അത്ര യുദ്ധമൊന്നുമല്ലാത്ത ഹോളണ്ട് അധിനിവേശം റിപ്പോർട്ട് ചെയ്യാൻ വിട്ട യുവജേർണലിസ്റ്റിനോട് റേഡിയോ ലോകത്തെ ഒരു ഇതിഹാസമായിരുന്ന എഡ്വാർഡ് മറോ പറഞ്ഞത് ‘അവിടുത്തെ കാര്യങ്ങൾ അറിഞ്ഞ് സംസാരിക്കണം – വീഥികൾ ചോരപ്പുഴയാണെന്നൊന്നും പറഞ്ഞുകളയരുത്, ദിവസവും കാണാറുള്ളതു പോലെ വഴിയിൽ പോലീസുകാരെ ഇന്ന് കാണാനില്ല എന്നു പറഞ്ഞാൽ മതിയാകും’ എന്നാണു. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഇടപെട്ടു തുടങ്ങിയപ്പോൾ അതുവരെ തുടർന്ന നിഷ്പക്ഷ റിപ്പോർട്ടിംഗിനു പകരം ദേശീയത ആഘോഷിക്കുന്ന റിപ്പോർട്ടിംഗ് വേണം എന്ന ആവശ്യങ്ങളെ നിശിതമായി എതിർത്ത ആളുകളാണു അദ്ദേഹവും സഹപ്രവർത്തകൻ എറിക്  സെവറെയ്ഡുമൊക്കെ. കാവ്യസുന്ദരമായ ഭാഷയിൽ സെൻസേഷണലൈസ് ചെയ്യാത്ത സത്യം – അതായിരുന്നു അവരെ സംബന്ധിച്ച് റിപ്പോർട്ടിംഗ്. നാസികൾ പാരീസ് പിടിച്ചപ്പോൾ “എന്തിനെന്നറിയാതെ, എന്തിനെന്ന് ചോദിക്കുക പോലും ചെയ്യാതെ, പ്രതിരോധമേതുമില്ലാത, സുന്ദരിയായ ഒരു സ്ത്രീയെപ്പോലെ പാരീസ് മരണപ്പെട്ടു” എന്ന് എറിക് സെവറേയ്ഡ് പ്രസിദ്ധമായി റിപ്പോർട്ട് ചെയ്ത പോലെ. അതെല്ലാം അകക്കണ്ണിനു വേണ്ടിയുള്ള സംപ്രേക്ഷണങ്ങളായിരുന്നു – Broadcasting for the mind’s eye.

റിപ്പോർട്ടിംഗ് എന്നാൽ സംഭവങ്ങളുടെ നിഷ്പക്ഷമായി വസ്തുതാപരവും സത്യസന്ധതയോടെയുമുള്ള റിപ്പോർട്ടിംഗാണെന്ന് റോബർട്ട് ഫിസ്ക് എഴുതിയിട്ടുണ്ടെന്ന് ഒരിക്കൽ പറഞ്ഞ് തന്നത് സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ രവി വർമ്മയാണു. എൻ ഡി ടി വിയിൽ രവിഷ് കുമാർ മാധ്യമലോകം മുൻപ് പരിചയിച്ചിട്ടില്ലാത്തതുപോലെ ടിവി എന്ന സാധ്യതയെ ഉപയോഗിച്ചതാണു കഴിഞ്ഞ ദിവസം കണ്ടത്.

ഇരുട്ട് നല്ലതാണു. ഇരുട്ട് മൂലമാണു നാം വെളിച്ചമറിയുന്നത് എന്ന് ശ്രീരാമകൃഷ്ണ പരമഹംസർ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്കറിയാമെന്നതുപോലെ നമ്മുടെ ടിവിക്ക് രോഗം ബാധിച്ചിരിക്കുന്നു. മുഴുവൻ ടിവി ലോകത്തിനും ടിബി ബാധിച്ചിരിക്കുന്നു. നമ്മളെല്ലാം  രോഗബാധിതരായിരിക്കുന്നു. മറ്റുള്ളവർ അസുഖക്കാരെന്നും ഞാൻ ഡോക്ടറാണെന്നുമല്ല. ഞാനും അസുഖക്കാരൻ തന്നെ…”. സ്വയം വിമർശനത്തോടെ ജെ എൻ യു സംഭവത്തിൽ ടീവി ചാനലുകളെയും വിധികർത്താക്കളാകുന്ന ന്യൂസ് അവതാരകരെയും – എന്തിനു, അതിനു പിന്നാലെ പായുന്ന പ്രേക്ഷകസമൂഹത്തെയും ഒന്നടങ്കം ഇരുട്ട് ഉപയോഗിച്ച് സത്യത്തിന്റെ വെളിച്ചത്ത് നിർത്തുകയായിരുന്നു രവീഷ് കുമാർ. ദേശീയതയെന്ന് അലറി വിളിച്ച്  വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും തീവ്രവാദികളെന്നും ദേശവിരുദ്ധരെന്നും വിധിയെഴുതി ഭാവിയുടെ മുനയൊടിച്ച് ആൾക്കൂട്ടത്തിനു വിട്ടുകൊടുക്കയും അതിന്റെ പങ്കുപറ്റുകയും ചെയ്യുന്ന എല്ലാവരെയും ഇരുട്ട് ഉപയോഗിച്ച് വെളിച്ചത്ത് നിർത്തിക്കളഞ്ഞു രവീഷ്.

ടീവീ സെൻസേഷണലിസത്തിന്റെ ക്യാമറ ഓഫാക്കിവെച്ച്, വ്യാഖ്യാനങ്ങളും വളച്ചൊടിക്കലുകളുമില്ലാതെ സംഭവങ്ങളുടെ നേരിട്ടുള്ള ഓഡിയോ ക്ലിപ്പുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ ഓർമ്മ വന്നത് പഴയകാല റേഡിയോ റിപ്പോർട്ടിംഗിന്റെയും പഴയകാല ദൂരദർശൻ വാർത്തകളുടെയും നൈർമല്യമായിരുന്നു. വാർത്ത എന്നത് തൊങ്ങലൊന്നുമില്ലാതെ അങ്ങനെ നിൽക്കുമ്പോൾ അതിനെ വ്യാഖ്യാനിക്കാനും വിധിയെഴുത്ത് നടത്താനും കേൾവിക്കാരന്റെ ബുദ്ധിക്ക് നാക്കിൽ വിഷമൊളിപ്പിച്ച അർണബ് ഗോസ്വാമിമാരെ ആവശ്യമില്ല. അത് നൈതികതയുമല്ല.

ടിആർപിയാണു ഞങ്ങളുടെ ലക്ഷ്യമെങ്കിൽ അതിൽ (പ്രേക്ഷകരായ) നിങ്ങളെന്തിനു സഹയാത്രികരാകണം? നിങ്ങളുടെ ലക്ഷ്യവും ടിആർപിയാണെന്നു വരുമോ? അതിനാൽ ഞങ്ങൾ നിങ്ങളെ ടി വി വാർത്തയുടെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകുന്നു. അവിടെ നിങ്ങൾക്ക് ശബ്ദങ്ങളെ അനുഭവിക്കാം, മനസ്സിലാക്കാം. ഞങ്ങൾ ടിവി അവതാരകരുടെ കുലം നിത്യവും സൃഷ്ടിക്കുന്ന മോഹങ്ങളെയും ഭയങ്ങളെയും അനുഭവിക്കാൻ ശ്രമിക്കൂ. ആ നിലവിളികളെയും അലർച്ചകളെയും തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനും ഞാൻ നിങ്ങളെ ഇരുട്ടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു  നിറം ചാർത്തിയ വ്യാഖ്യാനങ്ങളുടെയും വിധിയെഴുത്തുകളുടെയും എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളുടെയുമൊന്നും  മുഖപ്പുകളില്ലാതെ പലപക്ഷങ്ങളുടെ ശബ്ദങ്ങൾ മാത്രം കേൾപ്പിച്ചു. കൊല്ലാൻ  അലറിവിളിക്കുന്നവരും,  സംഘടിക്കാനും പ്രതിഷേധിക്കാനും ആഹ്വാനം ചെയ്യുന്നവരും, നിശബ്ദരാക്കപ്പെടുന്നവരും നിശബ്ദരായവരും നിശബ്ദരാക്കുന്നവരുമെല്ലാം  വ്യക്തതയോടെ തെളിയുന്നത് മനക്കണ്ണിലാണു. സംവേദനത്തിന്റെ ഒരു മാനം വെട്ടിക്കുറച്ച് – ദൃശ്യങ്ങളുടെ സാധ്യതയെ  വേണ്ടെന്ന് വെച്ചുകൊണ്ട് – നടത്തിയ ഒരു വാർത്താ സംപ്രേക്ഷണം എന്തുകൊണ്ടാവാം ഇന്ത്യൻ മാധ്യമചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു വാർത്താസംപ്രേക്ഷണമായി  മാറിയെന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ടാണു അത് പ്രേക്ഷകരെ മുൻപൊരിക്കലും പൊള്ളിക്കാത്ത തരത്തിൽ ആഴത്തിൽ പൊള്ളിച്ചുകളഞ്ഞ ഒരു വാർത്താപരിപാടിയായതെന്ന് അത്ഭുതപ്പെടുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. കാരണം – അതാണു നിർമ്മലവും ലളിതവുമായ സത്യത്തിന്റെ ശക്തി. നിറം പിടിപ്പിച്ച ദൃശ്യങ്ങളില്ലാത്ത, വിധിയെഴുതുന്ന ന്യായാധിപന്മാരില്ലാത്ത, അകക്കണ്ണിനു വേണ്ടിയുള്ള സംപ്രേക്ഷണത്തിന്റെ ശക്തി – Broadcasting for the mind’s eye.

 

രവിഷ് കുമാറിനും എൻ ഡി ടി വിക്കും നവമലയാളിയുടെ അഭിനന്ദനങ്ങൾ.
——————–
(പരിപാടിയുടെ വീഡിയോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക)

Comments

comments