രസ്വതി ഒരു മരിച്ച നദിയല്ല. ഭാരതീയ സര്‍ഗാത്മകതയുടെ ഒരിക്കലും മരിക്കാത്ത ഉള്ളുറവയാണവള്‍. നമ്മുടെ മാനവിക ബോധത്തിന്‍റെ  ആ ഇത്തിരി നനവ്‌ കൂടി നഷ്ട്പ്പെട്ടാല്‍ താമസിയാതെ നമ്മുടെ നാടും ചുട്ടുപൊള്ളുന്ന ഒരു മരുഭൂമിയായി മാറും;മറ്റൊരു അറേബിയന്‍ മണലാരണ്യം. അത് കൊണ്ട് ആ നനവിന്റെ പച്ചയെ നാമോരോരുത്തരും  സാമൂഹിക ജീവിതത്തിന്‍റെ മുകള്‍പ്പരപ്പിലേക്ക് പുനരാനയിക്കേണ്ട സമയമായി .എന്നാല്‍ മഹത്തായ ഭാരതീയ പാരമ്പര്യത്തിന്‍റെ  പുന:പ്രതിഷ്ഠാപനത്തിനെന്ന വ്യാജേനയുള്ള മറ്റൊരു  ഉദ്ഖനന സംഘശ്രമം ഇവിടെ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഗീബല്‍സിയന്‍ നുണകളുടെ ഒരു രണ്ടാം പതിപ്പുമായി പ്രചാരവേലകര്‍ കൈയ്യും തലയും വെട്ടി മുക്രയിട്ടു മുന്നേറുകയാണ്.മരണവാതകങ്ങള്‍ അണിയറയില്‍ തയ്യാറാകുന്നു. ഭൂമിയുടെ ആഴങ്ങളിലെ അന്തര്‍ ഗൃഹത്തില്‍ കാരുണ്യത്തിന്‍റെ മഹാനദിയായ സരസ്വതി ബന്ധിതയായി കേഴുകയാണ്…നീ ആ നദി തന്നെയാകണം. .കാത്തിരിപ്പിന്റെ,ക്ഷമയുടെ,സ്നേഹത്തിന്‍റെ,ദയയുടെ,വിശ്വാസത്തിന്‍റെ ഒക്കെ ഒരു നദി. ഇതാണ് കാശിയില്‍ വെച്ച് കണ്ട പരമകാരുണികനായ സന്യാസി കരുണാകരന്‍റെ പച്ച എന്ന കഥയിലെ(മാതൃഭൂമി ആഴ്ചപ്പതിപ്പ്ഒക്ടോബര്‍ 25) നിയമപാലകനായ വസുപതിയോട് പറയുന്നത്.  ഈ പച്ച, ഭൂമിക്കടിയില്‍ മറഞ്ഞിരുന്ന്, കരുണാജലം നിത്യവും ജീവദാനമായി നല്‍കുന്ന സരസ്വതീദേവിയുടെ മാതൃസാന്നിധ്യത്തിന്‍റെ കൈമുദ്രകളായി മരങ്ങളിലും,ചെടികളിലും,ചെറുപുല്ലുകളില്‍പ്പോലും വിരിയുന്ന ഇലകള്‍ തന്നെയാണ്.ഇതിലധികം അവള്‍ തന്‍റെ സാന്നിധ്യം എങ്ങിനെ വരച്ചു കാട്ടും?അവളുടെ മുലപ്പാലിന്റെ പച്ച തന്നെയാണ് മനുഷ്യരും?അവളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് വെളിച്ചം കണ്ട സഹോദരന്മാരാണ്  നാമെല്ലാം; പിന്നെ എന്തിനീ ഭ്രാതൃഹത്യകളുടെ കൊലവിളികള്‍? നന്മയുടെ ജലസ്പര്ശം കൊണ്ട് കരുണാകരന്‍റെ കഥ വായനക്കാരന്‍റെ മനസ്സിലെ മാലിന്യങ്ങള്‍ കഴുകിക്കളയുന്നു. ഉദാത്തവും ഉജ്ജ്വലവുമായ കഥ.

ആലപ്പുഴയിലെ വെള്ളം കൊണ്ടൊരു ജ്ഞാനസ്നാനം
ജലമര്‍മ്മരം സ്ത്രീയുടെ കരച്ചിലാണോ?ഏതായാലും ജലത്തിന്‍റെ ഭാവവ്യതിയാനങ്ങള്‍ കണ്ടറിയാന്‍ കഴിയുക  സ്ത്രീക്ക് തന്നെയാണ്. തന്‍റെ നിത്യവ്യവഹാരങ്ങളില്‍ സ്ത്രീ ഏറ്റവുമധികം ആശ്രയിക്കുന്നത് ജലത്തെയാണ്. ജലം തന്‍റെ സുതാര്യമായ കണ്ണുകളിലൂടെ സഹതാപപൂര്‍വ്വം സ്ത്രീയെ നോക്കും. അടുക്കളയില്‍ സ്ത്രീയുടെ സഹനതാപങ്ങള്‍ ഏറ്റുവാങ്ങി ജലം തിളച്ചുതുള്ളും. അലക്ക് കല്ലില്‍ കുടുംബ മാലിന്യങ്ങളോടു ഗുസ്തി പിടിച്ചു വശം കെടുമ്പോള്‍ ജലം അഴുക്കുകളെല്ലാം ഏറ്റുവാങ്ങി സ്ത്രീയെ സഹായിക്കും. വിരുന്നുകാര്‍ക്കുമുന്‍പില്‍ പാനീയമായി ജലം സ്ത്രീയുടെ കുടുംബ മഹിമ കാക്കും. എല്ലാം കഴിഞ്ഞു കുളിക്കുമ്പോള്‍ സ്ത്രീയുടെ ശരീരത്തിന്റെ ഉളുക്ക് ചതവ് നീരുകളില്‍ ജലം തണുത്തുഴിഞ്ഞു ഇഷ്ട തോഴിയാകും.അതെ,സ്ത്രീക്കല്ലാതെ മറ്റാര്‍ക്കാണ് ജലത്തിന്‍റെ വഴക്കങ്ങള്‍ നന്നായി അറിയുക. ഈ സ്ത്രീ ചിന്തകള്‍ എന്നില്‍ ഉണര്‍ത്തിയത് അനിത തമ്പി എഴുതിയ ആലപ്പുഴ വെള്ളം എന്ന മനോഹര കവിതയാണ്(മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒക്ടോബര്‍ 25). തൊഴിലാളിയും സ്ത്രീയും ഒരേപോലെ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും,അശുദ്ധിയെക്കുറിച്ചുള്ള ഉപരിവര്‍ഗസൌന്ദര്യ മൂല്യങ്ങളുടെ പൊതുസമ്മതിയില്‍ ആകൃഷ്ടരായി മധ്യവര്‍ഗ കലാകാരന്മാര്‍ ചാഞ്ചാടുന്നുവെന്നും കാണിക്കുന്ന  മനോഹരമായ ഈ കവിത ആലപ്പുഴയുടെ ജലസൌന്ദര്യത്തെ മുഴുവന്‍ ഉപയോഗപ്പെടുത്തി എഴുതിയിട്ടുള്ളതാണ്.

സ്ത്രീ ഒരു ജലകവാടമാണ്. ജീവന്‍റെ ആത്മാക്കളെ ഭൂമിയിലേക്ക് കയറ്റിവിടുന്ന കടത്തുകാരി. ജീവന്‍റെ ഈ ജലസ്രോതസ്സുകള്‍ പുരുഷന്‍റെ അമിത ഭോഗത്വരയാല്‍ എത്ര മലിനപ്പെട്ടാലും  അവയുടെ ആദിമശുദ്ധിയിലേക്ക് തിരിച്ചെത്താന്‍ സ്ത്രൈണമായ ജലപ്രകൃതിക്ക് കഴിയും. അതുപോലെ തന്നെ ഗാര്‍ഹികവും പ്രകൃതിയോടിണങ്ങുന്ന തൊഴില്‍പരവും ആയ ആവശ്യങ്ങള്‍ക്കിടയില്‍  സ്വാഭാവികമായും മലിനപ്പെടുന്ന ജലം പ്രകൃതിയൊരുക്കിയിട്ടുള്ള ചാക്രികതയാല്‍ അതിന്‍റെ പരിശുദ്ധി വീണ്ടെടുക്കുന്നതുമാണ്. ഈ പ്രകൃതിപശ്ചാത്തലത്തില്‍ കീഴാള മേലാള സൌന്ദര്യ ശാസ്ത്രങ്ങളെ താരതമ്യം ചെയ്യുകയാണ് അനിത തമ്പി .

ജലം എന്നെഴുതണോ വെള്ളം എന്നെഴുതണോ എന്നാണു ആലപ്പുഴനാട്ടുകാരിക്ക് സംശയം.

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ട് ചീഞ്ഞ മണമുള്ള
ഉപ്പു ചേര്‍ന്ന രുചിയുള്ള
കടും ചായ നിറമുള്ള
കലശു വെള്ളത്തിന്‍റെ മകള്‍

കവിതയില്‍ ജലം എന്നെഴുതുമ്പോള്‍ കവി ആറ്റൂര്‍ വെള്ളം എന്നല്ലേ നല്ലത് എന്ന് ചോദിക്കുന്നതില്‍ നിന്നാണ് കവിതയുടെ ജനനം. ആലപ്പുഴയിലെ വെള്ളം അഴുക്കു നിറഞ്ഞതാണെന്ന് മേല്‍ വരികളിലൂടെ അനിത തമ്പി വ്യക്തമാക്കുന്നു. വെള്ളം ജലമാകുമ്പോള്‍ അതിനു പ്രമാണിവര്‍ഗത്തിന്‍റെ തീര്‍ത്ഥപദവി കൈവരുന്നില്ലേ എന്ന മധ്യവര്‍ഗശങ്ക കവയത്രിയ്രെ എപ്പോഴും വിടാതെ പിടികൂടുന്നതാണ് കവിതയായി  മാറുന്നത്. ഉപരിവര്‍ഗമൂല്യങ്ങളെ മികച്ചതായി തെറ്റിദ്ധരിക്കാനുള്ള കാരണം അവയ്ക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന അന്ഗീകാരമാണ്.

അതിനുണ്ട് ദേവതകള്‍
അഴകുള്ള കോവിലുകള്‍
നിത്യപൂജ,നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടുംകൊമ്പന്മാര്‍,
തുളുമ്പുന്ന പുരുഷാരം

ആലപ്പുഴ ജലദേവതകളുടെ നാടാണ്.. ഈ ജലദേവത കുട്ടനാട്ടിലെ കര്‍ഷകരോടൊപ്പം പണിയെടുത്തു നെല്ല് വിളയിക്കുന്നു. കായലും,പുഴയും,കടലും ആയി മാറി അവള്‍ മീന്‍പിടുത്തക്കാരന്റെ കൂട്ടുപണിക്കാരിയാകുന്നു. തൊണ്ട് തല്ലുന്നിടത്തും,കയറു പിരിക്കുന്നിടത്തും അവള്‍ സഹായിയാണ്…വള്ളം കളിക്കാരോടൊപ്പം അവള്‍ ഉടല്‍ ഇളക്കി ചിരിക്കുന്നു. പണിയെടുക്കുന്നവന്റെ വിയര്‍പ്പു വീണാണ് ആലപ്പുഴ വെള്ളം കലങ്ങുന്നത്. ആലപ്പുഴയുടെ ജലച്ഛായാചിത്രം അദ്ധ്വനിക്കുന്നവന്റെ കാഴ്ചപ്പാടുകളിലൂടെ ചിത്രീകരിക്കുന്നു രണ്ടാംഘട്ടത്തില്‍. അഴുക്കു പുരളാത്ത പരിശുദ്ധിയുടെ സൌന്ദര്യശാസ്ത്രം തെറ്റാണെന്ന ഉള്ളറിവ് അവള്‍ക്കുണ്ട്. പക്ഷെ കവയത്രി ആലപ്പുഴയിലെ കുടിമാറ്റി തെക്കന്‍നീരില്‍ ഉറച്ച്ചപ്പോഴും അവളിലെ പഴയ ആലപ്പുഴക്കാരിയുടെ തൊഴിലാളി സ്വത്വവും മധ്യവര്‍ഗസൌന്ദര്യ വ്യാമോഹങ്ങളും  ഇടയ്ക്കിടെ വിരുദ്ധതാല്പര്യങ്ങളായി ഉയര്‍ന്നു വന്ന് അവളുടെ സ്വത്വബോധത്തില്‍ അപര വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയാണ് .

ഇപ്പോഴും അവള്‍ക്ക് സംശയം;ജലം എന്നെഴുതണോ,വെള്ളം എന്നെഴുതണോ എന്നുതന്നെ.

കവിത വെറും കനംകുറഞ്ഞ ആത്മഭാഷണം മാത്രമായി മാറിപ്പോകുന്ന സമകാലിക കാലത്ത് ഈ കവിത കരുത്താര്‍ന്ന, മികച്ച വായനാനുഭവമായി. അനിത തമ്പിക്ക് നന്ദി.

ദേവവാഹനമായ വിമാനം
കുലീനതകൊണ്ട് വിമാനം ഒരു ദേവവാഹനമാണ്. സുജനമര്യാദ ദേവനാഗരിലിപിയില്‍ എഴുതിപ്പഠിച്ച ആകാശസുന്ദരിമാര്‍ ആണ് അവിടെ പരിചാരികമാര്‍ .എന്നാല്‍ അവിടെയും മണത്തെത്തുന്ന കട്ടുറുമ്പുകള്‍ ഉണ്ട് . പ്രത്യേകിച്ചു ഗള്‍ഫ്‌ വിമാനങ്ങളില്‍ . എത്ര വിലപിടിപ്പുള്ള വസ്ത്രം ധരിച്ചാലും, അറേബിയന്‍ സുഗന്ധം മുഴുവന്‍ വാരിപ്പൂശിയാലും വിയര്‍പ്പുമണക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍! ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ഒക്ടോബര്‍ 4) എഴുതിയിരിക്കുന്ന ഓട്ടോറിക്ഷ എന്ന കഥയിലെ വാഹനമാകട്ടെ ജീവിതദൈന്യത്തിന്റെ കടകട ശബ്ദത്താല്‍ മേല്‍പ്പറഞ്ഞ കുലീനതയില്‍ അപശ്രുതി ചേര്‍ക്കുന്ന അസുരവാഹനമാണ്.വണ്ടിപ്പണി തെണ്ടിപ്പണി എന്നൊരു ചൊല്ലുതന്നെ മാന്യന്മാരുടെ മധ്യവര്‍ഗ്ഗനിഘണ്ടുവില്‍ ഉണ്ട്. ഈ മധ്യവര്‍ഗ്ഗ കാപട്യത്തിന്റെ വെള്ളക്കുപ്പായത്തില്‍ മുറുക്കിത്തുപ്പുകയാണ് ശിഹാബുദ്ദീന്‍.

വൈലോപ്പിള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദേവഭാവനാദര്‍പ്പണത്തില്‍ ആത്മരതിയോടെ നോക്കി മുഖം മിനുക്കി  ആകാശ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മദ്ധ്യവര്‍ഗ്ഗകപടനായകനായ മലയാളിയാണ് കഥയിലെ ആഖ്യാതാവ് .ഒരു ചുമട് ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളുമുന്ടയാള്‍ക്ക്. അയാള്‍ ഗള്‍ഫ്‌ രാജ്യത്ത് വ്യക്തിത്വ വികസന കോഴ്സിനു ക്ലാസെടുക്കാന്‍ പോയി മടങ്ങി വരികയാണ് . മറ്റുള്ളവരെ സഹായിക്കുന്നത് വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത് അടിവസ്ത്രമാക്കുന്ന വയ്യാവേലിയാണെന്നു അറിയാവുന്ന അയാള്‍ ഒരാള്‍ക്ക്‌ പോലും ഉപകാരം ചെയ്യില്ലെന്ന ദൃഡപ്രതിജ്ഞ എടുത്തിട്ടുണ്ട് .ഇയാളുടെ അടുത്ത ഇരിപ്പിടത്തിലാകട്ടെ  വലിയ പഠിപ്പോ കപട സുജനമാര്യദകളോ ഇല്ലാത്ത ഒരു സാധാരണക്കാരനാണ് വന്നെത്തുന്നത്. .ഈ വിപരീത മൂല്യങ്ങളുടെ ഇടപെടല്‍ വിരുദ്ധോക്തിയിലൂടെ ചിത്രീകരിച്ചു പുഞ്ചിരി ഹാ കുലീനമാം കള്ളംഎന്ന് വീണ്ടും സ്ഥാപിക്കുന്നതില്‍ ശിഹാബുദ്ദീന്‍ വിജയിച്ചിരിക്കുന്നു.

കാപട്യമാണ് മലയാളിയുടെ മുഖമുദ്ര. നാല് നേരം കുളിക്കും . അലക്കിതേച്ച വിലകൂടിയ വസ്ത്രങ്ങളേ ഉടുക്കൂ. പരനിന്ദയില്‍ ഡോക്ടരെറ്റ്. വെളുക്കുമ്പോള്‍ ഉണര്‍ന്നു വെളുത്തുള്ളതുടുത്തു സ്വയം സദ്ഗുണസമ്പന്നനെന്ന അത്മനാമവുംചൊല്ലി ചൊല്ലി കള്ളുഷാപ്പിലും,പുസ്തകക്കടയിലും,പ്രസംഗവേദികളിലും പരദൂഷണം പ്രസംഗിച്ചു ആത്മനിര്‍വൃതി അടയുന്നവനാണ് അമ്പടഞാനേ എന്ന ടിപ്പിക്കല്‍ മലയാളി. ഈ വെള്ളവസ്ത്ര സദാചാരം കപടം എന്ന വാക്കിലൂടെ വെളിപ്പെടുത്താം. കപ്പട എന്നാല്‍ ഹിന്ദിയില്‍ വസ്ത്രം എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യത്തെ മറച്ചു മറ്റൊന്ന് വെളിപ്പെടുത്തുന്നതാണല്ലോ കാപട്യം .പുറമേക്ക് ലെനിനായി പൂജാമുറിയില്‍ പൂന്താനമായി എന്ന് കെ ജി ശങ്കരപ്പിള്ള കവിതയില്‍ കണ്ടറിഞ്ഞ അതേ രോഗം തന്നെ. പക്ഷേ ചികിത്സയില്ല.

വിളംബകാലത്തിലോടുന്ന തീവണ്ടി
സുസ്മേഷ് ചന്ദ്രോത്തിന്റെ നിത്യ സമീല്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്)വിളംബ കാലത്തിലോടുന്ന തീവണ്ടിയാണ്. നിത്യ സമീല്‍ എന്നത് രണ്ടു പ്രണയകാന്തങ്ങളുടെ പേരാണ്; പരസ്പരം പുല്‍കാനാഗ്രഹിച്ച രണ്ടു പ്രണയ നക്ഷത്രങ്ങള്‍; രണ്ടു വ്യത്യസ്ത ധ്രുവങ്ങളുടെ ആകര്‍ഷണീയത. കണ്ണില്‍ കണ്ണില്‍ പ്രേമപ്രകാശവിനിമയങ്ങള്‍ പകര്‍ന്നു നില്‍ക്കുന്ന രണ്ടു നക്ഷത്രങ്ങള്‍ എത്ര ചേര്‍ന്ന് നിന്നാലും അവര്‍ക്കിടയില്‍ ഒരു കാവല്‍ അകലം ബാക്കിയാകുന്നു. .നിത്യ സമീല്‍ എന്നീ രണ്ടു പ്രണയനാമങ്ങള്‍ ആലിംഗനബദ്ധരാകുമ്പോഴും മതം അവര്‍ക്കിടയില്‍ എപ്പോഴും ഇത്തിരി അകലം ബാക്കിയിടുന്നത് അങ്ങിനെയാണ്. അവര്‍ക്കൊരിക്കലും പരസ്പരം ലയിച്ചു ചേര്‍ന്ന് നിത്യസമീല്‍ എന്ന ഏകനാമമായിത്തീരാന്‍ കഴിയുന്നില്ല. ദൈവം അവരെ അനുഗ്രഹിച്ചില്ല. മതങ്ങള്‍ അവരെ ആശീര്‍വദിച്ചില്ല. വീട്ടുകാര്‍ അവരുടെ കൈപിടിച്ചു ചേര്‍ത്തില്ല; അതിനാല്‍ തന്നെ കാലവും. കാലം ഒരു ചോരനായി അവരുടെ ജീവിതത്തിന്‍റെ ഓരോ വളവുകളിലും  കാത്തു നിന്ന് അവരുടെ യൌവന തീക്ഷണതകളുടെ ആവേശക്കുതിരകളെ കെട്ടിയിട്ടു. നീണ്ട പതിനാറു വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആണ് അവര്‍ വീട് വിട്ടിറങ്ങി ദൂരെ ദൂരെയുള്ള ഒരു ദേശച്ചില്ലയില്‍  കൂടുകൂട്ടാന്‍ തയ്യാറാകുന്നത്. അപ്പോഴേക്കും അവരുടെ ശരീരങ്ങള്‍ തണുത്തു കഴിഞ്ഞിരുന്നു. ഹൃദയദീപത്തില്‍ മാത്രം തിരി താഴ്ന്നു കത്തുന്ന പ്രേമം ആവേശത്തിരകളടങ്ങിയ ശാന്തമായ കടലായി.. കാമമുക്തമായ ആ പ്രേമത്തിന്‍റെ പരിസമാപ്തിയില്‍ കഥ വലിയ ഉയരങ്ങള്‍ കയ്യടക്കി .അതി മനോഹരമായ കഥ.  പ്രണയം ശുഭപര്യവസായിയായി എന്നു തീര്‍ത്തു പറയാന്‍ കാലം നമ്മെ അനുവദിക്കുന്നില്ല എന്ന അപായ സൂചന കഥാകൃത്ത്‌ ബാക്കിവെക്കുന്നുണ്ട് .വരാനിരിരിക്കുന്ന ഭീതിദ കാലങ്ങളുടെ ചോരക്കളങ്ങളില്‍ ഏകരും നിസ്സഹായരുമായി അവര്‍ക്ക് നില്‍ക്കേണ്ടി വരുമോ?ആര്‍ക്കറിയാം?

വളരെ സൂക്ഷ്മമായ പരിചരണ ശ്രദ്ധ ഈ കഥാരചനയില്‍ സുസ്മേഷ് പുലര്‍ത്തിയിട്ടുണ്ട്. കാലത്തിന്‍റെയും സമയത്തിന്റെയും ആവര്‍ത്തിച്ചു വരുന്ന പരാമര്‍ശങ്ങള്‍,  അവരുടെ പ്രണയപൂര്‍ത്തീകരണത്തില്‍ സംഭവിക്കുന്ന കാലവിളംബത്തിന്‍റെ അനുഭവം വായനക്കാരനില്‍ എത്തിക്കാന്‍ കൂടുതല്‍ സഹായകരമാകുന്നു.   കഥയിലെ പ്രതിനായകനായ മതത്തിന്‍റെ പ്രതിപുരുഷനായി   പ്രവര്‍ത്തിക്കുന്നത് കാലമാണെന്നതിനാല്‍   കഥാനിര്മിതിയില്‍ ഇതിനു വളരെ പ്രാധാന്യം കൈവന്നിട്ടുണ്ട്. കഥയുടെ ദൈര്‍ഘ്യവും വൈകാരികത കുറഞ്ഞ മന്ദഗതിയിലുള്ള ആഖ്യാനവും  കഥാകൃത്ത്‌ ബോധപൂര്‍വം സ്വീകരിച്ചിട്ടുള്ള രചനാതന്ത്രം ആണെന്ന് കാണാം.  തീവണ്ടിയിയുടെ ലോഹമുറികള്‍ പുക നിറഞ്ഞ് ശ്വാസം മുട്ടിക്കുന്നവയായി നിത്യക്കു തോന്നുന്ന ഭ്രമാനുഭവം നാസി സ്മരണകള്‍ നമ്മില്‍ ഉണര്‍ത്തുന്നുണ്ട് .ഇത് പ്രണയകഥ ഒരു രാഷ്ട്രീയ കഥയായി അനുഭവപ്പെടുന്നതിനു കഥാകൃത്ത്‌ കഥയില്‍ ഘടിപ്പിച്ചിട്ടുള്ള റിഫ്ളെക്ടര്‍ ആയി അനുഭവപ്പെടുന്നു. .അപ്പോള്‍ പ്രണയം വര്‍ത്തമാനാവസ്ഥയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടി  ആണെന്നു  കഥ ധ്വനിപ്പിക്കുന്നു. ഒളിച്ചോട്ടം കൊണ്ടു കഥ അവസാനിക്കുന്നില്ല .ഒളിവിടങ്ങള്‍ ഒരുക്കി ആരണ്യകങ്ങള്‍ നമ്മെ കാത്തിരിക്കുകയാണ്. നിത്യയും സമീലും ചെന്നെത്തിയിരിക്കുന്ന വീട് വലിയൊരു കെട്ടിടത്തിന്റെ പുറകില്‍ മറഞ്ഞു നില്‍ക്കുന്ന ഒന്നാണ് എന്ന് കഥാകൃത്ത്‌ സൂചിപ്പിക്കുന്നത് പിന്നീട് അനിവാര്യമായ ആവശ്യമായി തീര്‍ന്നേക്കാവുന്ന ഒരു ഒളിവിടത്തിന്റെ ക്രാന്തദര്‍ശിത്വത്തോടെയുള്ള തെരഞ്ഞെടുപ്പാണ് എന്ന് വരുന്നു.

മറ്റൊരു ഒളിച്ചോട്ടം;മറ്റൊരു തീവണ്ടിയാത്ര
സീന്‍ മാറുന്നു.അക്സെഹിര്‍ തീവണ്ടി നിലയത്തില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകുന്ന ഒരു തീവണ്ടിയുടെ ഉള്‍വശം. അവിടെ ഒരു യുവാവും യുവതിയും മാത്രം. ഇവര്‍ പ്രമുഖ എഴുത്തുകാരനായ ഓര്‍ഹാന്‍ പാമുക്കിന്‍റെ പുതിയ നോവലായ A strangness in my mind ലെ കഥാപാത്രങ്ങളായ റാഹിയ എന്ന യുവതിയും മേവ്‌ലറ്റ് കരാറ്റാസ് എന്ന യുവാവുമാണ്. കുറച്ചു നേരത്തേക്ക് അവര്‍ നിങ്ങള്‍ ആണെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ നിങ്ങളുടെ ജന്മനാട്ടില്‍ നിന്ന് ദൂരെ മറ്റൊരു ദേശത്തു എത്തിച്ചേര്‍ന്ന ആളാണ്‌..പിന്നെ നിങ്ങള്‍ ജന്മ ദേശത്തേക്ക് തിരിച്ചുപോയിട്ടില്ല .നിങ്ങളുടെ നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ദേശത്തു വെച്ചു നടന്ന ഒരു വിവാഹത്തില്‍ വെച്ചു കാണുന്നു. അവളുടെ സൌന്ദര്യം നിങ്ങളെ വല്ലാതെ ആകര്‍ഷിക്കുന്നു. എന്നാല്‍ അവള്‍ നിങ്ങളെ കാണുന്നതേയില്ല. വിവാഹത്തില്‍ പങ്കെടുത്തുകഴിഞ്ഞു അവള്‍ ജന്മ നാട്ടിലേക്ക് തിരിച്ചു പോകുന്നു . അവളുടെ ഒരു കസിന്‍ നിങ്ങളുടെയും കസിനാണ്. .നിങ്ങള്‍ അവള്‍ക്കായി എഴുതിയ നൂറു നൂറു പ്രണയ ലേഖനങ്ങള്‍ അയാള്‍ വഴി അവള്‍ക്കു കൊടുത്തയക്കുന്നു. അവള്‍ അതിനൊന്നിനും മറുകുറി എഴുതുന്നില്ല. അവള്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നറിയുന്നത് നിങ്ങളുടെ കസിന്റെ പ്രതികരണങ്ങളിലൂടെ മാത്രമാണ്. അയാള്‍ നിങ്ങള്‍ക്ക് പ്രത്യാശ പകരുന്നു. പ്രണയ സാഫല്യത്തിനായി കാത്തിരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ക്ക് കാമുകിയുമായി ഒളിച്ചോടാനുള്ള സഹായം അയാള്‍ ചെയ്തു തരുന്നു. അന്ധകാരനിബിഡമായ ഒരു രാത്രിയില്‍ അയാള്‍ നിങ്ങളെ അവളുടെ വീട്ടില്‍ നിന്നും കുറെ ദൂരെയുള്ള സ്ഥലത്ത് ഇറക്കി തരുന്നു.  നിങ്ങള്‍ അവിടമൊക്കെ സന്ദര്‍ശിച്ചു സ്ഥലപരിചയം നേടിയിരുന്നു. അപ്പോഴും അവളെ കാണാന്‍ നിങ്ങള്ക്ക് കഴിഞ്ഞിരുന്നില്ല. ഇരുട്ടില്‍ നിങ്ങള്‍ തപ്പിത്തടഞ്ഞു അവളുടെ വീടിന്‍റെ മുന്നിലെത്തുന്നു. നിങ്ങള്‍ എത്തുന്ന സമയം നിങ്ങളുടെ കസിന്‍ അവളോട്‌ പറഞ്ഞിട്ടുള്ളതിനാല്‍ അവള്‍ ആ സമയത്ത് വെളിച്ചം കെടുത്തിയും വീണ്ടും പ്രകാശിപ്പിച്ചും നിങ്ങള്‍ക്ക് സിഗ്നല്‍ തരുന്നു , അവള്‍ ആരും കാണാതെ വീട്ടില്‍ നിന്ന് ഇറങ്ങിവരുന്നു. ഇരുട്ടില്‍  നിങ്ങള്ക്ക് അവളുടെ മുഖം കാണാന്‍ കഴിയുന്നില്ല. നിങ്ങള്‍ രണ്ടു പേരും പ്രണയ സാഫല്യത്തിന്റെ ആനന്ദാതിരേകത്തില്‍ കൈകോര്‍ത്തു നടന്നു നിങ്ങളുടെ കസിന്‍  വാന്‍ നിറുത്തിയിട്ടിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരുന്നു. അവള്‍ വാനില്‍ കയറി. .നിങ്ങള്‍ കയറി വാതില്‍ അടക്കുന്നതിനു മുന്‍പ് ആകാശത്തു ശക്തിയായ ഉണ്ടായ ഒരു മിന്നല്‍ വെളിച്ചത്തില്‍ നിങ്ങള്‍ അവളെ ഒരു നൊടിയിട  കാണുമ്പോള്‍ നിങ്ങള്‍ ഞെട്ടിപ്പോകുന്നു. അത് നിങ്ങള്‍ വിവാഹ വേളയില്‍ കണ്ട സുന്ദരിയായ പെണ്‍കുട്ടിയല്ല എന്ന് മനസ്സിലാക്കുന്നു. പകരം അവളുടെ വിരൂപയായ ചേച്ചിയാണ്.വിധിയുടെ ക്രൂരലീലയില്‍ ചതിക്കപ്പെടുന്ന മെല്‍ വെറ്റ് എന്ന ചെറുപ്പക്കാരന്‍റെ ഈ ഞെട്ടിപ്പിക്കുന്ന കഥയാണ് ഓര്‍ഹാന്‍ പാമുക്ക് തന്‍റെ പുതിയ നോവലിന്‍റെ ആദ്യ അദ്ധ്യായത്തില്‍ വിവരിക്കുന്നത്. ഒരു effect നിര്‍മ്മിക്കുന്നതിന്‍റെ ഗംഭീര വിജയം ഈ ആദ്യ അദ്ധ്യായത്തില്‍ പാമുക്ക് കൈവരിച്ചിരിക്കുന്നു. വായനക്കാരനെ ബന്ധിയാക്കുന്ന ഈ രചനാ വൈഭവം നോവല്‍ വായന തുടര്‍ന്നു പോകാന്‍ വായനക്കാരനെ നിര്‍ബന്ധിതനാക്കുന്നു. ഇന്ന് ജീവിച്ചിരിപ്പുള്ള നോവലിസ്റ്റുകളില്‍ അഗ്രഗണ്യനാണ് പാമുക്ക് .സംശയമില്ല.നോവല്‍ വായിച്ചു തീര്‍ന്നിട്ടില്ലാത്തതിനാല്‍ സമഗ്രമായ വിലയിരുത്തലിനു ഇപ്പോള്‍ കഴിയില്ല,

ഇതാ ഒരു മികച്ച പുതിയ മലയാള  നോവല്‍
പൂജ്യത്തില്‍ നിന്നാണ് ഗണിതം ജനിക്കുന്നത് .എണ്ണുന്തോറും അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവും ആയിത്തീരുന്നതാണ് ദൃശ്യപ്രപഞ്ചം. ആധുനിക ശാസ്ത്ര സങ്കേതങ്ങളനുസരിച്ച് നാം പുറമേ കാണുന്ന പലതിനെ അന്വേഷിച്ചു ചെല്ലുന്തോറും അത് വീണ്ടും പലതായി വികസിച്ച് നമുക്ക് പിടിതരാത്ത സ്വര്‍ണ്ണമാരീചനായി മോഹിപ്പിച്ചു മോഹിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകും. .അങ്ങിനെ ജീവിതവും ജീവിതാന്വേഷണവും അപൂര്‍ണതയുടെ പുസ്തകമായി അവശേഷിക്കുന്നു .എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്ക് പോലുള്ളം നിന്നില്‍ അസ്പന്ദന്മാകണം എന്ന് ശ്രീനാരായണ ഗുരു പ്രാര്‍ഥിച്ചത് ഈ അപൂര്‍ണതയെ പൂര്‍ണ്ണമാക്കാനാണ്. അത് വെറുമൊരു പ്രാര്‍ഥന മാത്രമല്ല ഒരു ഗണിതസൂത്രം കൂടിയാണ് .വേദാന്തം പൂജ്യം എന്നല്ല പൂര്‍ണ്ണം എന്നാണു പറയുന്നത് .പൂര്‍ണ്ണം എന്നാല്‍ നിറഞ്ഞത്‌ എന്നാണര്‍ത്ഥം. പൂര്‍ണ്ണമായതിനു അനന്തമായിരിക്കാന്‍ കഴിയില്ല .അത് അദ്വയമാണ്. അവിടെ എണ്ണല്‍ അവസാനിക്കും .ആധുനിക ഗണിത ശാസ്ത്രം ഇല്ലാതാകും. പൂര്‍ണ്ണം എന്നത് ന്യൂട്രല്‍ ആയ അവസ്ഥയാണ് .അതുകൊണ്ടാണ് അതിനെ നിര്‍ഗുണം എന്ന് പറയുന്നത്. എന്നാല്‍ ജീവിതം എന്നും അപൂര്‍ണ്ണതയുടെ ഒരു പുസ്തകമാണ് .കലയെല്ലാം അംശങ്ങളാണ്. കല എന്നതിന്‍റെ അര്‍ത്ഥം അംശം എന്ന് തന്നെയാണല്ലോ! അതുകൊണ്ടാണ് അപൂര്‍ണ്ണതയുടെ ഒരു സമാഹാരമാണ് ജീവിതം എന്ന് ഹരിശ്രീ എഴുതിക്കൊണ്ട് പ്രവീണ്‍ ചന്ദ്രന്‍ തന്‍റെ നോവല്‍ ആരംഭിക്കുന്നത് .അപൂര്‍ണ്ണതയെന്നാല്‍ പിന്നെയും പിന്നെയും സാധ്യതകളുള്ള ഒന്നായിരിക്കും. അപൂര്‍ണ്ണതയാണ് കലയുടെ സൌന്ദര്യം. ജീവിതത്തിന്‍റെ പ്രയാണ ചോദന. ശാസ്ത്രത്തിന്റെ പരിണാമസുഖദാനസാധ്യതകള്‍.

പ്രവീണ്‍ ചന്ദ്രന്‍ അപൂര്‍ണ്ണതയുടെ ഒരു പുസ്തകം എന്ന നോവലില്‍ കഥാ പാത്രങ്ങളെയും ജീവിത പരിസരങ്ങളെയും വിന്യസിക്കുന്നത് പൂര്‍ണ്ണത അസാദ്ധ്യമാണെന്ന ഗണിത നിയമം വൈകാരികമായി തെളിയിക്കുന്നതിന് വേണ്ടിയാണ് .സൈബര്‍ ലോകത്തിന്‍റെ പ്രതീതി യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം പ്രശ്നസങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. സൈബര്‍ ടെക്നോളജി ജന്മം നല്‍കിയ ഒരു സാങ്കേതികതവില്ലന്‍റെ ഇടപെടലുകള്‍ മനുഷ്യ ബന്ധങ്ങളെ തകര്‍ക്കുകയോ താല്‍ക്കാലികമായെങ്കിലും പ്രശ്നവല്‍ക്കരിക്കുകയോ  ചെയ്യുന്നു. സൈബര്‍ ഭാഷയില്‍ ഹാക്കര്‍ എന്നാണു ആ സാങ്കേതിക രാക്ഷസന്റെ പേര്. എന്നാല്‍ അയാളുടെ ഭീഷണമായ ഇടപെടലുകളെ നരേന്ദ്രന്‍ എന്ന കഥാനായകന്‍ നേരിടുന്നത് സാങ്കേതികതയുടെ ധനാത്മക ബുദ്ധി കൊണ്ടു മാത്രമല്ല; മാനവികതയുടെ സ്നേഹ സ്പര്‍ശം കൊണ്ടു കൂടിയാണ്..സാങ്കേതികതയെയും സൈദ്ധാന്തികതെയും അടിസ്ഥാനമാക്കിയുള്ള ഈ നോവല്‍ സാധാരണക്കാര്‍ക്ക് പോലും ഉദ്വേഗജനകവും ആസ്വാദ്യകരവും ആയിത്തീരുന്നത് ഈ മാനവിക ബോധത്താലാണ്. ഒരു ഗണിത സൂത്രത്തിന്റെ കൃത്യതയോടെ കൂട്ടിയോജിപ്പിച്ചിരിക്കുന്ന ഈ നോവല്‍ ശില്പ പരമായും മികവുറ്റതാണ്. മലയാളനോവല്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറാവുന്ന ഒന്നാണിത്.

കളിക്കാള
കവിതയുടെ ഉയര്‍ന്ന അനുഭൂതി ആസ്വദിക്കണമെങ്കില്‍ നവംബര്‍ ഒന്നിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിജയലക്ഷ്മി എഴുതിയ കോലെബസവ എന്ന കവിത വായിക്കൂ .കവയത്രി മുഗ്ദ ഭാവനയുടെ ചിറകുകള്‍ നല്‍കി അനുവാചകനെ  കര്‍ണ്ണാടകത്തിലേക്ക് കൊണ്ടുപോകുന്നു. കവിതയുടെ പശ്ചാത്തലം വിജയലക്ഷ്മി ഇങ്ങനെ വിവരിക്കുന്നു:കന്നടയില്‍ ബസവ എന്നാല്‍ കാള എന്നര്‍ത്ഥം. നാദസ്വരക്കാരനായ നാടോടിയജമാനന്‍റെ ചോദ്യങ്ങള്‍ക്ക് തലയാട്ടി ഉത്തരം നല്‍കാന്‍ പരിശീലനം ലഭിച്ചിട്ടുള്ള ഇണക്കമുള്ള കാളയാണ് കോലെ ബസവ. നന്നായി അലങ്കരിച്ച കാള ശ്രാവണം അടുത്താല്‍,കര്‍ണാടക ഗ്രാമങ്ങളിലെ ഇളവെയിലും കാറ്റുമിണങ്ങിയ പ്രഭാതങ്ങളില്‍,നാദവും വര്‍ണ്ണവുമായി ഓരോ വീട്ടു പടിക്കലുമെത്തുന്നു. ഈ നാടന്‍കല ,ഇവിടെയുള്ള സാധാരണക്കാര്‍ ഇപ്പോഴുമാസ്വദിക്കുന്നു.കവിതയുടെ നാടോടി മാധുര്യത്തിന്റെ താളവും ലളിത പദങ്ങളുടെ ഇണക്കവും ആപാദമധുരമായ ധ്വനി ഭംഗിയും ഒത്തു ചേര്‍ന്ന് കവിത ഇളനീരുപോലെ നമ്മുടെ രസനകളില്‍ അലിയുന്നു.

കോലെ ബസവയെക്കണ്ടോ-പടി
വാതില്‍ തുറക്കുക വേഗം.
കന്നടനാട്ടിലെക്കാള-തല
മെല്ലെക്കുലുക്കുന്നകാള

മന്ത്രമധുരമായ നാദം പാരമ്പര്യത്തിന്റെ മൂലപ്രകൃതിയില്‍ നിന്നുയര്‍ന്നുയര്‍ന്നു സഹസ്രാര പദ്മം വിടര്‍ത്തുന്ന കാവ്യാനുഭവത്തെയാണ് വിജയലക്ഷ്മി പകര്‍ന്നു തരുന്നത്.

സന്ത്യജിക്കൂ സര്‍വമിപ്പോള്‍-എങ്കില്‍
മന്ത്രിപ്പിതെന്റെ ഋഷഭം:
ഊമയാം നിന്നിലെന്‍ ജീവന്‍-നാദ
രൂപിയായ് മാറുമുദാനന്‍

കാളയുടെ യജമാനന്‍ നാടോടിയാണ്. നാടോടിയെന്നാല്‍ എല്ലാം ത്യജിച്ചവന്‍ എന്നാണ് കവി അര്‍ത്ഥം നല്‍കുന്നത്.  എല്ലാം ത്യജിക്കുമ്പോള്‍ എല്ലാം നേടുകയാണ്‌ ചെയ്യുന്നത്. വീട് ത്യജിക്കുന്നവന്‍ ലോകത്തെ മുഴുവന്‍ നേടുന്നു. .കാള ഇവിടെ ബ്രഹ്മം തന്നെയാണ്; നാദ ബ്രഹ്മം .

കവിതയുടെ ആനന്ദലഹരിയില്‍ സ്വയം ലയിച്ചങ്ങനെയിരിക്കുമ്പോള്‍ ചില ധ്വനികള്‍ കവിതയില്‍ നിന്നുയരുന്നില്ലേ? കാള കന്നടത്തിലെയാണ്;കല്ബുര്‍ഗിയുടെ നാട്ടുകാരന്‍ .

ഞാനുമെന്‍ വാക്കിനോടൊപ്പം ബഹു
രൂപിയായ് സഞ്ചരിക്കട്ടെ

എന്നെഴുതുന്നിടത്തു കാള കലാകാരനായി,എഴുത്തുകാരനായി പരിണമിക്കുകയാണ്. അപ്പോള്‍ കവിത അതിന്‍റെ താള ലയ സ്വര മാധുര്യങ്ങള്‍ക്കപ്പുറമുള്ള ആശയഭംഗി കൈവരിക്കുന്നു. പശുവിനെ മാതാവായി അണിയിച്ചൊരുക്കി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സമൂഹം കലാകാരനെ കശാപ്പു ചെയ്യുന്നതിലൂടെ പശുഹത്യ തന്നെയല്ലേ ചെയ്യുന്നത്? ഇത് ഒരു അധികവായന അല്ല എന്ന്ഉറപ്പിച്ചു പറയാനുള്ള സൂചനകള്‍ കവയത്രി കവിതയില്‍ ധ്വന്യാത്മകമായി ചേര്‍ത്തു വെച്ചിട്ടുണ്ട് . കവിത എഴുതപ്പെട്ടിരിക്കുന്ന സമകാലിക സാമൂഹികാവസ്ഥ ,കവിതയുടെ ദേശ പശ്ചാത്തലം,കാള എന്ന ബിംബം എന്നിവ ഈ അധിക വായനയെ സാധൂകരിക്കാന്‍ കവയത്രി അലസ ഭാവേന തെരഞ്ഞെടുത്തിട്ടുള്ള ഘടകങ്ങള്‍ ആണ്. എല്ലാം ഒത്തു ചേര്‍ന്ന മനോഹരമായ കവിത.

നായ
കന്നിമാസത്തിലെ ശ്വാവും
ഓഡിറ്ററുമൊരേതരം
ചുവന്ന പെന്‍സിലും കൂര്‍പ്പി-ച്ച
ങ്ങുമിങ്ങും പലായനം

ആസക്തിയുടെ ഉമിനീരു കലര്‍ന്ന ഈ ഫലിതം എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലില്‍ ഉള്ളതാണ്. ഇണചേരാന്‍ തുടല് പൊട്ടിച്ചു നില്‍ക്കുന്ന ഈ ഫലിതം ഓര്‍മ്മ വന്നത് നിധീഷ് ജിയുടെ ഹിപ്പൊപ്പൊട്ടാമാസ് എന്ന കഥാസമാഹാരത്തിലെ കെന്നല്‍ കാമനകള്‍ എന്ന കഥ വായിച്ചപ്പോള്‍ ആണ്. കെന്നല്‍ എന്ന വാക്കില്‍ ഞാന്‍ നായയെപ്പോലെ എന്തോ പൊടുന്നനെ മണത്തു; എന്‍റെ ഉള്ളിലെ ഭാഷാകൌതുകത്തിന് പെട്ടെന്ന് ഒരു ഉത്തേജനം കിട്ടിയപോലെ. .സമാഹാരത്തിലെ മികച്ച മൂന്നു കഥകളാണ് കെന്നല്‍ കാമനകള്‍,ഹിപ്പോപ്പൊട്ടാമാസ്,തയ്ക്വോണ്ടോ എന്നിവ. കെന്നല്‍ കാമനകള്‍ പോലീസ് നായ്ക്കളുടെ കഥയാണ്. നായ്ക്കളെപ്പോലെ നിരൂപകനും ഒരു ഘ്രാണജീവിയാണ്. വായനയിലെ സൂക്ഷ്മമായ ചില വസ്തുതകളെ മണത്തറിഞ്ഞു അയാള്‍ കഥയിലെ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങളില്‍ എത്തിച്ചേരും. ചില വാക്കുകള്‍,സംഭാഷണങ്ങള്‍ ഒക്കെ ചില ദൃശ്യപാതകളായി തെളിയും. ചിലപ്പോഴെങ്കിലും വഴിതെറ്റിക്കുന്ന സൂചനകളിലൂടെ സഞ്ചരിക്കും. ഇപ്പോള്‍ കെന്നല്‍ എന്ന വാക്ക് ഒരു ഭാഷാ സൂചനയായി കൃതിയില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് എന്നെകൊണ്ടു പോവുകയാണ് .

നായ്ക്കളുമായി ബന്ധപ്പെട്ട canine എന്ന വാക്കില്‍ നിന്നാണ് kennel എന്ന വാക്ക് ജനിക്കുന്നത്. കന്നി മാസത്തില്‍ നായ്ക്കള്‍ക്ക് ഇണ ചേരാനുള്ള കാമനകള്‍ ശക്തമാകുന്നു. canine kennel എന്നീ വാക്കുകള്‍ക്കു കന്നി എന്ന മലയാള പദവുമായുള്ള ശബ്ദ സാമ്യം എന്നെ പൊടുന്നനെ ആകര്‍ഷിച്ചു. ആഴത്തില്‍ അന്വേഷിച്ചു പോകുമ്പോള്‍ സംസ്കൃത പദങ്ങള്‍ മാത്രമല്ല നമ്മള്‍ പച്ച മലയാളം എന്ന് പറയുന്ന പദങ്ങളും   അതിവിദൂര ഭൂതകാലവുമായി എങ്ങിനെയൊക്കൊയോ തമ്മില്‍ പിണഞ്ഞു കിടക്കുന്നത് കാണാം .കന്നി എന്ന വാക്കും kennel,canine തുടങ്ങിയ വാക്കുകളുമായുള്ള ശബ്ദ സാമ്യം യാദൃചികമല്ല. നായ്ക്കളുടെ ഋതുചക്രത്തില്‍ കന്നി മാസത്തിനു പ്രാധാന്യം വന്നതും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. തമിഴ്നാട്ടില്‍ കന്നി എന്ന പേരില്‍ ഒരിനം നായ ഉള്ളതായി ഇന്റര്‍നെറ്റ് പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇത്തരത്തില്‍ ഭാഷാപരമായ വിശകലനത്തിലൂടെയും ഒരു കൃതിയുടെ ആന്തരികമായ ആഴങ്ങളിലേക്ക് കടന്നു ചെല്ലാനാകും. വിശദമായ പഠനങ്ങള്‍ ആവശ്യമുള്ളതിനാല്‍ അതിനിവിടെ മുതിരുന്നില്ല. അത് മറ്റൊരിക്കലാകാം. എന്തായാലും കഥാ രംഗത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ചെറുപ്പക്കാരനാണ് നിധീഷ് ജി എന്ന് ഈ കഥാ സമാഹാരം ഉറപ്പു തരുന്നു.

എം പി നാരായണപ്പിള്ളയുടെ പരിണാമം എന്ന നോവല്‍ നായ മുഖ്യ കഥാപാത്രമായി വരുന്ന മികച്ച നോവലാണ്‌ എന്ന് നമുക്കറിയാം. നോവല്‍ ശ്വാനസംഭോഗത്തിന്റെ ദീര്‍ഘസുഖം തരുന്നതും കഥ കുക്കുടസുരതത്തിന്റെ ക്ഷിപ്ര സുഖം തരുന്നതുമാണെന്ന വ്യത്യാസമേയുള്ളൂ .

കെ ആര്‍ ടോണിയുടെ ടോണിക്ക്

കെ ആര്‍ ടോണിയുടെ റാപ്പിമാര്‍ എന്ന കവിത(മലയാളം വാരിക ഒക്ടോബര്‍ 23) ഭാഷയാണ് എല്ലാ വിഭാഗീയതകളും തമ്മില്‍തല്ലുകളും ഉണ്ടാക്കുന്ന യഥാര്‍ത്ഥ വില്ലന്‍ എന്ന സത്യം മധുപാകരസത്തിലുള്ള മരുന്ന് (ടോണിക്ക്)ആയി നമുക്ക് നല്‍കുന്നു. ടോണിയുടെ ഈ ടോണിക്ക് കവിത മൂന്ന് നേരം ഭക്ഷണപ്പുറമേ സേവിച്ചാല്‍ ഒരു മാതിരിപ്പെട്ട വിഭാഗീയ ചിന്തകള്‍ ഒക്കെ മാറിക്കിട്ടും .

നാട്ടില്‍ നിറയെ റാപ്പിമാര്‍;
കടവി റാപ്പി,കാടറാപ്പി,പെരിഞ്ചേരി റാപ്പി,ചാലിശ്ശേരി റാപ്പി,തോട്ടാന്‍ റാപ്പി,അപ്പാടന്‍ റാപ്പി,അക്കരറാപ്പി…..
…..ക്രമേണ
പെരിഞ്ചേരി റാപ്പി പെരുഞ്ചിറാപ്പിയായി ചുരുങ്ങി
ചാലിശ്ശേരി റാപ്പി ചാലി റാപ്പിയായി,
റഫറി കാട്ടൂക്കാരന്‍ റാപ്പി കാട്ടുറാപ്പിയായി,
ദശാബ്ദങ്ങള്‍ പലതു കടന്നു പോയപ്പോള്‍
തരക്കാര്‍ തമ്മിലറിയാതായി
……പിന്നെപ്പിന്നെ അനന്തര തലമുറകള്‍
പലനാടുകളില്‍ ,
പലവഴിക്ക് ചേക്കേറി,പടര്‍ന്നു,ഊരും പേരും മറന്നു,

തമാശരൂപത്തില്‍ വലിയൊരു സത്യം ആണ് ടോണി അവതരിപ്പിക്കുന്നത്‌. ഭാഷയുടെ നേരിയ ഒരു ഉച്ചാരണ വ്യത്യാസം വാക്കുകള്‍ തമ്മില്‍ യാതൊരു സാമ്യവും ഇല്ല എന്ന് തോന്നിപ്പിക്കുവാന്‍ ഇടയാക്കും. ഉദാഹരണത്തിന് നേരത്തെ അനിത തമ്പിയുടെ കവിതയിലെ ജലവും വെള്ളവും തമ്മിലുള്ള വര്‍ഗസംഘര്‍ഷം തന്നെ നോക്കാം. മലയാളത്തനിമയില്‍ വെള്ളം എന്ന് തന്നെ പറയണമെന്ന് വാശി പിടിക്കുന്നവര്‍ വെള്ളം എന്നത് പച്ച മലയാളം ആണെന്ന് വിശ്വസിക്കുന്നവരാണ് .ഈ ഭാഷാ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്ന് വെള്ളം എന്ന പദം കൊണ്ടു തന്നെ തെളിയിക്കാനാകും .well എന്നാല്‍ കിണറ് ആണല്ലോ അതായത് വെള്ളം ഉള്ളത് well . വെല്‍, വെല്ലം, വെള്ളം എന്നിങ്ങനെ എഴുതി നോക്കിയാല്‍ well എന്ന ഇന്ഗ്ലീഷ് പദവും വെള്ളം എന്ന പച്ച മലയാളം എന്ന് നാം വിശ്വസിക്കുന്ന പദവും പണ്ടത്തെ റാപ്പിമാര്‍ തന്നെ എന്ന് മനസ്സിലാകും .എന്തായാലും ടോണിയുടെ ടോണിക്കിന് മധുരം മാത്രമല്ല വിഭാഗീയ ചിന്തകളെ ചികിത്സിച്ചു ഭേദപ്പെടുത്താനുള്ള ശേഷിയുമുണ്ട്. അതുകൊണ്ട് എല്ലാവരും ഭാഷയുടെ വേരറിഞ്ഞു ഒരുമയോടെ ജീവിക്കുവിന്‍. ടോണിയുടെ ടോണിക്കുകള്‍ ഇനിയും കവിതാരൂപത്തില്‍ ലഭിക്കുവാന്‍ സര്‍വേശ്വരന്‍ ഇടയാക്കട്ടെ !

പൊന്‍കുന്നം വര്‍ക്കിയെ ആവശ്യമുണ്ട്
അന്തോനീ,നീയുമച്ചനായോടാ? എന്ന കഥയെഴുതിയ പൊന്‍കുന്നം വര്‍ക്കി, കള്ളക്കൊത്തും കട്ടുതീറ്റയുമായി തടിച്ചുകൊഴുത്തു, മുതലാളി വര്‍ഗത്തിന് പാദസേവ ചെയ്തുപോന്ന പുരോഹിത വര്‍ഗത്തിനെതിരെ നട്ടെല്ലോടെ കഥകള്‍ എഴുതിയ വലിയ നിഷേധിയായിരുന്നല്ലോ .ഈ പൂര്‍വിക സ്മരണയില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചുകൊണ്ട് എഴുതിയ കഥയാണ് പൊന്‍കുന്നം വര്‍ക്കിയെ ആര്‍ക്കാണ് പേടി ?(ബൈജു വര്‍ഗീസ്ദേശാഭിമാനി വാരിക ഒക്ടോബര്‍ 25). പ്രാര്‍ഥനയുടെ മുകളറ്റം കണ്ടവര്‍ താഴെ ജെറുസലേമിലേക്ക് വരണം;കാരണം ജെറുസലേം കര്‍മ്മഭൂമിയാണ്‌ എന്ന് ക്രിസ്തീയ പുരോഹിതര്‍ക്കിടയിലെ മഹദ് വ്യക്തിത്വമായ ഫാദര്‍ ജോബി ജോസ് കട്ടിക്കാട്‌ എഴുതിയിട്ടുണ്ട്. അത്തരത്തില്‍ സാധാരണക്കര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് പ്രവത്തിക്കാനാഗ്രഹിച്ച ബെര്‍ത്തലോമിയ എന്ന യുവവൈദികനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സഭാ നേതൃത്വത്വത്തെയും,പുരോഗമന ചിന്തയുടെ പേരില്‍ പുറത്താക്കപ്പെട്ട യുവവൈദികന്റെ ഭ്രാന്തമായ പ്രണയത്തെയും കലാജീവിതത്തെയും ആവിഷക്കരിക്കുന്നു.

മികച്ച കഥകള്‍
ഒരു മരണവീടിന്റെയും പേറ്റുപുരയുടെയും രണ്ടു ഗോള്‍ പോസ്റ്റുകള്‍ക്കിടയില്‍ ഉദ്വേഗജനകമായ ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പോലീസുകാരന്‍റെ പ്രാര്‍ത്ഥനകളാണ്. എന്‍ ഹരിയുടെ പേറ്റുപുര (ദേശാഭിമാനി വാരിക ഒക്ടോബര്‍ 18)എന്ന കഥയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരു മികച്ച കഥാകാരനാണ് താന്‍ എന്ന് ഈ കഥയിലൂടെ എന്‍ ഹരി തെളിയിച്ചിരിക്കുന്നു.

ക്രിസ്തീയ പൌരോഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ് ജോസഫ്‌ കെ എഴുതിയ കാട്ടുപന്നികള്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്ഒക്ടോബര്‍ 11)എന്ന കഥയും,എംമഞ്ജുഎഴുതിയ കൊമ്പന്തറയിലെക്കുള്ള പ്രണയയാത്ര(കലാകൌമുദി ഒക്ടോബര്‍ 25) എന്ന കഥയും ആഖ്യാനത്തിന്റെ ചടുലത കൊണ്ടു ശ്രദ്ധേയമായ കഥകളാണ് .ജോര്‍ജ് ജോസഫിന്‍റെ കഥക്ക് ശില്‍പപരമായ കയ്യടക്കം ഉള്ളതിനാല്‍ കൂടുതല്‍ നല്ല കഥയായി അനുഭവപ്പെടുന്നു.കാട്ടുപ്പന്നികള്‍ എന്ന കഥാശീര്‍ഷകം വെടി മരുന്നു നിറച്ച പരിഹാസമാണ്.

മതപരമായ ബാഹ്യ ചിഹ്നങ്ങള്‍കണ്ട് ഒരാളെ വര്‍ഗീയ വാദിയോ ഭീകര വാദിയോ എന്ന് മുദ്ര കുത്തുന്ന ഒരു പൊതു സമീപനം ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് .ചന്ദനപ്പൊട്ടും കുങ്കുമപ്പൊട്ടും ഹിന്ദു തീവ്രവാദത്തിന്റെ ലക്ഷണമായും നിസ്കാര തഴമ്പും താടിയും ഇസ്ലാമിക തീവ്രവാദത്തിന്റെ ലക്ഷണമായും കാണാന്‍ നാം കുട്ടികളെ പരിശീലിപ്പിക്കുന്നു. മതത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന ഒരു തീവ്രയുക്തിവാദനിലപാടോ അല്ലെങ്കില്‍ മറ്റു മതവിശ്വാസികളെ ഭയത്തോടെ കാണാന്‍ പഠിപ്പിക്കുന്ന അന്യമതനിലപാടോ ശരിയാണെന്ന് പറയാന്‍ കഴിയില്ല .യാസര്‍ അറാഫത്ത് തന്മ മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ എഴുതിയ താടി എന്ന കഥയിലെ ഹിന്ദുവായ മുത്തച്ചന്‍ പേരക്കുട്ടിയോടു താടിവെച്ച മുസ്ലീമുകളെക്കുറിച്ചു പറയുന്ന കഥകള്‍ കുട്ടിയില്‍ തെറ്റായ ഭയം ജനിപ്പിക്കുന്നു. അവര്‍ യാത്ര ചെയ്യുന്ന കമ്പാര്‍ട്ടുമെന്റിലെ താടിക്കാരനായ മുസ്ലീമിനെ ഭയത്തോടെ വീക്ഷിക്കുന്നതും എന്നാല്‍ അയാള്‍ അവര്‍ക്ക് സഹായിയായി തീരുന്നതുമായ കഥയാണ് യാസര്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത്.

അന്തര്‍ദേശീയ ആശാന്‍ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ കേരളത്തിലെത്തിയ വിശ്വമഹാകവിയായ അഡോണിസുമായി ഡോക്ടര്‍ എല്‍ തോമസുകുട്ടി നടത്തിയ അഭിമുഖസംഭാഷണം കവിയുടെ ആന്തരികവും ബാഹ്യവുമായ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന ഒന്നാണ്.അഭിമുഖത്തില്‍ നിന്ന് ശ്രദ്ധേയമായ ചില വരികള്‍: ഇസ്ലാമിക സമൂഹത്തില്‍ പഴമയും പുതുമയും തമ്മിലുള്ള സംഘര്‍ഷമുണ്ട്.എല്ലാ സമൂഹത്തിലുമുണ്ട്. സമൂഹത്തില്‍ പരിഷ്ക്കരണം ഉണ്ടാകുന്നത് തന്നെ ഇതിനാലാണ്. ഇസ്ലാമിന്‍റെ അടിത്തറയായത്‌ മൂന്നു കാര്യങ്ങളാണ്. ഒന്നാമത്തേത് അവസാനത്തെ പ്രവാചകനെക്കുറിച്ചുള്ളതാണ്. അതിനാല്‍ത്തന്നെ നബിവചനങ്ങള്‍ അന്തിമമായി കരുതുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തേത്,ഒരു വിശ്വാസിക്ക് പ്രമാണങ്ങളെ ചോദ്യം ചെയ്യാനോ നിഷേധിക്കാനോ സാധ്യമല്ല എന്നതാണ്. എല്ലാ പുതിയ കാര്യങ്ങളും വഴിപിഴച്ചതാണ്,എല്ലാ വഴിപിഴച്ച കാര്യങ്ങളും നരകത്തിലേക്കുള്ള പാതയാണ് എന്നവര്‍ കരുതുന്നു. അതിനാല്‍ പുതിയവക്കെതിരെ മുഖം തിരിഞ്ഞു നില്‍ക്കുന്നു. സ്വതന്ത്രമായി ആലോചിക്കാന്‍ സാധ്യമല്ലാതെ വരുന്നു.

Comments

comments