അമൂർത്തമായ‘ഹിന്ദു‘ എന്നൊരു പ്രയോഗത്തിനു കീഴില്‍ ഇന്ത്യന്‍ എന്ന ദേശീയതയെ വ്യവഹരിക്കുന്നതാണ് വളരെക്കാലമായി കണ്ടുവരുന്നത്. ഇന്നാ പ്രവണതയ്ക്കു വർധമാനമായ വളർച്ചയും ശക്തിയും ഉണ്ടായിരിക്കുന്നു. വ്യത്യസ്തകാലഘട്ടത്തില്‍ വൈവിധ്യമാർന്ന രീതിയില്‍ വ്യവഹരിച്ചതാണ് ഈ പദമെന്നുള്ള ചരിത്രപരമായ ധാരകളെ അമ്പേ കുഴിച്ചുമൂടി അധിഭൗതികമായ, ചരിത്രാതീതമായ സങ്കല്പമായിട്ടു ഇതിനെ സമീപിക്കുന്ന ബൗദ്ധികതയാണ് കാണുന്നത്. ഹിന്ദു- ഭാരതീയത- ഭക്തി- അധ്യാത്മികത എന്നിവ കൂട്ടിച്ചേർത്ത ഒരു വിഗ്രഹരൂപമാണ് ഇത്. ഈ അചരിത്രവല്കരണ വ്യവഹാരത്തിലൂടെ ഏതുകാലത്തേക്കും നീട്ടുവാനും പുരാണകഥകളോടും കെട്ടുവാനും അതിലൂടെ ദൈവികമായ ഒന്നായി അവതരിപ്പിക്കാനും കഴിയുന്ന മൈഥികത നിലവില്‍ ഇതില്‍ കാണാം. കേരളത്തിന്റെ ബൗദ്ധികാന്തരീക്ഷത്തിലും കേന്ദ്രത്തില്‍ പ്രവർത്തിക്കുന്നത് ഈ ‘ആത്മീയഹിന്ദു‘വാണെന്നു കാണാം. പോർട്ടുഗീസുകാരുടെ വരവും ആധിപത്യവും മതപരിവർത്തനവും കേരളത്തിലെ സാംസ്കാരികാന്തരീക്ഷത്തെ തകർത്തുകളഞ്ഞുവെന്ന കേരളചരിത്ര, സാഹിത്യ പഠനങ്ങള്‍ മിക്കതിലും ആവർത്തിക്കുന്ന മിത്ത് ഈ ഹിന്ദുഭക്തി വ്യവഹാരത്തെ വെളിപ്പെടുത്തുന്നതാണ്. സാംസ്കാരികസമ്പന്നമായി ശാന്തമായി വർത്തിച്ചിരുന്ന കേരളീയ ജീവിതത്തില്‍ മതപരിവർത്തനത്തിലൂടെ- ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കിക്കൊണ്ട്- വലിയ കോലഹലം സൃഷ്ടിക്കുകയായിരുന്നു പോർത്തുഗീസുകാരെന്നും ഇത് ധാർമികമായി കേരളത്തെ അധഃപതിപ്പിച്ചുവെന്നും ഇതില്‍ നിന്ന് കേരളത്തെ വിമോചിപ്പിച്ചത് എഴുത്തച്ഛന്റെ (ഹിന്ദു) ഭക്തിപ്രസ്ഥാനമാണെന്നുമാണ് ആവർത്തിക്കപ്പെടുന്നത്. ഇതില്‍ നിന്നും വിദേശികള്‍ അക്രമികളും ഹിംസക്കാരും മതപരിവർത്തനം ചെയ്യിക്കുന്നവരും ആകുന്നു. തദ്ദേശിയര്‍ ‘നിഷ്കളങ്കരു‘മാകുന്നു. ഇതിന്റെ പരിഹാരം തദ്ദേശീരയരുടെ ഭക്തിയാണ്. നിരന്തരമാവർത്തിക്കപ്പെടുന്ന ഈ അചരിത്രബോധത്തിന്റെ കേന്ദ്രം, ഏകശിലാത്മകമായ തദ്ദേശീയ ഹിന്ദുഭക്തിയാണ്.
ഈ ചരിത്രബോധത്തിന്റെ പരിസരത്തിലാണ് മലയാള സാംസ്കാരിക വ്യവഹാരങ്ങൾ മിക്കതും രൂപപ്പെട്ടിരിക്കുന്നത്. പുരാണത്തിലും രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ അടിസ്ഥാനപ്പെട്ട ഈ ഭക്തിയെ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതാണ് ആറേഴു നൂറ്റാണ്ടുകാലത്തെ മലയാള സാഹിത്യവും സാംസ്കാരികമെന്നു വിശേഷിക്കപ്പെടുന്നവയെല്ലാം. വ്യത്യസ്തകാലത്തെ വൈവിധ്യമാർന്ന ബൗദ്ധികാന്വേഷണങ്ങളാണിവയെന്ന വസ്തുതയെ കാണാതെ ഇവയെല്ലാം ഏകശിലാത്മകമായ ഹിന്ദുപുരാണകഥകളുടെ കൃത്യമായ വിവർത്തനമാണെന്നുള്ള/ വ്യഖ്യാനമാണെന്നുള്ള ധാരണ ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ മലയാള സാഹിത്യത്തിന്റെയും കലകളുടെയും അടിസ്ഥാനവും ആവരണവും ഹിന്ദുപുരാണലോകമാണെന്നും അതിനാല്‍ കേരളീയ സംസ്കാരത്തിന്റെ കേന്ദ്രം അവ്യാഖ്യേയമായ ചരിത്രാതീതമായ, ഭാരതീയത എന്നതുമായി കണ്ണിചേരുന്ന ഹൈന്ദവികതയാണെന്നുമുള്ള നിശബ്ദ വായനകള്‍ സമൃദ്ധമാണ്. ഇത്തരത്തിലുള്ള ചിന്താപദ്ധതിയിലാണ് പോർട്ടുഗീസാക്രമണത്തിന്റെ ചരിത്രങ്ങളെഴുതപ്പെടുന്നതും ചോദ്യം ചെയ്യലുകളില്ലാതെ പഠിപ്പിക്കപ്പെടുന്നതും. ഈ ചരിത്രബോധത്തില്‍ അഹിന്ദുമതങ്ങളുടെ സാംസ്കാരിക ഇടപെടലുകള്‍ തമസ്കരിക്കപ്പെടുകയോ അപരമാക്കി ‘നമ്മുടെ പൊതുസംസ്കാര‘ത്തിന്റെ ഭാഗമാക്കാതെ നിർത്തുകയോ ചെയ്യും. അതിലൂടെ പൊതുവായതും ശരിയായ സംസ്കാരത്തിന്റെ ഉടമകളും ഉള്ളടക്കവും ഇതാണെന്നും മറിച്ചുള്ളത് അവരുടേതാണെന്നും പഠിപ്പിക്കപ്പെടുന്നു. മലയാള സാഹിത്യം, ചരിത്രം, കല എന്നിവയുടെ പഠന രീതിശാസ്ത്രവും മറ്റും ഇത്തരത്തിലാണെന്നു വ്യക്തമായിക്കാണാം. ഈ ചരിത്രത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞതുകൊണ്ടാണ് എം.കെ കുമാരന്‍ പോർട്ടുഗീസു ആക്രമണം ജാതി- ഫ്യൂഡൽ കോയ്മ്മകൾക്കു നേരെയുള്ള ആക്രമമായി വിവരിച്ചത്. ഈ വായനകൾക്ക് ഇടം ഇന്നു ലഭിക്കുന്നതേയുള്ളൂ. പൊതുവായ ഭാരതീയ ഹിന്ദു സംസ്കാരത്തെ ശരിയായി അംഗീകരിച്ച മലയാളി ചിന്തകൾക്കും വ്യവഹാരങ്ങൾക്കും കുറുകേ അതിനെ സംശയിച്ചും വിമർശിച്ചുംകൊണ്ട് ഒരു ധാര സഞ്ചരിച്ചിരുന്നതായും കാണാം. ശകലിതമായി തോന്നുന്നു ഈ ചിന്തകളുടെ ധാരയെ കൂട്ടിയിണക്കി വിശകലനം ചെയ്യുമ്പോള്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഇന്നത്തെ ഹിന്ദുത്വത്തിന്റെ കൊടുങ്കാറ്റിന്റെ കാലത്ത് വളരെ പ്രസക്തമാകുന്നതായി കാണാം. ചരിത്രപരമായ ധർമ്മമെന്ന നിലയില്‍. പരമ്പരാഗത സാഹിത്യ പണ്ഡിതനായി അറിയപ്പെടുന്ന കെ.എന്‍. എഴുത്തച്ഛന്റെ ബൗദ്ധിക ജീവിതം ഇത്തരത്തില്‍ ഒരിടപെടലായി നമുക്കുമുന്നിൽ നില്ക്കുന്നു.
1.
1911 -ൽ ജനിച്ച (മരണം 1981) എഴുത്തച്ഛന്‍ അക്കാലത്തെ സാമൂഹികതയുടെ വിവിധഘട്ടങ്ങളിലെ സംഘർഷങ്ങളിലൂടെ കടന്നുപോയ ആളാണ്. വിദ്യാഭ്യാസം പൂർത്തിയാക്കി ജീവിക്കാനായി ടൈപ്പ് റൈറ്ററും മറ്റും പഠിച്ച് ബോംബയില്‍ പോയി അവിടെ ജീവിച്ച് പല പരീക്ഷകളും പ്രൈവറ്റായി പാസായി കോളേജ് പഠനരംഗത്തിലേക്കു വന്നു. സാഹിത്യരചനയുടെ പാരമ്പര്യമുണ്ടായിട്ടും സാഹിത്യത്തിലേക്കു നേരിട്ടു വരാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ദ്രാവിഡഭാഷകളിലും സംസ്കൃതത്തിലും പണ്ഡിതനായിരുന്ന എഴുത്തച്ഛന്റെ പ്രാധാന്യം ഈ ഭാഷകളുടെ പഠനരംഗത്താണ്. സാഹിത്യ വിദ്യാർഥികൾക്കു മാത്രം സാമാന്യമായി അറിയാവുന്ന ഒരു പണ്ഡിതന്‍ മാത്രമാണ് ഇന്ന് ഇദ്ദേഹം. മലയാള ഭാഷയിലെ നിർണായക ഗ്രന്ഥമായ ഭാഷാ കൗടലീയത്തെക്കുറിച്ചുള്ള പഠനത്തിന്റെ പേരിലാണ് പൊതുവില്‍ എഴുത്തച്ഛൻ അംഗീകരിക്കപ്പെടുന്നത്. തനതായൊരു ഭാഷാ പഠനമേഖലതന്നെ അദ്ദേഹം തുറന്നിട്ടിട്ടുണ്ട്. തമിഴ് അടക്കമുള്ള ഭാഷകളുടെ പൊതുപഠനത്തിലൂടയേ മലയാളത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍ സാധ്യമാകൂ എന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ ഭാഷാചിന്ത. അതിലൂടെ ഭാഷാപഠനത്തില്‍ തന്റേതായ ഒരു വഴി എഴുത്തച്ഛൻ സ്ഥാപിച്ചെടുക്കുന്നതായി കാണാം. ഇവയുടെ തുടർച്ചയെന്ന നിലയില്‍ കേരള ചരിത്രസംബന്ധിയായും കലകളെക്കുറിച്ചുമുള്ള ചരിത്രപരമായ വിശകലനത്തിലും എഴുത്തച്ഛന്റെ ഇടപെടല്‍ ശ്രദ്ധിക്കേണ്ടതാണ്.
മാർക്സിസ്റ്റ് ചിന്തയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ ഫലമാണ് ഈ പഠനങ്ങളെന്നു വ്യക്തം. കലകളെക്കുറിച്ചുള്ള പഠനങ്ങളൊക്കെ പലരും അധിഭൗതികതലത്തില്‍ നിന്നു നിർവഹിക്കുമ്പോള്‍ അതിനെ ചരിത്രവല്കരിച്ചുകൊണ്ട് സമകാലികമാക്കുന്ന സമീപനം ഈ പഠനങ്ങളില്‍ കാണാം. വസ്തുതകളുടെയും അവസ്ഥകളുടെയും മറുപുറം കാണുന്ന രീതി എഴുത്തച്ഛനില്‍ നിരന്തരമായി കാണാം എന്ന എം എന്‍ വിജയന്റെ നിരീക്ഷണം ഇവിടെ വളരെ പ്രസക്തമാകുന്നു. ഈ മറുപുറം കാഴ്ചയിലൂടെ എഴുത്തച്ഛന്‍ കണ്ട ചില കാര്യങ്ങൾ സവിശേഷമായി പ്രസക്തമാകുന്നു. 1940-70 കളിലെ കേരളീയ ഭാരതീയ സാംസ്കാരിക സംവാദ അന്തരീക്ഷത്തില്‍ ഉയർന്നു കൊണ്ടിരുന്ന ഭാരതീയത കേന്ദ്രീകരിച്ച് സാംസ്കാരിക മൗലികവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ വിയോജിപ്പുകൾ ഇന്നത്തെ ഹിന്ദുത്വ കാലത്ത് സവിശേഷമായ രാഷ്ട്രീയം ഉന്നയിക്കുന്നു എന്നതാണത്. എഴുത്തച്ഛനെ പോലുള്ളവരുടെ ബൗദ്ധികജീവിതങ്ങളുടെ പാരമ്പര്യത്തിന്റെ കണ്ടെത്തല്‍ കേരളീയ ബുദ്ധിജീവികള്‍ തങ്ങളുടെ കാലത്തെ സാമൂഹിക സംഘർഷങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്ന പ്രശ്നമാണ് വെളിപ്പെടുത്തുന്നത്.
2.
കേരളീയ നവോത്ഥാനത്തിന്റെ പ്രധാന ഇടപെടല്‍ ഫ്യൂഡൽ ഹിന്ദുവെന്നതിന്റെ പ്രശ്നവല്കരണമായിരുന്നു. ഹിന്ദുമാത്രമല്ല എല്ലാ മതരൂപങ്ങളിലെയും ഫ്യൂഡലിസത്തോടു കലഹിച്ച നവോത്ഥാനം സാമൂദായികതയിലൂടെയും മതേതരത്തിലൂടെയും ആധുനികതയെ ഉറപ്പിച്ചുകൊണ്ടിരുന്ന 1940 കൾക്കു ശേഷമുള്ള കാലത്താണ് എഴുത്തച്ഛന്റെ എഴുത്തുകൾ രൂപപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ആധുനിക ദേശീയതയുടെ ചിഹ്നമായി ഹിന്ദുദേശീയത പലരൂപത്തില്‍ വികസിച്ചുകൊണ്ടിരുന്ന ഘട്ടവുമാണത്. വേദങ്ങളുടെയും പുരാണങ്ങളുടെയും സത്യത്തിലൂന്നിക്കൊണ്ട് വർത്തമാന കാലത്തുനിന്നു അവയിലേക്കു മടങ്ങാനും വീണ്ടെടുക്കാനുമുള്ള ആഹ്വാനങ്ങളായും അതിനായുള്ള പ്രയോഗങ്ങളായും സാംസ്കാരികാന്തരീക്ഷം മാറവേയാണ് ഈ എഴുത്തുകള്‍ രൂപപ്പെടുന്നത്. ഇവയുടെ മാറ്റൊലികളായി പ്രാദേശിക സാഹിത്യത്തിലും സാംസ്കാരികതയിലും ഹിന്ദുപാരമ്പര്യത്തിന്റെ വീണ്ടെടുപ്പന്വേഷണങ്ങള്‍ ഉണ്ടാകുകയും നമ്മുടെ സംസ്കാരം എന്നത് ആത്മീയമായ ഒന്നാണെന്നു കണ്ടെത്തുകയും ചെയ്യുന്ന വ്യവഹാരങ്ങള്‍ വികസിക്കുന്ന, ആത്മീയേതരമായ/ മതേതര സാമൂഹികത നമ്മുടേതല്ലെന്നു പ്രഖ്യാപനം ഉണ്ടാവുകയും ചെയ്യുന്ന കാലം. ഒറ്റയടിക്കു പറഞ്ഞാല്‍ ഈ ആത്മീയ പാരമ്പര്യത്തെ പാടേ നിഷേധിച്ചുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണിവയെന്നു സ്ഥാപിക്കുകയാണ് എഴുത്തച്ഛന്‍.
എഴുത്തച്ഛന്റെ ചിന്തകളുടെ രത്നച്ചുരുക്കം ഇതാണെന്നു പറയാം- ആർഷമെന്നും മഹനീയമെന്നും വിളിക്കുന്ന ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് വികാരംകൊള്ളുന്ന പരിപാടി ഉപേക്ഷിച്ചുകൊണ്ട് അതിനെ ആഴത്തില്‍ പ്രശ്നവല്കരിക്കുന്ന പ്രക്രിയയിലാണു നാം ഏർപ്പെടേണ്ടത്. സംസ്കാരത്തിന്റെ എടുപ്പുകളെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍ നിന്നു മാറി സംസ്കാരമെന്നതുതന്നെ നിരന്തരം മാറുന്ന സാമൂഹ്യതയാണെന്നു തിരിച്ചറിയുകയും ഇന്ത്യന്‍ സംസ്കാരമെന്നത് നൂറ്റാണ്ടുകളായുള്ള ഇന്ത്യയെന്നു വിളിക്കപ്പെടുന്ന വൈവിധ്യമാർന്ന ഭൂപ്രദേശത്തിന്റെ ചരിത്ര പരിണാമത്തിന്റെ കഥയാണെന്നു ഉൾക്കൊള്ളുന്ന പ്രവർത്തനമാണത്. ഇവിടെ ഋഷിയോ മാറ്റമില്ലാത്ത ആർഷ സംസ്കാരമോ കാണില്ല. മറിച്ച് വിവധകാലങ്ങളില്‍ ജീവിച്ച ജനതയുടെ സങ്കീർണമായ സാമൂഹ്യജീവിതമാണ് കാണുക. ഉല്പാദനത്തിന്റെയും വളർച്ചയുടെയും തകർച്ചയുടെയും ജാതിയുടെയും അധികാരത്തിന്റയും ലിംഗപരതയുടെയും ചരിത്രം. ഈ ചരിത്രത്തിന്റെ വൈവിധ്യമാർന്ന കൂട്ടിച്ചേർക്കലിലാണ് ഇന്ത്യയുടെ ചരിത്രവും സംസ്കാരവും. വിപുലമായ ഈ ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ആഴത്തിൽ മനസിലാക്കുകയാണ് വേണ്ടത്, ഉപരിപ്ലവമായി അഭിമാനിക്കുകയല്ല.
തന്റെ നിലപാട് എഴുത്തച്ഛന്‍ കൃത്യമായി ഭാരതീയ സംസ്കാരം സമീപനവും പ്രശ്നങ്ങളും എന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്- പുരാതന ഭാരതത്തിന്റെ നേട്ടങ്ങളെയോ ദാർശനികന്മാരുടെ ബുദ്ധിശക്തിയെയോ ആധുനികത്ത്വത്തിന്റെ പേരില്‍ നാം അപലപിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ആ നേട്ടങ്ങളെ ശരിക്കു മനസിലാക്കി നല്ല ഭാഗങ്ങളെ സ്വീകരിച്ച് പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ചേർക്കുകയാണ് ആവശ്യമെന്ന് ഊന്നിപ്പറയുകയാണ്…എല്ലാം പണ്ടുള്ളവർ കണ്ടതും അറിഞ്ഞതുമാണ്. അവര്‍ പറഞ്ഞതിനെത്തന്നെ പലതരത്തിൽ വ്യാഖ്യാനിക്കുകയേ വേണ്ടു. ഇനിയൊന്നും അറിയാനില്ല എന്ന മനോഭാവം ഇപ്പോള്‍ പലരും വച്ചു പുലർത്തുന്നുണ്ട്. അതിന്റെ ഫലമാണ് പഴമയിലേക്കു മടങ്ങുക എന്ന ആഹ്വാനത്തിന്റെ പൊരുള്‍..(തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ പു. 256).പുതിയകാലത്തിനനുസരിച്ച് പഴമയെ വ്യാഖ്യാനിക്കുകയും ആധുനികീകരണത്തിലൂടെ മുന്നോട്ടുപോവുകയുമാണ് വേണ്ടത്. അല്ലാതെ വർത്തനമാനത്തെ നിഷേധിച്ച് വ്യാജമായ പഴമയില്‍ അഭിരമിക്കുകയല്ല.
ഇതിന്റെ അടിസ്ഥാനം സമൂഹം എന്നത് നിശ്ചലമായ ഒന്നല്ല എന്നതാണ്. നിരന്തരമായ ഒരു പ്രവാഹമാണത്. നൂതന ചരിത്രവീക്ഷണം എന്ന ലേഖനത്തില്‍ എഴുതുന്നു- സംസ്കാരം സാമൂഹ്യമാണെന്നു മാത്രമല്ല പ്രവാഹരൂപത്തിലുള്ളതുമാണ്……. പഴമയിലേക്കു മടങ്ങുന്ന ഒരന്തർമുഖതയെപ്പറ്റിയുള്ള അഭിമാനം തിന്മയല്ലാതെ യാതൊന്നും ചെയ്യുകയില്ല. അടിമത്തത്തിലും അന്ധവിശ്വാസത്തിലും കെട്ടിപ്പടുത്ത ആ സംസ്കാരം ഉപ്പുപിടിച്ചു കിടക്കുന്ന ഒരു കുളത്തിന്റെ ശാന്തി ഉൾക്കൊള്ളുന്നതാണ്. അത് ജീവന്റെ ഒഴുക്കറ്റ ശവക്കുഴി മാത്രമായിരിക്കും. ഭൗതികജീവിതത്തെ ആസ്പദമാക്കി വളരാത്ത ആത്മീയ ശുദ്ധി കൃത്രിമമായ ഒരു കല്പന മാത്രമാകുന്നു. ആധ്യാത്മിക ജീവിതത്തെ നിയന്ത്രിക്കുന്നത് ഭൗതിക ജീവിതത്വങ്ങളാണ്, നേരെ മറിച്ചല്ല (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പു. 149). ഇവിടെ പഴയകാലത്തെ ആരാധിക്കുന്ന പ്രവണതയെ ചെറുക്കേണ്ടിവരും. പഴയകാലത്തേക്കു മടങ്ങുക എന്ന ആശയത്തിനോടുള്ള എതിർപ്പ് …. ഭാവിയെ പുതുതായി രൂപവല്കരിക്കുക എന്നത് ധീരമായ കല്പനയാണ്. പഴയമൂശയില്‍ ഭാവിയെ വാർത്തെടുക്കുക എന്നത് ബൂർഷ്വാസിയുടെ വിശ്വാസ പ്രമാണങ്ങളിൽ ഒന്നത്രേ. …. പഴയ മുദ്രാവാക്യങ്ങളേയും വിശ്വാസങ്ങളേയും നാം ശ്രദ്ധാപൂർവ്വം നിരൂപണം ചെയ്യേണ്ട നിലയാണിന്നു വന്നിരിക്കുന്നത്. വികാരത്തിനല്ല വിചാരത്തിനാണ് ഇനി ഇന്ത്യയില്‍ പ്രാധാന്യം. അഭിമാനിക്കുകയല്ല, മനസിലാക്കുകയാണ് വേണ്ടത്…(223)
ഇന്ത്യയെന്ന ദേശത്തിനെക്കുറിച്ചുള്ള മിത്തുകളാണ് അടിസ്ഥാനപ്രശ്നം. ദൈവികമായ ആവരണത്തില്‍ നിന്നും സമൂഹത്തെ പുറത്തെത്തിക്കുന്നിടത്താണ് നാം ഇന്ത്യയെ മനസിലാക്കുക. ജാതി-ജന്മി നാടുവാഴി പ്രഭുത്വത്തിനു കീഴില്‍ സഹസ്രാബ്ദങ്ങളായി കഴിഞ്ഞു വരുന്ന നാടാണ് ഇന്ത്യ. ഉപരിവർഗ്ഗങ്ങളും പൗരോഹിത്യവും കൂടി സ്വന്തം താത്പര്യങ്ങളും ചൂഷണമുറകളും നിലനിർത്തുവാന്‍ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി സൃഷ്ടിച്ച ഒരാശയ സംഹിതയാണവിടെയുള്ളത്. മതവും മന്ത്വാദികളുമെല്ലാം ഇതിന്റെ ഭാഗമാണ്…….മതത്തിന്റെയും അധ്യാത്മികവാദത്തിന്റെയും മൂടൽ മഞ്ഞില്‍ പെട്ടാൽ പിന്നീട് രക്ഷപെടൽ എളുപ്പമല്ല. ഭാരതീയ സംസ്കാരത്തെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കുകയും അതിനെ സംബന്ധിച്ച സംശയങ്ങളെ തുരത്തുകയുമാണ് പുരോഗമന വാദികള്‍ ചെയ്യേണ്ടത് ( പു. 257). രണ്ടുകാര്യങ്ങള്‍ നാമിവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, ഒന്നാമത്, പഴയകാലത്തുതന്നെ ഇന്ത്യയ്ക്ക് സാംസ്കാരികമോ ആചാരപരമോ ആയ ഐക്യമൊന്നും ഉണ്ടായിരുന്നില്ല……ഏകത്വത്തെയും ബ്രഹ്മത്തെയും മറ്റും പറ്റിവാദിച്ചു ജയഭേരി അടിച്ചുരുന്ന വേദാന്തികള്‍ സാമൂഹ്യമായ ഐക്യം ഉണ്ടാക്കിയിരുന്നില്ല… രണ്ടാമതായി, പൗരാണികരായ ഇന്ത്യാക്കര്‍ ഭൗതിക സുഖങ്ങളെ ധാരാളം ആഗ്രഹിച്ചിരുന്നവരാണ്. അശ്ലീലമെന്നു ഇന്നുള്ളവര്‍ കരുതുന്ന പലതും അവർക്ക് അഭികാമ്യമായിരുന്നു. (പു. 232). പഴയ ആചാര്യന്മാരെയോ അവരുടെ ഗ്രന്ഥങ്ങളെയോ അവതാര പുരുഷന്മാരെയോ ദേവന്മാരെയോ ആരാധിക്കുന്നതുകൊണ്ടുമാത്രം യാതൊരുദ്ഗതിയും ഒരു സമൂഹത്തിന് ഇക്കാലത്തുണ്ടാകുമെന്നു തോന്നുന്നില്ല. ഭഗവദ്ഗ്ഗീതയിലെയും ഉപനിഷത്തുകളിലെയും വാക്യങ്ങള്‍ ഉദ്ധരിച്ചു അഭിമാനിക്കുകയും ആഹ്വാനം മുഴക്കുകയും ചെയ്യുന്ന വെറും പതിവു നമ്മുടെ ആളുകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നവരെ വിശ്വസിക്കാതിരിക്കാനും സ്വതന്ത്രമായി ലോക മനസ്ഥിതി മനസിലാക്കുവാനും നമ്മുടെ പുതിയ തലമുറ ഒരുങ്ങേണ്ടതുണ്ടെന്നു തോന്നുന്നു. (പു.233).
ആർഷസംസ്കാരവാദം എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു- ഈ ദൃഷ്ടിവെച്ചു നോക്കുമ്പോൾ സംസ്കാരത്തെ സനാതനമെന്നു പറയുന്നുതിനേക്കാള്‍ താല്ക്കാലികമെന്നു പറയുന്നതാണ് ന്യായം…..ഹിന്ദുദാർശനികന്മാരുടെ പ്രയത്നത്തിനെല്ലാം അടിയില്‍ ബുദ്ധമത ചിന്തകളാണ് കിടക്കുന്നതെന്നും അറിയേണ്ടതാണ്. ശങ്കരന്റെ അദ്വൈത വേദാന്തം മഹായാനബുദ്ധമതത്തിന്റെ സന്താനമാണ് എന്നാർക്കാണു അറിഞ്ഞു കൂടാത്തത്?… ഇന്ത്യയുടെ സന്ദേശം ശാന്തിയും സമാധാനവും ആണ്. ലോകത്തില്‍ മറ്റെവിടെയുംപോലെ ഇവിടെയും ആചാര്യന്മാർ അതു പറഞ്ഞിട്ടുണ്ട്. പക്ഷേ ഭൂരിപക്ഷം ജനതയും ശാന്തരായിരുന്നിട്ടില്ല….. (തെ.പ്ര. പു. 240) എന്നാല്‍ അവര്‍ (മതാചാര്യന്മാര്‍) ലോകം നന്നാക്കുവാന്‍ ഉപദേശിച്ച് മരുന്നുകൾക്കു ബലം പോരാതെയായി. ശരിക്കുള്ള സുഖക്കേട് അവരുടെ കണ്ണിൽപെട്ടില്ല. ഓരോ വ്യക്തിയും നന്നായാല്‍ സമുദായവും നന്നാകും എന്നതില്‍ കവിഞ്ഞ് അവർക്കൊന്നും പറയാനുണ്ടായില്ല. ഭൗതികമായ പരിസരത്തിന്റെ ആഘാത പ്രത്യാഘാതങ്ങള്‍ മനുഷ്യസ്വഭാവത്തിലുണ്ടാക്കാവുന്ന മാറ്റങ്ങളെ അവര്‍ കണ്ടിട്ടുമില്ല……പഴഞ്ചന്‍ സമുദായഘടനയുടെ നാനാവശങ്ങളേയും സ്പർശിക്കുന്ന നിയമാവലികള്‍ അവര്‍ ഏർപ്പെടുത്തിയത് കാലമാറ്റത്തില്‍ നിരുപയോഗമായി. (പു. 241, 242).
ഇങ്ങനെ നോക്കുമ്പോള്‍ ഇങ്ങനെ പറയാം –യഥാർത്ഥത്തില്‍ ഇന്ത്യൻ സംസ്കാരം ഒരിക്കലും ആത്മീയമായിരുന്നിട്ടില്ല….മതാചാര്യന്മാരും ദാർശനികന്മാരും സന്യാസികളും ഇവിടെ ധാരാളമുണ്ടായിരുന്നു…ഇന്ത്യൻ ഗ്രാമങ്ങള്‍ മാറില്ലെന്നും ഇന്ത്യക്കാർ ആത്മീയക്കാരാണെന്നും മറ്റുമുള്ള വിശ്വാസം എത്രമാത്രം അബദ്ധമാണെന്നു സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നോക്കിയാലറിയാം. ഭൗതികജീവിതത്തെ അഭിവൃദ്ധിപ്പെടുത്താനുള്ള വെമ്പലാണല്ലോ എവിടെയും കാണുന്നത്…(പു.255).അതിന്റെ ഉറപ്പിക്കല്‍ ഇങ്ങനെയുമാണ്- ഇത്തരത്തില്‍ ഇങ്ങനെയാണെങ്കിൽ ആർഷ സംസ്കാരം എന്ന പേരില്‍ അറിയപ്പെടുന്ന വസ്തുവെന്ത്? അങ്ങനെ ഒരു വസ്തുവില്ല. ദേശീയത്വത്തിന്റെ വളർച്ചയില്‍ മുതലാളിത്തം ഉപയോഗപ്പെടുത്തിയ ഒരു മുദ്രാവാക്യമാണത്. ഒരു പരിശുദ്ധമായ കെട്ടുകഥ……മനുഷ്യന്റെ ചിന്താമണ്ഡലങ്ങളിലേക്ക് ഇന്ത്യ നല്കിയ സംഭാവനകളൊന്നും നിഷേധിക്കുന്നില്ല. എന്നാല്‍ ആർഷ ഭാരതത്തെപ്പറ്റിയ അന്ധഭക്തിയും രാമരാജ്യത്തിലേക്കു മടങ്ങുക എന്ന സന്ദേശവും കാലം കഴിഞ്ഞുപോയ വിഡ്ഢിത്തങ്ങളാണെന്നു ഊന്നിപ്പറയേണ്ടിവരുന്നു (പു. 243).ഇതിന്റെയെല്ലാം ആകെത്തുക, പുരാണങ്ങളും വേദങ്ങളൊന്നും മതവിശ്വാസികൾക്കു വിട്ടുകൊടുക്കേണ്ട വിഷയമൊന്നുമല്ലെന്നതാണ് (പു. 281).എല്ലാവരും ഇതൊക്കെ പഠിക്കുയും സംവദിക്കുകയും ചെയ്യുന്നതിലൂടെ അവയുടെ മേലുള്ള പരിവേഷത്തെയും ആധ്യാത്മികതയിലെ വരേണ്യതകളെയും അഴിച്ചുകളയുക എന്നതാണ് അദ്ദേഹം ഉന്നയിക്കുന്നത്.
3.
ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വങ്ങൾക്കു കാരണം ഇന്ത്യയിലെ ബൂർഷ്വാ ഭരണമാണെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. ബൂർഷ്വാ ഭരണകൂടത്തിന്റെ പരിമിതിയാണ് വർഗീയതയെ വളർത്തുന്നതും ഭൂതകാലത്തെ വിളിച്ചുവരുത്തുന്ന പ്രക്രിയകളെ പ്രോത്സാഹിപ്പിക്കുന്നതും. ഇത്തരം വിമർശനങ്ങള്‍ ഉന്നയിക്കുമ്പോഴും ജാതിവ്യവസ്ഥയെ ഗൗരവമായി അദ്ദേഹം കാണുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ മാർക്സിസ്റ്റ് ചിന്തകരുടെ പരിമിതിയാണിത്. വർഗീയതയെയും പുനരുത്ഥാനവാദത്തെയും ചെറുക്കുവാന്‍ അവർ മുന്നോട്ടുവച്ചത് സമൂഹത്തിന്റെ വർഗവിശകലനമാണ്. പ്രസക്തമായിരിക്കുമ്പോള്‍ തന്നെ, അതിനപ്പുറം കടന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യമാർന്ന ഘടനകളെ അഭിസംബോധന ചെയ്യുവാന്‍ അവർക്കു കഴിഞ്ഞിട്ടില്ല. വിശേഷിച്ചും മലയാളത്തിൽ ഇത്തരത്തിൽ ചിന്തിച്ചവർക്ക് . ഇങ്ങനെയാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഈ ചിന്തകൾ കണ്ണിചേർക്കപ്പെടുന്നത് സവിശേഷമായ ഒരു പ്രതിരോധ രാഷ്ട്രീയ സാഹചര്യത്തോടാണെന്നുള്ളതാണ് കെ.എന്‍ എഴുത്തച്ഛന്റെ ചിന്തകളെ പ്രസക്തമാക്കുന്നത്. ചില പൊതുബോധങ്ങൾക്കു കുറുകേ സഞ്ചരിച്ച ഇത്തരം ബുദ്ധിജീവിതങ്ങളുടെ വായന ഇന്ന് ഏറെ അനിവാര്യമാകുന്നു. വാല്മീകിയുടെ രാമന്‍ പോലെയുള്ള പഠനങ്ങളെഴുതിയ കുട്ടികൃഷ്ണമാരാര്‍, എൻ ഇ ബലറാം, കെ ദാമോദരന്‍ തുടങ്ങിയവർ ഭാരതീയ ചിന്തകളുമായി നിർവഹിച്ച സംവാദങ്ങളെ പുനർവായിക്കേണ്ടിയിരിക്കുന്നു.
ഗ്രന്ഥസൂചി
എഴുത്തച്ഛന്‍ കെ.എന്‍:1991 തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (രണ്ടാം വാല്യം), കേരള സാഹിത്യ അക്കാദമി, തൃശൂര്‍
കുമാരന്‍ എംകെ 1992: ആശാന്‍- കവിയും പൗരശ്രേഷ്ഠനും, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
Be the first to write a comment.