സി രാധാകൃഷ്ണനുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.

ഐതിഹ്യത്തില്‍ നിന്ന് ചരിത്രത്തിലേക്കുള്ള ദുര്‍ഘടമായ  ഒറ്റയടിപ്പാതയിലൂടെയുള്ള സഞ്ചാരമായിരുന്നു ഇരുപത്തിയേഴാമത് മൂര്‍ത്തീദേവീ പുരസ്കാരം ലഭിച്ച   തീക്കടല്‍ കടഞ്ഞു തിരുമധുരം.  ആ സഞ്ചാരത്തെ കുറിച്ച് ?

ഐതിഹ്യം എന്നു പറയുന്നത് കെട്ടുകഥയാണ്. ഐതിഹ്യം folk history അല്ല. Folk history എന്നത് യഥാര്‍ത്ഥമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ചരിത്രമാണ്. പക്ഷെ കേരളീയ ജീവിതത്തില്‍ എഴുത്തച്ഛന്‍ എന്നൊരാളെക്കുറിച്ച് ഇതു രണ്ടും കൂടി കെട്ടുപിണഞ്ഞു പോയി. ചരിത്രത്തിനു പകരം ഐതിഹ്യമായി. ഈ ഐതിഹ്യം മുഴുവന്‍ എഴുത്തച്ഛനോട്‌ നീതി ചെയ്യാത്ത ഐതിഹ്യങ്ങളായിരുന്നു. ഏതോ ഒരു കാലത്ത് സാമൂഹ്യങ്ങളായ കുറെ മേല്‍ക്കോയ്മ ശക്തികള്‍ അദ്ദേഹത്തെ അവമതിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഐതിഹ്യങ്ങള്‍ എന്ന കാര്യം വ്യക്തമായി അദ്ദേഹത്തിന്റെ വാക്കുകളി നിന്നു തന്നെ നമുക്ക് മനസ്സിലാവും. നല്ലൊരു കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തെയും മൂത്ത ജ്യേഷ്ഠനേയും ദരിദ്രവാസികളും ,ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തവരും, തെണ്ടി നടക്കുന്നവരും  ആയിട്ടൊക്കെയാണ് ഐതിഹ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ അദ്ദേഹം മദ്യപാനിയായിരുന്നു എന്നും. ഇദ്ദേഹം ശുദ്ധ വേദാന്തിയും മഹാപണ്ഡിതനും ആയിരുന്ന ആളാണ്‌. രേഖപ്പെടുത്തിയിരിക്കുന്ന ഐതിഹ്യങ്ങളെല്ലാം അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടി ആരോ ചെയ്തു വെച്ചതാണ്. അവിടെ നിന്നാണ് ഞാന്‍ അന്വേഷണം തുടങ്ങിയത്. വീട്ടില്‍ നിന്നു തന്നെയായിരുന്നു അതിന്റെ തുടക്കം. മുത്തശ്ശനും മുത്തശ്ശിയും ആണ് തലമുറകള്‍ കൈ മാറി വന്ന കഥകള്‍ എനിക്ക് പറഞ്ഞു തന്നത്. മുത്തശ്ശന്‍ മരിക്കുമ്പോള്‍ എനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു. അവര്‍ പറഞ്ഞതു പ്രകാരം രണ്ടോ മൂന്നോ മുത്തശ്ശന്‍മാരുടെ കാലപരിധിയെ ഉള്ളൂ എഴുത്തച്ഛനിലേക്ക്. അപ്പോള്‍ ആ കഥകളൊന്നും വല്ലാതെയൊന്നും മുന്‍പ് കാലത്തുണ്ടായ ചരിത്രമല്ല. അവര്‍ക്ക് കേരള ചരിത്രമൊന്നും അറിഞ്ഞു കൂടാ. പക്ഷെ കേട്ടു കേട്ടു വന്ന കാര്യങ്ങള്‍ സത്യമാണ് എന്ന് എനിക്ക് ബോധ്യമായി. അവര്‍ പറഞ്ഞു തന്നതിനനുസരിച്ചുള്ള എഴുത്തച്ഛന്റെ ജീവിതഘട്ടങ്ങള്‍ മുഴുവന്‍ ഞാ കേരള ചരിത്രത്തില്‍ പരിശോധിച്ച് നോക്കുമ്പോള്‍ അതെല്ലാം ചരിത്രവുമായി ഒരു ജിഗ്സോ പസില്‍ പോലെ കൃത്യമായി യോജിക്കുന്നു. അപ്പോള്‍ സൂക്ഷ്മമാണ്‌ കാര്യങ്ങള്‍ എന്നത് തീര്‍ച്ചയായി. പിന്നെ അതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള യാത്രയായിരുന്നു. അദ്ദേഹം ജനിച്ച താനൂര്‍ എന്ന സ്ഥലത്ത് പോയി, അവിടെയുള്ള അമ്പലത്തിലും, ആമക്കാവ് എന്ന സ്ഥലത്ത് ഇദ്ദേഹം കല്യാണം കഴിച്ചൊരു വീടുണ്ട്; അവിടെയും,  വെട്ടത്ത് തമ്പുരാന്‍ എന്ന സാമന്ത രാജാവിന്റെ കൊട്ടാരത്തിലും, അദ്ദേഹം പഠിച്ച തഞ്ചാവൂരും, അദ്ദേഹം സമാധിയായ ചിറ്റൂര്‍ എന്ന സ്ഥലത്തും പോയി. പിന്നെ അദ്ദേഹം ഒരു പാട് സ്ഥലങ്ങളില്‍ അക്ഷരമാലയുമായി സഞ്ചരിച്ചിട്ടുണ്ട്. അവിടെയെല്ലാം ട്രേസ് ചെയ്തു പോയി. ഈ പോയ സ്ഥലങ്ങളില്‍ നിന്നെല്ലാം അവിടെയുള്ള പ്രായമായവരില്‍ നിന്ന് പഴയ കാലത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചുമുള്ള മുഴുവന്‍ folk history –യും ശേഖരിച്ചു. അതെല്ലാം ചേര്‍ത്ത് റിസര്‍ച്ച് ചെയ്ത് ഉണ്ടാക്കിയതാണ് നോവലിന്റെ ഘടന. പിന്നെ അതിന്റെ flush &blood അതിനു ശേഷം ഉണ്ടാക്കിയെടുത്തതാണ്.

പുതിയൊരു ഭാഷയും ,പുതിയ അക്ഷരമാലയും പുരോഗമനപരമായ ഒരു ജീവിത ക്രമവും സമൂഹത്തിന് ഇഷ്ടദാനം നല്‍കുകയായിരുന്നു അങ്ങയുടെ പൂര്‍വ്വികനായ എഴുത്തച്ഛന്‍ . സാഹിത്യത്തിലുള്ള സംഭാവനകള്‍ക്കപ്പുറം  പുരോഗമനപരമായ ജീവിത ക്രമത്തിന് സി. ആറിന്റെ  സംഭാവനകള്‍ എന്തൊക്കെയാണ് ?
എഴുത്തച്ഛന്‍ ചെയ്തത് ഒരു നവോത്ഥാനത്തിനു തുടക്കമിടുക എന്നതായിരുന്നു. അതുവരെ മലയാളിക്ക്  കൃത്യമായ ഒരു ആവിഷ്കാരഭാഷയില്ലായിരുന്നു. തമിഴിലാണ് സംസാരം. സംസ്കൃതത്തിലാണ് ബാക്കി കാര്യങ്ങള്‍. സംസ്കൃതത്തില്‍ തമിഴ് എഴുതാന്‍ പറ്റില്ല. തമിഴില്‍ സംസ്കൃതവും. അതുകൊണ്ട് രേഖപ്പെടുത്തുന്നതൊക്കെ വട്ടെഴുത്തിലും. ഇവ മൂന്നും കൂടി അദ്ദേഹം ഒന്നാക്കി. പറയാനുള്ളത് പറയാനും, അത് രേഖപ്പെടുത്താനും അതുപോലെ സംസാരിക്കാനുമുള്ള അക്ഷരമാലയുണ്ടാക്കി. ആ അക്ഷരമാലക്കുള്ള പ്രത്യേകത ഈ ഭൂമിയില്‍ ഉള്ള മനുഷ്യര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഏതു ശബ്ദവും ഉണ്ടാക്കാനും അതേപോലെ അതിനെ എഴുതാനും വായിക്കാനും കഴിയും എന്നുള്ളതാണ്. പിന്നെ സംസ്കൃതത്തില്‍ (ഗ്രന്ഥക്ഷരലിപി ) നിന്ന് കുറെ വാക്കുകളെടുത്ത് തമിഴിനോടു ചേര്‍ത്ത് ഒരു രീതിയുണ്ടാക്കി. മലയാളത്തിനൊരു കണക്കുണ്ടാക്കി. ഇപ്പോഴും നമ്മളുപയോഗിക്കുന്നത് ആ കണക്കു തന്നെയാണ്. അങ്ങനെ മലയാളത്തെ ക്രമീകരിച്ചതിനു ശേഷം പിന്നെ ചെയ്തത് സകല വേദങ്ങളിലും ഉപനിഷത്തുകളിലും ഉള്ള അറിവുകള്‍ മുഴുവന്‍ പകര്‍ത്തെടുത്ത് രാമായണത്തിലും മഹാഭാരതത്തിലും ആക്കിയിട്ട് പല രൂപത്തിലും പാട്ടുകളാക്കി ഒതുക്കി. എന്നിട്ടതിനെ കേരളീയര്‍ക്ക് നിത്യപാരായണത്തിനു കൊടുത്തു. ഈ മഹാകാര്യമാണ്‌ എഴുത്തച്ഛന്‍ ചെയ്തത്. അതിന്റെ എത്രയോ ചെറിയ ഒരംശം കൂടി എനിക്ക് ചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നില്ല.

സാംസ്കാരികമായ പ്രതിരോധമാണല്ലോ അനീതിയെ ചെറുക്കാനുള്ള മാര്‍ഗ്ഗം. നാട്ടിലെ കലാപവും അക്രമവും അവസാനിപ്പിക്കേണ്ടത് കേന്ദ്ര സാഹിത്യ അക്കാദമിയല്ല എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സാഹിത്യകാരന്മാര്‍ക്ക് അതില്‍ ഒരു പങ്കും ഇല്ലെന്നാണോ ?
സാംസ്കാരികമായി പ്രതിരോധിക്കുക എന്നാല്‍ നമ്മള്‍ യൂണിയന്‍ ആയി പ്രതിരോധിക്കുക എന്നര്‍ത്ഥമില്ല. അത് വൈയക്തികമാണ്. കൂട്ടായ പ്രതിരോധം അവിടെ സാധിക്കില്ല. ഓരോരുത്തരുടെയും സംസ്കാരം വേറെ വേറെ ആയതു കൊണ്ട് ഒരു കോമ ഡിനോമിനേറ്റര്‍ ഉണ്ടാവില്ല. അതുകൊണ്ട് സാംസ്കാരിക പ്രതിരോധം എപ്പോഴും വൈയക്തികമാണ്. എഴുത്തുകാരന്റെ ആയുധം എഴുത്താണ്. അവനവന്റെ കയ്യിലുള്ള ആയുധം ഉപയോഗിക്കുന്നതാണ് മറ്റുള്ളവരുടെ കയ്യിലിരിക്കുന്ന ആയുധം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഭേദം. എഴുത്തുകാരന്‍ ഒരു ആക്ടിവിസ്റ്റ് അല്ല. മറ്റുള്ളവരുടെ വീട് കത്തുമ്പോള്‍ അതില്‍ കുറച്ചു വെള്ളം കോരിയൊഴിക്കാനുള്ള ചുമതല ഒരു മനുഷ്യന്‍ എന്ന നിലയില്‍ എഴുത്തുകാരനും ഉണ്ട്. സ്വന്തമായ ഇടപെടല്‍ കൊണ്ട്, ഭൌതികമായ ഇടപെടല്‍ കൊണ്ട് എന്താണ് സാധിക്കുക? അതിനെക്കാളൊക്കെ എത്രയോ അധികം എഴുത്തുകാരന്റെ എഴുത്തുകൊണ്ട് സാധിക്കും!

കേന്ദ്ര സാഹിത്യഅക്കാദമി, ജനാധിപത്യവും സ്വയംഭരണവും  ഇപ്പോഴും  നിലനിര്‍ത്തുന്ന ഒരേയൊരു സാംസ്കാരിക സ്ഥാപനമാണ്‌. ലളിതകലാ അക്കാദമി, സംഗീത അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ സര്‍ക്കാ നിശ്ചയിക്കുന്ന ad hoc ആയിട്ടുള്ള ആള്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാ,  ഈ സ്ഥാപനവും കയ്യടക്കണമെന്ന് കുറെ നാളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വന്നിട്ടുള്ള ഭരണം പ്രത്യേകിച്ചുമതെ. പ്രതികരണത്തിന്റെ പേരില്‍ അതിനു സൗകര്യം ചെയ്തു കൊടുക്കണോ നമ്മള്‍ എന്നാണു എന്റെ മനസ്സിലുണ്ടായ ചിന്ത. അക്കാദമിയില്നിന്ന് പത്തോ ഇരുപതോ പേര്‍ ഒന്നിച്ചു രാജി വെച്ച് പോയാല്‍ അക്കാദമി തകര്‍ന്നു പോയി എന്ന് പറഞ്ഞിട്ട് ഒരു ad hoc ഭരണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിന് കഴിയും. അതോടുകൂടി അക്കാദമിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയും സ്വയം ഭരണം ഇല്ലാതാവുകയും ചെയ്യും. അതാണോ വേണ്ടത്? അതോ അക്കാദമി ഇപ്പോഴുള്ളതു പോലെ നിലനില്‍ക്കുകയാണോ വേണ്ടത്? കല്‍ബുര്‍ഗ്ഗി സംഭവത്തിലൊക്കെ അക്കാദമി അതിന്റേതായ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിഷേധിക്കുകയും, പ്രമേയം പാസാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. തന്നെയുമല്ല, അക്കാദമിയുടെ ഉപാധ്യക്ഷ ബാംഗ്ലൂരില്‍ കല്ബുര്‍ഗ്ഗിയുടെ വീട്ടില്‍ പോയി അനുശോചനം അറിയിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും, വീട്ടുകാരെയും കൂട്ടിയിട്ട് മുഖ്യമന്ത്രിയെ പോയി കണ്ട് നിവേദനം കൊടുക്കുകയും ,ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതൊന്നും അറിയാതെ സാഹിത്യ അക്കാദമിയില്‍ നിന്ന് ഒന്നിച്ച് രാജി വെച്ചിറങ്ങിപ്പോകുന്നത് വഴി ഈ കള്‍ച്ച മിനിസ്ട്രി എന്ന് പറയുന്ന വള്‍ച്ച(vulture)ന് സാഹിത്യ അക്കാദമിയെ വിഴുങ്ങാന്‍ നമ്മള്‍ കൂട്ട് നില്‍ക്കുകയാണ്. അതല്ല പ്രതിബദ്ധതയുള്ള സാഹിത്യകാരന്‍ ചെയ്യേണ്ടത്.

വിവാദങ്ങളില്‍ നിന്നും പബ്ലിസിറ്റി മത്സരങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നുകൊണ്ട് ഒരു തരം ആത്മനിരാസം ശീലിക്കുന്നുണ്ടോ ?

അല്ല, അങ്ങനെയല്ല.വിവാദങ്ങള്‍ മനുഷ്യന് ഉപയോഗമില്ലാത്തതാണെങ്കിലോ? അത് ഉപദ്രവമാണെങ്കിലോ? പ്രയോജനമില്ലാത്തൊരു കാര്യം സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യാന്‍ പാടുണ്ടോ?ആര്‍ക്കെങ്കിലും പ്രയോജനമില്ലാതിരിക്കുക, പുറമേ പലര്‍ക്കും ദോഷമായിട്ടും ഉപദ്രവമായിട്ടും വരി അങ്ങനെയുള്ള കാര്യങ്ങളില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. വിവാദങ്ങള്‍ ഒരു പുതിയ ആശയമുണ്ടാവാനോ ഒരു പുതിയ സത്യം പുറത്തുവരാനോ ആണെങ്കില്‍ ഇടപെടുക തന്നെ വേണം. അല്ലാതെ വെറുതെ സമൂഹത്തില്‍ ആലോസരമുണ്ടാക്കാനും ശത്രുത ഉണ്ടാകാനും വൈരാഗ്യം ഉണ്ടാകാനും ആണ് വിവാദങ്ങളെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ അതില്‍നിന്നു മാറിനില്‍ക്കണം. അത് ആത്മനിരാസമല്ല, മറിച്ച് ഒരുതരം ആത്മ്മാവിഷ്കാരമാണ്. കര്‍മ്മം ചെയ്യാതിരിക്കുന്നതും കര്‍മ്മമാകുന്ന അവസ്ഥ.

ശാസ്ത്രജ്ഞന്‍മാര്‍ക്കിടയിലെ  സാഹിത്യകാരനാണോ  അതോ  സാഹിത്യകാരന്മാര്‍ക്കിടയിലെ  ശാസ്ത്രജ്ഞനാണോ  എന്ന് ചോദിച്ചാല്‍, ഇത് രണ്ടുമല്ല ഒരു മനുഷ്യനാണ്  ഞാന്‍ എന്നായിരിക്കുമല്ലോ  ഉത്തരം. എങ്കില്‍,  ഈ മനുഷ്യന്  ഇക്കൂട്ടത്തില്‍  എവിടെ  നില്‍ക്കുമ്പോഴാണ് കൂടുതല്‍ സംതൃപ്തി  തോന്നിയിട്ടുള്ളത് ?

എഴുതുമ്പോള്‍ തന്നെയാണ് സംതൃപ്തി. അതൊരു സംശയവുമില്ലാത്ത കാര്യമാണ്. എഴുത്ത് എന്നു പറയുന്നത് ഒരു പൂര്‍ണ്ണമായ ആവിഷ്കാരമാണ്. മറ്റുള്ള മേഖലകളിലൊന്നും ഇത്രയും പൂര്‍ണ്ണമായ ആവിഷ്കാരം എനിക്ക് സാധ്യമായിട്ടില്ല എഴുത്ത് എന്റെ മുഴുവന്‍ വ്യക്തിത്വത്തിന്റെയും പൂര്‍ണ്ണമായ ആവിഷ്കാരമായതു കൊണ്ട് എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ചാരിതാര്‍ത്ഥ്യവും കിട്ടുന്നത് തീര്‍ച്ചയായും എഴുത്തില്‍ നിന്നാണ്.

ശാസ്ത്രത്തിന് പരിമിതിയില്ല. സ്വയം തിരുത്താനുള്ള കഴിവുള്ളതാണ്  ശാസ്ത്രം. സമൂഹത്തിലെ അടിസ്ഥാന ആശയങ്ങളെ തിരുത്തിക്കുറിക്കാനുള്ള കഴിവ് സയന്‍സിന് മാത്രമേ ഉള്ളൂ. അങ്ങ് ഒരിക്കല്‍  പറഞ്ഞതാണിത്. അപ്പോള്‍ , മാനുഷിക മൂല്യങ്ങള്‍ , മനുഷ്യത്വം ,സംസ്കാരം ഇവയ്ക്കൊന്നും ഈ തിരുത്തിക്കുറിക്കലില്‍ ഒരു പങ്കും  വഹിക്കാനില്ലേ?

അങ്ങനെയല്ല , ഇതിനൊന്നും തിരുത്തിക്കുറിക്കലില്‍ പങ്കില്ലെന്നല്ല. വയബിള്‍ അല്ലാത്ത ഒരു പ്രിപോസിഷന്‍ കറക്റ്റ് ചെയ്യാന്‍ സയന്‍സിന് മാത്രമേ കഴിയൂ എന്നാണ്. സയന്‍സിന് പ്രിസിഷന്‍ ഉണ്ട്. സയന്‍സിന് യുക്തി ഉള്ളത് കൊണ്ട് തെറ്റായ ഒരു കാര്യം അതില്‍ നിലനില്‍ക്കില്ല. ശരിയായ കാര്യങ്ങള്‍ മുഴുവന്‍ കണ്ടു പിടിക്കാന്‍ സയസിനു കഴിഞ്ഞു എന്നു വരില്ല. പക്ഷെ ഒരു കാര്യം സയന്‍സിന്റെ മുന്നിലേക്കിട്ടു കൊടുത്താല്‍ ആ കാര്യം ശരിയാണോ തെറ്റാണോ എന്ന് അത് വേര്‍തിരിച്ചു തരും. നമ്മുടെ ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍ അതുപോലുള്ള ബാക്കി കാര്യങ്ങള്‍ ഒക്കെ സയന്‍സിന് മുന്നിലേക്ക്‌ ചെല്ലുമ്പോള്‍ അവ സ്ഥാനത്താണോ അസ്ഥാനത്താണോ എന്ന്‍ അത് പറഞ്ഞു തരും. സയന്‍സിന് കറക്റ്റ് ചെയ്യാനുള്ള കഴിവുണ്ട് എന്നര്‍ത്ഥം. പക്ഷെ അതിനു ഒരുപാട് പരിമിതികളും ഉണ്ട്. ഇപ്പോഴും അതില്‍ ഉത്തരങ്ങള്‍ പലതും ഇല്ല.

ഒരു ശാസ്ത്രജ്ഞന്‍ കൂടിയായ അങ്ങേക്ക് ഏറ്റവും സ്വീകാര്യമായ ദര്‍ശനം അദ്വൈതമാണല്ലോ . ശാസ്ത്രവും അദ്വൈതവും തമ്മില്‍ ധാരാളം conflicts നിലനില്‍ക്കുന്നുമുണ്ട്. അദ്വൈതത്തിലെ അടിസ്ഥാന സംഗതിയായ ബ്രഹ്മം  അമൂര്‍ത്തമായ ഒന്നും , (ഇതല്ല, ഇതല്ല, എന്താണെന്ന് ചോദിച്ചാല്‍ പറയാനുമാവില്ല ) സയന്‍സ്, പല equationsനും  calculations നും വഴങ്ങിക്കൊണ്ട് മൂര്‍ത്തമായി  നില്‍ക്കുന്ന ഒന്നും ആണല്ലോ. അതൊന്നു വിശദീകരിക്കാമോ ?

ശാസ്ത്രവും അദ്വൈതവും തമ്മില്‍ conflicts-നേക്കാള്‍ കൂടുതല്‍ ചേര്‍ച്ചയുണ്ട് മോഡേസയന്‍സ് ഇപ്പോള്‍ മൂര്‍ത്തമൊന്നും അല്ല. അവിടെ നിന്നൊക്കെ അത് കടന്നു കയറിയിട്ട് field എന്നു പറയുന്നത് ബോധമാണെന്നും ക്വാണ്ടം തിയറി എന്നു പറയുന്നത് വേറൊരു തലത്തിലുള്ള സംഭവമാണെന്നും ഒക്കെ പറയുന്നുണ്ട്. പക്ഷെ ഒരു പരിമിതിയുള്ളത് സയന്‍സിന് ഇപ്പോഴും material ആയൊരു plain-നില്‍ മാത്രമേ നില്‍ക്കാന്‍ കഴിയുന്നുള്ളൂ. അതിനും അപ്പുറത്തേക്ക് പോകാന്‍ പറ്റുന്നില്ല. Spiritualism-വും സയന്‍സും തമ്മില്‍ ഒരു വിടവ് കിടക്കുന്നുണ്ട്. അല്ലാതെ വൈരുദ്ധ്യമുണ്ടെന്ന് തോന്നുന്നില്ല.

മലയാളത്തിലെ ആദ്യത്തെ absurd നാടകമാണ് അങ്ങെഴുതിയ  ദ്വീപ്‌‘. ബക്കറ്റിന്റ ഗോദോയെക്കാത്ത്കടമ്മനിട്ട വിവര്‍ത്തനം ചെയ്യുന്നത്  ദ്വീപിന്റെ പ്രസിദ്ധീകരണത്തിനും വളരെ ശേഷമാണെന്നും കേട്ടിട്ടുണ്ട്. ദ്വീപ്‌ പോലുള്ള  absurd നാടകങ്ങളുടെ ഉള്‍ക്കാതല്‍ അന്നേ ഉള്‍ക്കൊണ്ടിരുന്നോ? അതുപോലെ, ചലച്ചിത്ര രംഗത്തും  അവിടെ നില നിന്നിരുന്ന പരമ്പരാഗത രീതികളെ വെല്ലു വിളിച്ചു കൊണ്ട് ഒരു പുതിയ ശൈലി, ഒരു പുതുവഴി  സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും നാടകങ്ങളിലേക്ക് അല്ലെങ്കില്‍ സിനിമയിലേക്ക് ഒരു തിരിച്ച് പോക്കുണ്ടോ?

absurd നാടകം എന്നൊരു concept അന്ന് ഉണ്ടായിരുന്നില്ല. പക്ഷെ, പല നാടകങ്ങളിലും നമ്മള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍, രീതികള്‍, സൂത്രങ്ങള്‍ എന്നിവ existing ആയുള്ള framework-ന്റെ പുറത്ത് കടന്നു കൊണ്ടാണല്ലോ. കാളിദാസന്‍ തന്നെ ശാകുന്തളത്തില്‍ ഉപയോഗിച്ചിട്ടുള്ള ഒരുപാടു രീതികള്‍ അതിനു മുന്‍പത്തെ നാടകങ്ങളില്‍ ഇല്ല. സംസ്കൃത നാടകങ്ങളില്‍ തന്നെ ഇല്ല. വിക്രമോര്‍വ്വശീയം എന്ന നാടകത്തില്‍ കാണുന്ന സാങ്കേതിക രീതിയല്ല ശാകുന്തളത്തില്‍ കാണുക. നാടകത്തില്‍ എപ്പോഴും ഒരു കാലഘട്ടം കഴിയുമ്പോള്‍ ഒരു ക്വാണ്ടം ജമ്പ് വരും. അപ്പോള്‍ ഈ യാഥാസ്ഥിതികമായ കാര്യകാരണ ബന്ധങ്ങളില്‍ നിന്നും മോചനം നേടി നാടകം കുറെ visualsന്റെ presentation ആയിട്ട് മാറുകയാണ്. ആ visuals-ന് മുന്‍പില്ലാത്ത തരത്തിലുള്ള ഒരു പരസ്പര ബന്ധം കൂടി നമ്മളുണ്ടാക്കി കൊടുക്കുന്നു. അതാണ്‌ വെയിറ്റിംഗ് ഫോര്‍ ഗോദോ മുതലായ നാടകങ്ങളുടെ പിറകിലെ കാര്യവും. കണ്ടാല്‍ നമുക്ക് എവിടെയാണ് ബന്ധപ്പെടുന്നത് എന്ന് മനസ്സിലാവില്ല. പക്ഷെ അത് ബന്ധപ്പെടുന്നത് ഉപബോധമനസ്സിലായിരിക്കും. Physical ആയുള്ള ഒരു ലോകത്തില്‍ നിന്ന് imaginary ആയുള്ള ഒരു ലോകത്തിലേക്ക് നമ്മള്‍ കടക്കുകയാണ്. അപ്പോള്‍ അതിലെ ലോജിക് നമ്മള്‍ അനുഭവിക്കുന്ന ലോജിക് ആയിരിക്കുകയില്ല. ഒരു ദ്വീപില്‍ വന്നുപെടുന്ന കുറച്ചുപേരെക്കുറിച്ചുള്ള കഥയാണ് ദ്വീപ്‌ എന്ന നാടകം. ഇനിയും എന്നെങ്കിലും ഞാനൊരു നാടകം എഴുതിയേക്കാം. ഇപ്പോള്‍ മനസ്സില്‍ ഒന്നുമില്ല.

പിന്നെ സിനിമ എന്ന് പറയുന്നത് ഒരു സമ്പൂര്‍ണ്ണ ആവിഷ്കാര രീതിയാണ്. അതില്‍ ദൃശ്യമുണ്ട്, സംഗീതമുണ്ട്, താളമുണ്ട്‌, നാടകമുണ്ട്. സാഹിത്യം എന്നത് അതിന്റെയൊരു ഭാഗം മാത്രമാണ്. നമുക്കൊരു വാക്കു കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ഒരനുഭവം അല്ലെങ്കില്‍ ഒരു കാഴ്ചവിസ്തൃതമായ വയലില്‍ നില്‍ക്കുന്ന ഒരൊറ്റ മരം അതിന് ഒരു ഭാവമുണ്ടാകും. നമ്മള്‍ ഒരായിരം വാക്കുകളുപയോഗിച്ചു പറഞ്ഞാലും ആ ഭാവം കിട്ടിയെന്നു വരില്ല. നേരെ മറിച്ച്, അതിനെയൊരു പെയിന്റിന്ഗോ ഫോട്ടോഗ്രഫോ ആണെങ്കില്‍ നമുക്കതിന്റെ ഭാവം ആവിഷ്കരിക്കാന്‍ കഴിയും. ഇതാണ് സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിത്തറ. അങ്ങനെ ഒരു പ്രത്യേക ഇതിവൃത്തം ആവിഷ്കരിച്ചിട്ടു മതിയായില്ല എന്ന തോന്നല്‍ കൊണ്ട് സിനിമയാക്കിയതാണ് എന്റെ അഗ്നി എന്ന നോവല്‍. സിനിമ എന്ന ബഗ്‌ എന്നെ കടിച്ചത്  ഞാന്‍ പൂനയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ്. അന്ന് ആര്‍. കെ. നായര്‍ക്ക് സഹായികള്‍ ഇല്ലാതെ വന്നപ്പോള്‍ ഞാനൊക്കെ അദ്ദേഹത്തിന്റെ സഹായിയായി ചെല്ലുകയും അവിടെ വന്നു കൊണ്ടിരുന്ന സിനിമകളും പുസ്തകങ്ങളുമൊക്കെ കണ്ടും വായിച്ചും സിനിമയെക്കുറിച്ച് കുറേശ്ശെ കുറേശ്ശെ മനസ്സിലാക്കുകയും. അതില്‍ വലിയ താല്പ്പര്യമാവുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു തിരക്കഥ എഴുതാനുള്ള അവസരം ആര്‍ കെ നായര്‍ ഉണ്ടാക്കിത്തരുന്നത്. അതാണ്‌ പ്രിയ എന്ന സിനിമ. അതിന്റെ ഷൂട്ടിംഗ് സമയത്തൊക്കെ മദ്രാസില്‍ അദ്ദേഹത്തിന്റെ കൂടെ പോയിട്ട് സിനിമയുടെ പ്രാക്റ്റിക്കല്‍ വശങ്ങളും പഠിച്ചു. പിന്നെയാണ് ഒരു പ്രൊഡ്യൂസറെ കിട്ടിയപ്പോള്‍ അഗ്നി എന്ന നോവല്‍ സിനിമയാക്കിയത്. അത് മലയാളത്തിലെ ആദ്യത്തെ പനോരമ ഫിലിം ആയിരുന്നു. തുടര്‍ന്നും കുറച്ചു സിനിമകള്‍ ചെയ്തു അവസാനം ഒറ്റയടിപ്പാതകള്‍ വരെ. അപ്പോഴാണ്‌ എനിക്കൊരു കാര്യം മനസ്സിലായത്, എഴുത്ത് എന്നത് ഞാന്‍ ചെയ്യുമ്പോള്‍ അതില്‍ എന്റെ പരിമിതി മാത്രമേ വരുന്നുള്ളൂ. എനിക്ക് എത്രത്തോളം അത് ശരിയാക്കിയെടുക്കാമോ അത്രത്തോളം അതിനെ ശരിയാക്കി എടുക്കാം.സിനിമയാവുമ്പോള്‍ സെറ്റില്‍ ചായ കൊടുക്കുന്ന ആളുടെ മനോഭാവം വരെ അതിന്റെ ഉല്‍പ്പന്നത്തെ ബാധിക്കും. എഴുത്തില്‍ നിന്നെനിക്ക് കിട്ടുന്ന സംതൃപ്തി സിനിമയില്‍ നിന്ന് കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് പിന്നെ അതിലേക്കു പോകാതായത്. ഇനിയും അവിടേക്ക് പോകാന്‍ ഉദ്ദേശമില്ല. 

മനുഷ്യന്‍ ആര്‍ജ്ജിക്കുന്ന വിശുദ്ധിയാണ് സംസ്കാരം .മനുഷ്യബന്ധങ്ങള്‍ ചുരുങ്ങി  ഞാന്‍, എനിക്ക് .. എന്ന അവസ്ഥയില്‍ എത്തി. സാഹിത്യ ലോകത്ത് ഈ വിശുദ്ധി എവിടെ എത്തി നില്‍ക്കുന്നു ?

സാഹിത്യം എന്നു പറയുന്നത് മനുഷ്യനെ ശൈഥില്യത്തില്‍ നിന്ന് രക്ഷിക്കാനുള്ളൊരു മാര്‍ഗ്ഗമാണ്. മനുഷ്യന് പറ്റാവുന്ന ഏറ്റവും വലിയ അപകടം ശൈഥില്യമാണ് . നമ്മുടെ ശരീരത്തിനു പറ്റാവുന്ന ഏറ്റവും വലിയ ശൈഥില്യമാണല്ലോ മരണം. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും, സമൂഹത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുമ്പോഴും അവനു സംഭവിക്കുന്നത് ഒരുതരം ശൈഥില്യം തന്നെയാണ്. ഇങ്ങനെ ശിഥിലമായ മനുഷ്യന്റെ അവസ്ഥയില്‍ അവനെ ഈ ശൈഥില്യത്തില്‍ നിന്ന് കര കയറ്റാനുള്ള ഉപാധിയായിട്ടാണ് സാഹിത്യം പണ്ട് മുതലേ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. വേറൊരാളുടെ കഥയാണല്ലോ സാഹിത്യം. വേറൊരാളുടെ കഥയില്‍ നമുക്ക് താല്‍പ്പര്യം ഉണ്ടാകുന്നത് ആ ആളില്‍ നമ്മുടെ തന്നെ ഒരംശം ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നതു കൊണ്ടാണ്. അവിടെ ഒരു പാരസ്പര്യം സ്ഥാപിക്കപ്പെടുന്നുണ്ട്. ഇങ്ങനെ പാരസ്പര്യം സ്ഥാപിക്കപ്പെടുന്നതു കൊണ്ടാണ് മനുഷ്യന് സാഹിത്യം ഹിതമായിത്തീരുന്നത്. പാരസ്പര്യ നിര്‍മ്മിതിയാണ്‌ സാഹിത്യത്തിന്റെ ലക്‌ഷ്യം. Integration ലക്ഷ്യവും disintegration അതിന്റെ ശാപവും ആണ്. ശൈഥില്യം ഉണ്ടാക്കുന്നതിനെയാണ് സാഹിത്യം ചെറുക്കുന്നത്. ആ അര്‍ത്ഥത്തിസാഹിത്യം ഇപ്പോഴും വിശുദ്ധിയുള്ളതു തന്നെ.

ഒരു ശാസ്ത്രജ്ഞന്‍ ആയിരിക്കെ ഗീതയെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും പരമാത്മാവിനെ ക്കുറിച്ചുമൊക്കെ പറയുന്നുണ്ട് . ഒരു ശാസ്ത്രജ്ഞനായ അങ്ങേക്ക് പരമാത്മാവിനെ കുറിച്ചുള്ള സങ്കല്പം എന്താണ് ?
പരമാത്മാവിനെക്കുറിച്ച് സങ്കല്‍പ്പമല്ല ഉള്ളത്. പരമാത്മാവിനെക്കുറിച്ച് ഉപനിഷത്തും ഗീതയുമൊക്കെ പറയുന്ന അടിസ്ഥാന ആശയങ്ങളുണ്ട്. അത് ഒരു concept ആയിട്ട് ഒറ്റവാക്കില്‍ പറയാനൊന്നും പറ്റില്ല. ഒന്നുകില്‍ നമുക്കതിനെക്കുറിച്ച് മനസ്സിലായി; അനുഭവം ഉണ്ട്. അല്ലെങ്കില്‍ ഇല്ല. അത്രയുമാണ് അതിന്റെ വസ്തുത. Concept എന്താണെന്ന് ചോദിച്ചാല്‍ ഫിസിക്സില്‍ ഉള്ള concept പോലെയോ ഒന്നും പറയാന്‍ പറ്റില്ല. കാരണം അത് definition ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെയാണ് അത് അമൂര്‍ത്തമായി നില്‍ക്കുന്നത്.

ഒരു കഥ എങ്ങനെയായിരിക്കണം എന്ന് പണ്ട് അങ്ങ് ഉറൂബിനോട് ചോദിച്ചിട്ടുണ്ട്. പുതുമ വേണം, വായനക്കാരെ രസിപ്പിക്കണം എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേ ചോദ്യം  പുതു തലമുറയില്‍പ്പെട്ട എഴുത്തുകാര്‍  ഇപ്പോള്‍ അങ്ങയോടു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി ?

കഥ എന്ന് പറയുന്നത് മുന്‍പില്ലാത്തൊരു കാര്യമായിരിക്കണം. മുന്‍പ്‌ ഇല്ലാത്തതാണെങ്കിലും ഉണ്ടാകുന്നതാണ് എന്നൊരു തോന്നല്‍ അത് ഉണ്ടാക്കിത്തരണം. രസിപ്പിക്കുന്ന ഒരു സംഗതിയായിരിക്കണം. അത് നമുക്ക് മറക്കാനാവാത്ത എന്തെങ്കിലും വികാരം തന്നിട്ട് പോണം. ഉറൂബ് അന്നെന്നോട് പറഞ്ഞതില്‍ നിന്നും അധികമായിട്ടൊന്നും എനിക്കും പറയാനില്ല.

മനുഷ്യന്റെ  കേവലമായ വാഴ്വിനെക്കുറിച്ചുള്ള വേവലാതികള്‍ പങ്കു വെക്കുന്ന കഥകളാണ്   ഓരോന്നും. തീക്ഷ്ണവും വൈകാരികവുമായ അനുഭവങ്ങള്‍ കൊണ്ടു നിറഞ്ഞവയും. മനസ്സില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളായിരിക്കുമല്ലോ ഒരു കഥയുടെ ബീജം.   ഇത്ര തീക്ഷ്ണവും വൈകാരികവുമായ അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുന്ന അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ ?
അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്ന അനുഭവങ്ങള്‍ മാത്രമായിക്കൊള്ളണമെന്നില്ല കഥ. സ്വാരസ്യം ഉണ്ടാക്കുന്ന അനുഭവങ്ങളും കഥയാവാം.ഒരു പുതിയ അനുഭവം ഉണ്ടാക്കുന്നതാണ് കഥ. അത് സ്വാരസ്യമാവാം അസ്വാരസ്യമാവാം. അത് മുന്‍പില്ലാത്ത ഒന്നായിരിക്കണം എന്നെ ഉള്ളൂ. മുന്‍പില്ലാത്ത ഒന്നാണെങ്കിലേ അത് പുതിയ കഥയായിട്ട് നില്‍ക്കൂ. അതിന്റെ പുതുമയാണ് അതിന്റെ ട്രേഡ് മാര്‍ക്ക്. പിന്നെ വൈകാരികമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടു വേണം കഥയെഴുതാന്‍ എന്ന് നിര്‍ബന്ധം പിടിച്ചാല്‍….. അപ്പോള്‍ ഷേക്സ്പിയ ഒക്കെ എന്തെല്ലാം കണ്ടിട്ടാവണം? അപ്പൊ, അത് നടക്കില്ല. കാളിദാസന്‍, മേഘത്തിന്റെ മുകളിലിരുന്നിട്ടു കണ്ട കാഴ്ചയായി ഗംഗയെ ഹിമവാന്റെ വെള്ളിയഞ്ഞാണമായി വിശേഷിപ്പിച്ച് എഴുതിയിട്ടുണ്ട്. അതൊന്നും അദ്ദേഹം അനുഭവിച്ചിട്ടല്ലല്ലോ. അപ്പോള്‍ അനുഭവം ഭൌതികമല്ല മാനസികമാണ്. എന്റെ എഴുത്തിന്റെ പിറകിലുള്ള അനുഭവങ്ങളും അതുപോലെ തന്നെ.

വായന കുറയുന്നു എന്നൊരു വാദത്തില്‍ ഇന്നത്തെ എഴുത്തുകാരുടെ രചനാരീതിക്കും ഭാഷക്കും പങ്കുള്ളതായി തോന്നുന്നുണ്ടോ?
ഇല്ല. മാത്രമല്ല , നല്ല വായന കുറയുന്നു എന്നും തോന്നിയിട്ടില്ല. ലോകത്ത് തന്റെ വരുമാനത്തിന്റെ വലിയൊരു ശതമാനം പുസ്തകം വാങ്ങാന്‍ ചെലവഴിക്കുന്ന വിഭാഗം മലയാളികളാണ്. ആയിരം കോടി രൂപയുടെ വായനാ മെറ്റീരിയല്‍സ്  ഇപ്പോള്‍ ഒരാണ്ടില്‍ കേരളത്തില്‍ വിറ്റു പോകുന്നുണ്ട്. ആകെ നാലുകോടി മലയാളികളെ ഉള്ളൂ. അപ്പോള്‍ ഒരാള്‍ ശരാശരി 250 രൂപ വെച്ച് ഒരു കൊല്ലം പുസ്തകം വാങ്ങാന്‍ ചെലവഴിക്കുന്നുണ്ട്. എന്റെയൊക്കെ കുട്ടിക്കാലത്ത് ഒരു പുസ്തകത്തിന്റെ ഇരുന്നൂറ്റിയമ്പത്, നാനൂറു, കൂടിയാല്‍ അഞ്ഞൂറ് കോപ്പിയൊക്കെയാണ് അടിക്കുക. എന്നാല്‍ ഇപ്പോള്‍ ഫസ്റ്റ് പ്രിന്റ്‌ ഔട്ട്‌ ആയിരം, അയ്യായിരം കോപ്പിയൊക്കെ ആണ്. വായന മരിക്കുന്നു എന്ന് പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. പക്ഷെ വായന കൂടുതല്‍ സെലക്റ്റീവ് ആകുന്നുണ്ട്. ഒരാള്‍ ആവശ്യമുള്ളത് മാത്രമേ വായിക്കൂ. പണ്ട് എല്ലാത്തിനും – അറിവിനും വിനോദത്തിനുമെല്ലാം വായന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ അതുപോയിട്ട് എല്ലാത്തിനും വേറെ വേറെ ഡിപ്ലോമാറ്റിക് ചാനല്‍സ് ആയി. അതുകൊണ്ട് മനുഷ്യര്‍ കൂടുതല്‍ discretionary ആയി അവനവന് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കുന്നുള്ളൂ.

മലയാളിയുടെ ശീലങ്ങളെ technology മാറ്റിമറിക്കുകയാണല്ലോ. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നാട്ടിന്‍പുറത്തെ നന്മകള്‍ മനസ്സിലേറ്റുന്ന എഴുത്തുകാരന്‍ എന്ന നിലയിലും അതിനെ ഒന്നു വിലയിരുത്താമോ ?
ഇത് കേരളത്തില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും നടക്കുന്ന കാര്യമാണല്ലോ. Technology എന്ന് പറയുന്നതിന്റെ application ലാഭകരമായ ഒരു വ്യവസായമായി മാത്രം മാറുന്ന അവസ്ഥയില്‍ മറ്റുള്ളവരുടെ കയ്യിലുള്ള കാശ് എന്റെ കയ്യിലെങ്ങനെ വരുത്താം എന്നൊരു ചിന്തയുടെ പിറകില്‍ കോര്‍പ്പറേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാലത്തോളം അത് സംഭവിച്ചു കൊണ്ടേയിരിക്കും. അതിനു പ്രതിരോധം ഉണ്ടാക്കേണ്ടത് അവനവന്‍ തന്നെയാണ്. നമുക്ക് നമ്മുടെതായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കായാലും രക്ഷയാണ്. അല്ലെങ്കില്‍ സ്വഭാവികമായിട്ട് അയാള്‍ ചൂഷണം ചെയ്യപ്പെടും. അതിനു മൊത്തമായി പറയാവുന്ന ഒരു സൊലൂഷന്‍ ഒന്നുമില്ല. അവനവന്‍ തന്നെ വിചാരിക്കണം. എപ്പോള്‍ തോന്നുന്നോ അപ്പോള്‍ മതിയാക്കാം.

അനവധിയിടങ്ങളില്‍, വിവിധ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ആസ്വദിച്ച് ചെയ്തൊരു ജോലി ?
അത് എഡിറ്റിംഗ് തന്നെയാണ്. കാരണം എഴുത്തുമായി കൂടുതല്‍ ബന്ധപ്പെട്ട ജോലി അതാണല്ലോ. അതുകൊണ്ട് ഏറ്റവും ആസ്വദിച്ച് ചെയ്തൊരു ജോലി അതു തന്നെ.

സമകാലിക സാമൂഹ്യ രാഷ്ട്രീയ കേരളത്തെക്കുറിച്ച് എന്താണ് തോന്നുന്നത് ?  വര്‍ഗ്ഗീയത  വര്‍ദ്ധിച്ചു വരുന്നതിനെക്കുറിച്ചും?
ജനാധിപത്യം അതിന്റെ ഏറ്റവും മോശമായ  അവസ്ഥയിലാണിപ്പോള്‍. നമ്മുടെ നാട്ടില്‍ വോട്ടു കിട്ടുന്നത് സദ്‌ഭരണത്തിനല്ല. ഞാന്‍ ഭരണാധികാരിയായിരിക്കെ, ഞാന്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും എന്റെ സമൂഹം എനിക്ക് വോട്ടു ചെയ്യും. ഞാന്‍ കോഴ വാങ്ങിയാലും വാങ്ങിയില്ലെങ്കിലും,  വേണ്ടാതീനം കാണിച്ചാലും കാണിച്ചില്ലെങ്കിലും എന്റെ സമുദായം എനിക്ക് വോട്ടു ചെയ്യും. ഉത്തരവാദിത്ത ഭരണം എന്ന സംഗതിയേ ഇല്ലാതായിരിക്കുന്നു. നാട്ടില്‍ പൊതുനന്മ എന്നൊരു ധാരണ ഇല്ല. ജനാധിപത്യം അധഃപതനത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇത് നമ്മള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. നില്‍ക്കക്കള്ളിയില്ല എന്ന കാര്യം ബോധ്യമായിക്കൊണ്ടിരിക്കുന്നു. സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഈ അവസ്ഥ ഇങ്ങനെയല്ല വേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവാണ് ഇതില്‍ നിന്നൊക്കെ കര കയറാനുള്ള ഉപാധി.

വര്‍ഗ്ഗീയ ഭൂതം എല്ലായിടവും കീഴടക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് വേറെ പ്രവര്‍ത്തിക്കാനും, ചുവടുറപ്പിക്കാനുമുള്ള പടികളൊന്നും കണ്ടു കിട്ടാതായപ്പോള്‍ അവര്‍ തന്നെയാണ് കാക്കത്തൊള്ളായിരം ജാതികളെ പുനര്‍ജ്ജീവിപ്പിച്ചത്. കേരളത്തില്‍ ഉള്ള അത്രയും ജാതികള്‍ ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ത്തന്നെ വേറെ എവിടെയും ഇല്ല. കേരളത്തിലുള്ള ജാതികളുടെ വ്യാപ്തം അറിയണമെങ്കില്‍ മലയാള ഭാഷയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള രീതികള്‍ നോക്കിയാല്‍ മതി. ഓരോ ജാതിക്കും, വേറെ ഓരോ ജാതിയോടും സംസാരിക്കാന്‍ ഓരോ തരം ഭാഷയുണ്ട്. വാ തുറന്നാല്‍ ഇക്കാര്യം പുറത്തറിയും എന്നതു കൊണ്ടാണ് നമ്മള്‍ പലപ്പോഴും ഇംഗ്ലീഷിനു വേണ്ടി ഇത്രയും മുറവിളി കൂട്ടുന്നത്‌. നമ്മള്‍ യാ.. യാ എന്ന് പറഞ്ഞാല്‍ ജാതി മനസ്സിലാവില്ലല്ലോ.

അടുത്ത കൃതിയെക്കുറിച്ച് ?
രണ്ടു പ്രോജക്റ്റുകൾ ആണ് ഉള്ളത്. ഒന്ന് ഭഗവത് ഗീതക്ക് ഞാനൊരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഗീതാദര്‍ശനം. അത് സയന്‍സും ഗീതയും തമ്മിലുള്ള ഒരു comparative study ആണ്. അതിനൊരു ഇംഗീഷ് വേര്‍ഷ ഉണ്ടാക്കുന്നു. അത് തുടങ്ങിയിട്ട് രണ്ടുമൂന്നു കൊല്ലമായി. ഇപ്പോള്‍ തീരാറായിട്ടുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ആയിരം കൊല്ലത്തിനു ശേഷം മനുഷ്യര്‍ എങ്ങനെയിരിക്കും എന്ന കാര്യത്തെക്കുറിച്ച് ഒരു സയന്‍സ് ഫിക്ഷന്‍ നോവല്‍ കൂടി പരിപാടിയുണ്ട്.

Comments

comments