങി.
അവന്റെ മാസ്റ്റർ പീസ്..കണ്ടു പരിചയിച്ച അവന്റെ മാനറിസങ്ങൾ.;
തീക്കട്ടയിലിരിക്കുന്നതു പോലെ തോന്നി രാജന്. തലേന്ന്, പെട്ടെന്ന് പണത്തിനാവശ്യം വന്നപ്പോൾ ഭാര്യയുടെ അക്കൗണ്ടൊന്ന് രഹസ്യമായി പരിശോധിച്ചതായിരുന്നു അയാൾ. അവൾ ഉപയോഗിക്കാറില്ലെന്ന വിശ്വാസത്തിൽ ഒരു കരുതൽനിക്ഷേപം പോലെ മാറ്റി വെച്ചത്. ഇപ്പോൾ ശേഷിക്കുന്നത് അഞ്ചക്കങ്ങളുള്ള ഒരു നിസ്സാരതുക. ആ അന്വേഷണമാണ് അയാളെ മുകുന്ദനിലേക്കെത്തിച്ചത്.
പകുതിയെത്തിയപ്പോൾ മുകുന്ദൻ വായന നിർത്തി. എണീറ്റ് രണ്ടു മേശ അപ്പുറമിരിക്കുന്നവർക്ക് നേരെ തിരിഞ്ഞ് തല കുനിച്ചു. “ സോറി റ്റു ഡിസ്റ്റർബ് യൂ.”
അപ്പോഴാണ് രാജൻ അവരെ ശ്രദ്ധിച്ചത്. യുവമിഥുനങ്ങൾ. മധുവിധുയാത്രയിലായിരിക്കണം.
“ ഗംഭീരം.. ..എന്തേ നിർത്തി കളഞ്ഞത് !…. ദയവായി തുടരൂ..” അവളുടെ കണ്ണുകൾ വിടർന്നു.
“ ക്യാരി ഓൺ മാൻ..” ചെറുപ്പക്കാരൻ പുഞ്ചിരിച്ചു.
“ താങ്ക്യു ഫോർ യുവർ മേഴ്സി ..” രാജനോടൊന്ന് കണ്ണിറുക്കിയ ശേഷം മുകുന്ദൻ വായന പൂർത്തിയാക്കി.
അവർ കൈയ്യടിച്ചു. ‘അവൾ ഇനിയും മുകുന്ദനെ കാണും.’ രാജനോർത്തു. അയാളാ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഒരു പുതുമോടിക്കാരന്റെ എല്ലാ വിധ ധാരാളിത്തവും പ്രദർശിപ്പിക്കുന്ന ഒരുത്തൻ.
“നീയൊന്നും കഴിക്കാത്തതെന്ത് ?” മുകുന്ദൻ പ്ലേറ്റ് അരികിലേക്ക് നീക്കി വെച്ചു.
രാജൻ ഫ്രൈയെടുത്ത് വായിലേക്കിട്ടു. രുചിയില്ലെന്ന് പറഞ്ഞുകൂടാ.
“എനിക്കു തോന്നുന്നത് ഈ ലോകത്തേക്കാൾ വലിയൊരു തമാശക്കളം മറ്റൊരിടത്തുമില്ലെന്നാണ്..ഒന്നു മാറി നിന്നു നോക്കിക്കേ.. ഇല കിട്ടാത്തവനും ഊണ് കിട്ടാത്തവനും പായ കിട്ടാത്തവനും എല്ലാം ഓട്ടപ്പാച്ചിലിലാണ്. എന്നാലോ ഇതൊക്കെ അവരെയൊക്കെ ചുറ്റിപ്പറ്റി ഉണ്ടു താനും..”
രാജന്റെ മൊബൈൽ ചിലച്ചു. മെസ്സേജ് ആണ്. അത്തരമൊരു സന്ദർഭത്തിൽ, തന്റെ മൊബൈലിലേക്ക് വരുന്ന ഓരോ സന്ദേശവും വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് അയാൾ അതെടുത്ത് തിടുക്കത്തിൽ വായിച്ചു. ബാങ്കിൽ നിന്നായിരുന്നു. – അയാളുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനു പിന്നാലെ മറ്റൊരു മെസ്സേജ് കൂടി വന്നു. ‘പണമിട്ടിട്ടുണ്ട്. ചിലത് സംസാരിക്കാനുണ്ട്. വൈകീട്ടൊന്ന് കാണണം.’ അതയച്ചവളുടെ പേര് അയാളെ വല്ലാതെ അന്ധാളിപ്പിക്കുകയും മൊബൈൽ തിടുക്കത്തിൽ പോക്കറ്റിലേക്കിടാൻ പ്രേരിപ്പിക്കുകയും ചെയ്തു.
“ പണ്ട് നമ്മൾ പറഞ്ഞ് ചിരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു.. ഇടവകയിലെ പെണ്ണുങ്ങളെ പൂശിയതിനെ ചൊല്ലി അച്ചനും കപ്പ്യാരും തമ്മിൽ തർക്കമാവുന്നതും മണിയടിച്ച് തീരുമാനിക്കുന്നതുമായ കഥ.” മുകുന്ദൻ തുടർന്നു.
അയാൾ വിഷയത്തിലേക്ക് വരികയാണെന്ന് രാജൻ തിരിച്ചറിഞ്ഞു.
“ ആ അച്ചന്റെ സ്ഥാനത്ത് നീയാണ്. ഞാൻ കപ്പ്യാരും. നമ്മൾ പള്ളിമേടയിലിരിക്കേ, ദാ വരുന്നു. ലീലയും ഇന്ദുവും .”
അവൻ ഒന്നു നിർത്തി കാപ്പി അവസാനമായി മൊത്തി.
“ ഞാൻ മണിയടിച്ചു. ണീം. ണീം.” രാജന്റെ കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ടാണ് അയാളതു പറഞ്ഞത്.
രാജനു തല പെരുക്കുന്നുണ്ടായിരുന്നു. അയാൾ പോക്കറ്റിലേക്ക് കൈയ്യിട്ടു. അതായിരുന്നു അടയാളം. തൂവാലയെടുത്ത് അയാൾ മുഖം തുടയ്ക്കുന്ന നിമിഷം എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ഒരു വെടിയുണ്ട പാഞ്ഞു വന്ന് മുകുന്ദന്റെ തല തുളയ്ക്കും.
“ നീ മുഖം തുടയ്ക്കേണ്ടതില്ല രാജാ..നമ്മുടെ നാട് ഒരു യഥാർത്ഥ സ്പിരിച്ച്വൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രഹ്മസത്യം, ജഗദ്മിഥ്യ. നീയ്യും മണിയടിക്കുന്നു. ണീം. ണീം..” മുകുന്ദൻ പുഞ്ചിരിച്ചു.
—————-
കവർ: ജ്യോതി മോഹൻ
Be the first to write a comment.