രു കാര്‍ അപകടം വരുത്തിവച്ച വിനയെന്ന്  കരിംകോഴക്കല്‍ മാണി എന്ന കെ എം മാണിയുടെ രാഷ്ട്രീയ സാമൂഹിക സംഭാവനകളെ ഒറ്റ വാചകത്തില്‍ സംഗ്രഹിക്കാം. ആര്‍ ശങ്കർ  മന്ത്രിസഭയിലെ അംഗമായിരുന്ന പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ് പി.ടി ചാക്കോ പീച്ചിയിലേക്ക്  പോകുകയായിരുന്നു. ഡ്രൈവറെ ഒഴിവാക്കി ഗണ്‍മാനൊപ്പം സ്വയം ഡ്രൈവ് ചെയ്തായിരുന്നു ആ യാത്ര. ആലുവ പാലസില്‍ നിന്ന് ഒരു വനിതാകോണ്‍ഗ്രസ്‌ നേതാവ് ആ  കാറില്‍ കയറി. കാര്‍ തൃശൂരിനടുത്ത് വെച്ച് ഒരു കാളവണ്ടിയില്‍ ഇടിച്ചു. ഇതോടെ ചാക്കോയുടെ യാത്ര വിവാദമായി. ചാക്കോക്കൊപ്പം കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നു എന്നായിരുന്നു വിവാദം. ആര്‍ ശങ്കർ പി.ടി ചാക്കോയുടെ രാജി എഴുതിവാങ്ങി. ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. പിന്നീട് ചാക്കോ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൃദയസ്തംഭനം ഉണ്ടായി ചാക്കോ മരിച്ചു. ചാക്കോയോട്  കോണ്‍ഗ്രസും മുഖ്യമന്ത്രി ആര്‍ ശങ്കറും നീതികാട്ടിയില്ല എന്ന വികാരത്തില്‍ നിന്നാണ് പാര്‍ട്ടി പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ്‌ ഉണ്ടായത്. അങ്ങനെ കെ എം മാണി എന്ന നേതാവും ഉണ്ടായി.

കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോൾ  കെ.എം.മാണി കോട്ടയം ഡി.സി.സി. യുടെ ഒരു സെക്രട്ടറി മാത്രം ആയിരുന്നു എന്നത് ചരിത്രം. 1964 ഒക്ടോബര്‍ എട്ടിന് കേരള കോണ്‍ഗ്രസ്സ് രൂപപ്പെടുമ്പോള്‍  മുനിരയില്‍  നിന്നവരില്‍ മാണി ഉണ്ടായിരുന്നില്ല. കെ.എം.ജോര്‍ജ്ജ്, വയലാ ഇടിക്കുള, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ.ജോണ്‍ ജേക്കബ്ബ്, ആര്‍. ബാലകൃഷ്ണപിള്ള, ടി.കൃഷ്ണന്‍, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ ആയിരുന്നു അന്നത്തെ നേതാക്കള്‍.

തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ  തെരഞ്ഞെടുപ്പില്‍ പാലായിലെ സ്ഥാനാര്‍ഥിയായി മാണി  കണ്ടെത്തപ്പെടുമ്പോള്‍ കേരള ചരിത്രത്തിലെ ഒരു അസംബന്ധ അധ്യായം തുറക്കപ്പെടുകയായിരുന്നു. കൈപിടിച്ച് കൊണ്ട് വന്ന നേതാക്കളെ ഓരോരുത്തരെ ആയി വെട്ടിയും ഒതുക്കിയും മാണി നിറഞ്ഞാടി. കായല്‍ നികത്തുന്നവരുടെയും  റബ്ബര്‍ മുതലാളിമാരുടെയും  പാര്‍ട്ടി ആയി കേരള കോണ്‍ഗ്രസിനെ വളര്‍ത്തുക മാത്രമല്ല അതിന്‍റെ നട്ടെല്ലും രാഷ്ട്രീയ ഫിലോസഫിയും റബ്ബര്‍ പോലെ വലിച്ചാല്‍ നീളുകയും  വിട്ടാല്‍ ചുരുങ്ങുകയും ചെയ്യുന്നത് ആക്കി തീര്‍ത്തു. അഭ്യന്തര ജനാധിപത്യം ചോദ്യം ചെയ്യാത്ത വിധേയത്വം ആക്കി മാറ്റി തീര്‍ത്തു. ഗുരുവായിരുന്ന കെ എം ജോര്‍ജിനെ പുറം കാല്‍ കൊണ്ട് ചവിട്ടി തെറിപ്പിച്ചു. തന്‍റെ അധികാര കേന്ദ്രീകരണത്തിന് ഭീഷണി ആയേക്കാവുന്ന എല്ലാവരെയും ഒതുക്കി. അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തു. കോണ്‍ഗ്രസ്‌ വിരുദ്ധമായി തുടങ്ങിയ പ്രസ്ഥാനത്തെ ഇടതു വലതു പാളയങ്ങളില്‍ മാറ്റി കെട്ടി വില പേശി. ഹിന്ദുത്വം  വളര്‍ന്നപ്പോൾ അതിനോടും സമരസമായി. എന്നും എപ്പോളും മാണിയുടെ കൂട്ടിന് കത്തോലിക്കാ സഭ ഉണ്ടായിരുന്നു. ഭൂമിയില്‍ നശ്വരമായ നിധി കാത്തു വയ്ക്കുന്നതില്‍ സഭയ്ക്കും മാണിക്കും ഇടയിലുണ്ടായ അന്തര്‍ധാര  പവ്വത്തില്‍ ബിഷപ്പിനെ പോലുള്ളവര്‍ സജീവമാക്കി.

ക്രൈസ്തവ നീതി ബോധങ്ങളെ മാണിയും ബിഷപ്പുമാരും അവര്‍ക്ക് പ്രിയപ്പെട്ട ചില പത്ര മുതലാളിമാരും ചേര്‍ന്ന് പുനര്‍നിര്‍വചിച്ചു. പണവും ആര്‍ത്തിയും മണ്ണിനോടും മനുഷ്യരോടും ഉള്ള പുച്ചവും മാണിയുടെ രാഷ്ട്രീയത്തിന്‍റെ  മുഖമുദ്രകള്‍ ആയി. കേരളത്തിന്‍റെ സാംസ്‌കാരിക സാമൂഹിക നവോത്ഥാന  മുന്നേറ്റങ്ങൾ മധ്യ  കേരളത്തില്‍ സ്തംഭിച്ചു നിന്നു. ആര്‍ത്തി  പണ്ടാരങ്ങള്‍ നാടിന്‍റെ അജണ്ട നിശ്ചയിച്ചു. നായര്‍ ഈഴവ സമുദായ നേതാക്കളും മാണിയുടെ ചൊല്‍പ്പടിയിൽ ആയി. മലബാറിലെ മുസ്ലിം ലീഗ് അടക്കം ഇതര വലതുപക്ഷ ശക്തികളുമായി കൂടി ബാന്ധവം വര്‍ധിപ്പിച്ചപ്പോൾ മാണിയുടെ ആര്‍ത്തി സാമ്രാജ്യം വലുതായി. വലതു മുന്നണിയില്‍ നില്‍ക്കുമ്പോഴും തന്ത്രപരമായി ഇടതിലും ബി ജെ പി യിലും സുഹൃത്തുക്കളെ ഉണ്ടാക്കി. അവരുടെ സഹായത്തിലും പിന്തുണയിലും വിലപേശല്‍ രാഷ്ട്രീയം വിപുലമാക്കി. കറന്‍സി  നോട്ടുകള്‍ എണ്ണി എണ്ണി  എണ്ണല്‍ മെഷീനുകള്‍ മാത്രം വലഞ്ഞു.

വാസ്തവത്തിൽ ബാര്‍ കോഴയില്‍ തുടങ്ങി ബാര്‍ കോഴയില്‍ ഒടുങ്ങുന്നതല്ല മാണി കേരള സമൂഹത്തില്‍ ഉണ്ടാക്കിയ ദുരന്തങ്ങള്‍. കേമനെന്നും ഭരണ നിപുണന്‍ എന്നും  ചാണക്യന്‍ എന്നും ഒക്കെ എംബഡഡ് കൂലി എഴുത്തുകാര്‍ വര്‍ണിച്ചുണ്ടാക്കിയ മായാ  പ്രപഞ്ചത്തില്‍ മാണിയുടെ അപകട രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതെ പോയി. കേരളത്തിലെ വന സമ്പത്ത് കുറയുന്നതിനെ പറ്റി നടന്ന ഒരു നിയമസഭാ  ചര്‍ച്ചയിൽ  റബ്ബർ മരങ്ങളെ വനമായി കാണണം എന്നും അങ്ങനെ കണ്ടാല്‍ കേരളത്തിലെ വന സമ്പത്ത് പെരുകിയതായി കാണാം എന്നുമായിരുന്നു മൌലികതയുള്ള മാണിയുടെ മറുപടി. കടലില്‍ മഴ പെയ്യുന്നത്  മരങ്ങള്‍ ഉണ്ടായിട്ടാണോ എന്നതിന് അതിനിടെ സീതി ഹാജി പേറ്റന്‍റെടുതിരുന്നതിനാൽ മാത്രം അത് ചോദിച്ചില്ല.

കര്‍ഷക നേതാവ് എന്നും മാണി മേനി നടിച്ചു. എന്നാല്‍ കാര്‍ഷിക കേരളത്തെ ഒരുപാട് പിന്നോട്ട് നയിച്ച രാഷ്ട്രീയം ആണ് മാണിയുടെത്. കൃഷി മാണിക്ക് റബ്ബര്‍ മാത്രമായിരുന്നു. മോണോക്രോപ്പ് കൃഷിയുടെ അപകടങ്ങള്‍ ഒരിക്കലും വിഷയമായിരുന്നില്ല. ഭക്ഷ്യ വിളകള്‍ മാണിയുടെ പരിധിക്ക് പുറത്തായിരുന്നു. നെല്‍വയൽ  നികത്തല്‍ പ്രസ്ഥാനത്തിന്‍റെ  ആചാര്യന്‍ തന്നെയാണ് അദ്ദേഹം. കര്‍ഷക സ്നേഹം പറയുമ്പോളും കൃഷിക്ക് ആവശ്യമായ വെള്ളത്തെയും വളക്കൂറിനേയും കാലാവസ്ഥയെയും മറന്നു.

കേരളാ കോണ്‍ഗ്രസ്‌ ഉണ്ടായതിനു ശേഷം ആണ്  കേരളത്തില്‍ വ്യാപകമായ വനം കയ്യേറ്റങ്ങള്‍ നടന്നത്. എല്ലാറ്റിലും മാണിയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ ഉണ്ടായിരുന്നു. മതികെട്ടാന്‍ വരെ അത് നീണ്ടു നിന്നു. മതികെട്ടാനില്‍ മാണിയുടെ ആളുകൾ നടത്തിയ  കയ്യേറ്റങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പോലും ശരിയെന്നു സമ്മതിച്ചിട്ടുള്ളതാണ്.കാട് മാത്രമല്ല മാണിയുടെ രാഷ്ട്രീയം കേരളത്തില്‍ നിന്നും അപഹരിച്ചത്. പുഴകളും വയലുകളും മണ്ണും മണലും വെള്ളവും മരങ്ങളും എല്ലാം കവര്‍ച്ച ചെയ്യപ്പെട്ട ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലം മാണി ഉണ്ടാക്കി. മാണി നിര്‍ത്തിയിടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി അത് തുടരുകയും ഇടതുപക്ഷത്തെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു എന്നത് വേറെ കഥ.

കയ്യേറ്റം ഒരു കുറ്റകൃത്യം അല്ലെന്നു വരുത്തുകയും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും പൊതു സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വിജയിച്ചു എന്നതും ആണ് മാണിയുടെ സാമൂഹിക സംഭാവനകള്‍. കേരളത്തെ ഒരു ഉപഭോഗ സംസ്ഥാനം  ആക്കുന്നതില്‍ മാണിയുടെ പങ്കു വലുതാണ്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ മാണിയുടെ  സംഭാവനകള്‍ എന്ന  വിഷയത്തില്‍ ഒരു വലിയ ഗവേഷണത്തിന് സ്കോപ്പ് ഉണ്ട് എന്നതും പറയാതെ വയ്യ. ഗാട്ഗില്‍, പശ്ചിമ ഘട്ട സംരക്ഷണം എന്നൊക്കെ കേട്ടാല്‍ മാണിക്ക് കലിയിളകും.

പാറവക്കീൽ എന്നാണ് ഇ എം എസ് മാണിയെ വിശേഷിപ്പിചിരുന്നത്. കേവല യുക്തിക്ക് പോലും നിരക്കാത്ത വാദങ്ങള്‍ അയാള്‍ ഈ നാടിനു മീതെ അടിച്ചേല്‍പ്പിച്ചു.കയ്യേറ്റക്കാരുടെ രാഷ്ട്രീയം പറഞ്ഞ് പറഞ്ഞ് ആദിവാസി വിരുദ്ധമായ ഒരു പൊതുബോധം മാണി  കേരളത്തില്‍ ഉണ്ടാക്കി. ആദിവാസി ഭൂസമരങ്ങളെ തകര്‍ക്കാനും അവരുടെ അതിജീവന മുന്നേറ്റങ്ങളെ അപഹസിക്കാനും മാണി മുന്നില്‍ നിന്നു. ആദിവാസി ഭൂപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നതിന് പിന്നില്‍ മാണി തന്നെയാണ്. ആദിവാസികള്‍ക്ക് എതിരെ വംശീയവും മനുഷ്യ വിരുദ്ധവുമായ ചിന്തകള്‍ കേരള പൊതുബോധത്തിൽ മാണി ഒളിച്ചു കടത്തി.

ഇത്രയേറെ ജനവിരുദ്ധമായ രാഷ്ട്രീയം ഉണ്ടായിട്ടും മാണി ഇത് വരെ തുറന്നു കാട്ടപെട്ടില്ല എന്നിടത്താണ് അയാളുടെ വിജയം. കൌശലക്കാരനായ ഒരു കുറുക്കനായി  അയാൾ കേരള രാഷ്ട്രീയത്തി നിറഞ്ഞാടി. സാമുദായിക സന്തുലന ഒത്തു തീര്‍പ്പ് രാഷ്ട്രീയം വച്ച് കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയും മാണിയുടെ  മുന്നില്‍ ഒച്ഛാനിച്ചു നിന്നു.

പാലായില്‍ ഏറ്റവും  ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്രിസ്തുവിന്‍റെ  പ്രതിമയെക്കാള്‍ ശക്തമായി അവിടെ എന്തെങ്കിലും  ഉണ്ടെങ്കില്‍ അത് പ്രതിമയുടെ രക്ഷയ്ക്ക് സ്ഥാപിച്ച  മിന്നല്‍ രക്ഷാചാലകം ആയിരിക്കും എന്ന് പറഞ്ഞത് പൊന്‍കുന്നം വര്‍ക്കി ആണ്. എന്നാല്‍ പാലയുടെ വിശുദ്ധനും കാവല്‍ പിതാവുമായി മുഖ്യധാരാ രാഷ്ട്രീയവും മാധ്യമങ്ങളും മാണിയെ  രൂപക്കൂട്ടിൽ കയറ്റി നിറുത്തി.

പാലാഴി റബ്ബര്‍ കമ്പനി അഴിമതി എന്നൊക്കെ പി സി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നെകിലും  മാണി അതും വിഴുങ്ങിച്ചു. ഒരര്‍ത്ഥത്തിൽ കേരളം ബിജു രമേശിനോട് നന്ദി കാണിക്കണം. മുന്നണി മാറി സര്‍ക്കാരിനെ മറിച്ചിട്ട് കുറഞ്ഞ കാലത്തേക്ക് എങ്കിലും മുഖ്യമന്ത്രി ആകാനും ശേഷം മകനെ മന്ത്രിയാക്കി കേരള  രാഷ്ട്രീയത്തില്‍  ഭീഷ്മാചാര്യന്‍ ആയി തുടരാനും ഉള്ള മാണിയുടെ അജണ്ട ആണ് ബിജു രമേശ്‌ തകര്‍ത്തത്. അതിനു പിന്നിലെ ബുദ്ധിയും ചരട് വലിയും സ്വന്തം പാളയത്തില്‍ നിന്നു തന്നെ ആണെന്ന് മാണി ഇന്ന് തിരിച്ചറിയുന്നു.

കേരളത്തിന്‌ ഇത് വലിയൊരു രക്ഷയാണ്. ബാര്‍ കോഴയുടെ പതിന്മടങ്ങു ശക്തിയുള്ള നിരവധി കൊഴകള്‍  മനോരാജ്യത്തില്‍ കണ്ടു മുഖ്യമന്ത്രി  ആകാന്‍ ഇറങ്ങിയ ആര്‍ത്തിയുടെ അവതാരം ആണ് ഇവിടെ പിടിച്ചു കെട്ടപ്പെട്ടത്. മാണിയും പിന്നാലെ  ലീഗും മുന്നണി മാറുകയും ഹൈറേഞ്ച് സംരക്ഷണക്കാരുടെ കൂടെ ഇടതുപക്ഷത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇല്ലാതാകുന്നത്. അഴിമതിയില്‍ അസംഭാവ്യമായി ഒന്നും കാണാത്ത അമിട്ട് ഷാ പാര്‍ട്ടിയിൽ മാണിക്ക് ഇനി പ്രതീക്ഷ അർപ്പിക്കാം. മാണി രാജി വയ്ക്കേണ്ടതില്ല എന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ടു പോകാം. ആമീന്‍.
——————————————-
(ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് അനുവാദത്തോടെ)

Comments

comments