റു മാസങ്ങൾക്കു മുമ്പാണു കാലുകൾക്കിടയിലെ നീർച്ചാൽ വീണയ്ക്കാദ്യമായി ചുവന്ന നിറത്തെ കാണിച്ചു കൊടുക്കുന്നത്. കറുപ്പോടടുത്ത, കറുത്ത കട്ടകളായ് വന്ന ചുവപ്പ്. രക്തത്തിന്റെ പാപഭയങ്ങളുണർത്തുന്ന പതിഞ്ഞ ഗന്ധം അവളെ ഛർദ്ദിപ്പിച്ചു, ഒറ്റയ്ക്ക് കിടക്കാൻ കൂട്ടുവന്ന പായേം തലയണയെയും കണ്ണീരിൽ മുക്കി, കൊണ്ടു വന്ന കപ്പപ്പഴം മുഴുവനായി അവളുടെ വായിൽ കുത്തിത്തിരുകുന്നതിനിടെ പെങ്കൊച്ചുങ്ങൾ വലുതാകുമെന്നും പണ്ടങ്ങളൊക്കെ ഒരുക്കി തുടങ്ങണമെന്നും അമ്മയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന അച്ഛമ്മയോട് കാച്ചിയ പാലിന്റെ ഗന്ധശിഷ്ടമില്ലാത്തതിനാൽ സിനിമകൾ പരിചിതമാക്കിയ ആദ്യരാത്രി തനിക്കുണ്ടാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പരിഹാസ്യയാക്കി. അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയരുതെന്ന് പറഞ്ഞ് അമ്മ അപ്പോൾ നുള്ളിയത് പെട്ടെന്ന് രുന്ന പെങ്കൊച്ചിന്റെ ഇടത്തേ ചന്തിയിലായിരുന്നു.

കാലം ആ ചുവന്ന നീർസഞ്ചിയെ രണ്ടാമതും പൊട്ടിച്ചപ്പോൾ വീണയ്ക്കാദ്യം മനസ്സിൽ വന്നത് ഇടതുചന്തി അന്നറിഞ്ഞ ആ നീറ്റൽ തന്നെയായിരുന്നു. പിന്നെയത് പടർന്ന് അടിവയറ്റിലേക്ക്. ആറാംക്ലാസിലെ അവസാനത്തെ പരീക്ഷ, കണക്ക് പരീക്ഷ. പതിമൂന്നിന്റെ വർഗ്ഗമറിയാൻ കാല്വിടവിലെ നീർപ്പാടം അതുവരേയും വർഗ്ഗബോധം വളർത്താത്ത വിജിഷ പിറകിലിരുന്ന് കുത്തിയപ്പോൾ അടിവയറിനെ കയ്യിൽ താങ്ങിവീണ ആകാശത്ത് ദീർഘ-സമചതുരങ്ങളെയും ത്രികോണങ്ങളെയും കണ്ടു.

പരീക്ഷ ഒഴിഞ്ഞിറങ്ങിയപ്പോൾ പക്ഷേ മനസ്സ് നിറഞ്ഞിരുന്നു. അവധി ആരംഭിച്ചിരിക്കുന്നു! വേനലവധി കൊടി കയറുന്നത് മാടൻ നടയിലെ ഉത്സവത്തോടെയാണു. തെരണ്ട കാരണം അമ്പലത്തിൽ കേറാൻ  പറ്റില്ലെന്ന് രാവിലേംകൂടെ അമ്മ കട്ടായം പറഞ്ഞു. ആർക്ക് കേറണം? പറമ്പാണു ലക്ഷ്യം. കണ്ണെത്താത്ത ദൂരം മണലു വിരിച്ച പറമ്പ്! ഓരങ്ങളിലെ ചെറുകച്ചവടങ്ങൾ. അവിടുന്ന് വാങ്ങിയ സാമഗ്രികളുമായി പറമ്പ് നിറഞ്ഞ് നടക്കുന്ന മനുസ്ഹ്യർ. രാത്രി ഇന്നെന്താണു? സിനിമാറ്റിക് ഡാൻസോ കഥകളിയോ?

ചിന്തിച്ചുല്ലസിച്ച് വീട്ടിലെത്തിയപ്പോൾ കണ്ടത് മുറ്റത്ത് നിന്ന് തുളുമ്പുന്ന അച്ഛനെയാണു.

അനുഭവത്തീന്നും പഠിക്കരുത് നായിന്റെ മോളേ! നിന്റെ തള്ള പറഞ്ഞ് നീ അറിഞ്ഞെന്ന് എനിക്കും പ്രതീക്ഷയില്ല. എന്നാലും കണിയാൻ നോക്കിപ്പറഞ്ഞു നാട്ടുകാരറിഞ്ഞത് തന്ന നിന്റെ അപ്പൂവൻ എങ്ങനെ മരിച്ചെന്ന്! പണിപ്പൊരേട നേരെ അല്ലാതെ നിന്റെ അമ്മൂമ്മക്കെഴവിക്ക് തീണ്ടാരിത്തുണി വിരിക്കാൻ ഒക്കൂല്ലാർന്നല്ല! നാഗങ്ങളെ കലിപ്പിച്ച് വെഷം തീണ്ടി നൊരഞ്ഞു മരിക്കേണ്ട ഗതിയാണല്ല ശിവനേ അങ്ങോർക്ക് വന്നറ്റ്ഹ്! നിന്നോട് ഒടുവിലായിട്ട് പറയേണു. പെണ്ണിനെ നെലയ്ക്ക് നിർത്തണം. വൃത്തീം ശുദ്ദീം പഠിപ്പിക്കണം. ദെവസോം വെളക്ക് വെക്കണ വീടാണു. അതോർമ്മ വേണം.

മൂന്ന് തലമുറ മുമ്പുള്ളോരെ പറയിക്കാനുംമാത്രം അമ്മ എന്ത് ചെയ്തെന്ന് വീണയ്ക്കധികം ആലോചിക്കേണ്ടി വന്നില്ല. അച്ഛൻ നിലത്ത് രണ്ട് ചവുട്ടൂട ചവുട്ടി ബീഡീം കത്തിച്ച് പുറത്തിറങ്ങിയ നിമിഷം അമ്മ അവളെ വലിച്ചകത്ത് കേറ്റി വെറുംകൈ കൊണ്ടും കിട്ടിയതൊക്കെക്കൊണ്ടും പൊതിരെ തല്ലി.

ശരിയാണു. വീട് മുഴുവൻ കേറിയിറങ്ങി കറയാക്കരുതെന്ന് അമ്മ രാത്രി തന്നെ അവളോട് പറഞ്ഞതാണു. പരീക്ഷയ്ക്ക് പഠിക്കുമ്പോൾ ഇരിപ്പുറയ്ക്കാത്തത് പക്ഷേ ശീലമായിപ്പോയി. രാത്രിക്ക് വെച്ച പാഡ് രാവിലെ സ്ഥാനം മാറിക്കാണണം. പതിനഞ്ച് വരെയുള്ള വർഗ്ഗം പഠിച്ചത് ഒന്നെഴുതിനോക്കാനാണു അച്ഛന്റെ കസേരയിൽ ഒന്നിരുന്നത്. ഓരോ വർഗ്ഗങ്ങൾക്കും നീക്കിയിരുപ്പായി തുള്ളികളുറയുന്നത് അറിയുന്നുണ്ടായ്ഇരുന്നു. എന്നാലും അവ മൂന്ന് മറ വസ്ത്രങ്ങളും താണ്ടി കസേരയിലലിയുമെന്ന് കണക്ക് പരീക്ഷ തലയിൽ നിറഞ്ഞ പതിനൊന്ന് വയസ്സ് വിചാരിച്ചു കാണില്ല. 

കസേര അമ്മ തന്നെ കഴുകിയിട്ടുണ്ടായിരുന്നു. ഉണക്കാൻ വെയിലിനു കീഴെ ഒറ്റയ്ക്ക് നിർത്തിയ കസേരയെ കണ്ടപ്പോൾ വീണക്കുട്ടിക്ക് നൊന്തു. കുറ്റബോധം പോലൊന്ന് അപ്പോൾ ഇറ്റുവീണു.

വൃത്തിയില്ലാത്ത ജന്തൂ ഇതൊക്കേങ്കിലും സമയത്ത് കഴുക്.

മുഷിഞ്ഞതൊക്കെയും മുന്നിലേക്കിട്ട് അറപ്പോടെ അമ്മ.

ഇനീപ്പൊ സമയമില്ലല്ല അമ്മാ പറമ്പിനു പോയിട്ട് വന്നിട്ട്..

എന്തരു പെണ്ണേ നീ ഇങ്ങനെ…”അമ്മ തലയ്ക്ക് കൈവെച്ച് കുന്തിച്ചിരുന്നു.

മക്കളേ ഇങ്ങനൊക്കെ ആവുമ്പ അങ്ങനെ ഇങ്ങനേന്നും എറങ്ങി നടന്നൂട. നല്ലതല്ല. പ്രത്യേകിച്ച് ദൈവകാര്യങ്ങളിൽ. ഇന്ന് രണ്ടല്ലേ ആയുള്ളൂ. പറമ്പിലു പോവണ്ട.

അമ്മ എന്ത് രാവിലെ പറയാത്ത?അവൾക്ക് തൊണ്ട ഇടറുന്നുണ്ടായിരുന്നു.

രാവിലെ ഓർത്തില്ല മക്കളെ. പറമ്പല്ലേന്ന് അമ്മേം വിചാരിച്ച്. എന്നാലും ഇപ്പ അച്ഛൻ ഓരോന്ന് പറയണ കേക്കുമ്പ പേടിയാവണെടീ. മക്കളു പോണ്ട. ഉത്സവോം പറമ്പും ഒക്കെ ഇനീം വരും.

അമ്മയ്ക്ക് അടിക്കുകയോ നുള്ളുകയോ അല്ലെങ്കിൽ ശബ്ദമുയർത്തി സംസാരിക്കുകയെങ്കിലുമോ ചെയ്യാമായിരുന്നെന്ന് വീണ വേദനയോടെ ഓർത്തു. അങ്ങനെയെങ്കിൽ അവൾക്കെന്തെല്ലാം ചെയ്യാമായിരുന്നു? ഉറക്കെയുറക്കെ തിരിച്ച് തർക്കിച്ച് നേരെ പറമ്പിലേക്ക് വെച്ച് പിടിക്കാമായിരുന്നു. കാറി നിലത്തുരുണ്ടോ വീടിനു ചുറ്റും തൊള്ള തുറന്നലറിനടന്നോ സമ്മതിപ്പിച്ചെടുക്കാമായിരുന്നു. ഇനിയിപ്പോൾ പുതിയതായ് മുതിർന്ന പെണ്ണ് പുതിയ എന്തേലും മാർഗ്ഗങ്ങൾ കണ്ടുപിടിച്ചെന്നുമിരുന്നേനെ. 

അമ്മയുടെ ശാന്തതയ്ക്കും നിസ്സഹായതയ്ക്കും മുന്നിൽ അവൾ പക്ഷേ കീഴടങ്ങി. നിശബ്ദം തുണികളെടുത്ത് അലക്ക് കല്ലിനടുത്തേക്ക് നടന്നു. തുറന്ന പൈപ്പിന്റെ പ്രതിരോധത്തിൽ ഏങ്ങലടിച്ച് കരഞ്ഞു. അമ്മ അനിയനെ കുളിപ്പിക്കുന്നതും അമ്മ്സ്വയം ഒരുങ്ങുന്നതും ഇരുട്ടുമ്പോ ൾ അപ്രത്തെ വീട്ടിൽ പോയി നിക്കാൻ അവളോട് വിളിച്ചു പറയുന്നതുമെല്ലാം അതിനിടയിലും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വീട് അവൾക്കുമാത്രമുള്ളതായപ്പോൾ വീണ പതുക്കെ എഴുന്നേറ്റു. തീണ്ടാരിത്തുണികൾ ഓരോന്നും വെള്ളത്തിൽ മുക്കി. അമ്മയെ ചീത്ത കേൾപ്പിച്ച, കസേര വൃത്തികേടാക്കിയ കറ അപ്പോളവൾക്ക് കണ്ണിൽ പതിഞ്ഞു. ഇളംനീലയിൽ കടുംനീല പുള്ളികളുള്ള പാവാടയിൽ തെളിഞ്ഞുകണ്ട ചോരക്കറയ്ക്ക് കൈലാസനാഥൻ സീരിയലിൽ കാണുന്ന ശിവവ്ഗഗവാന്റെ മൂന്നാമത്തെ കണ്ണിന്റെ ഷെയിപ്പാണെന്ന് അവൾക്ക് തോന്നി. അച്ഛൻ പറഞ്ഞ് അന്നറിഞ്ഞ വലിയമ്മൂമ്മ തന്റെ രക്തത്തിലോടുന്നത് അവളാ മാത്രയിൽ തിരിച്ചറിഞ്ഞു. വൃത്തിബോധം ഉണക്കാനിട്ട ഒരു തീണ്ടാരിത്തുണിയുടെ പേരിൽ ഒരായുഷ്കാലം കൊലപാതകത്തിന്റെ കുറ്റബോധം പേറിയ വലിയമ്മൂമയെ ഓർത്തപ്പോൾ ബാർ സോപ്പ് ആ കറയിൽ അമർത്താൻ അവൾക്കു കഴിഞ്ഞില്ല. 

വഴി നീളെ വെള്ളമിറ്റുന്നുണ്ടായിരുന്നു. ചീവി വെച്ച തടിപ്പലകകളിലും രണ്ട് മൂന്ന് തുള്ളി വീണു. അച്ഛനും കൂട്ടുകാരും പണിയുമ്പോൾ മാത്രമിടുന്ന കൈലിയും  ഷർട്ടും വിരിച്ചിട്ട അശയിൽ കാലുകൾ ഏന്തിവലിച്ച് അവളാ പാവാട വിരിച്ചു. നാളെ രാവിലെ അച്ഛൻ നേരിട്ടടിക്കുമോ അതോ അമ്മയെ കൊണ്ടടിപ്പിക്കുമ്പോ  എന്ന്ചിന്തിച്ചൂറി ചിരിക്കുന്നതിനിടെ അമ്പലത്തിൽ നിന്നുയർന്നുകേട്ട തൃക്കണ്ണാൽ കാമദേവനെ ദഹിപ്പിച്ച ശിവസ്തുതിഗീതം അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.

 

 

Comments

comments