ഫാസിസം  അതിന്റെ സാന്നിദ്ധ്യത്തെ കൂടുതൽ പ്രകടവും വ്യാപകവുമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് എന്നതിൽ സംഘപരിവാരികൾക്കല്ലാതെ ആർക്കും സംശയമുണ്ടാകാനിടയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കപ്പെടേണ്ട ആപൽഘട്ടമല്ല, മറിച്ച് ഒരു ആദർശ ദേശ സമൂഹ നിർമ്മിതിയിലേക്കുള്ള കർസേവാഘട്ടമാണ്. പക്ഷേ അവരും  ഒരു കാര്യം സമ്മതിച്ചേക്കും; രാജ്യം സംഘികളും അല്ലാത്തവരുമായി പിളർന്നിരിക്കുന്നു എന്ന്. അതാവട്ടെ യാദൃശ്ചികമായി സംഭവിച്ചതുമല്ല. സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ കൃത്യമായ ആസൂത്രണത്തോടെ, ചിട്ടയായ പ്രവർത്തനത്തിലൂടെ സാധിച്ചെടുത്ത രാഷ്ട്രീയവും സാംസ്കാരികവുമായ ഈ  പിളർപ്പിൽ  നിന്നുമുള്ള ജനതയുടെ വീണ്ടെടുപ്പാണ് ഇന്ത്യൻ ഭരണഘടനാ ദേശീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ബ്രാഹ്മണിക്ക് ഹിന്ദുത്വം തങ്ങളാണ് ദേശവും ദേശീയതയും എന്ന് ഘോഷിക്കുമ്പോൾ അതിനോടുള്ള ചെറുത്ത് നിൽപ്പുകൾക്ക് നിങ്ങൾ പറയുന്നതാണ് ഇന്ത്യയെങ്കിൽ ഞങ്ങൾ ഇന്ത്യാക്കാർ അല്ല എന്ന് പറയാതെ നിവർത്തിയില്ല. സങ്കുചിത ദേശീയതയെ തള്ളിക്കളയുക എന്നത് നമ്മുടെ ഭരണഘടനാപരമായ ദേശീയതയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു സാംസ്കാരിക പരിചയാണ് എന്ന് നിസ്സംശയം പറയാം. പക്ഷേ അതിനെ അതിന്റെ മൂല്യാധിഷ്ഠിത സാംസ്കാരിക ഉള്ളടക്കം ചോർത്തിക്കളഞ്ഞ് കേവല വൈകാരികതയുടേതായ ഒരു ഭൂമികയിൽ പ്രതിഷ്ഠിച്ചാൽ മറുപക്ഷത്ത്‌ ഹിന്ദുത്വ പൊതുബോധത്തിന്റെ ഏകീകരണം നിസ്സാരമായി സാദ്ധ്യമാക്കാം എന്ന് സംഘികൾക്കും അറിയാം. അവർ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

ഇത് അത്ര ലളിതമായി സമീപിക്കാവുന്ന ഒരു സാംസ്കാരിക രാഷ്ട്രീയ സമസ്യയല്ല. അവധാനതയില്ലാത്ത ഓരോ ചെറുചലനവും മറുപക്ഷത്തെ ബലപ്പെടുത്തും. അതായത് ചെറുത്ത് നില്ക്കാനുള്ള ശ്രമങ്ങൾ പോലും രീതിശാസ്ത്രബന്ധിയായ ഭദ്രതയും, ദീർഘദർശിത്വവുമില്ലെങ്കിൽ എന്തിനെ ചെറുക്കാൻ ശ്രമിക്കുന്നോ അതിന് തന്നെ വളമായി തീരുന്ന അവസ്ഥ.

ചെറുത്തുനില്പ്പിന്റെ രീതിശാസ്ത്രം 

എങ്ങനെ ചെറുക്കണം, ആരുമായൊക്കെ സഖ്യം ചെയ്യണം, എവിടെ തുടങ്ങി എവിടേയ്ക്ക് അന്തിമ പോരാട്ടത്തെ കേന്ദ്രീകരിക്കണം എന്നിവയൊക്കെ ഇവിടെ നിർണ്ണായകമാണ്. അതായത് സമഗ്രമായ ഒരു പദ്ധതി കൂടാതെ ചെറുത്ത് നിൽപ്പ് സാദ്ധ്യമല്ല എന്ന്. കാരണം ബ്രാഹ്മണിക് ഹിന്ദുത്വം അതിന്റെ ഹെജിമണിയെ പ്രതികൂലഘട്ടങ്ങളിലും തകരാതെ സൂക്ഷിച്ചതും, സാംസ്കാരികവും സൈദ്ധാന്തികവുമായ ഓരോ ചെറുചലനത്തേയും സൂക്ഷ്മമായി വീക്ഷിച്ച് അതിന്റെ വ്യാപനത്തിനും പ്രത്യക്ഷ ഇടപെടലിനും ഉള്ള കാലികമായ തയ്യാറെടുപ്പ് നടത്തിയതും ഇന്നിപ്പോൾ സമയമായി എന്ന് കണ്ട് തെരുവിൽ മുതൽ കോളേജിലും കോടതി വളപ്പിലും വരെ അഴിഞ്ഞാടുന്നതും ഒക്കെയും മുൻകൂർ തയ്യാർ ചെയ്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന  ഒരു ബ്രഹദ് പദ്ധതിയുടെ ഭാഗമായാണ് എന്നത് തന്നെ.

ബ്രിട്ടീഷുകാരുമായി സമരം ചെയ്ത് കളയാനുള്ളതല്ല, ആഭ്യന്തര ശത്രുക്കളെ, അതായത് മുസല്മാന്മാരും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും അടങ്ങുന്ന  നമ്മൾ ഇന്ത്യാക്കാരെ  ചെറുത്ത് തോല്പിക്കാനായി സൂക്ഷിച്ച് വയ്ക്കേണ്ടതാണ് തങ്ങളുടെ ഊർജ്ജം എന്ന് സംഘികളെ ഉൽബോധിപ്പിച്ച ഗോൾവൾക്കർ പതിറ്റാണ്ടുകൾ മുമ്പ് തന്നെ വിഭാവനം ചെയ്ത ഒരു പിളർപ്പാണ് ഇന്ന് നടക്കുന്നത്. അത് വെറുതേ നടക്കുകയുമല്ല, നടപ്പിലാക്കപ്പെടുകയാണ്. പക്ഷേ  അത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സംഘപരിവാരികളല്ല, പകരം ഇരകളായ നമ്മളാണ് ഇന്ന് വിഘടനവാദികളായി മുദ്രകുത്തപ്പെടുന്നത്  എന്ന് മാത്രം!

ഇത്തരം ആസൂത്രിതമായ ഒരു ബ്രഹദാഖ്യാനത്തെ പല  സൂക്ഷ്മാഖ്യാനങ്ങളുടെ പ്രശ്നാധിഷ്ഠിതമായ സഖ്യത്തിലൂടെയോ, ആൾക്കൂട്ടസമരങ്ങളിലൂടെയോ, മുല്ലപ്പു വിപ്ലവത്തിലൂടെയോ ചെറുക്കാനാവില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്പോൾ ഇവിടെ ആസൂത്രിതവും ഘടനാബദ്ധവുമായ ചെറുത്ത് നിൽപ്പുകൾക്ക് തന്നെയാണ് പ്രസക്തി. പക്ഷേ അത് എങ്ങനെ സാദ്ധ്യമാകും? എവിടെ നിന്ന് തുടങ്ങും?

കായികമായ ചെറുത്തുനിൽപ്പുകൾ 

നീതിന്യായ സംവിധാനങ്ങളെ ഒന്നാകെ  ഭരണകൂട ഒത്താശയോടെ നിശ്ചലമാക്കിക്കൊണ്ട്, മുൻകൂട്ടി തയ്യാർ ചെയ്ത് നിർത്തിയ അക്രമാസക്തമായ ജനക്കൂട്ടത്തെ തുറന്നുവിട്ട്, കലാപങ്ങൾ ഉപയോഗിച്ച് സംഘപരിവാർ നിർമ്മിക്കുന്ന ദേശീയതയെ രേഖീയമായി ചെറുക്കാനാവില്ല. അത്തരം ശ്രമങ്ങൾ അതിനെ ബലപ്പെടുത്തുകയേ ഉള്ളു. കാരണം ഇവിടെ പ്രത്യക്ഷത്തിൽ വേട്ടക്കാരന്റെ വേഷം കെട്ടുന്നത് ഭരണകൂടമോ, അംഗീകൃത രാഷ്ട്രീയ സംഘടനകളോ, ഭരണകൂട ഉപകരണങ്ങൾ തന്നെയുമോ അല്ല. ആ’റോൾ’ കൈകാര്യം ചെയ്യുന്നത് നാം ജനാധിപത്യത്തിലെ വിശുദ്ധപശുവായി എണ്ണുന്ന പൊതുജനം തന്നെയാണ്. ഫ്രിഞ്ച് ഗ്രൂപ്പുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ആർക്കും ഔദ്യോഗിക ഉത്തരവാദിത്തമില്ലാത്ത, എന്നാൽ സമഗ്രമായ ഒരു  ഹിന്ദുത്വ മഴവില്ലിനു കീഴിൽ പ്രശ്നാധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട് അങ്ങനെ തന്നെ പിരിച്ച് വിടപ്പെടുന്ന സംഘടനകളിലൂടെയാണ്.

അതുകൊണ്ട് തന്നെ സംഘപരിവാർ  ഫാഷിസത്തിനെതിരെ നേരിട്ടുള്ള കായികമായ ഒരു ചെറുത്ത് നിൽപ്പ് നിലവിലുള്ള സാഹചര്യങ്ങളിൽ എത്രത്തോളം സാദ്ധ്യമാണ് എന്നത് സംശയമാണ്. ദേശീയത, മതം, സംസ്കാരം തുടങ്ങിയ വികാരങ്ങളെ ആധാരമാക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന സർവ്വവ്യാപിയായ ഹെജിമണിക്കെതിരെ ഉണ്ടാകുന്ന ഏതൊരു കായികമായ ഇടപെടലും മറുവശത്ത് വൻ ഏകീകരണമാകും ഉണ്ടാക്കുക. ഒപ്പം മേല്പറഞ്ഞ വിഷയങ്ങളുടെ വൈകാരികമായ കത്തിക്കൽ സ്വന്തം സമരമുഖത്ത് വിള്ളലുകൾ ഉണ്ടാക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനും ആവില്ല. അതുകൊണ്ട് സാംസ്കാരിക പ്രതിരോധം തന്നെയാണ് ഇവിടെ സാദ്ധ്യവും പ്രസക്തവും .

എങ്ങനെയാവണം സാംസ്കാരിക പ്രതിരോധം 

ഇവിടെ വീണ്ടും പല ചോദ്യങ്ങൾ  ഉയർന്നു വരുന്നു. എന്താണ് സാംസ്കാരിക പ്രതിരോധം? എങ്ങനെയാവണം അതിന്റെ സംഘാടനം? എന്താവണം അതിന്റെ ഉള്ളടക്കം? മൾറ്റിറ്റ്യൂഡ് സമരങ്ങളുടെ കാലത്ത് പ്രതിരോധങ്ങൾക്ക്  അങ്ങനെ സമഗ്രമായ ഒരു ഉള്ളടക്കം ആവശ്യമുണ്ടോ? ചോദ്യങ്ങൾ അങ്ങനെ നിരവധിയാണ്.

മൾറ്റിറ്റ്യൂഡ് സമരങ്ങൾ കാലികമായ ഒരു ആവേശത്തിനപ്പുറം സ്ഥായിയായ  ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കിയില്ലെന്ന് ഇന്ന് നമുക്ക് അറിയാം. സമഗ്രമായ സൈദ്ധാന്തിക ഉള്ളടക്കമുള്ള സംഘടിത സമരങ്ങളെ കേവലം പ്രശ്നാധിഷ്ഠിതമായി ഒത്തുകൂടുന്ന ആൾക്കൂട്ട സമരങ്ങൾ കൊണ്ട് പകരംവച്ചു വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാനാവും എന്നത് കേവലം ഒരു ഉത്തരാധുനിക കാല്പനിക സ്വപ്നം മാത്രമായിരുന്നു എന്നും. അറബ് രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവം തൊട്ട് മൂന്നാറിലെ പെമ്പിള ഒരുമൈ വരെ തുടങ്ങിയ ആവേശത്തിൽ നിന്ന് എത്രയോ അകലെ, ആശയക്കുഴപ്പങ്ങളും അവ്യവസ്ഥയും നിറഞ്ഞ ഒരു വർത്തമാനത്തിൽ ഒതുങ്ങിക്കൂടുകയാണിന്ന്. അതുകൊണ്ട് ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന സമരങ്ങൾക്ക് കേവല ശുഭാപ്തിവിശ്വാസം താങ്ങാനാവാത്ത ദുർവ്യയങ്ങളാകും സമ്മാനിക്കുക എന്ന് ഇന്ന് ഏറെക്കുറെ വ്യക്തമാണ്.

ആ ഒരു ചരിത്രത്തിന്റെ വൈരുദ്ധ്യാത്മക   പരിസരത്തിൽ നിന്ന് വേണം ഇന്നും ഹിന്ദുത്വ ഹെജിമണിയുടെ പിടിയിൽ നിന്ന് മോചിതമായിട്ടില്ലാത്ത ജനസമൂഹത്തെ ‘വിമോചന’ത്തിന്റെ പാതയിലേക്ക് നയിക്കുവാനുള്ള സൈദ്ധാന്തികവും രാഷ്ട്രീയവുമായ ശ്രമങ്ങൾ ആരംഭിക്കാൻ. ഒരു വശത്ത് കൊയിലാണ്ടിയിലെ ക്ഷേത്രത്തിൽ ദളിതൻ കുളിച്ചതിനെ തുടർന്ന് നടന്ന ശുദ്ധികലശം, അതിന്റെ കാർമ്മികത്വത്തിലെ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരുടെ സാന്നിദ്ധ്യം. മറുവശത്ത് ബ്രാഹ്മണന്റെ എച്ചിലിലയിൽ കിടന്നുരുണ്ട് രോഗശാന്തി വരുത്തുക എന്ന വിശ്വാസ ബന്ധിയായ ‘സ്വാതന്ത്ര്യ’ത്തിനായി കോടതി കയറുന്ന ദളിത് സംഘടനകൾ. ഇത് ചരിത്രപരമായി തന്നെ ഒരു വൈരുദ്ധ്യമാണ്. അതിനെ അങ്ങനെ കണ്ടുകൊണ്ട് വേണം സാംസ്കാരിക പ്രതിരോധങ്ങൾ ഉണ്ടാകേണ്ടത്.

രീതിശാസ്ത്രം 

വ്യത്യസ്ത അനുപാതങ്ങളിൽ ആണെങ്കിൽ കൂടി സകല ജാതി, മത,വർഗ്ഗ, ലിംഗ, രാഷ്ട്രീയ സ്വത്വങ്ങളിലും ബ്രാഹ്മണിക് ഹിന്ദുത്വ ഹെജിമണിയുടെ സ്വാധീനമുണ്ട് എന്നിരിക്കെ അതിനെതിരേ ആഴവും കാമ്പുമുള്ള പ്രതിരോധങ്ങൾ ഒറ്റയടിക്ക് ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാനാവില്ല. തങ്ങളുടെ കംഫർട്ട് സോൺ അപകടത്തിലാവുമ്പൊൾ മാത്രമാണ് മേല്പറഞ്ഞ മിക്ക സ്വത്വവിഭാഗങ്ങളും ഫാഷിസത്തിന്റെ അപകടത്തെ കുറിച്ച് മനസിലാക്കുന്നത് തന്നെ. സ്വാഭാവികമായും അവരുടെ പ്രതിരോധങ്ങളും തങ്ങൾക്ക് സാദ്ധ്യമായ ഒരു കംഫർട്ട് സോൺ കേന്ദ്രീകരിച്ചാവും ഉയർന്നുവരിക. ഫാഷിസത്തെ നേർക്കുനേർ നേരിട്ട് കളയാമെന്നൊ, തൂത്തെറിയാമെന്നോ ഉള്ള വീരവാദമൊന്നും അവരുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാകാൻ ഇടയില്ല. മറിച്ച് എന്തെങ്കിലും ചെയ്യാനായി എന്ന സംതൃപ്തി തന്നെയാവും ബാക്കി. അതുകൊണ്ട് ഫാഷിസത്തെ തോല്പിക്കാനുമാവില്ല. പക്ഷേ അതുണ്ടാക്കുന്ന വാർത്താപ്രാധാന്യം, അതിലൂടെ ഉരുത്തിരിയുന്ന സംവാദങ്ങൾ, ഒരു വലിയ സാദ്ധ്യതയാണ്. ആ സാദ്ധ്യതയെ ഒരു തരം നിലയുറപ്പിക്കലിനായി, കൗണ്ടർ ഹെഗമണിയുടെ നിർമ്മിതിയ്ക്ക് ലഭ്യമായ ഒരു പ്ലാറ്റ്ഫോമായി ഉപയോഗിക്കുക എന്നതാണ് കൾച്ചറൽ ലെഫ്റ്റ് ഏറ്റെടുക്കേണ്ട വെല്ലുവിളി.

ഇതൊക്കെ പറയുമ്പോഴും കേരളത്തിന്റെ സാംസ്കാരിക അക്കാദമിക്ക് തലങ്ങളിൽ മെല്ലെ തിടം വച്ചുവരുന്ന പില്ക്കാല മുതലാളിത്തത്തിന്റെ ചില വിചിത്ര സാംസ്കാരിക യുക്തികളെ കാണാതിരിക്കാനും ആവില്ല. രാഷ്ട്രീയവും, സാംസ്കാരികവും ആയ പ്രശ്നങ്ങളെ പ്രയോഗതലത്തിൽ നേരിടാൻ പ്രായോഗികമായ പദ്ധതികളോ, രീതിശാസ്ത്രമോ ഇല്ലാതെ കേവലം റെട്ടരിക്കുകളായി മാത്രം നിലനില്ക്കുന്ന അത്തരം യുക്തികളാവും സംഘടിത  ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇടത് സംഘടനകളും,  ഇടത് രാഷ്ട്രീയം  തന്നെയും എങ്ങനെയെങ്കിലും ഒന്ന് തകർന്നുകിട്ടിയാൽ ബ്രാഹ്മണിക് ഹിന്ദുത്വ ഹെജിമണി പിന്നെയങ്ങ് സ്വയം കൊഴിഞ്ഞു പൊയ്ക്കോളും എന്ന തരം പുത്തൻ രാഷ്ട്രീയ സിദ്ധാന്തങ്ങൾ അതിന്റെ സാമ്പിൾ മാത്രം.

 

അന്തസ്സാരശൂന്യവും, സംവാദ വിമുഖവും ആയ അത്തരം വിമർശനങ്ങളെ അതുകൊണ്ട് തന്നെ നേരിടുക എളുപ്പമല്ല. എളുപ്പമല്ലെന്നല്ല, സാദ്ധ്യമേ അല്ല. അതിനായി ഊർജ്ജം ചിലവഴിച്ചിട്ട് കാര്യവുമില്ല. ഓർക്കുക, “അവര് വേറെ ലെവലാണ് ബ്രോ…, കൊലമാസാണ്.”

Comments

comments