മലയാളകവിതയിൽ വായ്‌മൊഴിപാരമ്പര്യത്തിന്റെയും, നാടൻ താളങ്ങളുടെയും ഈണങ്ങളുടെയും ഉപാസകനായിരുന്നു ഡി. വിനയചന്ദ്രൻ. വാക്കുകളുടെ തോരാമഴയാണ് വിനയചന്ദ്രൻ കവിതകൾ. ബിംബങ്ങളുടെ സമൃദ്ധി കൊണ്ടും, പദഘടനകൊണ്ടും, താളങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കവിയാണ് അദ്ദേഹം. യാത്രകളുടെ കൂട്ടുകാരനായിരുന്ന കവിയുടെ ‘യാത്രപ്പാട്ട് ‘ ഉൾപ്പെടെയുള്ള പല കവിതകളിലും യാത്രയുടെ ബിംബം കടന്നു വരുന്നുണ്ട്. ഈ ദേശാടനത്വം -അലച്ചിൽ- വിനയചന്ദ്രന്റെ കവിതയുടെ പ്രധാന സവിശേഷതയായി വിമർശകർ വിലയിരുത്തിയിട്ടുണ്ട്.1 വിനയചന്ദ്രന്റെ ഏതു കവിതയിലും പ്രകൃതി നിറസാന്നിധ്യമായി കടന്നു വരാറുണ്ട്. പ്രശസ്തമായ ‘കാട് ‘എന്ന കവിതയിൽ കാട് തീവ്രമായ ഒരനുഭൂതിയായി അനുവാചകരിലേക്ക് പടർന്നു കയറുന്നു. വീടും , പുഴയും, മഴയുമെല്ലാം വിനയചന്ദ്ര കവിതകളിലെ പ്രധാന ബിംബങ്ങളാണ്. ഭാവഗീതങ്ങളോടൊപ്പം ആക്ഷേപഹാസ്യം കലർന്ന കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
‘ചങ്ങമ്പുഴയ്ക്കു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകൾ എഴുതിയിട്ടുള്ള കവിയാണ് ഡി. വിനയചന്ദ്രൻ. പ്രണയത്തിന്റെ ഋതുഭേദങ്ങളെ ഇത്രയും സൂക്ഷ്മമായി ആവിഷ്‌കരിച്ചിട്ടുള്ള മലയാളകവികൾ വിരളമാണ്. വിവിധ സമാഹാരങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ എൺപത്തിയേഴ് പ്രണയ കവിതകൾ ചേർത്ത് ഒരൊറ്റ പുസ്തകമായും ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനയചന്ദ്രന്റെ പ്രണയ കവിതകളിൽ നിന്ന് തെരഞ്ഞെടുത്ത ഏതാനും കവിതകളിലൂടെ അദ്ദേഹം അവതരിപ്പിച്ച പ്രണയ സങ്കൽപത്തിന്റെ സവിശേഷതകൾ കണ്ടെത്തുക എന്നതാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്. ആദർശാത്മ പ്രണയകവിതകൾ എന്നും രത്യാത്മക പ്രണയകവിതകൾ എന്നും വർഗ്ഗീകരിച്ചാണ് പഠനം നടത്തുന്നത്. ‘നീ ‘ ‘മഴ ‘ എന്നീ ഹ്രസ്വകവിതകൾ ആദർശാത്മകവും, കാൽപനികതയും കലർന്ന പ്രണയത്തെ സൂചിപ്പിക്കുന്നു. ‘നീ ജനിക്കുന്നതിൻ മുമ്പു നിന്നെ സ്‌നേഹിച്ചിരുന്നു ഞാൻ ‘, എന്നു തുടങ്ങുന്ന ‘നീ ‘എന്ന കവിത അവസാനിക്കുന്നത് ‘നീ മരിക്കാതിരിക്കുവാൻ നിനക്കായി മരിച്ചു ഞാൻ ‘ എന്ന് പറഞ്ഞാണ്. പ്രണയത്തിന്റെ തീവ്രതയെയും, അന്ധതയെയുമാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. പ്രണയിനിക്കു വേണ്ടി ജീവൻ പോലും ബലി കഴിക്കുന്ന ആദർശാത്മക പ്രണയലോകമാണ് ഈ കവിതയിലുള്ളത്. പ്രണയം എന്നത് ദിവ്യപരിവേഷമുള്ള കാൽപനികാനുഭൂതിയായി ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ‘മഴ‘യും ഈ ഗണത്തിൽ പെടുന്ന കവിതയാണ്. പുതുമഴയിലെ ഓരോ തുള്ളിയ്ക്കും കാമുകിയുടെ പേരാണ് കവി നൽകുന്നത്.
‘ഓരോ തുള്ളിയായി
ഞാൻ നിന്നിൽ പെയ്തു കൊണ്ടിരിക്കുന്നു.
ഒടുവിൽ നാം ഒരു മഴയാകും വരെ‘.
എന്നവസാനിക്കുന്ന ഈ കവിതയിലും പ്രണയം കാൽപനിക സുഗന്ധം കലർന്ന താണ്. മഴ എന്നത് പ്രണയതീവ്രതയെ സൂചിപ്പിക്കുന്ന ബിംബമായി ഈ കവിതയിൽ കാണാം. പ്രണയികൾ ഒന്നായി ചേരുന്നതിന്റെ അനുഭൂതി മഴ എന്ന ബിംബത്തിലൂടെ ആവിഷ്‌കൃതമാകുന്നുണ്ട്. പ്രണയത്തിന്റെ നിറവിൽ സ്ത്രീയും, പുരുഷനും, പ്രകൃതിയുമെല്ലാം ഒന്നായി ചേരുന്ന ദർശനം ഇവിടെ കാണാം. വിനയചന്ദ്രന്റെ മറ്റുപല കവിതകളിലും മഴയുടെ ബിംബം വരുന്നുണ്ട്. പ്രകൃതിയെ കാമുകിയായി സങ്കൽപിച്ചുള്ള കാൽപനിക പാരമ്പര്യത്തിൽ പെട്ട കവിതകളും വിനയചന്ദ്രന്റേതായിട്ടുണ്ട്. ‘പ്രിയേ വിരഹഹേമന്തമേ ‘ എന്ന കവിത ഇതിന് മികച്ച ദൃഷ്ടാന്തമാണ്.
‘പ്രിയേ നീ പ്രഭാതം
കുളിർമഞ്ഞു മായുന്ന പൂവിതൾ ‘ എന്നാരംഭിക്കുന്ന ഈ കവിതയിൽ പ്രഭാതവും, വസന്തോത്സവവും, ഗ്രീഷ്മസായന്തനവും, വർഷനൃത്തവും, ഹേമന്തരജനിയും കവിയിൽ പ്രണയാതുരഭാവങ്ങൾ നിറയ്ക്കുന്നു. ഇളം കാറ്റിൽ ആടുന്ന ലതകളും, കിളികളുടെ പാട്ടും, ഭൂമിയിലെ പച്ചതൻ ഉത്സവവുമെല്ലാം കവിയിൽ അനുരാഗം നിറയ്ക്കുന്നു. ‘സമയമാനസ ‘ ത്തിൽ പനിക്കോളിലും, താൻ സ്‌നേഹിക്കുന്ന പെണ്ണിന്റെ ഹൃദയസ്പന്ദനം വനരാഗധാരയായിട്ടാണ് കവിയിൽ നിറയുന്നത്. ഇത്തരത്തിൽ പ്രകൃതിയുമായി ബന്ധമുള്ള പ്രണയസങ്കൽപം വിനയചന്ദ്രന്റെ പല കവിതകളിലുമുണ്ട്, ‘മൂന്നു കവിതകൾ ‘ എന്ന കവിതയിലെ അന്ത്യഭാഗത്ത് വെള്ളപ്രാവുകൾ, അരയന്നപ്പിടകൾ,ഒട്ടകപ്പക്ഷികൾ, മഞ്ഞക്കിളികൾ ഇവരിൽ നിന്നെല്ലാമാണ് ഭൂമിയിൽ പ്രണയം ആരംഭിക്കുന്നതെന്ന് കവി പറയുന്നു. ഇത്തരത്തിൽ പുഴയും, കിളിയും, മൃഗങ്ങളും, പൂക്കളും, മഴയും, വെയിലും, കാടുമെല്ലാം വിനയചന്ദ്രകവിതയിൽ പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളായി പ്രത്യക്ഷമാകുന്നുണ്ട്.
പ്രണയ കവിതകളിൽ തന്നെ വിരഹഭാവം തുളുമ്പി നിൽക്കുന്ന വിനയചന്ദ്രകവിതകൾ കൂടുതൽ ശ്രദ്ധേയമാണ്. ‘സൂര്യോദയം ‘ എന്ന കവിതയിൽ വിരഹത്തെ സൂചിപ്പിക്കുന്ന ബിംബമായി നദി പ്രത്യക്ഷപ്പെടുന്നു.
‘നമ്മുടെയിടയിൽ പകലിന്റെ വെളുത്ത നദി
നമ്മുടെയിടയിൽ വേർപാടിന്റെ നീല നദി
നമ്മുടെ ഇടയിൽ കര കാണാത്ത
അന്ധവും അഗാധവുമായ കറുകറുത്ത മഹാനദി ‘
കാമുകനും കാമുകിയ്ക്കും ഇടയ്ക്കുള്ള നദിയെ കുറിച്ച് കവിതയിൽ സൂചിപ്പിക്കുന്നുണ്ട്. പ്രണയവിരഹത്തിന്റെ വ്യത്യസ്തഭാവങ്ങളെ ധ്വനിപ്പിക്കാൻ നദി എന്ന ബിംബത്തിന് സാധിക്കുന്നുണ്ട്. ‘പോവുക പ്രിയം വദേ ‘എന്ന കവിതയിൽ വിട പറയാൻ സമയമായി എന്നറിയുമ്പോൾ എല്ലാംമറക്കുക എന്ന് പാടുന്ന കാമുകനെയാണ് കാണുന്നത്. സ്‌നേഹം സമുദ്രമാണെന്നും, സ്‌നേഹിക്കുന്നവർക്ക് സ്വാസ്ഥ്യവും ശാന്തിയും ഇല്ല എന്നുകവി മനസ്വിനിയോട് പറയുന്നു. സ്‌നേഹം സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളെ ചൂണ്ടിക്കാട്ടുന്ന ഈ വരികളിൽ രതി വിരതികളുടെ സംഘർഷം പേറുന്ന ആശാൻ കവിതയുടെ സ്വാധീനവും വായിച്ചെടുക്കാം. സ്‌നേഹത്തെ സമുദ്രത്തോട് ഉപമിക്കുമ്പോഴും സ്‌നേഹഗായകനായ ആശാന്റെ കാൽനഖേന്ദുമരീചികൾ പിന്തുടരുന്ന കവിയാണ് വിനയചന്ദ്രന്റ എന്ന് വ്യക്തമാകുന്നു. വേർപിരിയലാണ് ലോകനീതിയെന്നും, വിരഹത്തിന്റെ നേർതിരയലാണ് മാനുഷിക ദർശനമെന്നും കവി പാടുന്നു. ‘ശുഭം പ്രിയേ ‘ എന്ന കവിതയിൽ പ്രിയയോട് യാത്ര പറഞ്ഞ്കവി ദീർഘയാത്രയ്‌ക്കൊരുങ്ങുകയാണ്. സ്‌നേഹം എന്നത് കേവലം പാതിരാക്കുളിരല്ല എന്നും ‘പരിമളം തോരാത്ത പൂക്കളുടെ നിത്യ സങ്കീർത്തന‘മാണെന്നും പാടുന്ന കവി കാൽപനികതയുടെ കൊടുമുടിയിൽ എത്തിയെന്നു പറയാം. പ്രണയിനിയോട് ഭൂമിയെയും, സൂര്യനെയും, കീർത്തിക്കുവേണ്ടിയല്ലാത്ത പ്രേമത്തെയും പ്രകീർത്തിക്കുക എന്ന് പറയുമ്പേൾ സത്രീയും പുരുഷനും പ്രകൃതിയും ഒന്നിക്കുന്ന വിശാലമായ ദർശനത്തിലേക്ക് കവിത വളരുന്നു. വഴിയരികിലെ മങ്ങിയ നിലാവിനോടും, ആമ്പൽക്കുളങ്ങളോടും വിടചോദിച്ചാണ് കവി യാത്ര തിരിക്കുന്നത്.
പ്രണയവും , രതിയും വിനയചന്ദ്രന്റെ കവിതകളിൽ ഒളിഞ്ഞും, തെളിഞ്ഞും കടന്നു വരാറുണ്ട്. ‘ദിഗംബരമായ പ്രകൃതിയുടെ അവസ്ഥമാത്രമാണ് രതിയും, കാമവുമെന്ന് കവി അറിയുന്നു. എന്നാൽ പ്രേമം മനസ്സിന്റെ കയങ്ങളിൽ ഉറഞ്ഞു കൂടിയ മുത്തായും പവിഴമായും കവിതകളിൽ നിറയുന്നു.‘ 2 വിനയചന്ദ്രന്റെ രത്യാത്മക കവിതകളിൽ ‘ നരകം ഒരു പ്രേമകവിത എഴുതുന്നു ‘എന്ന കവിതയാണ് ഏറ്റവും ശ്രദ്ധേയമായത്.
‘എന്റെ ബീജത്തിലെ സൂര്യപ്രഭകൾ
നിന്റെ ചന്ദനരേതസ്സിലേക്ക്
അമ്പുകളെയ്യുന്നു‘
ലൈംഗികബിംബങ്ങൾ കൊണ്ട് സമൃദ്ധമായ ഈ കവിതയിൽ ഭോഗത്തെ തന്നെ മുക്തിയായി കവിവിഭാവനം ചെയ്യുന്നുണ്ട്. നടക്കുന്ന ആഖ്യാതാവിനെ നഗ്നരായ ശംഖുപുഷ്പങ്ങൾകളിയാക്കുന്നതായി കവിതയിൽ പറയുന്നുണ്ട്. ദിംഗംബരമായ പ്രകൃതിയാണ് വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന മനുഷ്യനെ പരിഹസിക്കുന്നത്. ഈ ദിഗംബരത്വത്തിലേക്കുള്ള കവിയുടെ താദാത്മീകരണം ‘നഗ്നത ‘ എന്ന ബിംബത്തിലൂടെ ആവിഷ്‌ക്യതമാകുന്നു. വിനയചന്ദ്രന്റെ പല കവിതകളിലും ആവർത്തിച്ചു വരുന്ന ബിംബമാണ് നഗ്നത.
‘പിന്നെ പകൽ തൂക്കുമരത്തിൽ
ഞാൻ എന്റെ നഗ്നത
വെയിലിനു നൽകി ‘
എന്ന് ‘നരകം ഒരു പ്രേമ കവിത എഴുതുന്നു‘വിൽ കവി പറയുന്നുണ്ട്. മണ്ണിന്റെ മണമുള്ള പ്രണയം ആവിഷ്‌കരിക്കുമ്പോഴാണ് കവി ലൈംഗികബിംബങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്, ഭംഗിയുള്ള സ്തനങ്ങൾ കണ്ടാൽ ഏതു മനുഷ്യനും ദേവനാകുമെന്നും, മാനസസരോവരത്തിലെ മണ്ഡൂകക്രീഡയെ കുറിച്ച് സംസാരിക്കാമെന്നും, ഗംഗയെ വിളിച്ചുള്ള പ്രാർത്ഥന നിർത്തി മണ്ണിന്റെ മണം ശ്വസിക്കാം എന്നും പറയുന്നതിലൂടെ ശാരീരികമായ തൃഷ്ണകളും പ്രണയത്തിൽ ലീനമായിരിക്കുന്നു എന്നാണ് കവി ധ്വനിപ്പിക്കുന്നത്.
‘കടങ്ങളും അപകടങ്ങളും ‘എന്ന കവിതയിൽ തന്നെ കവിതയിൽ തന്നെ കാമകല പഠിച്ച ഒരു നർത്തകിയെ കുറിച്ചാണ് ആഖ്യാതാവ് പാടുന്നത്. മന്ത്രിമാർക്കും, സിനിമാനടൻമാർക്കും വരെ പിന്നീടവളെ ആവശ്യമായി വന്നു.
‘കാമത്തെ മെല്ലെ മെല്ലെ ശുശ്രൂഷിച്ച്
ഒരു ഉദ്യാനം എങ്ങനെ ഉണ്ടാക്കാം
എന്നവൾ എന്നെ പഠിപ്പിച്ചിരുന്നു. ‘
എന്നാണ് കവി അവളെ കുറിച്ച് ഓർത്തു പറയുന്നത്. പിന്നീട് ഒരു അലക്കുകടവിൽ അവൾ കൊല്ലപ്പെട്ടതായി കാണുന്നു. എല്ലാവരെയും സന്തോഷിപ്പിച്ച അവൾക്ക് വിധി ഒരുക്കിയത് ‘അറവുകാരന്റെ പ്രഹര‘മായിരുന്നു. എല്ലാവരും അധിക്ഷേപിച്ചാലും അവളെ ഓർക്കുന്ന ഏതാനും ചില ആളുകൾ എങ്കിലും ഉണ്ടാകും എന്നിടത്താണ് കവിത അവസാനിക്കുന്നത് . ലൈംഗികത പാപമായും, വേശ്യ വെറുക്കപ്പെട്ടവൾ ആയും കരുതുന്ന സമൂഹത്തിന്റെ കപടസദാചാരത്തിനെ കവി ഈ കവിതയിലൂടെ വിമർശിക്കുന്നു. ഒപ്പം വേശ്യയിലേക്കു തിരിഞ്ഞ ആഖ്യാതാവിന്റെ സ്വയം വിമർശനം കൂടിയാണിത് . ‘ലൈംഗികസദാചാര വ്യവസ്ഥകൾ പുരുഷനു വേണ്ടി ലംഘിക്കാൻ നിർബന്ധിക്കുമ്പോൾ തന്നെ ‘ചീത്ത സ്ത്രീ ‘കളെ നിരന്തരം കല്ലെറിഞ്ഞു ശിക്ഷിക്കേണ്ടത് ‘നല്ല സ്ത്രീ‘കൾക്കു മുന്നിൽ പുരുഷന്റെ നിലനിൽപിന് ആവശ്യവുമാണ് ‘3 എന്ന സി.എസ്. ചന്ദ്രികയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ പുരുഷാധിപത്യ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഉത്പന്നമാണ് ഈ കവിതയെന്ന് നിസ്സംശയം പറയാം. ‘ലൗകികം ‘ എന്ന കവിതയിലെത്തുമ്പോൾ കവി സ്‌ത്രൈണാവയവങ്ങളുടെ മുഴുപ്പും, തുടിപ്പുമെല്ലാം അടയാളപ്പെടുത്തുന്നു. ഇത്തരത്തിൽ രതിയുടെ അടിയൊഴുക്കുള്ള പ്രണയകവിതകളും വിനയചന്ദ്രൻ എഴുടിയിട്ടുണ്ട്. പുരുഷമേധാവിത്വം ഉൽപാദിപ്പിച്ച മൂല്യങ്ങളെ പിന്തുടരുന്നവയാണ് വിനയചന്ദ്രന്റെ രതി കവിതകൾ.
പുതിയ കാലത്തിൽ പ്രണയബന്ധങ്ങളിൽ വന്ന മാറ്റത്തെ വിനയചന്ദ്രൻ ‘നേർച്ചപ്പാവകൾ ”പാസിങ്ഔട്ട് പരേഡിൽ‘ എന്നീ കവിതകളിൽ അടയാളപ്പെടുത്തുന്നു.
‘എന്തിനു നിന്നോടു കള്ളം പറയണം
ഇല്ല നിന്നോടെനിക്കത്രക്കഗാധമായ്
എന്നെ മറന്നുള്ളൊരിഷ്ടവും പ്രേമം ‘
എന്നാണ് ‘നേർച്ചപ്പാവ‘കളിൽ ആഖ്യാതാവ് പറയുന്നത്. എന്തിനെയും കച്ചവടക്കണ്ണിലൂടെ മാത്രം കാണുന്ന പുതിയ കാലത്തിന്റെ പ്രണയ സമവാക്യം ആണിത്. സ്വയം മറന്നു കൊണ്ടുള്ള പ്രണയം ഇന്ന് ആർക്കും ആരോടുമില്ല. താൽക്കാലികമായ പ്രണയബന്ധങ്ങളിൽ ആണ് പുതുതലമുറയ്ക്ക് താൽപര്യം. അതിനാലാണ് എത്രയും വേഗം നാം വിട പറഞ്ഞാൽ ‘അത്രമേലന്യോന്യ സൗഹൃദം നിന്നിടും‘എന്ന് ആഖ്യാതാവ് പറയുന്നത്. ഇനി പൊതുവേദികളിൽ കണ്ട് മുട്ടിയാൽ പരിചയമില്ലാത്തതായി നടിക്കുക എന്നും പറയുമ്പോൾ ബന്ധങ്ങളിലെ സ്‌നേഹശൂന്യതയും, ആത്മാർത്ഥതാരാഹിത്യവും സ്പഷ്ടമാകുന്നു.
വിവാഹമോചനങ്ങൾ അനുദിനം പെരുകുന്ന കേരളത്തിൽ ഏറെ പ്രസക്തമാണ് ‘പാസിങ് ഔട്ട് പരേഡിൽ‘ എന്ന കവിത. ഈ കവിതയിൽ ആഖ്യാതാവ് കാമുകിയോട് പിരിയുമ്പോൾ ദുഃഖമുണ്ടെന്ന് പറയരുതെന്ന് പറയുന്നു. ഓരോ ദിവസവും പരസ്പരം ഏത്രയേറെ മുഷിഞ്ഞെന്നും മനം മറിക്കുന്ന ഓർമ്മകൾ ഉണ്ടെന്നും തമ്മിലൊട്ടാത്ത റബർ അയയിൽ തൂക്കിയിട്ട പോലെയായിരുന്നു തങ്ങളുടെ ജീവിതമെന്നും കവി പറയുമ്പോൾ കവിയും പ്രണയിനിയും തമ്മിലുള്ള ബന്ധശൈഥില്യത്തെ സൂചിപ്പിക്കുന്നു. വിനയചന്ദ്രന്റെ തന്നെ ‘അകം പൊരുൾ ‘എന്ന കവിത ചെടിച്ചു പോയ ദാമ്പത്യത്തിന്റെ ഗാഥയാണ്. ‘ഇനി പാട്ടു പാടാതിരിക്കാം‘എന്നാരംഭിക്കുന്ന കവിത ‘ഇനി കൂട്ടുകൂടാതിരിക്കാം ‘എന്ന നിർദേശത്തോടെ അവസാനിക്കുന്നു. മഞ്ഞ നിറം വന്ന ഫോട്ടോ, പഴംപായ, ചെള്ളരിച്ചതലയണ, പൂപ്പു പിടിച്ച തലയണയുറകൾ, വാച്ചിന്റെ ഉള്ളിലെ മുടി നാരിഴകൾ, ശകാര, വിരഹം എന്നിവയെല്ലാം ഭഗ്നദാമ്പത്യത്തിന്റെ സൂചകങ്ങളാകുന്നു.
ഡി.വിനയചന്ദ്രൻ ശക്തവും, തിവ്രവുമായി പ്രണയ കവിത എഴുതിയ കവിയാണ്. പ്രണയത്തിന്റെ ഭാവാന്തരങ്ങൾ ഈ പ്രണയ കവിതകളിൽ കാണാം. ആദർശാത്മക പ്രണയകവിതകൾ, രത്യാത്മക പ്രണയകവിതകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ പ്രണയകവിതകഴളെ വർഗീകരിക്കാം. ആദർശാത്മക പ്രണയ കവിതകളിൽ വിരഹഭാവത്തിനും, സംയോഗഭാവത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കവിതകൾ എഴുതിട്ടുണ്ട്. പ്രകൃതി -പുരുഷ സംയോഗം ഇത്തരം കവിതകളുടെ ധ്വനിയാണ്. രത്യാത്മക കവിതകൾ പ്രകൃതിയുടെ ദിഗംബരഭാവത്തെ ആവാഹിച്ച് എഴുതിയവയാണെങ്കിലും പുരുഷാധിപത്യ വ്യവസ്ഥ നിർമ്മിച്ച സൗന്ദര്യവും ആഖ്യാനവുമാണ് അത്തരം കവിതകൾക്കുള്ളത്. പുതുകാലഘട്ടത്തിൽ മനുഷ്യബന്ധങ്ങളിൽ വന്ന പരിണാമങ്ങളെ കുറിച്ചും വിനയചന്ദ്രന്റെ ഏതാനും കവിതകൾ സംവദിക്കുന്നുണ്ട്. ഈ ലേഖനത്തിൽ വിനയചന്ദ്രന്റെ പ്രണയകവിതകളുടെ സ്വഭാവത്തെ കുറിച്ച് സാമാന്യമായി സൂചിപ്പിച്ചിട്ടേ ഉള്ളൂ. അതിനാൽ വിനയചന്ദ്രന്റെ പ്രണയകവിതകൾ ഇനിയും പഠന- ഗവേഷണങ്ങൾക്ക് സാധ്യതയുളളവയാണ്.
—————————————————
1. രവീന്ദ്രൻ.പി.പി, 2004, ശ്രദ്ധ, എഡിറ്റേഴസ് : ഹാരിസ് വി.സി, ഉമർതറമേൽ, ‘ഇടയില്ലായ്മയിൽ ഒരിടം,’ റെയ്ൻബോ ബുക്‌സ്, ചെങ്ങന്നൂർ . പുറം. 51
2. ഉണ്ണിക്കൃഷ്ണൻ.വി.കെ., 2004, ശ്രദ്ധ, എഡിറ്റേഴ്‌സ്, രവീന്ദ്രൻ.പി.പി, ഹാരിസ്.സി, ഉമർ തറേൽ, ‘ശിവനടനത്തിന്റെവാഗർത്ഥ ദീപ്തി‘, റെയ്ൻബോബുക്‌സ്, ചെങ്ങന്നൂർ പുറം 74.
3. ചന്ദ്രിക .സി.എസ്, 2008, ആർത്തവമുള്ള സ്ത്രീകൾ, ഫേബിയൻ ബുക്‌സ്, മാവേലിക്കര, പുറം 95.
Be the first to write a comment.