പെണ്ണുടല്‍ മാതിരികൊഴുത്തുരുണ്ട അക്ഷരങ്ങള്‍ വാരികയുടെ മദ്ധ്യവയസ്കന്‍ പത്രാധിപരുടെ സ്വസ്ഥതയെ ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആദ്യനോട്ടത്തിന്‍െറ ചുമതലക്കാരനായ സഹപത്രാധിപന്‍ അന്നൊരുന്നാള്‍ ‘ഇതൊന്ന് നോക്കണം സര്‍’ എന്ന് സ്റ്റിക്കര്‍ പതിച്ച് മേശപ്പുറത്ത് കൊണ്ടിട്ടതാണ്.
പെണ്‍വടിവില്‍ കൈപ്പട പതിഞ്ഞ നാലഞ്ച് ഷീറ്റ്കടലാസ്. കഥയാണ്. ആദ്യ ഷീറ്റിന്‍െറ മുകളില്‍ തന്നെ അത് എഴുതിയിട്ടുണ്ട്. അഞ്ച് മുഴുനീള കടലാസിന് പുറമെ ഒരു ചീന്ത് ആദ്യത്തില്‍ പിന്‍ചെയ്തുവച്ചിരിക്കുന്നു.
‘പ്രിയ പത്രാധിപര്‍,
എത്രകാലമായി ഞാനോരോന്ന് അയക്കുന്നു. ഒന്നും അച്ചടിമഷി പുരണ്ടുകാണാനുളള ഭാഗ്യം എനിക്കുണ്ടായില്ല. ഒരു ‘പെണ്ണാണെ’ന്ന പരിഗണനയെങ്കിലും തന്നൂടെ?
എന്ന്
സസ്നേഹം
സാവിത്രി ഗോവിന്ദന്‍’ എന്നൊരു ഹർജിയായിരുന്നു ആ കടലാസ് ചീന്തില്‍.
പെണ്ണെന്ന വാക്കിനിട്ട ഇന്‍വെര്‍ട്ടട് കോമകള്‍ പത്രാധിപര്‍ പ്രത്യേകം ശ്രദ്ധിച്ചു. സാവിത്രി ഗോവിന്ദന്‍ എന്ന് എഴുതിയതിനടിയില്‍ വരച്ച പൂവമ്പും ഇഷ്ടമായി. വീട്ടുവിലാസവും മൊബൈല്‍ നമ്പറും വിശദമായി തന്നെ അതിനടിയിലുണ്ട്.
പ്രധാനഷീറ്റില്‍ കഥ എന്ന മുന്നറിയിപ്പിന് താഴെ ‘മഴവില്‍ മുറിവ്’എന്ന് അലങ്കാരതലക്കെട്ടിനടിയിലും ഭംഗിയുള്ളൊരു പൂവമ്പുണ്ടായിരുന്നു. ആദ്യ വരിവായിച്ചപ്പോള്‍ തന്നെ അരുചിയുള്ളതും വഴുവഴുത്തതുമായ എന്തിലോ ഒന്ന്കടിച്ചതുപോലെ ഉമിനീര് പതഞ്ഞു. മനംപിരട്ടി. അറപ്പിന്റെ ഒരു കയ്പ്നാര് അന്നനാളത്തിലൂടെ താഴേക്കിറങ്ങി. ദേഷ്യത്തിന്റെ മിന്നല്‍പ്പിണർ ശരീരത്തെ തരിപ്പിച്ചപ്പോള്‍ പല്ലുകളിറുമ്മി കടലാസ് ചുരുട്ടിയെടുത്ത് വേസ്റ്റ്ബോക്സിലേക്ക് എറിയാനോങ്ങിയതാണ്. ആ സമയത്താണ് ആ കടലാസ് കഷണം പിന്നിളകി മടിയിലേക്ക് പാറി വീണത്. കണ്ണ് വീണ്ടും ആ അക്ഷരങ്ങളില്‍ പാറി വീണു. ‘ഒരു പെണ്ണല്ലേ, എറിയരുതേ സാര്‍’ എന്ന് ആ വാക്കുകള്‍ കേഴുന്നതുപോലെ തോന്നി.
എറിഞ്ഞില്ല. ചുരുള്‍ നിവര്‍ത്തി, അടര്‍ന്നുവീണ ചീന്തുള്‍പ്പെടെ എടുത്ത് സ്റ്റാപ്പിള്‍ പിന്നടിച്ച് മേശയുടെ അറകളിലൊന്ന് വലിച്ചുതുറന്ന് അതിലേക്കിട്ടു.
പിന്നീടുള്ള ദിവസങ്ങളില്‍ ഒരു നേരമെങ്കിലും ആ കടലാസുകള്‍ പത്രാധിപര്‍ മേശവലിപ്പില്‍നിന്നെടുക്കുകയും കഷായം പോലെ ഒൗണ്‍സ് കണക്കില്‍ വായിച്ചുതീര്‍ക്കുകയും ചെയ്തു. ‘പെണ്ണെ’ന്ന ഇന്‍വെര്‍ട്ടട് കോമ പ്രയോഗം എന്തോ ഒരു വല്ലായ്കയായി അപ്പോഴെല്ലാം മനസില്‍ തറഞ്ഞുകയറി. ദിവസം ഒരുതവണയെങ്കിലും അതൊന്നെടുത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് തന്‍െറയുള്ളില്‍ കയറിക്കൂടി ചുരമാന്തുന്നതായി പത്രാധിപര്‍ അസ്വസ്ഥപ്പെട്ടു.
‘‘കഥയും കവിതയുമെന്ന് പറഞ്ഞ് ഓരോന്ന് സ്ഥിരമായി അയക്കാറുള്ള സ്ത്രീയാണ്’’, സഹപത്രാധിപന്‍ പറഞ്ഞു. ‘‘അതുകൊണ്ട് കൈപ്പട നല്ലപരിചയമായി. നല്ലതൊരെണ്ണം ഇതുവരെ വന്നിട്ടില്ല. ഇതാദ്യമായാണ് ഇങ്ങിനെയൊരുകുറിപ്പ് കൂടി. പെണ്ണായതുകൊണ്ട് പരിഗണിക്കണം എന്നായിരിക്കും’’.
‘‘പരിഗണനയോ, എന്തിന്? ഹോ ഈ ചവര്‍ തന്നെ വായിച്ചുതീര്‍ത്തതിന്‍െറ ചവര്‍പ്പ് ഇതുവരെമാറിയിട്ടില്ല…’’പത്രാധിപന്‍െറ ചുളിഞ്ഞ നെറ്റി വിറച്ചു. അയാള്‍ ദേഷ്യത്തോടെ പേപ്പര്‍ കെട്ട് മേശവലിപ്പിലേക്ക് തന്നെ ഇട്ടു.
‘‘ഹ…ഹ…ഹ…ഇത് അതുതന്നെ’’, പ്രശസ്തിയില്‍ സമശീര്‍ഷനും സമപ്രായക്കാരനുമായ സാഹിത്യനിരൂപകന്‍ മേശമേല്‍ കൈമുട്ടൂന്നി മുന്നിലെ പേപ്പര്‍കെട്ടിലേക്ക് നോക്കിഉറക്കെയുറക്കെ ചിരിച്ചു. ‘‘നയതന്ത്രം…’’
‘‘ശ്ശേ, വൃത്തികേട് പറയാതെ..”പത്രാധിപന്‍ തീട്ടത്തില്‍ ചവിട്ടിയതുപോലെ ചുളിഞ്ഞു.
‘‘ഇത്വൃത്തികേടൊന്നുമല്ലെടോ. ഒരു വാസ്തവം. ആദിപാപമെന്ന ബിബ്ലിക്കല്‍ തീയറിയിലാണ് ജനനം. മനുഷ്യനെ സ്വര്‍ഗത്തില്‍നിന്ന് പുറന്തള്ളാന്‍ ദൈവവും സാത്താനും നടത്തിയ ഗൂഢാലോചന. ആ നയതന്ത്രം ഇതുപോലെ എത്ര പറുദീസകളെയാണ്ചരിത്രത്തിലുടനീളം പുരുഷനില്‍നിന്ന് തട്ടിയകറ്റിയത്. എത്രയെത്ര സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. ആണിനെ മലര്‍ത്തിയടിക്കാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിക്കപ്പെട്ട് സംഗതി ക്ളീഷേയായിമാറിയെങ്കിലും ഇപ്പോഴും ദേ നമ്മുടെ കൊച്ചുകേരളത്തിലും അതങ്ങിനെ പുഷ്ക്കലിക്കുന്ന കഥകളല്ലേഓരോ ദിവസവും കേള്‍ക്കുന്നത്!’’
ഇടക്ക് പതിവുള്ള വരവില്‍ ഒരു തമാശ പങ്കുവെക്കാനാണ് അതെടുത്ത് കാണിച്ചത്. അത്പൊല്ലാപ്പായി. പ്രസ്താവന നീളത്തില്‍ തട്ടി സാഹിത്യ നിരൂപകന്‍ സ്ഥലംവിട്ടെങ്കിലും അയാളുടെ വിടന്‍ ചിരിയും ആ പ്രയോഗവും അവിടെ കിടന്ന്പാമ്പുകളെ പോലെ പിണയാന്‍ തുടങ്ങി. പത്രാധിപരുടെ മനസ്വസ്ഥത നഷ്ടപ്പെട്ടു. നോക്കിയിരിക്കെ കുറിപ്പിലെ പെണ്ണെന്ന വാക്കിന് തിടംവെച്ചു. ഉടലും അംഗലാവണ്യവുമുണ്ടായി. മനസിലേക്ക് അത് ഇഴഞ്ഞുകയറി പല വിചാരങ്ങളായി പിരിഞ്ഞുമാറി വീണ്ടും കൂടിപിണഞ്ഞു.
അന്നുരാത്രി ഭര്‍ത്താവിന്‍െറ കിടക്ക തട്ടിക്കുടഞ്ഞ് വിരിച്ച് അടുത്ത കട്ടിലില്‍കിടക്കാന്‍ പോയ ഭാര്യയെ അയാള്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു.
‘‘പെണ്ണേ…’’
അവള്‍ ഞെട്ടിത്തിരിഞ്ഞുനോക്കി.
‘‘ഇവിടെ വന്നുകിടക്കൂ…’’പത്രാധിപരുടെ ചുണ്ടുകള്‍ വിറച്ചു
അവളുടെ കണ്ണുകളിലെ അമ്പരപ്പ് ചുണ്ടില്‍ പുഛമായി വക്രിച്ചു.
‘‘അതുശെരി, ഇവിടെയൊരു പെണ്ണുണ്ടെന്ന ഓര്‍മ നിങ്ങള്‍ക്കുണ്ടോ…?’’
പരിഹാസത്തിന്‍െറ മഞ്ഞുകട്ടകള്‍ ചൊരിഞ്ഞുവീണ് അയാള്‍ വിറങ്ങലിച്ചുപോയി. ഒന്നുംമിണ്ടാനാകാതെ കിടക്കയിലേക്ക് മറിഞ്ഞു. ദേഷ്യത്തോടെ ശരീരം വെട്ടിച്ച്സ്വന്തം തുരുത്തിലേക്ക് വലിഞ്ഞുകയറി അവള്‍ പുറംതിരിഞ്ഞുകിടന്നു.
50 തികയുന്നതിന് മുമ്പേ അകാലവാര്‍ദ്ധക്യം ബാധിച്ചിരുന്നു അയാളുടെ ഉത്സാഹത്തിന്. കനലണയാത്ത അടുപ്പുകല്ലായി പലരാത്രികളില്‍ പുകഞ്ഞുകിടന്ന അവളിലെ പെണ്ണ് ഒടുവില്‍ സഹനത്തിന്‍െറ വെള്ളക്കെട്ടിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഉറങ്ങാതെ പുലര്‍ന്ന പിറ്റേന്ന്ഓഫീസിലത്തെിയ പത്രാധിപര്‍ പകര്‍പ്പെഴുത്തുകാരന്‍ സഹപത്രാധിപനെ വിളിച്ച് ആകടലാസുകള്‍ ഏല്‍പിച്ച് പറഞ്ഞു, ‘‘ഇത് അച്ചടിക്കാന്‍ കൊളളുന്ന പരുവത്തിലാക്കുക, അടുത്ത ലക്കത്തില്‍ തന്നെ ചേര്‍ക്കണം’’.
അയാള്‍ പോയപ്പോള്‍ മൊബൈല്‍ ഫോണില്‍ ഡയല്‍ ചെയ്തുവെച്ച നമ്പറിലേക്ക് കാള്‍ബട്ടണ്‍ അമര്‍ത്തി. ഹൃദയം പതിവില്‍ കൂടുതല്‍ മിടിക്കാന്‍ തുടങ്ങി. ഞരമ്പുകളില്‍ തരിപ്പുണര്‍ന്നു. ‘‘ഹലോ…’’ മറുതലക്കല്‍ അവളുടെ ശബ്ദം. ‘‘മധുരത്തിന് സ്വരം ഉടല്‍ തീര്‍ക്കുന്നോ’’എന്ന് ഒരു ശൃംഗാര രാഗം മൂളേണ്ട സന്ദര്‍ഭത്തിലും പത്രാധിപര്‍ വാക്കുകള്‍ക്ക് വിക്കി.
വിറകൊണ്ട് തെറിക്കുന്ന വാക്കുകള്‍ പ്രയാസപ്പെട്ട് പിടിച്ചടക്കി ഒരുവിധം പത്രാധിപര്‍ ഇങ്ങിനെ പറഞ്ഞൊപ്പിച്ചു, ‘‘വാരികയില്‍നിന്നാണ്… സാവിത്രി അയച്ച കഥ നന്ന്. അടുത്തലക്കത്തില്‍ ചേര്‍ക്കുന്നു’’.
അരക്കെട്ട് ഞെട്ടിവിറക്കുന്നതും മരവിപ്പിന്‍െറ ചതുപ്പുനിലങ്ങളില്‍ പുതഞ്ഞുകിടന്ന പുരുഷനാളികള്‍ ഒരു പൊട്ടിത്തെറിയോടെ നിവരുന്നതും ജാള്യതയുടെ അടിവസ്ത്രനനവില്‍ അയാള്‍ തിരിച്ചറിഞ്ഞു, ‘‘ശ്ശെ’’എന്ന് മുരണ്ടു.
—————————————————-
Be the first to write a comment.