അറുപതുകള്‍ മുതല്‍ മലയാളകവിതയിലെ ശക്തിസാന്നിധ്യമായ സച്ചിദാനന്ദന്‍ എഴുതിത്തുടങ്ങിയിട്ട് അന്‍പതുവര്‍ഷമാകുന്നു. പുതിയ കാലത്തിലേക്ക് മലയാളകവിത സംക്രമിച്ചത് സച്ചിദാനന്ദന്റെകൂടി വാക്കുകളിലൂടെ ആയിരുന്നു. ആശയങ്ങളുടെയും വിഭ്രമങ്ങളുടെയും നാനാര്‍ത്ഥങ്ങളുടെയും അപൂര്‍വ സൌന്ദര്യങ്ങള്‍ ഇടതടവില്ലാതെ പകര്‍ന്നുകൊണ്ട് അദ്ദേഹം എല്ലായ്പ്പോഴും ഭാഷയെയും കവിതയും ഭാവുകത്വത്തെയും നവീകരിക്കുന്നതിന് യത്നിച്ചുകൊണ്ടിരുന്നു. കേരളത്തില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് ലോകത്തിലേക്കും അദ്ദേഹത്തിന്റെ കവിത വളര്‍ന്നു. നിരവധി ലോകഭാഷകളില്‍ അദ്ദേഹതിന്റെ കവിതകള്‍ വായിക്കപ്പെടുന്നു. ഞാന്‍ കണക്കു നോക്കിയിട്ടില്ല, പക്ഷെ കാളിദാസനും ടാഗോറും കഴിഞ്ഞാല്‍ ഇത്രയും ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു ഇന്ത്യന്‍ കവി ഉണ്ടാകുമോ?
എഴുപതുകളിലെയും എൺപതുകളിലെയും കവിതാചരിത്രം സച്ചിദാനന്ദന്‍ ഇല്ലെങ്കില്‍ മറ്റൊന്നാകുമായിരുന്നു. ഭാഷയിലെ ഇരുട്ടിലെ സൂര്യന്‍ എന്ന് ബി. രാജീവന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. നാം ജീവിക്കുന്നത് മുന്‍പത്തേക്കാള്‍ വേഗം പാഞ്ഞുപോകുന്ന ഒരു ലോകത്താണ്. ഓരോ ദശാബ്ദവും മുന്‍പുള്ളതിനേക്കാള്‍ വേഗത്തില്‍ കടന്നു പോകുന്നതായി തോന്നാറില്ലേ? കവികള്‍, എഴുത്തുകാര്‍, വളരെ വേഗം വിസ്മൃതിയിലാകുന്നു എന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ചരിത്രബദ്ധമാണ് ഓര്‍മ്മകള്‍. കാതലായ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കപെടുന്നില്ല. മലയാളകവിതയ്ക്ക് സച്ചിദാനന്ദന്‍ ചെയ്ത സംഭാവനകള്‍ നിരവധിയാണ്.
ഒന്നാമതായി അദ്ദേഹം തന്റെ കവിതയെ എപ്പോഴും നവീകരിക്കാനും ആഗോളവല്‍ക്കരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ്. കവിതകളുടെ ധാരാളിത്തം ഭാഷയിലെ സൂക്ഷ്മതക്കുറവിനുള്ള മാപ്പപേക്ഷ ആവില്ല എന്ന് അദ്ദേഹത്തിനറിയാം. ഓരോ വരിയും വാക്കും അദ്ദേഹം സൂക്ഷിച്ചു തന്നെ ഉപയോഗിച്ചു. ഒരു കവിയുടെ എല്ലാ കവിതകളും ഒരു പോലെ സഹൃദയസ്വീകാര്യമാവണമെന്നില്ല. ലോകകവിതയില്‍ എഴുതിയതെല്ലാം ഒരു പോലെ സ്വീകരിക്കപ്പെട്ട കവികളില്ല. ശാകുന്തളം വായിക്കപ്പെടുന്നത് പോലെ വിക്രമോര്‍വശീയവും മാളവികാഗ്നിമിത്രവും വായിക്കപ്പെടുന്നില്ലല്ലോ. എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. പക്ഷെ എഴുതുന്ന കാലത്തിന്റെ തുടിപ്പ് പേറാത്ത ഒരു കവിതയും സച്ചിദാനന്ദന്‍ എഴുതിയിട്ടില്ല. അദ്ദേഹത്തിന്റെ കവിത വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിമര്‍ശനത്തില്‍ വാടിപ്പോകുന്നതല്ല അദ്ദേഹത്തിന്റെ കവിത. ആരും വിമർശിക്കാനില്ലാത്ത എഴുത്തുകാര്‍ സ്വന്തം കര്‍മ്മത്തില്‍ പരാജയപ്പെട്ടവരാണ് എന്ന് പറയാം.അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചുള്ള ചില വിമര്‍ശനങ്ങളെങ്കിലും കേവലം വ്യക്തിവിദ്വേഷപരമാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അതുകൂടി താങ്ങാന്‍ കെല്‍പ്പുള്ളതാണ് അദ്ദേഹത്തിന്റെ കവിത എന്നതും വിസ്മരിക്കാനാവില്ല.
രണ്ടാമതായി അദ്ദേഹം ഉയര്‍ന്ന ആശയങ്ങള്‍ ഉള്ള ഒരു കവിതാ നിരൂപകനാണ് എന്നതാണ്. ബാലാമണിയമ്മയും ലളിതാംബിക അന്തര്‍ജനവും മുതല്‍ ഏറ്റവും പുതിയ കവിയുടെ കവിതയിലെ വരെ സൂക്ഷ്മതലങ്ങള്‍ കണ്ടറിഞ്ഞ് വായനക്കാര്‍ക്കായി അനാവരണം ചെയ്യാന്‍ ബദ്ധശ്രദ്ധനായ ഒരു നിരൂപകനാണ് അദ്ദേഹം. അദ്ദേഹത്തിലെ കവിയുടെ കാവ്യപരമായ പ്രതിബദ്ധതയുടെ ഒരു തുടര്‍ച്ചയാണ് അദ്ദേഹത്തിലെ നിരൂപകന്‍. മറ്റു കവികളെക്കുറിച്ച് എഴുതുമ്പോള്‍ തികച്ചും സവിശേഷവും അനന്യവുമായ പല നിരീക്ഷണങ്ങളും നടത്താന്‍ അദ്ദേഹത്തിന്റെ നിരൂപണത്തിന് കഴിയുന്നു എന്നത് കവി എന്ന നിലയിലുള്ള ഉള്‍ക്കാഴ്ചകള്‍ രചനയില്‍ ഇടകലരുന്നതുകൊണ്ടാണ്. കവിതാ നിരൂപണത്തിന്റെയും അസ്വാദനത്തിന്റെയും തലങ്ങള്‍ വികസിപ്പിക്കാന്‍ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളും അതുകൊണ്ട് തന്നെ അദ്വിതീയമാണ്. അദ്ദേഹത്തിന്റെ കവിതാവ്യാഖ്യാനങ്ങള്‍ സ്വീകരണവും തിരസ്കാരവും ഏറ്റുവാങ്ങാന്‍ ഒരുക്കമാണ്. വീക്ഷണ വൈജാത്യങ്ങളെ, എതിര്‍പ്പുകളെ ഭയക്കുന്ന എഴുത്തുകാരനല്ല അദ്ദേഹം.
മൂന്നാമതായി കവിതയിലെ പുതുസ്വരങ്ങളെ സ്വാഗതം ചെയ്യുന്നതിന് അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു എന്നതാണ്. തന്റെ രചനകളില്‍ പരാമര്‍ശിച്ചുകൊണ്ടും, ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടും യുവകവിതയെ എക്കാലത്തും അദ്ദേഹം ലാളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാത്സല്യസ്പര്‍ശം അനുഭവിക്കാത്ത കവികള്‍ മലയാളത്തില്‍, ഇന്ത്യയില്‍, കുറവായിരിക്കും. അദ്ദേഹം പക്ഷപാതങ്ങളോ സങ്കുചിതത്വങ്ങളോ തൊട്ടുതീണ്ടാത്ത അമാനുഷനല്ല എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളില്‍ തീര്‍ച്ചയായും ആ പക്ഷപാതിത്വങ്ങള്‍- അവ എന്ത് തന്നെയായാലും – കടന്നിട്ടുണ്ടാവാം. അതിനെക്കുറിച്ച് പരസ്യമായും രഹസ്യമായും വിമര്‍ശനങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ എൺപതുകള്‍ മുതല്‍ വ്യക്തിപരമായി തന്നെ എനിക്കറിയാവുന്നതാണ് മലയാളത്തിലെ സഹകവികളെയും പുതുകവികളെയും പരിചയപ്പെടുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പുലര്‍ത്തിയിട്ടുള്ള നിതാന്തമായ താല്‍പ്പര്യം. അദ്ദേഹം കവിതയില്‍ നിലപാടുകള്‍ ഉള്ള ആളാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതില്‍ കടന്നുവന്നിട്ടുണ്ടാവാം. പക്ഷെ അദ്ദേഹം ഇക്കാര്യത്തില്‍ ചെയ്തിട്ടുള്ള വിപുലമായ ശ്രമങ്ങളെ കുറച്ചുകാണിക്കാന്‍ പോന്നതല്ല ഇത്തരം വിമര്‍ശനങ്ങളും എതിര്‍പ്പുകളും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
നാലാമതായി മറുഭാഷകളില്‍ നിന്നുള്ള കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതില്‍ അദ്ദേഹം പുലര്‍ത്തിയിട്ടുള്ള നിഷ്കര്‍ഷ ആണ്. കേരളത്തിലെ വായനക്കാര്‍ക്ക് വേണ്ടി മറുഭാഷാ കവികളെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കാട്ടിയിട്ടുള്ള അത്രയും സന്നദ്ധത മറ്റാരിലും കണ്ടിട്ടില്ല. അതിന്റെ വൈവിധ്യം തന്നെ ശ്രദ്ധേയമാണ്. വിവര്‍ത്തനത്തെ മൌലികമായ ഒരു രാഷ്ട്രീയ-ലാവണ്യ പ്രവര്‍ത്തനമായി അദ്ദേഹം മനസിലാക്കുന്നു എന്ന് പറയുവാന്‍ കഴിയും. ഭാവുകത്വ നവീകരണത്തില്‍ അത്തരം പരിശ്രമങ്ങള്‍ക്കുള്ള പങ്ക് ഒരിക്കലും കുറച്ചുകാണാന്‍ കഴിയില്ല. അതിലെ തെരഞ്ഞെടുപ്പുകളിലും സ്വന്തം അഭിരുചിയുടെ തീര്‍പ്പുകള്‍ അറിഞ്ഞും അറിയാതെയും പ്രതിഫലിക്കുന്നുണ്ടാവാം. പക്ഷെ അവയുടെ വൈപുല്യവും വൈവിധ്യവും – കവികളുടെ കാര്യത്തിലായാലും ഭാഷകളുടെ കാര്യത്തിലായാലും- അദ്ദേഹത്തിന്റെ കാവ്യസംസ്കാരത്തിന്റെ നിരന്തരമായ വളര്‍ച്ചയുടെ കൂടി സൂചകമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഞാന്‍ ഇവിടെ അദ്ദേഹത്തിന്റെ കവിതയുടെ സൂക്ഷ്മമായ ഒരു വിലയിരുത്തലനോ വിമര്‍ശനത്തിനോ തുനിയുന്നില്ല. വായനക്കാരോട് പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരനായി അഞ്ചു പതിറ്റാണ്ടുകള്‍ അദ്ദേഹം പിന്നിടുകയാണ്. കവിതകള്‍ മാത്രമല്ല, രാഷ്ട്രീയ സാംസ്കാരിക ലേഖനങ്ങളും നാടകങ്ങളും ഒക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. നാം കൂടുതല്‍ കൂടുതല്‍ സിനിക്കല്‍ ആവുന്ന ഒരു സാമൂഹിക സന്ദര്‍ഭത്തിലാണ് ഇന്ന് ജീവിക്കുന്നത്. സിനിസിസം അതിന്റെ ഏറ്റവും ക്രൂരമായ ചരിത്രരൂപം എടുത്തു നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു. നമ്മുടെ ചിന്തകളെ നളനെ കലിയെന്ന പോലെ അത് ഗ്രസിക്കുന്നു. സിനിസിസം ചരിത്രത്തിലെ അനിവാര്യതയാണ്. തകര്‍ന്നുപോകുന്ന നമ്മുടെ യുട്ടോപ്പിയകളോടുള്ള രാഷ്ട്രീയമായ പ്രതികരണം കൂടിയാണത് എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. അത് നമ്മുടെ അന്തരാളഘട്ടത്തെ അനവരതം സംഘര്‍ഷഭരിതമാക്കുന്നു. ഇവിടെ സിനിസത്തിന്റെ ഈ കടുത്ത യുക്തിയോടുകൂടി ബോധപൂര്‍വ്വം കലഹിക്കുന്ന ഒരു കവിയെ ഞാന്‍ കാണുന്നത് സച്ചിദാനന്ദനിലാണ്. ഇത് മറ്റു കവികളുടെ കവിതയെ ഇകഴ്ത്തലല്ല. കേവലമായ, സൌകര്യപൂര്‍വ്വമായ ഒരു താരതമ്യവുമല്ല. മറിച്ചു സാര്‍ഥകമായ പരീക്ഷണങ്ങളിലൂടെ, നിതാന്തമായ സൂക്ഷ്മതകളിലൂടെ ഒരു കവി ഭാഷയോട് കാട്ടുന്ന വലിയ സ്നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പേരിലുള്ള ആദരവാണ്. സച്ചിദാനന്ദന്‍ പോസ്റ്റ് – യുട്ടോപ്പിയന്‍ കവിയല്ല. ഇത് വിമര്‍ശനവും ഒപ്പം അത്മനിഷ്ടമായ തിരിച്ചറിവും വറ്റാത്ത പ്രത്യയശാസ്ത്രബദ്ധതയോടുള്ള വിസ്മയവുമാണ്. എന്നാല്‍ പോസ്റ്റ് – യുട്ടോപ്പിയന്‍ കവിത അദ്ദേഹത്തിന്റെ കവിതയോട് കടപ്പെടിരിക്കുന്നു. അതില്‍ നിന്ന് അതേറെ ഊര്‍ജ്ജവും ഊഷ്മാവും നേടിയിട്ടുണ്ട്.
എഴുത്തിന്‍റെ അന്‍പതാം വര്‍ഷത്തിലേക്ക് കടന്ന സച്ചിദാനന്ദന് നവമലയാളിയുടെ സ്നേഹാശംസകളും അഭിനന്ദനങ്ങളും.
Be the first to write a comment.