രെങ്കിലും പറഞ്ഞിട്ടുള്ള ഒരു കാര്യത്തെ കുറിച്ച് മറ്റൊരു കഥ ആര്‍ക്കു വേണമെങ്കിലും പറയാം. ഒരു പക്ഷേ, അങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ക്കത് അനാവശ്യമായോ, അനുകരണമായോ തോന്നിയേക്കാം. എന്നാൽ ശരിക്കും അതൊരു കണ്‍കെട്ടുവിദ്യയാണ്. അല്ലെങ്കിൽ വെറും ഭാവന. ഉദാഹരണത്തിന് യുണികോണ്‍ കുതിരയുടെ ജനുസ്സനെങ്കിലും അതൊരു  ഐതിഹ്യം   മാത്രമല്ലേ? അതുപോലെ പുനർരചിക്കപ്പെടുന്ന ഓരോ കഥയും നമ്മുടെ ഭാവന തന്നെ. അങ്ങനെ ഞാൻ ഉണ്ടാക്കിയതാണ് സ്വപ്നകാന്തങ്ങളെക്കുറിച്ചുള്ള ഈ കഥ. സ്വപ്നകാന്തം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അരികുകളിൽ മുത്തുകൾ കോർത്ത, നൂലും തൂവലും കൊണ്ട് അലങ്കരിക്കപ്പെട്ട, മധ്യഭാഗം ശൂന്യമായ ഒരു വൃത്തമാണത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ചിത്രങ്ങള്‍ കിട്ടും. നോക്കൂ, ഏതാണ്ട് ഇതുപോലെ.

അപ്പോൾ നമുക്കീ കഥ ഇങ്ങനെ തുടങ്ങാം. ഞാനെന്റെ ഹിന്ദി ക്ലാസ്സിൽ ഇരിക്കുമ്പോൾ അധ്യാപിക പാഠഭാഗം തിരുത്തുന്നതിനായി ചുറ്റിനടന്നു എന്റെ അരികിലേക്കു വന്നു. അവരുടെ കാതിൽപ്പൂക്കൾ കണ്ടപ്പോള്‍ എനിക്ക് സ്വപ്നകാന്തങ്ങളെ ഓര്‍മ്മ വന്നു. വീട്ടിലെത്തി കൂടുതൽ ചിന്തിച്ചപ്പോഴാണ് ഒരു പുതിയ ആശയം എന്നിൽ മുള  പൊട്ടിയത്. ആഹാ!! ഇങ്ങനെയും ഉണ്ടാക്കാം ഒരു കഥ ഞാൻ എന്നോട് തന്നെ പറഞ്ഞു. അങ്ങനെ , ഇതാ, കുറച്ചു ദിവസങ്ങള്ക്ക് ശേഷം, ഞാനെന്റെ കഥ എഴുതുന്നു. ഇനിയാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. അമാൻഡാ എന്ന് പേരുള്ള ഒരു പെണ്‍കുട്ടി അവിടെ താമസമുണ്ടായിരുന്നു. ഒരു നല്ല കരകൌശല വിദഗ്ധയായ അവൾ പാഴ്വസ്തുക്കളിൽ നിന്നും അതിമനോഹരങ്ങളായ കൗതുകവസ്തുക്കൾ  ഉണ്ടാക്കിയിരുന്നു .  അവൾ സമ്മാനിച്ച ഇത്തരം കൗതുകവസ്തുക്കളെ ഗ്രാമവാസികൾ ചപ്പുചവറുകളായി കണ്ടു വലിച്ചെറിയുകയായിരുന്നു പതിവ്. ശരിക്കും ആ ഗ്രാമത്തിൽ റീസൈക്ലിംഗ്  ആദ്യമായി ചെയ്തത്  അവളായിരുന്നു എന്നു പറയാം. ഏറ്റവും കൗതുകകരമായ കാര്യം, എല്ലാ രാത്രിയിലും അവൾ സ്വപ്നം കാണാറുണ്ടായിരുന്നു എന്നതാണ്. കണ്ടതെല്ലാം അവൾ ഒരു ചെറിയ പുസ്തകത്തിൽ കുറിച്ചുവച്ചു. അവളതിനെ സ്വപ്നങ്ങളുടെ പുസ്തകം എന്ന് വിളിച്ചു. തന്‍റെ പക്കൽ നിന്നും ഒരിക്കലും ആ പുസ്തകം അവൾ മാറ്റി വയ്ക്കാതിരുന്നതിനാൽ ആര്‍ക്കും അതിന്‍റെ ഉള്ളടക്കം അറിയാനായില്ല. താൻ കണ്ട സ്വപ്നങ്ങളുടെ ഓരോ വിശദാംശവും  അവൾ അതിൽ രേഖപ്പെടുത്തി വച്ചു. അങ്ങനെ ഒരു ദിവസം ഒരു കൗതുകവസ്തു ഉണ്ടാക്കിക്കൊണ്ടിരിക്കയായിരുന്നു അമാൻഡാ. പലപ്പോഴും തൻ എന്താണ് ഉണ്ടാക്കുന്നത് എന്നതിനെപ്പറ്റി അവള്ക്കൊരു രൂപവും കാണില്ല. ഇപ്പോഴും അങ്ങനെ തന്നെ സംഭവിച്ചു. കയ്യിൽ കിട്ടിയ കുറച്ചു കമ്പികൾ ഉപയോഗിച്ച് അവളൊരു വൃത്തം ഉണ്ടാക്കി. കുപ്പായത്തിൽ നിന്നും ഉതിര്‍ന്നു വന്ന നൂലുകളും മറ്റു പാഴ്വസ്തുക്കളും ഉപയോഗിച്ച് അതിനെ അലങ്കരിച്ചു. അവളുടെ അമ്മയും ആഭരണങ്ങൾ ഉണ്ടാകുന്നതിൽ സമർത്ഥയായിരുന്നു.അങ്ങനെ ചപ്പുചവറുകളിൽ നിന്നും അവളൊരു സുന്ദരസൃഷ്ടി ഉണ്ടാക്കിയെടുത്തു. നിങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി, അവളുണ്ടാക്കിയ കൗതുകവസ്തുവിന്‍റെ ഒരു ചിത്രം ഞാന്‍ താഴെ വരച്ചു ചേര്‍ത്തിട്ടുണ്ട്. 

നിറങ്ങൾ നൽകിയാൽ ഇത് കൂടുതൽ മനോഹരമായേക്കും. എങ്കിലും അതില്ലാതെ തന്നെ ഒരു ഏകദേശരൂപം ആയി എന്നെനിക്കു തോന്നുന്നു. ഏതായാലും അവളതു തന്റെ കട്ടിലിനു മുകളിൽ തൂക്കിയിട്ടു. അടുത്ത ദിവസം അവൾ തന്റെ  സ്വപ്നങ്ങളുടെ പുസ്തകം എടുത്തെങ്കിലും, ഒരു സ്വപ്നവും ഓർത്തെടുക്കാൻ അവൾക്കു സാധിച്ചില്ല. പക്ഷേ, ഏതൊക്കെയോ സ്വപ്‌നങ്ങള്‍ കണ്ടിരുന്നു എന്ന് അവൾക്കുറപ്പായിരുന്നു. അങ്ങനെ രണ്ടു നാൾ കഴിഞ്ഞു. ആ ദിവസങ്ങളിലും കണ്ട സ്വപ്‌നങ്ങളൊന്നും ഉണരുമ്പോള്‍ അവള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം അവളൊരു സുഹൃത്തിന്റെ വീട്ടിലാണ് ഉറങ്ങിയത്. പിറ്റേന്ന് രാവിലെ, തലേ രാത്രി കണ്ട സ്വപ്നം കൃത്യമായി ഓര്‍ക്കാന്‍ അവള്‍ക്കു സാധിച്ചു.

അതിനടുത്ത ദിവസം അവൾ താൻ നേരത്തെ ഉണ്ടാക്കിയ കൗതുകവസ്തു നോക്കിയിരിക്കയായിരുന്നു. അതിന്റെ ചരടുകളുടെ നീളം കൂടിയിരിക്കുന്നു എന്നവള്‍ക്ക് മനസ്സിലായി. ആദ്യം അതൊരു വിഭ്രാന്തിയാണെന്ന് തോന്നിയെങ്കിലും, അന്നു രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവൾ തന്റെ കൗതുകവസ്തുവിലെ ചരടുകളുടെ നീളം അളന്നു കുറിച്ചിട്ടു. പതിവു പോലെ അന്നും അവൾ തന്റെ സ്വപ്നം മറന്നുപോയി. പക്ഷേ ഉണര്‍ന്നു ചരടിന്റെ നീളം അളന്നു നോക്കിയപ്പോൾ അത് അര സെന്റിമീറ്ററോളം നീണ്ടിരിക്കുന്നതായി കണ്ടു. താന്‍ നിര്‍മ്മിച്ച വസ്തുക്കള്‍ തന്നെയാണ് തന്‍റെ സ്വപ്‌നങ്ങൾ മാഞ്ഞുപോകുന്നതിന്റെ കാരണമെന്ന് അവള്‍ക്കു മനസ്സിലായി. അവൾ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. ഇത്രയേറെ ദൌർഭാഗ്യകരമായ മറ്റൊന്നും ഉണ്ടാവില്ല എന്നവള്‍ക്ക് തോന്നി. അത്രയേറെ അവിശ്വസനീയമായ കാര്യമായതിനാല്‍ തന്‍റെ ഈ അവസ്ഥയെ അസാധ്യമാം സാധ്യമായ സംഭവം എന്നുവിളിക്കാനാണ് അമാന്‍ഡായ്ക്കു തോന്നിയത്. തന്‍റെ സ്വപ്നങ്ങളെ പിടിച്ചെടുക്കുന്ന വസ്തുവിന് അവള്‍ സ്വപ്നകാന്തം എന്ന പേരുമിട്ടു.

അവളുണ്ടാക്കിയത് ഏതെങ്കിലും തരത്തിൽ നന്മയോ ഗുണമോ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല എന്ന് അമാന്‍ഡായ്ക്കു അറിയാമായിരുന്നു. തന്‍റെ സ്വപ്നങ്ങളെ അപഹരിക്കുന്ന വസ്തു തീര്‍ച്ചയായും വിനാശകരമായ ഒരു നിര്‍മ്മിതിയായിത്തന്നെ അവൾക്കു തോന്നി. എന്നാല്‍ അത്രമേൽ മനോഹരമായ ഒന്നിനെ വലിച്ചെറിയാൻ മനസ്സു വന്നതുമില്ല. കൂട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും കൊടുക്കാമെന്നു വെച്ചാല്‍ അവരാരും അവളെപ്പോലെ എപ്പോഴും സ്വപ്‌നങ്ങള്‍ കാണുന്നവര്‍ ആയിരുന്നില്ല. വല്ലപ്പോഴും കാണുന്ന സ്വപ്‌നങ്ങള്‍ പോലും നഷ്ടമാവും എന്നതിനാല്‍ അവര്‍ക്കിത് സമ്മാനിക്കാനാവില്ല. തന്നെയുമല്ല അവരിതിനെ ഒരു പാഴ്വസ്തുവായേ കാണൂ താനും. ഒടുവില്‍ അമാന്‍ഡാ താനുണ്ടാക്കിയ സ്വപ്നകാന്തത്തെ ഗ്രാമമധ്യത്തിലുള്ള ഫലഭൂയിഷ്ടമായ മണ്ണിൽ  കുഴിച്ചിടാൻ തീരുമാനിച്ചു. ഗ്രാമവാസികളുടെ സ്വപ്നങ്ങളെ മുഴുവന്‍ താനുണ്ടാക്കിയ കാന്തം പിടിച്ചെടുക്കുമെന്ന് അവള്‍ ഭയപ്പെട്ടിരുന്നു. എങ്കിലും വേറെ വഴിയില്ലാത്തതിനാല്‍ അതേക്കുറിച്ച് അവള്‍ അധികം വേവലാതിപ്പെട്ടില്ല. സ്വപ്നകാന്തത്തെ കയ്യൊഴിഞ്ഞതിന്‍റെ പിറ്റേ ദിവസം മുതല്‍ അമാന്‍ഡായ്ക്ക് തന്‍റെ സ്വപ്നങ്ങളെ ഓര്‍മ്മ വരാന്‍ തുടങ്ങി.

ഇന്ന്, വസന്താവധിയ്ക്കു ശേഷം അമാൻഡാ സ്കൂളില്‍ വന്നിരിക്കുകയാണ്. ഇടസമയത്ത് കൂട്ടുകാരി മെഗ് ഓടിയെത്തി താൻ കണ്ട അതിശയകരമായ ഒരു സ്വപ്നത്തെപ്പറ്റി അമാന്‍ഡായുടെ ചെവിയില്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ അമാന്‍ഡായ്ക്കു ഒരു പുതുമയും തോന്നിയില്ല. അത് അവള്‍ ആദ്യം മറന്നു പോയ സ്വപ്നം തന്നെയായിരുന്നു.

കഥ ഇതാ ഇവിടെ അവസാനിക്കുന്നു. കഥയ്ക്ക് സ്വപ്നകാന്തങ്ങള്‍ എന്ന പേരു കൊടുത്ത് അടിവരയിട്ട ശേഷം ഞാന്‍ ഗോവണിയിറങ്ങി താഴത്തെ നിലയില്‍ അടുക്കളയിലേക്കു ചെന്നു. അമ്മ എനിക്ക് ഒരു പ്ലെയ്റ്റ് വേവിച്ച ബ്രോക്കോളി തന്നു. ഞാൻ  പറഞ്ഞു,  അമ്മേ, ഇത്  കഴിക്കുക അസാധ്യമാം  വിധം സാധ്യമായ കാര്യം തന്നെ!”
———————————

വിവർത്തനം: ചിന്ത ടി കെ

Comments

comments