കാലുകളില്‍ നിന്ന് ചങ്ങലയും, തുടയില്‍ നിന്ന് മഴുവും, കൈകളില്‍ നിന്ന് കരി ഓയിലും, വായില്‍ നിന്ന് ഈര്‍ച്ചവാളും ഉല്‍പ്പാദിപ്പിക്കുന്ന പുതിയ പുരുഷ സൂക്തങ്ങള്‍ ഹിന്ദുത്വത്തിന്റെ പൌരനിയമമായി മാറുമ്പോള്‍ കണ്ണുകളില്‍ ഭീതിയും നാവില്‍ നിശ്ശബ്ദതയും ചെവിയില്‍ നിലവിളികളും തുടര്‍ച്ചയാവുന്നു. ‘ശത്രു’സമുദായങ്ങളെ നിര്‍മ്മിച്ച്, അവരെ സംശയത്തിന്റെയും, പ്രതികളുടെയും പക്ഷത്ത് നിര്‍ത്തി, ‘അവരുടെ’ധാര്‍മ്മിക-സാമൂഹ്യ സ്വഭാവങ്ങള്‍ തങ്ങള്‍ വിഭാവനം ചെയ്യുന്ന ദേശീയതയ്ക്കും സദാചാരത്തിനും പുറത്ത് നില്ക്കുന്ന, എതിര്‍ക്കപ്പെടേണ്ട ആശുദ്ധികളാണെന്ന പ്രഖ്യാപനങ്ങള്‍ ഈ ഭീതികളെ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
വൈജ്ഞാനികാമോ സൈദ്ധാന്തികമോ ആയുള്ള ആഴങ്ങള്‍ അന്യമാകുമ്പോഴുള്ള അപകര്‍ഷതാ ബോധത്തെ മറികടക്കാന്‍ ഫാഷിസ്റ്റ് യന്ത്രങ്ങള്‍ അതിജീവനത്തിന് എപ്പോഴും ആശ്രയിക്കുന്നത് ‘ശുദ്ധി’യുടെ നാട്യങ്ങളും ഭയത്തിന്റെ വൈകാരിതകളുമാണ്. അത്കൊണ്ട് തന്നെ വിശപ്പ്, ദുരിതം, അസമത്വം, ലിംഗവിവേചനം, സാമ്പത്തിക ചൂഷണം തുടങ്ങിയവ അവരുടെ ചര്‍ച്ചകളില്‍ നിന്ന് പുറന്തള്ളപ്പെടുകയും പൗരന്റെ ദൈനംദിന തിരഞ്ഞെടുപ്പുകളുടെ ഭാഗമായ ‘തിന്നുക‘, ‘കുടിക്കുക‘ ‘ലൈംഗികബന്ധത്തിൽ ഏർപ്പെടുക‘ പ്രക്രിയകൾ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖ്യ അജണ്ടയാവുകയും ചെയ്യുന്നു. ഇരുട്ട് നിറഞ്ഞ മിഥ്യയായി നിലനിന്നിരുന്ന ഹിന്ദുത്വ രാഷ്ട്രം എന്ന സങ്കൽപ്പത്തിനെ പൂർണ്ണമായി സാക്ഷാത്കരിക്കാൻ തന്റെ തന്നെ പൗരന്മാരിലേയ്ക്ക് അധിനിവേശം നടത്തുന്ന അതിപുരുഷൻ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു ഇന്ത്യൻ ഫാസിസം.
അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്തിരുന്ന ‘കുമ്പസാരത്തിന്റെ മതേതരത്വത്തെ‘, കെട്ടുകാഴ്ചകളുടെ ഹിന്ദുത്വത്തിലേയ്ക്ക് ഫാസിസ്റ്റ് ശക്തികൾ തകിടം മറിച്ചപ്പോൾ ഇന്ത്യ എന്ന വൈരുദ്ധ്യങ്ങളുടെ ജനാധിപത്യം തേളുകളുടെ ദ്വീപായി മാറിക്കൊണ്ടിരിക്കുന്നു.ചരിത്ര ആഖ്യാനങ്ങളിലൂടെയും കലാപ നിർമാണങ്ങളിലൂടെയും സഹസ്രാബ്ദത്തിന്റെ വൈകാരികതയായി (Millenial Emotion ) ഹിന്ദുത്വത്തിനെ നിലനിർത്താനുള്ള ഇന്ത്യൻ ഫാസിസത്തിന്റെ ഒരു നൂറ്റാണ്ടോളമുള്ള ശ്രമങ്ങളുടെ പ്രതിഫലനം തന്നെയാണ് ഇത്.
‘എല്ലാം മറക്കാൻ നിശ്ചയിച്ച സമുദായ‘മെന്നു ഗോൾവാൾക്കർ വിശേഷിപ്പിച്ച ഹൈന്ദവതയുടെ ഓർമ്മകളെ തിരിച്ചുപിടിച്ച് അതിനെ പ്രതികാരാത്മകമായ അക്രമാസക്തിയായി മാറ്റുന്ന കാഴ്ചകളാണ് ചുറ്റും. മതചിഹ്നങ്ങളും, നിറങ്ങളും, അടയാളങ്ങളും, ഭാവങ്ങളും നിരന്തരമായി ഉപയോഗിച്ച് സാമാന്യബോധത്തിലേക്ക് ഹിന്ദുത്വ കാഴ്ചകളുടെ തരിപ്പ് കടത്തിവിട്ട് ‘ധര്മ്മശത്രു’വിനെ സ്ഥിരമാക്കി നിര്‍ത്തുന്ന പുതിയ രാഷ്ട്രീയകാലം പ്രതിരോധങ്ങളുടെ പുനര്‍ നിര്‍വ്വചനവും അത് കൊണ്ട് തന്നെ ആവശ്യപ്പെടുന്നു.
കാണേണ്ടതിനേയും, കേള്ക്കേണ്ടതിനേയും, അറിയേണ്ടതിനേയും, തിന്നേണ്ടതിനേയും ശാരീരികശക്തി ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപജാപസംഘങ്ങള്‍ മാത്രമായി ഒരു ഗവണ്മെന്റ് മാറുമ്പോള്‍ അതിനെ അസ്വസ്ഥമാക്കുന്ന ഒരു മുടിയിഴചലനം പോലും ഫാസിസ്റ്റ് പ്രതിരോധ സമരങ്ങളുടെ ഭാഗമാണ്. ‘ശ്രീരാമനേയും’, ‘പശുവിനേയും’, ‘സദാചാരത്തേയും’മാറ്റിനിര്‍ത്തിയാൽ ഹിന്ദുത്വരാഷ്ട്രീയത്തിന് ഇന്ത്യയ്ക്ക് സംഭാവന ചെയ്യാനുള്ളത് ‘ദാദ്രി’മാത്രമാണ് എന്നത് ഓരോ നിമിഷവും തിരിച്ചറിയപ്പെടുമ്പോള്‍, പൈശാചികതയുടെ സാധാരണവല്‍ക്കരണം അവരുടെ പ്രത്യയശാസ്ത്രമായി മാറുന്നു.
ഫാസിസത്തിന്റെ സാംസ്കാരികത ദേശീയത ജനാധിപത്യത്തിന് സൃഷ്ടിക്കുന്ന ആഘാതത്തേക്കാള്‍, അതിന്റെ അതിജാഗ്രതാ രാഷ്ട്രീയം തങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങളെ പറ്റിയുള്ള ഭയമോ, അല്ലെങ്കില്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ തലോടുന്നതിലൂടെ ലഭിക്കുന്ന അംഗീകാരങ്ങള്‍ എന്ന പ്രതീക്ഷയോ കേരളത്തിലടക്കമുള്ള ചിന്തകരേയും സാംസ്കാരിക പ്രവര്‍ത്തകരേയും ബാധിച്ചിരിക്കുന്നത് കാണുമ്പോള്‍ അവരുടെ ബോധ-വ്യവഹാരങ്ങളുടെ ആഴത്തെ സംശയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന് തന്നെ പറയേണ്ടി വരും.ഫാസിസം പ്രകോപിക്കുന്ന സാധ്യതകളുടെ കാൽപനികതയിൽ വിശ്വസിക്കുന്നവരെ തുറന്നു കാട്ടേണ്ടത് ഹിന്ദുത്വവിരുദ്ധസമരങ്ങളുടെ ഭാഗം തന്നെയാണ്.
ഏതു ഫാസിസ്റ്റ് വാഴ്ചയും തകരാനുള്ളതാണ് എന്ന ചരിത്ര യാഥാർത്ഥ്യത്തിന്റെ തിരിച്ചറിവാണ് പുതിയ സമര മനസ്സുകളെയും സമര ശരീരങ്ങളെയും ശക്തിപ്പെടുത്തെണ്ടത്. കാരണം ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് അതിന്റെ പ്രത്യയശാസ്ത്രശരീരത്തിലടങ്ങിയിട്ടുള്ള സ്വയം നശീകരണത്തിന്റെ രോഗാണുക്കൾ തന്നെയാണ്. ഇരകളെ കൂട്ടമായും ക്രൂരമായും ഇല്ലാതാക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെയും ആത്യന്തികമായി കാത്തിരിക്കുന്നത് മരണം തന്നെയാണ്. അതുകൊണ്ടുതന്നെ സ്വയം ഇല്ലാതാവുന്നതിന് മുൻപ് ഫാസിസം എവിടെയും ഒരുക്കിയിട്ടുള്ളതുപോലെ മരണത്തിന്റെ താഴ്വരകളെ സൃഷ്ടിക്കാൻ അനുവദിക്കാതിരിക്കുക എന്നത് തന്നെയാണ് പുതിയ കൂട്ടായ്മകൾ അർത്ഥം വയ്ക്കുന്നത്.
—————–
ദില്ലി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറാണു ലേഖകൻ
Be the first to write a comment.