1. സുഭാഷിന്റെ ഓരോ കഥയും പുരുഷനോട്, അവന്റെ വ്യവസ്ഥിതികളോട് അതില്‍ സഹജമായിരിക്കുന്ന ക്രൌര്യങ്ങളോട് സംവദിച്ചു കൊണ്ടിരിക്കുന്നവയാണ്. സന്മാര്‍ഗ്ഗം എന്ന കഥയില്‍ ഒരുവന്റെ സന്മാര്‍ഗ്ഗവീര്യം മുങ്ങിത്താണു പോകുന്നതിനെപ്പറ്റി പറയുന്നുമുണ്ട് . ഇപ്പോഴുള്ള പരുഷസമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി ഇതിനെ സമരസപ്പെടുത്താമോ ?
# അങ്ങനെയല്ല. എന്റെ കഥകളില്‍ എനിക്കും വായനക്കാരനുമുള്ള പൊതുവായുള്ള അനുഭവം എന്നു പറഞ്ഞാല്‍ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയാണ് .ഫൈറ്റു ചെയ്യാനും പോരാടാനുമല്ല ഞാനവയില്‍ ശ്രമിച്ചിട്ടുള്ളത് . നമ്മളിപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെപ്പറ്റി ഒരു ചിത്രം കൊടുക്കുകയാണ് വായനക്കാര്‍ക്ക്. നമ്മള്‍ ഇങ്ങനെയൊക്കെയാണ്, ഒരു കുഴിയില്‍ വീണു കിടക്കുകയാണ് എന്നൊരു തിരിച്ചറിവ്. അല്ലെങ്കില്‍ ഇപ്പോഴത്തെ കാലഘട്ടത്തിലെ ജീവിതവുമായിട്ട്‌ മുഴുകിക്കഴിയുമ്പോള്‍ നമ്മള്‍ എത്ര നിസ്സഹായരാണെന്ന ഒരു ഫീല്‍ കൊടുക്കുകയാണ് ഉദ്ദേശം. അത് വര്‍ക്കാവുന്നു എന്നൊരു ബോധ്യവും ഉണ്ട്. ആ കഥ വായിച്ചിട്ട് പലരും വിളിച്ചു പറഞ്ഞിട്ടുണ്ട് നമ്മള്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയുള്ള ബോധം വന്നത് ഇപ്പോഴാണ് എന്ന്. മാറി നിന്ന് നോക്കുമ്പോഴാണ് അത് മനസ്സിലാവുക. സന്മാര്‍ഗ്ഗം എന്ന കഥ ഒരു ബാറില്‍ നിന്ന് കിട്ടിയതാണ്.തൊട്ടടുത്ത ടേബിളില്‍ നാല് ചെരുപ്പക്കാരിരുന്നു സംസാരിക്കുന്നത് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് കേട്ടിരുന്നപ്പോള്‍ കിട്ടിയതാണ് അത്. ഒരു പെണ്ണിനേയും വയസ്സായ ഒരാളെയും ചേര്‍ന്നു പറ്റിച്ച കഥ പറഞ്ഞ് ആര്‍ത്തു ചിരിക്കുകയായിരുന്നു അവര്‍. ഒരാള്‍ പോലുംപോലും അതില്‍ നിന്നു മാറി ചിന്തിക്കാതെ ഒപ്പമിരുന്നു ചിരിക്കുന്ന അവസ്ഥ.അത്തരം അവസ്ഥകളെ തുറന്നു കാട്ടലാണ് എന്റെ കഥകള്‍.

 2.യാന്ത്രികതയാല്‍ ജഡമായൊരു കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. ആ ജഡാവസ്ഥയെ ഉണര്‍ത്താന്‍ എഴുത്തിന്റെ ആഭിചാരം കൊണ്ടു സാദ്ധ്യമാകും എന്നൊരു ശുഭചിന്ത മനസ്സിലുണ്ടോ ?
# ഉവ്വ്.അത് കുറച്ചൊക്കെ ഉണ്ട്. എന്നാല്‍ ഒരു മുദ്രാവാക്യം പോലെയോ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം പോലെയോ  അല്ലല്ലോ ഒരു കഥയെഴുതുന്നത് .എന്നാല്‍ സൂക്ഷ്മമായ രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ട് എല്ലാ കഥയിലും എല്ലാ കലയിലും. പക്ഷെ മുഴച്ചു നില്‍ക്കത്തക്ക വിധം ഒരു ആഹ്വാനസ്വഭാവം വരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.എല്ലാ കഥകളിലും ഒരു പോസറ്റീവ്  ആയ സംഗതി കരുതി വെക്കാറുണ്ട്, വായനക്കാരന് പെട്ടെന്ന് മനസ്സിലാകാത്ത വിധം. എഴുത്തുകാര്‍ക്കെല്ലാം ആ ശുഭചിന്ത വേണമെന്നു തന്നെയാണ് എന്റെ വിചാരം.

 3..സാംസ്കാരിക ഫാസിസ്റ്റുകളുടെ ചട്ടുകങ്ങളായി എഴുത്തുകാര്‍ മാറുന്നുണ്ടോ?
# എഴുത്തുകാര്‍ എന്നല്ല ചില എഴുത്തുകാര്‍ എന്നാണ് ഉത്തരം. ഉപഭോഗ സംസ്കാരത്തിന്റെ സര്‍വ്വാശ്ലേഷിത്വത്തില്‍ നിന്ന് എഴുത്തുകാരും മുക്തരാവാത്ത അവസ്ഥ ഭീകരമാണ്. എഴുത്തുകാര്‍ വെറും മെറ്റീരിയലിസ്റ്റുകളായി അധഃപതിക്കുന്ന ഭീകരദൃശ്യത്തിന്റെ പാര്‍ശ്വദൃശ്യങ്ങളാണ് അവര്‍ അധികാരവര്‍ഗ്ഗത്തിന് കുഴലൂതാന്‍ വളഞ്ഞുകൂനി ഇരിക്കുന്നത് .അധികാരിവര്‍ഗ്ഗം അതേ പ്രത്യയശാസ്ത്രത്തില്‍  പെട്ടവരാണെങ്കിലും,ഫാസിസ്റ്റ് മനോഭാവമുള്ളവരായിരിക്കും. വേദനിക്കുന്നവന്റെയും ഒറ്റപെടുന്നവന്റെയും ശബ്ദമാകേണ്ടുന്ന എഴുത്തുകാരന്‍ വേദനിപ്പിക്കുന്നവന്റെയും ഒറ്റപ്പെടുത്തുന്നവന്റെയും കോളാമ്പിയാകുമ്പോള്‍ സംസ്കാരത്തിന് ചവിട്ടേല്‍ക്കുന്നു. അത് സംഭവിച്ചു കൂടാത്തതാണ്.

4.ഇപ്പോഴത്തെ സാഹചര്യത്തില്‍  അവാര്‍ഡുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ നോട്ടപ്പുള്ളിയാകും എന്നൊരു തോന്നലുണ്ടോ?
# ഈ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച പലരും ഒരു പത്തോ ഇരുപതോ കൊല്ലം മുന്‍പ്‌ അവാര്‍ഡുകള്‍ വാങ്ങുകയും അതിന്റെ സുഖഭോഗങ്ങള്‍ അനുഭവിക്കുകയും നാടുനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുകയും അതിന്റെ പേരില്‍ പുസ്തകങ്ങള്‍ കൂടുതല്‍ വില്‍ക്കപ്പെട്ട്‌ അതിന്റെ റോയല്‍റ്റി അനുഭവിക്കുകയും ഒക്കെ ചെയ്തവരാണ്.അതിനൊക്കെ ശേഷം ആ പുസ്തകത്തെയും ആ എഴുത്തുകാരനെതന്നെയും ആളുകള്‍ മറന്നിരിക്കുമ്പോള്‍ ആണ് ഇങ്ങനെയൊരു പ്രഹസനം. എല്ലാവരുമല്ല. എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല .അതില്‍ കുറച്ചു പേരെങ്കിലും ഈ രണ്ടാം ശ്രദ്ധക്ക് വേണ്ടിയുള്ള നീക്കമല്ലേ നടത്തിയത് എന്നൊരു സംശയം എനിക്ക് തോന്നിയത് കൊണ്ടാണ് ഞാന്‍ അവാര്‍ഡ് നിരസിക്കുന്നതില്‍ നിന്നും പിന്നോട്ട് പോയത് .യഥാര്‍ത്ഥത്തില്‍ അവാര്‍ഡ് നിരസിക്കുന്നതിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക ഞാനാവും  .കാരണം ഏറ്റവും അവസാനം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയത് എനിക്കായിരുന്നല്ലോ. കിട്ടിയ ഉടനെ തന്നെ തിരിച്ചുകൊടുക്കുന്നു എന്നൊരു ശ്രദ്ധ ഉണ്ടാവും . പക്ഷെ ഞാനത് ചെയ്യാതിരുന്നത് ഈയൊരു ചിന്ത കൊണ്ടാണ്.        

5 .നിരൂപകരുമായി നല്ലൊരു ബന്ധം സുഭാഷിനില്ല എന്ന് തോന്നിയിട്ടുണ്ട്. തന്റെ കൃതികളിലെക്കുള്ള സ്വതന്ത്രസഞ്ചാരം നിരൂപകര്‍ തടസ്സപ്പെടുത്തും എന്ന തോന്നല്‍ കൊണ്ടാണോ അത് ?
#  കുറവാണ്. അത് ബോധപൂര്‍വ്വവുമാണ് .ജീവിതത്തില്‍ നിന്നും സ്വാംശീകരിച്ചെടുക്കുന്ന ഒരു സംഗതിയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.അങ്ങനെ ഒരുപാട് സ്വാംശീകരിക്കപ്പെട്ട എഴുത്തുകളെ വായിച്ച് അതില്‍നിന്നൊരു  സ്വംശീകരണം നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്. അതുകൊണ്ട് നിരൂപകന്റെ സാംസ്കാരികതലം twice മുകളിലായിരിക്കണം ജീവിതവുമായിട്ട്. ക്രീം ആയിട്ടുള്ള സംഗതികള്‍ മാത്രമായിരിക്കും അയാള്‍ ശേഖരിക്കുന്നത്.അതുകൊണ്ട് നിരൂപകന്,  ജീവിതത്തെ പറ്റി ശരിയായ അവബോധം ഉണ്ടായിരിക്കണം. ക്രിയേറ്റീവ് ആയിരിക്കണം എന്നില്ല. പക്ഷെ ജീവിതാവബോധം എഴുത്തുകാരനേക്കാള്‍ ഒരു പടി  കൂടി മുകളിലായിരിക്കണം. 

എന്റെ എഴുത്തിന്റെ ആദ്യകാലഘട്ടത്തില്‍ കോളേജ് മാഗസിനില്‍ വന്ന എന്റെയൊരു കഥ ഇന്ത്യടുഡേ യില്‍ രണ്ടാമത് പ്രസിദ്ധീകരിച്ചു.സുന്ദര്‍ ദാസ് ആയിരുന്നു  എഡിറ്റര്‍. നല്ല പ്രതിഫലവും കിട്ടി. അഹങ്കരിക്കുന്ന പ്രായമായതു കൊണ്ട് അന്നു നല്ല അഹങ്കാരവും തോന്നിയിരുന്നു .ഒരിക്കല്‍ അതും കൊണ്ട് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ അക്കാലത്തെ ചെറുപ്പക്കാരനായൊരു നിരൂപകനെ കാണാനിടയായി. ഇന്ന്‍ അയാള്‍  പ്രമുഖ നിരൂപകനാണ്.ഞാന്‍ വിചാരിച്ചിരിക്കുന്നത് ലോകം മുഴുവന്‍ എന്റെ കഥ വായിച്ച് നടുങ്ങി ഇരിക്കുകയാണെന്നാണ്.പക്ഷെ ഒരാളും വായിച്ചിട്ടില്ല അത്. അങ്ങനെ  ഒന്നിച്ചു നടക്കുമ്പോള്‍ ഗതികെട്ട് ഞാന്‍ തന്നെ അങ്ങോട്ടു കയറി ചോദിച്ചു ഇന്ത്യടുഡേ കണ്ടോ ഇത്തവണത്തെ ? എന്റെ ഒരു  കഥയുണ്ട് അതില്‍  .  ഉടന്‍ അയാളുടെ ആദ്യ കമന്റ് വന്നത് ഇങ്ങനെയായിരുന്നു ഉവ്വോ.? ഇന്ത്യടുഡേ ഇപ്പോള്‍  മോശമായി വരികയാണ് അല്ലെ ? ഞാന്‍ ആകെ തകര്‍ന്നു പോയി. അയാളുടെ അടുത്ത വാചകം ഇങ്ങനെയായിരുന്നു. നീ തൃശൂര്‍  നിന്ന് ഇറങ്ങുന്ന —-  വാരിക കാണാറുണ്ടോ? അത് അതിഗംഭീരമായി വരുന്നുണ്ട്. കഴിഞ്ഞ ലക്കത്തില്‍ എന്റെയൊരു ലേഖനമുണ്ടായിരുന്നു. ഏതോ ഒരു ലോക്കല്‍ മാസികയെ പരാമര്‍ശിച്ചാണ് സംസാരം. അതും കൂടി കേട്ടതോടെ ഞാനാകെ തകര്‍ന്നു പോയി. സ്വന്തം  രചന പ്രസിദ്ധീകരിച്ച വാരിക മഹത്തരവും ബാക്കിയുള്ളതെല്ലാം ചവറും എന്ന മട്ടിലുള്ള അഭിപ്രായം കേട്ടതിനു ശേഷം  ഒരിക്കല്‍പ്പോലും ഒരു നിരൂപകനോട്  എന്റെ കഥ വായിച്ചോ എന്നും എന്താണ് അഭിപ്രായം എന്നും ചോദിച്ചിട്ടില്ല.ആദ്യകാലത്ത് എം.കൃഷ്ണന്‍ നായര്‍ എന്നെ നന്നായി വിമര്‍ശിച്ചിട്ടുണ്ട്.എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമിയില്‍ വരുന്ന എന്റെ കഥകളൊക്കെ വായിച്ചിട്ട് വരുംകാലത്ത് കഥയുടെ സിംഹാസനത്തില്‍ ഇരിക്കേണ്ട ആളാണ്‌ സുഭാഷ് എന്നൊക്കെ പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ ആ പറയുന്നത് ശരിയല്ല എന്ന മട്ടില്‍ തന്നെയാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ ചെറുപ്പക്കാരനെ പുകഴ്ത്തി നശിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു .അതെനിക്കൊരു പ്രചോദനമായിട്ടുണ്ട്. പിന്നീട് കുറേക്കാലം കഴിഞ്ഞ് എം.കൃഷ്ണന്‍നായര്‍ എന്റെ കഥകളെ പുകഴ്ത്തിപറഞ്ഞിട്ടുമുണ്ട്.

6.സാഹിത്യത്തില്‍ കമ്പോളസംസ്കാരം നിലനില്‍ക്കുന്നതായി തോന്നുന്നുണ്ടോ ?
# ഉണ്ട്. സാഹിത്യം ഒരു പ്രൊഡക്റ്റ് ആയിത്തീരുനത് ഒരു തെറ്റല്ല.വില്‍പ്പനയില്‍ തന്നെ രണ്ടു വശമുണ്ടല്ലോ ഒന്നതിന്റെ ബിസിനസ് വശം പിന്നെ ആ ഉല്‍പ്പന്നം ആള്‍ക്കാരുടെ കൈകളില്‍ ചെന്നെത്തുക എന്നൊരു വശം. വിറ്റുപോയാല്‍ മാത്രമേ അതുണ്ടാവുകയുള്ളൂ.അതുകൊണ്ട് പുസ്തക വില്‍പ്പനക്കുവേണ്ടി എഴുത്തുകാരനോ പ്രസാധകനോ  പ്രൊമോഷന്‍ നടത്തുന്നത് ഒരു തെറ്റല്ല. ലോകത്തില്‍ മറ്റെന്ത് ഉല്‍പ്പന്നം വില്‍ക്കുന്നതിലും നല്ലതാണല്ലോ പുസ്തക വില്‍പ്പന.

7. കൊടിയുടെ നിറത്തില്‍, മതത്തിന്റെ മറവില്‍ എഴുത്തുകാരെ തരംതിരിച്ച് തമ്മിലടിപ്പിക്കുന്നൊരു പ്രവണത ഇവിടെ വളര്‍ന്നു വരുന്നുണ്ടോ ?
# ഇല്ല. എഴുത്തുകാരെയല്ല .മനുഷ്യരെയാണ്  തമ്മിലടിപ്പിക്കുന്നുണ്ട്.ചില എഴുത്തുകാരെങ്കിലും അത് കണ്ടിട്ട് മൌനമായി നില്‍ക്കുന്നുണ്ട് .ആ മൌനം കുറ്റകരമാണ് . അതിര്‍ത്തികളും മത – വര്‍ഗ്ഗഭേദവും ഒന്നും ഇല്ല എന്ന് മനുഷ്യകുലത്തിനു പഠിപ്പിച്ചു കൊടുക്കേണ്ടുന്ന ഗുരുനാഥന്‍മാരാണ് എഴുത്തുകാര്‍. അതുകൊണ്ട് ഒരു greater soul ആയിരിക്കണം എഴുത്തുകാര്‍ എന്ന് വിചാരിക്കുന്ന ഗണത്തില്‍പ്പെട്ട എഴുത്തുകാരനാണ്  ഞാന്‍. ഞാന്‍ എത്രമാത്രം അങ്ങനെയാണ് എന്നല്ല; പക്ഷെ അതാണ്‌ എന്റെ  ആഗ്രഹം. പക്ഷെ അത് സമൂഹത്തില്‍ നടക്കാതിരിക്കുകയും പകരം തമ്മിലടിപ്പിക്കാനുള്ള ശ്രമം കാണുകയും ചെയ്യുമ്പോള്‍ അതിനെതിരെ എന്തെങ്കിലും ഒന്ന് ചെയ്തുവെച്ചിട്ടു വേണം എഴുത്തുകാരന്‍ പോകാന്‍ എന്നാണ് എന്റെ വിചാരം

8.ആത്മരൂപങ്ങളുടെ വൈകൃതങ്ങള്‍ വെളിപ്പെടുത്തുന്ന കഥകളാണ് സുഭാഷിന്റേത്. സുരക്ഷിതമായൊരു ജയപക്ഷത്തിരുന്നുകൊണ്ട് ഒരു കഥയും വായിച്ച് മുഴുമിപ്പിക്കാനാവില്ല.എന്തിനാണ് ആള്‍ക്കാരെ ഇങ്ങനെ അസ്വസ്ഥരാക്കി ഉറക്കം കളയുന്നത് ?
# അങ്ങനെ ഒരു പദ്ധതിയുടെ ഭാഗമായിട്ടല്ല സൃഷ്ടി നടക്കുന്നത്. പിന്നെ ആള്‍ക്കാരെ അസ്വസ്ഥരാക്കുക എന്നൊരു ദുരുദ്ദേശം എനിക്കുണ്ട്. എന്റെ കഥ വായിച്ചങ്ങനെ സന്തോഷിക്കണ്ട എന്ന വിചാരവും ഉണ്ട്.വ്യക്തിപരമായി ഞാന്‍ മനുഷ്യര്‍  സന്തോഷമായി ഇരിക്കുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌.പക്ഷെ കഥ വായിക്കുന്നൊരാള്‍  മനുഷ്യ ജീവിതത്തെക്കുറിച്ച് അറിയാനായിട്ടു കൂടിയാണ് ഒരാള്‍ അത് വായിക്കുന്നത്. നമ്മുടെ സമകാലീന അവസ്ഥയില്‍ മനുഷ്യ ജീവിതം എന്താണ് എന്ന് ആഴത്തില്‍ അറിയാന്‍ വേണ്ടിയിട്ട് കൂടിയാണ്. അല്ലാതെ സന്തോഷിക്കാന്‍ വേണ്ടിയിട്ടോ നേരം പോക്കിനോ ആണെങ്കില്‍ സിദ്ധിക്ക് ലാലിന്റെ സിനിമ കണ്ടാല്‍ മതിയല്ലോ ? ആ മൂന്നുമണിക്കൂര്‍ ഒരാള്‍ സാഹിത്യം വായിക്കാനിരിക്കുമ്പോള്‍ സിദ്ധിക്ക് ലാല്‍ കൊടുക്കുന്ന സാധനമല്ല നമ്മള്‍ കൊടുക്കേണ്ടത്. കുറച്ചുകൂടി ഡെപ്ത്ത് ആയിട്ടുള്ളത് വേണം.വളരെ തമാശ നിറഞ്ഞ അല്ലെങ്കില്‍ തനിക്കൊരു സങ്കടം വരുമ്പോള്‍ സങ്കടപ്പാട്ട് പാടുന്ന ഒരു നായകനല്ല അതില്‍ വേണ്ടത്. ആ അര്‍ത്ഥത്തില്‍ ആ അസ്വാസ്ഥ്യം എന്ന് പറയുന്നത് മനുഷ്യകുലത്തെ പറ്റിയും നമ്മുടെ ജീവിതത്തെ പറ്റിയും പ്രാഥമികമായിട്ടും നിര്‍ബന്ധമായിട്ടും ഒരാള്‍ക്ക് ഉണ്ടാവേണ്ട അസ്വാസ്ഥ്യമാണ് .സഹജീവിയെപ്പറ്റിയുള്ള അസ്വാസ്ഥ്യം. അവനവനെപ്പറ്റിയുള്ള സുഖത്തെക്കാള്‍ നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടത് അയല്‍പ്പക്കത്തുള്ള ആളുടെ സുഖത്തെപ്പറ്റിയോ കൂടെ ജീവിക്കുന്ന ഒരാളുടെ അവസ്ഥയെപ്പറ്റിയോ ഉള്ള അസ്വാസ്ഥ്യത്തിനാണ്. നാളെ ഇതൊരു പരിഗണനയായിട്ടു മാറും എന്നാണു എന്റെ വിശ്വാസം. ആ വിചാരം കൊണ്ടാണ് അങ്ങനെ എഴുതുന്നത്‌.

 9.മനുഷ്യന് ഒരു ആമുഖമേ ആയിട്ടുള്ളൂ. ഇനി മനുഷ്യന്‍ അഥവാ മനുഷ്യകഥ എന്നാണ് ?
#  അത് എഴുതാനുള്ളൊരു  കപ്പാസിറ്റി എനിക്കുണ്ടോ എന്നറിഞ്ഞുകൂടാ.ആഗ്രഹമുണ്ട്. മനുഷ്യന് ഒരു  ആമുഖം എന്ന് നോവലിന് പേരിടുമ്പോള്‍ എന്റെ മനസ്സില്‍ അങ്ങനെയുണ്ടായിരുന്നു. പിന്നീടെപ്പോഴെങ്കിലും മനുഷ്യന്‍ എന്നൊരു നോവല്‍ എഴുതണമെന്ന്.പക്ഷെ  അതിനുള്ള പ്രായമോ പക്വതയോ അറിവോ വിവേകമോ ,സംസ്കാരമോ ഒന്നും ഞാനിനിയും ആര്‍ജ്ജിച്ചിട്ടില്ല എന്ന് തോന്നുന്നു.പൂര്‍ണ്ണ വളര്‍ച്ചയെത്താതെ മരിച്ചു പോകുന്ന …. എന്നാണു നോവല്‍ തുടങ്ങുന്നത്. അങ്ങനെ പൂര്‍ണ്ണ വളര്‍ച്ച എത്തി എന്ന് എനിക്ക് തോന്നുമ്പോള്‍ കുറച്ചു കൂടി പരിപക്വനായിക്കഴിയുമ്പോള്‍ എഴുതും. അല്ലെങ്കില്‍പ്പിന്നെ ചെകുത്താനൊരു ആമുഖമോ ദൈവത്തിനൊരു ആമുഖമോ എഴുതിയേക്കാം.

10..അടുത്ത നോവലിനെക്കുറിച്ച് ?
#നാലു വര്‍ഷമായി പുതിയ നോവലിന്റെ ബാക്ക് ഗ്രൌണ്ട് വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. നോവല്‍,  കഥ പോലെ എന്തെങ്കിലുമൊരു ഭാവത്തെക്കുറിച്ച് എഴുതാന്‍ പറ്റിയ സംഗതിയല്ല.കാലമാണ്, സമയമാണ് അതില്‍ പ്രധാനം.പത്ത് വര്‍ഷത്തിനപ്പുറമുള്ള സമയമാണ് അതില്‍ എടുക്കുന്നതെങ്കില്‍ അതൊരു ചരിത്രമായി മാറും.നൂറു വര്‍ഷമാണ്‌ മനുഷ്യന് ഒരു ആമുഖത്തിലുള്ള സമയം.നൂറു വര്‍ഷത്തെ ചരിത്രമാണ് അത്.എഴുത്ത് എന്ന് പറയുന്നത്history of feelings ആണ്.എഴുത്തുകാരന്‍ ചെയ്യുന്നത് ഒരു ജനതയുടെ വൈകാരിക ചരിത്രം രേഖപ്പെടുത്തി വെക്കുകയാണ്.രാജാവിന്റെ/ഭരണാധികാരിയുടേയല്ലാത്ത ജീവിതങ്ങളെ കാലങ്ങളിലേക്ക് ഫ്രെയിം ചെയ്തു വെക്കുകയാണ്. ഭരണികളില്‍ ഉപ്പിലിട്ടു വെക്കുന്നത് പോലെ. പിന്നീടെപ്പോഴെങ്കിലും കണ്ടെടുക്കാന്‍ വേണ്ടി,  ഞാന്‍ ജീവിച്ച കാലത്തെ മനുഷ്യന്റെ വികാരം  ഇതൊക്കെയാണ് എന്ന് കുറിച്ചിടുകയാണ് ചെയ്യുന്നത്.അപ്പോള്‍ ആ അര്‍ത്ഥത്തില്‍ ധാരാളം വിവരശേഖരണം വേണ്ട ഒരു കാര്യമാണ് നോവലെഴുത്ത്.വിവരശേഖരണം ഇല്ലാതെയും നോവലെഴുതാം.അങ്ങനെയുള്ള മഹത് നോവലുകളും ഉണ്ട്.ഞാനിപ്പോള്‍ ആഗ്രഹിക്കുന്ന നോവലെന്നു പറഞ്ഞാല്‍ കുറെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്. നാല് വര്‍ഷത്തോളമായി അതിന്റെ വിവര ശേഖരണം  നടക്കുന്നുണ്ട് .കൂടുതലൊന്നും പറയാറായിട്ടില്ല.

Comments

comments