നേരം പുലരുന്നതേയുള്ളൂ.വെളിച്ചം വരാറായിട്ടില്ല.എല്ലാവരുമുറങ്ങുമ്പോൾ കിട്ടുന്ന നിഗൂഢമായ ഈ നിശ്ശബ്ദത എനിക്കു ജീവനാണ്.സുബഹ് ബാങ്ക് വിളി കേട്ടാലുടൻ ഉമ്മ എഴുന്നേല്ക്കും.പിന്നെ ദീര്ഘനേരത്തെ പ്രാർത്ഥന. അതുകഴിഞ്ഞാൽ കുറേ സമയം ഖുർ ആൻ ഓതും.അപ്പോഴേക്കും നേരം നന്നായി പുലർന്നിട്ടുണ്ടാവും.പിന്നെ അടുക്കളയിൽ കയറി ചായയിടും. ചിലപ്പോൾ ഇത്തയാവും ചായയിടുക.മുമ്പൊക്കെ ഞാനും ചായയിടുമായിരുന്നു.പാചകത്തിലൊന്നും തീരെ താല്പര്യമില്ലാത്തതു കൊണ്ടാവും എന്റെ ചായ എനിക്കു തന്നെ ഇഷ്ടമല്ല.നല്ല ചായയല്ലെങ്കിൽ ഉമ്മയ്കു പിടിക്കില്ല.അല്ലെങ്കിലും ഞാൻ ചെയ്യുന്നതൊന്നും ഇവിടെ ആർക്കും പിടിക്കുന്നില്ലല്ലോ.അതുകൊണ്ടല്ലേ ഞാനിങ്ങനെ ഒരു റിബലായിത്തീർന്നത്, വീടെനിക്ക് ശത്രുപാളയമായിത്തോന്നിയത്..
മനഃസാക്ഷി ഒന്നു പിടഞ്ഞു. ഉപ്പ മരിച്ചിട്ട് വർഷം പതിനൊന്നായി. മരിക്കുമ്പോൾ പ്ലസ് ടു ക്ലാസ്സിലായിരുന്നു. പ്രതീക്ഷിച്ച കോഴ്സിന് മെറിറ്റിൽ സീറ്റു കിട്ടാഞ്ഞ് വലിയ തുക കാപ്പിറ്റേഷൻ ഫീ കൊടുത്താണ് ഉമ്മ പഠിപ്പിച്ചത്.അതും അപ്രതീക്ഷിതമായ ദുരന്തത്തിൽ ആണിക്കല്ലു തകർന്ന കുടുംബത്തിന്റെ മുഴുവൻ ഭാരവും ഒറ്റയ്കു ചുമന്ന്..പ്രതീക്ഷിച്ച പോലെ ജോലി കിട്ടാത്തതിന് അവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമുണ്ടോ?ആഗ്രഹിച്ച പോലെയൊരു വരൻ വന്നു ചേരാത്തത് അവരുടെ കുറ്റമാണോ..വിവാഹാലോചനകൾ വരാഞ്ഞിട്ടല്ല. എന്നെ,എന്റെ ഇഷ്ടാനിഷ്ടങ്ങളെ, താല്പര്യങ്ങളെ, കഴിവുകളെ അംഗീകരിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആളാവണം.എല്ലാവർക്കും താല്പര്യമുള്ളതൊന്നും സ്വീകാര്യമായിത്തോന്നാറില്ല…
“അല്പം മനസ്സമാധാനം..വേറൊന്നും വേണ്ടെനിക്ക്..വഴക്കുണ്ടാവുന്ന ദിവസങ്ങളിൽ ഉമ്മ കണ്ണീരോടെ പറയുന്നതതുമാത്രമാണ്..”വഴക്കുകൾ ഇടയ്കിടെയുണ്ടായി.പിന്നെ വഴക്കുകൾ മാത്രമായിത്തീർന്നു. ഇത്തയായിരുന്നു പഠിത്തത്തിൽ മുമ്പിൽ. അവൾ പാടും, വരയ്കും, നന്നായി പാചകം ചെയ്യും, വീടു നോക്കും.. അവൾക്ക് യോഗ്യനായ ഭർത്താവുണ്ട്, ജോലിയുണ്ട്, കുഞ്ഞുണ്ട്. ലോകപരിചയവും സുഹൃത്തുക്കളുമുണ്ട്..ഉമ്മ അവളെക്കുറിച്ച് നല്ലതു പറയുമ്പോഴെല്ലാം വഴക്കുകൾ പെരുകിവന്നു.
എനിക്കും ഉണ്ടാക്കാമായിരുന്നു അതെല്ലാം. കഴിവില്ലാത്തവളായിരുന്നില്ല ഞാൻ. എന്നിട്ടും എന്തിനായിരുന്നു വെറുതെ വഴക്കുണ്ടാക്കിയത്..
അംഗീകാരം നൽകുന്ന പുറംലോകത്തേക്കും സുഹൃത്തുക്കളിലേക്കുമായി ലോകം ചുരുങ്ങി, അല്ല വലുതായി..അതിരില്ലാത്തതായി..
സ്വതന്ത്ര്യമായി ചിന്തിക്കുന്ന,ജോലിചെയ്യുന്ന,ജീവിതത്തോടു പൊരുതി ജീവിക്കുന്നവരാണ് സുഹൃത്തുക്കളിലധികം പേരും. രാവും പകലുമില്ലാതെ ജീവിതം ആസ്വദിക്കുന്നവർ. വ്യവസ്ഥാപിതമായ സമൂഹത്തിന്റെ നിയമങ്ങളെ തെല്ലും വകവയ്കാത്തവർ..അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും..അവർക്ക് എന്തു ചെയ്യാനും ആരുടേയും അനുവാദം ചോദിക്കേണ്ട, എവിടെ വേണമെങ്കിലും എപ്പോഴും പോകാം..ഇവിടെയാണെങ്കിൽ എവിടെപോകുന്നു, എന്തിനുപോകുന്നു ,എപ്പോൾ വരും കൂടെ ആരൊക്കെയുണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുത്തരം പറയണം.പിന്നെ ഉമ്മയുടെയും ഇത്തയുടെയുടെയും ആധി പിടിച്ച ഫോൾകോളുകൾ..മടുത്തുപോയിരുന്നു എല്ലാം..
സുഹൃദ്സംഘത്തിന്റെ അംഗീകാരം പകർന്നു തന്ന ആത്മവിശ്വാസം വലുതായിരുന്നു. രാത്രി കുറേ വൈകി വീട്ടിലെത്തുമ്പോൾ ഉമ്മ ആദ്യമൊക്കെ വഴക്കു പറയുമായിരുന്നു. മടിയിൽ വയ്കാൻ ഞാൻ കൊച്ചു കുഞ്ഞല്ലല്ലോ എന്നൊരു മറുചോദ്യത്തോടെ വീടു വിറച്ചുപോയി ഒരു ദിവസം. അതോടെ ആരും ഒന്നും ചോദിക്കാതെയായി. സബിതയും ഹരിയും സിദ്ദീഖും സമദും ഒത്തുള്ള നിലക്കാത്ത സംഭാഷണങ്ങൾ, യാത്രകൾ.. ഉപ്പയുള്ള കാലത്ത് ആറരമണിക്കു മുമ്പേ വീട്ടിലെത്തുക എന്നു നിർബന്ധമായിരുന്നു. സബിതയും ഹരിയുമെല്ലാം അവരുടെ ക്വാർട്ടേഴ്സുകളിലാണ് താമസം. സബിതയാണ് ഹരിയെ പരിചയപ്പെടുത്തിത്തന്നത്.. ഹരിയുടെ പത്രസ്ഥാപനത്തിലെ സബ് എഡിറ്ററാണ് അവൾ. “നീ പോയാൽ ഞങ്ങളുടെ സൂര്യൻ അസ്തമിക്കും മോളേ..” അവൾ പറയും..ഞാൻ കൂടെയുണ്ടെങ്കിൽ അവർക്ക് വലിയ ഉത്സാഹമാണെന്നാണ് അവർ പറയാറ്. മുൻപിൻ നോക്കാതെ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾക്കു മുഴുവൻ പരിഹാരം കാണാൻ എനിക്കാവും എന്നാണ് അവരുടെ കണ്ടുപിടുത്തം. അവിടെയിരുന്നാൽ അസ്തമയ സൂര്യൻ കുന്നുകൾക്കിടയിൽ മറയുന്നതു കാണാം..
കുറച്ചുകൂടി കഴിഞ്ഞു പോവാം എന്ന് അവർ നിർബന്ധിക്കും.. ഏറെ വൈകി വീട്ടിലെത്തുമ്പോൾ ഉമ്മ മുഖം കുനിച്ചിരുന്ന് ഖുർ ആൻ ഓതുകയാവും. ഇത്തയും നിശ്ശബ്ദയായി എന്തെങ്കിലും ജോലിയിലേർപ്പെട്ടിരിക്കുകയാവും. കുഞ്ഞുമോൻ തൊട്ടിലിൽ നല്ല ഉറക്കമായിട്ടുണ്ടാവും.. മഞ്ഞുറഞ്ഞ പോലെ മൗനം അസ്വസ്ഥതയുണ്ടാക്കുമ്പോൾ ഹരിയെക്കുറിച്ച് ഓർമ്മവരും.
ആദ്യമാദ്യമൊക്കെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു അവൻ..എന്റെ കവിതകൾക്ക് രൂപഭാവങ്ങൾ നൽകി അവൻ നിരവധി സ്റ്റേജുകളിലവതരിപ്പിച്ചു. സദസ്സിനു മുമ്പിൽ അഭിമാനപുരസ്സരം എന്നെ പരിചയപ്പെടുത്തി..
“ഒരുപാടൊരുപാടു പ്രശ്നങ്ങൾക്കിടയിൽ എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു സന്തോഷം..സജ്നാ..അത് നീയാണ്..” മുഴങ്ങുന്ന ആ ശബ്ദം ചെവിയിൽ വീണ്ടും..കുടജാദ്രിയിൽ ഒരേകാന്ത സത്രത്തിലെ രാത്രിയായിരുന്നു അത്..ആരുമറിയാതെ പോയ ഒരു യാത്രയുടെ അവസാനത്തിലായിരുന്നു അത്.
അകാലത്തിൽ പിരിഞ്ഞുപോയ സുഹൃത്തിന് ബലിയിടണമെന്നു തോന്നി.അതിനായി ഹരിയെ കൂട്ടുപിടിച്ചു പോകുമ്പോൾ തെറ്റാണോ ശരിയാണോ ചെയ്യുന്നതെന്നൊന്നും ആലോചിച്ചില്ല. എല്ലാവരുമുണ്ടായിരിക്കെ അനാഥനായി മരിച്ചുപോയ സുഹൃത്തിന് ബലികർമ്മങ്ങൾ ചെയ്യാൻ മറ്റാരുമുണ്ടാവില്ലെന്നറിയാവുന്നതു കൊണ്ടുമാത്രം കുടജാദ്രിയിലേക്കൊരു യാത്ര. പിന്നെ, സമൂഹത്തെ, സമൂദായത്തെ, വീടിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന്റെ സുഖം…
ഹരിയെ വിശ്വാസമാണ്.അത്രമാത്രം..
ഈറനുടുത്ത് കര്മ്മങ്ങൾ ചെയ്ത് അവന്‍ തിരികെയെത്തുമ്പോൾ നനഞ്ഞ മുളംകാടുകൾക്കു കീഴെ മറ്റൊരു മുളങ്കാടായി പെയ്യുന്ന തന്റെ കൈവിരലുകൾ കൂട്ടിപ്പിടിച്ച് ഹരി മാറോടു ചേര്ത്തു.നനഞ്ഞ രോമങ്ങളുടെ തണുപ്പിനപ്പുറം ഹൃദയത്തിന്റെ ചൂടും പിടച്ചിലും ആദ്യമായി അനുഭപ്പെട്ടതന്നാണ്..അതില്പ്പിന്നെ അവന്‍ ഓരോ ശ്വാസത്തിന്റേയും ഭാഗം പോലെ ,പറിച്ചെറിയാനാവാത്ത ഒരു വേരുപോലെ ജീവനോടു ചേര്ന്നുനിന്നു.
ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല.അതിരുകൾ ഭേദിച്ചിട്ടുമില്ല അവന്‍..
രാത്രി ഏറെ വൈകിയിട്ടും തീര്ത്ഥാടകര്ക്കായി തുറന്നു വച്ച സത്രത്തിന്റെ പടവുകൾ കയറുമ്പോൾ ധാര്മ്മികതയും വെറുപ്പും പ്രണയും മോഹഭംഗങ്ങളും മനസ്സില്‍ തെയ്യം പോലെ ഉറഞ്ഞാടിക്കൊണ്ടിരുന്നു.ഉറങ്ങാതെ കഴിച്ചു കൂട്ടിയ ആ മഴക്കാലരാത്രി.
“സജ്നാ..നിന്റെ മുഖം ഒന്നു വാടിയാല്‍,ശബ്ദം കേൾക്കാതായാല് എനിക്കെന്തോ വല്ലാത്ത ആധിയാണ്..”
തൊട്ടടുത്ത് മന്ത്രിക്കുംപോലെ അവന്റെ സ്വരം.അന്നാദ്യമായി,ഒരേയൊരു തവണ,അവന്റെ പരുക്കന്‍ കവിൾത്തടം കവിളിലുരഞ്ഞു നീറി.
“ഉറങ്ങിക്കോളൂ..ഒന്നും പേടിക്കേണ്ട..ഞാന്‍ കാവലുണ്ട്…”
ഹരി വാക്കുപാലിച്ചു.ഉണരും വരെ അവന്‍ അരികിലുണ്ടായിരുന്നു.രാവിലെയുണര്ന്ന് മടക്കയാത്രക്കൊരുങ്ങുമ്പോൾ ആദ്യമായി ചുംബിക്കപ്പെട്ട കവിൾത്തടം സ്വയം തലോടി.
ഞാന്‍ ചെയ്തത് തെറ്റായിരുന്നോ..
കുട്ടിക്കാലത്ത് മദ്രസ്സയില്‍ പഠിപ്പിച്ച സദാചാരപാഠങ്ങൾ..തലമറയ്കാതെ നടക്കരുത്.പരപുരുഷന്മാരോട് അടുപ്പം കൂടരുത്.ഒരിക്കലും അന്യപുരുഷനോടൊപ്പം തനിച്ചാവരുത്.അഥവാ അങ്ങനെ ഒറ്റയ്കായാല് മൂന്നാമനായി കൂടെയുള്ളത് പ്രലോഭിപ്പിക്കുന്ന പിശാചാണ് എന്നോര്ക്കുക..അന്യജാതിക്കാരനെ വിവാഹം കഴിക്കരുത്..അത്തരം ബന്ധത്തില്‍ നിന്നുണ്ടാകുന്ന സന്തതി ശപിക്കപ്പെട്ടതാണ്..ഹറാം..
എല്ലാം അരുതുകൾ.. ശപിക്കപ്പെട്ടത്..ഹറാം..
പരുക്കന്‍ കുറ്റിരോമങ്ങളുടെ നേരിയ നീറ്റല്‍ കവിളിലപ്പോഴുമുണ്ടായിരുന്നു.ചുണ്ടുകളുടെ ഇളംചൂട്..
അത്രയേ ഉണ്ടായിട്ടുള്ളൂ..അത്രമാത്രം..സ്വയം ആശ്വസിച്ചു.
ഒരുപക്ഷേ ജീവിതത്തില്‍ ഈ നിമിഷം മാത്രമേയുണ്ടാവുകയുള്ളൂ ചിലപ്പോൾ എന്നും ഓര്മ്മിക്കാന്‍..
ഹരിയെ വിവാഹം കഴിക്കുന്നതൊന്നും അപ്പോൾ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു.വിവാഹം വേണ്ട എന്നു തീരുമാനിച്ചിരുന്നു അന്നെല്ലാം..ആഗ്രഹിച്ച സമയത്ത് നടക്കാത്തത് ഇനി വേണ്ട എന്ന വാശി..പക്ഷേ പാറ പോലെയുറച്ച തീരുമാനങ്ങളില്‍ പലതിനും പിന്നീട് വിള്ളല്‍ വരുന്നതറിയാതെയായിരുന്നു..
ഹരി..അവന്റെ പരുക്കന്‍ മുഖം..നീണ്ട വിരലുകളിലെ സാന്ത്വനം ,മുഴങ്ങുന്ന ശബ്ദത്തില്‍ എന്റെ കവിതകളിലവന് തീര്‍ക്കുന്ന വിസ്മയക്കൂട്ടുകൾ..പിന്നെ ഹൃദയത്തിന്റെ ആഴങ്ങളോളം മുങ്ങിത്തപ്പിയെടുക്കുന്ന കടലാഴമുള്ള ആവന്റേതുമാത്രമായ ആ മനസ്സ്…ഒന്നും കൈവെടിയാന്‍ വയ്യ..
എന്റെ ശരികൾക്കു പിന്നാലെ പോവേണ്ടതുണ്ട് എനിക്ക്..
‘മെഹ്ഫില്‍’ എന്നു പേരുള്ള ഈ വീട്ടില്‍ ഇത് അവസാനത്തെ പ്രഭാതമാണ്.ഇനിയിവിടേക്ക് കാലെടുത്തു കുത്താന്‍ അനുവാദം കിട്ടില്ലെന്നുറപ്പാണ്.ഉമ്മയ്ക് ഒരിക്കലും അംഗീകരിക്കാനാവില്ല,ഒരന്യമതക്കാരനുമായുള്ള വിവാഹം.മക്കളെ നന്നായി പഠിപ്പിച്ചു,താല്പര്യങ്ങൾക്കൊത്തു ജീവിച്ചു എന്നിരുന്നാലും യാഥാസ്ഥിതികമായ പഴയ തറവാട്ടില്‍ ജനിച്ചു വളര്ന്ന ഉമ്മയ്ക് ആചാരങ്ങളെല്ലാം വലിയ വിശ്വാസമാണ്.നായ്കളുള്ള വീട്ടില്‍ പോയാല്‍ ഭക്ഷണം കഴിക്കാന്‍ പോലും ഉമ്മ കൂട്ടാക്കില്ല.ജിയോ എന്ന കറുമ്പന് നായക്കുട്ടിയാണ് ഹരിയുടെ കൂട്ട്.അതവനെ കെട്ടിപ്പിടിച്ചു കിടക്കും ,കൂടെക്കളിക്കും,ചിലപ്പോൾ ഭക്ഷണം കഴിക്കുന്നതുപോലും ഒരുമിച്ചാണ്.
തൊട്ടപ്പുറത്തെ പള്ളിയില്‍ നിന്നും സുബഹി ബാങ്ക് വിളിക്കുന്നു.വുളുവെടുത്ത് നിസ്കരിക്കാന്‍ നില്ക്കുമ്പോൾ നെഞ്ചില്‍ ഒരു നീറ്റല്‍.ചെറുപ്പത്തിലേ ശീലിച്ചതാണ് അഞ്ചു നേരത്തെ പ്രാര്ത്ഥനയും നോമ്പുമൊക്കെ.വളര്ന്ന ചുറ്റുപാടുകൾ ഭക്തിനിര്ഭരമായിരുന്നു.പക്ഷേ ഈയിടെയായി ആത്മാര്ത്ഥതയോടെ പ്രാര്ത്ഥിക്കാറില്ല എന്നതാണ് സത്യം.മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ് വീട്ടിലെത്തുക.വീട്ടിലാരോടും സംസാരിക്കാനില്ലാത്തതിനാല്‍ ചെന്നയുടനെ അലസമായി കുറച്ചു സമയമിരിക്കും.ആരെയെങ്കിലും ഫോണ്‍ ചെയ്യും,ദീര്ഘമായി സംസാരിക്കും,പിന്നെ കുളി,ഭക്ഷണം,ഉറങ്ങാന്‍ പിന്നെയും ഒരുപാടു താമസിക്കും..പുലര്ച്ചെയുണര്ന്നു പ്രാര്ത്ഥിക്കാനൊന്നും തോന്നില്ല പിന്നെ..വളരെ ദിവസങ്ങൾക്കു ശേഷം ഇന്ന് നേരത്തെയുണര്ന്നു..മുമ്പെല്ലാം വെളുപ്പിനുണര്ന്ന് ഒറ്റയ്കിരിക്കലായിരുന്നു പതിവ്.
ഇന്ന് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്.ശരിയായാലും തെറ്റായാലും ഹരിയുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു.എന്റെ കഴിവുകളെ അംഗീകരിക്കാനും ഉയരത്തിലെത്തിക്കാനും ഉത്സാഹമുള്ള, സമാനഹൃദയമുള്ള ഒരു പങ്കാളി..അത്തരമൊരാൾ ഏതു പെണ്ണിന്റെ സ്വപ്നങ്ങളിലാണ് ഇല്ലാത്തത്..
ഹരി ദൈവവിശ്വാസിയൊന്നുമല്ല.എന്റെ വിശ്വാസങ്ങളില്‍ കൈകടത്താറുമില്ല.എന്നിട്ടും പ്രണയിച്ചു വിവാഹം കഴിച്ച പല സുഹൃത്തുക്കളുടേയും ദുരനുഭവങ്ങൾ മനസ്സിനെ കലുഷമാക്കുന്നുണ്ട് ഈയിടെയായി..
പ്രാര്ത്ഥന കഴിഞ്ഞ് ഫോണ്‍ സൈലന്റ് മോഡില്‍ നിന്നു മാറ്റിയിടുമ്പോൾ ഹരിയുടെ എസ് എം എസ് വന്നു കിടപ്പുണ്ടോ എന്നു നോക്കി..ഫോണിന്റെ വലതു ഭാഗത്ത് ചെറിയ മഞ്ഞനിറക്കവറില് എല്ലാം പ്രഭാതങ്ങളിലും അവന്റെ ഉണര്ത്തു പാട്ടുകൾ വന്നു കിടക്കും.G’dmng..still alive,bcz of u …
പിന്നെ വരുന്നത് മിക്കവാറും സബിതയുടേ മെസേജ് ആവും…അങ്ങനെയാണു പതിവ്..ഇന്നിപ്പോൾ മഞ്ഞക്കവര്‍ കാണുന്നേയില്ല..എല്ലാവരും അല്പം ടെന്ഷനിലാവും എന്നെപ്പോലെ..എന്നാലും വല്ലാത്തൊരു ശൂന്യത തോന്നി..ഒരു മഞ്ഞക്കവര്ച്ചിത്രം കാണാതെയാകുന്നത് ഇത്രമാത്രം ശൂന്യത സൃഷ്ടിക്കുമോ..
മൂന്നുവര്ഷം മുമ്പുള്ള അതേ ശൂന്യത ഉള്ളിലേക്കിരമ്പിയാര്ക്കാന് വരുന്നത് പോലെ..ഹരിയെ പരിചയപ്പെടും മുമ്പുള്ള ആ കാലത്തെക്കുറിച്ചോര്ക്കുമ്പോൾ പൊടിക്കാറ്റു ചീറിയടിച്ച് ശ്വാസംമുട്ടലോടെ പിടയുന്നതായിത്തോന്നും.. ഒരു പുസ്തകപ്രദര്ശനത്തിനുപോയപ്പോഴായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.അതിനും മുമ്പേ മുഴങ്ങുന്ന ആ ശബ്ദം കേട്ടിരുന്നു..തുടര്ച്ചയായുള്ള സ്വപ്നങ്ങളില്‍ പിന്തുടര്ന്നിരുന്ന അതേ സ്വരം..സബിത ഹരിയെ പരിചയപ്പെടുത്തിയപ്പോൾ, അയാൾ സംസാരിച്ചപ്പോൾ ഞെട്ടിത്തരിച്ചു പോയത് ആ ശബ്ദം മുന്പേ പരിചയമുണ്ടായിരുന്നല്ലോ എന്നോര്ത്താണ്..മൂന്നുവര്ഷം മുമ്പായിരുന്നു അതെല്ലാം..കാറ്റാടി മരങ്ങൾ ചാഞ്ചാടുന്ന ഒരു വൈകുന്നേരം നീലക്കടലിനഭിമുഖമായിരുന്ന് സംസാരിക്കുമ്പോൾ എന്റെ സ്വപ്നങ്ങളെക്കുറിച്ച് സബിത ഹരിയോടു പറയുകയുണ്ടായി..
നേരം നന്നായി വെളുത്തിരിക്കുന്നു.ഹരിക്കും സബിതയ്കും ഒരു സുപ്രഭാതം ആശംസിക്കണോ..പിന്നെ തോന്നി വേണ്ടെന്ന്.പത്തു മണിക്കു തന്നെ സബ് രജിസ്റ്റ്രാര്‍ ഓഫീസിലെത്തണം.നടപടികൾ പൂര്ത്തിയാക്കണം.പിന്നെ സരോജില്‍ ചെറിയൊരു സദ്യ.അതുകഴിഞ്ഞ് ഹരിയുടെ വാടകമുറിയിലേക്ക് ജീവിതം..
അത്യാവശ്യം വസ്ത്രങ്ങൾ ബാഗിലെടുത്തു വച്ചു.താല്ക്കാലിക ജോലിയില്‍ നിന്നുള്ള സമ്പാദ്യം മുഴുവന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.ആരുടേയും മുന്നില്‍ കൈനീട്ടേണ്ടി വരരുത്.ആഭരങ്ങൾ പണ്ടേ താല്പര്യമില്ല.ഹരിക്കും ഇഷ്ടമില്ല അത്.
നേരത്തെ ഒരുങ്ങുന്നതു കണ്ടാവണം ഉമ്മ പ്രാതല്‍ മേശപ്പുറത്തെടുത്തു വച്ചു.മൃദുവായ ഇഡ്ഡലി,തേങ്ങ വറുത്തരച്ച സാമ്പാര്‍,കട്ടിച്ചമ്മന്തി..ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ്.തൊണ്ടയില്‍ എന്തോ കിടന്നു വിങ്ങി.ഇഢ്ഢലി പൊട്ടിച്ച് ചെറിയൊരു കഷ്ണം വായിലിട്ടു.
“നിനക്കിഷ്ടമല്ലേ ഇഢ്ഢലി..അതുകൊണ്ട് ഇന്ന് അതുണ്ടാക്കി.”
ഉമ്മ ചായയുമായി വരുമ്പോൾ പതിയെ പറഞ്ഞു.രണ്ടു ദിവസമായി മൗനത്തിലായിരുന്നതു കൊണ്ട് എന്നെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിക്കാന്‍ വേണ്ടിയാവും ഉമ്മ എന്തെല്ലാമോ പറയാന്‍ ശ്രമിക്കുകയാണ്.
“ഇന്നലെ ഉച്ച തിരിഞ്ഞ് തീരെ സമയം കിട്ടിയില്ല.മാമനും കുട്ടികളുമൊക്കെ വന്നിരുന്നു.അവര്‍ കുറേ സമയം നിന്നെക്കാത്ത് മടങ്ങിപ്പോയി..അവരു പോയിട്ടാണ് മാവ് അരച്ചു വച്ചത്..ഉച്ചയ്ക് ഒന്നു നടുനീര്‍ത്താന്‍ നേരം കിട്ടിയില്ല..”
പാത്രം നീക്കിവച്ച് എഴുന്നേല്ക്കുമ്പോൾ ഉമ്മയുടെ ശബ്ദമിടറി..
“ഇന്നും പട്ടിണി കിടക്കാനാണോ.റബ്ബേ ..എന്നെ എന്തിനായിങ്ങനെ തീതീറ്റിക്കുന്നത്..”
അടുക്കളയില്‍ ചെന്നാണ് ബാക്കി എണ്ണിപ്പെറുക്കുന്നത്.
“വിശപ്പുള്ളവർ കഴിച്ചോളും..ഉമ്മയെന്തിനാ ബേജാറാവുന്നത്..”
അടുക്കളയില്‍ നിന്ന് ഇത്തയുടെ ശബ്ദം..
എല്ലാറ്റിനേയും ഞാന്‍ വെറുക്കുന്നു.മെഹ്ഫില്‍ എന്ന ഈ വീടിന്റെ ഇളംപച്ച നിറമുള്ള ചുവരുകൾ,റെഡ് ഓക്സൈഡ് തറകൾ,മുറ്റത്തെ പിച്ചകപ്പടര്പ്പ്,എണ്ണിയാലൊടുങ്ങാത്ത പരാതികളും പരിഭവങ്ങളും,എനിക്കില്ലാതെ പോകുന്ന ലാളനയും പരിഗണനയും സ്നേഹവും,പിന്നെ ഒരുപാടൊരുപാട് അരുതുകൾ…കാറ്റിലുലയുന്ന നീലക്കര്ട്ടനുകളുള്ള ഈ ലോകം സജ്നയുടെ തടവറയാണ്..
“ഞാന്‍ പോവാണ്..”
ഉപ്പയുടെ ഫോട്ടോക്കു മുമ്പില്‍ ഒരു നിമിഷം നിന്നു.ഒരിക്കലും മാപ്പു തരില്ല.അത്ര മതനിഷ്ഠയോടെ,ചിട്ടയോടെ ജീവിച്ചിരുന്ന ഉപ്പ ഒരിക്കലും പൊറുക്കില്ല.
‘കയ്യിലെന്താ വലിയബാഗ്,ഇന്നു വരില്ലേ,എവിടേക്കാ‘-ചോദ്യങ്ങളൊന്നുമുണ്ടായില്ല.ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയില്‍ ഉണ്ടാക്കിയെടുത്ത മഞ്ഞുപാളികൾ അത്രവേഗമുരുകുകയില്ല..ഗേറ്റ് അടയ്കുമ്പോൾ ഒരിക്കല്ക്കൂടി തിരിഞ്ഞി നോക്കി.
മെഹ്ഫില്‍!
എത്ര നിറമുള്ളതായിരുന്നു കുട്ടിക്കാലം..കൗമാരവും ഉല്ലാസം നിറഞ്ഞതായിരുന്നു..പിന്നെഎവിടെയാണ് കാലിടറിയത്..
പരാതികൾ,വഴക്കുകൾ,വേദനകൾ എല്ലാം ഇവിടെ ഉപേക്ഷിച്ച് പോവുകയാണ്..കണ്ണു നിറഞ്ഞില്ല.മനസ്സു മരവിച്ചിരിക്കുന്നു.
രജിസ്റ്റ്രാര്‍ ഓഫീസിന്റെ മുന്നിലിറങ്ങുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നി..ആരും എത്തിയിട്ടില്ല.ആരെയും വിളിക്കാനും തോന്നിയില്ല.ഇത്തിരി സ്വാസ്ഥ്യം വേണം..
അകത്തേക്കു കയറി സന്ദര്ശകര്ക്കിരിക്കാനുള്ള സ്ഥലത്ത് ബാഗ് വച്ച് തിരിയുമ്പോൾ സിദ്ദീഖും സമദും മറ്റും അപ്പുറത്തിരിക്കുന്നതു കണ്ടു.അവരെല്ലാം ഗൗരവമുള്ളതെന്തോ ചര്ച്ച ചെയ്യുകയാണെന്നു തോന്നി.
ഹരിയെവിടെപ്പോയി ..
ചുറ്റും കണ്ണോടിക്കുമ്പോൾ അതുവരെയില്ലാത്ത ഒരു അസ്വസ്ഥത മനസ്സിനെ നീറ്റാന്‍ തുടങ്ങുന്നതറിഞ്ഞു.എന്തോ അപകടം കാത്തിരിക്കുന്ന പോലെ..സിദ്ദീഖ് അടുത്തേക്കു വന്നു കൂടെ സമദും സന്ദീപും..
“അതേയ്..സജ്ന..ഒരു ചെറിയ പ്രോബ്ലമുണ്ടല്ലോ..”
സിദ്ദീഖ് തുടക്കമിട്ടു.ഹൃദയം അനിയന്ത്രിതമായി പിടയ്കുന്നു..കൈവിരലുകൾ വിറകൊള്ളുന്നത് എല്ലാവരും കാണാതിരിക്കാനായി ദുപ്പട്ട വലിച്ചിട്ടു.മറ്റുള്ളവര്ക്ക് ഊര്ജ്ജം പകരുന്നവളാണല്ലോ സജ്ന..അവൾ അധീരയാണെന്ന് മറ്റുള്ളവരെക്കൊണ്ടു പറയിക്കണ്ട..
“അതു പിന്നെ നമ്മുടെ ഹരിയ്കും സബിതയ്കും ചെറിയ ഒരു പ്രശ്നം..നമ്മൾ ‘നിറം ‘സിനിമയിലൊക്കെ കണ്ട പോലെ ഒരു സൂക്കേട്..”
സിദ്ദീഖ് ലാഘവത്വത്തോടെ സംസാരിക്കാന്‍ ഒരുപാടു പണിപ്പെടുന്നുണ്ട്..
“ഇന്നലെ രാത്രി ബാച്ച് ലര്‍ ലൈഫിന്റെ അവസാനമല്ലേടാ എന്നും പറഞ്ഞ് സബിത ഹരിയെ വിളിച്ചിരുന്നുവത്രേ.അവസാനം അത് രണ്ടുപേരുടേയും കരച്ചിലിലാണ് അവസാനിച്ചത്..”
സമദാണ് ബാക്കി പറഞ്ഞത്..
“സജ്നയെ പരിചയപ്പെടും മുമ്പേ അവരു രണ്ടാളും വളരെ ക്ലോസ് ആയിരുന്നു.പക്ഷേ അത് വെറും സൗഹൃദമായിരുന്നില്ലെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ..മുടിഞ്ഞ പ്രേമമാണുപോലും..!എന്താ കഥ!”
“ഡാ നീ കളി വിട്…ഹരി ആകെ തളര്ന്നിക്കയാണ്..”സന്ദീപ് ഇടയില്ക്കയറിപ്പറയുമ്പോൾ എല്ലാവരും ചേര്ന്നൊരു നാടകം കളിക്കുകയാണെന്ന തോന്നലില്‍ രോഷവും തളര്ച്ചയും തള്ളിക്കയറുന്നതറിഞ്ഞു..
ഇടനാഴിയുടെ അറ്റത്ത് ഹരി നില്ക്കുന്നത് അപ്പോൾ മാത്രമാണ് കണ്ടത്.വിശ്വസിക്കാനായില്ല.ചന്ദനനിറമുള്ള ഖാദി ജൂബ്ബ,കസവുകരമുണ്ട്,നെറ്റിയില്‍ പതിവിനു വിപരീതമായി ഒരു ചന്ദനക്കുറി..
അവന്‍ മുഖം തരുന്നതേയില്ല.ആ വേഷം അതീവസുന്ദരമാം വിധം ഹരിക്ക് ഇണങ്ങുന്നുണ്ട്..
എങ്കിലും ആ കുറി..
“പിന്നേ–അമ്പലത്തില്‍ നിന്നു കിട്ടുന്ന പൂവിലും ചന്ദനത്തിലുമല്ലേ ദൈവം വന്നിരിക്കുന്നത് “
ഹരി പലതവണ പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്..
“ഹരി പറയുന്നു..സജ്നയെ പറഞ്ഞു മനസ്സിലാക്കണം..അല്ലെങ്കില്‍ സജ്നക്കേ അതു മനസ്സിലാവൂ എന്ന്..
ജീവിതം ഒന്നോ രണ്ടോ ദിവസത്തേക്കുള്ളതല്ലല്ലോ..ഒരായുഷ്കാലത്തേക്കുള്ളതല്ലേ..”
സന്ദീപ് അതുപറഞ്ഞപ്പോൾ ഹരി മുഖമുയര്ത്തി എന്നെ നോക്കി.
നഷ്ടപ്പെട്ടു പോകുമെന്നു കരുതിയ നിധി കയ്യില്‍ മുറുകെ പിടിച്ചു നില്ക്കുന്നവന്റെ നോട്ടം…ഇന്നലെ വരെ അലിവും വാത്സല്യവും പ്രണയവും തുളുമ്പി നിന്നിരുന്ന ആ കണ്ണുകളിലിപ്പോൾ തിളങ്ങുന്നത് യാചനയാണ്..
“ഇറ്റ്സ് ഓകെ..”
അങ്ങനെ പറയാതിരിക്കാനാവില്ലല്ലോ എനിക്ക്..എല്ലാം പോസിറ്റീവ് ആയി കാണണമെന്ന് അവരെയൊക്കെ പറഞ്ഞു പഠിപ്പിക്കുന്ന,ഊര്ജ്ജം പകരുന്ന കൂട്ടുകാരിയല്ലേ ഞാന്‍..എല്ലാ ചങ്ങലകളേയും പൊട്ടിച്ചെറിയാന്‍ കരുത്തുള്ള പെണ്ണ്..
“സാരമില്ല ഹരി..എനിക്കു മനസ്സിലാവും..അതെ –ജീവിതം ഒരായുഷ്കാലത്തേക്കുള്ളതാണ്..”
എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെ താമരയിതളുകൾ പൊട്ടിവിടര്ന്ന ആ നിമിഷം ഞാന്‍ എന്നെ വല്ലാതെ വെറുത്തു പോയി.
അവര്‍ തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് അപ്പോൾ മാത്രമാണ് ശ്രദ്ധിച്ചത്.മാല വരെ ഒരുക്കിയിട്ടുണ്ട്.സബിതയും അപ്പോൾ പുറത്തേക്കു വന്നു. ലളിതമായി ഒരുങ്ങി വന്നിരിക്കുന്നു അവളും..ഇപ്പോൾ എല്ലാം ശുഭകരം..രണ്ടാത്മഹത്യകൾ ചേര്ന്ന് ഒരു ജീവിതം ഉടലെടുത്ത പോലെ എല്ലാവരും ഉത്സാഹത്തിലാണ്..
എന്റെ ധാര്ഷ്ട്യത്തെ,അഹംഭാവത്തെ,വാക്കുകളെ,പ്രവൃത്തികളെ,കുടജാദ്രിയിലെ ആ മഴക്കാലരാത്രിയെ, സത്രത്തിന്റെ മുറിയുടെ ഈര്പ്പഗന്ധത്തെ കുടഞ്ഞെറിഞ്ഞ് ഓടിപ്പോകണമെന്നു തോന്നി..
പക്ഷേ എവിടേക്ക്..
മെഹ്ഫിലിന്റെ ഇളംപച്ച നിറമുള്ള മുറികളിലേക്ക്,നിസ്കാരപ്പായിലിരുന്നു ഖുര്‍ആന്‍ ഓതുന്ന ഉമ്മയുടെ മടിത്തട്ടിലേക്ക് ചെന്നു വീണു കരയണം..
ആ വാതിലും കൊട്ടിയടക്കപ്പെടുമോ എന്ന ഭീതിയോടെ രജിസ്റ്റ്രാര്‍ ഓഫീസിന്റെ ഇളകിയ കല്പ്പടവുകൾ ഓടിയിറങ്ങി,ആദ്യം കണ്ട ഓട്ടോറിക്ഷയിലേക്ക് ചാടി വീഴുകയായിരുന്നു.
പുറത്ത് തിളയ്കുന്ന വേനല്‍, നഗരത്തെ ഉരുക്കി സ്ഫുടം ചെയ്തെടുക്കുന്നു..
പരുക്കന്‍ രോമങ്ങളുടെ നീറ്റല്‍ പോലെ വെയില്ച്ചീളുകൾ മുഖത്തു വന്നുരുമ്മുന്നു..
“അതെ..ജീവിതത്തില്‍ ചിലപ്പോൾ ഇതുമാത്രമേ ഓര്‍ക്കാന്‍ ഉണ്ടാവുകയുള്ളൂ..”
പിറുപിറുക്കല്‍ കേട്ടാവണം, ഓട്ടോഡ്രൈവര്‍ പുച്ഛത്തോടെ ഒന്നു തിരിഞ്ഞു നോക്കി..
—————
വര: ഷാരോൺ റാണി
Be the first to write a comment.