“No problem is as consubstantial with literature and its modest mystery as the one posed by translation” – Jorge Luis Borges
“No translation would be possible if in its ultimate essence it strove for likeness to the original… For just as the tenor and significance of the great works of literature undergo a complete transformation over the centuries, the mother tongue of the translator is transformed as well. While a poet’s words endure in his own language, even the greatest translation is destined to become part of the growth of its own language and eventually to be absorbed by its renewal. Translation is so far removed from being the sterile equation of two dead languages that of all literary forms it is the one charged with the special mission of watching over the maturing process of the original language and the birth pangs of its own”-Walter Benjamin
‘വിവർത്തനം ഒരുതരം വ്യാഖ്യാനാത്മകമായ പ്രകടനമാണെ‘ന്ന (Interpretive performance) റാൽഫ് മാനീമിന്റെ (Ralph Manheim) നിർവചനം ചൂണ്ടിക്കാണിച്ചുകൊണ്ട്, ലാറ്റിനമേരിക്കൻ നോവലുകളുടെ തർജമയിലൂടെ വിഖ്യാതയായി മാറിയ എഡിത്ത് ഗ്രോസ്മാൻ തന്റെ വിവർത്തനസങ്കല്പം അവതരിപ്പിക്കുന്നുണ്ട് ((Why Translation Mattersഎന്ന ഗ്രന്ഥം, 2010). തിരക്കഥയോട് അഭിനേതാക്കളും സംഗീതത്തോട് ഗായകരും പുലർത്തുന്ന ബന്ധത്തിനു സമാനമാണ് മൂലകൃതിയോട് വിവർത്തകരുടേതെന്നും സ്വന്തം പ്രതിഭകൊണ്ട് പൂർവപാഠത്തിനു സൃഷ്ടിച്ചുനൽകുന്ന വ്യാഖ്യാനാത്മകമായ പുനഃസൃഷ്ടിയായി ഓരോ വിവർത്തനവും മാറേണ്ടതുണ്ടെന്നും മാനീം വിശദീകരിക്കുന്നു. കർത്താവിനും വായനക്കാർക്കുമിടയിൽ, സ്രോതപാഠത്തിനും ലക്ഷ്യപാഠത്തിനുമിടയിൽ, രണ്ടുദേശങ്ങൾക്കും കാലങ്ങൾക്കുമിടയിൽ, രണ്ടു സംസ്കാരങ്ങൾക്കിടയിൽ വിവർത്തകർ നിർവഹിക്കുന്ന ധർമമെന്താണ്? രൂപത്തിന്റെയും ഗണത്തിന്റെയും സമാനതകളൊഴിച്ചാൽ വിവർത്തിതപാഠത്തിന് മൂലപാഠവുമായി മറ്റെന്തെങ്കിലും ബന്ധമുണ്ടാകണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. എന്നിട്ടും നവോത്ഥാനകാലം മുതൽ ലോകസാഹിത്യം അതിന്റെ ചരിത്രജീവിതം സാർഥകമാക്കുന്നതിന്റെ മുഖ്യമാർഗം വിവർത്തനമാകുന്നു. (വിവർത്തനത്തിലൂടെത്തന്നെ സാധ്യമായതാണ് നവോത്ഥാനമെന്നുപോലും പറയാമെന്ന് ഗ്രോസ്മാൻ, 2010:13).
നമ്മുടെ കാലത്ത് വിവർത്തകരുടെ, വിശേഷിച്ചും നോവൽവിവർത്തകരുടെ സാംസ്കാരിക ദൗത്യമെന്താണ്? ഗ്രോസ്മാൻ എഴുതുന്നു:
“The unique factor in the experience of translators is that we not only are listeners to the text, hearing the author’s voice in the mind’s ear, but speakers of a second text-the translated work-who repeat what we have heard, though in another language, a language with its own literary tradition, its own cultural accretions, its own lexicon and syntax, its own historical experience, all of which must be treated with as much respect, esteem, and appreciation as we bring to the language of the original writer. Our purpose is to re-create as far as possible, within the alien system of a second language, all the characteristics, vagaries, quirks, and stylistic peculiarities of the work we are translating. And we do this by analogy-that is, by finding comparable, not identical, characteristics, vagaries, quirks and stylistic peculiarities in the second language” (2010, 10).
“Translation expands our ability to explore through literature the thoughts and feelings of people from another society or another time. It permits us to savor the transformation of the foreign into the familiar and for a brief time to live outside our own skins, our own preconception and misconceptions. It expands and deepens our world, our consciousness, in countless indescrib able ways” (2010, 14).
വിവർത്തനത്തെക്കുറിച്ചുണ്ടായിട്ടുള്ള അസംഖ്യം പഠനങ്ങളൊന്നുംതന്നെ സാഹിത്യരചനകളുടെ തർജ്ജമ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ തീർപ്പുകൾ കല്പിക്കുന്നില്ല എന്ന് നിയോ ഹെർമൻസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാങ്കേതികതയിലും സൗന്ദര്യാത്മകതയിലുമുള്ള ഊന്നലാണ് യഥാക്രമം സാഹിത്യേതര, സാഹിത്യരചനകളുടെ വിവർത്തനങ്ങൾ തമ്മിലുള്ള പ്രധാനവ്യത്യാസം എന്നൊരു പൊതുസമ്മതി മുൻപുതന്നെയുണ്ട്. ഇരുവിഭാഗം കൃതികൾക്കും പദാനുപദം, സ്വതന്ത്രം, ഭാഷ്യം എന്നിങ്ങനെ ഏതു വിവർത്തനരീതിയും ബാധകമാണെന്നതിലും തർക്കങ്ങളില്ല. വിവർത്തനത്തിൽ പുലർത്തേണ്ട വിശ്വസ്തതയെയും സമതുല്യതയെയും വിധേയത്വത്തെയും കുറിച്ചുപോലും ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. വിവർത്തനം ഒരു ഭാഷാപ്രക്രിയയെന്നതിനപ്പുറം സാംസ്കാരികപ്രവൃത്തിയാണെന്ന കാര്യത്തിലും യോജിപ്പുണ്ടായിട്ടുണ്ട്. വിവർത്തനത്തിന്റെയും വിവർത്തനപഠനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനങ്ങളായി സൂസൻ ബാസ്നറ്റിനെപ്പോലുള്ളവർ ചൂണ്ടിക്കാണിക്കുന്നത് സ്രോതകൃതിയിൽനിന്ന് ലക്ഷ്യകൃതിയിലേക്ക് ശ്രദ്ധ മാറിയതും വിവർത്തനപ്രക്രിയയ്ക്ക് ഒരു സാംസ്കാരികവ്യതിയാനം (Cultural Turn) സംഭവിച്ചതുമാണ്. അപ്പോഴും പക്ഷെ കൃത്യമായി നിർവ്വചിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്യുന്നില്ല, ‘സാഹിത്യ‘ വിവർത്തനം എങ്ങനെ മറ്റു വിവർത്തനങ്ങളിൽനിന്നും ഭിന്നമാകുമെന്ന കാര്യം.
‘സാഹിത്യംപോലെ വായിക്കപ്പെടാൻ പറ്റുന്നതാകണം സാഹിത്യവിവർത്തനം‘ എന്ന ഉപാധി മുന്നോട്ടുവയ്ക്കുന്ന പീറ്റർ ഫ്രാൻസിന്റെ നിരീക്ഷണം ഈ സന്ദർഭത്തിലാണ് പ്രസക്തമാകുന്നത്. സാഹിത്യരചനയായി വായിക്കപ്പെടേണ്ടതിന് ഒരു വിവർത്തിതപാഠത്തിൽ ആ പ്രക്രിയ എങ്ങനെയെല്ലാം ഇടപെടണം, ഭാഷാവസ്തുവെന്ന നിലയിലും സാംസ്കാരികപാഠമെന്ന നിലയിലും വിവർത്തിതകൃതി സ്രോതഭാഷാ സംസ്കാരങ്ങളിലും ലക്ഷ്യഭാഷാസംസ്കാരങ്ങളിലും എങ്ങനെ പ്രവർത്തിക്കണം എന്നീ കാര്യങ്ങളിൽ തികഞ്ഞ ധാരണയും ബോധ്യവും വിവർത്തകർക്കുണ്ടാകണം. നിശ്ചയമായും വിവർത്തനത്തിൽ നിരവധിയായ രാഷ്ട്രീയങ്ങൾ പ്രവർത്തിക്കും. സ്ഥല,കാല, ഭാഷാ സംസ്കാരമണ്ഡലങ്ങളോരോന്നും അവരെ സ്വാധീനിക്കുകയും ചെയ്യും.
സ്രോതഭാഷയിലെ കൃതി വായിച്ചവർക്കും വായിക്കാത്തവർക്കും നിശ്ചയമായും ഏതു വിവർത്തനത്തെക്കുറിച്ചും രണ്ടഭിപ്രായമുണ്ടാകും. എങ്കിലും വിവർത്തനം ഒരു വായനയെന്നപോലെ എഴുത്തുമായതിനാൽ അതു പുലർത്തേണ്ട സാമാന്യസ്വഭാവങ്ങളും അതിൽ സ്വീകരിക്കേണ്ട അടിസ്ഥാനസമീപനങ്ങളും വായനയെന്ന പ്രക്രിയയെ മുന്നിൽ കണ്ടുവേണം. അക്കാദമിക് വിവർത്തനപഠനങ്ങളും പ്രൊഫഷണൽ വിവർത്തനപ്രയോഗവും രണ്ടായിത്തന്നെ കാണണമെന്ന വാദം വാഗ്നറെപ്പോലുള്ളവർ ഉന്നയിക്കുമ്പോഴും ഇതിനു മാറ്റമില്ല. പാഠപരവും സാംസ്കാരികവുമായ വിശകലനങ്ങളും തിരിച്ചറിവുകളും വിവർത്തനത്തിലും വിവർത്തനപഠനത്തിലും പ്രസക്തം തന്നെയാണ്. Translation, Trasnsformation, Transplantation, Transmutation എന്നിങ്ങനെ ഓരോ പദമുപയോഗിച്ചു പരാമർശിക്കുമ്പോഴും ഓരോ തരത്തിലും പ്രക്രിയയിലും വിവർത്തനത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.
വിവർത്തനവും വിവർത്തനപഠനവും മുൻപെന്നത്തെക്കാളും പ്രാധാന്യത്തോടെ വായനയിലും സാംസ്കാരികചിന്തയിലും സ്ഥാനം നേടിയെടുക്കുന്നുണ്ട്, ഇപ്പോൾ. ഘടനാവാദാനന്തര ചിന്തയും സാംസ്കാരികപഠനവും ലിംഗപഠനങ്ങളുമൊക്കെ കോളനിയനന്തരപഠനവിവർത്തനപഠനത്തിൽ പുലർത്തുന്ന സമീപനങ്ങൾ ഈ സ്ഥാനത്തെ ഏറെ പ്രസക്തമാക്കുക തന്നെ ചെയ്യുന്നു. ആത്യന്തികമായി വിവർത്തിതകൃതിയുടെ വായന ഒരു സാഹിത്യകൃതിയുടെ വായനതന്നെയായി അനുഭവപ്പെടണം എന്നതാണ് പരമപ്രധാനമായ സംഗതി. മലയാളത്തിൽ അനുദിനം പുറത്തുവരുന്ന വിവർത്തനങ്ങൾക്ക് അതിനു കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം.
രണ്ടു ഭാഷകൾ തമ്മിലുളള സാംസ്കാരിക ഉടമ്പടിയെന്നനിലയിൽ രൂപംകൊളളുന്ന സാഹിത്യവിവർത്തനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിഖ്യാത കോളനിയനന്തര സൈദ്ധാന്തികനും ഭാഷാചിന്തകനും ആഫ്രിക്കൻ എഴുത്തുകാരനുമായ എൻഗൂഗി വാ തിയോംഗോ പറയുന്നതു കേൾക്കുക: “Translation seen as conversation- for conversation assumes equality among the speakers-is clearly the language of languages, the language that all languages should speak” (Grossman, 35). നിരൂപകനായ ജയിംസ്വുഡ് ഈ ആശയംതന്നെ കുറെക്കൂടി വിശദമായവതരിപ്പിക്കുന്നതിങ്ങനെയാണ്: ‘Literary translators tend to divide into what one could call originalists and activists. The former honor the original text’s quiddities, and strive to reproduce them as accurately as possible in the translated language; the latter are less concerned with literal accuracy than which the transposed musical appeal of the new work. Any decent translator must be a bit of both… Translation is not a transfer of meaning from one language to another, but a dialogue between two languages’ (Grossman, 48).
സൂസൻ ബാസ്നറ്റ് (1980-Translation Studies), മോണാബേക്കർ (1998-Routledge Encyclopedia of Translation Studies), ലോറൻസ് വെനൂറ്റി (1998-Routledge Encyclopedia of Translation Studies), ഒലിവ്ക്ലാസ് (1998-Routledge Encyclopedia of Translation Studies), പീറ്റർ ഫ്രാൻസ് (2000-Oxford Guide to literature in English Translation)തുടങ്ങിയവരുടെ ഇടപെടലുകൾ വിവർത്തനപഠനത്തെ അക്കാദമിക വിമർശനത്തിന്റെ നടുത്തളത്തിൽ പ്രതിഷ്ഠിച്ചപ്പോൾ 1992-ൽ വിയന്നയിൽ രൂപംകൊണ്ട യൂറോപ്യൻ സൊസൈറ്റി ഫോർ ട്രാൻസ്ലേഷൻ സ്റ്റഡീസിന്റെയും നിരവധിയായ വിവർത്തനപഠനജേണലുകളുടെയും നേതൃത്വത്തിൽ നടന്ന എത്രയെങ്കിലും സെമിനാറുകളും ചർച്ചകളും ഈ വിഷയത്തിന്റെ പഠനസാധ്യതകളെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. സൈദ്ധാന്തികവും രീതിശാസ്ത്രപരവും പ്രായോഗികവുമായ വിവർത്തനസംവാദങ്ങൾ ഇന്ന് ലോകമെങ്ങും സാഹിത്യപഠനത്തിന്റെ സജീവഭാഗമാണ്. കൊളോണിയൽ സാംസ്കാരികാധിനിവേശയുക്തിയുടെ ഭാഗമായി രൂപംകൊണ്ട ‘താരതമ്യസാഹിത്യപഠന‘ത്തെ മാറ്റിപ്രതിഷ്ഠിച്ചുകൊണ്ടാണ് യഥാർഥത്തിൽ 1980 കളിൽ വിവർത്തനപഠനം നിലവിൽ വന്നത്. ആ രാഷ്ട്രീയസ്വഭാവം നിലനിർത്തുകയെന്ന സാംസ്കാരികദൗത്യം വിവർത്തനങ്ങളും വിവർത്തനപഠനങ്ങളും ഏറ്റെടുക്കുന്നുണ്ടോ എന്നതാണ് ഏറ്റവും കാതലായ ചോദ്യം. ഇ.ജന്റ്സ്ലർ (E. Gentzler) സൂചിപ്പിക്കുന്നതുപോലെ, ശീതയുദ്ധാനന്തര-ആഗോളവൽകൃതലോകത്തിന്റെ രാഷ്ട്രീയ-സാമൂഹ്യപശ്ചാത്തലത്തിലാണ് വിവർത്തനചർച്ചകൾ ഈയൊരു സാർവലൗകിക പ്രാധാന്യം നേടിക്കൊടുത്തത് എന്നും പറയാം. മാർക്സിസ്റ്റ്, ഘടനാവാദാനന്തര, കോളനിയനന്തര, സ്ത്രീവാദ, വംശീയവാദ, കീഴാള, സാംസ്കാരികപഠനസമീപനങ്ങളൊന്നടങ്കം ഈ മണ്ഡലത്തിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. തത്വചിന്ത, ഭാഷാശാസ്ത്രം, നരവംശശാസ്ത്രം, മതവിജ്ഞാനം, സാഹിത്യവിമർശനം, ചരിത്രം, കോളനിയനന്തരവാദം, സ്ത്രീ-ദലിത് പഠനങ്ങൾ, പ്രത്യയശാസ്ത്രപഠനം, അന്തർവൈജ്ഞാനികപഠനം, മാധ്യമപഠനം എന്നിങ്ങനെ ഒരു സൈദ്ധാന്തിക, വൈജ്ഞാനിക, പഠനപദ്ധതിയും മേഖലയും വിവർത്തനപഠനത്തിനു പുറത്തല്ല എന്നതാണ് വാസ്തവം. ആധുനികാനന്തര മലയാളനോവലിൽ, മലയാളത്തിലേക്കും മലയാളത്തിൽ നിന്നുമുളള വിവർത്തനങ്ങളുടെ വിശകലനം മേല്പറഞ്ഞ ഏതു സാംസ്കാരികതലവും മുൻനിർത്തി നടത്താവുന്നതാണ്.
1850 കളിൽ എഴുതപ്പെട്ട Slayer’s slain എന്ന ഇംഗ്ലീഷ്നോവലിന് 1870കളിലുണ്ടായ ‘ഘാതകവധ‘ മെന്ന ഭാഷാന്തരമാണ് മലയാളത്തിലെ ആദ്യത്തെ നോവൽവിവർത്തനം. ബംഗാളിയിലെഴുതപ്പെട്ട ഫുൽമ്മോണി….. 1858ൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു എന്ന നിരീക്ഷണവുമുണ്ട്. തുടർന്നിങ്ങോട്ട് ഇന്ത്യൻഭാഷകളിലും വിദേശഭാഷകളിലുംനിന്ന് നൂറുകണക്കിനു നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുപോരുന്നു. മുഖ്യമായും ബംഗാളി, ഹിന്ദിഭാഷകളിൽ നിന്നുള്ളവയാണ് ഇന്ത്യൻനോവലുകൾ. നാലപ്പാടന്റെയും കേസരിയുടെയും മറ്റും ശ്രമങ്ങൾ സൃഷ്ടിച്ച പ്രചോദനത്തിൽ ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ, ഇറ്റാലിയൻ, അമേരിക്കൻ, ഇംഗ്ലീഷ് നോവലുകളും വിവർത്തനം ചെയ്യപ്പെട്ടു.
ഒ. ചന്തുമേനോനാണ് വിവർത്തനത്തിന്റെ സാധ്യതകളും പരിമിതികളും തന്റെ നോവൽഭാവനയുടെതന്നെ അടിസ്ഥാനമണ്ഡലമായി ചിത്രീകരിച്ച ആദ്യ മലയാളി. അടിമുടി ഇംഗ്ലീഷാണ് നോവലിന്റെ കലയും പ്രത്യയശാസ്ത്രവുമെന്നും അതുവഴി മലയാളനോവലിന്റെ ഭാവുകത്വംതന്നെയെന്നും മേനോൻ തിരിച്ചറിഞ്ഞിരുന്നു (‘ഘാതകവധം‘ തൊട്ടുളള മിഷനറിരചനകൾക്കു പിന്നിലും ഈ നോവൽബോധം കണിശമായുണ്ടായിരുന്നു). പി.കെ. ബാലകൃഷ്ണൻ പറഞ്ഞതുപോലെ, ഇംഗ്ലീഷായിരുന്നു ചന്തുമേനോന്റെ മതവും ഫിലോസഫിയും. ഇന്ദുലേഖ ഒന്നാം അച്ചടിപ്പിന്റെ അവതാരിക ചന്തുമേനോൻ ആരംഭിക്കുന്നതിങ്ങനെയാണ്:
‘1886 ഒടുവിൽ കോഴിക്കോട് വിട്ട മുതൽ ഞാൻ ഇംക്ലീഷ് നോവൽ പുസ്തകങ്ങൾ അധികമായി വായിക്കാൻ തുടങ്ങി. ഗവർമ്മെണ്ട് ഉദ്യോഗമൂലമായ പ്രവൃത്തി ഇല്ലാതെ വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്ന എല്ലാ സമയത്തും നോവൽ വായനകൊണ്ടുതന്നെ കാലക്ഷേപമായി. ഇതു നിമിത്തം സാധാരണ ഞാനുമായി സംസാരിച്ചു വിനോദിച്ചു സമയം കഴിക്കുന്ന എന്റെ ചില പ്രിയപ്പെട്ട ആളുകൾക്കു കുറെ കുണ്ഠിതം ഉണ്ടായതായി കാണപ്പെട്ടു. അതുകൊണ്ടു ഞാൻ നോവൽ വായനയെ ഒട്ടും ചുരുക്കിയില്ലെങ്കിലും ഇവരുടെ പരിഭവം വേറേ വല്ലവിധത്തിലും തീർക്കാൻ കഴിയുമോ എന്നു ശ്രമിച്ചു. ആ ശ്രമത്തിൽ ഒന്ന് ചില നോവൽബുക്കു വായിച്ചു കഥയുടെ സാരം ഇവരെ മലയാളത്തിൽ തർജ്ജമ ചെയ്തു ഗ്രഹിപ്പിക്കുന്നതായിരുന്നു. രണ്ടു മൂന്നു നോവൽ ബുക്കുകൾ അവിടവിടെ ഇങ്ങിനെ തർജ്ജമ ചെയ്തു പറഞ്ഞുകേട്ടതിൽ ഇവർ അത്ര രസിച്ചതായി കാണപ്പെട്ടില്ല. ഒടുവിൽ ദൈവഗത്യാ ലോർഡ് ബീക്കൻസ്ഫീൽഡ് ഉണ്ടാക്കിയ ‘ഹെന്റിയിട്ട് ടെംപൾ‘എന്ന നോവൽ ഇവരിൽ ഒരാൾക്കു വളരെ രസിച്ചു. അതുമുതൽ ആ ആൾക്കു നോവൽ വായിച്ചു കേൾക്കാൻ ബഹു താൽപര്യം തുടങ്ങി, ക്രമേണ കലശലായിത്തീർന്നു. തർജ്ജമ പറഞ്ഞു കേൾക്കേണമെന്നുള്ള തിരക്കിനാൽ എനിക്കു സൈ്വരമായി ഒരു ബുക്കും വായിപ്പാൻ പലപ്പോഴും നിവൃത്തിയില്ലാതെ ആയിവന്നു. ചിലപ്പോൾ വല്ല ‘ലോബുക്കും‘ താനേ ഇരുന്നു വായിക്കുമ്പോൾക്കൂടി അതു ”നോവൽ ആണ്, തർജ്ജമ പറയണം,” എന്നു പറഞ്ഞു ശാഠ്യം തുടങ്ങി. ഏതെങ്കിലും, മുമ്പുണ്ടായിരുന്ന പരിഭവം തീർക്കാൻ ശ്രമിച്ചതു വലിയ തരക്കേടായിത്തീർന്നു എന്ന് എനിക്കു തന്നെ തോന്നി. ഒടുവിൽ ഞാൻ മേല്പറഞ്ഞ ബീക്കൻസ് ഫീൽഡിന്റെ നോവൽ ഒന്നു തർജ്ജമ ചെയ്ത് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഞാൻ ആദ്യത്തിൽ സമ്മതിച്ചു. പിന്നെ കുറെ തർജ്ജമചെയ്തു നോക്കിയപ്പോൾ അങ്ങനെ തർജ്ജമ ചെയ്യുന്നതു കേവലം നിഷ്പ്രയോജനമാണെന്ന് എനിക്കു തോന്നി.
ഇംക്ലീഷ് അറിഞ്ഞുകൂടാത്ത എന്റെ ഇഷ്ടജനങ്ങളെ ഒരു ഇംക്ലീഷ് നോവൽ വായിച്ചു തർജ്ജമയാക്കി പറഞ്ഞ് ഒരുവിധം ശരിയായി മനസ്സിലാക്കാൻ അത്ര പ്രയാസമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നാൽ തർജ്ജമയായി എഴുതി കഥയെ ശരിയായി ഇവരെ മനസ്സിലാക്കാൻ കേവലം അസാദ്ധ്യമാണ് എന്നു ഞാൻ വിചാരിക്കുന്നു. തർജ്ജമയായി എഴുതിയതു വായിക്കുമ്പോൾ ആ എഴുതിയതു മാത്രമേ മനസ്സിലാകയുള്ളു. അതുകൊണ്ടു മതിയാകയില്ല. ഇംഗ്ലീഷിന്റെ ശരിയായ അർത്ഥം അപ്പപ്പോൾ തർജ്ജമയായി പറഞ്ഞു മനസ്സിലാക്കുന്നതാണെങ്കിൽ ഓരോ സംഗതി തർജ്ജമ ചെയ്തു പറയുന്നതോടു കൂടി അതിന്റെ വിവരണങ്ങൾ പലേ ഉപസംഗതികളെക്കൊണ്ട് ഉദാഹരിച്ചും വാക്കുകളുടെ ഉച്ചാരണഭേദങ്ങൾകൊണ്ടും ഭാവംകൊണ്ടും മറ്റും കഥയുടെ സാരം ഒരുവിധം ശരിയായി അറിയിപ്പാൻ സാധിക്കുന്നതാണ്. അങ്ങിനെയുള്ള വിവരണങ്ങളും പരിഭാഷകളും ഉപസംഗതികളും മറ്റും നേർതർജ്ജമയായി എഴുതുന്നതിൽ ചേർത്താൽ ആകപ്പാടെ തർജ്ജമ വഷളായി വരുമെന്നുള്ളതിനു സംശയമില്ലാതാകുന്നു. പിന്നെ ഇംക്ലീഷ് നോവൽ പുസ്തകങ്ങളിൽ ശൃംഗാരരസപ്രധാനമായ ഘട്ടങ്ങൾ മലയാളഭാഷയിൽ നേർതർജ്ജമയാക്കി എഴുതിയാൽ വളരെ ഭംഗിയുണ്ടാകയില്ല. ഈ സംഗതികളെ എല്ലാംകൂടി ആലോചിച്ച് ഒരു നോവൽബുക്ക് ഏകദേശം ഇംക്ലീഷ് നോവൽ ബുക്കുകളുടെ മാതിരിയിൽ മലയാളത്തിൽ എഴുതാമെന്ന് ഞാൻ നിശ്ചയിച്ച് എന്നെ ബുദ്ധിമുട്ടിച്ചാളോടു വാഗ്ദത്തം ചെയ്തു. ഈ കരാർ ഉണ്ടായത് കഴിഞ്ഞ ജനുവരിയിലാണ്. ഓരോ സംഗതി പറഞ്ഞ് ജൂൺമാസം വരെ താമസിച്ചു. പിന്നെ ബുദ്ധിമുട്ടു നിവൃത്തിയില്ലാതെ ആയി. ജൂൺ 11- നു മുതൽ ഈ ബുക്കു ഞാൻ എഴുതിത്തുടങ്ങി; ആഗസ്ത് 17- നു അവസാനിപ്പിച്ചു. ഇങ്ങിനെയാണ് ഈ പുസ്തകത്തിന്റെ ഉത്ഭവത്തിനുള്ള കാരണം‘.
നോവലും തർജമയും തമ്മിൽ കോളനിരാജ്യങ്ങളിലുണ്ടായിരുന്ന ബന്ധത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ ആഴങ്ങൾ സൂചിപ്പിക്കാനാണ് ഈ ഉദ്ധരണി ഇത്രയും ദീർഘമായവതരിപ്പിച്ചത്. അച്ചടി, ഇംഗ്ലീഷ് വിദ്യാഭ്യാസം, പുസ്തകം, നോവൽ തുടങ്ങിയവയിലൂടെ യാഥാർഥ്യമായിത്തീർന്ന ഇന്ത്യൻ ആധുനികതയുടെ പ്രമുഖ വക്താക്കളിലൊരാളായി ചന്തുമേനോൻ മാറിയതും ഈ തിരിച്ചറിവിലൂടെയാണ്. (ഈ വിഷയത്തിന്റെ കൂടുതൽ ചർച്ചക്ക് കാണുക: ഷാജി ജേക്കബ്, 2014, ‘പൊതുമണ്ഡലവും മലയാളഭാവനയും‘ , കൈരളി ബുക്സ്, കണ്ണൂർ)
നാലപ്പാടന്റെ ‘പാവങ്ങൾ‘ തർജമയാണ് (1925) പിന്നീട് മലയാളനോവലിന്റെ വഴിതിരിച്ചുവിട്ട സന്ദർഭം. രണ്ടു കാഴ്ചപ്പാടുകളാണ് അക്കാലത്ത് നോവൽതർജമയെ നിയന്ത്രിച്ചിരുന്നത്. ഒന്ന്, പ്രമേയപരമായി വിദേശ, അന്യഭാഷാ നോവലുകളവതരിപ്പിച്ച പുതുമകൾ മലയാളിയുടെ ജീവിതബോധത്തിലും രാഷ്ട്രീയനിലപാടുകളിലും സൃഷ്ടിച്ച സ്വാധീനം. രണ്ട്, തർജമയുടെ ഭാഷാശൈലി മലയാളത്തിനു കൈവരുത്തിയ നവീനതകൾ. ആദ്യഘടകം മുഖ്യമായും തുടർന്നുളള ദശകങ്ങളിൽ ജീവൽ, പുരോഗമനസാഹിത്യപ്രവർത്തകരുടെ രാഷ്ട്രീയാവബോധത്തെയും റിയലിസത്തിന്റെ ഭാവുകത്വ സ്വരൂപങ്ങളെയും മാറ്റിമറിച്ചപ്പോൾ രണ്ടാമത്തെ ഘടകം മലയാളഗദ്യത്തിന്റെ സൗന്ദര്യശീലങ്ങളെ പുതുക്കിപ്പണിതു.
‘പാവങ്ങൾ‘ എഴുതപ്പെട്ടതുതന്നെ ഒരു ‘ലോക‘നോവലായാണ്; ഫ്രഞ്ചുനോവലായല്ല. സ്വാഭാവികമായും ആ കാലത്തിന്റെ മാനവികരാഷ്ട്രീയത്തെ ലോകമെങ്ങും പ്രചരിപ്പിക്കാൻ ഈ നോവലിന്റെ വിവർത്തനത്തിനു കഴിഞ്ഞു. മലയാളവും ഇതിനപവാദമായില്ല. ചില കൃതികളങ്ങനെയാണ്. അവ വിവർത്തനത്തിലൂടെ ലോകമെങ്ങുമുളള മനുഷ്യരോട് സംവദിക്കുന്നതിനുവേണ്ടിത്തന്നെ എഴുതപ്പെടുന്നു. വിക്ടർ ഹ്യൂഗോവിന്റെ ലെമിറാബ്ലെയുടെ വിഖ്യാതമായ ആമുഖം നാലപ്പാടൻ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കു:
”പാവങ്ങൾ‘ എന്ന പുസ്തകം എല്ലാ രാജ്യങ്ങൾക്കും വേണ്ടി എഴുതപ്പെട്ടതാണെന്ന് നിങ്ങൾ പറഞ്ഞത് ശരിയാണ്. അതെല്ലാവരും വായിച്ചുനോക്കുമോ എന്ന് എനിക്കറിഞ്ഞുകൂട. പക്ഷേ, ഞാൻ അതെല്ലാവർക്കുംകൂടി എഴുതിയിട്ടുള്ളതാണ്. അത് ഇംഗ്ലണ്ടെന്നപോലെ സ്പെയിനും, ഇറ്റലിയെന്നപോലെ ഫ്രാൻസും, ജർമ്മനിയെന്നപോലെ ഐർലാണ്ടും, അടിമകളുളള പ്രജാധിപത്യരാജ്യമെന്നപോലെ അടിയാരുള്ള ചക്രവർത്തി ഭരണരാജ്യങ്ങളും ഒരേവിധം കേൾക്കണമെന്നുവച്ച് എഴുതപ്പെട്ടിട്ടുള്ളതാണ്. സാമുദായികങ്ങളായ വിഷമതകൾ രാജ്യസീമകളെ കവച്ചുകിടക്കുന്നു. മനുഷ്യജാതിക്കുള്ള വ്രണങ്ങൾ, ഭൂപടത്തിൽ വരയ്ക്കപ്പെട്ട ചുകന്നതോ നീലിച്ചതോ ആയ ഓരോ അതിർത്തിയടയാളം കണ്ടതുകൊണ്ടു നില്ക്കുന്നില്ല. മനുഷ്യൻ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകൾ എവിടെ വില്ക്കപ്പെടുന്നു, അറിവുണ്ടാകാനുള്ള ഗ്രന്ഥവും തണുപ്പുമാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ എന്ന പുസ്തകം വാതിക്കൽ മുട്ടി വിണു പറയും, ‘എനിക്കുവേണ്ടി വാതിൽ തുറക്കുക, ഞാൻ വരുന്നത് നിങ്ങളെ കാണാനാണ്‘.
നാം ഇപ്പോൾ കടന്നുപോരുന്നതും, ഇപ്പോഴും അത്രമേൽ ദുഃഖമയവുമായ പരിഷ്കാരഘട്ടത്തിൽ – പാവങ്ങളുടെ പേർ ‘മനുഷ്യൻ‘ എന്നാണ്. അവൻ എല്ലാ രാജ്യത്തും കിടന്നു കഷ്ടപ്പെടുന്നു. എന്നല്ല എല്ലാ ഭാഷകളിലും നിലവിളിക്കുന്നു‘.
നാലപ്പാടന്റെ വിവർത്തനഭാഷ വിശകലനം ചെയ്തുകൊണ്ട് കുറ്റിപ്പുഴ കൃഷ്ണപിളള ചൂണ്ടിക്കാണിക്കുന്ന ഒരാശയം ശ്രദ്ധേയമാണ്. ‘കൈരളീത്വം‘ കൈവെടിഞ്ഞ് വിദേശവേഷം കെട്ടിയ ഭാഷയാണ് നാലപ്പാടന്റേത് എന്ന വിമർശനം കൃഷ്ണപിളള ചർച്ചക്കെടുക്കുന്നു. എന്നിട്ട്, മലയാളത്തിന് ഇണങ്ങാത്ത ശൈലികളും പ്രയോഗങ്ങളും തന്റെ തർജമയിൽ നാലപ്പാടൻ സ്വീകരിക്കുന്നത്, അത്തരം വാങ്മയങ്ങൾ മലയാളത്തിൽ ഇല്ലാത്തതുകൊണ്ടാണെന്നു സമർഥിക്കുന്നു. എന്നുവച്ചാൽ, ചരിത്രപരമായിത്തന്നെ മലയാളഭാഷയെ നവീകരിക്കേണ്ട ബാധ്യത നാലപ്പാടൻ തന്റെ തർജമയിൽ തിരിച്ചറിയുകയും ഏറ്റെടുക്കുകയുമായിരുന്നു എന്നർഥം.
പരിഭാഷയുടെ ഭാഷാക്രമം എന്താവണം എന്നതിനെക്കുറിച്ച് എക്കാലത്തും തർക്കങ്ങളുണ്ട്. വിജ്ഞാനഭാഷ മുതൽ സാഹിത്യഭാഷവരെയുളളവയുടെ ‘മലയാളിത്തം‘ എന്നും ഒരു പ്രശ്നമേഖലയാണ്. സ്രോതഭാഷാസംസ്കാരം നിലനിർത്തുകയാണോ, ലക്ഷ്യഭാഷാസംസ്കാരം സാധ്യമാക്കുകയാണോ തർജമചെയ്യേണ്ടത് എന്നീ ചോദ്യങ്ങളും നിലനിൽക്കുന്നു. ‘ശുദ്ധമലയാളം‘ എന്നൊന്നില്ല എന്ന നിലപാടിൽ ഉറച്ചുനിന്ന്, 1957-ൽ കോട്ടയത്തു നടന്ന സമസ്തകേരളസാഹിത്യപരിഷത്തിൽ ചെയ്ത പ്രസംഗത്തിൽ പി.കെ. ബാലകൃഷ്ണൻ, പരിഭാഷയിലൂടെ മലയാളഭാഷയും സാഹിത്യവും കൈവരിക്കുന്ന നവജീവന്റെ ഭിന്നമുഖങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. മലയാളത്തിൽ ഇല്ലാത്ത വിഷയങ്ങൾ തർജമചെയ്യുമ്പോഴുളള ‘മലയാളീകരണ‘മെന്ന മഹാവ്യാധിയെക്കുറിച്ചദ്ദേഹം എടുത്തുപറയുന്നു: “Boiling point-ന് ക്വഥനാങ്കമെന്നും ആർക്കുമറിയാവുന്ന ഓക്സിജനും ഹൈഡ്രജനും ആ അമ്ളം, ഈ അമ്ളം എന്നുമൊക്കെ എഴുതി സ്വന്തം ഭാര്യമാരെ പഠിപ്പിക്കുകയല്ല, ഇവിടെ ചിലർ ചെയ്തത്. ഗവൺമെന്റംഗീകാരമുളള പാഠപുസ്തകങ്ങൾ നിറയെ ഈ ഭാഷാകുഷ്ഠമാണ്. പൊതുനിരത്തിൽവച്ച് തെരണ്ടിവാലിനടിക്കേണ്ടവരായി ആരെങ്കിലും ലോകത്തുണ്ടെങ്കിൽ അത് ഈ ‘ക്വഥനാങ്ക‘ദ്രോഹികളാണ്, തീർച്ച. …..മലയാളഗദ്യത്തിന്റെ ശബ്ദലയത്തിൽ വലിയ കല്ലുകടിയാവാത്തതും സാമാന്യം സാങ്കേതികച്ചുവയുളളതുമായ എല്ലാ ഇംഗ്ലീഷ്പദങ്ങളും കലവറകൂടാതെ സ്വീകരിച്ച് പ്രയോഗസാധാരണമാക്കാതെ നമ്മുടെ സാങ്കേതിക നിലവാരം മാത്രമല്ല ഭാഷയിലെ സാഹിത്യംപോലും വേണ്ടത്ര ആഴം കൈവരിക്കുകയില്ല”(2006:232). നാലപ്പാടന്റെ ‘പാവങ്ങൾ‘ വിവർത്തനം മലയാളത്തിന്റെ ജീനിയസായി മാറിയത് ഈ യാഥാസ്ഥിതിക നിലപാട് മറികടന്നതുമൂലമാണ്.
മലയാളനോവലിന്റെ സുവർണകാലത്ത് ലോകമെങ്ങുംനിന്നു തർജമ ചെയ്യപ്പെട്ട കൃതികളുടെ സൗന്ദര്യമൂല്യം നിശ്ചയമായും അവയുടെ രാഷ്ട്രീയമൂല്യത്തിനു താഴെയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ക്ലാസിക്കുകളുടെ കാര്യത്തിൽപോലും ഇതു വ്യത്യസ്തമായിരുന്നില്ല. ഹ്യൂഗോക്കുപിന്നാലെ ടോൾസ്റ്റോയി, ദസ്തയവ്സ്കി, ഷൊളൊഖൊവ്, പാസ്തർനാക്, ഫ്ളോബർ, ബൽസാക്ക്, സോള, ഹെമിംഗ്വേ, ഹാർഡി, ലോറൻസ്….എന്നിങ്ങനെ വിഖ്യാതരായ നോവലിസ്റ്റുകളുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇവയിൽ ചിലതെങ്കിലും മലയാളത്തിലെ ഭേദപ്പെട്ട നോവൽവിവർത്തനങ്ങളായി കരുതപ്പെടുകയും ചെയ്യുന്നു. വിശേഷിച്ചും, എൻ.കെ. ദാമോദരന്റെയും മറ്റും ശ്രമങ്ങൾ. നോവൽതർജമയിൽ ദാമോദരൻ സ്വീകരിച്ച താൽപര്യവും സമീപനവും ഏറെ വാഴ്ത്തപ്പെട്ടവയാണ്. ‘The Insulted and the Injured’എന്ന ദസ്തയവ്സ്കിയൻ നോവലിന് ‘നിന്ദിതരും പീഡിതരും‘ എന്നും The Possessed – ന് ‘ഭൂതാവിഷ്ടർ‘ എന്നും അദ്ദേഹം നൽകിയ ശീർഷകങ്ങൾപോലും ക്ലാസിക്കായി മാറി. എന്തുകൊണ്ട് ദസ്തയവ്സ്കി? ദാമോദരൻ എഴുതുന്നു: ഇന്നോളം പതിനഞ്ചു ഗ്രന്ഥങ്ങൾ ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്. പലതും ബൃഹത്തായ ഗ്രന്ഥങ്ങളാണ്. അവയിൽ ഏഴെണ്ണം ദസ്തയേവ്സ്കിയൻ നോവലുകളാണ്. അവ എന്നെ സവിശേ,ഷം ആകർഷിക്കുകയാലാണ് ഞാൻ അവയുടെ വിവർത്തനത്തിനു മുതിർന്നത്. തീവ്രാനുഭവസങ്കുലമായ ജീവിതാനുഭവങ്ങളുടെ മുദ്ര എനിക്കവയിൽ കാണാൻ കഴിഞ്ഞു. മഹത്തായ പ്രശ്നങ്ങളാണ് അവയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മനുഷ്യമനസ്സിന്റെ നിഗൂഢമേഖലകളിൽ നൂണിറങ്ങുന്നതിനും അവിടെ നടക്കുന്ന ചലനങ്ങൾ സസൂക്ഷ്മം ചിത്രീകരിക്കുന്നതിനും ദസ്തയേവ്സ്കി പ്രദർശിപ്പിക്കുന്ന കഴിവ് അപാരമാണ്. ജീവിതവീക്ഷണത്തിനു വികാസം നല്കാനും വിചാരവികാരങ്ങളെ ഉദാത്തവത്കരിക്കാനും പോന്നവയാണ് അദ്ദേഹത്തിന്റെ നോവലുകൾ. ഒരു പുതിയലോകം തുറന്നുകിട്ടിയ പ്രതീതിയാണ് അവയുടെ പാരായണം എന്നിൽ ഉളവാക്കിയത്. ഉത്കൃഷ്ടനോവലുകളുടെ സ്വഭാവം എന്തെന്ന് പൈങ്കിളി നോവലുകളിൽ സായൂജ്യം കണ്ടിരുന്ന മലയാളവായനക്കാരെ കാണിച്ചുകൊടുക്കണമെന്ന ഉദ്ദേശ്യവും എന്റെ വിവർത്തനയത്നത്തിനു പ്രേരകമായിട്ടുണ്ട്‘.
എന്തായിരുന്നു, വിവർത്തനപ്രക്രിയയിൽ അദ്ദേഹം കൈക്കൊണ്ട രീതി? ‘ഭൂതാവിഷ്ട‘രുടെ വിവർത്തകക്കുറിപ്പിൽ ദാമോദരൻ വിശദീകരിക്കുന്നു: ‘എന്റെ വിവർത്തന സമ്പ്രദായത്തെപ്പറ്റി ഞാൻ എന്തെങ്കിലും പറയേണ്ടതാണെന്നൊരു സൂചന ഒരു പ്രഗത്ഭമതിയായ സുഹൃത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. എനിക്കു തൽസംബന്ധമായി വളരെയൊന്നും പറയാനില്ല. സിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരുന്നത് അപകടമാണെന്നാണ് എന്റെ അഭിപ്രായം. പദാനുപദവിവർത്തനത്തിനല്ല ഞാൻ ഒരുമ്പെട്ടിട്ടുള്ളത്. കേവലം ആശയാനുവാദത്തിനുമല്ല. ഒരു മധ്യമാർഗ്ഗമാണ് ഞാൻ അവലംബിച്ചുപോന്നിട്ടുള്ളതെന്നും പറയാം. മൂലകൃതിയിലെ ആശയം ചോർന്നു പോകാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിച്ചും മലയാളശൈലിക്ക് ഇണങ്ങുംവിധം മൂലകൃതിയിലെ പദങ്ങൾക്കു സമാനമായ പദങ്ങൾ തേടിപ്പിടിച്ചുമാണ് ഞാൻ വിവർത്തനം നിർവഹിക്കാറ്. വേണ്ടി വന്നാൽ നീണ്ട വാക്യങ്ങൾ മുറിച്ചു ചെറുതാക്കും. ഒഴിവാക്കിയാൽ കുഴപ്പമില്ലാത്ത വിരസവാക്യങ്ങൾ ഉപേക്ഷിക്കും. ഒരു തർജ്ജമയാണെന്നു തോന്നാത്ത വിധത്തിലുള്ള സംസ്കരണം ആവുന്നത്ര നടത്തും‘ .
വിവർത്തനകലയിൽ ദാമോദരൻ പുലർത്തിയ ഉന്നതമായ നിലവാരത്തെക്കുറിച്ച് കെ.പി. അപ്പൻ നടത്തുന്ന ശ്രദ്ധേയമായ നിരീക്ഷണമിങ്ങനെയാണ്: ‘ദസ്തയേവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാർ‘ എന്ന നോവൽ ഞാൻ മലയാളത്തിലാണു വായിച്ചത്. എൻ.കെ ദാമോദരന്റെ രചനയായിരുന്നു അത്. അതു ഞാൻ പലപ്രാവശ്യം ബൈബിൾ വായിക്കുന്നതുപോലെ വായിച്ചു. വർഷങ്ങൾക്കു മുമ്പാണത്. അന്നു ഞാൻ കൊമ്പുമുളയ്ക്കാത്ത ഒരാട്ടിൻകുട്ടിയായിരുന്നു. എന്നിട്ടും ആ പരിഭാഷ എനിക്ക് ഒരുപാടു കരുത്തു നല്കി. ആ പരിഭാഷയിലൂടെ കൊടുമുടികളെ സ്പർശിക്കാൻ എൻ.കെ. ദാമോദരൻ എന്നെ പഠിപ്പിച്ചു. പിതൃഹത്യയെക്കുറിച്ചുള്ള ഇവാന്റെ പ്രസാദം നിറഞ്ഞ വചനങ്ങൾ, ദൈവനിഷേധത്തിന്റെ രൗദ്രസ്തോത്രങ്ങൾ. ഉന്നതനായ മതദ്രോഹിവിചാരകന്റെ യുക്തിവിചാരം, ചരമപ്രസംഗം – ഇതെല്ലാം മലയാളഭാവനയിൽ നിന്നും കിട്ടുന്ന സംവേദനങ്ങൾ പരിഭാഷപ്പെടുത്തുകയല്ല. ദസ്തയേവ്സ്കിയുടെ ഇരുണ്ട രാജപദവിയുള്ള ശ്രേഷ്ഠമായ മനസ്സിൽ നിന്നു മലയാളവചനം എടുത്തുതരുകയാണു ചെയ്യുന്നത്. വിവർത്തനപ്രതിഭയുടെ ആ ഉജ്ജ്വലമായ കടും നീലവർണം എന്നിൽനിന്നും പൂർണമായ ആദരവു പിടിച്ചു പറ്റുകയും ചെയ്തു. അദ്ദേഹം ഉന്നതനായ പരിഭാഷകനാണ്…..
ദസ്തയേവ്സ്കിയുടെ മറ്റു നോവലുകൾ പരിഭാഷപ്പെടുത്തിയപ്പോൾ പ്രകടിപ്പിച്ച വാശിയേറിയ അന്വേഷണം ‘ഭൂതാവിഷ്ട‘രുടെ പരിഭാഷയിലും അദ്ദേഹം തുടർന്നു. പരിഭാഷ അദ്ദേഹത്തിനു യാന്ത്രികമായ ഒരു പ്രവൃത്തിയല്ല, ആത്മീയമായൊരാവശ്യവും അന്വേഷണവുമാണ്. ഈ സ്വഭാവം എൻ. ദാമോദരനെ ഉന്നതനായ പരിഭാഷകനാക്കിത്തീർക്കുന്ന മറ്റൊരു ഘടകമാണ്. ദസ്തയേവ്സ്കിയുടെ കത്തുകളും നോവലിനെക്കുറിച്ചുള്ള വിമർശനങ്ങളും ‘ഭൂതാവിഷ്ട‘രെ ആസ്പദമാക്കി കാമ്യു എഴുതിയ നാടകവും അദ്ദേഹം വായിച്ചു നോക്കി. നോവലിസ്റ്റിന്റെ വംശപാരമ്പര്യംപോലും അദ്ദേഹം മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇങ്ങനെ നോവലിന്റെ നിർമാണത്തിനുമുൻപ് എഴുത്തുകാരൻ സഞ്ചരിച്ചിരുന്ന പിൻപാതകളും തെളിക്കാത്ത വനപ്രദേശംപോലുള്ള ദസ്തയേവ്സ്കിയുടെ മനസ്സും പൂർണമായും മനസ്സിലാക്കിക്കൊണ്ടാണ് ഈ ഉന്നതനായ പരിഭാഷകൻ ‘ഭൂതാവിഷ്ട‘ർക്കു മലയാളരൂപം നല്കിയത്. ദസ്തയേവ്സ്കിയുടെ കൃതികൾ മലയാളസ്വാഭാവികതയിൽ നമുക്കു കിട്ടുന്നത് എൻ.കെ ദാമോദരനിൽനിന്നാണ്…..
ഇംഗ്ലീഷ് വാക്കുകൾക്കു പകരം മലയാളപദങ്ങൾ യാന്ത്രികമായി എടുത്തുവെയ്ക്കുകയല്ല ഇവിടെ ചെയ്യുന്നത്. ആ റഷ്യൻഭാവത്തെ മലയാളഭാഷയുടെ സ്വാഭാവികതയിലേക്കു കൊണ്ടുവരുകയാണ്……. ചെറിയ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ടാണ് ഈ സ്വാഭാവികത അദ്ദേഹം നേടിയെടുക്കുന്നത്. ഈ സ്വഭാവം ഭൂതാവിഷ്ടരുടെ പരിഭാഷയിൽ ഉടനീളം കാണാം. വിവർത്തനത്തിന്റെ നിമിഷങ്ങളിൽ ഏതോ സിദ്ധിവിശേഷത്താൽ തന്റെ സ്വഭാവത്തെ അദ്ദേഹം ദസ്തയേവ്സ്കിയുടെ സ്വഭാവത്തോളം ഉയർത്താൻ ശ്രമിക്കുന്നു. അതുകൊണ്ട് ഈ പരിഭാഷ വായിക്കുമ്പോൾ നാം മൂലകൃതിയുടെ അനുഭവങ്ങളിൽ തന്നെയാണ്, അതിന്റെ യഥാർത്ഥമായ ആഴങ്ങളിൽത്തന്നെയാണ്. ‘ഭൂതാവിഷ്ടർ‘ എന്ന പേടിപ്പിക്കുന്ന പരിഭാഷയിലൂടെ ലോകത്തിലെ ഒരു പ്രബലസംസ്കാരത്തെ മലയാളത്തിൽ പൂർണമാക്കിത്തരുകയാണ് എൻ.കെ.ദാമോദരൻ ചെയ്യുന്നത്‘.
ബൈബിളിന്റെ തർജമപോലെയാണ്, ഭാഷയുടെ വജ്രസൂചികൾ നിരന്നുനിൽക്കുന്ന ദാമോദരന്റെ ദസ്തയവ്സ്കിയൻ വിവർത്തനവും. ഭൗതികതക്കും ആത്മീയതക്കുമിടയിലെ മുഴങ്ങുന്ന ആകാശലോകങ്ങളെ വാക്കുകളിൽ പ്രകമ്പനം കൊളളിക്കുംവിധം പുനഃസൃഷ്ടിക്കുകയാണ് രണ്ടു തർജമകളുടെയും രീതി. കെ.പി. അപ്പനുളളതും ഈ തിരിച്ചറിവാണ്.
എന്നാൽ പൊതുവിൽ ഇക്കാലത്തെ നോവൽതർജമകൾക്ക് ഈയൊരുനിലവാരം കൈവന്നിരുന്നില്ല. 1958-ൽ കൈരളിയുടെ കഥയിൽ എൻ. കൃഷ്ണപിളള എഴുതുന്നു: ‘മൂലകൃതിയെ മൂലഭാഷയിൽ തന്നെ വായിച്ചറിയാൻ കഴിയുന്ന പരിഭാഷകന്മാർ കുറവാണെങ്കിൽ സഹിക്കാം. ഏതെങ്കിലും ഭാഷയിൽനിന്ന് ഒരു കൃതി പരിഭാഷയ്ക്കെടുക്കുമ്പോൾ ആ ഭാഷയിൽ ഈഷദ്ഭിന്നങ്ങളായ അർത്ഥങ്ങളുള്ള പദങ്ങളെ വക തിരിച്ചറിയാൻ വേണ്ട നല്ല പാണ്ഡിത്യവും ആ കൃതിയിൽ പ്രതിഫലിച്ചിരിക്കുന്ന സംസ്കാരവും ജീവിതശൈലിയും ഗാഢമായും സൂക്ഷ്മമായും പഠിക്കാനുള്ള ക്ഷമയും ഒരു സ്വതന്ത്രസാഹിത്യകാരനെക്കാൾ മാതൃഭാഷാപ്രയോഗത്തിൽ തികഞ്ഞ തന്റേടവും അവികലമായ നിർദ്ധാരണശക്തിയും താൻ അനുഷ്ഠിക്കുന്ന കൃത്യത്തിൽ അന്യൂനമായ നിഷ്ഠയും സഹൃദയത്വവും കൂടിയേ തീരൂ വിവർത്തകന്. ഇവയിൽ പലതുമില്ലാത്ത യശോഭിലാഷികളോ ധനകാമികളോ ആയ എഴുത്തുകാർ ക്ലേശിക്കാനും നിഷ്ക്കർഷിക്കാനും കൂട്ടാക്കാതെ ചുരുങ്ങിയ സമയംകൊണ്ടു തല്ലിക്കൂട്ടിയെടുക്കുന്ന തർജ്ജമകളാണ്, മേൽക്കാണിച്ചവയിൽ തൊണ്ണൂറ്റിയഞ്ചുശതമാനവും. ഗ്രന്ഥങ്ങൾ അനാകർഷമാക്കാനും മൂലഗ്രന്ഥകാരന്മാരെ അപമാനിക്കാനും വായനക്കാരെ മുഷിപ്പിച്ച് അവരിൽ മൂലകൃതിയെപ്പറ്റി അവജ്ഞ ജനിപ്പിക്കാനും മാത്രമേ അപ്രകാരമുള്ള പ്രയത്നങ്ങൾ പ്രയോജനപ്പെടുകയുള്ളൂ‘
1965-ൽ പി.കെ. ബാലകൃഷ്ണൻ ഉന്നയിക്കുന്ന ഒരു സംശയംകൂടി ഇതോടു ചേർത്തുവായിക്കണം.. ‘ലോകനോവൽസാഹിത്യത്തിലെ ക്ലാസിക് രചനകൾ പലതും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടും, മലയാളികൾ അവ ധാരാളമായി വായിച്ചിട്ടും മലയാളനോവൽ അവയ്ക്കൊപ്പം വളരാത്തതെന്തേ? മലയാളത്തിലെ നോവലെഴുത്തുകാരുടെയും വായനക്കാരുടെയും ആസ്വാദനശീലം എന്തുകൊണ്ടു മെച്ചപ്പെടുന്നില്ല? നൂതനമായ ചിന്തകളെയോ ആശയങ്ങളെയോ ആവിഷ്ക്കരിക്കാൻ ഇടത്തരം കഴിവുമായി ശ്രമിക്കുന്ന മലയാളിയുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുളളികളെ നോക്കി മലയാളത്തിൽ നൂറുകണക്കിനുളള അന്യഭാഷകളിലെ മഹത്കൃതികളുടെ പരിഭാഷകൾ പൊട്ടിച്ചിരിക്കുമെന്നുതോന്നുന്നു‘ (2006:238).
‘വിവർത്തനത്തിൽ നഷ്ടമാകുന്നതെന്തോ അതാണ് കവിത‘യെന്ന റോബർട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ നിരീക്ഷണം കൊളോണിയൽ സാഹിത്യസമീപനങ്ങൾ ലോകമെങ്ങും സൃഷ്ടിച്ചുകൊണ്ടിരുന്ന വിവർത്തനതരംഗത്തിനിടയിൽ അധീശഭാവുകത്വത്തിന്റെയും ഭാഷയുടെയും വക്താക്കളിൽനിന്നുയർന്നുകേട്ട ഒരു പ്രതിഷേധസ്വരംപോലെ തോന്നാം. എന്നാൽ സാഹിത്യവിവർത്തനത്തിന്റെ പിൽക്കാലചരിത്രം തെളിയിക്കുന്നത് ഫ്രോസ്റ്റിന്റെ വാക്കുകൾക്കു കൈവന്ന പ്രവചനാത്മകമായ കൃത്യതയാണ്. കവിതയുടെ കാര്യത്തിൽ മാത്രമല്ല, മുഴുവൻ സാഹിത്യവിവർത്തനങ്ങളുടെയും കാര്യത്തിൽ. നവോത്ഥാനവും നവീകരണവും ചേർന്ന് യൂറോപ്പിൽ സൃഷ്ടിച്ച വിവർത്തനസംസ്കാരത്തിനു സമാനമായ ഒന്നാണ് കൊളോണിയലിസം കോളനിരാജ്യങ്ങളിൽ സൃഷ്ടിച്ചത്. കാല്പനികതയുടെ വരവിനു മുൻപ് പ്രസക്തമേ അല്ലാതിരുന്ന കാവ്യകർതൃത്വത്തിന്റെ അപ്രമാദിത്വത്തെക്കുറിച്ചുളള വിധ്യാത്മകനിലപാടായും ഭാവനയുടെയും സൗന്ദര്യത്തിന്റെയുമൊക്കെ ഭാഷാനിഷ്ഠ സ്വത്വത്തെക്കുറിച്ചുളള കാഴ്ചപ്പാടായും ഫ്രോസ്റ്റിന്റെ ഈ നിരീക്ഷണത്തെ വായിക്കാം.
വിപണിയും രാഷ്ട്രീയതാൽപര്യങ്ങളും സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രത്തെ നിയന്ത്രിച്ചു തുടങ്ങുന്ന കാലംവരെ മലയാളത്തിൽ വിവർത്തനം കലാത്മകവും സർഗാത്മകവുമായ ഒരു പ്രക്രിയയും മേഖലയുമായിരുന്നു (മതാത്മകതയുടെ പ്രഭാവം അപ്രസക്തമായിരുന്നുമില്ല). വിവർത്തനം സൃഷ്ടിച്ച ആധികാരികതയെക്കുറിച്ചുളള സന്ദേഹങ്ങൾ മാത്രമല്ല ഇവിടെ സൂചിതം. മൂലപാഠത്തോടുളള വിശ്വസ്തതയും മൂലപാഠത്തിന്റെ ആധികാരികതയുമൊക്കെ അങ്ങേയറ്റം കൗതുകകരമായ പല നിരീക്ഷണങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. എഡിത്ത് ഗ്രോസ്മാൻ ഉദ്ധരിക്കുന്ന സെർജി ഗാവ്റോൺസ്കിയുടെ ഒരു നിരീക്ഷണം നോക്കുക: “Readers always want-it’s a Romantic preoccupation, never existed before the nineteenth century-authenticity. They somehow believe that if someone signs a text, that texts was secreted by that body. Cocteau has a lovely image: he says, “I shit my books.” In a wonderful way, that’s what readers want. They want to smell the feces of authenticity. So when a translator comes on, he appears to be an intercessor…. because he didn’t write it”. അതേസമയംതന്നെ, വിവർത്തനത്തിനു തെരഞ്ഞെടുക്കുന്ന കൃതിയുടെ മൂല്യം മതപരമോ ശാസ്ത്രനിഷ്ഠമോ ആനന്ദബദ്ധമോ എന്തുതന്നെയായിലും വിവർത്തനപാഠങ്ങൾ നൽകേണ്ട കലാനുഭൂതിയുടെയോ അർഥകല്പനയുടെയോ മൗലികതയെക്കുറിച്ച് വലിയ തർക്കങ്ങളുണ്ടാകാനിടയില്ല. ഒന്നുകിൽ എഴുതപ്പെട്ട ഭാഷയിലെ കൃതിയെന്നപോലെ മലയാളത്തിൽ അതു വായിച്ചാസ്വദിക്കാൻ കഴിയണം, അല്ലെങ്കിൽ മലയാളകൃതിയെന്നപോലെതന്നെ വായിച്ചനുഭവിക്കാൻ കഴിയണം.
എഴുത്തച്ഛൻ മുതൽ കുമാരനാശാനും ചങ്ങമ്പുഴയും വരെയുളളവരുടെ കവിതാതർജമകൾ, സംസ്കൃതമുൾപ്പെടെയുളള ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും നിന്ന് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം തൊട്ടുണ്ടായ നാടകതർജമകൾ, ‘ഘാതകവധം‘തൊട്ടുളള നോവൽവിവർത്തനങ്ങൾ, സാഹിത്യേതരഗ്രന്ഥങ്ങളുടെ ഭാഷാന്തരം, പത്രപ്രവർത്തനമുൾപ്പെടെയുളള ഗദ്യഭാഷാവ്യവഹാരങ്ങളുടെ വിവർത്തനരീതി-ഏതെടുത്താലും ഈ നിരീക്ഷണം പ്രസക്തമാണ്. കവിതയൊഴികെയുളള രംഗങ്ങളിലെല്ലാം ഈ സംസ്കാരം ഏറെക്കുറെ മതേതരവും ആധുനികവും ഉദാരമാനവികവുമായിരുന്നു. പക്ഷെ ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തോടെ സാഹിതീയമണ്ഡലത്തിൽ പ്രകടമായ രണ്ടു മാറ്റങ്ങൾ ഈയവസ്ഥക്ക് അന്ത്യംകുറിച്ചു.
പ്രസാധകർ സാഹിത്യവിപണി നിയന്ത്രിച്ചുതുടങ്ങിയതാണ് ഒരു മാറ്റം. പ്രത്യയശാസ്ത്രതാൽപര്യങ്ങൾ വിവർത്തനത്തിന്റെ രാഷ്ട്രീയം നിർണ്ണയിച്ചുതുടങ്ങിയത് മറ്റൊന്നും. ഇന്നും ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു, ഈയവസ്ഥകൾ-വക്താക്കളും പ്രയോക്താക്കളും മാറിവന്നിട്ടുണ്ടെങ്കിലും.
ഈ പഠനത്തിന്റെ രണ്ടാംഭാഗത്ത്, (‘നോവലിന്റെ ഏകലോകം‘) മലയാളത്തിലെ പരമ്പരാഗത സാഹിത്യവായന ഇക്കഴിഞ്ഞ ദശകങ്ങളിൽ നോവലിലേക്കു മാത്രമായി ചുരുങ്ങിപ്പോകുന്ന പ്രവണത വിശദീകരിക്കുകയുണ്ടായല്ലോ. ഈയവസ്ഥ കണക്കിലെടുത്തും മുതലെടുത്തും പ്രസാധകർ രണ്ടു തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയുണ്ടായി. ഒന്ന്, നോവൽ എഴുതാൻ കെല്പുളള ആരെയും പ്രോത്സാഹിപ്പിക്കുക, അതുവഴി ഏതുതരം നോവലുംപ്രസിദ്ധീകരിക്കുക എന്നത്. സ്വാഭാവികമായും അവ വാങ്ങാൻ വായനശാലകളും വായിക്കാൻ വായനക്കാരും നിർബന്ധിതമാകുന്ന അവസ്ഥ സൃഷ്ടിക്കുകയാണ് പ്രസാധകരുടെ ലക്ഷ്യം. ഇതോടൊപ്പംതന്നെ കാണണം, ജനപ്രീതി നേടുന്ന നോവലുകൾക്കും അവയുടെ കർത്താക്കൾക്കും നൽകുന്ന വൻ പ്രചാരണവും താരപദവിയും. മുഴുവൻ സാഹിത്യമണ്ഡലത്തിൽതന്നെ, ചില ‘അനുഭവ-യാത്ര-പാചക‘കർത്താക്കൾക്കു കിട്ടിയ സ്വീകരണം മാറ്റിനിർത്തിയാൽ നോവലിസ്റ്റുകൾ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. കവികളും കഥാകൃത്തുക്കളും നാടകകൃത്തുക്കളുമൊക്കെ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ തന്ത്രമാണ് അന്യഭാഷാനോവലുകളുടെ വിവർത്തനം. മിഷനറിഘട്ടം മുതലുളള കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലവും ഇടതടവില്ലാതെ മലയാളനോവലിൽ നടന്ന ഒരു സർഗപ്രക്രിയയെന്ന നിലയിൽ വിവർത്തനത്തിന് അതിന്റേതായ ഒരു ചരിത്രംതന്നെയുണ്ട്. മിഷനറി-മതപ്രചാരണ താൽപര്യങ്ങൾ സാഹിത്യത്തിന്റെ, വിശേഷിച്ചും നോവലിന്റെ രാഷ്ട്രീയമായി നിലനിന്ന 1850-1900 കാലം; ദേശീയതാവാദത്തിന്റെ സംവാദാത്മക രാഷ്ട്രീയം മുന്നിട്ടുനിന്ന 1900-1950 കാലം; സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രചാരണതാൽപര്യങ്ങൾ വിവർത്തനത്തെ നിയന്ത്രിച്ച 1930-70 കാലം; സാമ്രാജ്യത്തവിരുദ്ധ-മൂന്നാംലോക-ഇടതുപക്ഷ രാഷ്ട്രീയം മേൽക്കോയ്മ നേടിയ 1980-2000 കാലം; കമ്യൂണിസത്തിന്റെ തകർച്ചയുടെയും ആഗോളവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ നവ ആത്മീയതാവാദം മുതൽ ഇസ്ലാമിക രാഷ്ട്രീയം വരെയുളളവ മുഖ്യ പരിഗണനകളായി മാറിയ 1990 മുതലുളള കാലം എന്നിങ്ങനെ ഈ ചരിത്രത്തെ വർഗീകരിക്കാം. ഇതോടൊപ്പം പരിഗണിക്കേണ്ട വിഷയമാണ്, ഉദാരമാനവിക സൗന്ദര്യശാസ്ത്രത്തിലൂന്നിയ പത്തൊൻപതാം നൂറ്റാണ്ടുതൊട്ടുളള ക്ലാസിക്നോവലുകളുടെയും പ്രത്യയശാസ്ത്ര-ഭരണകൂട സർവാധിപത്യങ്ങൾക്കെതിരെ കഴിഞ്ഞ നൂറ്റാണ്ടിലുടനീളമെഴുതപ്പെട്ട പ്രതിബോധ രാഷ്ട്രീയനോവലുകളുടെയും വിവർത്തനചരിത്രം.
1950കൾ വരെയുണ്ടായ മലയാളനോവൽ തർജമകളെക്കുറിച്ച് എൻ. കൃഷ്ണപിളളയും 60-കളിലെ അവസ്ഥയെക്കുറിച്ച് പി.കെ. ബാലകൃഷ്ണനും എഴുതിയ നിരീക്ഷണങ്ങൾ സൂചിപ്പിച്ചു. 1990 മുതലുളള കാലത്തെ തർജമയുടെ രീതികളാണ് നമ്മുടെ ആലോചനാവിഷയം. ഈ ഘട്ടത്തിലെ നോവൽസാഹിത്യത്തിന്റെ പൊതുഭാവുകത്വത്തെ നിർണയിച്ച ചരിത്രപരവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാങ്കേതികവും ആഖ്യാനപരവും മാധ്യമപരവും മറ്റുമായ സാംസ്കാരിക പശ്ചാത്തലങ്ങൾ മുൻപ് വിശദീകരിച്ചിട്ടുണ്ടല്ലോ. നോവൽവിവർത്തനത്തിലും ശ്രദ്ധേയമായ ചില വഴിമാറ്റങ്ങൾ നടന്ന ഘട്ടമാണിത്. വിശേഷിച്ചും ആഗോളവൽക്കരണത്തിന്റെ കാൽനൂറ്റാണ്ട്.
ഈ ഘട്ടത്തിൽ മലയാളനോവലിൽ പ്രകടമായ ഏറ്റവും പ്രധാനപ്രവണത, സ്വതന്ത്ര, വിവർത്തിതനോവലുകൾ തമ്മിൽ എണ്ണത്തിലും പ്രചാരത്തിലും മുൻപൊരിക്കലുമുണ്ടാകാത്തവിധം സന്തുലനം സംജാതമായി എന്നതാണ്. നോവൽവിവർത്തനത്തിന്റെ വിപണിസാന്നിധ്യത്തെക്കുറിച്ച് ഈ പഠനത്തിന്റെ ഒന്നാംഭാഗത്ത് സൂചിപ്പിച്ചിരുന്നല്ലോ. വിവർത്തനം ചെയ്യാൻ നോവലുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രസാധകർ പുലർത്തുന്ന മാനദണ്ഡമെന്താണ്? ദേശീയപ്രസ്ഥാനകാലത്തും സോവിയറ്റ് സാംസ്കാരികാധിനിവേശകാലത്തും പുലർത്തിയ രാഷ്ട്രീയസമീപനങ്ങൾ ഇന്നു നിലവിലില്ല. എന്നിട്ടും രാജ്യാന്തര പുരസ്കാരങ്ങളോ കലാമേന്മയോ ജനപ്രിയത്വമോ മാത്രമല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. ഫ്രാങ്ക്ഫർട്ട് മുതൽ ഷാർജവരെയുളള രാജ്യാന്തര പുസ്തകമേളകളിൽ പങ്കെടുക്കുന്ന മലയാള പ്രസാധകരിലൊരാൾ നൽകിയ വിവരമനുസരിച്ച്, കൈനിറയെ വിവർത്തനക്കരാറുകളുമായാണ് ഇവരിൽ പലരും മേളകളിൽനിന്നു മടങ്ങുന്നത്. തങ്ങളുടെ എഴുത്തുകാരെയും കൃതികളെയും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്തു പ്രചരിപ്പിക്കാൻ തയ്യാറുളള പ്രസാധകർക്ക് വൻതുക വാഗ്ദാനം ചെയ്യുന്ന നിരവധി രാജ്യങ്ങളുടെ സാംസ്കാരികവകുപ്പുകൾതന്നെ ഈ മേളകളിൽ എത്തുന്നു. അവരുടെ പണം വാങ്ങി, ഏതെങ്കിലും ചില എഴുത്തുകാരുടെ കൃതികൾ തർജമചെയ്യാനുളള കരാറുണ്ടാക്കി മടങ്ങിയെത്തുന്ന പ്രസാധകർ ഒന്നോ രണ്ടോ മാസത്തെ കരാർ നൽകി ആരെയെങ്കിലും കൊണ്ട് ആ രചനകൾ മലയാളത്തിലാക്കി അഞ്ഞൂറോ ആയിരമോ കോപ്പി അച്ചടിച്ച് തങ്ങളുടെ കടമ തീർക്കുന്നു; ലഭിച്ച തുകയുടെ സിംഹഭാഗവും കീശയിലാക്കുന്നു. ചുരുക്കത്തിൽ, വായനാവ്യാപാരത്തിനുവേണ്ടി പ്രസാധകർ കണ്ടുപിടിച്ച സാഹിത്യരൂപമായ നോവൽ, അതിന്റെ ജീവചരിത്രത്തിൽ 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തുമ്പോഴും ആ രൂപത്തിന്റെ കലയെയും പ്രത്യയശാസ്ത്രത്തെയും വിഴുങ്ങാൻ ശേഷിയുളള വിപണിയുടെതന്നെ നിയന്ത്രണത്തിലാണ് എന്നു തെളിയിക്കുന്നു, നോവൽവിവർത്തനത്തിന്റെ വർത്തമാനകാല പ്രവണതകൾ.
മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഡി.സി. ബുക്സിന്റെ ഒരു പതിറ്റാണ്ടുകാലത്തെ കണക്കുകൾ ശ്രദ്ധിക്കുക (നോവൽവിവർത്തനത്തിൽ സംഭവിക്കുന്ന ക്രമികമായ വളർച്ചയുടെ തോത് വ്യക്തമാക്കുന്ന ഈ കണക്ക് ഏ.വി. ആത്മൻ എന്ന ഗവേഷകന്റെ ദത്തശേഖരത്തിൽനിന്നു ലഭിച്ചതാണ്).
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച നോവലുകൾ (2002-2010)
വിവർത്തിതനോവലുകളുടെ ഈ വസന്തകാലം (സ്വതന്ത്രനോവലുകളും വിവർത്തിതനോവലുകളും എണ്ണത്തിൽ തുല്യമാകുന്നു, വിവർത്തിതനോവലുകൾക്ക് സ്വതന്ത്രനോവലുകളെക്കാൾ വില്പന ലഭിക്കുന്നു-ഗബ്രിയേൽ ഗാർസിയാ മാർക്കേസ്, പൗലോ കൊയ്ലോ, ഓർഹാൻപാമുക്, ഡാൻ ബ്രൗൺ എന്നിവർ തൊട്ട് അരുന്ധതിറോയിയുടെ കൃതിവരെ ഓർക്കുക.) യഥാർഥത്തിൽ മലയാളനോവലിന്റെ ഭാവുകത്വത്തിനോ വായനാസംസ്കാരത്തിനോ ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാക്കിയോ? വിവർത്തനസംസ്കാരത്തിൽതന്നെ ഇവ സൃഷ്ടിച്ച പ്രതീതിയെന്താണ്? മൂന്നുവിഭാഗത്തിൽ പെടുത്താം, പൊതുവെ ഇക്കാലത്തെ നോവൽവിവർത്തനങ്ങളെ.
ഒന്നാംവിഭാഗം, ഏതർഥത്തിലും യാതൊരു നിലവാരവും പുലർത്താത്ത തർജമത്തട്ടിപ്പുകളുടേതാണ്. ഭൂരിപക്ഷം നോവൽതർജമകളും ഇക്കൂട്ടത്തിൽപ്പെടും. വൈക്കം മുരളി (സരമാഗു), ടി.എം. ഏബ്രഹാം (സരമാഗു), ഡി. വിനയചന്ദ്രൻ (സ്കർമേറ്റ), ഡെനീസ് ജോസഫ് (പാമുക്, റുഷ്ദി), എം.എസ്. നായർ (അമാദോ), ജോളിവർഗീസ് (പാമുക്, സരമാഗു, കൊയ്ലോ, ജയശ്രീ മിശ്ര, അനിതാനായർ), പ്രഭാചാറ്റർജി (കാമു) എന്നിങ്ങനെ ഒരുപാടു തർജമക്കാരുണ്ട്, ഈ നിരയിൽ പെടുത്താവുന്നവരായി. വിവർത്തനത്തിന്റെ എത്രയെങ്കിലും പ്രശ്നമണ്ഡലങ്ങളിൽ കാലിടറിവീണും, മലയാളത്തിന്റെ ഭാഷാകലയിലേക്ക് പുനരാഖ്യാനം നടത്താൻപോലും ശേഷിയില്ലാതെയും ഇവർ തങ്ങളുടെ തർജമകളെ നിർലജ്ജം സാംസ്കാരിക കുറ്റകൃത്യങ്ങളാക്കി മാറ്റുന്നു.
സരമാഗുവിന്റെ ‘Blindness’എന്ന നോവൽ വൈക്കം മുരളി വിവർത്തനം ചെയ്തതിൽനിന്നൊരു ഭാഗം:
‘എന്തായാലും ഒരുപക്ഷെ ഒന്നും സംഭവിക്കുകയില്ലായിരിക്കും. കണ്ണിൽ കറുത്ത പാഡുവച്ച വൃദ്ധനായ മനുഷ്യൻ ഒരു ആശയവുമായി അവർ പുറപ്പെടുന്നതിനുമുൻപ് മുന്നോട്ടുവന്നിരുന്നു. മുൻപു പ്രകടിപ്പിച്ചതിനെക്കാൾ മെച്ചപ്പെട്ടവയായിരുന്നു.
ഇവിടെയുള്ള ഈ ചങ്ങാതിമാർ അവർക്കാകുന്നതിലും ഉച്ചത്തിൽ സംസാരിക്കേണ്ടിയിരിക്കുന്നു. അലറിവിളിച്ചാലും കുഴപ്പമൊന്നുമില്ല. പോരെങ്കിൽ അവർക്കതിനുള്ള സാധ്യതകളെല്ലാമുണ്ട്.
അതുകൊണ്ട് അവർ അകത്തേക്കു കടന്നുവരുന്നതിന്റെയും പോകുന്നതിന്റെയും ശബ്ദം അതിനുള്ളിൽ മുങ്ങിപ്പോകുകയും ചെയ്യും. അപ്പോൾ അതിനുള്ളിൽ എന്തുസംഭവിച്ചാലും അത് എന്താണെന്ന് ദൈവത്തിനുമാത്രമേ അറിയാൻ കഴിയൂ.‘ (ഡി.സി ബുക്സ്, 2001, പുറം 354)
മനുഷ്യജന്മത്തിന്റെ മഹാതമസ്സുകളെ ഐതിഹാസികമായ ഗാംഭീര്യത്തോടെ ആവിഷ്ക്കരിച്ച സരമാഗുവിന്റെ നോവലാണ് ഈ വിധം ഇംഗ്ലീഷും മലയാളവും വായിച്ചാൽ മനസ്സിലാകാത്തയാളുടെ വിവർത്തനമായി പുറത്തുവന്നത്. ആശയവ്യക്തതയോ വായനാക്ഷമതയോ ഇല്ലാത്ത വികലവും യാന്ത്രികവുമായ ഭാഷാന്തരം. കൃത്രിമമായ ആഖ്യാനം. എന്താണ് മുരളി വായിച്ചുമനസ്സിലാക്കിയതും മലയാളത്തിൽ എഴുതാനുദ്ദേശിച്ചതെന്നും ദൈവത്തിനുമാത്രമേ പറയാൻ കഴിയൂ….
മറ്റൊരു ഉദാഹരണം ഡി. വിനയചന്ദ്രൻ വിവർത്തനം ചെയ്ത അന്തോണിയോ സ്കർമേറ്റയുടെ ‘പോസ്റ്റ്മാൻ‘ എന്ന നോവലാണ്.
‘ബിയാട്രീസ് മുറിയിൽ ബന്ധിതയായി ഷോപ്പിംഗിനോ പാറക്കുന്നിലൂടെയുള്ള ഒരു നടത്തക്കോ ഇറങ്ങിയാൽ കൈകൾ മുൻപിൽ അമ്മയുടെ നഖരത്തിന്റെ പിടി മുറുകിയോ കഴിയുമ്പോൾ മറിയോ ദിവസങ്ങളോളം അവന്റെ രൂപകങ്ങളുമായി കമ്പുപിടിച്ചു ചുറ്റിക്കറങ്ങി.‘ (റെയിൻബോ, 2004, 49)
മറ്റൊരു സന്ദർഭം:
‘നെരൂദ നൈഫ് കവറിന്റെ അടുത്തേക്കു പിടിച്ചു. അത്രയും ലളിതമായ ഒരു ക്രിയയെ അദ്ദേഹത്തിന്റെ വശമില്ലായ്മ ഒരു മിനിട്ടിലധികം നീട്ടിച്ചു. കവറിനു മുകളിലുള്ള സ്റ്റാമ്പുപതത്തിൽ നോക്കി, ദേശീയ വീരപുരുഷന്റെ താടിയിലെ ഓരോ ചുരുളിനെയും ധ്യാനിച്ച് സാൻ ആന്റോണിയോ പോസ്റ്റോഫീസിന്റെ ദൂരഗ്രഹ്യമായ മുദ്ര വായിച്ചെടുക്കുന്നതായി ഭാവിച്ച് കത്തിൽപെട്ടുപോയ ബ്രഡ്ഡിന്റെ ഒരു കുഞ്ഞുചീള് സൂക്ഷിച്ചു തൂത്തുകളയുകയും ചെയ്തപ്പോൾ ‘ദൈവങ്ങൾക്കു പ്രതികാരം പ്രഹ്ലാദകരമെന്ന് അവർ പറയുമ്പോൾ അതു ശരിയാണ്‘ എന്നോർത്തു‘ (52)
പാബ്ലോ നെരൂദയുടെ മഹാപ്രണയത്തിന്റെ അതിതീക്ഷ്ണമായ മാദകസൗന്ദര്യം പകർത്തിയ ഒരു നോവലാണ് ഈ വിധം ക്ഷുദ്രവും മലീമസവുമായ ജഡഭാഷയിൽ പരാവർത്തനം ചെയ്തിരിക്കുന്നത്. മുരളി ‘വിശ്വസാഹിത്യ‘ കൃതികൾ നിരന്തരം വായിച്ചും അവയെക്കുറിച്ചെഴുതിയും പോരുന്ന ആളാണെന്നവകാശപ്പെടുമ്പോൾ വിനയചന്ദ്രൻ സ്വയം നോവലിസ്റ്റും കവിയുമാണ്. എന്തുഫലം? മലയാളം പ്രൊഫസറായിട്ടും വിനയചന്ദ്രന്റെ ഓരോ വാക്യവും വ്യാകരണതെറ്റുകൾ നിറഞ്ഞതാണ്. മുരളിയും അക്കാര്യത്തിൽ മോശമല്ല.
മേൽപ്പറഞ്ഞ രണ്ടു രചനകളും ഇംഗ്ലീഷിൽ വായിച്ചിട്ടുള്ള ഏതൊരാൾക്കും ബോധ്യപ്പെടും മുരളിയും വിനയചന്ദ്രനും ചെയ്ത പാതകത്തിന്റെ ഗൗരവം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇവരുടെതന്നെ കൃതികളിലുടനീളമുള്ള ഭാഷാശൈലിയും വിവർത്തനരീതിയും ഇതുതന്നെയാണ്. അരുന്ധതിറോയിയുടെ നോവലിന് പ്രിയ എ.എസ് നടത്തിയ വിവർത്തനവും ഇതേ മട്ടിലല്ലെങ്കിലും തികച്ചും വികൃതവും വിലക്ഷണവുമാണ്. ഗോഡ് ഓഫ് സ്മോൾ തിങ്ങ്സിന്റെ ഒരു പൈങ്കിളി പരാവർത്തനമായിപ്പോയി പ്രിയയുടെ വിവർത്തനം. ഏറിയും കുറഞ്ഞും മുരളിക്കും വിനയചന്ദ്രനും പിന്തുണ നൽകുന്നവരാണ് മലയാളത്തിലെ പുതുനിരനോവൽ വിവർത്തകർ മിക്കവരും. ജോളിവർഗീസിന്റെ ചില തർജമകൾ നോക്കുക. ഓർഹൻ പാമുക്കിന്റെ ‘മഞ്ഞ്‘ എന്ന നോവൽ 2008-ൽ ഡി.സി. ബുക്സിനുവേണ്ടി ജോളി വിവർത്തനം ചെയ്തു. പദാനുപദവിവർത്തനത്തിനു ശ്രമിച്ച് മലയാളവും ഇംഗ്ലീഷുമല്ലാത്ത ഭാഷയിൽ ചെന്നുവീണ ‘മഞ്ഞി‘ന്റെ ശൈലി നോക്കുക.
‘സ്വപ്നത്തിൽ പതിക്കുന്ന മഞ്ഞിൻകണങ്ങളുടെ മൃദുലതയും നിശ്ശബ്ദതയും ആവാഹിച്ചെടുത്തതുപോലെ ജനാലകൾക്കു പുറത്ത് മെല്ലെമെല്ലെ അടർന്നുവീഴുന്ന മഞ്ഞിൻകണങ്ങളുടെ താളത്തിൽ മയങ്ങി, പ്രതീക്ഷയോടെ, കാത്തിരുന്ന ഒരു ദിവാസ്വപ്നത്തിലേക്ക് അയാൾ ഊർന്നിറങ്ങി. ബാല്യകാലസ്മരണകളുടെ നിർമലവിശുദ്ധിയിൽ ശുദ്ധീകരിക്കപ്പെട്ട ദിവാസ്വപ്നം: അത് ശുഭപ്രതീക്ഷക്കു വഴിയൊരുക്കി. പുതിയ ലോകത്ത് ശാന്തതയും സ്വസ്ഥതയും അനുഭവ്യമാകുമെന്ന് വിശ്വസിക്കാനുളള കരുത്തേറിയ ശുഭപ്രതീക്ഷ‘ (പുറം 8).
ഇതിനെക്കാൾ കഷ്ടമാണ് എൽഫ്രഡ് യെൽനിക്കിന്റെ ഇറോട്ടിക് ക്ലാസിക്കായറിയപ്പെടുന്ന ‘പിയാനോടീച്ചർ‘ എന്ന നോവലിന് 2005-ൽ ജോളിവർഗീസ് നടത്തിയ വിവർത്തനത്തിന്റെ ശൈലി. പോണോഗ്രഫിയുടെ ലഹരിയിൽ വിവർത്തനത്തിന്റെ മുഴുവൻ വ്യാജങ്ങളും മറന്ന് മലയാളി ആസ്വദിച്ച കൃതി. വാക്യഘടനയിലെ തെറ്റുകൾ, വ്യാകരണപ്പിഴകൾ, പ്രയോഗവൈകല്യങ്ങൾ എന്നിവമൂലം യാതൊരു അർഥസംവേദനവും നടക്കാത്ത വ്യർഥ വാങ്മയമാണ് ജോളിയുടെ ‘പിയാനോടീച്ചർ‘ വിവർത്തനവും. ഒരു ഭാഗം നോക്കുക: ‘മുകളും അപരിചിതനായ പുരുഷനും ഉൾക്കൊളളുന്ന ഘോഷയാത്ര അമ്മയെ മറികടന്ന് മകളുടെ മുറിയിലേക്കുപോയി. അപരിചിതനെ അമ്മ അവിചാരിതമായി കണ്ടുമുട്ടിയതാണെങ്കിലും ഇനിയും എന്നെന്നും കാണേണ്ടിവരും. തൽക്കാലത്തേക്കുളള വിടവാങ്ങലായി എറിക്കാ എന്തോ മന്ത്രിച്ചു. പറഞ്ഞതെന്തായാലും അത് അമ്മയോടുളള ഗുഡ്ബൈ ആണെന്നുളള സത്യം ആർക്കും മായ്ച്ചുകളയാൻ സാധ്യമല്ല. ഈ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന വിദ്യാർഥിയെ അവൾ പറഞ്ഞുവിടുന്നില്ല. അമ്മയുടെ പരിശുദ്ധനാമത്തെ അപകീർത്തിപ്പെടുത്താനുളള ഒരു നീക്കമാണ്…‘(പുറം 213).
യഥാർത്ഥത്തിൽ എളുപ്പമൊന്നും വിവർത്തനത്തിനു വഴങ്ങാത്തവിധം സങ്കീർണ്ണവും അമൂർത്തവും സാങ്കേതികത്തികവുറ്റതുമാണ് പുതിയ നോവലുകളിലെ ആഖ്യാനകല. അത്രമേൽ പ്രതിഭയുള്ളവർക്കുമാത്രം പറ്റുന്ന ഒന്നാണ് ഇവയുടെ തർജ്ജമ. പഴയകാലനോവലിസ്റ്റുകളുടേതിൽനിന്ന് എത്രയും ഭിന്നമായ രൂപകകല്പനകളും ബിംബയോജനകളുമാണ് ഇവരുടേത്. ഇവയൊന്നും അത്രവേഗം വിവർത്തനത്തിനു വഴങ്ങുന്നവയല്ല. ഇതൊന്നും പരിഗണിക്കാതെ വിവർത്തകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയാണ് പ്രസാധകർ. ഈ വിവർത്തകരാകട്ടെ, മൂലകൃതിയുടെ സംസ്കാരമോ രാഷ്ട്രീയമോ മനസ്സിലാക്കുന്നില്ലെന്നു മാത്രമല്ല, ഇംഗ്ലീഷ് നല്ല മലയാളത്തിലാക്കാനുള്ള സാമാന്യബോധംതന്നെ ഇവർക്കു കഷ്ടിയാണ്. അതിനു ശേഷമല്ലേ, നോവലിന്റെ സൗന്ദര്യശാസ്ത്രവും ആഖ്യാനകലയുടെ കാവ്യശാസ്ത്രവും!
ശരാശരി നിലവാരം പുലർത്തുന്ന തർജമകളുടേതാണ് രണ്ടാമത്തെ വിഭാഗം. ഭേദപ്പെട്ട രീതിയിൽ നോവലുകളെ അവയുടെ ഭാഷാ, രാഷ്ട്രീയ, ജീവിതമൂല്യങ്ങളിലും സാംസ്കാരിക പരിതോവസ്ഥകളിലും പുനരാഖ്യാനം ചെയ്യാൻ ഈ രചനകൾക്കു കഴിയുന്നു. എസ്. വേലായുധൻ (മാർക്കേസ്, ഹെൻറി ഷാരിയർ, തോമസ് മൻ), വി.കെ. ഉണ്ണികൃഷ്ണൻ (മാർക്കേസ്), ജോമി തോമസ് (ഡാൻബ്രൗൺ), സെബാസ്റ്റ്യൻ പളളിത്തോട് (കാമു), പി.ജെ.ജെ. ആന്റണി (മോറിസ്വെസ്റ്റ്), ജോണി എം.എൽ. (ബൊളാനോ) തുടങ്ങിയവർ ഉദാഹരണമാണ്. വത്തിക്കാന്റെ അധികാരത്താവഴികളും കത്തോലിക്കാസഭയുടെ പൗരോഹിത്യ ഭരണസിരകളും കെട്ടുപിണഞ്ഞുകിടക്കുന്ന അധോലോകസമാനമായ അവസ്ഥയുടെ ഗംഭീരമായ പുനരാഖ്യാനം നിർവഹിക്കുന്ന മോറിസ്വെസ്റ്റിന്റെ ‘ഡെവിൾസ് അഡ്വക്കേറ്റ്‘ എന്ന നോവലിന് പി.ജെ.ജെ. ആന്റണി നിർവഹിച്ച വിവർത്തനം നോക്കുക:
‘ആർദ്രതയോടെയായിരുന്നെങ്കിലും തികഞ്ഞ ദൃഢതയോടെയാണ് കർദ്ദിനാൾ പറഞ്ഞത്. അന്തഃക്ഷോഭംകൊണ്ടോ വേദനകൊണ്ടോ മെറിഡിത്ത് ചുണ്ടുകൾ കടിച്ചു. ഓശാന ആരാധനയുടെ തുടക്കത്തിലെന്നവണ്ണം ആരോ അയാളുടെ ഉള്ളത്തെ ബലമായി തട്ടിവിളിച്ചു. പെട്ടെന്നയാൾ ഇരുകൈകളും ഉയർത്തി മുഖം മറച്ചു. ഒരു നിലവിളി മെറിഡിത്തിന്റെ ഹൃദയത്തിൽ ഒച്ചയിലാതെ പൊലിഞ്ഞു. കർദ്ദിനാൾ അയാൾക്കരുകിലെത്തി. ആശ്വസിപ്പിക്കാനെന്നവണ്ണം തോളിൽ കൈപ്പടം ചേർത്തു.
അനുഭവങ്ങളും വികാരങ്ങളും അതിന്റെ തീവ്രതയിൽ നിങ്ങളെ ഒരിക്കലും സ്പർശിചിട്ടില്ല. നിങ്ങൾ പ്രണയിച്ചിട്ടില്ല. പകയോടെ ആരെയും വെറുത്തിട്ടില്ല. സഹതാപത്താൽ ഉലഞ്ഞിട്ടില്ല. നിങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഒന്നും നൽകപ്പെട്ടുമില്ല. അറിഞ്ഞോ അറിയാതെയോ ഈ കുരിശ് നിങ്ങൾത്തന്നെ സ്വയം ചമച്ചതാണ്. മനുഷ്യനെ തീവ്രമായി സ്നേഹിക്കാത്തവന് ദൈവത്തെയും സ്നേഹിക്കാനാവില്ല. കുറവും നിറവും ഒരേ നാണയത്തിന്റെ പുറങ്ങളാണെന്നത് നിങ്ങൾ മറന്നുപോയി.
മെറിഡിത്തിനെ കർദ്ദിനാൾ തന്നോടു ചേർത്തുപിടിച്ചു. ഒരു കാവൽ മാലാഖയുടെ കരുതൽ സ്പർശംപോലെ അയാൾ അതിനെ സ്വീകരിച്ചു. പൊട്ടാതെ നിന്നിരുന്ന കണ്ണീരിന്റെ ഉറവകൾ മെല്ലെ ഒഴുകിയിറങ്ങി.‘ (പുറം. 21).
എണ്ണത്തിൽ എത്രയും കുറവാണെങ്കിലും മികച്ച നോവൽവിവർത്തനങ്ങളുടേതാണ് മൂന്നാമത്തെ വിഭാഗം. ആധുനിക മലയാളനോവലിന്റെ പശ്ചാത്തലത്തിൽ, എൻ.കെ. ദാമോദരന്റെ വിവർത്തനശൈലിയെക്കുറിച്ച് കെ.പി. അപ്പൻ പറഞ്ഞ വാക്കുകൾ മുൻപുദ്ധരിച്ചു. ആധുനികാനന്തരഘട്ടത്തിലേക്കു വരുമ്പോൾ ഈവിധം മൗലികതയും നിലവാരവുമുളള നോവൽവിവർത്തകർ ആരുമില്ല എന്നതാണ് യാഥാർഥ്യം. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കുണ്ടായ വിവർത്തനങ്ങളുടെ രംഗത്ത് വിശേഷിച്ചും. ഇന്ത്യൻഭാഷകളിൽനിന്ന് മലയാളത്തിലേക്കുണ്ടായ വിവർത്തനങ്ങളുടെ രംഗത്ത് കുറെ വ്യത്യസ്തമാണ് കാര്യങ്ങൾ. യശ്പാലിന്റെ ‘നിറംപിടിപ്പിച്ച നുണകൾ‘ക്ക് പി.എ. വാരിയർ നടത്തിയതുപോലെ, ഭാഷയിലും രാഷ്ട്രീയത്തിലും ചരിത്രം നോവലിനു നിർമിച്ചുനൽകുന്ന ഘനഗൗരവങ്ങളിലും വായനക്കാർക്ക് ആദരവും അമ്പരപ്പും തോന്നുന്ന വിവർത്തനങ്ങൾ ചിലതെങ്കിലുമുണ്ട്. രണ്ടുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. ആറ്റൂർ രവിവർമയുടെ തമിഴ്നോവൽവിവർത്തനങ്ങളും ആനന്ദിന്റെ മഹാശ്വേതാദേവി വിവർത്തനവുമാണ് അവ.
തമിഴിന്റെ ഭാഷാ-ഭാഷണസംസ്കാരങ്ങളെ അസാധാരണമായ ലാവണ്യബോധത്തോടെ മലയാളീകരിക്കുന്ന ആറ്റൂരിന്റെ വിവർത്തനകല സുന്ദരരാമസ്വാമിയുടെ രണ്ടു നോവലുകളും സൽമയുടെ നോവലും ഭാഷാന്തരം ചെയ്യുമ്പോൾ എങ്ങനെ പ്രകടമാകുന്നുവെന്ന് ‘പിടക്കോഴി കൂവരുത്‘ എന്ന ഗ്രന്ഥത്തിൽ എം.എൻ. കാരശ്ശേരി വിവരിക്കുന്നുണ്ട് (2015:183-184).
‘മൂലകൃതി മലയാളത്തിൽ എഴുതിയതാണെന്ന് തോന്നണം എന്നാണ് പല കേരളീയർക്കും പരിഭാഷയെപ്പറ്റിയുള്ള സങ്കല്പം. പേരുകൾ, ചാർച്ചപ്പേരുകൾ, വേഷം, ഭക്ഷണം, മുതലായവയൊക്കെ മൂലഗ്രന്ഥത്തിലേത് അപ്പടി നിലനിർത്തുമ്പോഴും ശൈലികൾ, വാക്യഘടനാരീതികൾ തുടങ്ങിയവയിൽ കഴിയുന്നതും മലയാളമട്ട് അനുസരിക്കുന്നതാണ് നമ്മുടെ മിക്ക വിവർത്തകരുടെയും രീതി.
ആറ്റൂരിന്റെ വഴി വ്യത്യസ്തമാണ്. തമിഴ്നാട്ടിൽ പഠിപ്പുള്ളവരും ഇല്ലാത്തവരും സാധാരണയായി ചായയ്ക്ക് ‘ടീ‘ എന്നു പറയും. ഈ പുസ്തകത്തിൽ ‘ടീ കുടിച്ചു‘ എന്നാണ് കാണുക. കഥയിലെ ജീവിതത്തിന്റെ ഒരു സ്പർശം ഇതിലൂടെ കിട്ടും. ഇവിടത്തെ വിളി മലയാള മട്ടിൽ ‘ഉമേ‘ എന്നല്ല, തമിഴ്മട്ടിൽ ‘ഉമാ‘ എന്നാണ്. ‘പിണക്കം തീരുക‘ എന്നല്ല ‘പഴം പറയുക‘ എന്നാണ്. ആറ്റൂർ പരിഭാഷയിലെ തീൻപായ, കുളിയറ, തീൻമുറി, വിളിമണി, മുറിവാതിൽ, വിമാനനിലയം, മുകളറ തുടങ്ങിയ പുതുവാക്കുകൾ ആരുടെയും കണ്ണിൽപ്പെടും; ഓർമയിൽ നില്ക്കും.
മുണുമുണുത്തു, തങ്കപ്പെട്ടവൻ, ജാള്യതപ്പെട്ടു, കാശ് തിരുടിയ കാര്യം, വെളിനാട്ടുകാരൻ മുതലായ പ്രയോഗങ്ങളുടെ തമിഴ്ചുവ രസമായിട്ടാണ് എനിക്കു തോന്നിയത്. സങ്കടപ്പെട്ടു എന്നെഴുതും പോലെ സന്തോഷപ്പെട്ടു, വിഷാദപ്പെട്ടു, കോപപെട്ടു, വേദനപ്പെട്ടു, എന്നൊന്നും എഴുതാൻ ആറ്റൂരിന് കൂസലില്ല. വായയെ വകവെയ്ക്കാതെ, ഉള്ളേ പിറുപിറുത്തുകൊണ്ട്, രോമാഞ്ചപ്പെട്ട് ഉടൽ മുതലായി ഇവിടെക്കാണുന്ന പ്രയോഗങ്ങളിൽ പലതും മലയാളത്തിന്റെ സാധ്യത വിപുലീകരിക്കുന്നുണ്ട്.
സുന്ദരസ്വാമിയുടെ ജേ.ജേ: ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, എന്നീ തമിഴ് നോവലുകളുടെ മൊഴിമാറ്റത്തിലും ആറ്റൂർ സ്വീകരിച്ചനയം ഇതുതന്നെ. ‘അപ്പപ്പാ! എത്രകഥകൾ‘ എന്ന് അദ്ഭുതംകൂറുന്ന പരിഭാഷ അതേ തമിഴ്മട്ടിൽ ‘വായ് നിറയെ പിരാകുന്നത്‘ പുളിമരത്തിന്റെ കഥയിൽ കാണാം. ഏതുഭാഷയിൽ നിന്നാണോമൊഴിമാറ്റം, ആ ഭാഷയുടെ രുചി മലയാളത്തിൽ അനുഭവപ്പെടണം എന്നാണ് ആറ്റൂരിന്റെ വിവർത്തനാദർശനം. ജേ.ജേ. യുടെ മുഖക്കുറിപ്പിൽ അത് തെളിയിച്ചെഴുതിയിട്ടുണ്ട്: ‘മലയാളകൃതി വായിക്കുന്നതുപോലെ തോന്നാതിരിക്കാൻ ഈ മൊഴിമാറ്റത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. മറ്റൊരു സംസ്കാരത്തിന്റെ വ്യത്യസ്തത അതിന്റെ ഭാഗമാണെന്ന തോന്നലാണെനിക്ക്” .
ബംഗാളിയിൽനിന്ന് ആനന്ദ് തർജമചെയ്ത മഹാശ്വേതാദേവിയുടെ ‘കവിബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും‘ എന്ന നോവലാണ് മറ്റൊരുദാഹരണം. ‘ബംഗാളിനോവലുകൾ മലയാളത്തിൽ: വിവർത്തനപഠനത്തിന്റെ സിദ്ധാന്തവും പ്രയോഗവും‘ എന്ന ജയാസുകുമാരന്റെ ഗ്രന്ഥം (2008) നോവൽവിവർത്തനത്തെക്കുറിച്ചു മലയാളത്തിലുണ്ടായിട്ടുളള ഏക അക്കാദമിക ഗവേഷണപഠനമാണ്. വിവർത്തനത്തിന്റെ സിദ്ധാന്തങ്ങൾ സമഗ്രമായവതരിപ്പിക്കുന്ന ഈ പഠനത്തിന്റെ മൗലികത ബംഗാളിനോവലുകൾക്ക് മലയാളത്തിലേക്കുണ്ടായ വിവർത്തനങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും സൂക്ഷ്മമായപഗ്രഥിക്കുന്നുവെന്നതാണ്. പ്രമേയം, ഭാഷ, ആഖ്യാനം, പശ്ചാത്തലം തുടങ്ങിയ ഓരോ തലത്തിലും വിവർത്തനം നടത്തുന്ന ഇടപെടലുകളുടെ വിശകലനമായി ഇതുമാറുന്നു. 1858-ൽ മലയാളത്തിലേക്കാരംഭിക്കുന്ന ബംഗാളിനോവൽവിവർത്തനത്തിന്റെ ചരിത്രം ഒരർഥത്തിൽ മലയാളനോവലിന്റെതന്നെ ചരിത്രമായി മാറുന്നു. ആനന്ദമഠം, ആരണ്യക് ആരോഗ്യനികേതനം എന്നീ നോവലുകൾക്കുണ്ടായ വിവർത്തനങ്ങൾ ഈ സാംസ്കാരികപ്രക്രിയയുടെ നാഴികക്കല്ലുകളായതെങ്ങനെയെന്നന്വേഷിക്കുന്നു, ജയ. 1920 മുതൽ 1995 വരെ, ഒരു കൃതിക്കുണ്ടായ (ആനന്ദമഠം) പല വിവർത്തനങ്ങൾ താരതമ്യം ചെയ്ത് ഓരോ വിവർത്തനവും ഓരോ രാഷ്ട്രീയനോവലായി മാറുന്നതിന്റെ വിസ്മയകരമായ സാധ്യത (ദേശീയത മുതൽ ഹിന്ദുത്വവർഗീയത വരെയുളളവ വിവർത്തനത്തിന്റെ രാഷ്ട്രീയാബോധമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന്) ഈ പഠനം മറനീക്കുന്നു.
1957-59 കാലത്തെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ നടന്ന വിമോചനസമരത്തിൽ മാധ്യമ, സാംസ്കാരിക രംഗങ്ങളിൽ വലിയ പങ്കുവഹിച്ച മുട്ടത്തുവർക്കി, ആ സർക്കാരിന്റെ പതനത്തെത്തുടർന്നു നടത്തിയ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക ഇടപെടൽ ‘ഡോക്ടർ ഷിവാഗോ‘യുടെ വിവർത്തനമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും മനുഷ്യവിരുദ്ധതകളെയും വിപ്ലവമെന്ന പ്രക്രിയയുടെ അസംബന്ധങ്ങളെയും കുറിച്ച് ബോറിസ് പാസ്തർനാക്ക് എഴുതിയ ക്ലാസിക്കാണല്ലോ ഡോക്ടർ ഷിവാഗോ. മലയാളത്തിൽ, നോവൽവിവർത്തനത്തിന്റെ രാഷ്ട്രീയം ഇത്രമേൽ പ്രകടമായി സംഭവിച്ച മറ്റൊരു സന്ദർഭമില്ല. പ്രസാധകർക്ക് നോവൽവിവർത്തനത്തിലുളള രാഷ്ട്രീയതാൽപര്യത്തിനോ താൽപര്യമില്ലായ്മക്കോ ഉളള മികച്ച ഉദാഹരണമായും ഈ കൃതി മാറുന്നുണ്ട്. 2014-ൽ പുറത്തുവന്ന ഡോക്ടർ ഷിവാഗോയുടെ എസ്.പി.സി.എസ്. പതിപ്പിന്റെ പുറംചട്ട നോക്കുക. ‘ചരിത്രപരമായ ഭൗതികവാദവും സോഷ്യലിസ്റ്റ് റിയലിസവും സമന്വയിച്ച സാഹിത്യമെഴുതണമെന്ന സോവിയറ്റ് യൂണിയന്റെ കറുത്ത ശബ്ദത്തെ വിപ്ലവാനന്തര ജീവിതത്തിന്റെ ഉണർന്ന നേരുകൾകൊണ്ട് മുറിപ്പെടുത്തിയ ബോറിസ് പാസ്തർനാക്കിന്റെ വിഖ്യാതമായ നോവൽ‘ എന്ന ഭാഗത്തെ കറുത്ത എന്ന വാക്ക് മറച്ചുവച്ചാണ് പ്രസാധകർ ഈ രചന വിപണിയിലെത്തിച്ചിട്ടുളളത്. എസ്.പി.സി.എസിന്റെ ഭരണനിയന്ത്രണം കയ്യടക്കിവച്ചിട്ടുളള രാഷ്ട്രീയപാർട്ടിയുടെ സാംസ്കാരിക കമ്മിസാർമാരുടെ ക്ഷുദ്രവും മലിനവുമായ രാഷ്ട്രീയബോധമാണ് ഇതിനുപിന്നിൽ. സൂര്യനെ മുറംകൊണ്ടു മറയ്ക്കുന്നതുപോലുളള ഒരു പാഴ്വേല.
വിവർത്തനമെന്ന പ്രക്രിയയുടെയും വിവർത്തിതകൃതിയുടെ പ്രസാധനത്തിന്റെയും പിന്നിലെ രാഷ്ട്രീയത്തിനുളള ഇത്തരം സ്വഭാവങ്ങളുടെ പശ്ചാത്തലത്തിൽ വേണം ആനന്ദിന്റെ വിവർത്തനത്തെയും കാണാൻ. ഏതു രചനയാണ് താൻ വിവർത്തനത്തിനു തെരഞ്ഞെടുക്കുന്നത് എന്ന കാര്യത്തിൽ വിവർത്തകനുളള നിലപാട് മുതൽ അതിന്റെ ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലും തിരിച്ചറിയുന്ന രാഷ്ട്രീയം വരെയുളളവ ഇവിടെ പരിഗണിക്കണം. മഹാശ്വേതാദേവിയുടെ ബംഗാളിനോവൽ അതിന്റെ മിത്ത്, ചരിത്രം, ഗോത്രസ്വത്വം, ഭാഷാശൈലി, എഴുത്തിന്റെ രാഷ്ട്രീയം തുടങ്ങിയ തലങ്ങളിൽ പുലർത്തുന്ന കാഴ്ചപ്പാടുകളെ ഏതാണ്ടതേ രാഷ്ട്രീയ നിലപാടുകളിൽതന്നെ ഊന്നിനിന്ന് മലയാളത്തിൽ പുനഃസൃഷ്ടിക്കുകയെന്ന ആനന്ദിന്റെ താൽപര്യവും ലക്ഷ്യവുമാണ് ഇവിടെ ഏറ്റവും പ്രധാനം. തർജമ, ഒരു സാഹിതീയാവശ്യമെന്നതിനപ്പുറം, രാഷ്ട്രീയാനിവാര്യതയാകുന്ന സാംസ്കാരിക പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ രാഡ് ബംഗാളിന്റെ ചരിത്രം നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെടുക്കുകയും കീഴാള, ആദിവാസി ജനതകളുടെ സാംസ്കാരികജീവിതം നോവലായി രേഖപ്പെടുത്തുകയും ചെയ്യുന്നു, മഹാശ്വേതാദേവി. ബന്ദ്യഘടിഗായി എന്ന കവി തന്റെ കാലത്തെ സാമൂഹ്യാധികാരഘടനകൾക്കെതിരെ തന്റെ കവിത്വം കൊണ്ടു കലഹിച്ചതിന്റെ കഥയായി അതു മാറുന്നു. തന്റെതന്നെ നോവലുകളിൽ ആൾക്കൂട്ടങ്ങളോടും ഭരണകൂടമുൾപ്പെടെയുളള അധികാരസ്ഥാപനങ്ങളോടും വ്യക്തി നടത്തുന്ന കലാപങ്ങളുടെ കഥ ചരിത്രമായെഴുതിയിട്ടുളള ആനന്ദിന്റെ രാഷ്ട്രീയം അതിന്റെ അന്തഃസത്തയിൽ ദേവിയുടെ നോവലിലും കവിയുടെ ജീവിതത്തിലും എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ചരിത്രം, മിത്ത്, രാഷ്ട്രീയം, ആഖ്യാനം, എഴുത്ത് തുടങ്ങിയ ഘടകങ്ങളെയെല്ലാം കൂട്ടിയിണക്കുന്നതിൽ മഹാശ്വേതാദേവി പുലർത്തുന്ന കാഴ്ചപ്പാടിനോട് അങ്ങേയറ്റം സമാനതയും സമാന്തരതയും പ്രകടിപ്പിക്കുന്ന ആഖ്യാനകലയിലൂടെ വിവർത്തനത്തിന്റെ സർഗാത്മകത സഫലമാക്കുകയാണ് ആനന്ദ്. ഒരു കൃതിയെ അതിന്റെ രാഷ്ട്രീയവേരുകളിൽ ചെന്നുതൊടുന്ന പ്രക്രിയയായി ഇവിടെ ഇതു മാറുന്നു. ഇതുതന്നെയാണ് വിവർത്തനത്തിന്റെ സാംസ്കാരികമായ അനിവാര്യതയും. ഈയൊരു അനിവാര്യത പ്രകടമാകാത്ത കാലത്തോളം വിവർത്തനം സർഗാത്മകമായ അസംബന്ധവും വാണിജ്യപരമായ വ്യാജവും മാത്രമായിരിക്കുമെന്നാണ് മലയാളത്തിലെ ബഹുഭൂരിപക്ഷം നോവൽവിവർത്തനങ്ങളും തെളിയിക്കുന്നത്.
പ്രസാധകരുടെയും വിവർത്തകരുടെയും നേതൃത്വത്തിലുളള ഈ രണ്ടു കുറ്റവാളിഗോത്രങ്ങളും മലയാളത്തിൽ പെറ്റുപെരുകാൻ ഒരു കാരണം ഈ രംഗത്തു നിലനിൽക്കുന്ന കടുത്ത നിരൂപകാലംഭാവമാണ്. ഇംഗ്ലീഷിൽ നോവലുകൾ വായിക്കാത്തവരാണ് ബഹുഭൂരിപക്ഷവും മലയാളവിവർത്തനത്തെ ആശ്രയിക്കുന്നതും അവ ശീലമാക്കുന്നതും. സാധാരണക്കാരായ വായനാശാലാ അംഗങ്ങളും വിദ്യാർത്ഥികളും മറ്റും. ഇംഗ്ലീഷിൽ ഏതെങ്കിലും നോവൽ മനസ്സിരുത്തി വായിച്ചിട്ടുള്ളവർ അതിന് വന്നിട്ടുള്ള മലയാളവിവർത്തനം ഒന്നു മറിച്ചുനോക്കിയാൽ ഇവിടെ നിലനിൽക്കുന്ന വിവർത്തനപ്രക്രിയയുടെ ഗുരുതരമായ വീഴ്ചകൾ ബോധ്യപ്പെടും. ഇംഗ്ലീഷ് വായിക്കാതെ പോലും തിരിച്ചറിയാൻ കഴിയുന്ന, വിവർത്തകരുടെ വങ്കത്തരങ്ങളാണ് മുരളിയും ജോളിയും ജോളിയും വിനയചന്ദ്രനുമൊക്കെ വെളിപ്പെടുത്തുന്നത്. മരണാനന്തരജീവിതം (Afterlife) എന്നാണ് വാൾട്ടർബൻയമിൻ വിവർത്തനക്രിയയെ വിശേഷിപ്പിച്ചത്. അത്രമേൽ മഹത്തും പ്രതിഭാസമ്പന്നവുമായ സാംസ്കാരിപ്രവർത്തനമാണ് അതിൽ നടക്കേണ്ടത് എന്നദ്ദേഹം കരുതിയിരുന്നു. പക്ഷെ നമ്മുടെ നോവൽ വിവർത്തനങ്ങൾ ജീവിതാനന്തരമരണം മാത്രമേ ആകുന്നുള്ളൂ. സാംസ്കാരികമായ സ്ഥാനാന്തരണവും പറിച്ചുനടീലുമൊന്നും അവിടെ നടക്കുന്നില്ല.
വിവർത്തനത്തിലെ ഈ നിലവാരമില്ലായ്മ മലയാളകൃതികൾ ഇംഗ്ലീഷിലേക്കാക്കുമ്പോഴും സംഭവിക്കുന്നു. സുജിത് മുഖർജി, തകഴി കൃതികളുടെ വിവർത്തനം മുൻനിർത്തി ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. (Translation as Discoveryഎന്ന ഗ്രന്ഥത്തിൽ, 1994: 134) ചെമ്മീൻ വിവർത്തനത്തിന്റെ (1962) ഗംഭീരവിജയത്തിനുശേഷം രണ്ടിടങ്ങഴി (1967), പതിതപങ്കജം (71), തോട്ടിയുടെ മകൻ (73), ഉലക്ക (74), ഏണിപ്പടികൾ (76) എന്നിവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടുവെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. വി.കെ. നാരായണമേനോന്റെ ചെമ്മീൻ വിവർത്തനം ഉന്നതനിലവാരം പുലർത്തിയപ്പോൾ എം.എ. ഷുക്കൂറിന്റെയും ആഷറുടെയും മറ്റും ഇതരനോവൽ വിവർത്തനങ്ങൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് മുഖർജി വിലയിരുത്തുന്നു. മൂലകൃതിയെയും ഭാഷയെയും കുറിച്ചുള്ള തികഞ്ഞ അജ്ഞതയും ലക്ഷ്യഭാഷയിന്മേലുള്ള നിയന്ത്രണമില്ലായ്മയും നോവലിന്റെ സൗന്ദര്യകല തിരിച്ചറിയാനുള്ള ശേഷിയുടെ കുറവുമാണ് വിവർത്തനങ്ങളെ ഈ വിധം നശിപ്പിക്കുന്നതെന്ന് മുഖർജി ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ തിരിച്ചറിഞ്ഞ് ഒ.വി. വിജയൻ സ്വന്തം കൃതികൾ സ്വയം ഇംഗ്ലീഷിലാക്കിയിട്ടും ഫലമൊന്നുമുണ്ടായില്ല എന്നതു വേറെ കാര്യം.
മലയാളത്തിൽ ഇന്ന് നോവൽ വിവർത്തനത്തെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം ആഗോളവൽക്കരണകാലത്തെ മതാത്മകവും രാഷ്ട്രീയവുമായ അജണ്ടകളാണ്. ഭിന്നകാലങ്ങളിൽ യൂറോപ്യൻ, റഷ്യൻ, ലാറ്റിനമേരിക്കൻ സാഹിത്യങ്ങൾക്ക് മലയാളത്തിൽ വിപണി സൃഷ്ടിച്ചുനൽകിയ രാഷ്ട്രീയങ്ങൾ പൊതുവെ ഗുണാത്മകമായിരുന്നുവെങ്കിൽ പലപ്പോഴും ഋണാത്മകവും മതാത്മകവുമായ ഗൂഢതാല്പര്യങ്ങളാണ് പശ്ചിമേഷ്യൻ ഇസ്ലാമിക രചനകളെയും യൂറോപ്യൻ ആത്മീയരചനകളെയും വിശ്വസാഹിത്യത്തിലെ മഹാമാതൃകകളായി പ്രചരിപ്പിച്ച് മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിനു പിന്നിലുള്ളത്. പൗലോ കൊയ്ലോ മുതൽ ഓർഹാൻ പാമുക്ക് വരെയുള്ളവരുടെ വിവർത്തനവിപണി കൃത്യമായ മാധ്യമ, പ്രസാധന, മത നിർമ്മിതികളാണ്. തികച്ചും ക്ഷുദ്രമായ അധിഭൗതികതയുടെയും അതീന്ദ്രിയതയുടെയും വികലഭാവനയാണ് കൊയ്ലോയുടേത്. പാമുക്ക് മികച്ച എഴുത്തുകാരനാണ്. പക്ഷെ മറ്റു പല നാലാംതരം എഴുത്തുകാരുടെയും മതരാഷ്ട്രീയങ്ങൾ മലയാളത്തിലേക്ക് ഒളിച്ചുകടത്തുന്നതിനുള്ള മറ മാത്രമാണ് പാമുക്ക്. റുഷ്ദിക്കോ തസ്ലീമക്കോ വിവർത്തനം നൽകാത്തവരാണ് ഈ പശ്ചിമേഷ്യൻ മതരചനകൾക്ക് വൻപ്രാധാന്യം കല്പിച്ചുനൽകുന്നത്. പ്രതിലോമപരമായ ആഗോള,മത, രാഷ്ട്രീയതാല്പര്യങ്ങൾക്ക് സാഹിത്യവും വിവർത്തനവും എങ്ങനെ കുട പിടിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ നോവൽ വിവർത്തനമേഖല.
ചുരുക്കത്തിൽ, മുൻപു സൂചിപ്പിച്ച നാലുകാരണങ്ങൾ മൂലം (1. വിവർത്തിതനോവലിനുള്ള വിപണി തിരിച്ചറിഞ്ഞ പ്രസാധകരുടെ കച്ചവടതാല്പര്യം. 2. സാഹിത്യവിവർത്തനത്തെക്കുറിച്ച് യാതൊരു തിരിച്ചറിവുമില്ലാത്തവർ വിവർത്തകരാകുന്നത്. 3. വിവർത്തിതകൃതികൾ യാതൊരു തലത്തിലും മൂല്യനിർണ്ണയം ചെയ്യപ്പെടാത്തത്. 4. മത-രാഷ്ട്രീയതാല്പര്യങ്ങൾ സാഹിത്യത്തെക്കുറിച്ചു സൃഷ്ടിക്കുന്ന വ്യാജപ്രതീതികൾ.) സംഘടിതവും ആസൂത്രിതവുമായി നിർമ്മിക്കപ്പെട്ട ഒരു വ്യാജ സാംസ്കാരിക മണ്ഡലമായി ആധുനികാനന്തര മലയാളനോവലിലെ വിവർത്തനരംഗം മാറിക്കഴിഞ്ഞിരിക്കുന്നു. വലിയ നോവലുകൾ വലുതായിത്തന്നെ വിവർത്തനം ചെയ്യാൻ ശേഷിയുളളവരുടെ അഭാവം, സെൻസേഷണലിസം മുതൽ മതമൗലികവാദം വരെയുളളവ മുൻനിർത്തി നടക്കുന്ന ധൃതിപിടിച്ചുളള വിവർത്തനം, സർഗാത്മകവും മൗലികവുമായ വിവർത്തന പ്രതിഭയുളളവരുടെ അസാന്നിധ്യം, വിവർത്തനത്തിന്റെ ഉളളടക്കത്തിലും രാഷ്ട്രീയത്തിലും ഭാഷയിലും മറ്റുമുളള എഡിറ്റിംഗിന്റെ അഭാവം, വസ്തുതാപരമായ കൃത്യതകൾപോലും പാലിക്കപ്പെടാത്തത്, പദാനുപദ വിവർത്തനത്തിന്റെ യാന്ത്രിക യുക്തിക്കപ്പുറം വിവർത്തനതത്വങ്ങൾ അറിഞ്ഞുകൂടാത്തവരുടെ തളളിക്കയറ്റം, ഔചിത്യമോ മര്യാദയോ ഇല്ലാത്ത വിട്ടുകളയലുകളും തമസ്കരണങ്ങളും, വ്യാകരണപരമായ തെറ്റുകളും വികലമായ ഭാഷാശൈലിയും എന്നിങ്ങനെ എത്രയെങ്കിലും വൈകല്യങ്ങളും പരിമിതികളും നിറഞ്ഞതാണ് ഈ മണ്ഡലം. കച്ചവടക്കണ്ണു മാത്രമുളള പ്രസാധകരുടെ സാന്നിധ്യവും നിലവാരമുളള വിവർത്തകരുടെയും എഡിറ്റർമാരുടെയും അസാന്നിധ്യവും ഈ ദുരന്തത്തിന്റെ ജീവിതചക്രം പൂർത്തിയാക്കുന്നു. എൻ. മൂസക്കുട്ടിയെപ്പോലൊരു വിവർത്തകൻ Magic Mountain എന്ന മഹത്തായ കൃതി വർഷങ്ങളെടുത്തു തർജമചെയ്തിട്ടും പ്രസാധകർ അതു പ്രസിദ്ധീകരിക്കാൻ മുന്നോട്ടുവരാത്തതും, നാലാംകിട രചനകളുടെ നാലാംകിട തർജമകൾ ദിവസേനയെന്നോണം പ്രസിദ്ധീകരിക്കപ്പെടുന്നതും ശ്രദ്ധിച്ചാൽ ഈ രംഗം പുളഞ്ഞുകിടക്കുന്ന ചെളിക്കുഴി വ്യക്തമാകും. ആധുനികാനന്തര മലയാളനോവലിന്റെ ഭാവുകത്വചരിത്രത്തിലും വിശകലനത്തിലും ഇത്തരമൊരു സാംസ്കാരിക കുറ്റകൃത്യത്തിനും അതിന്റേതായ പങ്കും പ്രസക്തിയുമുണ്ട് എന്നതാണ് യാഥാർഥ്യം.
Be the first to write a comment.