മദ്ധ്യ,പശ്ചിമേഷ്യൻ രാജ്യങ്ങളിലെല്ലാം പൊതുവിൽ ഉയർന്നു വരുന്ന ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുടേയും തീവ്രവാദമുഖമുള്ള ചില സംഘടനകളുടേയും പൊതുനിലപാടുകൾ പാശ്ചാത്യവിരുദ്ധത (ബോക്കോ ഹറാം) എന്ന ആശയത്തിൽ കേന്ദ്രീകൃതമാണ്. സെക്കുലറിസം, ഡെമോക്രസി, വ്യക്തിവാദം, സർവ തലത്തിലുമുള്ള സ്വാതന്ത്ര്യം, സമത്വം, ആൺ–പെൺ തുല്യത, മാനവികതാവാദം, ബഹുസ്വരത മുതലായവയെ ആണ് ‘പാശ്ചാത്യം’എന്ന സംജ്ഞ ഉപയോഗിച്ച് ഇവർ ലേബൽ ചെയ്യുന്നതും പൊതുവിൽ തള്ളിപ്പറയുന്നതും. ഇതുവഴി പൊതു ഇടങ്ങളേയും , പൊതുസ്ഥാപനങ്ങളേയും ഇല്ലായ്മചെയ്യാനും കാല– ദേശ– സാമൂഹ്യസ്ഥാപനങ്ങളെ മുഴുവൻ മതവത്കരിക്കാനും ഇവർ ശ്രമിക്കുന്നു. അതിനുവേണ്ടി ആശയപരമായും കായികമായും നിരന്തരം പ്രയത്നിക്കുന്നു. പൊതുവിൽ ഇത്തരം ആശയങ്ങൾക്ക് വലിയ സ്വാധീനമുള്ള തുർക്കി, ഈജിപ്ത്, കെനിയ, സിറിയ, ഇറാഖ്, ലബനൻ മുതലായ രാജ്യങ്ങളിൽ ഒരു പ്രസ്ഥാനമെന്ന നിലയിൽ ഈ സമീപനം വ്യാപകമായിത്തീരുന്നുണ്ട്. (ഇതിന്റെ ഇന്ത്യൻ പതിപ്പാണ് സംഘപരിവാർ രാഷ്ട്രീയം). ഇന്ത്യയിൽ 90 കൾക്ക് ശേഷം രൂപം കൊണ്ട ഒട്ടുമിക്ക ഇസ്ലാമിക സംഘടനകളും മദ്ധ്യ–പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന്റെ ഈ ആശയാവലികളെ പൊതുവിൽ പിന്തുടരുന്നുണ്ട്.
സർവശക്തനായ ദൈവത്തിന്റെ പരമാധികാരം, പൗരോഹിത്യത്തിന്റെ അപ്രമാദിത്തം, ശരീയത്ത് നീതിന്യായം, ഖലീഫത്ത് രാഷ്ട്ര ഭരണ സംവിധാനം മുതലായവയെ സാമാന്യേന പിന്തുടരുകയാണ് ഈ സംഘടനകൾ പലതും ചെയ്യുന്നത്. ദൈവത്തിന്(മതത്തിന്) കീഴടങ്ങൽ, ചോദ്യം ചെയ്യാതുള്ള അനുസരണനം, കൃത്യതയും ചിട്ടയുമുള്ളതായ മതജീവിതം, പുരുഷന്റെ പരമാധികാരം, സ്ത്രീയുടെ ഗാർഹികവൽക്കരണവും അടിമത്തവും എന്നിങ്ങനെ ചില പൊതു സ്വഭാവങ്ങളും അവ പങ്കുവെയ്ക്കുന്നുണ്ട്. പൊതുവിൽ ‘പാശ്ചാത്യവൽക്കരണം’ എന്നു പറയുന്ന ആധുനിക ആശയങ്ങളേയും വ്യവസ്ഥകളേയും സ്ഥാപനങ്ങളേയും ജീവിതരീതികളേയും പൊളിച്ചടുക്കി ആ സ്ഥാനത്ത് ‘അറേബ്യൻ ഇസ്ലാമിസ’ത്തെ പ്രതിഷ്ഠിക്കുക എന്നതാണ് ഇവയുടെ പൊതു സമീപനം. പ്രാദേശിക ഇസ്ലാം കാഴ്ചപ്പാടുകളും സെക്ടുകളും ഒക്കെ ഇതോടൊപ്പം തകർക്കപ്പെടുന്നുണ്ട്.
എന്നാൽ താലിബാനിസം മുതൽ ബോക്കോ ഹറാമും ISIS ഉം വരെ ഇക്കാര്യത്തിൽ പലതരം അഭിപ്രായഭിന്നതകളും നിലനിൽക്കുന്നുണ്ട്. അതിനു കാരണം, വ്യത്യസ്ത രാഷ്ട്രീയ താല്പര്യങ്ങളുള്ളതായ അമേരിക്ക മുതൽ സൗദിവരെയുള്ള വിവിധ രാജ്യങ്ങളാൽ പ്രൊമോട്ട് ചെയ്യപ്പെടുന്ന ഉദ്ദേശ്യാധിഷ്ഠിത സംഘടനകളാണിവ എന്നതാണ്. പാശ്ചാത്യവൽക്കരണത്തിനെതിരായ ഇവരുടെ പോരാട്ടത്തിനു അമേരിക്കയുടെ കൂടി വലിയ പിന്തുണയുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വിചിത്രവും രസകരവുമായ ഒരു കാര്യം. പക്ഷേ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഇരുപതാം നൂറ്റാണ്ടുമുതൽ അമേരിക്കയിൽ വളർന്നു വന്ന സവിശേഷമായ ‘യൂറോപ്യൻ വിരുദ്ധത’യാണ് വാസ്തവത്തിൽ ഇന്ന് ലോകമൊട്ടാകെ പടർന്നു കയറിയിട്ടുള്ള പാശ്ചാത്യവിരുദ്ധത. പോസ്റ്റ് മോഡേൺ ചിന്തകളുടെ രൂപത്തിൽ യൂറോ–സെൻട്രിക് എന്ന ചാപ്പകുത്തിയാണ് ജനാധിപത്യം, മതേതരത്വം, മാനവികതാവാദം, സോഷ്യലിസം, കമ്യൂണിസം, പുരോഗമനചിന്ത, പരിണാമസിദ്ധാന്തം, നിരീശ്വരവാദം, സ്ത്രീസ്വാതന്ത്ര്യം മുതലായ ആശയങ്ങൾ പൊതുവിൽ എല്ലായിടത്തും ചോദ്യം ചെയ്യപ്പെട്ടത്. ഇവയിൽ മിക്കതും അമേരിക്കക്കും ഇസ്ലാമിക രാജ്യങ്ങൾക്കും ഹിന്ദുത്വം പോലുള്ള ആശയസംഹിതകൾക്കും ഒരുപോലെ സ്വീകാര്യമായിരുന്നു. അമേരിക്ക തന്നെയും ആധുനികതയുടെ യൂറോപ്യൻ പാമ്പര്യത്തെ മിക്കവാറും മറികടന്ന് ക്യാപിറ്റലിസം, കൺസ്യൂമറിസം, ആസ്തികവാദം, സൃഷ്ടിവാദം, മതപരത, കോർപ്പററ്റോക്രസി, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, സാമ്പത്തിക–ഉദാരവൽക്കരണം മുതലായ അമേരിക്കൻ കേന്ദ്രിതമായ പുതുമുതലാളിത്തത്തെ സമസ്തമേഖകളിലും സ്ഥാപിച്ചെടുക്കുകയായിരുന്നു.
ഈ പുതിയ അമേരിക്കൻ പോസ്റ്റ്– മോഡേൺ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പങ്കാളികളും കൂട്ടുകക്ഷികളുമാണ് സയണിസ്റ്റുകളും ഹിന്ദുത്വവാദികളും ഒരു വിഭാഗം ഇസ്ലാമിക തീവ്രവാദികളും. എല്ലാവരുടേയും പൊതു ലക്ഷ്യമെന്നു പറയുന്നത് പാശ്ചാത്യ പുരോഗമചിന്തയെ ലോകത്തു നിന്നുതന്നെ പുറം തള്ളുക എന്നുള്ളതാണ്. പുരോഗമന സോഷ്യലിസ്റ്റ് ചിന്ത മുതലാളിത്തത്തിനും അതിന്റെ ചങ്ങാത്തമുള്ള മത രാഷ്ട്രീയത്തിനും എല്ലാം ഒരു പോലെ ഭീഷണിയാണ്. മതരാഷ്ട്രീയം എന്ന മുള്ള് ഉപയോഗിച്ച് പുരോഗമവാദ ചിന്തയെ അമ്പേ നുള്ളിക്കളയുക, എന്നിട്ട് അവയെ മുതലാളിത്തത്തിന്റെ ഭീകരമായ നീരാളിക്കൈ കൊണ്ട് ചുറ്റിവരിഞ്ഞ് തങ്ങളുടേതാക്കിത്തീർക്കുക എന്ന വലിയ സാമ്രാജ്യത്വതന്ത്രമാണിത്. മാർക്സിസമെന്ന യൂറോപ്യൻ ഭൂതത്തെ പിടിച്ചു കെട്ടാൻ വേണ്ടി അമേരിക്കൻ മുതലാളിത്തം ലോകമൊട്ടാകെയുള്ള മതസ്ഥാപനങ്ങളുമായി സന്ധി ചെയ്തതിൽ നിന്നുണ്ടായ ആഗോളകൂട്ടുകൊട്ടാണിത്. (വിമോചന സമരകാലത്താണ് ഇത് കേരളത്തിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇന്നീട് നക്സൽ കാലത്തും ആവർത്തിക്കപ്പെട്ടു. അതുകൊണ്ട് നമുക്കത് തീരെ അന്യമായ ആശയമല്ല). ഇതിനെ മത–മുതലാളിത്തം എന്നു കൂടി പറയം.
ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ഇന്ന്, ഹിന്ദുത്വവാദവും ഇസ്ലാമിക ഫണ്ടമെന്റലിസവും സയണിസവും ബുദ്ധിസവും എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് ഈ ധർമ്മമാണ്. അതുകൊണ്ട്, പുറമേക്ക് സാമാന്യ ജനങ്ങളെ പരസ്പരം ആക്രമിച്ച് കൊലപ്പെടുത്തുമ്പോഴും, പുരോഗമനപക്ഷത്തിനെതിരായ കാര്യങ്ങൾ വരുമ്പോൾ ആന്തരികമായി ഇവർ തമ്മിൽ പെട്ടെന്ന് ഒരഭിപ്രായൈക്യം രൂപപ്പെടുന്നത് കാണാം. കേരളത്തിൽ സദാചാരപ്രശ്നങ്ങളെ സംബന്ധിച്ചും ചുംബനസമരത്തെ സംബന്ധിച്ചും മതമില്ലാത്ത ജീവൻ എന്ന പാഠത്തെ സംബന്ധിച്ചും ക്ലാസ് മുറികളിൽ മതചിഹ്നങ്ങൾ അണിയുന്നതിനെ സംബന്ധിച്ചും കലായങ്ങൾക്കുള്ളിൽ അമ്പലവുംനിസ്കാരപ്പള്ളിയും നിർമ്മിക്കുന്നത് സംബന്ധിച്ചും, ഇവർക്കിടയിൽ ഒരു തരം പരസ്പരധാരണ രൂപപ്പെട്ടിട്ടുണ്ട്. പുരോഗമനസ്വഭാവമുള്ള കേരളീയ ചിന്തകളിലേക്കും പൊതു ഇടങ്ങളിലേക്കും കടന്നു കയറുന്നതിനു ഈ പരസ്പരധാരണ അനിവാര്യമാണെന്ന് ഈ മതരാഷ്ട്രീയ ശക്തികൾക്ക് നന്നായി അറിയാം. അതുകൊണ്ടാണവ പരസ്പരമുള്ള വൈരനിര്യാതനങ്ങളുടെ നാട്യം മാറ്റി വെച്ച് പലപ്പോഴും ഒരൊറ്റ നാവുകൊണ്ടു തന്നെ പാല് വലിച്ചു കുടിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ വേണം കേരളവർമ്മ കോളേജിലെ ബീഫ് വിവാദവും ഫാറൂക്ക് കോളേജിലെ മുട്ടിയുരുമ്മിയിരിക്കൽ വിവാദവും പ്രോവിഡൻസ് കോളേജിലെ പർദ്ദ വിവാദവും പരിശോധിക്കപ്പെടേണ്ടത്. ആദ്യത്തെ രണ്ട് സംഭവങ്ങളും ആധുനിക കലാശാലകളെ പാവനങ്ങളായ സരസ്വതീക്ഷേത്രങ്ങളും മതപര സ്വഭാവമുള്ള മദ്രസകളും ആക്കിമാറ്റാനുള്ള, നാം വിവരിച്ചു വന്ന തരം മത രാഷ്ട്രീയത്തിന്റെ സ്വഭാവം ഉൽക്കൊള്ളുന്ന ഒന്നായി കാണാം. പ്രോവിഡൻസ് കോളേജിൽ നടന്നത് നാം കാലങ്ങളായി തുടർന്നു പോന്നിരുന്നതായ‘മതേതരയൂണിഫോം’ സമ്പ്രദായത്തെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കാണാം. പലതരം മതവിശ്വാസങ്ങളുള്ളവർ അത്തരം മതവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന മതചിഹ്നങ്ങൾ കലാശാലകളിലും യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും ഉപയോഗിക്കാൻ പാടില്ലെന്നും ആധുനിക മതേതര മാനവന്റെ സൂചനകളുള്ള ‘യൂണിഫോം’വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്നുമുള്ള ‘പാശ്ചാത്യകാഴ്ചപ്പാട്’ഇവിടേയും നിലവിൽ വന്നു. എന്നാൽ പിൽക്കാലത്ത് ഉത്തരാധുനികത മുന്നോട്ട് വെച്ച, ഒരു മുതലാളിത്ത ആശയമെന്ന നിലയിൽ ബഹുസ്വരതയെ സംബന്ധിച്ച കാഴ്ചപ്പാട് യൂണിഫോം എന്ന ഏകസ്വര കാഴ്ചപ്പാടിനെത്തന്നെ നിരാകരിച്ചു. ശ്രമിച്ചു. യൂണിഫോം അടിച്ചേല്പിക്കുന്നതിനെതിരായും ഹിജാബും പർദ്ദയും ധരിക്കാനുള്ള അവകാശത്തിനനുകൂലമായും ഉള്ള സമങ്ങൾ ഫ്രാൻസിലും ലണ്ടനിലും തുർക്കിയിലും കെനിയയിലും എല്ലാം പൊട്ടിപ്പുറപ്പെട്ടു ( ഒർഹൻ പാമുക്കിന്റെ ഇൽക്കാല നോവലുകളിൽ ഇത് വലിയൊരു പ്രമേയമായി കടന്നു വരുന്നുണ്ട്).
മതചിഹ്നങ്ങൾ അണിയാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങൾ പുതിയ മതരാഷ്ട്രീയത്തിന്റെ പടപ്പുറപ്പാടായിരുന്നെങ്കിലും പൊതുവിൽ ഉത്തരാധുനിക മുതലാളിത്ത ചിന്തകന്മാരും വലതുപക്ഷ അമേരിക്കൻ ബുദ്ധിജീവികളും ആ പ്രവണതയെ പിന്താങ്ങുകയാണ് ചെയ്തത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന ന്യായം ഉപയോഗിച്ച് ‘യൂണിഫോം’എന്ന മതേതര–മാനവികവാദ ആശയം അട്ടിമറിക്കപ്പെടുകയും അഭിരുചീ സ്വാതന്ത്ര്യം എന്ന അവകാശവാദത്തിന്മേൽ ഊന്നി, മതപരചിഹ്നങ്ങൾ പൊതു ജീവിതത്തിലേക്കും പൊതു ഇടങ്ങളിലേക്കും അപകടകരമാം വിധം ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തു. മതേതര–പുരോഗമന– സോഷ്യലിസ്റ്റ് ആശയങ്ങൾക്കെതിരായിട്ടു കൂടിയാണ് ഈ മതവൽക്കരണ പ്രക്രിയ ഇവിടെ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ഓട്ടോണമി’പദവി കൊടുത്തുകൊണ്ടാണ് കലാലയങ്ങൾക്കുള്ളിലേക്ക് നുഴഞ്ഞു കയറാൻ മതരാഷ്ട്രീയത്തേയും മുതലാളിത്തത്തേയും സർക്കാറുകൾ അനുവദിക്കുന്നത്. അതിനാൽ കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടാകെ‘ഓട്ടോണമസ്’പദവി ലഭിച്ച മിക്ക സ്ഥാപനങ്ങളും നടത്തുന്നത് മതസ്ഥാപനങ്ങളാണെന്നു കാണാം. അവിടങ്ങളല്ലെല്ലാം ഭാവിയിൽ എന്താണ് നടക്കാനിടയുള്ളത് എന്നതിന്റെ സൂചനകളാണ് ഇപ്പോൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഫാറൂക്ക് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ് മുറിക്കുള്ളിൽ , അദ്ധ്യാപകന്റെ സാന്നിദ്ധ്യത്തിൽത്തന്നെ, ഒന്നിച്ചിരിക്കാൻ പാടില്ല എന്നതാണ് പ്രശ്നമായത്. അത്തരം ആഭാസങ്ങളൊന്നും അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോളേജ് മാനേജ്മെന്റിനുള്ളത്. ഫാറൂക്ക് കോളേജ് ഒരു ഇസ്ലാമിക മതസ്ഥാപനം പോലെ രൂപാന്തരപ്പെടുത്താൻ ശ്രമിക്കുകയാണ് അതിന്റെ മാനേജ്മെന്റ്. അല്പാല്പമായിട്ടാണ് ഇത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് അതത്ര ദൃശ്യവേദ്യമല്ല. മുപ്പത് വർഷം മുൻപുള്ള ആ കോളേജല്ല ഇന്നുള്ളത്. ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നതിൽ ക്ലാസ് മുറിക്കുള്ളിലേ വിലക്കുള്ളു. നാളെ അത് പുറത്തേക്ക് വരും. ഗേൾസ് സോണും ബോയ്സ് സോണും ക്രമേണ ആൺ കാന്റീനും പെൺ കാന്റീനുമായി മാറും. മലബാറിലെ നിക്കാഹിനും മറ്റുമുള്ളതുപോലെ ആണുങ്ങളും പെണ്ണുങ്ങളും മറകെട്ടി അപ്പുറത്തും ഇപ്പുറത്തുമായിരുന്ന് ഭക്ഷണം കഴിക്കേണ്ടി വരും. മലപ്പുറം ജില്ലയിലെ ഒരു അൺ എയിഡഡ് ബി എഡ് കോളേജിൽ ഒരു മറയുടെ അപ്പുറത്തും ഇപ്പുറത്തുമിരുന്നാണ് ഒരേ ക്ലാസിലെ ആൺ കുട്ടികളും പെൺകുട്ടികളും പഠിക്കുന്നത്. അൺ എയിഡഡ് ഓട്ടോണമസ് മതമാനേജ്മെന്റ് സ്ഥാപനങ്ങൾ അങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ ഭരണഘടന അധികാരം നൽകുന്ന യു ജി സി പോലുള്ള ഏജൻസികളുടേയും സർക്കാറിന്റേയും (നികുതി) പണം കൊണ്ട് പ്രവർത്തിക്കുന്ന കലാലയങ്ങൾക്ക് ലിംഗസമത്വത്തെ നിരാകരിക്കുന്ന, യുക്തിരഹിതമായ ഒരു തരത്തിലുമുള്ള മാറ്റി നിർത്തലുകളേയും വേർതിരിക്കലുകളേയും വിവേചനങ്ങളേയും അംഗീകരിക്കാൻ കഴിയില്ല. അത്തരം സ്ഥാപനങ്ങൾ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. അവയുടെ ദേശീയ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടതാണ്. ഫാറൂക്ക് കോളേജ് അടക്കം യു ജി സി അംഗീകാരമുള്ള ഏതെങ്കിലും എയിഡഡ്–സർക്കാർ കോളേജുകളിൽ മതപരമായ കാരണങ്ങളാലോ മറ്റോ ഉള്ള ലിംഗവിവേചനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും മനുഷ്യാവകാശക്കമ്മീഷനും, പരാതി കൊടുക്കേണ്ടതാണ്. മനുഷ്യാവകാശ സംഘടനകളും സാമൂഹ്യ സംഘടനകളും ഇത് വളരെ ഗൗരവമായി പരിഗണിക്കുകയും വേണം. കാരണം ഈ പ്രവണത ഇനി മറ്റു സ്ഥാപനങ്ങളിലേക്കു കൂടി പടർന്നു കയറും. ജ്ഞാനോല്പാദന കേന്ദ്രങ്ങളായ ഉന്നത വിദ്യാഭ്യാസ മേഖലയെ അതിന്റെ പാട്ടിനു വിടുകയാണ് വേണ്ടത്. പക്ഷേ, നാം മുകളിൽ ചർച്ച ചെയ്തു വന്ന ആഗോളസാഹചര്യവും മത– മുതലാളിത്ത രാഷ്ട്രീയവും എല്ലാ അർത്ഥത്തിലും പ്രോൽസാഹിപ്പിക്കുന്നത് മറ്റൊരു തരം കാഴ്ചപ്പാടിനെയാണ്. അതനുവദിച്ചു കൊടുക്കേണ്ടതുണ്ടോ എന്നുള്ളതാണ് ഒരു മതേതര സമൂഹം അഭിമുഖീകരിക്കുന്ന സുപ്രധാനമായ പ്രശ്നം.
മറ്റൊന്ന് ശരീരത്തിന്റെ രാഷ്ട്രീയമാണ്. ആഗോള മത രാഷ്ട്രീയം സ്ത്രീ– പുരുഷ ശരീരങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്; വിശേഷിച്ചും സ്ത്രീ ശരീരത്തെ. സ്ത്രീകളെ തൊടാൻ പാടില്ലെന്ന് എല്ലാവരുംതന്നെ പറയുന്നുണ്ട്. മതവാദികളെ പോലെ തന്നെ ജാതികൾക്കും ഗോത്രങ്ങൾക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. വിമോചന വാദികളായ സ്ത്രീകൾ പോലും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്ഈ സ്ത്രീ ശരീരം ഇത്ര വലിയ കലാപ ഭൂമിയാകുന്നതിന്റെ, മൈനുകൾ കുഴിച്ചിട്ട മണ്ണു പോലെ ഇത്രമേൽ ആളുകളെ ഭയപ്പെടുത്താനിടയായതിന്റെ കാരണമെന്താണ്? അല്ലെങ്കിൽ അതിന്റെ രാഷ്ട്രീയമെന്താണ്?
ആൺ–പെൺ ശരീരങ്ങൾ അടുത്തടുത്തിരുന്നാൽ പൊളളുമെന്നതാണല്ലോ ഫാറൂഖ് കോളേജിലെയും സദാചാര പ്രശ്നം. ഇതിനെ കേവലം സദാചാരത്തിന്റെമാത്രം പ്രശ്നമായ കാണേണ്ടത്.
അടിസ്ഥാനപരമായി മനുഷ്യ ശരീരങ്ങൾ മതവൽകൃത ശരീരങ്ങൾ എന്നതുപോലെ തന്നെ ലൈംഗികവത്കൃത ശരീരങ്ങൾ (sexualized bodies) കൂടി ആണ്. അങ്ങനെയാണതിനെ സമൂഹം പരിചരിച്ചു പോന്നിട്ടുള്ളത്. കുട്ടികളായിരിക്കുമ്പോൾ തൊട്ടേ ഒരു പെൺകുട്ടിയോട് അവളുടെ ശരീരം ലൈംഗിക ശരീരമാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. ആ തരത്തിലാണ് ഒരു പെൺകുട്ടി തന്റെ ശരീരത്തെ പരിചരിക്കുന്നതും അതിന്റെ രഹസ്യാത്മകതയും അസ്പൃശ്യതയും വിശുദ്ധിയും ഉറപ്പു വരുത്തുന്നതും. ഒരാൺകുട്ടി അമ്മയും പെങ്ങളും പോലുള്ള മഹത്വവൽക്കരിക്കപ്പെട്ടവ ഒഴികെ ഉള്ള, സ്ത്രീ ശരീരത്തെ നോക്കുന്നതും ഇങ്ങനെ തന്നെ ഒരു sexual body എന്ന നിലയിലാണ്. അതിനാൽ നോട്ടം, വാക്ക്, സ്പർശം എന്നിവയിലൂടെ ഈ ലൈംഗികവത്കൃത ശരീരത്തെ നേരിടാൻ ഒരാൺകുട്ടി പരിശീലിപ്പിക്കപ്പെടുന്നു. പക്ഷേ, പെൺകുട്ടികൾ സ്വയം സൃഷ്ടിക്കുന്ന പ്രതിരോധവും മതാത്മക സദാചാരവും സാമൂഹ്യ നിയമ വ്യവസ്ഥയും ഒക്കെ അവനെ തന്റെ സാഹസങ്ങളിൽ നിന്ന് വിലക്കുകയും ചെയ്യുന്നു . അങ്ങനെ ഒരാൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ വസ്തുവായി (object of desire) പെണ്ണ് മാറുന്നു. ഈ പെണ്ണിനെയാണ് മതം അതിന്റെ സ്വകാര്യ സാമൂഹ്യ സമ്പത്തായി കയ്യടക്കിവെക്കുന്നത്. മത–ജാതി–ഗോത്ര നിയമങ്ങൾക്ക് കീഴടങ്ങി ജീവിക്കുന്നവർക്കു മാത്രമായി ഈ പെൺശരീരം വിവാഹത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.
ഇതാണ് സാധാരണ നിലയിൽ നടക്കുന്ന സാമൂഹികവത്കരണ ലൈംഗികവത്കര പ്രക്രിയയുടെ രീതി. ഏതാണ്ട് എല്ലാ സാമൂഹിക സ്ഥാപനങ്ങളും ഈ ഒരു പ്രക്രിയയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്..
ശരീരത്തിന്റെ അലൈംഗികവത്കരണം (desexualization of body) സാദ്ധ്യമാകുന്നിടത്തേ ശരിയായ മതനിരപേക്ഷതയും ആൺ–പെൺ സൗഹൃദവും സാദ്ധ്യമാകൂ. അതിന് വസ്ത്രധാരണം മുതൽ ശരീരഭാഷ വരെയും മാനസികനിലതൊട്ട് വൈകാരിക ഘടന വരെയും മാറേണ്ടി വരും. അത് അത്രകണ്ട് എളുപ്പമല്ല. ആധുനിക സമൂഹം സ്ത്രീ–പുരുഷ ശരീരങ്ങളെ അലൈംഗികവത്കരിക്കാനും സദാത്മക ശരീരങ്ങളോ അധ്വാനശരീരങ്ങളോ പലതരത്തിൽ രൂപാന്തരപ്പെടുത്താൻ കഴിയുന്ന കേവലശരീരങ്ങളോ ആക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഒരു മതേതരശരീരത്തെ മാത്രമേ ഇങ്ങനെ മാറ്റിയെടുക്കാൻ കഴിയൂ. ഒരു പെൺ ശരീരത്തെ ടെന്നീസ് കായികതാരമായും വൈമാനികയായും സ്വിമ്മിങ്ങ് താരമായും പോലീസുകാരിയായും മാറ്റിയെടുക്കണമെങ്കിൽ അതിനെ ആദ്യമായി ഒരു മതേതര ശരീരമാക്കി മാറ്റണം. അതോടു കൂടി ലൈംഗിക ശരീരം എന്ന ഏകാത്മകതതിൽ നിന്ന് സ്ത്രീശരീരം സ്വതന്ത്ര്യമാകുന്നു. സ്കൂളുകൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ശരീരത്തെ സ്വയം ഡീ സെക്ഷ്വലൈസ് ചെയ്തു കൊണ്ട് മാത്രമേ ഒരാൾക്ക് ഈ അവസ്ഥകളിലൂടെ കടന്നു പോകാൻ കഴിയൂ.
എന്നാൽ ഇതിനായി നടത്തുന്ന എല്ലാ ശ്രമങ്ങളും മത യാഥാസ്ഥിതികത്വത്താൽ വെല്ലുവിളിക്കപ്പെടും. കാരണം, സ്ത്രീയുടെ ലൈംഗിക വത്കൃത ശരീര ബോധമാണ് എല്ലാ മതബോധങ്ങളുടെയും മതസ്ഥാപനങ്ങളുടേയും പ്രബലമായ അടിസ്ഥാനം. ആ ബോധം നഷ്ടപ്പെട്ടാൽ ഇന്ന് യൂറോപ്പിൽ ക്രിസ്ത്യാനിറ്റി നേരിടുന്നതു പോലെ വലിയ നിലനിൽപ് ഭീഷണി മതം നേരിടേണ്ടി വരും. പർദ്ദ കൊണ്ട് ശരീരം മൂടുന്നതിന്റെമത ലൈംഗിക രാഷ്ട്രീയം അതാണ്.ആണും പെണ്ണും അടുത്തടുത്തിരുന്നാൽ പ്രശ്നമാകുമെന്ന് കരുതുന്നതിന്റെ പിന്നിലെ ആധിയും ഇതു തന്നെയാണ്. സ്പർശം, ഗന്ധം, കേൾവി, കാഴ്ച എന്നിവയിലൂടെയാണ് ലൈംഗികതവത്കൃത ശരീരം ഉത്തേജിതമാകുന്നത് എന്നതിനാലാണ് അവ അടുത്തടുത്തിരിക്കുന്നത് തീപ്പിടുത്തമുണ്ടാക്കുമെന്ന പൊതു ധാരണ സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നത്. ഇത് മത–ജാതി–വർഗ–വർണ്ണ–ഗോത്ര ശുദ്ധികളെ നിരാകരിക്കുന്ന പ്രണയത്തിലേക്കും പിന്നെ രതിയിലേക്കും വികസിച്ചേക്കുമെന്ന ഭയം അതതു ജനവിഭാഗങ്ങൾക്കുണ്ട്. അതുകൊണ്ടാണ് ആൺ–പെൺ ശരീരങ്ങൾ കൃത്യമായ അകലം പാലിച്ച് അനാകർഷക ദൂരത്തിൽ വർത്തിക്കേണ്ടതുണ്ടെന്ന് സദാചാരപരമായി തീരുമാനിക്കപ്പെട്ടിരിക്കുന്നത്.
ഫാഷിസത്തെക്കുറിച്ചും നാസിസത്തെക്കുറിച്ചും, അതുപോലെത്തന്നെ റെഡ് ഫാസിസം എന്ന് താൻ വിളിച്ച ബോൾഷേവിസത്തെപ്പറ്റിയും എഴുതുമ്പോൾ വിൽഹം റീക്ക് നടത്തിയ ഒരു നിരീക്ഷണത്തെക്കുറിച്ച് ജീവചരിത്രകാരനായ മിറൻ ഷറഫ് ‘Fury on Earth: A Biography of Wilhelm Reich’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. “the goal of sexual suppression is that of producing an individual who is adjusted to the authoritarian order and who will submit to it in spite of all misery and degradation. At first the child has to submit to the structure of the authoritarian miniature state, the family; this makes it capable of later subordination to the general authoritarian system. The formation of the authoritarian structure takes place through the anchoring of sexual inhibition and anxiety”
ഈ നിരീക്ഷണം പൂർണ്ണമായും ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ മതസമൂഹങ്ങൾക്കും കൂടി ബാധകമാണെന്നു കാണാം. പരമാധികാര സ്വഭാവമുള്ള എല്ലാ രാഷ്ട്രീയ സാമൂഹ്യവ്യവസ്ഥകളും ലൈംഗികതയെ ഭയത്തോടെ നിരീക്ഷിക്കാനുള്ള കാരണം സ്വാന്തന്ത്ര്യങ്ങളിൽ വെച്ച് ഏറ്റവും വിപ്ലവകരമായ സ്വാതന്ത്ര്യം ലൈംഗികസ്വാതന്ത്ര്യമാണെന്നുള്ളതാണ്. ഒരു പക്ഷേ, ഒരാളെ കൊല്ലാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്നു പറയാം. അതു കഴിഞ്ഞാലുള്ള ഏറ്റവും വലിയ സ്വാന്തന്ത്ര്യം ഇഷ്ടമുള്ള ആളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യമാണ്. അതും കഴിഞ്ഞാൽ ഇഷ്ടമുള്ളത് തിന്നാനും കുടിക്കാനുമുള്ള സ്വാതന്ത്ര്യം. ആവിഷ്കാര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, വസ്ത്രസ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ പിന്നാലെ മാത്രം വരുന്നവയാണ്. ഹിംസ, കളി(play),രതി, വിശപ്പ് എന്നിവയാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ചോദനകൾ. അതുകൊണ്ട് അവയെ നിയന്ത്രിക്കുന്ന ഇടങ്ങളിൽ നിന്നാണ് മനുഷ്യസഹമായ അതൃപ്തിയും അസ്വസ്ഥതയും ആരംഭിക്കുന്നത്.
അടിസ്ഥാന ചോദനകളെ നിയന്ത്രിക്കുന്നതിലൂടെ മനുഷ്യനെ നിത്യമായ അസംതൃപ്തിയിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുകയാണ് മതങ്ങളും മറ്റു പരമാധികാര രൂപങ്ങളും ചെയ്യുന്നത്. ദൈവത്തിലുള്ള (പരമാധികാരിയിലുള്ള) അന്ധമായ ഭക്തി, ഗാഢമായ വിശ്വാസം, അവനു മുൻപിലുള്ളകീഴടങ്ങൽ എന്നിവയിലൂടെ ഒരു വ്യവസ്ഥ മനുഷ്യൻ അനുഭവിക്കുന്ന മേൽപ്പറഞ്ഞ അസംതൃപ്തികൾക്കും അസ്വസ്ഥതകൾക്കും പരിഹാരം നിർദ്ദേശിക്കുന്നു. ഒരാളെ കൊല്ലാനല്ലാതെ പുനർജ്ജനിപ്പിക്കാൻ ഏകാധിപതികൾക്ക് കഴിയില്ല. ദൈവത്തിനു അതുംകൂടി കഴിയും എന്നുള്ളതിനാൽ ദൈവത്തിന്റെ പരമാധികാരം ഏതൊരേകാധിപതിയുടേയും പരാമാധികാരത്തേക്കാൾ ശാശ്വതവും മഹത്തരവുമായി കണക്കാക്കപ്പെടുന്നു. അതിൽനാൽ ഫാഷിസത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ് പരമാധികാരിയായ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മതവിശ്വാസങ്ങളെല്ലം. ഏകാശിലാത്മകമായ കേന്ദ്രീകൃതമായ വിശ്വാസങ്ങളെല്ലാം അതുകൊണ്ടുതന്നെ ഫാഷിസവുമായി ചങ്ങാത്തത്തിലാവുക സ്വാഭാവികമാണ്. അവർ ഇരട്ടക്കുട്ടികളെ പോലെ സമാനതകൾ പങ്കുവെക്കുന്നു. സയണിസം, നാസിസം, ഫാഷിസം, സ്റ്റാലിനിസം, പാൻഇസ്ലാമിസം, ഹിന്ദുത്വം എന്നിവയെല്ലാം പങ്കുവെയ്ക്കുന്നത് മിക്കവാറും ഒരേ ആശയഘടനയാണെന്നുള്ളത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കേന്ദ്രീകരണമാണ് ഇവയുടെ എല്ലാം പൊതു സ്വഭാവം. വൈവിധ്യങ്ങളെ, ബഹുസ്വരതകളെ, അനവധി കേന്ദ്രങ്ങളെ, വ്യതിയാനങ്ങളെ, ചിതറലുകളെ, ഇടകലരലുകളെ , സ്വാതന്ത്ര്യങ്ങളെ ഒക്കെ അത് നിരാകരിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.
Be the first to write a comment.