(ഒരു സൈബർ തടവുപുള്ളിയുടെ ആത്മഭാഷണങ്ങൾ ‘വെബ്മാസ്റ്റർ’ ഒളിഞ്ഞ് കേട്ടത്)
പളുങ്കുസ്തരങ്ങൾ പാകിയ
ഒറ്റച്ചുവരുള്ള മുറി.
ഭീമൻ പ്രകാശഖണ്ഡങ്ങൾ
ഉടഞ്ഞു വീണു
വഴുവഴുക്കുന്ന
പ്രതലം
ഘോര വെളിച്ചത്തിൽ
കാഴ്ച്ച
മഞ്ഞളിക്കുന്നു.
വെട്ടിത്തിളങ്ങുന്ന
വെള്ളി വെളുപ്പിലേക്ക്
ഓർമ്മ
ചുരുണ്ട് പോകുന്നു…
അമേദ്യച്ചുമടുമായ്
പ്രാഞ്ചിക്കിതച്ചോടുന്ന
രത്നാകര ‘ഭൻഗി’യുടെ
നാവിൽ പുകഞ്ഞ
തെറിയായിരുന്നു ഞാൻ.
കോസലത്തിന്റെ
കാട്ടു പാതകൾ…
മൃഗക്കൊഴുപ്പ്
മണക്കുന്ന
രത്നാകര ജട
(ചിതലുകൾക്ക് പഥ്യമായത്)…
ഒരു ‘പിടിച്ചുപറി’യുടെ
പഴകിത്തേഞ്ഞ ‘സിനേറിയ’
“ആ മരം ഈമരം
ആ മരമീമരം”
“സെയിം ഓൾഡ് ഷിറ്റ്”.
ചായാണിപ്പഴുതിൽ
ഘനീഭവിച്ച രക്തത്തിനു
പണയപ്പെട്ടത്…
തേർച്ചക്രത്തിനടിയിൽപ്പെട്ടു
ചതഞ്ഞ രാജവൃഷ്ണം…
അന്തഃപുരത്തിൽ
അകത്തമ്മമാർ
ചൂണ്ടാണി വിരൽ
ചുംബിക്കവേ
ഇരുട്ടിന്റെ കുന്തമുനയിൽ
ഒരു സ്ഖലനം…
പേറ്ററ മൂലയിൽ
രക്തം പുരണ്ട
വെള്ളപ്പട്ട് ചുരുണ്ട് കിടന്നു.
തെരുവിൽ
മഗധർക്കും സൂതർക്കും
സമ്മാനപ്പൊതികൾ…
കോസലവനത്തിലെ
കുറുനരികളുടെ
വിശപ്പിലേക്ക് മറുപിള്ള
എറിഞ്ഞുകൊടുത്തിട്ട്
സൂതികർമ്മണി
തല ചൊറിഞ്ഞു…
ഛെ… ഈ നശിച്ച പ്രകാശം
എന്റെ ഓർമ്മകൾ പിളരുന്നു…
ബാലിയുടെ
പിൻ കഴുത്തിൽ
ഒളിയമ്പിന്റെ സ്പർശനം
ശംബുകരക്തം കൊണ്ട്
നനഞ്ഞ വാൾ…
മൂക്കും മുലയും
മുറിഞ്ഞൊരു
പെണ്ണിന്റെ തേങ്ങൽ…
ശത്രുഗർഭം
പേറുന്ന ഭാര്യ…
അവളുടെ
കണ്ണീർമഴയിൽ
ഒരു പ്രളയം…
വിയർപ്പും
രേതസ്സും
മണക്കുന്ന
കടം വാങ്ങിയ
കാവി കൗപീനം…
പിന്നെ ഏറെ
ഘോഷിക്കപ്പെട്ട
സരയൂവിലെ
ആത്മഹത്യ…
ഓ…. വീണ്ടും പ്രകാശം…
അത് എന്നിൽ നിന്നെല്ലാം
ചുരണ്ടിയെടുക്കുന്നു…
ഒരു തുള്ളി ഇരുട്ട്
സ്വപ്നങ്ങളിൽ
പോലുമില്ലെന്നോ?
അമേദ്യവഹനാ
തസ്കരവീരാ…
ഹേ… രത്നാകരാ…
ഞാനെങ്ങനെയാണു
നിന്റെ മൊഴികളിൽ നിന്ന്
മോഷ്ടിക്കപ്പെട്ടത്… ?
ഈ ഘോര വെളിച്ചം
ആരാണു എന്നിൽ
കോരിയൊഴിച്ചത്..?
പ്രകാശം…ഭീകരപ്രകാശം…
വെട്ടിത്തിളങ്ങുന്ന
വെള്ളിമുനകളെന്നിൽ
തുളഞ്ഞിറങ്ങുന്നു.
രോമകൂപങ്ങളിൽ
നിന്നൊരായിരം
സ്ഫടികച്ചുരങ്ങൾ
പുറപ്പെടുന്നു…
ജ്ഞാനസർപ്പങ്ങളിഴയുമീ
സൈബർവനത്തിൽ
എന്നെത്തളച്ചതാരാണു..?
എന്റെ തടവറഭിത്തി
നിറയെ താമര…
എന്റെ പേരുവിളിച്ചലറുന്ന
ത്രിശൂലങ്ങൾ…
രഥങ്ങൾ…
കവചിത വാഹനങ്ങൾ…അണുവായുധത്തലപ്പുകൾ..
ആഗ്നേയാസ്ത്രങ്ങൾ…
പറയൂ രത്നാകര…
നിന്റെ നാവിൽ
നിന്നെന്നെ
തട്ടിയെടുത്തതാരാണു..?
ഓലക്കാതിൽ
രക്തം വിങ്ങുന്നതും
ചരിത്രത്തിലേക്ക്
സാക്ഷിത്തൂണുകളുയരുന്നതും
അതിൽ താഴികക്കുടങ്ങൾ
ഉണർന്നു തകരുന്നതും
എന്റെ കാഴ്ച്ചയിലും
ഓർമ്മയിലും
താമരകളാർത്ത് വളരുന്നതും
ഞാനറിയുന്നു…
തടവറ വാതിലിൽ
ചീറിയണയുന്ന
‘ജാവ’പെല്ലറ്റുകൾക്കും
വൈറസ്സുകൾക്കും
സൈബർപ്പുഴുക്കൾക്കും
ഇടയിലൂടെ ഒരു സ്വപ്നക്കീറു
എന്നിലേക്കൊലിച്ചു വരുന്നു…
സർവ്വബ്രാഹ്മണ ഭ്രൂണ
രക്ഷാർത്ഥം ഞാനരിഞ്ഞിട്ട
ശംബുക ശിരസ്സിതാ
വീണ്ടും കിളിർക്കുന്നു…
ഒന്നല്ല പത്തല്ല
എണ്ണിയാലൊടുങ്ങാത്ത
ശിരസ്സുകൾ… ശിരസ്സുകൾ
ഇരുളിന്റെ കുളിരായ
ശംബൂക ശിരസ്സുകൾ…!!
———
(ഒക്ടോബർ 1998)
Be the first to write a comment.