(വത്സൻ മാഷിനും രത്‌നമ്മടീച്ചറിനും, കാസർകോട് എനിക്കഭയം തന്ന അവരുടെ അഭയംന്ന ഗൃഹത്തിനും)

ബെള്ളൂരു നിന്നും സുള്ള്യാപദാവിലേയ്ക്കു പോകു ചുരുണ്ടു  മടങ്ങിയ റോഡി നിന്നും ഒരു ഇടവഴി കണ്ടെടുക്കണമായിരുരുന്നു, എനിക്ക്.ന്നാലേ ബാലകൃഷ്ണന്റെ വീട്ടിലെത്താനാകൂ. ഒരിക്ക അവിടെ പോയിട്ടുണ്ട്. പക്ഷെ അന്ന് ദിശ പിടിച്ചു തരാൻ ആളുണ്ടായിരുന്നു.

          ബാലകൃഷ്ണൻ ഒരു സാധു ജീവിയായിരുന്നു. മനുഷ്യന്റെ കോലത്തി പിറന്ന പാവത്താൻ. രണ്ടു സംസ്ഥാനങ്ങൾക്കിടയിലെ ഒരു ഭൂനാടയി അതോ ഇതോ എന്ന തീരാശങ്കയി അയാൾ ജീവിച്ചുപോന്നു. ഏതു ചോദ്യത്തിനും മറുപടി പറയാൻ അയാൾ ഒന്നു കുഴങ്ങും. മലയാളവും കന്നഡവും തുല്യപ്രാധാന്യമുള്ള രണ്ട് തെരഞ്ഞെടുപ്പുകളായി അയാളുടെ നാവിനെ പിളർക്കും. ഗൾഫിലേക്ക് ഫോ വിളിക്കുന്നതു പോലെയാണ് അയാളോട് സംസാരിക്കണത്. മറുപടി വൈകും. കാരണം  രണ്ട് തെരഞ്ഞെടുപ്പുകൾക്കുള്ള ഈ തുല്യാവസരങ്ങൾ.

          സംസാരത്തി മാത്രമല്ല ഓരോ കാര്യത്തിലും ഈ രണ്ട് തെരഞ്ഞെടുപ്പുകൾ അയാളെ വലച്ചിരുന്നു. എല്ലാം ഒന്നായി കാണുന്ന നമ്മുടേതുപോലുള്ള രണ്ട് കണ്ണുകളായിരുന്നില്ല അയാളുടെ. ഇലയടയും പത്രോടയും, സിദ്ധരാമയ്യയും ഉമ്മൻചാണ്ടിയും, ശിവരാമകാരന്തും  വൈക്കം മുഹമ്മദ് ബഷീറും എല്ലാം അയാളുടെ നോട്ടത്തിണ്ടായി. രണ്ട് കണ്ണുകൾ അയാളിണ്ടായി തന്നെ ഇരുന്നു. അയാൾ കാണുന്ന ഓരോന്നിനും രണ്ട് പേരുകൾ ഉണ്ടായിരുന്നു. ഒരേ കിളി പക്ഷിയും ഹക്കിയുമായി. സുള്ള്യയും കാസർഗോഡും തുല്യദൂരത്തി. അയാളെ പ്രതിഷ്ഠിച്ചു. രണ്ടമ്മമാർ തൊട്ടിലിന്റെ രണ്ടുവശത്തുനിന്നും അയാളെ ആട്ടി. ഊഞ്ഞാലിന് മുന്നിൽ നിന്നും പിന്നിൽ നിന്നും ആയം പകരാൻ എപ്പോഴും രണ്ട് കൂട്ടുകാർ അയാൾക്കുണ്ടായിരുന്നു.

          ണ്ടിന്റെ ഗണിതം വലച്ച ഭൂമിയി പിറന്നതുകൊണ്ട് ഓരോ ജലാശയത്തിലും പ്രതിഛായ കാണുമ്പോൾ ഇതിലേതാണ് ഞാൻ എന്നയാൾ വിഭ്രമിച്ചു. ഒരോ വെയിലിലും സ്വന്തം നിഴലുമായി അയാൾതന്നെത്തന്നെ തെറ്റിദ്ധരിച്ചു. അയാളുടെ തൊടിയുടെ അറ്റത്തുനിന്നും ആരംഭിക്കുന്ന റബ്ബർ മരങ്ങൾ നടന്നു കയറിയ കുന്നിലേക്ക് ഞാനും കയറിയിട്ടുണ്ട്. കരിയിലകളി കാലമരുമ്പോൾ ഉണ്ടാകുന്ന ഒച്ച അയാളി ഇരട്ടിയ്ക്കുന്നത്, സത്യം, ഞാൻ കണ്ടതാണ്. അയാളില്ലാം പെരുക്കമായിരുന്നു. രണ്ടിന്റെ പെരുക്കപ്പട്ടിക കണ്ടുപിടിച്ച ആളെ പോലെ ആ കുന്നിന്റെ ഉച്ചിയി അയാൾ നിന്നു. കിതച്ചു കിതച്ചുവരുന്നന്നെ കാത്ത്.

          ന്നാൽ അയാളുടെ അച്ഛൻ കുഞ്ഞപ്പയ്യ മണിയാണി രണ്ടിന്റെ ആധിക്യത്തി പകച്ചുപോയ ഒരാൾ ആയിരുന്നില്ല. ഞാൻ കണ്ടിട്ടുണ്ട്. ബാലകൃഷ്ണന്റെ വീട്ടുചുവരി, അയാളെ. ഒരു കൊടുങ്കാറ്റിനെ ഫ്രെയിം ചെയ്തു വെച്ചതാണെന്നേ തോന്നൂ. നീളമുള്ള ഒരു തോക്ക് അയാളോളം പ്രാധാന്യത്തി ആ ചിത്രത്തിണ്ടായിരുന്നു. ഉറ്റമിത്രത്തിനെപ്പോലെ അയാൾ അത് ചേർത്തു പിടിച്ചിരുന്നു. തോക്കുവർഗ്ഗത്തി ജനിച്ച ഒരാളാണ് താനും എന്നട്ടിൽ. ഒരു തോക്കിനെപ്പോലെയാണയാൾ ജീവിച്ചതെന്ന്, പിന്നീട് ബാലകൃഷ്ണൻ പറഞ്ഞു ഞാനറിഞ്ഞു. വനത്തിലേക്ക് ഒരു തോക്കുപോലെ അയാൾ പാഞ്ഞു കേറിയിരുന്നു. കാതലുള്ള തടികളെ അയാൾ എറിഞ്ഞു വീഴ്ത്തി. അയാളായിരുന്നു, അവിടെ സർക്കാർ. രണ്ടു സംസ്ഥാനങ്ങളിലെ പോലീസുകാരും ഫോറസ്റ്റുകാരും റവന്യൂ ഉദ്യോഗസ്ഥരും അയാളെ സർക്കാരായി കരുതി. അവർക്ക് അയാൾ ശമ്പളം കൊടുത്തു. മദ്യത്തിന്റെ റേഷൻ കൃത്യമായി വീട്ടിലെത്തി. അതിർത്തിക്കപ്പുറവും ഇപ്പുറവുമായി അയാൾ ഒരു സമാന്തര രാജ്യമുണ്ടാക്കി. ബെള്ളൂരിലെ പെഡ്രോ പരാമയായി ആയാൾ വാണു.

ഓർമ്മയില്ലേ, പെഡ്രോ പരാമയെ. ഒരിക്കൽ വായിച്ചാൽ ചോരയിൽ നിന്നും അരിച്ചെടുക്കാൻ കഴിയാത്ത ആ നോവലിനെ. കൊമാലയിലെ എല്ലാ പെണ്ണുങ്ങളും അയാളുടെ കുഞ്ഞുങ്ങളെ പെറ്റു. അതിർത്തികൾ അയാളെ പേടിച്ചു പുറകോട്ടു പുറകോട്ടുമാറി. അധികാരക്കൊതി ബാധിച്ച ഒരു മൃഗമായി അയാൾ ഉറക്കത്തിൽ പോലും ജീവിച്ചു. സുസേനയോടുള്ള നിറവേറ്റാത്ത അനുരാഗം മാത്രം അയാളെ വേദനിപ്പിച്ചു. അയാളെ കവിയാക്കി.

          സ്വന്തം മകൻ മരിച്ചുകിടക്കുമ്പോൾ കൂലിക്ക് ഏങ്ങലടിക്കുന്ന പെണ്ണുങ്ങളുടെ അഭിനയം അതിരുകടക്കുമ്പോൾ അയാൾ തന്റെ സെക്രട്ടറിയായിരുന്ന ഫുൾഗോറിനോട് പറയുന്നുണ്ട് “ഫുൾഗോർ, അവരോട് തൊള്ളയിടുന്നത് നിർത്താൻ പറയൂ. അവരുടെ മക്കളായിരുന്നെങ്കിൽ അവരിങ്ങനെ കരയുമായിരുന്നോ?” വിലാസിനിയും ജയകൃഷ്ണനും ആ കൃതി മലയാളത്തിലാക്കിയിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആധുനികത മനസ്സിലാക്കാൻ കൂട്ടാക്കാതിരുന്ന വിലാസിനി പെഡ്രോ പരാമയെ മനസ്സിലാക്കിയത് അത്ഭുതം തന്നെ. അദ്ദേഹത്തിന് നമോവാകം. തലമുറകളുടെ രക്തത്തിന് കട്ടികൂട്ടാൻ തക്ക ശക്തിയുള്ള ആ നോവലിനെ മലയാളത്തിൽ മെരുക്കാൻ ശ്രമിച്ചതിന്.

          കാസർകോടിന്റെ ഉൾനാടൻ ഭൂപടം എന്നിട്ടും വഴികാണിച്ചില്ല. ചോദിക്കാൻ, മേയുന്ന പശുക്കൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഒരു ഞൊണ്ടിപ്പട്ടി അതിലേ കടന്നുപോയി. വേണ്ടത്ര ജന്തുകൾക്ക് വസിക്കാൻ തക്ക വ്യാപ്തിയുണ്ടായിട്ടും ആ വെയിലിലേയ്ക്ക് വേറെയാരും കടന്നുവന്നില്ല.

          ഭൂവിഭാഗങ്ങളുടെ കനമുള്ള ഏകാന്തത കാസർകോഡിന്റെ ഉൾശക്തിയാണ്. കൊത്തിയെടുക്കാത്ത ശില്പം പോലെ അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നത് കാസർകോഡിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. പലവട്ടം. റഹ്മാൻ മാഷുടേയും, വത്സൻ മാഷുടേയും ഒപ്പം നഞ്ചംപറമ്പ് സന്ദർശിച്ചപ്പോൾ, മുള്ളേരിയയുടെ ഉൾപ്രദേശത്തുള്ള ബന്ധു വീട്ടിലേക്ക് സഹപ്രവർത്തകൻ കമലാക്ഷൻ കൂട്ടിക്കൊണ്ടുപോയപ്പോൾ, ഔദ്യോഗികാവശ്യത്തിന് നിരവധി തവണ കിഴക്കൻ പ്രദേശങ്ങളിൽ യാത്ര ചെയ്തപ്പോൾ ഒക്കെ ഏകാന്തതക്ക് ഒരു വിശ്വരൂപമുണ്ടെന്ന് മനസ്സിലാക്കാനായിട്ടുണ്ട്. നാം അവിടെ വെറും കണ്ണുമാത്രമാണ്. കാഴ്ചയുടെ ഉപകരണം. മുളി എന്നുപേരുള്ള ഒരു പുല്ല് ആ കുന്നിൻ പുറങ്ങളെ ആർഭാടമായി അലങ്കരിച്ചിരുന്നു. അനേകായിരം കാറ്റുകൾ ആ പുൽക്കൂടുകളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് തോന്നും. ചിലപ്പോൾ, അവ ഒളിച്ചുനീങ്ങുമ്പോൾ മുളിപ്പുല്ലുകൾ ആടിയുലയും. പിന്നീടേതോ കസാക്കിസ്ഥാൻ സിനിമ കണ്ടപ്പോൾ മുളിപ്പുല്ലുകൾ വളർന്ന കാസർകോടൻ കുന്നിൻ പുറങ്ങളെ സ്‌ക്രീനിൽ കണ്ടു. ഭൂപ്രകൃതിയുടെ തുടർച്ച, കടലായാലും കുന്നിൻപുറമായാലും, ലോകമെമ്പാടുമുണ്ട്. ചിലയിടത്ത് ഒളിഞ്ഞ്, ചിലയിടത്ത് മറഞ്ഞ്, ഓരോ ഭൂപ്രകൃതിയും ലോകം ചുറ്റുന്നു. മഞ്ഞുകാലത്ത് ഈ കുന്നിൻ പുറങ്ങളിലെ പുൽപ്പരപ്പുകൾക്കിടയിലൂടെ ഉടുമുണ്ടുകൊണ്ടുതന്നെ ഉടൽ മറച്ച് പ്രത്യക്ഷപ്പെടുന്ന ഏകാന്ത മനുഷ്യരൂപങ്ങളെപ്പറ്റി ഞങ്ങളുടെ സ്ഥിരം പ്രഭാത സവാരിയ്ക്കിടയിൽ എപ്പോഴോ വത്സൻ മാഷ് പറഞ്ഞിരുന്നു.

          കുന്നുകൾക്കിടയിൽ വെട്ടിയെടുത്ത ഒരു വഴിത്തിരിവിൽ ഞാൻ സംശയത്തോടെ കുറച്ചു സമയം നിന്നു. ഇതായിരിക്കണം ബാലകൃഷ്ണന്റെ വീട്ടിലേയ്ക്ക് എത്തിയ്ക്കുക. കുറച്ചു ദൂരം പോയ്ക്കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി, ഇതല്ല. കുറച്ചു ദൂരെ കുന്നിൻ ചെരുവിൽ ഒരു ഒറ്റ വീടു കാണാം. ഒതുക്കുകല്ലുകൾ ഇറങ്ങിയിറങ്ങി ഞാൻ അവിടെയെത്തി. അണ്ണാർക്കണ്ണൻമാർ പകച്ചോടി. തങ്ങളോട് ഏതോ മനുഷ്യർ യുദ്ധം പ്രഖ്യാപിച്ചെന്ന് അവയ്ക്ക് തോന്നിക്കാണും. വീടും രക്ഷാകവചവും അഭയ സ്ഥാനങ്ങളുമായ മരങ്ങളിലേക്ക് അവ മറഞ്ഞു. എന്റെ കാലടി ശബ്ദം കേട്ടിട്ടോ, അണ്ണാർക്കണ്ണൻമാരുടെ കോലാഹലം കേട്ടിട്ടോ മുൻവാതിൽ തുറക്കപ്പെട്ടു.

പട്ടാപ്പകൽ ധ്രുവനക്ഷത്രം കാണാൻ കെല്പുള്ള ഒരു ജനതയെപ്പറ്റി ലെവിസേ്ട്രാസ്സ് എഴുതിയിട്ടുണ്ട്. മിത്ത് ആൻഡ് മീനിങ്ങ് എന്ന പുസ്‌കത്തിൽ. യാഥാർത്ഥ്യത്തെ ഏട്ടിലും സ്‌ക്രീനിലും ഫോട്ടോയിലും വായിച്ച് വായിച്ച് സംതൃപ്തിയടയാൻ തുടങ്ങിയതോടെ നമ്മുടെ ഇന്ദ്രിയങ്ങൾ മങ്ങി. രാത്രിയിലോ വെളുപ്പാൻ കാലത്തോകാണാവുന്ന ധ്രുവനക്ഷത്രത്തെപ്പോലും നാം നോക്കാതെയായി. മൂർച്ചയറ്റ ഇന്ദ്രിയങ്ങളെകൊണ്ട് നടത്തുന്ന ഒരു വ്യവഹാരമായി നമ്മുടെ ജീവിതം. പക്ഷെ ചുറ്റുപാടുമായി കോർത്തിണക്കപ്പെട്ട ജാഗ്രതയുടെ ഒരംശം കൃഷിക്കാരിൽ ഇന്നും അവശേഷിക്കുന്നു. ചുറ്റുപാടുകൾ അവരോടെന്തോ എപ്പോഴും പറയുന്നുണ്ട്. അവർ അത് കേൾക്കുന്നുണ്ട്. ആരോ വരുന്നു എന്നു മനസ്സിലാക്കാൻ അവർക്ക് കോളിംഗ് ബെൽ ശബ്ദിക്കേണ്ട.

          വാതിൽ തുറക്കപ്പെട്ടു. മരിച്ചുപോയ കുഞ്ഞപ്പയ്യ മണിയാണിയുടെ മകൻ ബാലകൃഷ്ണന്റെ വീടേതാണ് ?” ഞാൻ ആരാഞ്ഞു.

          വെള്ളിയിഴകൾ ഒതുക്കിവെച്ച് വാതിൽ തുറന്ന കർഷകവനിത എന്തോ പറഞ്ഞു. എനിക്കത് തിരിഞ്ഞില്ല. പറയുന്നത്  തുളു ആണെന്നു മാത്രം തിരിഞ്ഞു. വെള്ളിയിഴകൾ ഒതുക്കിവെച്ച് വാതിൽ തുറന്ന കർഷകവനിത എന്തോ പറഞ്ഞു. എനിക്കത് തിരിഞ്ഞില്ല. പറയുന്നത്  തുളു ആണെന്നു മാത്രം തിരിഞ്ഞു. അവർ ചൂണ്ടിയ ദിശയിലേക്ക് ഞാൻ നോക്കി. അവരുടെ  വായനക്കങ്ങളെ നോക്കി. അങ്ങനെ ആ തുളുവിൽ നിന്ന് ഞാനെന്റെ മലയാളത്തെ വേർതിരിച്ചെടുത്തു.  ആ ഭാഷയിൽ അവർ അനായാസമായിരുന്നു. ഒരു പുഴപോലെ തുളുവിന്റെ മണികിലുക്കങ്ങൾ ആ നാവിൽ നിന്ന്, തൊണ്ടയിൽ നിന്ന്, സ്വനതന്തുക്കളിൽ നിന്ന്, തലച്ചോറിൽ നിന്ന്, തലച്ചോറിനെ നിർണ്ണയിച്ച സംസ്‌കാരത്തിൽ നിന്ന് ഒഴുകി. ഓരോ ഭാഷയും എത്ര ആഴത്തിൽ നിന്നാണ് ഒഴുകിയെത്തുന്നത്! തുളുവിന്റെ തണുപ്പടിച്ച് ഞാൻ അല്പനേരം നിന്നു. പിന്നെ, മനസ്സിലായി എന്ന് തലകുലുക്കി. ഭാസ്‌ക്കരപട്ടേലരെപ്പോലെ കുഞ്ഞപ്പയ്യമണിയാണി ചവിട്ടിയരച്ച ഭൂഭാഗങ്ങൾ ആയിരിക്കും ഇവ. കാസർകോടിനെ, വിശാലാർത്ഥത്തിൽ തുളുനാടിനെ, അതിനുപുറത്തുള്ള ഒരാൾ മലയാളത്തിൽ ഏറ്റവും നന്നായ് എഴുതിയത് സക്കറിയയാണ്. ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവുംഎന്ന നീണ്ട കഥ മലയാളികൾ നന്നായ് ആസ്വദിച്ചു.

          കുഞ്ഞപ്പയ്യ മണിയാണി ഭാ. പ. എ. ജീ.വായിക്കുകയാണെങ്കിൽ എന്താണ് പറയുക. നമ്മുടെ കാലത്തെ മഹാകവികളിൽ ഒരാൾ , നൂറുവയസ്സിലും ഗംഭീരകവിതകൾ രചിക്കുന്ന ആ മഹാനായ ചിലിയൻ നിക്കോനാർ പാർറ, ‘പെഡ്രോ പരാമഎന്ന പുസ്തകത്തെ കുറിച്ച് മാത്രം നാല്പതിൽപ്പരം കവിതകൾ എഴുതിയിട്ടുണ്ട്. പെഡ്രോ പരാമയുടെ കർത്താവായ ഹുവാൻ റൂൾഫോയുടെ പേരിലുള്ള സമ്മാനം തനിയ്ക്ക് ലഭിച്ചപ്പോൾ. മായ് മായ് പെനി ‘  എന്ന പേരിൽ ആ കവിതകൾ അടങ്ങിയ പുസ്തകം, തിരിച്ചും മറിച്ചും അനേകാവർത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ.് പെഡ്രോ പരാമയെ പോലെത്തന്നെ. അതിൽ പെഡ്രോ പരാമ എന്ന കഥാപാത്രം കർത്താവ് ഹുവാൻ റൂൾഫോയെ പറ്റി പറയുന്ന ഒരു കവിതയുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. അയാൾക്ക് എന്നെപ്പറ്റി അറിഞ്ഞുകൂടായിരുന്നു. അതുകൊണ്ട് എന്നെപ്പറ്റി അയാൾ എന്തൊക്കെയോ എഴുതിവച്ചു. ഞാനും കവിതകൾ എഴുതിയിട്ടുണ്ട്. റൂൾഫോ എഴുതുന്ന മട്ടിലല്ല. മറ്റൊരു തരത്തിൽ”. സുസേനയെപ്പറ്റി തന്റെ സൃഷ്ടിച്ച എഴുത്തുകാരനോട് ആ കഥാപാത്രത്തിന്റെ പുച്ഛം നിരവധി തവണ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ചെറുതും വലുതുമായ എല്ലാ എഴുത്തുകാരും കഥാപാത്രങ്ങളുടെ ആ പുച്ഛം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്.

          മനസ്സിലായി എന്നവണ്ണം ഞാൻ പിൻവലിഞ്ഞു. തിരിയും മുമ്പേ കണ്ണ് എവിടേയോ ഉടക്കി നിന്നു. എവിടെയോ അല്ല. തിണ്ണയിൽ അറ്റത്ത്. ചുവരുചാരി . മധുരാജിന്റെ അനേകം ഫോട്ടോകളിൽ നിന്ന് ഇറങ്ങിപ്പോയ ഒരു രൂപം. ശാസ്ത്രവും അധികാരവും കോർപ്പറേറ്റിസവും മറ്റനേകം ഹുങ്കുകളും കൊണ്ട് നാം സൃഷ്ടിച്ച മനുഷ്യവകാശ ലംഘനത്തിന്റെ നേർസ്വരൂപം. അത് എൻഡോ സൾഫാന്റെ ഇരഎന്ന തലക്കെട്ടിനുതാഴെ കൊടുക്കാവുന്ന ചിത്രമല്ലായിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷൻ എന്ന നാളിയിലൂടെ നാം വിസർജ്ജിച്ചിട്ട പുരോഗതിയുടെ ചണ്ടിയായിരുന്നു. ആ മനുഷ്യരൂപം നമ്മെനോക്കിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും സുന്ദരമായി കൊത്തിയെടുക്കപ്പെട്ട ഒരു രൂപമായിരുന്നു ഞാൻ. നിങ്ങളുടെ ലോകത്തിന്റെ അനുപാതമില്ലായ്മകളാണ് എന്നിൽ നിങ്ങൾ കാണുന്നത്. നിങ്ങളാണതു ചെയ്തത്.നീണ്ട വാലുള്ള ഒരു കിളി വെയിലിലൂടെ പാറി. അതിന്റെ വാലിന്റെ ചലനം ഒരു വാൾവീശൽ പോലെ എനിക്ക് തോന്നി. ഇറങ്ങിയ കുന്ന് ഞാനോടിക്കയറി. മധുരാജിന് സമർപ്പിച്ച കെ. ജി. എസി. ന്റെ കവിത എനിക്കോർമ്മ വന്നു. ബോവിക്കാനത്തെ സുജിത്തിനെപ്പറ്റി റഹ്മാൻ മാഷ് എഴുതിയത് ഓർമ്മവന്നു. കാസർകോടിന്റെ രാത്രികളും പകലുകളും ഒരു പ്രപഞ്ചം പോലെ എന്നെ ചൂഴ്ന്നു. ആ രാത്രികളിൽ മതങ്ങളോ വർഗ്ഗീയതയോ ഇല്ലായിരുന്നു. ദൈവങ്ങൾ മാത്രം. ആ ദൈവങ്ങൾ പലതായി ഭൂമിയിൽ ഇറങ്ങി നടന്നു. ഉറഞ്ഞാടി. പൊട്ടനും ഗുളികനും വിഷ്ണുമൂർത്തിയും ആലിത്തെയ്യവും മുച്ചിലോട്ട് ഭഗവതിയുമെല്ലാം മനുഷ്യരെപ്പിളർന്ന് നേരു കണ്ടെത്താൻ നിറഞ്ഞുകവിഞ്ഞു. കള്ളുകുടിച്ചു. ചുട്ടമീൻ തിന്നു. ഭാഷകളുടേയും ദേശീയതകളുടേയും സംസ്‌ക്കാരങ്ങളുടേയും മതങ്ങളുടേയും അതിരു ഭേദിച്ചു. പകലുകളിൽ അതേ വഴിയിലൂടെ തന്നെ വർഗ്ഗീയത ഉലാത്തി. വിഷം കലർത്തിയ ഹെലികോപ്റ്ററുകൾ ആകാശത്ത് പാഞ്ഞു നടന്നു. ദൈവങ്ങൾക്കും അധികാരത്തിനുമിയ്ക്ക് ചിതറിപ്പോയ കാസർകോട്ടെ നല്ല മനുഷ്യർ കൃഷിക്കാരും കവികളും കഥാകൃത്തുക്കളും ചിത്രകാരന്മാരും മാധ്യമപ്രവർത്തകരും സാംസ്‌ക്കാരിക പ്രവർത്തകന്മാരുമായി അവിടെയവിടെ ചിതറിയലയുന്നു.

          ഇതാണ് കാസർകോഡിന്റെ ബാബേൽ. ഭാഷകളല്ല, അത് കലക്കിക്കളഞ്ഞത്. തുളുവും കന്നഡവും മലയാളവും ബ്യാരിയും ഉറുദുവും കൊങ്ങിണിയും സംഗീതം പോലെ അതിന്റെ ചെവികളിലൂടെ ഒഴുകി നടക്കുന്നു. പതിനാല് നദികളും ഏഴ് ഭാഷകളും ഏഴായിരം ഭാഷാഭേദങ്ങളും ഏഴുലക്ഷം ചിരികളും ഏഴ് കോടി ദൈവങ്ങളും ഉള്ള നാടാണ്  കാസർകോട്. അതിനെ കലക്കുന്നത് ലോകത്തിന്റെ മറ്റേതോ കോണിൽ നിന്നെത്തിയ അവരുടേതല്ലാത്ത ദൈവങ്ങളും ഉച്ചനീചത്വങ്ങൾ നിറഞ്ഞ അധികാരഭാഷയുമാണ്.
……………………………………………………………………………

(ഉദ്ധരണികൾ ഓർമ്മയിൽ നിന്ന്‌) 

പി.എൻ. ഗോപീകൃഷ്ണൻ
ബ്രാഞ്ച് മാനേജർ
കെ.എസ്.എഫ്.ഇ. ലിമിറ്റഡ്
ശ്രീകൃഷ്ണപുരം ബ്രാഞ്ച്
പുനത്തിൽ ത്രീ സ്റ്റാർ കോംപ്ലക്‌സ്
ചന്തപ്പുര, ശ്രീകൃഷ്ണപുരം 679513
ഫോൺ : 9447375573

Comments

comments