മുടി നാരുകൾക്കിടയിലൂടെ ഊർന്നിറങ്ങിയ വിയർപ്പു തുള്ളികളെ ഇടയ്ക്കിടക്കു  കൈ വെള്ളയിൽ തൂത്തെടുത്ത് ഉടു മുണ്ടിൽ തുടച്ചു കൊണ്ട് അയാൾ പ്രാകൃതമായ സ്വരത്തിൽ നീട്ടി വിളിച്ചു…….പഴയ കുപ്പീ, ചാക്ക്,പാട്ട ,പേപ്പർ… 

        വെയിൽ വെട്ടം വീഴ്ത്തിയപ്പോൾ മുതൽ അണ്ണാക്ക് കീറുകയാണ്‌. ഇതുവരെയും ഒരുത്തനും ഒന്നു വിളിച്ചില്ലല്ലോ… എന്ന സങ്കടം നടത്തത്തിന്‍റെ ഇടവേളയിലെപ്പോഴോ തിളച്ചു തൂവി.  

        ചുറ്റുമതിൽ കെട്ടിയ ഒരു വീടിന്‍റെ കൂറ്റൻ ഗേറ്റിനുള്ളിൽ നിന്ന് ലക്ഷണമൊത്ത ഒരു അൾസേഷ്യൻ നായ് അയാളെ നോക്കി അതിന്‍റെ ഉളിപ്പല്ലുകൾ കാട്ടി അത്യുച്ചത്തിൽ കുരച്ചു.

        ആരാ മോനേ?” പുറത്തു നിന്നിരുന്ന പത്തു  വയസ്സുകാരനോട് വീട്ടുടമയുടെ ചോദ്യം .

ബെഗ്ഗര്‍ ആണെന്ന് തോന്നുന്നു പപ്പാകുട്ടിയുടെ മറുപടി.

        കേൾക്കാനിഷ്ടപ്പെടാത്തതെന്തോ കേട്ടപോലെ അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് രോഷവും ദയനീയതയും പരന്നൊഴുകി. ആരോടൊക്കെയോ പക വീട്ടാനെന്ന ഭാവേന, തൊട്ടടുത്ത് ചപ്പുചവറുകൾ കൂനകൂട്ടിയിരുന്ന പറമ്പിലേക്ക് അയാളുടെ കാലുകൾ അതിശീഘ്രം ചലിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവശിഷ്ടങ്ങൾക്കിടയിലെ  ഉച്ചിഷ്ടം, ഗതികെട്ട വയറിന്‌ മൃഷ്ടാന്ന ഭോജനമായി. ചവറ്റു കൂനയിൽ മുഖം പൂഴ്ത്തി, മാസം വേട്ടയാടപ്പെട്ട ഒരെല്ലിൻ കഷണം കടിച്ചെടുത്തുകൊണ്ട് ഒരു കൊടിച്ചിപട്ടി, തന്‍റെ ഇടം കയ്യടക്കിയ ആളെ കണ്ട് കുരച്ചുകൊണ്ട് അയാളെ പിന്തുടരുകയും ചെയ്തു. മൂർച്ചയേറിയ പല്ലുകൾ അയാളുടെ തുടയിൽ ആഴത്തിൽ പതിഞ്ഞപ്പോൾ, വേദന തടവിയമർത്തി, ഉച്ചത്തിൽ നിലവിളിച്ച് അയാൾ തുരുമ്പെടുത്ത കട്ടിലിൽ നിന്ന് ഊക്കോടെ നിലം പതിച്ചു.

   ചുറ്റുവട്ടം വിജനമായ് ഇരുളിൽ പൊതിഞ്ഞു നിൽക്കുകയായിരുന്നു. ദൂരെ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന രാത്രി വണ്ടികളുടെ അവ്യക്തമായ ഇരമ്പൽ. സ്വപ്നത്തിലാണെങ്കിൽ കൂടി സ്വന്തം രൂപം അത്തരമൊരവസ്ഥയിൽ കണ്ടപ്പോഴും  അയാൾക്ക് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല. നിലാ വെളിച്ചത്തിന്‍റെ നേരിയ പ്രഭയിൽ, നിലത്ത് ചാക്കുവിരിച്ച് കിടക്കുകയായിരുന്ന സുഹൃത്ത് ഗോപൻ, മൃദുവായൊരു കൂർക്കം വലിയോടെ തിരിഞ്ഞു കിടന്നതു കണ്ടു. നാലഞ്ചു നിലകളുള്ള  പഴയ കെട്ടിടത്തിന്‍റെ നിറുകയിൽ ആകാശത്തേക്ക് തീപ്പുക തുപ്പി, ഉയർന്നു നിൽക്കുന്ന നീണ്ട കുഴലുകൾക്കു താഴെ ,തൊഴിൽ രഹിതനായി  ജീവിതം ഇങ്ങനെ തുടരാൻ തുടങ്ങിയിട്ട് മാസം മൂന്നു കഴിഞ്ഞിരിക്കുന്നു.

    ഒരു വലിയ മൾട്ടി നാഷണൽ കമ്പനിയിലെ  എക്സിക്യൂട്ടീവ് ആവുകയെന്നത് അയാളുടെ സ്വപ്നമായിരുന്നു എം.ബി.എ പൂർത്തിയാക്കിയ ഉടനെ ക്യാമ്പസ് ഇന്റർവ്യൂ മുഖേന കൂട്ടുകാരിൽ പലരും ഉയർന്ന തസ്തികകളിൽ നിയമിതരായപ്പോൾ, അയാളുടെ ആഗ്രഹ സാഫല്യം മുന്നിൽ തെളിഞ്ഞത്,  വിദേശ കമ്പനിയിൽ വലിയ ശമ്പളം വാഗ്ദാനം ചെയ്തു കൊണ്ടുള്ള സുവർണാവസരമായിരുന്നു.

   വിസയ്ക്ക് മുടക്കുന്ന തുക, അഞ്ചാറു മാസത്തെ ശമ്പളം കൊണ്ട് നികത്താവുന്നതല്ലെയുള്ളൂ, ഇവിടെ ജോലിയില്ലാതെ തെക്കു വടക്കു നടക്കുന്നതിനേക്കാൾ ഭേദമല്ലേയെന്ന അച്ഛന്റെ ചോദ്യം ആ ഓഫർ സ്വീകരിക്കുവനും നിമിത്തമായി. പിന്നീട്, ഉദ്യോഗസ്ഥനായി കഴിഞ്ഞാലുള്ള പത്രാസായിരുന്നു ഇവിടെ വന്നിറങ്ങുന്നതുവരെ കനവുകളിൽ.

   പ്രതീക്ഷകളുടെ ഗോപുരങ്ങൾ തകർത്തുകൊണ്ട് ഒരു കൽചീളുപൊലെ ആ വാർത്ത മനസ്സകങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആശയറ്റവരുടെ ആത്മരോദനം പുറംലോകമറിയാതിരിക്കാനാണ്‌ ശ്രമിച്ചത്. നിലവിലുള്ള പ്രശസ്തമായ കമ്പനി അങ്ങനെയൊരു റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ലത്രേ. നാലംഗ സംഘത്തിന്‌ താമസമോ ഭക്ഷണമോ ഇല്ല. ആരോട് പരാതിപ്പെടും., ഭാഷയും അജ്ഞാതം. വികാര വിക്ഷുബ്ദരുടെ അധരങ്ങളിൽ നിന്നടർന്നു വീണ വാക്കുകളുടെ വിലാപയാത്ര ആരു ചെവികൊള്ളാൻ, അതിർത്തി പ്രദേശമായതിനാൽ ജനവാസവും നന്നേ കുറവ്. സ്വീകരിച്ചാനയിച്ചു കൊണ്ടുവന്ന സ്വദേശിയെപറ്റിയാണെങ്കിൽ യാതൊരു വിവരവുമില്ല താനും.

      പിന്നീട് പരിചയപ്പെട്ട കുറുപ്പണ്ണ , ഏതോ കാശുകാരൻ ബദവിയുടെ ഗോട്ട് കീപർആണ്‌ താനെന്ന് പറയുമ്പോൾ ആത്മാഭിമാനത്തിന്‍റെ ഘന നീലിമ ആ കൺകുഴികളിൽ തെളിയുന്നുണ്ടായിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ രണ്‌ടാഴ്ചയോളം കുറുപ്പണ്ണയുടെ സംരക്ഷണ ശിക്ഷണങ്ങളിലായിരുന്നുവെങ്കിലും കത്തുന്ന പച്ചക്കാടുകളായിരുന്നു അവരുടെ ഉള്ളിന്റെ ഉള്ളിൽ.

     ടൗണില്‌ എവുളൊ വേല ഇറുക്ക അപ്പാ.ഉങ്കള്‌ പൊയ് ട്രൈ പണ്ണ്‌. നിജമായിട്ടും വേല കെടക്കും

      അജപാലകന്റെ വാക്കുകൾ ആത്മധൈര്യം പകർന്നെങ്കിലും, തങ്ങൾ അവിടെയൊരു അധികപ്പറ്റാണെന്ന സൂചനയും ആ വാക്കുകളിൽ നിഴലിച്ചിരുന്നതായി അവർ വായിച്ചെടുത്തു.

    ഒരു സായാഹ്നത്തിൽ അതിർത്തി കടന്നു വന്ന ഏതോ ഒരു ട്രൈലറിലെ വിദേശിയുടെ സഹായത്താൽ ഇരുളിന്‍റെ മറവിൽ വ്യവസായിക നഗരത്തിന്‍റെ വിശാലതയിലേക്കുള്ള പ്രയാണമായിരുന്നു പിന്നീട്.

  ചുവരിനപ്പുറമുള്ള അയൽവാസിയെപ്പോലും തിരിച്ചറിയാനാവാത്ത മഹാ നഗരം. അനധികൃതരും രേഖകളില്ലാത്തവും യഥേഷ്ടം. പട്ടണത്തിന്റെ പകിട്ടിൽ എന്തു പണി ചെയ്യാനും മടിയില്ലാത്തവർ. പിടിക്കപ്പെടാതിരിക്കനുള്ള മിടുക്കുണ്ടായാൽ ആരുടെ കണ്ണുവെട്ടിച്ചും അവിടെ കഴിയാം. നിയമപാലകർ ദിനരാത്രം  മുക്കും മൂലയും അരിച്ചുപെറുക്കുന്നുണ്ടെങ്കിലും പെൺവാണിഭം മുതൽ,കള്ളനോട്ടടിവരെ നഗരത്തിൽ സുലഭം. മനസ്സക്ഷിക്കുത്തില്ലാതെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ചങ്കുറ്റവും കരളുറപ്പുമുണ്ടെങ്കിൽ എത്ര വലിയ സാമ്രാജ്യവും വെട്ടിപ്പിടിക്കമെന്ന് തന്റേടത്തോടെ മൊഴിഞ്ഞ പലരെയും അയാൾ പലപ്പോഴുമായി പരിചയപ്പെട്ടു. പക്ഷേ ചെറുപ്പത്തിലേ ശീലിച്ച സത്യസന്ധത ,പൂർവ്വികരുടെ സുകൃതം എന്നിവയൊക്കെ, അത്മാഭിമാനം പണയം വച്ച് അരുതായ്മകളിലേക്ക് കടന്നു കയറാതെ മനസ്സിനു കടിഞ്ഞാണിട്ടു. കൂടെയുണ്ടായിരുന്ന മൂന്നു പേരും ക്രമേണ       അതി ജീവനത്തിന്‍റെ പുതിയ പാതകൾ തേടി മൂന്ന് വഴിക്ക് പിരിഞ്ഞുപോയി.

   തന്നെപ്പോലെ തന്നെ ആരുടെയോ വഞ്ചനയ്ക്ക് പാത്രമായെങ്കിലും, അതിൽ നിന്നു കരകയറുവാൻ , സ്വന്തം അധ്വാനം വിറ്റു നേർമാർഗ്ഗത്തിൽ സമ്പാദിക്കുന്ന ഗോപന്റെ വിശ്വാസ്യതയിൽ സംശയമില്ലാതിരുന്നതിനാലാണ്‌ അയാളോടൊപ്പം കൂടിയത്. ഒരു വരുമാന മാർഗ്ഗം കണ്ടെത്തുന്നതുവരെ ഗോപനോടൊപ്പം മച്ചിൽതന്നെ കൂടുകയായിരുന്നു. കാറ്റും വെളിച്ചവും ധാരാളമുള്ള അവിടുത്തെ വാസം,ചൂട്,തണുപ്പ് തുടങ്ങിയ പ്രതിഭാസങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ പഠിപ്പിച്ചു. വിശപ്പിന്റെ വൈറസ്സുകൾക്കെതിരെ പ്രതിരോധശക്തി നഷ്ടപ്പെടുന്ന ചുരുക്കം ചില സന്ദർഭങ്ങളിൽ  മാത്രം കുറുപ്പണ്ണയുടെ കൂടെച്ചെന്ന് ഇടയപ്പണിതന്നെ ചെയ്താലോ എന്നും ചിന്തിച്ചു. മൾട്ടി നാഷണൽ കമ്പനിയുടെ പ്രോഫിറ്റും,ലോസ്സും, ഫങ്ങ്ഷൻ അനാലിസിസ്സും,ബിസിനസ്സ് മാനേജുമെന്റുമൊക്കെ അരച്ചുകലക്കി കുടിച്ച അയാൾക്കിപ്പോൾ മുട്ടുസൂചി കൊണ്ട് പെരുവഴിയളക്കേണ്ട ഗതികേടായിരിക്കുന്നു.

   അലസമായൊഴുകിയ സംസാരത്തിന്‍റെ വഴിവക്കിലെവിടെയോ വച്ചാണ്‌ ഗോപൻ സുബൈർ എന്ന വ്യവസായിയുടെ  വിജയഗാഥ പറയുന്നത്. നഗരത്തിൽ ലാഭകരമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികളുടെ ഉടമസ്ഥൻ. പച്ച മലയാളത്തിൽ പറയുകയാണെങ്കിൽ ആക്രി പെറുക്കിയായിരുന്നു അയാളുടെ തുടക്കം. പെപ്സിയുടെ ഒഴിഞ്ഞ പാട്ടകളായിരുന്നു അയാളുടെ കച്ചവടത്തിന്റെ അസംസ്കൃത വസ്തു. പഴയ ഇരുമ്പു സാധങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന വ്യവസായ നഗരത്തിൽ അയാളുടെ ബിസിനസ്സ് ആഴത്തിൽ വേരോടി. ഇന്ന് ഗൾഫിന്റെ സകല പ്രൗഢിയുമുള്ള ഒരു മുതലാളിയാണയാൾ..മുതൽ മുടക്കില്ലാത്ത ഒരു സംരഭത്തെപ്പറ്റി തല പുകഞ്ഞാണ്‌ ഗോപനും കാറുകൾ കഴുകി തുടങ്ങിയത്.കഠിനാദ്ധ്വാനം ചെയ്തിട്ടാണെങ്കിലും ദിവസം മുപ്പതോളം കാറുകൾ കഴുകി, രാത്രി റിയാലുകൾ എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ ആ കണ്ണുകളിലെവിടെയോ ഒരു പുലർകാല നക്ഷത്രത്തിന്റെ ദീപ്തി അയാൾ കണ്ടിരുന്നു. വിസയ്ക്കുള്ള കടം തീർന്നിട്ടുവേണം ഏതെങ്കിലും നാലു ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വത്തിലേക്ക് മാറാനെന്ന് ഗോപൻ എപ്പോഴും  ആഗ്രഹം പറയുമായിരുന്നു…   

   ആത്മഹത്യ പരാജിതന്‍റെ ഒളിച്ചോട്ടമോ, അതോ ജീവിതം വലിച്ചെറിഞ്ഞ് പ്രകടിപ്പിക്കുന്ന ധീരതയോ എന്ന് ചിന്തിക്കാൻ തുടങ്ങിയ അയാൾക്കു മുന്നിൽ സുബൈർ മുതലാളിയും ഗോപനും മാതൃകാ പുരുഷന്മാരായി. കോട്ടും സ്യൂട്ടും ഇറുകിയ ടൈയും അയാൾ എന്നെന്നേക്കുമായി മറന്നു. ഭാവിയെപ്പറ്റിയുള്ള കൊണ്ടുപിടിച്ച ചിന്തകളായിരിക്കാം ഒരുപക്ഷേ ശരീരത്തേയും ചൂടു പിടിപ്പിച്ചത്. മൂന്നു ദിവസം നീണ്ടു നിന്ന ജ്വരമൂർച്ഛ  ശരീരത്തെ വല്ലാതെ തളർത്തിയെങ്കിലും പുതിയ തീരുമാനത്തിന്‍റെ ഉണർവ്വ് അയാളെ കർമ്മനിരതനാക്കി. പുതിയ ജീവിത പരിവേഷവുമായി തൊട്ടടുത്തുള്ള ബീച്ചിലേക്ക് പുറപ്പെടുമ്പോൾ, കയ്യിലൊരു പോളിത്തീൻ കവറും കൂടെ കരുതാൻ അയാൾ മറന്നില്ല.

      വെയിലിന്‍റെ ചൂടു മങ്ങിയപ്പോൾ, ഒറ്റയ്ക്കും കൂട്ടമായും ബീച്ചിലേക്ക് പ്രവഹിച്ച ജനങ്ങളെ നോക്കിക്കൊണ്ട് അയാൾ കോൺക്രീറ്റ് ബഞ്ചിൽ ചാരിയിരുന്നു. കടലിന്‍റെ നിശ്വാസങ്ങൾ തീരത്തണയുന്ന തിരമാലകളാകുമ്പോൾ, അവയ്ക്കൊപ്പം ആർത്തു വിളിക്കുന്നവർ, കലപില കൂട്ടുന്ന കുട്ടികൾ.വ്യത്യസ്ത സംസ്കാരങ്ങളുള്ള വിദേശികളും സ്വദേശികളുമടങ്ങുന്ന വലിയആൾക്കൂട്ടങ്ങൾ…

   ലക്ഷ്യബോധത്തെപ്പറ്റിയുള്ള ചിന്ത, പൊടുന്നനെ അയാളുടെ ശ്രദ്ധയെ മുനിസിപ്പാലിറ്റി വക സ്ഥാപിച്ചിരിക്കുന്ന വലിയ വീപ്പയിലേക്ക് ക്ഷണിച്ചു.

 അല്പം ജാള്യതയോടെയാണെങ്കിലും ഒന്നു രണ്ടു ടിന്നുകൾ അയാൾ കൈക്കലാക്കി. അപ്പോഴേക്കും എവിടെയോ നിന്ന് ഓടിയെത്തിയ ഒരു മഞ്ഞ യൂണിഫോമുകാരൻ, മനസ്സിലാകാത്ത ഭാഷയിൽ അയാളോടെന്തൊക്കെയോ പുലമ്പി. ശകാരിക്കുകയാണെന്ന് മുഖത്തെ ഭയാനക ഭാവം വെളിപ്പെടുത്തി. പാവങ്ങളെ ആക്രി പെറുക്കി ജീവിക്കാൻ പോലും അനുവദിക്കില്ലേ എന്നൊക്കെ തിരിച്ചു ചോദിക്കണമെന്നുണ്ടായിട്ടും, മഞ്ഞവേഷക്കാരന്‍റെ അഹങ്കാരത്തിന്‍റെ കോട്ട കൊത്തളങ്ങളിൽ വിള്ളലുണ്ടാക്കണ്ട എന്നു കരുതി അയാൾ പിന്തിരിഞ്ഞു.

    പനി വിട്ടു മാറിയതിന്‍റെ ക്ഷീണവും വിശപ്പിന്‍റെ  കാഠിന്യവും അയാളുടെ കാലടികളെ വിറപ്പിച്ചു. കയ്യിൽ കാശില്ലാത്തവന്റെ മനോവ്യഥ ആരറിയാൻ..?പനിക്കുളിരിൽ ഭ്രൂണാകാരം പൂണ്ടു കിടന്നപ്പോൾ ശുശ്രൂഷിക്കുകയും ചെലവിനു തരികയും ചെയ്ത ഗോപനു നേരെ ഇനിയും കൈ നീട്ടുന്നതെങ്ങിനെ..? നഗരത്തിന്‍റെ ആർഭാടങ്ങൾക്കിടയിൽ ഇല്ലാത്തവന്റെ നൊമ്പരം ചില്ലു പാത്രം പോലെ വീണു ചിതറി. അഗ്നി വിഴുങ്ങിയ തൊണ്ടക്കുഴിയിലേക്ക് ഇത്തിരി ദാഹജലത്തിനായി അയാൾ ദൂരെ തലകീഴായ് ചാടിത്തെറിക്കുന്ന തിരമാലകൾ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.

  കടൽത്തീരത്തെ ചൊരിമണൽ ആ കാലടികളിൽപ്പെട്ട് വീർപ്പു മുട്ടി. എങ്കിലും കടൽക്കാറ്റിന്‍റെ പലായനം അയാൾക്ക് പൗഷമാസത്തിലെ കുളിരായി. ആകാശത്തു പരന്ന സന്ധ്യയിലൂടെ കടൽക്കാക്കകൾ- ചിലച്ചു കൊണ്ട് പറക്കുന്നു. അവർക്കൊക്കെയും അവരുടേതായ ഇടങ്ങളുണ്ട്. ജീവിതയാത്രയിൽ, എത്തിച്ചേരുന്ന ഇടങ്ങളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവനാണ്‌ സാധാരണ മനുഷ്യർ. 

 

  പക്ഷേ ഇടങ്ങൾ കൈയ്യടക്കാനായി മനുഷ്യർ തമ്മിൽ മൽസരിക്കുമ്പോൾ ഇടങ്ങൾ നഷ്ടപ്പെടുന്നവരുടെ വേദന വിസ്മരിക്കപ്പെടുന്നു. നീണ്ട നടത്തത്തിനൊടുവിൽ ഇടറി വീഴുമ്പോൾ സ്ഥലകാലബോധം അയാൾക്കന്യമായിക്കഴിഞ്ഞിരുന്നു. വെളുത്ത മണൽത്തരികൾക്കു മീതെ കമിഴ്ന്നു കിടക്കുമ്പോൾ തിരമാല കൊണ്ടുവന്ന ലവണജലം സാവധാനം അയാളുടെ തൊണ്ടക്കുഴിയിലേക്ക് ഊർന്നിറങ്ങി. ഓളത്തിൽപ്പെട്ട് ഒഴുകിയെത്തിയ ഒരു എനർജി ഡ്രിങ്കിന്‍റെ ഒഴിഞ്ഞ  തകരപ്പാട്ട  കവിളിൽ തലോടിയപ്പോഴും, ഇടം നഷ്ടപ്പെട്ടവനായി ഏതോ മൾട്ടി നാഷണൽ കമ്പനിയുടെ പ്രോഫിറ്റ് ആന്‍ഡ് ലോസ്സ് അക്കൗണ്ട് നിർദ്ധാരണം ചെയ്യുകയായിരുന്നു അയാൾ…

Comments

comments