കെ എം മാണിയുടെ രാഷ്ട്രിയ ജീവിതത്തിന്റെ ‘അപഭ്രംശ’മാണു ബാർ കോഴ കേസ് എന്ന രീതിയിലാണല്ലോ മുൻപത്തെ വിജിലൻസ് കോടതി പരാമർശത്തെയും ഇപ്പോഴത്തെ ഹൈകോടതി പരാമർശത്തെയും തുടർന്നുള്ള വിമർശനത്തിന്റെ ഒരു പൊതു രീതി. ഇത്തരം അഴിമതി ആരോപണങ്ങൾ ഇല്ലായിരുന്നെങ്കിൽ മാണി ഒരു ശരിയാവുമായിരുന്നു എന്നാണ് അത്തരം വിമർശനത്തിന്റെ ഒരു പൊതു നിലപാട്. എന്നാൽ മാണി ശരികേടാവുന്നത് ഇത്തരം അഴിമതി കൊണ്ട് മാത്രമല്ല.
കേരളത്തിലെ ഏറ്റവും വലിയ വംശീയ കക്ഷിയാണ് അത് എന്നത് കൊണ്ടാണ് മാണിയുടെ രാഷ്ട്രീയത്തെ അപലപിക്കേണ്ടത്.”തമ്പ്രാൻ എന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞി കുടിപ്പിക്കും” എന്ന വിമോചനസമരകാല മുദ്രാവാക്യം രൂപം കൊണ്ട രാഷ്ട്രീയ ഭുമികയാണ് ഇന്നും കേരളകോണ്‍ഗ്രസിന്റെ വോട്ട് ബേസ് എന്നത് കൊണ്ടാണ് വാസ്തവത്തിൽ അതിന്റെ രാഷ്ട്രീയം അസ്വീകാര്യം ആവേണ്ടത്.
അത്തരം വംശിയതയിൽ അടിസ്ഥാനമാക്കിയുള്ള അതിന്റെ രാഷ്ട്രീയത്തോടുള്ള കടുത്തവിയോജിപ്പ് പലരും ഭൂഉടമസ്ഥതയുടെ രാഷ്ട്രിയം ചർച്ച ചെയ്തപ്പോൾ ചൂണ്ടികാട്ടിയതാണ്. ആദിവാസികളെയും മറ്റും വംശ നാശത്തിലേക്ക് തള്ളി വിട്ടഇന്റെർണൽ മൈഗ്രെഷന്റെ ഹിംസയ്ക്ക് ലെജിറ്റിമസി നൽകിയത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ഇത്തരം ഹിംസയുടെ ഒരു ഫലമായിട്ടാണ്ആദിവാസി ജനസംഖ്യയ്ക്ക് കേരളത്തിൽ മറ്റ് വിഭാഗങ്ങളുമായി തരാതമ്യപ്പെടുത്തുമ്പോൾ വളർച്ചയുണ്ടാവാത്തത്. കാരണം ആവാസ വ്യവസ്ഥ നഷ്ടമായ ഒരു ജനതയ്ക്ക് അതിജീവനം അസാധ്യമാണ്. 2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ആദിവാസികളുടെ എണ്ണം 3,64,189 മാത്രമാണ്. കേരളത്തിലെ തോട്ട ഭൂമിയുടെ പുനർ വിതരണം എന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത് ഭൂഉടമസ്ഥതയിലുള്ള വൻ അസമത്വങ്ങളെ മറികടക്കാൻകൂടിയാണ്. എന്നാൽ കുടിയേറ്റ കർഷകർക്കെതിരെ ആദിവാസികളെ നിർത്തുന്ന എന്നലളിത യുക്തി പ്രയോഗിച്ചു ആ ആശയത്തെ മുഖ്യധാരയ്ക്ക് സ്വീകാര്യമല്ലാതെ ആക്കിത്തീർത്തതിനു കേരള കോണ്‍ഗ്രസ് രാഷ്ട്രീയം മുഖ്യ പങ്ക് വഹിച്ചു. വാസ്തവത്തിൽ ഭൂമിയുടെ പുനർ വിതരണത്തിന്റെ രാഷ്ട്രീയം ചെറുകിട നാമ മാത്രകർഷകർക്ക് എതിരായിരുന്നില്ല. അത് ലക്‌ഷ്യം വെച്ചത് വനഭൂമിയിൽ പാട്ടത്തിനു പ്രവർത്തിക്കുന്ന വൻകിട ഏകവിള തോട്ടങ്ങളെ മാത്രമാണ്. ഏകവിള തോട്ടങ്ങൾ പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് ഗാഡ്ഗിൽ കമ്മിറ്റി റിപോർട്ടും ചൂണ്ടി കാട്ടിയിട്ടുണ്ട്
ഇത്തരം രാഷ്ട്രീയം ചർച്ച ചെയ്യാതെ മാറ്റി നിർത്തിയത് തന്നെയാണ് മാണിക്ക് രാഷ്ട്രീയ ലെജിറ്റിമസി നൽകിയത്. അഴിമതി ഒരു പ്രധാന വിഷയമായി പരിഗണിക്കപെടുന്നില്ല എന്നതിനെക്കാൾ എന്നെ അലട്ടുന്നത് എന്ത് കൊണ്ട് ഇതുവരെ ഈ വംശീയ രാഷ്ട്രീയത്തിന്റെ പ്രശ്നം പരിഗണിച്ചില്ലാ എന്നതാണു. എല്ലാ രാഷ്ട്രീയ കക്ഷികളും ഇതിനു ഉത്തരം പറയേണ്ടി വരും. കാരണം കേരളകോണ്‍ഗ്രസിന്റെ ഒരു കഷണമെങ്കിലും കൂടെയില്ലാത്ത ഒരു മുന്നണിയെങ്കിലും ഈഅടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടോ?
ആദിവാസി താല്പര്യം മുൻനിർത്തിയിരുന്ന Kerala Scheduled Tribes (Restriction on Transfer and Restoration of Alienated Land) Act, 1975 – നെ മറികടക്കാൻ ഇടതു പക്ഷവും വലത് പക്ഷവും കൂടി ഏകകണ്ഠമായികൊണ്ടുവന്ന Kerala Scheduled Tribes (Restriction on Transfer of Land and Restoration of Alienated Lands) Amendment Bill, 1999 act കേരളകോണ്‍ഗ്രസ് രാഷ്ട്രിയത്തിനു കിട്ടിയ അംഗീകാരമാണ്. 1975ലെ നിയമം അട്ടിമറിച്ചു കൊണ്ടുവന്ന 1996ലെ നിയമം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാർട്ടികൾക്കൊപ്പം ചേർന്ന് പാസ്സാക്കിയതിൽ ഇടതുപക്ഷത്തിനു കൂടി പങ്കുണ്ടായിരുന്നു എന്നറിയുമ്പോഴാണ് പൊതുസമൂഹത്തിൽ കേരളകോണ്‍ഗ്രസിന്റെ രാഷ്ട്രീയം എത്ര മാത്രം ലെജിറ്റിമസി നേടി എന്ന് തിരിച്ചറിയുന്നത്. 1988 ഡോ നല്ലതമ്പി തേരാ കൊടുത്ത ഒരു കേസിൽ ആദിവാസികൾക്ക് അനുകൂലമായി വിധി വന്നത് അട്ടിമറിക്കാൻ ആണ് ഈ നിയമം കൊണ്ടു വന്നത്. 1975-ലെ നിയമം 1982 മുതൽ ആദിവാസി ഭുമി കൈമാറ്റം നിരോധിച്ചു. ഇതു കൂടാതെ 1960 -1982 കാലത്തെഭുമി കൈമാറ്റം ഈ നിയമം അസാധുവാക്കി. ഡോ നല്ലതമ്പി തേരാ കൊടുത്ത കേസിൽ ആറ് മാസത്തിനകം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കൊടുക്കാൻകോടതി വിധിച്ചു. ഇതു നടപ്പാക്കാൻ സർക്കാർ നടപടി എടുത്തില്ല. 1996 –ലെ തിരഞ്ഞെടുപ്പിന്മുൻപ് യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഓർഡിൻസ് ഗവർണർ അനുവദിച്ചില്ല. തുടർന്നു തിരഞ്ഞെടുപ്പിൽ ജയിച്ചു അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഒരു നിയമം കൊണ്ടുവന്നു. യുഡി.എഫിലെ കക്ഷികളിൽ ഗൗരിയമ്മ മാത്രം ബില്ലിനെഎതിർത്തു. അന്യാധീനപ്പെട്ട ഭുമിക്ക് പകരം ഭുമി എന്ന ആശയമാണ് ഈ നിയമം മുന്നോട്ട് വെച്ചത്. അതായത് ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭുമിയിൽ നിയമപരമായ അവകാശം നഷ്ടപ്പെടും.ഈ നിയമം ശരിക്കും ആദിവാസികൾക്ക് നേരെ നടന്ന അക്രമങ്ങളെയും ഭുമികൈയേറ്റവും സാധുകരിക്കുന്നു. മറ്റൊരു വിഷയം ആദിവാസി ഭുമി ഷെഡ്യൂൾ അഞ്ചിൽ ഉൾപ്പെടുത്താൻ മാറി മാറി വന്ന സർക്കരുകൾ ശ്രമച്ചില്ലാ എന്നതാണ്. ഷെഡ്യൂൾ അഞ്ചിൽ ഉൾപ്പെടുത്തിയാൽ ആദിവാസി ഭുമി ആദിവാസി അല്ലാത്ത ആൾക്കാർക്ക്കൈമാറ്റം ചെയ്യാൻ കഴിയില്ല.. ഇത്തരം ഷെഡ്യൂൾ ഏരിയയിൽ ആദിവാസികൾക്ക് സ്വയംഭരണം കിട്ടും. നിൽപ്പ് സമരത്തിന്റെ ഒരു പ്രധാന ആവശ്യം ഇതായിരുന്നു. എന്നാൽ സമരം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും സമരം അവസാനിപ്പിക്കാൻ ഉണ്ടാക്കിയ ഉടമ്പടിയിലെ പ്രധാന ആവശ്യമായിരുന്ന ഇത് നടപ്പാക്കാൻ സർക്കാർ തയാറായില്ല എന്നത് തന്നെ കേരള കോണ്‍ഗ്രസിന്റെ വംശീയ രാഷ്ട്രീയത്തിനു കേരളത്തിലെ ഭരണകൂടത്തിനു മേലുള്ള നിയന്ത്രണം വ്യക്തമാക്കുന്നു. ഇത്തരം രാഷ്ട്രിയത്തിന്റെ ഹിംസ ശരിക്കും മനസിലാക്കാൻ, ഭൂഉടമസ്ഥതയുടെ രാഷ്ട്രീയത്തിനൊപ്പം ഇന്റേർണൽ മൈഗ്രെഷന്റെ രാഷ്ട്രീയം കൂടിചർച്ച ചെയ്യപ്പെടണം. കേരളത്തിലെ തോട്ട ഭൂമിയുടെ പുനർ വിതരണം എന്ന ആശയം മുന്നോട്ട് വെക്കപ്പെട്ടത് ഭൂഉടമസ്ഥതയിലുള്ള വൻ അസമത്വങ്ങളെ മറികടക്കാൻകൂടിയാണ്. ഏകവിള തോട്ടങ്ങൾ പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതിക്കുണ്ടാക്കുന്നആഘാതങ്ങളെ കുറിച്ച് ഗാദ്ഗിൽ കമ്മിറ്റി റിപോർട്ടും ചൂണ്ടികാട്ടിയിട്ടുണ്ടല്ലോ. ഗാദ്ഗിൽ റിപ്പോർട്ടിന്നെ കുറിച്ചുള്ള തന്റെ പ്രഭാഷണത്തിൽ ദളിത് ചിന്തകൻ സണ്ണി എം കപ്പികാട് ഇന്റെർണൽ മൈഗ്രെഷന്റെ ഹിംസയെന്ത് എന്ന് വ്യക്തമായിപറയുന്നുണ്ട്.“ഞാനും മറിയാമ്മയും ഒരു ട്രങ്ക് പെട്ടിയുമായി മലകയറി എന്ന് കർഷകന്റെസാഹസികതയെ”വാഴ്ത്തുന്ന കാല്പനിക വ്യവഹാരങ്ങൾ കാണാതെ പോവുന്നതിന്റെ കൂടെ ചിലഅധികാര കേന്ദ്രങ്ങൾ കൂടി മലകയറുന്നുണ്ട് എന്ന് സണ്ണി പറയുന്നു. (പള്ളിയും, കേരള കോണ്‍ഗ്രസ്സും, ബന്ധുവായ പോലീസും എന്നാണു സണ്ണി പറയുന്നത്). ഭൂമിയുടെ ഉടമസ്ഥതയുടെ രൂപമനുസരിച്ചു പാരിസ്ഥിതിക ആഘാതം വ്യത്യാസപെട്ടുകൊണ്ടിരിക്കും എന്ന ഗാഡ്ഗിൽ റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന യുക്തിയെ എക്സ്റ്റെന്റ് ചെയ്യണമെന്നാണ് കേരളത്തിലെ ദളിതരും ആദിവാസികളും ആവശ്യപ്പെടുന്നത് എന്ന് സണ്ണി ആ പ്രഭാഷണത്തിൽ വിശദീകരിക്കുന്നുണ്ട്. തോട്ട ഭുമിക്ക് പരിധി നിശ്ചയിക്കാത്ത ഭൂവിനിയോഗ നിയമത്തിലെ പഴുതും, അതിന്റെ ഫലമായി രൂപം കൊണ്ട ഏകവിള കൃഷി രീതി പിന്തുടരുന്ന തോട്ടങ്ങളുമാണ് പശ്ചിമഘട്ടത്തെ നശിപ്പിച്ചത്. അത് കൊണ്ടാണ് ഈ നിയമം റദ്ദു ചെയ്തു കേരളത്തിലെഭൂമിയുടെ ഒരു പുനർവിതരണം നടപ്പിലാക്കണം എന്ന് സണ്ണി പറഞ്ഞുവെക്കുന്നത്.
പറഞ്ഞു വന്നത് ഇത്ര മാത്രം. ബാർ കോഴ കേസിലെ പരാമർശങ്ങൾക്ക് ശേഷവും എന്ത് കൊണ്ട് മാണി രാജി വെച്ചില്ല എന്നതല്ല. മറിച്ചു ഇത്രക്കാലം കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ വംശീയ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കേരളാ കോണ്‍ഗ്രസിനു എങ്ങനെ ലെജിറ്റിമസി കിട്ടി എന്നതാണു. ഓരോ മലയാളിയും സ്വയം ചോദിക്കേണ്ട ചോദ്യമാണത്.
Be the first to write a comment.