കിസ്സ് ഓഫ് ലവ് പ്രസ്ഥാനത്തിനെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ ആക്രമണങ്ങളുടെ നീണ്ട പട്ടികയിൽ ഏറ്റവും അവസാനത്തേതാണു ലൈംഗിക വ്യാപരം ആരോപിക്കപ്പെട്ടുണ്ടായ അതിന്റെ പ്രവർത്തകരായിരുന്ന രാഹുൽ പശുപാലന്റെയും രശ്മിയുടെയും അറസ്റ്റ്. ഈ കേസിനെ കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഒരു ഫേസ് ബുക്ക് പേജുമായി ചേർക്കാൻ ഉൽസാഹിക്കുന്നതിനു പുറമേ കിസ് ഓഫ് ലവുമായി ഇരുവർക്കുമുണ്ടായിരുന്ന ബന്ധം ഉയർത്തിക്കാട്ടാനാണു മാധ്യമങ്ങൾ അത്യുൽസാഹിക്കുന്നത്. ചില റിപ്പോർട്ടുകൾ അവരുടെ ചെയ്തികൾക്ക് കാരണം കിസ് ഓഫ് ലവ്വുമായി അവർക്കുണ്ടായിരുന്ന ബന്ധമാണെന്ന് വരെ പറയുന്നു. യാഥാസ്ഥിതിക വാർത്താദിനപത്രങ്ങളാകട്ടെ കിസ് ഓഫ് ലവ് മാംസക്കച്ചവടത്തിനു ഒരു മറയായിരുന്നുവോ എന്നു പോലും ചോദിക്കുന്നു!

അതേ സമയം ഫേസ്ബുക്ക് മുഴുവനും സാധാരണക്കാരായ ജനം എന്ന് ഞാൻ കരുതുന്നവരുടെ വൃത്തികെട്ടതും ദുഷിച്ചതും ഭയാനകമായി അശ്ലീലം വമിക്കുന്നതുമായ കമന്റുകളാൽ നിറഞ്ഞിരിക്കുന്നു. രണ്ടു പേർക്കുമെതിരായ കേസ് എങ്ങുമെത്തിയിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ച് ഒന്നും പറയുന്നത് ഉചിതമല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും ശിക്ഷിക്കപ്പെടണം പക്ഷേ അത് തെളിയുന്നതിനു മുൻപാകരുത്.  എന്നെ സംബന്ധിച്ച് ഈ സംഭവം ഉയർത്തിക്കാട്ടി കിസ് ഓഫ് ലവിനെ ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്ന രീതി  അപലപിക്കപ്പെടേണ്ടതാണു എന്നതാണു പ്രധാനം.

ഇനി പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങൾ അതിനാൽത്തന്നെ കിസ് ഓഫ് ലവും ഈ സംഭവവും ബന്ധപ്പെടുത്തി നിർമ്മിച്ചിട്ടുള്ള പുകമറ നീക്കുവാൻ വേണ്ടിയുള്ളതാണു. ഇവയെല്ലാം എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണു, ഒരു കൂട്ടായ്മയുടേതുമല്ല. അവർ രണ്ട് പേരും നിരപരാധികളോ കുറ്റവാളികളോ ആയാലും നിലനിൽക്കുന്നവയാണിവ.

ഒന്ന് : രാഹുൽ പശുപാലനും രശ്മി നായരും കൊച്ചിയിൽ നടന്ന കിസ് ഓഫ് ലവ് പ്രതിഷേധത്തിൽ പ്രകടമായി തന്നെ ഭാഗഭാക്കുകളായിരുന്നു. എന്നാൽ ഡൗൺടൗൺ അക്രമത്തിനെതിരായുണ്ടായ പ്രതിഷേധങ്ങൾ ഇവർ തുടങ്ങിവച്ചതല്ല എന്ന് കിസ് ഓഫ് ലവുമായി ബന്ധപ്പെട്ടിരുന്ന ഞങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാവുന്നതാണു. വാസ്തവത്തിൽ പരിചയസമ്പന്നരായ ആക്റ്റിവിസ്റ്റുകളെയടക്കം സമരങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ കൂടുതലായി വ്യാപൃതരായിരുന്ന മറ്റുള്ളവരെയെല്ലാം അവഗണിച്ച് അവരെ തിരഞ്ഞെടുത്തത് മാധ്യമങ്ങളാണു. അവരെ ഇതിന്റെ പ്രധാന വക്താക്കളായി ഉയർത്തിക്കാട്ടിയത് മാധ്യമങ്ങളാണു. തുടർന്ന് മാധ്യമപ്ലാറ്റ് ഫോമുകളിൽ അവർക്കെതിരെയുണ്ടായ അതിക്രമങ്ങളും പ്രതികരണങ്ങളും ചുംബനസമരത്തിലെ അവരുടെ ദൃശ്യത കൂട്ടുകയും ചെയ്തു. വാസ്തവത്തിൽ, ഏതെങ്കിലും ഷോപ്പിംഗ് മാളിലോ ടൗണിന്റെ ഏതെങ്കിലുമൊരു മൂലയ്ക്കോ അല്ല പരസ്യമായി പ്രതിഷേധിക്കണം എന്ന രീതിയിൽ മറ്റുള്ളവർക്ക് ശക്തി പകർന്ന ജോളി ചിറയിലിനെ പോലെയുള്ള സ്ത്രീ ആക്ടിവിസ്ടുകളുടെ ധീരതയില്ലായിരുന്നെങ്കിൽ കൊച്ചിയിലെ പ്രതിഷേധം നടക്കുമായിരുന്നതേയില്ല.

എന്നാൽ ഇവർ രണ്ടു പേരും വളരെയധികം ദൃശ്യരാക്കപ്പെടുകയും അതിലെ പ്രധാന പ്രവർത്തകർ തഴയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണു  അവരെ രണ്ടു പേരെയും മാത്രം തിരഞ്ഞെടുത്തതെന്നും അങ്ങനെ കിസ് ഓഫ് ലവിനെ അവരിലേക്ക് ചുരുക്കിയതെന്നും  മുഖ്യധാരാമാധ്യമങ്ങൾ സ്വയം ചോദിക്കണം.

രണ്ട്. കിസ് ഓഫ് ലവിന്റെ നായകർ, വക്താക്കൾ, ആക്ടിവിസ്ടുകൾ എന്നതിനെക്കാൾ മുൻ കിസ് ഓഫ് ലവ് പ്രവർത്തകർ എന്ന വിശേഷണമാണു രാഹുൽ പശുപാലനും രശ്മി നായർക്കും കൂടുതൽ ചേരുക. ഇത് മറ്റുപലരും പലപ്രാവശ്യം പറഞ്ഞു കഴിഞ്ഞതുപോലെ, ഒരു സെൻട്രൽ കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ ഇല്ലാതെ നടന്ന ഒരു സമരമാണു. കിസ് ഓഫ് ലവ് അതിൽ പങ്കെടുത്തവരുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ അന്വേഷിക്കാറുമില്ല. കഴിഞ്ഞ ചില മാസങ്ങൾക്കുള്ളിൽ ചെറിയാൻ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനത്തിന്റെ കാര്യത്തിലും For a Better FB campaign-ന്റെ കാര്യത്തിലും കിസ് ഓഫ് ലവിന്റെ ആദർശത്തിനും നിലപാടുകൾക്കും വിരുദ്ധമായ നിലപാടാണു രാഹുൽ പശുപാലൻ സ്വീകരിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ഞങ്ങളിൽ പലരും അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും അപലപിക്കുകയും ചെയ്തിരുന്നു. അതിനാൽ ചുംബനസമരത്തെ മുഴുവനായും തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതിനു അതിന്റെ പ്രവർത്തകരോട് മാപ്പ് പറയാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകണം. ആരെയെങ്കിലും ഔദ്യോഗികമായി പുറത്താക്കാനുള്ള ഔദ്യോഗിക സംവിധാനം ഞങ്ങൾക്കില്ല എന്നതിനാൽ പ്രതിഷേധപ്രസ്ഥാനത്തോടൊപ്പം നിൽക്കുക എന്നത് രാഷ്ട്രീയമായ ചില ധാരണകളുടെ പങ്കുവയ്ക്കലിന്റെ അടിസ്ഥാനത്തിലാണു. ആരെങ്കിലും ആ ധാരണകളിൽ നിന്ന് മാറിയാലോ അതിനു കടകവിരുദ്ധമായ നിലപാടുകളെടുത്താലോ സ്വാഭവികമായും അവർ പ്രസ്ഥാനത്തിനു പുറത്തേക്കു പോകും. രാഹുൽ പശുപാലൻ അത് ചെയ്തു. അതിനാൽ കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിൽ അയാളുടെ പേരുണ്ടെങ്കിൽ പോലും അയാൾ പുറത്ത് തന്നെ. മുൻപ് പറഞ്ഞതുപോലെ കിസ് ഓഫ് ലവിലെ ഞങ്ങളെയെല്ലാം സംബന്ധിച്ച്  മാധ്യമങ്ങളുടെ ഈ കടന്നാക്രമണം കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ അനുഭവിച്ച ആക്രമണങ്ങളുടെ നീണ്ട നിരയിൽ ഒടുവിലത്തെ ഒന്ന് മാത്രമാണുഞങ്ങളവയെ അതിജീവിച്ചിട്ടുണ്ട്. ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും.

മൂന്ന്. ലൈംഗികവൃത്തി സംബന്ധിച്ച് കിസ് ഓഫ് ലവിനു ഒരു കൂട്ടായ നിലപാടില്ലെങ്കിൽത്തന്നെയും അതുമായി ബന്ധപ്പെട്ടവർ ഒന്നടങ്കം കുട്ടികൾക്കു നേരെയുള്ള ലൈംഗികചൂഷണങ്ങളെ എതിർക്കുന്നവരാണെന്ന് മാത്രമല്ല ഞങ്ങളിൽ പലരും അത്തരം ശ്രമങ്ങളെയും പേജുകളെയും, ഈ കേസിലെപ്പോലെ, എതിർത്തിട്ടുള്ളവരുമാണു. വ്യക്തിപരമായി പറഞ്ഞാൽ ലൈംഗികത്തൊഴിലാളികൾക്കു നേരെ വലിയ മട്ടിൽ ഒരു സദാചാരവിരൽ ചൂണ്ടാൻ ഞാൻ തയ്യാറല്ല. ഖജനാവ് കൊള്ളയടിക്കുകയും എല്ലാത്തരം ആളുകളിൽ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന അഴിമതിക്കാരും കഴിവുകെട്ടവരുമായ രാഷ്ട്രീയക്കാരുടെയത്രയും സമൂഹത്തെ നശിപ്പിക്കുന്നില്ല ലൈംഗികത്തൊഴിലാളികൾ. അഭയത്തിനും സുഭിക്ഷമായ ജീവിതത്തിനും വേണ്ടി തങ്ങളുടെ ഭർത്താക്കന്മാരുടെ അസാധ്യകരമായ ലൈംഗികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനായി ഭർത്താക്കന്മാർക്ക് സ്വയം സമർപ്പിച്ച് അങ്ങനെ ബഹുമാന്യതയുടെ മേലങ്കി ധരിക്കുന്ന  മാനംമര്യാദയുള്ള വീട്ടമ്മമാരെ’ക്കാൾ സദാചാരശൂന്യതയുള്ളവരാണെന്ന് ഞാൻ കരുതുന്നില്ല. മണൽ ഖനനത്തിലൂടെ, അനധികൃത ക്വറികളിലൂടെ, അതുപോലുള്ള മറ്റു പരിപാടികളിലൂടെ, നേരിട്ടും അല്ലാതെയും കേരളത്തിന്റെ നാശത്തിനായി സംഭാവനചെയ്യുന്ന ആയിരക്കണക്കിനു മലയാളികളെക്കാൾ കുറ്റം ചെയ്യുന്നവരാണു അവരെന്നൊരു ധാരണ ഞാൻ പുലർത്തുന്നില്ല. പഴയതും അഭിവന്ദ്യമായതുമായ ഒരു സ്കൂളിന്റെ ഗ്രൗണ്ടിനെ റിയൽ എസ്റ്റേറ്റിനു തീറെഴുതുന്ന TRIDAയിലുള്ള ചിലരെപ്പോലെ ഇരപിടിയന്മാരെക്കാൾ വലിയ ദുർമോഹികളല്ല അവർ. ഏറ്റവും പ്രധാനമായി, ആനന്ദത്തിന്റെ വില്പനക്കാരായ അവർ മലയാളിസമൂഹത്തിലെ എല്ലാ സമാധാനാന്തരീക്ഷവും തകർക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് വലതുഹിന്ദുവർഗീയതയുടെ വേദികളിൽ വിഷം നിറച്ച വാക്കുകൾ വിൽക്കുന്ന ശശികലയെപ്പോലുള്ള വെറുപ്പിന്റെ മൊത്തക്കച്ചവടക്കാരെക്കാൾ നൂറുമടങ്ങ് ഭേദമാണു.  

നാലു. അവർ രണ്ട് പേരും കിസ് ഓഫ് ലവിനെ വ്യക്തിപരമായ ലാഭങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും അപലപിക്കപ്പെടേണ്ടതാണു. എന്നാൽ ആ മാനദണ്ഡം കിസ് ഓഫ് ലവിനു മാത്രമായിരിക്കരുത്.  മതകീയവും മതേതരവുമായ ജാതിമതസമൂഹങ്ങളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ആളുകൾ, പുരോഹിതരും സന്യാസിമാരും സന്യാസിനിമാരും മൗലവിമാരും പോരാഞ്ഞ് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും സിനിമാ നടന്മാരും മറ്റുള്ളവരുമെല്ലാം കേരളത്തിലും  മറ്റു പലയിടങ്ങളിലും ലൈംഗികാതിക്രമങ്ങളിലും വഞ്ചനയിലും മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ കേസുകളിലും ബന്ധപ്പെട്ടവർ അതാത് സ്ഥാപനങ്ങളുടെ ശക്തിയും/ജനകീയതയും വ്യക്തിപരമായ ലാഭത്തിനായി, ആ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ, വ്യക്തിപരമായ ലാഭത്തിനായി സ്ഥാപനങ്ങളെ ഉപയോഗിച്ച അത്തരം ചിലരുടെ തെറ്റായ നടപടികൾ കൊണ്ട് ഈ സ്ഥാപനങ്ങളുടെയൊന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ, അവയൊന്നും കാലഹരണപ്പെട്ടിട്ടില്ലെങ്കിൽ, കിസ്സ് ഓഫ് ലവിനെ മാത്രമായി കുറ്റപ്പെടുത്താനും കഴിയില്ല. ഈ സമൂഹങ്ങളും സ്ഥാപനങ്ങളുമെല്ലാം അത്തരം കുറ്റകൃത്യങ്ങളെ മറച്ചു വയ്ക്കാൻ എല്ലായ്പ്പോഴും ശ്രമിച്ചിരുന്നു എന്നുള്ളപ്പോൾ കിസ് ഓഫ് ലവ് അത്തരം ഒരു പ്രവൃത്തി ചെയ്യുന്നില്ല എന്നുള്ളതാണു ഏറ്റവും വലിയ വ്യത്യാസം.

അഞ്ച്. ദീർഘമായ ഒരു  പോരാട്ടത്തിന്റെ വഴിയാണു മുന്നിലുള്ളത് എന്ന് കിസ് ഓഫ് ലവ് പ്രവർത്തകർക്കെല്ലാം അറിയാം എന്നാണു ഞാൻ കരുതുന്നത്. സ്ത്രീവിരുദ്ധത, ലൈംഗികമായ യാഥാസ്ഥിതികത, ലിംഗസമത്വം, മറ്റു പരസ്പരബന്ധിതമായ ദുരാചാരങ്ങൾ എന്നിവയെ അല്പനാളത്തെ പോരാട്ടങ്ങൾ കൊണ്ട്എളുപ്പത്തിൽ തകർത്തുകളയാമെന്നോ മാറ്റിത്തീർക്കാമെന്നോ അവയ്ക്ക് തിരിച്ചടി ലഭിക്കില്ലായെന്നോ വിശ്വസിക്കാന്മാത്രം വിഡ്ഢികളല്ല ഞങ്ങൾ. ഞാനിപ്പറയുന്ന വാക്കുകൾ കുറിച്ചിട്ടോളുക ഞങ്ങൾ  തകരില്ല, ഞങ്ങൾ പിന്മാറുകയുമില്ല

 

—–
This article originally appeared in Kafila.org. translated and published with the authors  consent.
http://kafila.org/2015/11/19/two-trees-dont-make-a-forest-leave-kol-alone/
translated by swathi george
 

Comments

comments