ഞ്ഞയുടെ ചുഴികളിൽ നിന്നിറങ്ങി ആ ചുംബനം കാബിനുള്ളിലേക്ക് ഏതുസമയവും വാർന്നുവീഴാമെന്ന് മെൽവിൻ ഭയപ്പെട്ടു. ദി കിസ്സ്എന്ന പെയിന്റിംഗ് ഇരിപ്പിടത്തിനെതിരായി ചുമരിൽ എപ്പോഴുമൂണ്ടായിരുന്നെങ്കിലും ഇന്നു മാത്രമാണ് ഭീതിയുണർത്തുന്ന വിധം അവനെ കൊളുത്തി വലിക്കാൻ തുടങ്ങിയത്. നഗരത്തിന്റെ കാതുതുളയ്ക്കുന്ന ഒച്ചകളെ നിരാകരിച്ചു നിൽക്കുന്ന ഇൻഫോപാർക്കിന്റെ നൂറുനൂറു കണ്ണികളിലൊന്നായ അനിമോമാക്‌സ് എന്ന അനിമേഷൻ കമ്പനിയുടെ ഇന്റീരിയർ, പഴുത്തിലകളുടെ നിറഭേദങ്ങളാൽ വെളിച്ചത്തിന്റെയും നിഴലുകളുടെയും ഒരു കൊളാഷ് മെനഞ്ഞിട്ടിരിക്കുകയായിരുന്നു.  ഫൈബർ പാനലുകൾ കൊണ്ട് വേർതിരിച്ച കാബിനുള്ളിൽ മെൽവിൻ ജോൺ എന്ന ക്രിയേറ്റീവ് ഡിസൈനർ, തോളിനൊപ്പം നീണ്ടുകിടക്കുന്ന ബാൻഡ് ചെയ്ത നീളൻ മുടിയിഴകളിൽ അസ്വസ്ഥതയോടെ വിരലുകൾ കടത്തി വലിച്ചു.

ഒരു ബോളിവുഡ് ത്രീഡി അനിമേഷൻ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ തിരക്കുകളിലായിരുന്നു ടീമിലുള്ള എല്ലാവരും. അമാനുഷിക ശക്തികളുള്ള മിറ‘* എന്ന പെൺകുട്ടിയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മിറയെ ത്രിമാനരൂപത്തിൽ നന്മയുടെ തുമ്പിച്ചിറകുകളുമായി സൃഷ്ടിച്ചത് മെൽവിനാണ്.

രണ്ടു പേപ്പർകപ്പുകളിൽ കാപ്പിയുമായി രാംലാൽ കടന്നുവന്നു.

മാനം തൊട്ടുനിൽക്കുന്ന ആ കെട്ടിടസമുച്ചയത്തിൽ മെൽവിനോട് അനുഭാവപൂർവ്വം ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ലാൽ. സഹപ്രവർത്തകരും പരിചയത്തിലാവുന്ന മറ്റെല്ലാവരും അവനോട് പ്രത്യേകമായ ഒരു അകലമിടുന്നതിനു കാരണം ആ ശരീരചലനങ്ങൾ തന്നെയാണ്. സ്‌ത്രൈണതയുടെ മുഗ്ദമായ ചില ഭാവങ്ങൾ മെൽവിൻ ജോണിൽ മിന്നിക്കത്തിക്കൊണ്ടിരുന്നു.

കാപ്പി വാങ്ങി മെൽവിൻ ടേബിളിൽ തന്നെ വെച്ചു.

ഉം…? ഹാവിറ്റ് മാൻ. ഈ സ്ട്രിംഗുകളിൽ നിന്ന് പുറത്തിറങ്ങി ഒന്നു റിലാക്‌സാകെടാ ഉവ്വേ!

മെൽവിൻ ഒരു വിളറിയ ചിരി മാത്രം മടക്കി.

ലാസ്റ്റ് മിനിട്ടിൽ നിനക്കെന്താ ഒരു കൺഫ്യൂഷൻ? എന്തായാലും ഇതോടെ നിന്റെ തലവര തെളിയാൻ പോവുകയാണ് ബ്രോ, ഷുവർ..!

രാംലാൽ കോഫി നുണഞ്ഞുകൊണ്ട് അവന്റെ ചുമലിൽ വിരലുകളമർത്തി. തോൾ പതുക്കെ വെട്ടിച്ചുകൊണ്ട് മെൽവിൻ സ്‌ക്രീനിലെ മിറയുടെ ചലനങ്ങളിലേക്ക് കണ്ണുകൾ കൂർപ്പിച്ചു. സർഗാത്മക പ്രതിസന്ധിയുടെ വിക്ഷോഭങ്ങളിൽ ആഴ്ന്നുപോയവന്റെ വേവലാതികൾ മനസ്സിലായതുകൊണ്ടാണ് രാംലാൽ കൂടുതൽ ശല്യപ്പെടുത്താൻ നിൽക്കാതിരുന്നത്. അയാൾ സയന്റിഫിക് അസിസ്റ്റന്റ് കരീനയുടെ കാബിൻ ലക്ഷ്യമാക്കി നടന്നുനീങ്ങവേ, തന്നെ കുരുക്കിലകപ്പെടുത്തിയിരിക്കുന്ന മിറയുടെ ആകർഷണ വികർഷണങ്ങളിലേക്ക് മെൽവിൻ വീണ്ടും മുങ്ങാംകുഴിയിട്ടു.

വർക്ക് സ്റ്റേഷനിലെ സ്‌ക്രീനിൽ ദൃശ്യങ്ങൾ ചാരുതയോടെ മിന്നി.

വെള്ളിപോലെ തിളങ്ങുന്ന തുമ്പിച്ചിറകുകൾ അനുസ്യൂതമായി വിറപ്പിച്ചുകൊണ്ട് ഒരു വേംഹോളിലൂടെ മിറ ഭൂമിയിലേക്ക് വരികയായിരുന്നു. ഗുരുത്വാകർഷണത്തെ തുളച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട ഇടുങ്ങിയ ഇരുൾപ്പാതയിലൂടെ അവൾ ഒരു അപ്പൂപ്പൻതാടിയെപ്പോലെ സഞ്ചരിച്ചു.

അതാ, വീണ്ടും…മെൽവിൻ കണ്ണുകൾ തിരുമ്മി നോക്കി.

സുഗമമായ സഞ്ചാരവഴിയിൽ ഇടയ്‌ക്കെവിടെയോ വെച്ച് പൊടുന്നനെ അവൾ രണ്ടായി വിഭജിക്കപ്പെടുന്നു – മിറയുടെ ഒപ്പം ഒരു നിഴൽരൂപം. ഗ്രാഫിക്‌സുകളുടെ അകമ്പടിയില്ലാതെ, സിമുലേഷനുകളുടെ സ്പർശമില്ലാതെ ഇത് എങ്ങനെ സംഭവിക്കും…? ശാസ്ത്രത്തിനതീതവും സങ്കീർണ്ണവുമായ ഏതോ പ്രതിഭാസങ്ങൾ ഇടയ്ക്ക് നടക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടിവരും. അല്ലെങ്കിൽപ്പിന്നെ എന്തായിരിക്കും മിറയുടെ ഈ ഡബിൾറോൾ കളിയുടെ രഹസ്യം…? തിരക്കഥയിലില്ലാത്ത, ആലേഖന സമവാക്യങ്ങളുടെ അടിത്തറകളില്ലാത്ത സ്വയംഭൂവായ ഒരു പ്രതിബിംബം.

അവൻ അതിന് മിറ-ബി എന്നു പേരിട്ടു.

മിറ എന്ന കഥാപാത്രവുമായി ഈ സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററും സംവിധായകനുമായ രാകേഷ് മൽഹോത്ര തന്നെ സമീപിക്കുന്ന സമയത്ത്, പ്രകാശവർഷങ്ങൾക്കകലെയുള്ള ഏതോ നക്ഷത്രത്തിന്റെ പേരാണ് അവൾക്ക് നൽകിയിരിക്കുന്നതെന്ന സത്യം വെളിപ്പെടുത്താതിരുന്നതിൽ അയാളോടവനിപ്പോൾ അമർഷം തോന്നി. ഒരു സൂചന നേരത്തേ കിട്ടിയിരുന്നെങ്കിൽ അതിനനുസൃതമായ ഇക്വേഷനുകൾ രൂപീകരിച്ചെടുക്കാമായിരുന്നു. സൃഷ്ടിയുടെ കണക്കുകളിൽ സംഭവിച്ചിട്ടുള്ള ഏതോ ചെറിയ പാളിച്ചകൾ കൊണ്ടാവാം അവളിൽ നിന്നും അധികം അകലെയല്ലാതെ മിറ-ബി ഇടയ്ക്ക് പ്രത്യക്ഷപ്പടുന്നതെന്നാണ് മെൽവിൻ ഇത്രനേരവും കരുതിയിരുന്നത്. ഇതിപ്പോൾ ഈ അവസാനനിമിഷത്തിൽ കോഡുകളും കോൺഫിഗറേഷനുകളും മാറിമാറി പരീക്ഷിച്ച് പരാജയപ്പെട്ട ശേഷം നിസ്സാരമായ ഒരു ഗൂഗിൾ സേർച്ചിലൂടെ സത്യം മനസ്സിലാക്കിയപ്പോഴാണ് താൻ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി അവന് തെളിഞ്ഞുകിട്ടുന്നത്.

മിറ ഒരു ദ്വന്ദ്വതാര വ്യവസ്ഥയാണ്. അതേ പേരിൽ ഒരു ത്രിമാന അനിമേഷൻ സാങ്കൽപിക കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തപ്പോൾ, ഒപ്പം വിസ്മയകരമായ സമാനതകളുമായി ഒരു അസ്ഥിരരൂപം കൂടി ജന്മം കൊണ്ടിരിക്കുന്നു. ഒരേ മുഖം; ചുവന്ന ചുണ്ടുകൾ; വെള്ളിച്ചിറകുകൾ; നക്ഷത്രത്തിളക്കമുള്ള മാന്ത്രികദണ്ഡ്; സൂര്യസമാനമായ പ്രഭാപൂരം. ചില പ്രത്യേകനേരങ്ങളിൽ മാത്രം അത് ദൃശ്യപ്പെടുന്നു. എഡിറ്റിംഗ് സമയത്തൊന്നും ഇത് ശ്രദ്ധയിൽ വന്നതേയില്ല. ഇപ്പോൾ ഈ നിർണ്ണായകവേളയിൽ ഒട്ടും വിഷ്വൽ ക്ലാരിറ്റിയില്ലാത്ത ഈ ഡബിൾ ഐഡന്റിറ്റി, സൂക്ഷ്മവിശകലനത്തിൽ യാദൃശ്ചികമായി കണ്ണിൽപ്പെടുകയായിരുന്നു. കോടികളുടെ മുതൽമുടക്കും വർഷങ്ങളുടെ പ്രയത്‌നവുമുള്ള ഒരു സിനിമയെ അട്ടിമറിക്കാൻ രൂപമെടുത്ത ചരനക്ഷത്രമേ… ഒരിക്കലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ കൈവന്ന അവസരം തട്ടിത്തെറിപ്പിക്കാൻ തുനിയുന്ന നീ, ഇപ്പോൾ ഫ്രെയിമിൽ നിറയ്ക്കാൻ പോകുന്നത് എന്റെ കൂടി അവസാനരംഗമായിരിക്കുമല്ലോ ദൈവമേ…! മിറ, നീ നക്ഷത്രമല്ല, ബ്ലാക്ക് ഹോൾ… ഭീതി പടർത്തുന്ന തമോഗർത്തം.

മെൽവിന് അലറിക്കരയണമെന്ന് തോന്നി.

സയന്റിഫിക് വിംഗിലെ കരീന, ആസ്‌ട്രോ ഫിസിക്‌സിനപ്പുറം ജ്യോതിഷവുമറിയാവുന്നവളാണ്. ഉപനിഷത്തുകളും ശതപഥബ്രാഹ്മണവും മന:പാഠമാക്കിയ അവൾക്ക് ചിലപ്പോൾ ഇതിനൊരു സൊലൂഷൻ കാണാൻ കഴിഞ്ഞെങ്കിലോ…?

അവൻ വിൻഡോ മിനിമൈസ് ചെയ്ത്, നടു നിവർത്തി, ഇന്റർകോമിൽ കരീനയെ ഡയൽ ചെയ്യുന്നതിനോടൊപ്പം രാംലാൽ കൊണ്ടുവെച്ച കോഫി ഒറ്റവലിക്ക് കുടിച്ച്, ചുണ്ടിൽപ്പറ്റിയ കാപ്പിപ്പാട ടിഷ്യുപേപ്പർ കൊണ്ടു തുടച്ചു.

 തൂവെള്ള ടോപ്പിനോടൊപ്പം ഓറഞ്ച് ലെഗ്ഗിൻസ് അവളെ പതിവിലും സുന്ദരിയാക്കിയിരുന്നു. മുമ്പെങ്ങും തന്നോട് കാര്യമായ പരിഗണന കാട്ടാതിരുന്ന അവൾ, മിറയുടെ സൃഷ്ടിക്ക് ശേഷം ആരാധനയോടെ ഇടപെടുന്നത് മെൽവിനെ അതിശയപ്പെടുത്തിയിരുന്നു. അവൻ ചുമരിലെ ചിത്രത്തിലേക്ക് നോക്കി. അവിടെ നിന്നും ഇപ്പോഴും മഞ്ഞനിറം വാർന്നുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരു ഉപഗ്രഹം വേഗത്തിൽ ഭ്രമണം ചെയ്യാൻ തുടങ്ങി.

കരീന മെൽവിനോട് ചേർന്നിരുന്നു.

ആരോടും എന്തും തുറന്നടിക്കുന്ന പ്രകൃതമാണ്; ഉള്ളിൽ തരിമ്പും കളങ്കമില്ലാത്തവൾ. കമ്പനിയിൽ വന്ന ദിവസം തന്നെ വളഞ്ഞ പുരികങ്ങളുമായി അവൾ അടുത്തുവന്ന് ചോദിച്ചു: യു ആർ എ ഗേ, നോ…?’ അതുകൊണ്ടാണ് മെൽവിന് കരീനയോടിഷ്ടം. മൂവി പ്‌ളേ ചെയ്തുകൊണ്ടിരിക്കുമ്പോൾ കരീന പറഞ്ഞുതുടങ്ങിയത് വേദിക് ആസ്‌ട്രോളജിയാണ്. ഇരുപത്തിയെട്ടാമത്തെ നക്ഷത്രത്തെക്കുറിച്ച് വാചാലയാകുന്നതിനിടെ അവൾ മിറയുടെ പ്രതിബിംബം സ്‌ക്രീനിൽ കണ്ടു ഞെട്ടി.

മെൽവിൻ നിനക്ക് കണക്കുകൾ പിഴച്ചിരിക്കുന്നു.

ഇല്ല കരീന, എല്ലാം അത്രമാത്രം സൂക്ഷ്മവും കൃത്യവുമാണ്. അതീന്ദ്രിയമായതെന്തോ സംഭവിക്കുന്നു.

അവൾ അതിശയത്തോടെ മെൽവിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൻ മുടിയിൽ നിന്നും ബാൻഡ് ഊരിയെടുത്ത് വിരലുകൾക്കിടയിലിട്ട് ഒരു നക്ഷത്രം നിർമ്മിക്കുകയായിരുന്നു. കാറ്റത്ത് മുടിയിഴകൾ പറന്നു.

ഇമവെട്ടാതെ അവർ സ്‌ക്രീനിലേക്കുതന്നെ ശ്രദ്ധകൊടുത്തു.

തുമ്പിച്ചിറകുകൾ വീശി മിറ അപ്പോൾ ഭൂമിയെ സ്പർശിച്ചു. പ്രതിബിംബവും ഒപ്പമുണ്ടായിരുന്നു. മണ്ണിൽ തൊട്ട നിമിഷം, മിറ-എ, മിറ-ബിയെ കരവലയത്തിലൊതുക്കി ചുംബിച്ചു. വേംഹോളിൽ ഒരു മിന്നലിന്റെ അരങ്ങേറ്റം സംഭവിച്ചു. സ്‌ക്രീനിലൂടെ ഒരു പ്രകാശം തിരശ്ചീനമായി കടന്നുപോവുകയും എല്ലാ ശബ്ദങ്ങളും പൊടുന്നനെ നിലയ്ക്കുകയും ചെയ്തു. ഭൂചലനം സംഭവിച്ചതുപോലെ അപ്പോൾ വർക്ക് സ്റ്റേഷൻ ഒന്നു കുലുങ്ങിവിറച്ചുകൊണ്ട് ഇരുട്ടിനെ പുണർന്നു.

മെൽവിൻ കുഴഞ്ഞ് ഡെസ്‌കിലേക്ക് വീണ് ബോധശൂന്യനായി.

കരീന അവനെ കുലുക്കി വിളിച്ചു.

മെൽവിൻ, എഴുന്നേൽക്കൂ മെൽവിൻ…!

അപ്പോഴേക്കും ദീർഘമായ ഒരുറക്കത്തിലേക്ക് മെൽവിൻ പ്രവേശിച്ചുകഴിഞ്ഞിരുന്നു. പലനിറത്തിലുള്ള ഞരമ്പുകൾ കെട്ടുപിണയുന്ന ചുഴിക്കുത്തിലേക്ക് അയാൾ എളുപ്പത്തിൽ ഊളിയിട്ടു നീങ്ങി.

നോക്കെത്താത്തിടത്തോളം പരന്നുകിടക്കുന്ന ഒരു മരുഭൂമിയിൽ, ചുട്ടുപൊള്ളുന്ന വെയിലിൽ, ഗുരുത്വാകർഷണങ്ങളെ ഭേദിച്ചുകൊണ്ട് അവർ ഒരു ചുംബനത്തിൽ മുഴുകിനിന്നു – ഭൂമിയിലെ രണ്ടു തുമ്പികൾ. നാലുദിക്കിൽ നിന്നും നാലു വിചിത്രജീവികൾ അടിവെച്ചടിവെച്ച് അവരെ ലക്ഷ്യമാക്കി നീങ്ങി വന്നുകൊണ്ടിരുന്നു – ആരെയും വിറപ്പിക്കുവാൻ പോന്ന ഭീകരരൂപികൾ! തിളങ്ങുന്ന നീലനിറത്തിലുള്ള കണ്ണുകൾ. നാലു ജന്തുക്കളുടെയും ശിരസ്സിനു മധ്യഭാഗത്തായി ഓരോ ഏരിയലുകൾ നീണ്ടു നിന്നിരുന്നു-സെൻസറുകൾ. ആരുടെയോ ആജ്ഞാനുസരണമാണ് അവയുടെ നീക്കമെന്ന് വ്യക്തമാകാൻ അതിൽപരം തെളിവുകൾ ആവശ്യമായിരുന്നില്ല. 

പച്ചപ്പിന്റെ ഒരു കണിക പോലും ഭൂമിയിൽ ഉണ്ടായിരുന്നില്ല. എല്ലാ മരങ്ങളും കടപുഴകിക്കിടന്നു. സാഗരങ്ങൾ ഉൾവലിഞ്ഞു. നദികൾ വറ്റിവരണ്ടു. അംബരചുംബികളായ സൗധങ്ങൾ തകർന്ന് നിലംപറ്റിക്കിടന്നു. കഴുകന്മാർ മാത്രം ആകാശത്തു ചുറ്റുകയും കഴുതപ്പുലികളുടെ ശബ്ദം ഇടവിട്ട് മുഴങ്ങുകയും ചെയ്തു. ശത്രുക്കൾ തൊട്ടുതൊട്ടില്ലെന്നായപ്പോഴാണ് ആ ദീർഘചുംബനത്തിൽ നിന്നും അവർ പിരിഞ്ഞത്. ഇനി ഒട്ടും തന്നെ നേരമില്ലെന്നും എല്ലാം അവസാനിക്കുവാൻ പോകുന്നുവെന്നും തുമ്പികൾ തിരിച്ചറിഞ്ഞു. ആ നേരത്താണ് അഗ്രത്ത് നക്ഷത്രങ്ങളുള്ള വെള്ളിദണ്ഡുകളുമായി, മിറ-എ, മിറ-ബി എന്നിവർ വേംഹോളിലൂടെ ഊർന്നുവന്നത്. മാന്ത്രികദണ്ഡുകൾ അവർ ആ ഭീകരരൂപികൾക്ക് നേരേ നീട്ടി. നാലു എക്‌സ്ട്രാ ടെറസ്ട്രിയൽ എൻട്രികളും ഒറ്റനിമിഷം കൊണ്ട് ഭസ്മമായിപ്പോയി.

കൊടുങ്കാറ്റിൽ ചുഴികളുയർന്നു. മണൽക്കുന്നുകളിൽ പുക നിറഞ്ഞു.

തുമ്പികൾ പകച്ചുനിൽക്കുമ്പോൾ, ‘മിറയെന്ന സ്ത്രീയും മിറയെന്ന പുരുഷനും ചേർന്ന് മരുഭുമിയുടെ ഒത്തനടുക്ക് ഒരു ചെടി നട്ടു. വിദൂരമായ ഏതോ അജ്ഞാതഗ്രഹത്തിൽ നിന്നും കൊണ്ടുവന്ന ജലത്താൽ അവർ ആ തളിർനാമ്പുകളെ നനച്ചു.

അത് ഒരു നെൽച്ചെടിയായിരുന്നു.

അതിരുകളില്ലാത്ത പച്ചയുടെ കാഴ്ചയിലേക്ക് വെളിച്ചപ്പൊട്ടുകൾ വാരിനിറച്ചുകൊണ്ട് ഗിറ്റാറിന്റെ മിടിപ്പുകളോടൊപ്പം എൻഡിംഗ് ടൈറ്റിലുകൾ സ്‌ക്രോൾ ചെയ്തുതുടങ്ങുമ്പോൾ കരഘോഷങ്ങളുടെ നടുവിൽ, മെൽവിൻ കണ്ണുകൾ മെല്ലെ തുറന്നു. അവ്യക്തമായ ആൾരൂപങ്ങൾ പതിയെപ്പതിയെ തെളിമയാർന്നു വന്നു. ടീം മിറയിലെ എല്ലാവരുമുണ്ടായിരുന്നു. അനിമോമോക്‌സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, ഗ്രാഫിക് ഡിവിഷൻ ഹെഢും, കരീനയും രാംലാലും മറ്റഭിനേതാക്കളും സംവിധായകൻ രാകേഷ് മൽഹോത്രയും സിനിമയുടെ പ്രൊഡ്യൂസറും. എല്ലാവരും.

യൂ ഹാവ് ഡൺ ഇറ്റ് മാർവലസ്‌ലി ഡിയർ. ബിയോണ്ട് ഓൾ എസ്‌പെക്‌റ്റേഷൻസ്. ഗ്രേറ്റ് ജോബ്.

രാകേഷ് മൽഹോത്രയുടെ മുഖത്ത് ക്ഷീരപഥത്തിലെ എല്ലാ നക്ഷത്രങ്ങളുമുണ്ടായിരുന്നു. കരീനയും രാംലാലും ഇരുകവിളുകളിലായി ഓരോ ചുംബനങ്ങൾ അർപ്പിക്കവേ; അപ്പോൾ പെറ്റുവീണ കുഞ്ഞിനെപ്പോലെ മെൽവിൻ മോണ കാട്ടിച്ചിരിച്ചു.

*******

 

(*മിറ – നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത നക്ഷത്രസമൂഹത്തിലെ ഒരു ദ്വന്ദ്വതാരവ്യവസ്ഥ – binary star system.)

Comments

comments