ഇതൊരു പ്രണയ ജീവിതത്തിന്‍റെ മഴവില്‍ വര്‍ണ ചിത്രമാണ്….മന്ദ്രസ്ഥായിയിലാരംഭിച്ച് താരസ്ഥായിയിലേക്ക് ഉയര്‍ന്നവസാനിച്ച ഒരു പ്രണയകഥയുടെ മനോഹരഗാഥയാണ്…
ദേവാനന്ദും നൂതനും ഗാനമാലപിച്ചുകൊണ്ട് കുത്തബ് മീനാറിനകത്തെ കോണിപ്പടികളിറങ്ങി വരുന്ന ഒരു സിനിമയുണ്ട്…കളകളാരവം പൊഴിയ്ക്കുന്ന ഒരു അരുവിയെ ഓര്‍മ്മിപ്പിയ്ക്കുന്ന നൂതനാണ് ആ സിനിമയുടെ ജീവന്‍.. ആ നായികയെപ്പോലെ നൂതനെന്നു തന്നെ പേരുള്ള ഒരു സ്ത്രീയെ സങ്കല്‍പിച്ചു നോക്കു..
കരയുന്ന സ്ത്രീകള്‍ നമുക്ക് ചിരപരിചിതരാണ്. സങ്കടങ്ങള്‍ സഹിച്ച് വിങ്ങി വിതുമ്പുന്നവര്‍, കണ്ണീരൊഴുക്കുന്നവര്‍, വീര്‍പ്പിച്ച ബലൂണ്‍ പോലെ ഒരു സൂചിക്കുത്തിന്‍റെ ആഘാതത്തില്‍ പൊട്ടിപ്പിളരുന്നവര്‍ അമ്മാതിരി സ്ത്രീകളെ നമുക്ക് ധാരാളം പരിചയമുണ്ടാവും.. കണ്ണീരിനെയും കണ്ണുനീര്‍ ത്തുള്ളിയെയും എന്നും സ്ത്രീയോടുപമിച്ചവര്‍ ക്കും അതാണു സത്യമെന്നും അതായിരിക്കണം സത്യമെന്നും കരുതുന്നവര്‍ക്കും അക്കാരണത്താല്‍ തന്നെ നൂതനെ മനസ്സിലാകാന്‍ പ്രയാസമുണ്ടാവുമെന്നും ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മനസ്സു തുറന്നുള്ള ചിരിയായിരുന്നു, ഹൃദയംഗമമായ പ്രസന്നതയായിരുന്നു നൂതന്‍റെ ഒരേയൊരു ആയുധം. ആ ആയുധത്തിന്‍റെ ബലത്തിലാണ് നൂതന്‍ എല്ലാ ജീവിത പരീക്ഷണങ്ങളേയും ആത്മവിശ്വാസത്തോടെ നേരിട്ടത്.
അല്‍പം വിപ്ലവബോധമൊക്കെ സ്വന്തമായുള്ളപ്പോഴും അറു പിന്തിരിപ്പന്‍ നിലപാടുകളുള്ള ഒരു രാഷ്ട്രീയ വിശ്വാസത്തില്‍ ഒരു ശീലം പോലെ, അല്ലെങ്കില്‍ ഒരു പാരമ്പര്യം പോലെ തന്നെത്തന്നെ തളച്ചിട്ടിട്ടുള്ള ഒരു സര്‍ക്കാര്‍ജോലിക്കാരനായിരുന്നു നൂതന്‍റെ ഭര്‍ത്താവ്. ആ ഭര്‍ത്താവും രണ്ട് ആണ്മക്കളുമായിരുന്നു നൂതന്‍റെ കുടുംബം.പത്തൊമ്പതു വയസ്സില്‍ വലിയൊരു കൂട്ടുകുടുംബത്തിലേയ്ക്ക് മരുമകളായി വന്നു ചേര്‍ന്ന നൂതന്‍ കുറെ അനിയന്മാരുടെ കളിക്കൂട്ടുകാരിയായ, അതീവ സ്നേഹമയിയായ അണ്ണിയായിരുന്നു. ശ്വശ്വരരുടെ ഉത്തരവാദിത്തമുള്ള മാട്ടുപൊണ്ണായിരുന്നു. നാത്തൂന്മാരുടെ ഉറ്റ സുഹൃത്തായിരുന്നു.
ഭര്‍ത്താവിന്‍റെ സ്ഥലം മാറ്റമനുസരിച്ച് നൂതന്‍ ഇന്ത്യയുടെ കുറെ ഭൂഭാഗങ്ങളെ പരിചയപ്പെട്ടു. മക്കളെ സ്നേഹിച്ച് വളര്‍ത്തി വലുതാക്കി. ഭര്‍ത്താവിനെ അദ്ദേഹത്തിന്‍റെ എല്ലാ മിടുക്കുകളിലും മണ്ടത്തരങ്ങളിലും ഒരുപോലെ പിന്തുണച്ചു.ഈക്കാലത്തിനിടയില്‍ നൂതന്‍റെ മാതാപിതാക്കളും സഹോദരന്മാരും കാലക്കണക്കിന്‍റെ മറുപുറത്തേയ്ക്കകന്നു പോയി.നൂതന്‍ ഭര്‍ത്താവിന്‍റെ തോളില്‍ മുഖമൊളിപ്പിച്ച് വിങ്ങിക്കരഞ്ഞു.. കുറെ ദിവസം പട്ടിണി കിടക്കുകയും ഉറങ്ങാതിരിക്കുകയും ചെയ്തു…. പിന്നെ പതുക്കെപ്പതുക്കെ അതിനോടെല്ലാം പൊരുത്തപ്പെട്ടു. അതങ്ങനെയാണല്ലോ.
ഭര്‍ത്താവിനു ജോലിയിലെ ട്രാന്‍സ് ഫറുകളും അതിനോടനുബന്ധിച്ച അവസാനിയ്ക്കാത്ത ഊരു ചുറ്റലുകളും മടുത്തു കഴിഞ്ഞിരുന്നു. അദ്ദേഹം ജോലി മതിയാക്കി. ചെന്നൈയില്‍ തന്നെ സ്ഥിര താമസമാക്കുവാന്‍ നിശ്ചയിച്ചു. ഒരു വീടുണ്ടാക്കി ഒപ്പം ഒരു പ്രൈവറ്റ് ഫേമില്‍ ജോലി തേടി.
മക്കള്‍ വളര്‍ന്നു ഉദ്യോഗത്തിനായും പഠിപ്പിനായും വിദേശങ്ങളിലേക്ക് പോയി … അതിനകം നൂതനു കുറെയേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു . നട്ടെല്ലിലെ കശേരുക്കള്‍ അതിവേഗം തേഞ്ഞു തീരുന്നുണ്ടായിരുന്നു. അതു പോലെ പല്ലുകളും ദഹനവും നൂതനു വെല്ലുവിളികള്‍ നല്‍കിക്കൊണ്ടിരുന്നു. എങ്കിലും അല്‍പം ചികില്‍സയും യോഗയും ഒക്കെ ചെയ്ത് , ഫ്ലാറ്റിലെ ഇത്തിരി സ്ഥലത്ത് ചെടികള്‍ നട്ടു വളര്‍ത്തി പരിപാലിച്ച്, ടി വി കണ്ട്, മനോഹരമായി ഗാനങ്ങള്‍ ആലപിച്ച് , പൂച്ചകളെ ഓമനിച്ച് വളര്‍ത്തി , വീട്ടുപണികള്‍ എല്ലാം ഭംഗിയായി ചെയ്ത് , പാര്‍ക്കില്‍ നടക്കാന്‍ പോയി സാധിക്കുമ്പോഴെല്ലാം ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ച് നൂതന്‍ ജീവിച്ചു…
അപ്പോഴാണ് … ആ അഗ്നിപാതമുണ്ടായത്.
അത് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു. നൂതന്‍റെ ഭര്‍ത്താവ് വൈകീട്ട് ജോലി കഴിഞ്ഞ് വന്ന് ചായയും പലഹാരവും കഴിച്ച് സ്വസ്ഥമായിരുന്ന് ടി വി കാണുന്ന നേരം. നൂതന്‍ അത്താഴമുണ്ടാക്കുന്ന തികച്ചും സാധാരണമായ നേരം..
നൂതനുണ്ടാക്കിയ ആ അത്താഴം കഴിയ്ക്കാന്‍ സമയമായിട്ടും അദ്ദേഹം എണീറ്റ് വന്നില്ല. അദ്ദേഹത്തിന്‍റെ ശരീരം തളര്‍ന്നു പോയിരുന്നു. നടക്കാനും സംസാരിയ്ക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. യാതൊരു സൂചനയും ലഭിയ്ക്കാതെ ഇങ്ങനൊരു പരീക്ഷണം നേരിടേണ്ടി വരുമെന്ന് നൂതന്‍ അറിഞ്ഞിരുന്നില്ല.
സെറിബ്രല്‍ സ്റ്റ്റോക് ആണു വന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വലതു കാലും കൈയും തളര്‍ന്നു…സംസാരശേഷിയും നഷ്ടപ്പെട്ടു. നമ്മള്‍ പറയുന്നത് കുറെയൊക്കെ മനസ്സിലാകുമെങ്കിലും തിരിച്ച് ഒന്നും പറയാന്‍ കഴിയില്ല. അക്ഷരം എഴുതാനും പേരെഴുതി ഒപ്പിടാനും സാധിക്കില്ല. പരസഹായമില്ലാതെ അപ്പി ഇടാനും മൂത്രമൊഴിക്കാനും സാധിക്കില്ല. എന്നാല്‍ ഒരല്‍ഭുതമെന്നപോലെ പാട്ടു പാടാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. …. നൂതനെന്ന പേരു മാത്രം ഓര്‍മ്മയോടെ വിളിയ്ക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.
നൂതന്‍റെ ബന്ധുലോകവും സുഹൃത് ലോകവും മാത്രമല്ല ജീവലോകം പോലും ആകെ മാറിപ്പോയി..
ഭര്‍ത്താവിനെ കുഞ്ഞിനെപ്പോലെ പരിചരിച്ചു എന്ന് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹം ഒരിയ്ക്കലും ഒരു കുഞ്ഞായിരുന്നില്ല. അതുകൊണ്ട് നൂതന്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അദ്ദേഹം നിസ്സഹായത നിമിത്തം കോപാകുലനായി.. സാധനങ്ങള്‍ തട്ടിക്കളഞ്ഞു.. നൂതനെ നോക്കി മുരളുകയും പല്ലിറുമ്മുകയും ചെയ്തു . ചിലപ്പോള്‍ സ്വാധീനമുള്ള ഇടതുകൈ കൊണ്ട് നൂതനെ തല്ലി.
ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതു പോലെ സേവിച്ചു എന്നും പറയാന്‍ കഴിയില്ല, കാരണം അദ്ദേഹത്തിനു ഭര്‍ത്താവ് നല്‍കുന്ന ഒന്നും നല്‍കാനാവുമായിരുന്നില്ല. അതിനെല്ലാം അദ്ദേഹം അശക്തനായിരുന്നു.
ആദ്യത്തെ ഞടുക്കത്തില്‍ നിന്നും ആത്മാവിനേറ്റ അതി ദീനമായ അനാഥത്വത്തില്‍ നിന്നും നൂതന്‍ അതിവേഗം കരകയറി. മറ്റു യാതൊരു നിവൃത്തിയും നൂതനില്ലായിരുന്നു.
ഭര്‍ത്താവിനെ അപ്പിയിടീച്ചു, മൂത്രമൊഴിപ്പിച്ചു.. കുളിപ്പിച്ചു… ഉടുപ്പുകള്‍ മാറ്റി. ആഹാരവും മരുന്നും കൃത്യമായും സമയത്തിനും നല്‍കി. പത്രം വായിയ്ക്കാനും അക്ഷരങ്ങള്‍ എഴുതാനും ഒപ്പിടാനും പിന്നെയും പിന്നെയും പഠിപ്പിച്ചു. മക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരു പറയാന്‍ എന്നും പ്രേരിപ്പിച്ചു.. ഫോണില്‍ ഹലോ എന്നും എന്താ വിശേഷമെന്ന് ചോദിയ്ക്കാനും യാതൊരു മടുപ്പുമില്ലാതെ ശീലിപ്പിച്ചു…
അക്കങ്ങള്‍ എഴുതിയ്ക്കാന്‍ മാത്രം നൂതന് അത്രയധികം പണിപ്പെടേണ്ടി വന്നില്ല … അദ്ദേഹത്തിന്‍റെ തലച്ചോറില്‍ എവിടേയോ അക്കങ്ങള്‍ പാതി ജീവിച്ചിരുന്നു.
ഭര്‍ത്താവിനെ സന്തോഷിപ്പിക്കാനും സ്വയം സന്തോഷിക്കാനുമായി നൂതന്‍ പാട്ടുകള്‍ പാടി.. അദ്ദേഹം ആ പാട്ടുകളെ മാത്രം ഏകദേശം ഭംഗിയായി പിന്തുടര്‍ന്നു.
ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. കാരണം ഇടയ്ക്കിടയ്ക്ക് തലച്ചോറിലെ ആഘാതമായി വന്നു വീഴുന്ന ഫിറ്റ്സ് ഭര്‍ത്താവ് പുതുതായി പഠിച്ചെടുത്ത പല വിദ്യകളേയും പുറകോട്ടു തള്ളിക്കൊണ്ടിരുന്നു. ആ സമയത്തെല്ലാം നൂതന്‍ ആശുപത്രിയിലേയ്ക്ക് പാഞ്ഞു. ഡോക്ടര്‍മാരോട് തുരുതുരെ ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ പറയുന്ന രീതിയിലെല്ലാം ഭര്‍ത്താവിനെ ശുശ്രൂഷിച്ചു.
അതെ, നൂതന്‍ തളരാതെ മടുക്കാതെ സ്വന്തം കൈക്കുമ്പിളില്‍ വെച്ച് തന്നെയാണ് ഭര്‍ത്താവിനെ കാത്തുരക്ഷിച്ചത് . ആ ജോലിയില്‍ ആണ്ടു മുഴുകിയപ്പോള്‍ സ്വന്തം ശരീരത്തിന്‍റെ സകല വേദനകളും ആരോഗ്യക്കുറവും മറക്കാന്‍ നൂതനു കഴിഞ്ഞു.
ഓരോ ഇഞ്ചും പൊരുതിയാണ് നൂതന്‍ ആ വഴിത്താരയിലൂടെ ഏകാകിനിയായി നടന്നത്. അത് കണ്ടുകൊണ്ടിരിക്കുന്നതിന്‍റെ കാഠിന്യവും ദൈന്യവും ഞാന്‍ ഇന്നും മറന്നിട്ടില്ല. ഒരിയ്ക്കലും മറക്കുകയുമില്ല. ഓരോ കാഠിന്യത്തേയും നേരിടുമ്പോഴും മെല്ലെമെല്ലെ അതിനെ കീഴടക്കുമ്പോഴും നൂതന്‍ ചിരിച്ചുകൊണ്ടേയിരുന്നു. പ്രസന്നതയെ ആയുധമായും കവചമായും ധരിച്ചു.
പല ബന്ധുക്കളും നൂതനോട് വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.. ഉദാഹരണത്തിനു ചേട്ടനെപ്പോഴും നൂതന്‍ നൂതന്‍ എന്ന് മാത്രം വിളിക്കുമ്പോള്‍ സന്തോഷം തോന്നുന്നില്ലേ? മറ്റാരേയും ഓര്‍ക്കാതെ നൂതന്‍ എന്ന് മാത്രം ഓര്‍ക്കുമ്പോള്‍ …എന്തൊരു ചോദ്യം അല്ലേ?
നൂതന്‍ ചിരിച്ചു… ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.
വേണ്ടത്ര ദൈവവിശ്വാസവും പ്രാര്‍ഥനയുമില്ലാത്തതാണ് നൂതന്‍റെ ജീവിതത്തിലുണ്ടായ ദുരിതങ്ങള്‍ക്ക് കാരണമെന്ന് ആവശ്യത്തിനു വിശ്വാസവും പ്രാര്‍ഥനയുമുള്ള ബന്ധുക്കള്‍ പറ്റുമ്പോഴെല്ലാം നൂതനെ ഓര്‍മ്മപ്പെടുത്തി . നൂതന്‍ അമ്പലത്തില്‍ പോകുന്നത് കാണുകയോ അറിയുകയോ ചെയ്യുമ്പോള്‍ അങ്ങനെയാണ് ദൈവം .. നമ്മെക്കൊണ്ട് ദൈവമേ എന്ന് വിളിപ്പിക്കുകയെന്ന് അവര്‍ ഉറച്ച വിശ്വാസികളുടെ അഗാധമായ ദൈവപരിചയത്തെ വെളിപ്പെടുത്തി.
നൂതന്‍ അപ്പോഴും ചിരിച്ചു..
ആ ചിരിയും തളരാത്ത ആ പ്രസന്നതയും പലര്‍ക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ചിലര്‍ അതുകൊണ്ടു തന്നെ വല്ലാതെ അകന്നു പോയി. നൂതന്‍ സ്വന്തം പൊട്ടിച്ചിരിയും കോമാളിത്തവുമായി എങ്ങനെ ജീവിക്കുമെന്ന് ഞങ്ങളൊന്നു കാണട്ടെ എന്ന മട്ടില്‍ നിശ്ശബ്ദമായ വെല്ലുവിളിയോടെ അകന്നു നിന്നു.
എല്ലാറ്റിനേയും ചിരി കൊണ്ട് തോല്‍പ്പിച്ച നൂതനെ തകര്‍ത്ത് കളയാനും ജീവിതം ഒരു ആഘാതത്തെ തന്‍റെ വഴിയില്‍ കാത്തുവെച്ചിരുന്നു. അതിന്‍റെ പാദപതനങ്ങള്‍ നൂതന്‍ മെല്ലെ മെല്ലെ കേട്ടുവെങ്കിലും ഇല്ലെന്ന് നടിച്ചു. .. താന്‍ മനസ്സിലാക്കിയത് തെറ്റായിരിക്കുമെന്ന് വിചാരിക്കാന്‍ മനസ്സിനെ പരിശീലിപ്പിച്ചു.
പക്ഷെ, ഒരു ദിവസം ആ ആഘാതം ഇടിത്തീയായി സ്പര്‍ശിക്കാന്‍ ശ്രമിച്ചത് നൂതന്‍റെ എല്ലാ ദുരന്ത സങ്കല്‍പങ്ങള്‍ക്കും അപ്പുറത്തായിരുന്നു. കരയുമ്പോള്‍ എന്തേ എന്ന് ചോദിയ്ക്കാനോ ഒന്നെണീറ്റ് വരാനോ സാധിയ്ക്കാത്ത നിസ്സഹായനാണ് നൂതന്‍റെ ഭര്‍ത്താവ് എന്ന് അടുത്തറിയുന്ന ഒരാള്‍ … അങ്ങനെ ഒരു ആസുര മുഖം പ്രദര്‍ശിപ്പിച്ചപ്പോള്‍ നൂതന്‍ തകര്‍ന്നു പോയി…
‘അയാളെ ഇനി ചേട്ടന്‍ തൊടരുത്… അയാളെ ഈ കട്ടിലില്‍ ഇരുത്തരുത്…അയാളുമായിട്ട് നമുക്കിനിയൊരു ബന്ധവും വേണ്ട‘ എന്നൊക്കെപ്പുലമ്പി നൂതന്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് അലമുറയിട്ടു കരഞ്ഞു. അദ്ദേഹത്തിനെല്ലാം മനസ്സിലായി.. പക്ഷെ, എന്തു ചെയ്യാന്‍ കഴിയും ആ നിശ്ചല ദേഹത്തിന്…
രാത്രികളില്‍ ഇലകളനങ്ങുമ്പോള്‍ , ഫ്ലാറ്റുകളുടെ മുറ്റത്ത് വിരിച്ചിരുന്ന ചരല്‍ ഞെരിയുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ,പാതിരാക്കിളികള്‍ ചിലയ്ക്കുമ്പോള്‍ , നായ്ക്കള്‍ ഓലിയിടുമ്പോള്‍ നൂതന്‍ ഭയപ്പാടോടെ മരുന്നുകള്‍ കഴിച്ച് ബോധം കെട്ടുറങ്ങുന്ന ഭര്‍ത്താവിനെ കെട്ടിപ്പിടിക്കും. മോഷ്ടാക്കളേയോ അല്ലെങ്കില്‍ ദുശ്ചിന്തകളുള്ള മനുഷ്യരേയോ ഒന്നും ഒരു നോട്ടം കൊണ്ടുപോലും എതിരിടാന്‍ കഴിയാത്ത ദുര്‍ബല ശരീരമാണതെങ്കിലും വര്‍ഷങ്ങളായി അര്‍പ്പിച്ച ഭര്‍ത്താവ് കാത്തുരക്ഷിയ്ക്കും എന്ന വിശ്വാസമുണ്ടല്ലോ അതായിരുന്നു അപ്പോഴെല്ലാം നൂതന്‍റെ ഒരേയൊരു ബലം ..
വിദേശത്ത് കഴിയുന്ന മക്കള്‍ക്ക് ജോലി കളഞ്ഞ് വരാനാവുമായിരുന്നില്ല. മക്കള്‍ ഉപേക്ഷിച്ചു കളഞ്ഞു രോഗിയായ അച്ഛനേയും അമ്മയേയും എന്നു പറഞ്ഞും കേള്‍പ്പിച്ചും സന്തോഷിക്കുന്നവരുടെ മുന്നിലും നൂതന്‍ ചിരിച്ചു… പ്രസന്നയായി തന്നെ നിലകൊണ്ടു. മക്കള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എനിക്കറിയുമല്ലോ, വിദേശത്തിരുന്ന് അവര്‍ തരുന്ന പിന്തുണയാണ് തന്‍റെ ബലമെന്ന് താനറിഞ്ഞാല്‍ പോരേ എന്നായിരുന്നു നൂതന്‍റെ ആശ്വാസം. ആരേയും ഒന്നും പറഞ്ഞ് ബോധ്യപ്പെടുത്താനോ അതിനു സമയം കണ്ടെത്താനോ നൂതനാവുമായിരുന്നില്ല.
വര്‍ഷങ്ങള്‍ എത്രയോ വളരെ മെല്ലെ ഇഴഞ്ഞു നീങ്ങി ഓരോ ഇരുപത്തിനാലു മണിക്കൂറിനേയും സെക്കന്‍ ഡുകളിലേയ്ക്ക് പരാവര്‍ത്തനം ചെയ്തുകൊണ്ട് നൂതന്‍ ജീവിച്ചു. കാരണം സെക്കന്‍ ഡുകളില്‍ മാറുന്ന അനിശ്ചിതാവസ്ഥകളായിരുന്നു ഭര്‍ത്താവിന്‍റെ ആരോഗ്യത്തിലുണ്ടായിരുന്നത്. … മക്കള്‍ വിവാഹിതരാകുമ്പോഴോ അവര്‍ക്ക് മക്കള്‍ ജനിക്കുമ്പോഴോ ഒന്നും നൂതന്‍റെ ഭര്‍ത്താവിനു വേണ്ടത്ര ആഹ്ലാദമോ എന്തിനു അനുഗ്രഹം പോലുമോ പ്രകടിപ്പിക്കാനായിരുന്നില്ല.അദ്ദേഹം നിശ്ശബ്ദനായ ഒരു പ്രതിമയായിരുന്ന് എല്ലാറ്റിലും പങ്കു കൊണ്ടു. വേണ്ടതിനു വേണ്ടാത്തതിനും നൂതന്‍ എന്ന് വിളിച്ചു..
അദ്ദേഹം ഓരോ തവണ നൂതനെന്ന് ഉച്ചരിയ്ക്കുമ്പോഴും അതെന്തിനു എന്ന് കണ്ടുപിടിയ്ക്കാന്‍ തുനിയുന്ന നൂതന്‍റെ പരിശ്രമം എവറസ്റ്റ് കയറും പോലെയായിരുന്നു. വാതിലടയ്ക്കണോ ചായവേണോ ടി വി വെയ്ക്കണോ കര്‍ട്ടന്‍ നീക്കിയിടണോ എന്ന് തുരുതുരെ ചോദ്യങ്ങള്‍ ചോദിച്ച് നൂതന്‍ ഓരോ വിളിയുടെയും രഹസ്യം പരിചയ സമ്പത്തുള്ള ഒരു ഖനിത്തൊഴിലാളിയെപ്പോലെ കുഴിച്ചെടുത്തുകൊണ്ടിരുന്നു.
പ്രണയം എന്ന മോഹന്‍ലാലിന്‍റെ സിനിമ വന്നപ്പോള്‍ മോഹന്‍ലാല്‍ നൂതന്‍റെ ഭര്‍ത്താവിനെപ്പോലെയാണ്,അതേ അവസ്ഥയിലാണെന്ന് പറഞ്ഞു കേട്ട് നൂതന്‍ ആ സിനിമ കണ്ട് വല്ലാതെ നിരാശപ്പെട്ടു. മോഹന്‍ലാലിനു ആ സിനിമയില്‍ അത്ര അവശതയൊന്നുമില്ലെന്ന് നൂതനു മനസ്സിലായി.. കാരണം മോഹന്‍ ലാലിനു മനസ്സു തുറന്ന് സംസാരിയ്ക്കാന്‍ കഴിയും.. നൂതന്‍റെ ഭര്‍ത്താവിനു സ്വന്തം മനസ്സിലുള്ളതെന്തെന്ന് അല്‍പം പോലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ എത്രയോ കാര്യങ്ങള്‍ അദ്ദേഹം പറയാനാശിച്ചു. നൂതന്‍റെ ഗ്രാഹ്യശക്തിയ്ക്കപ്പുറമായ ഓരോ കാര്യവും ആരുമറിയാതെ പോയി.
ഫ്ലാറ്റു സമുച്ചയത്തിനടുത്ത് തലപ്പാക്കെട്ട് ബിരിയാണിക്കട തുറന്നപ്പോള്‍, ബിരിയാണിയുടെ കൊതിപ്പിയ്ക്കുന്ന സുഗന്ധം ആ ഇടവഴിയില്‍ ആകമാനം പരന്നപ്പോള്‍ നൂതന്‍ അതു വാങ്ങിക്കൊണ്ടു വന്ന് ഭര്‍ത്താവിനെ ഊട്ടി… ബേക്കറിയില്‍ നിന്ന് പഞ്ഞി പോലെയുള്ള ടീ കേക്ക് വാങ്ങി വായില്‍ വെച്ചു കൊടുത്തു. അദ്ദേഹം ആഗ്രഹിക്കുന്നു എന്നു തോന്നുമ്പോഴെല്ലാം ചായയും ജൂസും കൊടുത്തു. അദ്ദേഹത്തിനിഷ്ടമാകുമെന്ന വിശ്വാസത്തില്‍ ടി വി യിലെ പാചകപരീക്ഷണങ്ങള്‍ ചെയ്തു. അദ്ദേഹത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഉപഗ്രഹം മാത്രമായി മാറി നൂതന്‍.അദ്ദേഹം സന്തോഷത്തോടെ ആഹാരം കഴിയ്ക്കുമ്പോള്‍ നൂതന്‍ ആഹ്ലാദിച്ചു ചിരിച്ചു… പ്രസന്നയായി,അനുഗ്രഹദായിനിയായ ദേവിയെപ്പോലെ. എല്ലാ പരാധീനതകള്‍ക്കിടയിലും അവര്‍ക്കിടയിലൂടെ ഒരു തങ്കനൂലായി ,പ്രണയം സാധിക്കുന്നത്രയും മനോഹരമായ ഒരു വസന്തം തീര്‍ത്തിരുന്നു.
പക്ഷെ… എന്തിനും ഉണ്ടല്ലോ ഒരു അവസാനം…
നൂതന്‍ കൊടുക്കുന്ന ഗുളികകള്‍ വായില്‍ തന്നെ വെച്ച് അതിന്‍റെ കയ്പ് അറിയാതെ അദ്ദേഹം ഇരിക്കാന്‍ തുടങ്ങി.ഭക്ഷണം ചവയ്ക്കാതെ വായില്‍ വെച്ചുകൊണ്ടിരുന്നു. ടി വി കാണാന്‍ ആര്‍ത്തിപ്പെട്ടിരുന്ന ആള്‍ ടി വി വെച്ചാല്‍ പോലും ശ്രദ്ധിക്കാതെയായി.. നൂതന്‍ നെറ്റിയില്‍ തൊടുന്ന വലിയ പൊട്ട് കണ്ടില്ലെങ്കില്‍ നെറ്റി തൊട്ട് കാണിച്ചിരുന്ന ആള്‍ നെറ്റിയില്‍ നോക്കാതായി.. നൂതന്‍റെ സാരി ഞെറികള്‍ അടുക്കിവെയ്ക്കാന്‍ ചൂണ്ടിക്കാണിച്ചിരുന്ന ആള്‍ വസ്ത്രമേതെന്ന് പോലും പരിഗണിയ്ക്കാതെയായി…. വാതില്‍ തുറന്നു കിടന്നാല്‍ വിഷമമില്ലാതായി.. പാട്ടുകള്‍ക്കൊപ്പം പാടാതെയായി..
നിയന്ത്രണമില്ലാത്ത മൂത്രമൊഴിക്കലും അപ്പിയിടലുമായി പിന്നെ…
നൂതന്‍ പിണങ്ങി.. ഭക്ഷണം കഴിക്കാത്തതെന്താണെന്ന് ചോദിച്ച് കരഞ്ഞു. അപ്പിയിട്ടും മൂത്രമൊഴിച്ചും എന്നെ കഷ്ടപ്പെടുത്തുകയാണോ എന്ന് ദേഷ്യപ്പെട്ടു… അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്ന സൂപ്പുണ്ടാക്കി കൊടുത്തു, നെഞ്ചു പുറവും ഉഴിഞ്ഞു… എന്തെങ്കിലും കഴിക്കു, എന്‍റെ പൊന്നല്ലേ ചക്കരയല്ലേ എന്നൊക്കെ കൊഞ്ചിച്ചു … നിര്‍ബന്ധിച്ചു…
അദ്ദേഹം ഒന്നും കൂട്ടാക്കാതെയായി.. വേറെ ഏതോ ഒരു അപരിചിതലോകത്തിലേക്ക് യാത്ര പുറപ്പെട്ട പോലെയായിരുന്നു ആ പെരുമറ്റം.
ഒടുവില്‍ ഡോക്ടര്‍മാര്‍ അത് സ്ഥിരീകരിച്ചു… ഗ്ലയോമ എന്ന അതിവേഗം പടരുന്ന, തലച്ചോറിനെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ നൂതന്‍റെ ഭര്‍ത്താവിനെ മൃത്യുദേവതയ്ക്ക് സമര്‍പ്പിക്കാനുള്ള തീരാദാഹവുമായി എത്തിക്കഴിഞ്ഞിരിക്കുന്നു. ഏറിപ്പോയാല്‍ പതിനഞ്ചു ദിവസം…
ഇനി ഒന്നും ചെയ്യാനില്ല..
നൂതനു സഹിയ്ക്കാന്‍ കഴിഞ്ഞില്ല. ആശുപത്രി നടുങ്ങുമാറു നൂതന്‍ പൊട്ടിക്കരഞ്ഞു. … അദ്ദേഹത്തിന്‍റെ നിസ്സഹായത മനസ്സിലാക്കാതെ ആഹാരം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചല്ലോ … അപ്പിയിട്ടും മൂത്രമൊഴിച്ചും എന്നെ കഷ്ടപ്പെടുത്തുകയാണോ എന്നാരാഞ്ഞ് വേദനിപ്പിച്ചല്ലോ എന്നൊക്കെ ഓര്‍ത്ത് …
മാപ്പു തരണേയെന്ന് നൂതന്‍ പകേണപേക്ഷിച്ച പ്പോള്‍ ഗ്ലയോമയുടെ അതി ഭീകരമായ കെട്ട് പൊട്ടിച്ചുകൊണ്ട് അദ്ദേഹം കണ്ണു തുറന്നു… നൂതനെ നോക്കി … കണ്ണീര്‍ നനവുള്ള സ്നേഹപൂര്‍ണമായ മിഴികളോടെ…. കരയരുതെന്നും സങ്കടപ്പെടരുതെന്നും തല യാട്ടിക്കാണിച്ചു…
കണ്ടു നിന്നവര്‍ പോലും പിടഞ്ഞു പോയ ഒരു തീവ്ര നൊമ്പരക്കാഴ്ചയായിരുന്നു അത്…
അതിനുശേഷം അദ്ദേഹം ആരോടും ഒന്നും പറഞ്ഞില്ല. … എല്ലാറ്റില്‍ നിന്നും ഒന്നൊന്നായി ആ ജീവന്‍ മെല്ലെ മെല്ലെ പിന്‍ വാങ്ങി.
ഒന്നിച്ചു ജീവിയ്ക്കാന്‍ പറ്റാതാകുന്നതാണോ അനശ്വര പ്രണയം.. അതോ എല്ലാം സഹിച്ചും ഒന്നിച്ചു കഴിയുന്നതാണോ അനശ്വരപ്രണയം
എനിക്കറിയില്ല…. ഒരുപക്ഷെ, രണ്ടുമായിരിക്കാം. എങ്കിലും പ്രണയമെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ നൂതനെ ഓര്‍ക്കും. വലിയൊരു ചുവന്ന പൊട്ടുള്ള ആ വെളുത്ത നെറ്റിയെ ഓര്‍ക്കും.. യേ സിന്ദഗീ ഉസീ കി ഹെ… എന്നും ഖില്‍തേ ഹെ ഗുല് യഹാം എന്നും നൂതന്‍ പാടിയ പാട്ടുകളെ ഓര്‍ക്കും…
എനിക്ക് പലപ്പോഴും തോന്നാറുണ്ട്.. പ്രണയമെന്നാല്‍ നൂതനാണ്… ആ പൊട്ടിച്ചിരിയും പ്രസന്നതയുമാണ്. എല്ലാ വേദനകള്‍ക്കുള്ളിലും നിന്ന് മടുപ്പില്ലാതെ പുഞ്ചിരിക്കുന്ന ആഹ്ലാദമാണ്.
പിന്‍ കുറിപ്പ്
ചെന്നൈയിലെ വെള്ളപ്പൊക്കം നൂതന്‍ കണ്ടില്ല .കാരണം നൂതനിപ്പോള്‍ അമേരിയ്ക്കയിലാണ് … മക്കള്‍ക്കൊപ്പം.
Be the first to write a comment.