ന്തര്‍ജനങ്ങളെ കച്ചവടച്ചരക്കുകളാക്കാതെയുള്ള വിവാഹ സമ്പ്രദായവും വിചിത്രങ്ങളാക്കാതെയുള്ള പെരുമാറ്റവും അശുഭകാരികളാക്കാതെയുള്ള ജീവിതവും മനുഷ്യോചിതമായ നിലയും വിലയും അവര്‍ക്ക് ഈ ബില്ലു മൂലം  ഉണ്ടാകുമെങ്കില്‍, ഒരു നമ്പൂതിരിക്ക്  താന്‍ അഗ്നിസാക്ഷിയായി വിവാഹം ചെയ്ത അന്തര്‍ജനത്തെ പ്രാണപ്രേയസി എന്നു പരസ്യമായി പറയാമെങ്കില്‍ നമ്പൂതിരിമാരുടെ പ്രേമത്തിനും വിവാഹത്തിനും അന്തർജനം  പാത്രീഭവിക്കുമെങ്കില്‍, എനിക്ക് കുടുംബം ആരു ഭരിച്ചാലും കൊള്ളാം, കണക്ക് ആരു എഴുതിയാലും കൊള്ളാം, ആരു ഭരിച്ചാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം കുബേരനായാലും കുചേലനായാലും വേണ്ടില്ല, മാളികയിലോ മാടപ്പുരയിലോ താമസിച്ചാലും ശരി അനിയന്ത്രിതമായ അനുരാഗത്തോടുകൂടി പെരുമാറുവാ നമ്പൂതിരിമാര്‍ക്കും അന്തർജ്ജനങ്ങള്‍ക്കും സൗകര്യമുണ്ടാക്കുന്ന ബില്ലുണ്ടായാ ഞാൻ കൃതകൃത്യയായി.(സ്മാർത്തവിചാരം, പി.ഭാസ്കരനുണ്ണി).

നാല്പതുകളിൽ നമ്പൂതിരി ബില്ലിന്മേൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പാർവതി നെന്മേലിമംഗപറഞ്ഞ ഈ വാക്കുകൾ ആ സമൂഹത്തിന്റെ ജീവിതാവസ്ഥകളെ കൃത്യമായി വരച്ചിടുന്നുണ്ട്. വിശേഷിച്ചും നമ്പൂതിരി സമുദായത്തിലെ വിവാഹം പോലുള്ള വൈകാരികാവസ്ഥകളും സ്ത്രീ പുരുഷ ബന്ധത്തിന്റെ സ്വഭാവവും. നമ്പൂതരിമാർക്ക് അനുരാഗം പ്രകടപ്പിക്കാനുള്ള അവസ്ഥ സൃഷ്ടിക്കണം എന്ന് 1940 കളിൽ ഒരു സ്ത്രീ പറയുന്നതിന്റെ പരിസരം എന്താണെന്ന ചോദ്യം ഗൗരവമായ വിശകലനം ആവശ്യപ്പെടുന്നതാണ്. ആധുനിക സാമൂഹ്യാവസ്ഥ കേരളത്തിൽ നവോത്ഥാനത്തിലൂടെ വികസിച്ചു വന്ന ഘട്ടത്തിൽ ഇവിടെ ആധിപത്യം പുലർത്തിയ ഒരു സമുദായത്തിന്റെ ജീവിതാവസ്ഥകൾ ഇങ്ങനെയാണെങ്കിൽ, അനുരാഗത്തോടുകൂടി പെരുമാറുവാൻ സ്ത്രീ പുരുഷന്മാർ പഠിക്കണമെന്നു വാദം ഉയരുന്നുവെങ്കിൽ, ആ സമൂഹത്തിലെ ചില പ്രശ്നങ്ങളെ വെളിപ്പെടുത്തുകയാണെന്നു കാണാം. അനുരാഗം പോലുള്ള വൈകാരികതകൾ  ഒരു വലിയ പ്രശ്നമായി കേരളചരിത്രത്തിൽ പ്രവർത്തിക്കുന്നതിന്റെ അടയാളമാണിത്. ജാതിപരമായി വിഘടിക്കപ്പെട്ട കേരളീയ സമൂഹഘടനയിൽ എന്തായിരുന്നു സ്ത്രീ പുരുഷ ബന്ധത്തിന്റെയും ലൈംഗികതയുടെയും അവസ്ഥ? ചരിത്രത്തെ പൊതുവിൽ സാമുഹ്യ മാറ്റത്തിന്റെയും ഉല്പാദന ബന്ധങ്ങുടെ പരിണാമത്തിന്റെയും കഥയായി വിവരിക്കുന്ന ചരിത്രത്തിനകത്ത് ഇത്തരത്തിലൊരു ചരിത്രം കാണുക സാധാരണമല്ല. ഒരുപക്ഷേ അത്, ഈ പരിണാമങ്ങളുടെ ചരിത്രത്തിനകത്ത് സൂചനകളായി കടിക്കുന്നുണ്ടെന്നുള്ളതാണ് വസ്തുത. മരുമക്കത്തായം, മക്കത്തായം, തറവാട്, നായരീഴവ നമ്പൂതിരി ബിൽ എന്നിങ്ങനെ കേരളചരിത്രത്തിലെ നവോത്ഥാന സന്ദർഭത്തിൽ ഏറ്റവുമധികം കേൾക്കുന്ന വാക്കുകളെ വിശകലനം ചെയ്താൽ കേരളത്തിലെ വൈകാരികതയുടെ ചരിത്രത്തിന്റെ വലിയൊരേടുതന്നെ ഖനിച്ചെടുക്കാം. ലൈംഗികത പോലുള്ളവയെക്കുറിച്ച് പരസ്യമായി പറയുന്നതൊക്കെ വിലക്കായിരിക്കുന്ന, ശാരീരിക വൈകാരികാവിഷ്കാരങ്ങളെ മോശമായി കാണുന്ന കേരളീയ സമൂഹത്തിന്റെ വർത്തമാനകാല പശ്ചാത്തലത്തിൽ ഈ ചരിത്രത്തെ ഒന്നു വായിച്ചെടുക്കേണ്ടതുണ്ട്. എങ്ങനെയാണ് നാം ലൈംഗികതയെയും ശരീരത്തെയും അതിന്റെ വൈകാരികതകളെയും മോശമായി കണ്ടതെന്നതിന്റെ ഉത്തരം ഇവിടെ കാണാം.

കേരളചരിത്രത്തിന്റെ സ്ഥൂലമായ വായന നമുക്കു പറഞ്ഞു തരുന്ന ചില വസ്തുതകളുണ്ട്, കേരളത്തിൽ വസ്ത്രം ധരിക്കുന്നത് എല്ലാ ജാതിക്കും ആജന്മ വിലക്കായിരുന്നുവെന്നും അർധ നഗ്നശരീരങ്ങളായി ജീവിച്ച ഇവിടുത്തെ ആൾക്കാർക്ക് ശരീരം വിലക്കായിരുന്നില്ലെന്നും ലൈംഗികത പാപമായിരുന്നില്ലെന്നുമൊക്കെ. ബഹുഭാര്യാത്വം, ബഹുഭർതൃത്വം എന്നിവയൊക്കെ ഏറിയും കുറഞ്ഞും മിക്ക ജാതിക്കാർക്കും ആചാരമായിരുന്നുവെന്നും ഇതിന്റെ പൊതുപേരായിട്ടാണ് മരുമക്കത്തായം എന്നത് വ്യവഹരിച്ചിരുന്നതെന്നും കാണാം. പെൺകുട്ടി ആർത്തവമാകുന്നതോടെ വിവാഹത്തിലേക്കുള്ള ചടങ്ങുകൾ ആരംഭിക്കുന്നതിനാൽ ലൈംഗികത കേന്ദ്രീകരിച്ച ഒന്നായിരുന്നു ഇവിടുത്തെ വൈകാരികതയുടെ തലമെന്നും പറയേണ്ടിവരും. എന്നാൽ പൊതുഎന്നു നാം പറയുന്ന ബോധത്തിൽ നിന്നു വ്യത്യസ്തമായിരുന്നു കേരളത്തിൽ ജാതിവ്യവസ്ഥയെ ഒരു സവിശേഷ വ്യവസ്ഥയാക്കിയെടുത്ത, എല്ലാ അർഥത്തിലും ഇവിടെ ആധിപത്യം ചെലുത്തിയ നമ്പൂതിരിമാരുടെ സമുദായ ജീവിതം.  അതിഭീകരമായ സ്ത്രീ പുരുഷ വ്യത്യാസവും എല്ലാ അർഥത്തിലും പെണ്ണിനെ അടിമയാക്കുന്ന വ്യവസ്ഥയുമായിരുന്നു അവിടെ. പെണ്ണിന്റെ ജനനത്തെ വളരെ നികൃഷ്ടമായി കാണുകയും വളരുന്ന ഓരോ ഘട്ടത്തിലും പെണ്ണ് മോശമാണെന്നും പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിലൂടെ സ്ത്രീ പുരുഷ ബന്ധം ഉടമഅടിമ ബന്ധത്തിൽ ശ്രേണീകരിക്കപ്പെടുകയും സ്നേഹം പോലുള്ള വൈാരികതകൾ ഇല്ലാതാക്കപ്പെടുകയും ചെയ്തു. ബന്ധുക്കളായ ആണും പെണ്ണും പരസ്പം കാണുന്നതുപോലും വിലക്കുള്ള ഈ സമുദായ ക്രമം വിളിച്ചു പറയുന്ന ജീവിതാവസ്ഥ ഒരു നരകമാണെന്നാണ് അക്കാലത്ത് തന്നെ വിലയിരുത്തപ്പെട്ടത്.

ലോഗന്‍ എഴുതുന്നതുപോലെ മറ്റുള്ളവര്‍ക്ക് ഏറ്റവും നിസാരവുമായ കാര്യങ്ങള്‍പോലും ആചാരമാക്കി നിയമങ്ങൾ എഴുതിവച്ച ഏതു കാഴ്ചപ്പാടില്‍ നോക്കിയാലും ഉത്ബുദ്ധത കുറഞ്ഞ സമൂഹമാണ് നമ്പൂതിരിമാർ. ന്തും ആചാരമാക്കിയ ഈ സമൂഹം വൈകാരികതയെ ചോർത്തിക്കളഞ്ഞത് ഈ ആചാരങ്ങളിലൂടെയാണ്.  ദേവകിനിലയങ്ങോട് എഴുതുന്നു  ..അതിനുമുമ്പ് ആരും എന്നെ അങ്ങനെ സ്പർശിക്കുകയോ ലാളിക്കുകയോ ചെയ്തിട്ടില്ല. അമ്മ അങ്ങനെ ചെയ്യാറില്ല. അന്നൊക്കെ എല്ലാ ഇല്ലങ്ങളിലും അങ്ങനെയാണ്. ആരും കുട്ടികളെ എടുത്തു ലാളിക്കാറില്ല. അച്ഛൻ പെൺകുട്ടികളെ കാണുന്നതുതന്നെ അപൂർവമാണ്. സംസാരിക്കുന്നത് അത്യപൂർവം. എന്റെ മക്കൾ എന്ന ചിന്തയോടെ  സ്വന്തം കുട്ടികളെ ശ്രദ്ധിക്കുന്നതുതന്നെ തെറ്റാണ്എന്നായിരുന്നു  വിശ്വാസം (ദേവകിനിലയങ്ങോട്, നഷ്ടബോധങ്ങളില്ലാതെ, 2003, 24). വിവാഹം കഴിക്കുന്നതുവരെ നമ്പൂതിരി പെണ്‍കിടാങ്ങളെ വാസനപ്പൂവ് ചൂടിക്കുന്നത് ചിന്തിക്കാനാവാത്ത പോലെത്തെ മഹാപാതകമായിരുന്നുവെന്ന് ലളിതാംബിക അന്തർജനം എഴുതുന്നിടത്ത് എത്രമാത്രം വൈകാരികത ചോര്‍ന്നുപോയ സമൂഹമായിരുന്നു ഇവരെന്ന് വ്യക്തമാകും. ഒരു പൂവിന്റെ സുഗന്ധം ഭയക്കുന്ന സമുദായം. വീടിനുള്ളില്‍ സഞ്ചരിക്കവേ വീട്ടിലെ വാല്യക്കാരനുമായി മുഖാമുഖം  വന്നപ്പോള്‍ ഭയന്നു നിലവിളിച്ചോടിയ തന്റെ അമ്മയുടെ കഥയിലൂടെ ലളിതാംബിക ഈ സമൂഹത്തിലെ അവസ്ഥയെ കൃത്യമാക്കന്നുണ്ട് താനും. അതിനാൽ തറവാടിനുള്ളിൽ പലയിടത്തായി മണി കെട്ടിത്തൂക്കിയിട്ടിരിക്കുമത്രേ. പുരുഷന്മാർ വരുമ്പോൾ ഈ മണി മുഴക്കും!!!! ജീവിതമെന്നു പറയുന്നതു എല്ലാവരും പിന്തുടരുന്ന ആചാരങ്ങളെ അതുപോലെ പിന്തുടരുന്നതാണെന്നു കരുതുന്ന ഒരു യാന്ത്രികതയാണിവിടെ. (ആത്മകഥയ്ക്കൊരാമുഖം, 2007, 36,37).

പി.കെ ബാലകൃഷ്ണ കുറിക്കുന്നു – കന്യകയായ അന്തര്‍ജനത്തെ  അച്ഛന്‍ നമ്പൂതിരിയും വേളി കഴിഞ്ഞ അന്തര്‍ജനത്തെ ഭര്‍ത്താവും ഒഴികെ അന്യപുരുഷരാരും മുഖാമുഖം കാണരുതെന്നുള്ളത് കര്‍ക്കശമായ  ജാത്യാചരങ്ങളില്‍ ഒന്നാണ്. ഋതുമതിയായിക്കഴിഞ്ഞ സ്വന്തം സഹോദരിയെ നേരിട്ടു കാണാന്‍ വിലക്കുള്ള നമ്പൂതിരി സഹോദരീ സഹോദര സ്നേഹം കേവലം ബാല്യകാല സ്മരണയായി അയവിറക്കേണ്ട വിചിത്ര മനുഷ്യനും അക്കാരണംകൊണ്ടുതന്നെ ഇല്ലത്തിനകത്ത് ഇഷ്ടംപോലെ കടന്നു സഞ്ചരിക്കുവാൻ പാടില്ലാത്ത വീട്ടുകാരനുമാണ്….. സവ്യം സ്വരൂപിച്ച കുടുംബക്രമപ്രകാരം ഒന്നാമത് നമ്പൂതിരി കുടുംബമില്ലാത്തവനായി. രണ്ടാമത്, സംശുദ്ധമായ സ്ത്രീ പുരുഷ പ്രണയവും വൈകാരിക പ്രതിബദ്ധതയും എന്തെന്നറിവില്ലാത്ത ഒരുതരം വിചിത്ര മനുഷ്യരായി അവര്‍ മാറി (ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും, 1992, പു. 359). ഇത്തരത്തിലുള്ള ജീവിതരീതികളിലൂടെ കേവലമായ, സ്നേഹമോ വാത്സല്യമോ പ്രകടിപ്പിക്കാത്ത കേവലമായ ലൈംഗിക വേഴ്ച മാത്രമായി അവരുടെ ശരീര ബന്ധങ്ങള്‍ തീര്‍ന്നുവെന്നും ഇത്തരത്തിലൊരു ജനതതന്നെ ലോകചരിത്രത്തി കാണില്ലെന്നും ബാലകൃഷ്ണൻ കുറിക്കുന്നുണ്ട്. പട്ടിയായോ പൂച്ചയായോ ജനിക്കാമെന്നും എന്നാല്‍ ഒരു നമ്പൂതിരി തറവാട്ടിലെ അപ്ഫനായി ജനിക്കുകവയ്യെന്നും വി ടി ഭട്ടതിരിപ്പാട് തന്റെ ആത്മകഥയില്‍ കുറിച്ചത് ഈ വൈകാരിക ശൂന്യതയുടെ  അടിത്തട്ടില്‍ കിടന്നു നരകിച്ചതിനാലാണ്. വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥകളും മറ്റു കൃതികളും ഈ വൈകാരികരഹിത ആചാര ജീവിതത്തിന്റെ ക്രൂരമായ വിചാരണയാണ്. ഇവിടെയല്ലാം അതി ക്രൂരമായി ഞെരിച്ചമര്‍ത്തപ്പെടുന്നത്  പെണ്‍ജീവിതമാണ്.

സ്മാർത്തവിചാരം എന്ന ക്രൂരതമാത്രം മതി ഇതിന്റെ സാക്ഷ്യത്തിന്. നമ്പൂതിരിമാരുടെ കുടുംബ, വൈകാരിക ജീവിതം എന്തെന്നറിയുവാൻ സ്മാര്‍ത്തവിചാരത്തിന്റെ രീതികളും ചരിത്രവും  പരിശോധിച്ചാല്‍ മതി. സ്ത്രീയെ വെറും സാധനമാക്കി അതി ക്രൂരമായി പീഡിപ്പിച്ച് പിന്നീട് ഭ്രഷ്ടയാക്കി സമുദായത്തില്‍ നിന്നു പുറന്തള്ളുന്ന  ചടങ്ങില്‍ ലേശം പോലും മനുഷ്യത്വമോ നീതിബോധമോ ഇല്ല. എഴുതിവച്ചിരിക്കുന്ന, ആചരിക്കുന്ന വഴക്കങ്ങളിൽ ജാതി  ബോധ്യങ്ങളില്‍ ഒരു ചെറിയ വിട്ടുവീഴ്ചപോലും അനുവദിക്കില്ലെന്നുള്ളതിന്റെ അടയാളമാണ് അവരുടെ ജീവിതം. തറവാട്ടിലെ മകളോട്, സ്ത്രീയോട് മനുഷ്യത്വം ഒട്ടും കാണിക്കുന്നില്ലെന്നാണ് ഈ സംഭവം വിളിച്ചു പറയുന്നത്. ഇത്തരം ക്രൂരതകള്‍ക്കും വൈകാരിക ശൂന്യതകള്‍ക്കെതിരേയുമാണ് പാര്‍വതി നെന്മേലിമംഗലം  അടക്കമുള്ളവര്‍ പടവെട്ടിയതെന്നും ഓര്‍ക്കണം.  നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യം ഇവര്‍ മനുഷ്യരല്ലായിരുന്നുവെന്നു വിളിച്ചു പറയുമ്പോൾ ഇവരുടെ വൈകാരിക ജീവിതത്തിന്റെ അവസ്ഥ ഊഹിക്കാം.

ശക്തമായ പുരുഷാധിപത്യത്തിന്റെ തുടര്‍ച്ചയാണ് ഈ ക്രൂരത.  എല്ലാത്തിനും കൃത്യമായ ആചാര വ്യവസ്ഥിതിയില്‍ പുലരുന്ന നമ്പൂതിരിമാരുടെ ആചരണങ്ങളുടെ ഭാരമെല്ലാം വന്നു ചേരുന്നത് സ്ത്രീയിലാണ്. അതുകൊണ്ടാണ് അക്കാലത്ത് ഭൂമിയിലെ നിത്യനരകം എവിടെയെന്നതിനുള്ള ഉത്തരമായി അകായ ആണെന്ന് പറഞ്ഞിരുന്നത്. ഈ  നരകത്തിൽ നിന്നുപുറത്തു കടക്കുന്നതിനാണ് പ്രണയത്തെക്കുറിച്ച്  നവോത്ഥാന കാലത്ത് പലരും പറഞ്ഞത്. നവോത്ഥാന ചരിത്രത്തിൽ ഏറെ ഉദ്ധരിക്കപ്പെട്ട ഈ ചരിത്രം ഒന്നു വിശദീകരിച്ചത് ഇപ്പോഴത്തെ പ്രണയ,ശരീര ചർച്ചകളിലേക്കു ചില സൂചനകൾ നൽകുന്നു എന്നതിനാലാണ്. ഒറ്റയടിക്കു പറഞ്ഞാൽ ശരീരത്തെയും അതിന്റെ വൈകാരികതകളെയും ലിംഗഭേദത്തോടെ കാണുകയും ചാരിത്ര്യം പോലുള്ളവയെ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്ത ജീവിതക്രമമാണ് നമ്പൂതിരിമാരുടേത്. അവരുടെ ചാരിത്ര്യശുദ്ധി കേരളചരിത്രത്തിലെ വലിയ പ്രശ്നങ്ങളിലൊന്നാണുതാനും.  എന്നാൽ ശരീരം ലൈംഗികത എന്നിവയുടെ കാര്യത്തിൽ കേരളത്തിലെ മറ്റുജാതികളിലെ അവസ്ഥ ഇങ്ങനെയായിരുന്നില്ലെന്നു മുകളിൽ സൂചിപ്പിച്ചു. സംബന്ധം പോലുള്ളവയിലൂടെ വ്യവഹരിക്കുന്നത് അല്പം അയഞ്ഞമട്ടിലുള്ള ലൈംഗിക ജീവിതക്രമമാണ്. സ്ത്രീകളുടെ പദവി പൊതുവേ തരംതാണതായിരുന്നുവെങ്കിലും ചാരിത്ര്യം പോലുള്ളവ ഇവിടെ കാര്യമായ വിഷയമേ ആയിരുന്നില്ല.

എന്നാൽ, മിഷനറിമാരിലൂടെ, കൊളോണിയലിസത്തിലൂടെ, നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ, കേരള നവോത്ഥാനം സംഭവിച്ചത് ഇത്തരം  ഫ്യൂഡല്‍  ആചാരബദ്ധതയെ നിരാകരിച്ചുകൊണ്ടാണ്. ജാതിയും ജന്മിത്വവും അടിമത്തവും ഒക്കെ നിരാകരിച്ച് നവോത്ഥാനം തറവാടിനെയും കൂട്ടുകുടുംബത്തെയും മരുമക്കത്തായത്തെയും പാടേ റദ്ദാക്കി. അണുകുടുംബത്തെ കൊണ്ടുവന്ന് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കി. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന കുടുംബത്തിനകത്ത് പുതിയതരം വികാരങ്ങളെ ആവിഷ്കരിക്കേണ്ടതുണ്ടെന്നവര്‍ പഠിപ്പിച്ചു. പ്രണയത്തെ കൊണ്ടുവന്നു. അപ്പോഴും ശരീരത്തെ ചീത്തയായി കാണുന്ന, മനസിനെ ശരീരത്തിനു മേലെ പ്രതിഷ്ഠിച്ച ആധുനിക, നവോത്ഥാന ബോധ്യങ്ങള്‍ ശരീരത്തിനെ രണ്ടാകിടയായി കണ്ടുകൊണ്ട് ശരീരത്തിന്റെ വൈകാരികതകൾ വീടിനകത്തായിരിക്കണമെന്നാണ് നിര്‍വചിച്ചതെന്നാണ് പഠിതാക്കൾ നിരീക്ഷിക്കുന്നത്. ലൈംഗികത തീര്‍ത്തും രഹസ്യാത്മകമാക്കി മാറ്റി. അങ്ങനെ വൈകാരികതയുടെ ഇടമായി വീടിന്റെ അകവും അതൊന്നുമില്ലാത്ത ഇടമായി പുറം സ്ഥലവും സൃഷ്ടിച്ചു. ഇതിലൂടെയൊക്കെ സ്ത്രീയുടെ ഇടവും ലൈംഗികതയുമാക്കെ കൂടുതല്‍ മെരുക്കുകയായിരുന്നു. ചാരിത്ര്യം സർവ പ്രധാനമായി പെൺലൈംഗികതയെ നിർണയിച്ചു. ചാരിത്ര്യമില്ലാത്തവൾ വേശ്യയാക്കപ്പെട്ടു. ചുരുക്കത്തി ഫ്യൂഡലിസത്തിന്റെ വൈകാരിക ഘടനയെയും സമീപനത്തെയും ആധുനികത തിരുത്തിയെങ്കിലും അടിസ്ഥാനപരമായി ഫ്യൂഡൽ ശരീരബോധത്തിന്റെ ഒരു ധാര ബ്രാഹ്മണിക് ശരീര ചിന്തനവോത്ഥാനത്തിലും തുടരുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. സ്ത്രീ ശരീരത്തെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കുന്നഅതിനെ ചാരിത്ര്യത്തിന്റെ താഴിട്ടു പൂട്ടി ചാരിത്ര്യ ശുദ്ധിയൊക്കുറിച്ചോർമിപ്പിക്കുന്ന പുരുഷ ബോധവും  വ്യവഹാരങ്ങളും  സ്മാർത്തവിചാരം പോലുള്ളവയുമായി  കണ്ണി ചേർക്കപ്പെടുന്നതായിട്ടാണ് മനസിലാക്കേണ്ടത്.

 സൂക്ഷിച്ചുനോക്കിയാൽ ബ്രാഹമ്ണിക് ശരീരബോധത്തോടു സന്ധിചെയ്ത ആധുനികതയാണ് നമ്മുടെ ഇപ്പോഴത്തെയും ശരീര വൈകാരികതയുടെ  കാതൽശരീരത്തിന്റെ സൂക്ഷ്മമായ പ്രതികരണങ്ങള്‍പോലും അമര്‍ത്തുന്ന പ്രവണതയാണ് നമ്മുടെ പൊതുവിടത്തിന്റെയും മറ്റും സ്വഭാവം. സ്ത്രീകളുടെ ചിരിയും വാപൊത്തലും ഉദാഹരണമാണ്.  പ്രകടിപ്പിക്കാന്‍ കഴിയാത്ത പെരുമാറ്റങ്ങൾക്കും  ഏറെയും ഇരയാകുന്നത് സ്ത്രീകളാണ്. സ്ത്രീക്കും പുരുഷനും വേറിട്ട ഇടങ്ങൾ നല്കിക്കൊണ്ട് വീടിനകത്തുപോലും അവരെ ഒന്നിച്ചിരിക്കാൻ അനുവദിച്ചിരുന്നില്ല നമ്പൂതിരിമാരെന്ന് മുകളിലെ ചരിത്രത്തിൽ വ്യക്തമാകുന്നു. നമ്മുടെ നവോത്ഥാനത്തിലും പെണ്ണിടവും ആണിടവും ബന്ധമില്ലാത്ത വേറിട്ട നിലയിലാണ് വളർന്നു വന്നതെന്ന് കാണാം. ഈ വേറിടലിന്റെ അളവ് കൂടിക്കൊണ്ടിരിക്കുകയാണിപ്പോൾ.

 

ചുരുക്കത്തിൽ, ഇവിടെയാണ് ഉമ്മസമരം ശരീരവുമായി കടന്നുവരുന്നത്. അതുന്നയിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത് നമ്മുടെ ചരിത്രത്തിൽ നിന്നാണ്. പലനിലകളിൽ നമ്മെ ഭരിക്കുന്ന ജാതിബ്രാഹ്മണിക് ബോധത്തോടുള്ള കലഹത്തിലൂടയേ അർത്ഥവത്തായൊരു ശരീര രാഷ്ട്രീയത്തിന്റെ നിർമിതി സാധ്യമാവുകയുള്ളൂ

Comments

comments