കാരണം എന്തായാലും എന്തോ ഒരു കുഴപ്പം മലയാള സിനിമക്ക്‌ ഉണ്ട്‌ എന്ന്‌ എല്ലാവരും കരുതുന്നുണ്ട്‌. എന്താണു കുഴപ്പം? ഒറ്റ വാചകത്തിൽ ഉത്തരം പറയുകയാണെങ്കിൽ കരിപോലൊരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും പ്രദർശിപ്പിക്കാൻ തിയറ്ററുകൾ പോലും കിട്ടാതാവുന്നതും തന്നെയാണ്‌ കുഴപ്പം. നല്ല സിനിമ ഉണ്ടാകുന്നില്ല എന്ന പരിവേദനങ്ങൾക്കിടയിലാണ്‌ ഉണ്ടാകുന്നത്‌ ആളുകളിലേക്ക്‌ എത്തുന്നില്ല എന്ന വലിയ പ്രശ്നം ഉള്ളത്‌.

ഷാനവാസ്‌ നാറാണിപ്പുഴയുടെ ആദ്യ ചിത്രമായ കരി ഒരു യാത്രയാണ്‌. ജാതി തൈകൾ വില്പനക്ക്‌ എന്ന നോട്ടീസിലെ ദ്വയാർത്ഥത്തിൽ നിന്നും ജാതിപ്പേരുകളുടെ കുറ്റിച്ചെടികൾക്കിടയിലൂടെ നമ്മുടെ ഉള്ളിൽ വേരുറച്ച്‌ പോയ ജാതിയുടെപടുമരങ്ങൾ കണ്ടുകൊണ്ടുള്ള യാത്ര. കേരളത്തിന്റെ സാംസ്കാരിക പുഴ എന്നൊക്കെ വിശേഷിക്കപ്പേടുന്ന ഭാരതപ്പുഴയുടെ അരിക്‌ പറ്റി കിടക്കുന്ന ഗ്രാമത്തിലൂടെ ഈ സിനിമയാത്ര ചെയ്യുന്നത്‌ പ്രബുദ്ധംഎന്ന്‌ നമ്മൾ തന്നെ അവകാശപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തിന്റെ തൊലീ ഉരിഞ്ഞു കൊണ്ടാണ്‌. പണ്ടുണ്ടായിരുന്ന പുഴ എന്ന്‌ മണൽ (ഇനി അതാണോ പുഴയുടെ ചിതാ ഭസ്മം. തിരുനാവായിൽ ഒഴുക്കി കളയാൻ പറ്റാത്തത്ര വിലയുള്ള ചിതാഭസ്മം?) വാരുന്നയാൾ പ്രഖ്യാപിക്കുന്നത്‌ ഒരു വലിയ ഓർമപ്പെടുത്തലാണ്‌. വെറും തമാശ അല്ല.

ചേർത്തലക്കാരൻ ഗോപു കേശവ മേനോനും (ലൈസൻസിൽ ഇല്ലാത്ത മേനോൻ പക്ഷെ പുറത്ത്‌ പറയുന്ന പേരിൽ വരും. ഫെയ്സ്‌ ബുക്കിലും അങ്ങനെ ആയിരിക്കണം), തൃശൂർക്കാരൻ ബിലാലും ദിനേശൻ എന്ന ഗോപുവിന്റെ ജോലിക്കാരന്റെ വീട്‌ സന്ദർശിക്കുന്നു. ഒരു വഴിപാടിനുള്ള പണം നല്കാൻ. കരിങ്കാളി എന്ന അനുഷ്ഠാനമാണു് വഴിപാട്‌. കരിങ്കാളി കെട്ടാൻ വരുന്ന ആൾ അവരുടെ കാർ മൂലം അപകടത്തിൽ പെടുമ്പോൾ വേറെ ഒരു കരിങ്കാളിയെ അന്വേഷിച്ചിറങ്ങുന്നു രണ്ട്‌ പേരും. അയ്യപ്പൻ എന്ന കരിങ്കാളി കെട്ടുന്നയാളെ കിട്ടുന്നതും പിന്നീടങ്ങോട്ട്‌ സംഭവിക്കുന്നതുമെല്ലാം നർമത്തിന്റെ അകമ്പടിയോടെ തികച്ചും സ്വാഭാവികമായി കരി നമ്മളെ കാണിച്ചും കേൾപ്പിച്ചും തരുന്നു.

ജാതിയെയും മറ്റു മതവർണ്ണദേശ (വടക്ക്‌, തെക്ക്‌) ഭിന്നിപ്പുകളെയും വെറുതെ തൊട്ടു തലോടി പോവുകല്ല കരി ചെയ്യുന്നത്‌. അതിനെയെല്ലാം അപഗ്രഥിച്ച്‌ മുഷിപ്പിക്കുന്നുമില്ല. കണ്ടുകൊണ്ട്‌ ചിന്തിക്കാൻ പ്രേക്ഷകന്‌ ഇടം കൊടുത്തുകൊണ്ടാണ്‌ കരി മുന്നോട്ട്‌ നടക്കുന്നത്‌. നമ്പൂരിക്കുട്ടി നായാടിക്കുട്ടിക്ക്‌ ചോറു വാരി കൊടുത്താൽ തീരുന്ന ജാതീയതയെ ഉള്ളു എന്ന മണ്ടൻ ന്യായങ്ങളെ കരി വളരെ അനായാസമായി തുറന്നു കാട്ടുന്നു. ഉന്മാദത്തിലും ലഹരിയിലും ഉണരുന്ന കീഴാള അസ്ഥിത്വം ഹൈജാക്ക്‌ ചെയ്യപ്പെട്ട തൻദൈവങ്ങളെ കണ്ടെടുക്കുന്നതിൽ, ദാരികന്മാരെ തിരിച്ചറിയുന്നതിൽ ഒക്കെ കരി വിളിച്ചു പറയുന്ന രാഷ്ട്രീയം വെറും സ്വത്വ രാഷ്ട്രീയം അല്ല. കലയ്ക്കു വേണ്ടിയല്ല, പണത്തിനു വേണ്ടി മാത്രമാണ്‌ താൻ വേഷം കെട്ടുന്നതെന്ന അയ്യപ്പന്റെ വിളിച്ചു പറയൽ ഉപരിവർഗ കലാസ്വാദാനത്തിന്റെ താളം പിടിക്കലുകൾക്ക് നേരെ വിരൽ ചൂണ്ടുന്നു.

സിനിമയിലുടനീളം രസകരമായ ഒരു സ്വാഭാവികത കരി കാത്തു സൂക്ഷിക്കുന്നുണ്ട്‌, അഭിനയത്തിലും കരിന്തമാശകളിലൂടെ (കരിയുടേതായ ഡാർക്ക്‌ ഹ്യൂമറിനെ കരിന്തമാശ എന്നുതന്നെ വിളിക്കാൻ തോന്നി) നൈസർഗ്ഗികമായി ഒഴുകുന്ന സംഭാഷണങ്ങളിലും ദൃശ്യ ശ്രാവ്യാനുഭങ്ങളിലും ഈ സ്വാഭാവികത നിറഞ്ഞു നില്ക്കുന്നു. നല്ല ഇരുട്ടുള്ള ഇരുട്ടും തെളിച്ചമുള്ള വെയിലും ഓട്ടു ചിലമ്പിൻ കലമ്പലുകളും വെടിക്കെട്ടുമെല്ലാം ഛായാഗ്രഹണത്തിലും ശബ്ദ ലേഖനത്തിലും കാണിച്ച സൂക്ഷ്മതകൾക്ക്‌ ദൃഷ്ടാന്തമാണു്.

കെ.ടി. സതീശൻ കരിങ്കാളിയെ മനോഹരമാക്കിയപ്പോൾ റാം മോഹനും ഗോപു കേശവും വേലായുധനുമെല്ലാം ചുറ്റും കാണുന്നവരായി വളരെ നന്നായി.

കരി കാണേണ്ടുന്ന സിനിമയാണു്. ഷാനവാസ്‌ ശ്രദ്ധിക്കപ്പെടേണ്ട സംവിധായകനും. കലാമൂല്യമുള്ള രസിപ്പിക്കുന്ന സിനിമ എന്നതു കൊണ്ട്‌ മാത്രമല്ല, അത്‌ കൈകാര്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ നമ്മൾ കാണാൻ മെനക്കെടാത്ത പലതും കരി തുറന്നു കാണിക്കുന്നു എന്നതു കൊണ്ടും അതിന്റെ പ്രസക്തി അനുദിനം കൂടി വരുന്നു എന്നതു കൊണ്ടുംകൂടി. ദേശീയ അവാർഡിന് അടുത്തുവരെ എത്തിയിട്ടുപോലും സംസ്ഥാന അവാർഡുകളിലും ഐ എഫ് എഫ് കെയിലും പരിഗണിക്കപ്പെടാതെ പോവുകയും കേരളത്തിനകത്തും പുറത്തുമായി പരിമിതമായ പ്രദർശനങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുകയും ചെയ്ത കരി കെ എസ് എഫ് ഡി സിയുടെ കൈരളി, നിള, ശ്രീ തിയറ്ററുകളിൽ നവംബർ അവസാനത്തോടെ പ്രദർശനത്തിനെത്തുകയാണ്. ഈ ചിത്രം കൂടുതൽ ആളുകളിലേക്ക് എത്താൻ റിലീസ് സഹായകമാകും എന്നു പ്രതീക്ഷിക്കാം.
——-

സിനിമയുടെ ടീസർ 1
സിനിമയുടെ ടീസർ 2
നവംബർ 27-നു കൈരളി, നിള, ശ്രീ തീയേറ്ററുകളിൽ കരി റിലീസ് ചെയ്യുന്നു

Comments

comments