ഏൻ എലിഫെന്റ്
പറഞ്ഞു തന്നത്
ടീച്ചറാണ്
‘എലിഫെന്റ് ഈസ് എ വൈൽഡ് അനിമൽ‘
പക്ഷെ,
ഈ തെറ്റൊന്നും പഠിക്കണ്ട
എനിക്കറിയാം
ആനയെപ്പറ്റി
ആന ലോറിയിൽ കയറിയേ
പോകൂ…………
തല്ലിയാൽ മാത്രമേ
നടക്കൂ…………
മോട്ടറടിച്ചേ കൂളിക്കൂ…………
ഇത്രയൊക്കെ
എഴുതിക്കൂട്ടിയിട്ടും
റിസൾട്ടിൽ എനിക്കുമാത്രം
പൂജ്യം.
ശരിയുത്തരം
എലിഫെന്റ് ഈസ് എ വൈൽഡ് അനിമൽ
വരും വഴി
സോമില്ലിൽ
തല്ലു കൊള്ളുന്നത് കണ്ട് സമാധാനിച്ചു
എനിക്ക് പൂജ്യം വാങ്ങിത്തന്നവന്
ഇതു തന്നെ കിട്ടണം.
കാലിഡോസ്‌കോപ്പ്
ഇന്നെന്റെ കൂട്ടുകാരന്റെ
പിറന്നാളായിരുന്നു.
പലരും
പലതും കൊടുത്തപ്പോൾ
സന്ധ്യ ടീച്ചർ
നിരീക്ഷണത്തിനു വച്ചിരുന്ന പയറുചെടി
കാലിഡോസ്‌കോപ്പിലിട്ട്
ഞാനവനൊരു കാട് കണിച്ചു കൊടുത്തു.
പറച്ചിൽ
ലാസ്റ്റ് ബഞ്ചിലെ
എഴുന്നേൽപ്പിച്ചവൻ പറഞ്ഞു
“ടീച്ചറേ,
പഴയ പുഴയെ ഓർക്കുമ്പോൾ
നാലുവരക്കോപ്പിയും
പുതിയ പുഴയെക്കാണുമ്പോൾ
രണ്ടുവരക്കോപ്പിയും
എഴുതാനാവുന്നില്ലെനിക്ക്
ട്രയാങ്കിൾ
അളവില്ലാത്ത കുന്നും മലയുമായി പോകും
നൂറു തവണ എഴുതി
പഠിച്ചിട്ടും
കൊത്തുകൂടി പൂപ്പലിന്റെ
സ്പെല്ലിംഗ് മറന്നുപോവും.
എന്നെ ക്ലാസ്സിൽ നിന്ന്
പുറത്താക്കല്ലേ!
വീട്ടുകാരേ വിളിപ്പിക്കല്ലേ!
വല്യ ടീച്ചറോട് പറയല്ലേ!
എനിക്കറിയില്ല ഇതെങ്ങനെ
പറയുമെന്ന് .”
അപ്പൂപ്പൻ താടി
നാല് ‘സി‘ ലെ രണ്ട് കുട്ടികൾ
തമ്മിൽ പറഞ്ഞു.
“നീ അപ്പൂപ്പൻ താടി
കണ്ടിട്ടുണ്ടോ?”
“ഉണ്ട്, പക്ഷെ എന്റെ
അപ്പൂപ്പൻ താടിക്ക്
ഗോദറേജ് ഡൈയുടെ കറുപ്പാണ്”
“ഉഴുന്നാടക്കാതുള്ള അമ്മൂമ്മയെയും
വെള്ളത്താടിയുള്ള അപ്പൂപ്പനെയും
ലുലുമാളിൽ വാങ്ങാൻ കിട്ട്യോ?”
“നീ മഴവില്ല് കണ്ടിട്ടുണ്ടോ
സ്‌പെക്‌ട്രോമീറ്ററിലൂടെയല്ലാതെ”
“പാരച്യൂട്ട് പോലൊരു
അപ്പൂപ്പൻ താടിയും ………
എൽ ഇ ഡി ബൾബുപോലൊരു
മിന്നാമിനുങ്ങും
ഉണ്ടാക്കാമോ?”
“ആരും കാണാതെ ………. ആരും”
ആ രാത്രി
വായിൽ വെള്ളമെടുത്ത്
സൂര്യനു നേരെ പാറ്റിത്തുപ്പി
മഴവില്ലിൽ രസിക്കുന്നവരുടെ നാട്
അവർ സ്വപ്നം കണ്ടു
അവർക്കു ചുറ്റും അപ്പൂപ്പൻ താടികൾ
പാറിക്കൊണ്ടിരുന്നു.
മിന്നാമിനുങ്ങുകൾ പെരുകിക്കൊണ്ടിരുന്നു.
ശർമ്മിൾ പി.എസ്
III BA മലയാളം
കെ.കെ.ടി.എം.ഗവ.കോളേജ്, പൂല്ലൂറ്റ്
Be the first to write a comment.